പ്രിയപ്പെട്ട വിനയചന്ദ്രന്‍ സാറിന്, തുമ്പിയും കൊമ്പുമുയര്‍ത്തി സഹ്യന്റെ മകനായ്പ്പകര്‍ന്ന ഓര്‍മയ്ക്ക്!


സജയ് കെ.വി



പനച്ചിക്കാട്ടെ പൂഴിയിലും കാമുകിയുടെ മുലമുകളിലും ഒരേ വിശുദ്ധിയോടെ 'ഹരിശ്രീ:'കുറിക്കാമെന്നെഴുതി; മുലകളെപ്പറ്റി ആത്മകഥയില്‍ ഒരധ്യായവും. 'മാറത്തില്ല' എന്ന കോട്ടയം പെണ്‍കുറുമ്പിന്, 'മാറത്തൊണ്ട്!' എന്ന്, പനങ്കള്ളുപോലെ, നര്‍മ്മം നുരയുന്ന മറുപടി നല്‍കാന്‍ ഈ പടിഞ്ഞാറേ കല്ലടക്കാരനേ കഴിയൂ.

ഡി. വിനയചന്ദ്രൻ

പ്രിയപ്പെട്ട വിനയചന്ദ്രന്‍ സാറിന്,

ന്നും സാറിനെ ഓര്‍ത്തു. ഒരു യൂട്യൂബ് വീഡിയോ ആണ് കാരണം. പാടിയും പറഞ്ഞും അതില്‍ നിറയെ അങ്ങയെ വീണ്ടും കണ്ടു. താങ്കളുടെ ജീവിതത്തിന്റെ അസ്തമയഋതുവില്‍ ഞാനുമുണ്ടായിരുന്നല്ലോ. അനന്തപുരിയിലെ, കാവ്യലഹരി നിറഞ്ഞ വൈകുന്നേരങ്ങള്‍. അതിരപ്പളളിക്കാട്ടിലെ പാതിരാത്രിയില്‍ സര്‍വ്വം മറന്ന് തുമ്പിയും കൊമ്പുമുയര്‍ത്തി, സഹ്യന്റെ മകനായ്പ്പകര്‍ന്ന കൃഷ്ണമേഘപ്പിറവി. അതിരമ്പുഴയിലെയും ഏറ്റുമാനൂരിലെയും ചില നട്ടുച്ചകള്‍, വൈകുന്നേരങ്ങള്‍. അരികത്തുള്ള തെങ്ങിന്റെ മടല്‍, വാത്സല്യപൂര്‍വ്വം, ഒഴിഞ്ഞുവീഴാറുള്ള രുദ്രാക്ഷമരം നിന്നിരുന്ന വാടകവീടിന്റെ മുറ്റം. വിവാഹം ക്ഷണിക്കാന്‍ ചെന്ന എനിക്ക്, 'പ്രിയേ, വിരഹഹേമന്തമേ' ചൊല്ലിത്തന്ന, മങ്ങൂഴച്ഛവി പൂണ്ട വൈകുന്നേരം. കാവ്യോന്മാദത്താല്‍ ഉരുണ്ടു മിഴിയാറുണ്ടായിരുന്ന ആ കണ്ണുകള്‍ക്കു മുന്നിലിരുന്നാണ് ഞാന്‍ കവിതയുടെ ഈരേഴു പതിന്നാലുലകങ്ങള്‍ കണ്ട്, വിസ്മിതനായത്. അങ്ങോര്‍ക്കുന്നുണ്ടോ, ഒരു നവരാത്രിക്കാലത്ത്, എന്നെയും കൂട്ടി കുതിരമാളികയില്‍ കച്ചേരി കേള്‍ക്കാന്‍ പോയത്? അന്നോ, അതിനടുത്ത നാളിലോ ആവണം, 'വിനയചന്ദ്രന്റെ കവിതക'ളുടെ ഒരു കോപ്പിയില്‍ ഒപ്പിട്ടുതന്ന്, അതില്‍ ഇപ്രകാരം കുറിച്ചത് -
'നവരാത്രിയല്ലോ, 'നവ'മായതെല്ലാം
ഇലനിലാവിണയീണമായ്
ഇടയിലെ നിറവിന്റെ മൗനമായ്...'
ആ കാപ്പിപ്പൊടിക്കവറുള്ള പുസ്തകം, ഇന്നുമെന്റെ കയ്യിലുണ്ട്; എന്നുമുണ്ടായിരിക്കും. എന്റെ കാവ്യോപനയനത്തിന്റെ ആദ്യനിമിത്തം, ആ പുസ്തകമായിരുന്നല്ലോ.'കൂന്തച്ചേച്ചി'യും 'കുഞ്ഞനുണ്ണി'യും 'സ്റ്റുഡിയോ' യും 'തിരണ്ടുകല്യാണത്തോറ്റ'വും 'പാര്‍ക്കിലെ ബെഞ്ചും' 'കാടും' തന്ന അനന്യകാവ്യാനുഭവങ്ങള്‍. ഏഴു ഖണ്ഡങ്ങളിലായി കവിതയുടെ ഏഴു നിലകളുള്ള മഴവില്ല്.



കടലിന്റെ സഹജപ്രകൃതമായ നിരന്തരചലനവും ആകാരപ്പലമയും അങ്ങയുടെ കവിത്വത്തിനുമുണ്ടായിരുന്നല്ലോ. അതിനാല്‍ ആശാന്‍കവിതയുടെ തികവുറ്റ രൂപകം കടലെന്നു കണ്ട്, 'കായിക്കരയിലെ കടല്‍' എന്ന കവിതയെഴുതി കടല്‍ പോലെ ചിരന്തനനുമായി. കടലിന്റെ നടരാജത്വം ചൊല്ലിലും ചലനത്തിലും ശരീരഭാഷയിലും ഒരു സഹജമുദ്ര പോലെ കൊണ്ടുനടന്നതിനാലാവണം, അനക്കമറ്റ നിലയില്‍ അങ്ങയെ ഞാന്‍ കണ്ടത് ഐ.സി.യു വിലും മരണം 'രജതപാത്ര'മാക്കി മാറ്റിയ ആ അവസാനത്തെ കിടപ്പിലും മാത്രം. വിളിച്ചുണര്‍ത്താമായിരുന്നു, തുടി മുഴക്കിപ്പെയ്യുന്ന ഒരു കവിതയാലോ കാട്ടുറവിനാലോ കാട്ടുതേനിന്റെ വീര്യമുള്ള ചാറ്റുപാട്ടിനാലോ. എത്ര നടന്ന പാദങ്ങളാണ്! മെക്‌സിക്കന്‍ പിരമിഡിനു മുന്നില്‍,ഹെമിങ്വേയുടെ തിരുനാളില്‍ കവിത ചൊല്ലി മഴ പെയ്യിച്ച ദിഗംബകവിത്വം. ദിഗംബരമാണ് പ്രകൃതിയും പ്രേമവും ദൈവവും എന്നതായിരുന്നു, അങ്ങ് പകര്‍ന്നുതന്ന ഏറ്റവും വലിയ ജീവിതപാഠം.'The nakedness of woman is the work of God' എന്ന്, ബ്ലേക്കിനെപ്പോലെ, അങ്ങും വിശ്വസിച്ചു. ദൈവദീപ്തമായ വാക്കുകളാല്‍ അതിനെ വാഴ്ത്തി. പനച്ചിക്കാട്ടെ പൂഴിയിലും കാമുകിയുടെ മുലമുകളിലും ഒരേ വിശുദ്ധിയോടെ 'ഹരിശ്രീ:'കുറിക്കാമെന്നെഴുതി; മുലകളെപ്പറ്റി ആത്മകഥയില്‍ ഒരധ്യായവും. 'മാറത്തില്ല' എന്ന കോട്ടയം പെണ്‍കുറുമ്പിന്, 'മാറത്തൊണ്ട്!' എന്ന്, പനങ്കള്ളുപോലെ, നര്‍മ്മം നുരയുന്ന മറുപടി നല്‍കാന്‍ ഈ പടിഞ്ഞാറേ കല്ലടക്കാരനേ കഴിയൂ; ഒരു ബഷീര്‍ദിനത്തില്‍ സ്‌ക്കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ മുറ്റത്തുനട്ട മാങ്കോസ്റ്റിന്‍ തയ്യിന്റെ കാതോരം ചെന്ന്,' വൈക്കം മുഹമ്മദ് ബഷീറേ!' എന്ന് പേരു ചൊല്ലി, ഇടിമുഴക്കാനും. ഇപ്പോഴും എന്റെ ഏകാന്തതകളില്‍ ഞാന്‍ അങ്ങയുടെ സാന്നിധ്യത്തിനായി, ഭൂമിയിലെ ഏറ്റവും ദാഹാര്‍ത്തനായ വേഴാമ്പലിനെപ്പോലെ തപിക്കാറുണ്ട്. ഇപ്പോള്‍ സാറുള്ളതെവിടെയാണെങ്കിലും അവിടെ നിന്ന്, ഈ ശിശിരത്തില്‍, കവിതയുടെ ഇളംമഞ്ഞാല്‍ ഈര്‍പ്പം പുരണ്ട ഇലകളായി വന്ന് എന്റെ അശാന്തശിരസ്സിനു മേല്‍ പെയ്യണേ;
'ഇലകള്‍ പൊഴിയുന്നു
തെരുതെരെത്തുരുതുരെ...' എന്ന ജ്വരതാളത്തില്‍.

എന്ന്
സ്വന്തം,
സജയ് കെ.വി.

Content Highlights: Mashipacha, Sajay K.V, D. Vinayachandran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented