ദൈവവുമായുള്ള നിന്റെ കളിയിലെ ഒടുങ്ങാത്ത ഡ്രിബ്‌ളിംഗുകള്‍...


By സജയ് കെ.വി

2 min read
Read later
Print
Share

കൊവിഡിന്റെ മ്ലാനതകളോടുള്ള പോരാട്ടത്തില്‍ മലയാളി 'ലയണല്‍ മെസ്സി' എന്ന കാല്‍പ്പന്തുകളിയുടെ മിശിഹായോടും മെസ്സിയുടെ അര്‍ജ്ജന്റീനിയന്‍ ടീമിനോടുമൊപ്പമായിരുന്നു. മെസ്സി മാരക്കാനയില്‍ കപ്പുയര്‍ത്തിയപ്പോള്‍ ഈ രോഗകാലത്തിന്റെ വിഷാദങ്ങളില്‍ നിന്നു കൂടിയായിരുന്നു ഫുട്‌ബോള്‍ പ്രേമിയായ മലയാളി ഉയിര്‍ത്തെഴുന്നേറ്റത്.

മറഡോണ| Photo: AP

കവിതയും കാല്‍പ്പന്തും

ദുഃഖം മറക്കുന്നതിനു വേണ്ടി കാല്‍പ്പന്തുകളിയില്‍ മുഴുകിയ ചെറുപ്പക്കാരനെപ്പറ്റി എ.ഇ ഹൗസ്മാന്റെ കവിതയുണ്ട്,' ആഴ്ച്ചയില്‍ രണ്ടു വട്ടം, മഞ്ഞുകാലത്തുടനീളം'(Twice a week, the winter thorough) എന്ന പേരില്‍. ഇക്കൊല്ലം കോവിഡിന്റെ മ്ലാനദിനങ്ങളെ കോപ്പ അമേരിക്കയുടെ ആവേശ ലഹരിയാല്‍ നിറച്ച മലയാളിയോടൊപ്പം നിന്നുകൊണ്ട് ആ കവിത വായിച്ചാല്‍ അതിന്റെ പൊരുള്‍ കൂടുതല്‍ തെളിയും. ചടുലതയുടെയും ഏകാഗ്രതയുടെയും കളിയാണ് ഫുട്‌ബോള്‍. ഉള്ളും ഉടലും അതില്‍ മുഴുകുമ്പോള്‍ ദു:ഖത്തെ ആട്ടിയകറ്റലോ ചവിട്ടിവീഴ്ത്തലോ അത്രമേല്‍ അനായാസമാകുന്നു. കളിയിലെ ഓരോ നീക്കവും ദു:ഖത്തിനും വിഷാദത്തിനുമെതിരായ സ്വയം പ്രതിരോധമാകുന്നു. കാലറ്റത്തെത്തിയ പന്ത് പ്രതിയോഗിക്ക് വിട്ടുകൊടുക്കില്ല എന്ന ജാഗ്രത പോലെ, തനിക്കു കൈവന്ന ദുര്‍ല്ലഭമായ ആനന്ദത്തിന്റെ മാത്രകള്‍ ഇനിയും അടിയറ വയ്ക്കില്ല എന്ന ഊറ്റത്തോടെ അയാള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പന്തു കൈമാറുന്നതിലെ സാഹോദര്യവും സംഘബോധവും അയാളുടെ ഏകാന്തതയെ ശമിപ്പിക്കുന്നു. അങ്ങനെയെല്ലാം കളിക്കളം ജീവിതത്തിന്റെ, ജീവിതപ്പോരാട്ടത്തിന്റെയും, മഹാരൂപകമായി മാറുന്നു.

ഹൗസ്മാന്റെ കവിതയിലെ ചെറുപ്പക്കാരന്‍ കളിയില്‍ ഗോളിയാണ്. ഗോളിയുടെ ഏകാന്തതയല്ല, ഏകാഗ്രത. കാരണം എതിരാളിയുടെ പന്തിനെയല്ല, ജീവിതം നല്‍കുന്ന അവിചാരിത പ്രഹരങ്ങളെയാണയാള്‍ക്ക് തട്ടിയകറ്റേണ്ടത്!

കൊവിഡിന്റെ മ്ലാനതകളോടുള്ള പോരാട്ടത്തില്‍ മലയാളി 'ലയണല്‍ മെസ്സി' എന്ന കാല്‍പ്പന്തുകളിയുടെ മിശിഹായോടും മെസ്സിയുടെ അര്‍ജ്ജന്റീനിയന്‍ ടീമിനോടുമൊപ്പമായിരുന്നു. മെസ്സി മാരക്കാനയില്‍ കപ്പുയര്‍ത്തിയപ്പോള്‍ ഈ രോഗകാലത്തിന്റെ വിഷാദങ്ങളില്‍ നിന്നു കൂടിയായിരുന്നു ഫുട്‌ബോള്‍ പ്രേമിയായ മലയാളി ഉയിര്‍ത്തെഴുന്നേറ്റത്. കോപ്പ അമേരിക്കയുടെ നാളുകളില്‍ മെസ്സിയുടെ ആരാധകരായ മലയാളികള്‍ അര്‍ജ്ജന്റീനക്കാരായി മാറി. അവര്‍ അഭിമാനപൂര്‍വ്വം അങ്ങനെ സ്വയം വിശേഷിപ്പിക്കുകയും അങ്ങനെ സംബോധന ചെയ്യപ്പെടുന്നതില്‍ ആഹ്‌ളാദിക്കുകയും ചെയ്തു. ഫുട്‌ബോള്‍ എത്ര അനായാസമായാണ് അതിന്റേതു മാത്രമായ ഒരു ദേശം നിര്‍മ്മിക്കുകയും അതിലേയ്ക്ക് ലോകമെമ്പാടും നിന്ന് വിശുദ്ധപൗരന്മാരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നത്! ഇപ്പോള്‍ മെസ്സിയിലേക്കൊഴുകിക്കൊണ്ടിരിക്കുന്ന സ്‌നേഹം മുന്‍പ് മലയാളി അതേ നാട്ടുകാരനായ മറഡോണയ്ക്കാണ് വാരിക്കോരി നല്‍കിയത്. അങ്ങനെ, ഈ കോവിഡ്ക്കാലം കവര്‍ന്നെടുത്ത, കളിക്കളത്തിന്റെ ആ പ്രിയങ്കരനെപ്പറ്റിയും നമ്മുടെ ഭാഷയില്‍ കവിതകളെഴുതപ്പെട്ടു (ഹിഗ്വിറ്റയെപ്പറ്റി എന്‍.എസ്.മാധവന്റെ അതിപ്രശസ്തമായ കഥ എന്ന പോലെ).'

ഞങ്ങള്‍ നിന്നിലേയ്ക്കു രുണ്ടുവരും/ പ്രാണന്‍ നിറച്ച തുകല്‍ സഞ്ചിയായ്/ നിന്റെ മാന്ത്രിക
കാല്‍ശുശ്രൂഷയാല്‍/ സ്വര്‍ഗ്ഗത്തിലേയ്ക്ക് പറന്നുയരും'
എന്നവസാനിക്കുന്നു, ഗഫൂര്‍ കരുവണ്ണൂരിന്റെ' അര്‍ജ്ജന്റീനയില്‍ താമസിക്കും ആലങ്കോടുമ്മല്‍ മറഡോണ' എന്ന കവിത. കാല്‍, നൃത്തത്തിലെന്ന പോലെയാണ് കാല്‍പ്പന്തുകളിയിലും. കളിക്കളത്തിലാണ് മനുഷ്യപാദങ്ങളുടെ പരമാവധി വിനിയോഗം നടക്കുന്നത്;

പന്തും പാദവും ചേര്‍ന്ന് ആകസ്മിക നൃത്തവിന്യാസങ്ങള്‍ സൃഷ്ടിക്കുന്നതും.

ആറു പതിറ്റാണ്ടു നീണ്ട കളിജീവിതത്തിനൊടുവില്‍ ഭൂമി എന്ന കളിക്കളത്തില്‍ നിന്നു വിരമിച്ച മറഡോണയ്ക്കുള്ള അന്തിമാഭിവാദ്യമാണ് വീരാന്‍ കുട്ടിയുടെ' ഡീഗോ' എന്ന കവിത. പന്തിന്റെ സാദൃശ്യം നല്‍കാന്‍ വേണ്ടി മറഡോണയെ കുറിയ രൂപത്തില്‍ സൃഷ്ടിച്ച ദൈവത്തെയും അയാളുടെ കാല്‍സ്പര്‍ശം കാംക്ഷിച്ച് ഒരു പന്തായി മാറാനാഗ്രഹിച്ച ഭൂമിയെയും പറ്റി പറഞ്ഞു കൊണ്ടാണ് കവിത തുടങ്ങുന്നത്. പകരം പന്തുകളെ ഭൂമിയായി മാറുന്ന സ്വപ്നം കാണാന്‍ പഠിപ്പിച്ചുവത്രേ മറഡോണ! കവിത അവസാനിക്കുന്നതിങ്ങനെ-
'നീ
കളി മതിയാക്കിപ്പോയ
ഭൂമി
ഇപ്പോള്‍
ഷോട്ട് എടുക്കാനാരുമില്ലാത്തതിനാല്‍ പെനാല്‍ട്ടി വരയില്‍ തനിച്ചായിപ്പോയ
കാറ്റൊഴിഞ്ഞ
മറ്റൊരു തുകല്‍ പന്ത്.
അതിന്റെ ഓര്‍മ്മയ്ക്ക് പക്ഷേ ഇപ്പോഴും ജീവനുണ്ട്.
അതില്‍ നിറയെ
ദൈവവുമായി തുടങ്ങാനിരിക്കുന്ന
നിന്റെ കളിയിലെ
ഒടുങ്ങാത്ത
ഡ്രിബ്‌ളിംഗുകള്‍.'

മരണം പ്രതിയോഗിയാകുന്ന ഈ കളിയില്‍പ്പോലും മാന്ത്രികമായ ഒരു പെനാല്‍റ്റി കിക്കിലൂടെ മറഡോണ ആ എതിരാളിയെ നിലംപരിശാക്കി എന്ന പ്രതീതിയാണ് ഈ കവിത നമ്മില്‍ ശേഷിപ്പിക്കുന്നത്. കാരണം അയാള്‍ ഇപ്പോഴും തന്റെ ചടുലമായ കളിനീക്കങ്ങള്‍ തുടരുക തന്നെയാണല്ലോ - 'വാനവര്‍ക്കാരോമലായ്, പാരിനെക്കുറിച്ചുദാസീനനായ്, ക്രീഡാരസലീനനായ്....'(വൈലോപ്പിള്ളി)

Content Highlights: Mashipacha Column Sajay KV Football and poetry

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
madhavikutty

3 min

പ്രണയമെന്ന ഉന്മാദത്തിന്റെ മതം; എല്ലാറ്റിനെയും സാധുവും സംഗതവുമാക്കുന്ന ആ ഇടം!

May 30, 2023


art by gopeekrishnan

7 min

അഴീക്കോട് മൈക്കിനടുത്തേക്ക് വരുന്നു,ഞാന്‍ ഒറ്റക്കുതിപ്പിന് വേദിയിലെത്തി മൈക്ക് കൈക്കലാക്കുന്നു...

Apr 3, 2022


kabul

6 min

കാബൂള്‍ ഇപ്പോള്‍ മൗനത്തിലാണ്; അതുകൊണ്ട് അഫ്ഗാനിസ്താന്‍ ശാന്തമാണെന്ന് അര്‍ഥമില്ല!

Feb 28, 2022

Most Commented