ബാലചന്ദ്രൻ ചുള്ളിക്കാട്/ ബിനോജ് പി.പി
കലണ്ടറില്‍ ചൂട്ടു കത്തിച്ചു കിടക്കുമവധികള്' എന്നെഴുതിയത് കവി, ഡി.വിനയചന്ദ്രനാണ്;' കലണ്ടറില്‍ നിന്നും/ കറുത്ത പക്ഷികള്‍/ കരിയടുപ്പിലേ -/ യ്ക്കടര്‍ന്നു വീഴുന്നു' എന്നെഴുതിയത് ബാലചന്ദ്രന് ചുള്ളിക്കാടും. കലണ്ടര്‍ ഒരു കാലസൂചകമാണ്. അതിന്റെ താളുകള്‍ മറിയുന്നതോടൊപ്പമാണ് തിയ്യതികളാല് അങ്കനം ചെയ്യപ്പെട്ട നമ്മുടെ അനുദിനജീവിതം മുന്നോട്ടു നീങ്ങുന്നതായി നമ്മള് അറിയുന്നത്. കലണ്ടര്‍ തന്നെ മാറുമ്പോഴാണ് ആണ്ടറുതിയും പുതുവര്‍ഷപ്പിറവിയും നമ്മുടെ ജീവിതങ്ങളെ തൊട്ടുരുമ്മി കടന്നുപോകുന്നത്. കലണ്ടറിന്റെ കാലജാലകത്തിലൂടെയാണ് പറന്നണയുന്നത് സുദിനങ്ങളും ദുര്‍ദ്ദിനങ്ങളും. വൈലോപ്പിളളിയുടെ 'ഓണക്കിനാവ്' എന്ന കവിതയിലാണ് ഇത്തരമൊരു കലണ്ടര്‍ നമ്മള് ആദ്യം കാണുന്നത്. മുഷിഞ്ഞ ജീവിതച്ചുവരിലെ മുഷിഞ്ഞ കലണ്ടര്‍, അതിലെ ഒരു കള്ളി, പെട്ടെന്ന് പ്രത്യാശയുടെ ജാലകമായി മാറുന്നു. ആ കാഴ്ച്ച മഹാകവി ഇങ്ങനെയാണ് വരച്ചിടുന്നത്, കവിതയില്‍ -

' എന്നുടെ വാടകവീട്ടില്‍ പല കറ
ചിന്നിയ ചുവരില്‍ നിവര്‍ന്ന കലന്‍ഡറില്‍
നീന്തി വരുന്നു മരാളയുഗം പോല്‍
ശോണദ്യുതിയാമോണ ത്തീയതി'. 1964-ലാണ് ഈ വൈലോപ്പിള്ളിക്കവിത എഴുതപ്പെടുന്നത്. ഒരു ഇരുപത്തിരണ്ടാം തിയ്യതിയായിരുന്നു അക്കൊല്ലത്തെ തിരുവോണം. 'ശോണദ്യുതിയാമോണത്തീയതി' എന്ന് വൈലോപ്പിള്ളി എഴുതുന്നു. ഇണയരയന്നങ്ങളെപ്പോലെ നീന്തിവരികയാണ് ആ കഴുത്തു നീണ്ട അക്കങ്ങള്‍ കലണ്ടറിന്റെ കള്ളിയിലേയ്ക്ക്, അത് ഓണനാളാകയാല്. ഓണം കലണ്ടറിനെപ്പോലും കാവ്യാത്മകമാക്കുന്നു , ഓണത്തിയ്യതിയെ ഇണയരയന്നങ്ങളും.' പല നിറമാര്‍ന്ന കലന്ഡര്ച്ചിത്രം/പോലെന്‍ പ്രിയമലനാട്ടിന് ചിങ്ങ -/ പ്രകൃതിയുമുണ്ടു ചിരിപ്പൂ ചുറ്റും' എന്നുമെഴുതുന്നുണ്ട് ഈ കവിതയില്‍ തുടര്‍ന്ന്, വൈലോപ്പിള്ളി. വാടക വീട്ടിലെ ഓണമാണത് എന്ന വ്യതിരേകവുമുണ്ട്. ഓണത്തിയ്യതിയുടെ ശോണദ്യുതി ആ മ്ലാനമായ ചുവരുകളെപ്പോലും പ്രകാശമാനമാക്കി മാറ്റുന്നു.
ആണ്ടറുതിയിലെ കലണ്ടറാണ് ഒഎന്‍വി യുടെ 'അശാന്തിപര്‍വ്വം' എന്ന കവിതയില്‍. അതിനെ കവി ഇങ്ങനെ വാങ്മയവല്ക്കരിക്കുന്നു -
'നെറ്റിയില്‍ ഡിസംബറിന്
ചുവന്ന ലിപിക്കുറി
ചാര്‍ത്തിയ കലണ്ടറിന്
കടശ്ശിത്താളും ആണി -
ക്കുറ്റിയില്‍ കിടന്നാത്മ -
മുക്തിക്കായ് പിടയുന്നൂ!
മുപ്പത്തിയൊന്നാമത്തെ
കള്ളിയിലാരേ രക്തം
തുപ്പി വീഴുന്നൂ? പടി -
ത്തിണ്ണമേല് പകലിന്റെ
ഇത്തിരി രക്തം പോക്കു -
വെയിലായ് ചിതറുന്നൂ!'
മ്ലാനവും ദാരുണവുമായ വര്ഷാന്ത്യമാണിത്. ലോകം അശാന്തിയാലും അനീതിയാലും നിറയുന്ന കാലത്തിന്റെ ദുര്ഭഗസന്ധി.
1986- ആണ് ഈ ഒഎന്‍വിക്കവിതയുടെ രചനാവര്‍ഷം. അതിനു രണ്ടു വര്‍ഷം മുന്‍പു തന്നെ, കലണ്ടറും സംഗീതവും കവിയുടെ കാല- ചരിത്ര- ലോകബോധവും തമ്മില്‍ പിണഞ്ഞ് സങ്കീര്‍ണ്ണത കൈവരിക്കുന്ന ബാലചന്ദ്രന് ചുള്ളിക്കാടിന്റെ 'ഗസല്‍' പോലൊരു രചന മലയാളിയുടെ ഭാവമണ്ഡലത്തില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. 'ഡിസംബര്‍ മുപ്പത്തൊന്ന് ' എന്ന, വത്സരാന്ത്യത്തെ കുറിക്കുന്ന പരാമര്‍ശത്തോടെയാണ് കവിതയില്‍ ഗുലാമലിയും ഗസലും അരങ്ങേറുന്നത്.
'ഭൂതതംബുരുവിന് ശ്രുതിയില്‍
ഗുലാം അലി പാടുമ്പോള്‍
പിന്ഭിത്തിയിലാരു തൂക്കിയതാണിക്കലണ്ടര്‍?' എന്ന് അതോടൊപ്പം കലണ്ടറിന്റെ അശുഭ സാന്നിധ്യവും പരാമര്‍ശിക്കപ്പെടുന്നു.

'കലണ്ടറില്‍ നിത്യജീവിതത്തിന്റെ
ദുഷ്കരപദപ്രശ്നം
പലിശ, പറ്റുപടി,
വൈദ്യനും വാടകയും
പകുത്തെടുത്ത പല കള്ളികള്‍.
ഋണധനഗണിതത്തിന്റെ
രസഹീനമാം ദുര്‍ന്നാടകം'.

വീണ്ടും ഗസലിന്റെ ലയത്തെ ഭഞ്ജിച്ചു കൊണ്ട് കവിതയില്‍ കലണ്ടര്‍ പ്രത്യക്ഷമാകുമ്പോള്‍ അത് വ്യക്തിജീവിതത്തിന്റെ അഴലുകളിലേയ്ക്കല്ല, ചരിത്രത്തുറസ്സിലേയ്ക്കും അതിലൂടെ കൂകിപ്പായുന്ന മഹാകാലമെന്ന 'രുദ്രാകൃതി'യായ തീവണ്ടിയുടെ ലോഹാന്ധഗര്ഭശ്രേണി നിറയെ കുമിഞ്ഞുകിടക്കുന്ന ശവങ്ങളിലേയ്ക്കുമാണ് തുറക്കുന്നത്. ഗാനശാലയെയും ഗായകനെയും ഏകാകിയായ ശ്രോതാവിനെയും ദഹിപ്പിച്ചു കൊണ്ട് ആളിപ്പടരുകയാണ് അലിയുടെ നാദജ്വാലകള്. അപ്പോഴും എരിഞ്ഞുതീരാതെ ഒന്നു മാത്രം ശേഷിക്കുന്നു - 'ജ്വാലയില്‍ ദഹിപ്പീല കലണ്ടര്‍'.
തുടര്‍ന്നും ഗുലാം അലി പ്രണയത്തിന്റെയും വിരഹത്തിന്റെയും വിഷാദത്തിന്റെയും വിസ്മൃതിയുടെയും ഗാനമാത്രകള് നിര്‍മ്മിക്കുന്നു. അതിനിടെ, ഗാനശാലയുടെ ചുവരില്‍ പുതുവര്ഷക്കലണ്ടര് പതിക്കപ്പെടുന്നു. അതിനെ നാളെയുടെ നരകപടമെന്നോണം തന്റെ കോല് തൊട്ടു വായിക്കുകയാണ് ഒരു വീരശൈവന്‍. അശുഭകരമായ ഡിസ്റ്റോപ്പിയന്‍ കാഴ്ച്ചകളുടെയും സറീയലിസ്റ്റിക് ബിംബാവലിയുടെയും ഒരു മ്ലാനപരമ്പരയാണിക്കാവ്യഖണ്ഡം. ഇങ്ങനെയെല്ലാം ഗസലിന്റെ ഗാനാത്മകതയും ചരിത്ര/ലോകയാഥാര്‍ത്ഥ്യത്തിന്റെ ദുഃസ്വപ്നസമാനമായ ശ്ലഥചിത്രപരമ്പരയും ചേര്‍ത്തു നെയ്ത അനന്യസുഭഗമായ ഒരു കാവ്യകംബളമാകുന്നു ബാലചന്ദ്രന് ചുള്ളിക്കാടിന്റെ 'ഗസല്‍'. കലണ്ടര്‍ എന്ന കാലബിംബം ചരിത്രത്തിലേയ്ക്കും മഹാകാലത്തിലേയ്ക്കും തുറന്ന് ഗാഢതയും ഗഹനതയുമാര്ജ്ജിക്കുന്ന മലയാളകവിതയിലെ ഒരത്യപൂര്വ്വസന്ദര്ഭം.
Content Highlights: mashipacha sajay k v calendar balachandran chullikkad onv vyloppilly mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..