ടി. പത്മനാഭൻ, വൈലോപ്പിള്ളി ശ്രീധരമേനോൻ | Photo: Ridhin Damu, Mathrubhumi archives
ടി. പത്മനാഭന്റെ 'ലക്ഷ്മി' എന്ന ചെറുകഥ ലളിതമാണ്. ഒരാശുപത്രി ജീവനക്കാരിയുടെ പേരാണ് ലക്ഷ്മി എന്നത്. അവള് ഒരു നഴ്സൊന്നുമല്ല. രോഗികള്‍ കിടക്കുന്ന മുറികള്‍ വൃത്തിയാക്കുന്ന ഒരുവള്‍; ആ ജോലി വലിയ ശ്രദ്ധയോടും തൃപ്തിയോടും ആത്മാര്‍ത്ഥതയോടും കൂടി നിറവേറ്റുന്ന ഒരുവളും. വൃദ്ധനും ഏകാകിയുമായ രോഗിയുടെ നോട്ടപ്പാടിലാണ് ലക്ഷ്മി കഥയില്‍ പ്രത്യക്ഷയാകുന്നത്. ക്രമേണ അയാള്‍ക്ക് അവളിലും അവള്‍ക്ക് അയാളിലും കൂടുതല്‍ താല്‍പ്പര്യം ജനിക്കുകയും അയാള്‍ ലക്ഷ്മിയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നു. വിദ്യാസമ്പന്നയും പുസ്തകങ്ങള്‍ വായിക്കുന്നവളുമാണ് ലക്ഷ്മി. സമ്പന്നമല്ലെങ്കിലും സംതൃപ്തമായ ഒരു കുടുംബവുമുണ്ട്. രോഗി കിടക്കുന്ന മുറിയുടെ വെളിയില്‍ കാടുപിടിച്ച ഒരിടമാണ്. അവിടെ ചില മുരിക്കു മരങ്ങളുണ്ട്. അവയില്‍ നിറയെ പൂക്കളും പൂക്കളില്‍ നിന്ന് തേന്‍ കുടിക്കാന്‍ വരുന്ന പക്ഷികളും. ഏതാണ്ട് അരപ്പേജിലധികം വരുന്ന ഒരു വിവരണത്തിലൂടെ കഥാകൃത്ത് ആ പൂക്കളെയും കിളികളെയും വരച്ചിടുന്നു. മുരിക്കിന് പൂക്കളായതുകൊണ്ട് കാക്കകളാണ് അവയിലെ തേന്‍ കുടിക്കാന്‍ വരുന്നവരില്‍ ഒരു കൂട്ടര്. അതിന്റെ വിവരണവും ആഖ്യാനത്തില്‍, അത്രമേല്‍ സ്വാഭാവികമായി, ഇടം പിടിക്കുന്നു.
അയാള്‍ പൂക്കളെയും കിളികളെയും തന്നെ ഉറ്റുനോക്കിക്കിടക്കുന്നതു കണ്ട് ഒരു നാള് ലക്ഷ്മി അതെപ്പറ്റി തിരക്കി. അതിനയാള്‍ നല്കിയ മറുപടി കവിത നിറഞ്ഞ ഒരു ചെറുപ്രഭാഷണം തന്നെയായിരുന്നു. കവിയും കവിതയും തന്നെയായിരുന്നു വിഷയം- വൈലോപ്പിള്ളി എന്ന കവിയും വൈലോപ്പിള്ളിയുടെ 'കാക്ക' എന്ന കവിതയും. മനോഹരമായ ആ ഗദ്യ ഖണ്ഡം കഥയില്‍ നിന്നും ഇവിടെ എടുത്തെഴുതാം-
'വലിയ ഒരു കവിയായിരുന്നു. എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു കവി. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കൃതി മുരിക്കിന് പൂക്കളില്‍ നിന്ന് തേന്‍ കുടിച്ച് കൂത്താടുന്ന കാക്കകളേക്കുറിച്ചാണ്. ഈ മുരിക്കിന് പൂക്കളൊക്കെ വിടര്‍ന്നു നില്ക്കുന്ന 'പത്മരാഗ'ങ്ങളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ എനിക്ക് അതിനോട് യോജിപ്പില്ല. എനിക്കു തോന്നിയിട്ടുള്ളത്... ലോകത്തെ മുഴുവന്‍- പക്ഷികളെയും മൃഗങ്ങളെയും ചെടികളെയും മനുഷ്യരെയുമൊക്കെ- സ്നേഹിക്കുന്ന ഒരു മനുഷ്യന്, അയാള്‍ ദു:ഖിതനുമാണ്. സ്വന്തം നെഞ്ചു പിളര്‍ന്ന് ചോരയെടുത്ത് അയാള്‍ ആകാശത്തേയ്ക്കെറിഞ്ഞു. അപ്പോള്‍ കുറെ തുള്ളികള്‍ താഴെ വീഴാതെ മുരിക്കിന്റെ തുഞ്ചത്ത് തങ്ങി നിന്നു. ആ ചോരത്തുള്ളികളാണ് കടും ചുവപ്പു നിറത്തിലുള്ള ഈ പൂക്കളായത്. പിന്നെ... ഈ പൂക്കളിലെ തേന്‍... അത് സത്യത്തില്‍ നെഞ്ച് പിളര്‍ന്ന ആ മനുഷ്യന്റെ ഇപ്പോഴും ഉണങ്ങാത്ത ചോര തന്നെയാണ്. സാധാരണയായി ചോരയുടെ രസം ഉപ്പാണല്ലോ. പക്ഷേ, ഇവിടെ അത് മധുരമായി മാറി.
പിന്നെ ഈ കാക്കകള്‍...സത്യത്തില്‍ ഇത് സാധാരണ കാക്കകളല്ല. നെഞ്ചുകീറിയ മനുഷ്യന്റെ സത്യം മനസ്സിലാക്കിയ, അതില്‍ സന്തോഷിച്ച, അയാളുടെ പിതൃക്കളാണ്. അവര്‍ വരുന്നത് അയാളുടെ ബലിയുണ്ണാനാണ്....''- തുടര്‍ന്നാണ് അയാള്‍ ലക്ഷ്മിയെപ്പറ്റിയും ലക്ഷ്മിയുടെ കുടുംബത്തെപ്പറ്റിയുമൊക്കെ കൂടുതലായി ചിലതു മനസ്സിലാക്കിയത്. അയാള്‍ ആശുപത്രിവരാന്തയില്‍ നിന്നു കാണുന്ന ഒരു സംതൃപ്തകുടുംബത്തിന്റെ ചിത്രവുമുണ്ട്, കഥയില്‍. അയാളുടെ കൂടെ ആരുമില്ല, ഒരു ബൈസ്റ്റാന്റര്‍ പോലും.
കഥ അവസാനിക്കുന്നതിങ്ങനെ -'രാത്രി തുറന്ന ജാലകത്തിനരികെ കിടന്ന് തെക്കുഭാഗത്തെ കാട് പൂര്‍ണ്ണമായും ഇരുട്ടിലായിരുന്നു. അകലെയുള്ള കൂറ്റന്‍ മരങ്ങള്‍ കേവലം നിഴലുകള്‍ മാത്രമായി മാറി. എന്നാല്‍ അരികെയുള മുരിക്കുകള്‍ കുറെക്കൂടി വ്യക്തമായിരുന്നു. ഇലകളും പൂവുകളും നഷ്ടപ്പെട്ട, ദിവസങ്ങളായി കാക്കകളും കിളികളും അണ്ണാറക്കണ്ണന്മാരും എത്തിനോക്കാത്ത മരങ്ങള്‍ പൂര്‍ണ്ണമായും നഗ്നമായി ആകാശത്തിനു നേരെ ഉയര്‍ന്നു നിന്നു. എനിക്കുറക്കം വരുന്നുണ്ടായിരുന്നില്ല. ഞാന്‍ ചിന്താധീനനായി കിടന്നു.'
കവിതകളെ കഥനത്തിന്റെ ഭാഗമാക്കി മാറ്റുന്ന രീതി പത്മനാഭനില്‍ പുതിയതല്ല. ആശാനും ജീയും സുഗതകുമാരിയുമെല്ലാം അങ്ങനെ, അവരവരുടെ കവിതാവരികളായി, ആ കഥകളില്‍ ചേക്കേറിയിട്ടുമുണ്ട്. ഇവിടെ വൈലോപ്പിള്ളിയുടെ കവിതാവരികളില്ല. 'കാക്ക' എന്ന കവിതയെക്കുറിച്ചും അതില്‍ കടന്നുവരുന്ന മുരിക്കിന് പൂക്കളെക്കുറിച്ചും സംസാരിക്കുകയും ആ കവിതയെ കവിയുടെ ഏകാന്ത വ്യക്തിത്വവുമായി ചേര്‍ത്തു വച്ച് വ്യാഖ്യാനിക്കുകയുമാണ് കഥാപാത്രമായ എഴുത്തുകാരന്. അങ്ങനെ വൈലോപ്പിള്ളിയുടെ സ്വകാര്യവ്യക്തിത്വം അയാളിലേയ്ക്കു കൂടി സംക്രമിക്കുന്നു. കാക്കകളുടെയും കിളികളുടെയും തിമിര്പ്പൊഴിഞ്ഞ ചില്ലകള്‍, അങ്ങനെ, അയാളുടെ ഏകാന്തജീവിതശിഖരങ്ങള് കൂടിയായി മാറുന്നു. ആ കാക്കയുണ്ടല്ലോ അത്, ഒരു പക്ഷേ, ലക്ഷ്മി എന്ന തൂപ്പുകാരിയുമായും അന്വയിക്കപ്പെടുന്നു. വൈലോപ്പിള്ളിക്കവിത മാത്രമല്ല, വൈലോപ്പിള്ളി എന്ന മനുഷ്യന് കൂടി ആഖ്യാനത്തിന്റെ ഭാഗമായി മാറുന്നു എന്നതാണ് ഈ കഥയുടെ സവിശേഷത. കാവ്യാംശങ്ങള്‍ ചേര്‍ത്ത് കഥ നെയ്യുന്ന മറ്റു പത്മനാഭന്‍കഥകളില്‍ നിന്ന് ഈ കഥ മാത്രം വേറിട്ടു നില്ക്കുന്നു. അത് വൈലോപ്പിള്ളിക്കവിതയ്ക്കു മാത്രമല്ല, വൈലോപ്പിളളിക്കുകൂടിയുള്ള കഥനധന്യവാദമായും മാറുന്നു.
Content Highlights: mashipacha, sajay k v, t padmanabhan story lakshmi, vyloppilli sreedhara menon, peom kakka, column
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..