കുമാരനാശാൻ, ടി.പി രാജീവൻ
കാക്കയെക്കുറിച്ചുള്ള ഒരു കുട്ടിക്കഥയുടെയും മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെയും അസാധാരണമായ കലര്‍പ്പു സൃഷ്ടിച്ചുകൊണ്ട് ഹിംസയുടെ രാഷ്ട്രീയധ്വനികളുണര്‍ത്തുന്ന കവിതയാണ് ടി.പി. രാജീവന്റെ 'കാക്ക'. ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദിവായനകള്‍ നടക്കുകയും രാജീവന്‍ എന്ന കവിയുടെ വിയോഗം വാടാത്ത ഒരു മുറിവുപോലെ നില്‍ക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭം ആ കവിതയ്ക്ക് പുതിയ ഒരു ദൃശ്യത നല്‍കുന്നുണ്ട്. രാജീവന്റെ കവിതയില്‍ ധാരാളം പക്ഷി - മൃഗങ്ങളും മരങ്ങളും മറ്റു ജീവികളുമുണ്ടായിരുന്നു എന്ന് നമുക്കറിയാം. അവ പലപ്പോഴും രൂപകവിസ്താരം നേടി, മറ്റുപലരായി, പലതായി പകരാറുമുണ്ട്. പുഴു കേവലമൊരു പുഴുവല്ല, ഓരോ മണ്‍തരിയേയും പൊളിച്ചു മാറ്റപ്പെട്ട ഒരു ദേവാലയമാക്കി മാറ്റുന്ന ദിഗംബരനാണ് രാജീവന്. അതോടെ നിഷ്‌ക്കളങ്കമെന്നു തോന്നുന്ന പുഴുവെഴുത്ത്, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തക്ഷകരൂപിയായ ഒരു പുഴുവിനെക്കുറിച്ചുള്ള എഴുത്തായും മാറുന്നു. ഇതേ രാഷ്ട്രീയത്തെയും അതിന്റെ ഹിംസാപരതയെയും തന്നെയാവണം 'കാക്ക'യിലും അതേ കവി എഴുതുന്നത്. ഇങ്ങനെയൊരു വായന സാധ്യമാക്കുന്നത് കവിതയില്‍ അവിചാരിതമായി കടന്നുവന്നുകൊണ്ട് അതിന്റെ അര്‍ത്ഥഘടനയെത്തന്നെ അട്ടിമറിക്കുന്ന ഒരു വാക്കാണ്. വെള്ളത്തിന്റെ സ്ഥാനത്തു കടന്നുവരുന്ന ചോരയാണത്.
അടിയില്‍ അല്പം വെള്ളം മാത്രമുള്ള കുടത്തില്‍ നിന്നു കുടിക്കാന്‍ വേണ്ടി അതിലേയ്ക്ക് ചെറുകല്ലുകള്‍ കൊത്തിയിട്ട ദാഹാര്‍ത്തനും സമര്‍ത്ഥനുമായ കാക്കയെ ബാല്യത്തിന്റെ കഥാപരിസരത്തു വച്ചു നാം കണ്ടതാണ്. ആദ്യത്തെ കാക്കയോടൊപ്പം ആ കഥയും മലയാളിബാല്യത്തിനു ഹൃദിസ്ഥം. അതേ കാക്കയാണെന്നു തോന്നിച്ചുകൊണ്ടാണ് രാജീവന്റെ കവിതയിലും ഈ കാക്ക പറന്നിറങ്ങുന്നത്. മുത്തശ്ശിക്കഥയുടെയും ഈസോപ്പുകഥയുടെയും സ്വരപാകം -tone- അവലംബിച്ചു കൊണ്ടാണ് ആ കവിത തുടങ്ങുന്നതും -
'ഒരിക്കലൊരു കാക്ക
അരയാല്‍ക്കൊമ്പിലിരുന്നു
ദൂരത്തൊരു മരുഭൂമിയില്‍
ഒരു മണ്‍കുടം കണ്ടു
കുടത്തിന്‍ വക്കില്‍ ചെന്നു
തെളിനീര്‍ താണു കണ്ടു.
കുടിക്കുവാന്‍ പക്ഷേ,
മാര്‍ഗ്ഗമൊന്നും കണ്ടില്ല.'
ഇവിടെ നിപുണമായി കവി ചണ്ഡാലഭിക്ഷുകിയിലെ മരുഭൂമിയും അരയാലും പോലുള്ള സൂചനകള്‍ സന്നിവേശിപ്പിച്ചിരിക്കുന്നത് ആദ്യവായനയില്‍ തെളിഞ്ഞെന്നു വരില്ല. അപ്പോഴും വായനയെ അത് സവിശേഷമായ ഒരു ദിശയിലേയ്ക്കു നയിക്കുന്നു; മുത്തശ്ശിക്കഥയില്‍ നിന്ന് ആശാന്‍കവിതയിലേയ്ക്കുള്ള വഴിതിരിയലിന്റെ ദിശാസൂചിയാണത്. കുടത്തിലേയ്ക്ക് കല്ലുകളല്ല, കൊച്ചു കൊച്ചു വാക്കുകളാണ് കൊത്തിയിടുന്നത് കവിതയിലെ കാക്ക. അപ്പോള്‍ ഉയര്‍ന്നത് ജലവിതാനമല്ല ചോരയാണെന്നും, ഒരു ചെറുനടുക്കത്തോടെ, നമ്മള്‍ വായിക്കുന്നു.' ദാഹം തീരുവോളം/ കുടിച്ചു./ ആനന്ദനായ/കാക്ക/പറന്നകന്നു/ പോയി' എന്നാണ് കവിതയുടെ പര്യവസാനം. അതെ, ആനന്ദനായ കാക്ക. ആശാന്‍കവിതയിലും ആനന്ദനായിരുന്നു ദാഹം. പക്ഷേ അയാള്‍ അഹിംസാവാദിയായ ബുദ്ധഭിക്ഷുവും സാത്വികനുമായിരുന്നു. ഇവിടെ കാക്ക, ചോര കുടിച്ച് ആനന്ദനാകുന്നു. ഹിംസയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയപ്രത്യയശാസ്ത്രവുമാകാം വാക്കുകള്‍ കൊത്തിയിടുമ്പോള്‍ വരള്‍കുടത്തില്‍ നിന്ന്, ക്രമേണ, പൊന്തിവരുന്ന ആ രക്തവിതാനം. ഇങ്ങനെയെല്ലാമാണ് രാജീവന്റെ കാക്കക്കവിത ഒരു രാഷ്ട്രീയരചനയാകുന്നത്. മുത്തശ്ശിക്കഥയും ആശാന്‍കവിതയും ചേര്‍ത്തുകൊണ്ടുള്ള വിരുദ്ധോക്തിനിര്‍ഭരമായ കവിതനെയ്ത്ത്. കവിതയിലെ 'ക്രാഫ്റ്റ്' എന്ന എഴുത്തടക്കത്തിന്റെ മികച്ച മലയാളമാതൃകകളില്‍ ഒന്ന്; ടി.പി.രാജീവന്റെ കവിതയിലേയ്ക്ക് വീണ്ടും വീണ്ടും മടങ്ങിപ്പോകാന്‍ എനിക്കുള്ള കാരണങ്ങളില്‍ ഒന്നും!
Content Highlights: Mashipacha, Sajay K.V, Kumaranasan, T.P Rajeevan, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..