ഒരു തരം അമറല്‍; ചിന്നതമ്പി വിളിച്ചു പറഞ്ഞു.. 'ആന'! കാടിനകത്ത് കലിയോടെ ചില്ലകള്‍ ഒടിയുന്നു...


മധുരാജ്‌എല്ലാവരും  അവരുടെ  ഭാണ്ഡകെട്ടുകള്‍ മണ്ണില്‍  ഉപേക്ഷിച്ചു. ബാക്ക് പാക്കിന് പുറമേ കയ്യില്‍ ഉള്ള ക്യാമറ ബാഗ് ഞാനും... ഒപ്പം വേദനയോടെ ക്യാമറയും. ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് ഹൃദയം പറിച്ചു വെക്കുന്ന നിമിഷം...

ഇടമലയാർ കാടുകളിലൂടെ

ചിത്രങ്ങൾ പറയുന്ന കഥകളാണ് ഓരോ ഫോട്ടോഗ്രാഫറുടെയും ജീവിതം. എല്ലാവരും കാണുന്ന കാഴ്ചകൾ കാമറക്കണ്ണിലൂടെ വേറിട്ടകാഴ്ചയാക്കി മാറ്റുന്ന ജാലവിദ്യ വശത്തായവർ. നാടും നഗരവും കാടും തോടും പുഴയും കടലും പറയുന്ന ജീവിതം ഒറ്റ ഫ്രെയ്മിലേക്ക് ആവാഹിക്കുന്ന ആ ജാലവിദ്യയുടെ കയ്യാളാണ് മധുരാജ്. നിരവധി സാമൂഹിക വിഷയങ്ങളെ, പാരിസ്ഥിതി പ്രശ്നങ്ങളെ ഗൗരവമൊട്ടും ചോർന്നുപോകാതെ തൻെറ കാമറയിലൂടെ ലോകത്തോട് പറഞ്ഞ മധുരാജിൻെറ പംക്തിയായ 'Beyond The Frames' ഇന്ന് നമ്മെ നടത്തിക്കുന്നത് ഇടുക്കി മാങ്കുളത്തേക്കാണ്. കാടിന്റ വന്യതയിലേക്ക്, അർഹതയുള്ളവരുടെ അതിജീവിതത്തിലേക്ക് ഒരു യാത്ര.

'ങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ'...
'ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കുക' മലയോര മക്കളുടെ തൊണ്ട പൊട്ടിയുള്ള മുദ്രാവാക്യമുയര്‍ന്നു. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരം ഇളകിമറിയുന്ന കാലം. മാങ്കുളം; വര്‍ഷം 2014. ഇടുക്കി ജില്ലയില്‍ മുന്നാറിന് അടുത്ത് പശ്ചിമഘട്ടത്തിന്റെ മടിയില്‍ കിടക്കുന്ന ഒരു കുടിയേറ്റ ഗ്രാമമാണ് മാങ്കുളം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ പരിസ്ഥിതിലോല പ്രദേശം. ഗാഡ്ഗിലിന്റെ പ്രണയഭൂമിയെ അറിയാന്‍ അവിടെ എത്തിയ ഞങ്ങളുടെ സംഘത്തെ വരവേറ്റത് റിപ്പോര്‍ട്ടിനെതിരെ ആ വൈകുന്നേരം നടന്ന ഉശിരന്‍ പ്രകടനമായിരുന്നു. ഞങ്ങളുടെ സംഘത്തില്‍ ഉണ്ടായിരുന്നത് കൊച്ചിന്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ (CAF) പ്രവര്‍ത്തരായ നൗഷാദ് മൊയ്തീന്‍, അബ്ദുള്‍ ലത്തീഫ് അറക്കല്‍, അഭിലാഷ്, ഫ്രാന്‍സിസ്, ശരത്ത്, പ്രസാദ്, മാതൃഭൂമി യാത്ര റിപ്പോര്‍ട്ടര്‍ ഹരിലാല്‍ രാജഗോപാല്‍ എന്നിവര്‍.ഇടുക്കിയിലെ മാങ്കുളത്ത് നിന്ന് തൃശൂരിലെ മലക്കപ്പാറ വരെ മൂന്നു ജില്ലകളിലൂടെ ( ഇടുക്കി, എറണാകുളം, തൃശ്ശൂര്‍) മൂന്നു നാള്‍ നീണ്ട ഒരു ട്രക്കിങ്ങ്... ഇന്നോര്‍ക്കുമ്പോള്‍ കാടിന്റെ നിഗൂഢതയില്‍ സ്വയം ഇല്ലാതായ മൂന്ന് ദിവസങ്ങള്‍... പശ്ചിമഘട്ടത്തിലെ അഗസ്ത്യകൂടം മുതല്‍ ഛത്രപതി ശിവജിയുടെ മഹാരാഷ്ടയിലെ സിംഹഘട്ട് വരെ, ചെറുതും വലുതുമായ ധാരാളം മല കയറ്റിറക്കങ്ങള്‍ മാതൃഭൂമി യാത്രാ മാഗസിനു വേണ്ടി നടത്താന്‍ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ യാത്ര മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് എന്തുകൊണ്ടെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്... ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ കുറിപ്പ്.

നിഗൂഢ സൗന്ദര്യത്താല്‍ നമ്മെ വശീകരിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത പ്രകൃതി. പ്രിയ എന്ന് ഞങ്ങൾ ഓമന പേരിട്ട ഒരു നായയുടെ സാന്നിദ്ധ്യം. അജ്ഞാതനായ കാട്ടുദൈവത്തിന്റെ നിശ്ചയങ്ങള്‍ക്കു മുന്നില്‍ വിരണ്ടു നിന്ന നിമിഷങ്ങള്‍. അങ്ങനെ വിവരണാതീതമായ പലതുമായിരുന്നു ആ യാത്രയുടെ ആകര്‍ഷണീയത.

ആനകളുടെ നീരാട്ട്

മാങ്കുളത്ത് നിന്ന് ഏഴു കിലോ മീറ്റര്‍ അപ്പറത്തുള്ള വനഗ്രാമമായ ആനക്കുളത്തായിരുന്നു ബേസ് ക്യാമ്പ്. ആനക്കുളം ആനകളുടെ നീരാട്ടിനാല്‍ പ്രസിദ്ധം. ഇടമലയാറില്‍നിന്ന് ഉല്‍ഭവിക്കുന്ന ഈറ്റച്ചോലയാറിലെ ഗന്ധക നീരുറവ കുടച്ച് ഉന്‍മത്തരാകാന്‍ ഇവിടെ കൊമ്പന്‍മാരെത്തുന്നു. ഇടമലയാറില്‍നിന്നു മാത്രമല്ല പെരിയാറില്‍നിന്നും പൂയംകുട്ടിയില്‍നിന്നും അവര്‍ സംഘങ്ങളായി എത്തുന്നു. ചില ദിവസങ്ങളില്‍ അവയുടെ എണ്ണം അമ്പതിനു മേലെ പോകും. അത്യപൂര്‍വ്വമായ ഈ കാഴ്ച കാണാന്‍ സന്ദര്‍ശകരും എത്തുന്നു. വിദേശികളും സ്വദേശികളും. ഞങ്ങളുടെ സംഘാംഗങ്ങള്‍ ഒത്തുകൂടി യാത്ര തുടങ്ങിയത് ഇവിടെ വച്ചായിരുന്നു. നീരാട്ട് കാണാന്‍ വൈകീട്ട് ഞങ്ങളും അവിടെ തമ്പടിച്ചു. പക്ഷെ പുലര്‍ച്ചെ, നമ്മള്‍ ഉണരും മുമ്പേ ആറ്റില്‍ മദിച്ച് കാട്ടിലേക്ക് കയറിപ്പോയ ആനക്കൂട്ടങ്ങള്‍ നല്‍കിയ മോഹഭംഗം ചെറുതായിരുന്നില്ല. ഞങ്ങളുടെ യാത്ര തുടങ്ങേണ്ടതും ആനകള്‍ വരുന്ന ആ വഴിയിലൂടെയായിരുന്നല്ലോ!...

പ്രിയയുടെ എന്‍ട്രി

രാവിലെ ഈറ്റച്ചോലയാര്‍ മുറിച്ചു കടക്കുമ്പോഴാണ് എവിടെ നിന്നോ കഥാനായിക എത്തിയത്. ബ്രൗൺ നിറഞ്ഞിലുള്ള, ആരോഗ്യവതിയായ ഒരു പെണ്‍നായ. യാത്രയിലുടനീളമുള്ള ഞങ്ങളുടെ ശ്രദ്ധാപാത്രം. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവള്‍ പിന്‍തുടര്‍ന്നു. ചിലപ്പോള്‍ മുന്നില്‍, ചിലപ്പോള്‍ പിന്നില്‍, ചിലപ്പോള്‍ അപ്രത്യക്ഷയായി. ഇഴജീവികള്‍ നിറഞ്ഞ നിബിഢവനങ്ങളിലൂടെയുള്ള ആ യാത്രയില്‍ അവള്‍ നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു. ആറിനപ്പുറം എറണാകുളം ജില്ലയാണ്. മുന്നില്‍ ആനയും കടുവയും ഉള്ള നിബിഢമായ മലയാറ്റൂര്‍ വനം. കുത്തനെയുള്ള കയറ്റം കയറിയും പുല്ലുമേഞ്ഞ ചെരിവുകളിലൂടെ ഊര്‍ന്നിറങ്ങിയും ഈറ്റക്കാടുകളിലൂടെ നൂണിറങ്ങിയും അവളും ഞങ്ങളെ പിന്‍തുടര്‍ന്നു. ഞങ്ങള്‍ കഴിക്കുന്നതില്‍ പങ്കാളിയായി. അരുവിയില്‍ ദാഹമകറ്റി. തളര്‍ന്നു വിശ്രമിക്കുന്ന ഞങ്ങള്‍ക്കരികില്‍ കാടിന്റെ രഹസ്യങ്ങളറിയുന്ന ഒരാളെ പോലെ നിസ്സംഗയായി ഇരുന്നു. ചിലപ്പോള്‍ അജ്ഞാത ശബ്ദങ്ങള്‍ക്കായ് കാതു കൂര്‍പ്പിച്ചു. പ്രിയ രണ്ടു നാള്‍ കൊണ്ട് ഞങ്ങളുടെ വാല്‍സല്യഭാജനമായി.

നിബിഢവനത്തിലെ രാത്രി

'ഇരുട്ടും മുമ്പ് വാരിയത്ത് എത്തണം' ഗൈഡ് കുട്ടപ്പന്‍ ചേട്ടന്റെ മുന്നറിയിപ്പ്. കാടിനെ കരതലം പോല അറിയുന്ന മന്നാന്‍ സുദായത്തില്‍പ്പെടുന്ന ആളാണ് കുട്ടപ്പന്‍ ചേട്ടന്‍. മറ്റൊരാള്‍ മുതുവ വിഭാഗത്തിലുള്ള ചിന്നതമ്പി. വാരിയത്ത് ഇരു സമുദായാഗങ്ങളുടെയും കുടിലുണ്ട്. അവിടെ അന്തിയുറങ്ങുന്നതാണ് സുരക്ഷിതം. പക്ഷെ ആദ്യദിനം തന്നെ പ്ലാന്‍ തെറ്റി. കാരണം, ഇല്ലാത്ത വഴികളിലൂടെയുള്ള കയറ്റിറക്കങ്ങള്‍. അരയോളം ഉയരത്തിലുള്ള പുല്‍പ്പടര്‍പ്പുകള്‍ വകഞ്ഞുള്ള യാത്ര. കാലില്‍ ചുറ്റിപ്പിടിക്കുന്ന വള്ളികള്‍. എല്ലാറ്റിനും മീതെ രക്തദാഹികളായ അട്ടകളുടെ ഗറില്ലാ ആക്രമണവും!. ആനയും പുലിയുമിറങ്ങുന്ന കൂടലാര്‍ കുത്തിനു(ജലപാതം) സമീപം ആദ്യദിവസം അന്തിയുറങ്ങിയത് മനസ്സില്ലാ മനസ്സോടെയായിരുന്നു. ആറ്റില്‍ കുളിച്ച് ക്ഷീണം അകറ്റി; ആഴി കത്തിച്ച് തണുപ്പും. ഉണക്ക് മീനും അച്ചാറും കൂട്ടിയുള്ള കഞ്ഞിക്ക് എന്ത് രുചി! നക്ഷത്രങ്ങള്‍ ഇല്ലാത്ത രാത്രി. കൂട്ടത്തില്‍ ഉറക്കം കുറവുള്ള പ്രസാദ് കാവലിന് തയ്യാറായി. കൂടെ പ്രിയയും ഉണ്ടല്ലോ എന്ന ധൈര്യത്തില്‍. മൃഗങ്ങളെ അകറ്റാനുള്ള ആഴി ഒരുങ്ങി. പുറത്ത് സൂചി കുത്തുന്ന തണുപ്പില്‍ ടെന്റിനകത്തെ സ്ലീപിങ് ബാഗിനുള്ളിൽ കയറിയത് മാത്രമേ അറിഞ്ഞുള്ളു. കൂടലാര്‍ കുത്തിന്റെ മുഴക്കം ഒരു സംഗീതമായി ചുറ്റും അലടിച്ചു. മുന്നില്‍ ആനയും പുലിയും ഇല്ല. എങ്ങും നിറഞ്ഞ സംഗീതം മാത്രം..

വേര്‍പാടിന്റെ നിമിഷങ്ങള്‍

രാവിലെ തെളിഞ്ഞ പ്രഭാതത്തില്‍ വീണ്ടും ഞങ്ങള്‍ മല കയറി. പ്രിയ ഊര്‍ജ്ജസ്വലയായിത്തന്നെ നയിച്ചു. ഇനി അടുത്ത രാത്രി കപ്പായത്താണ് അന്തിയുറക്കം. ഇടമലയാര്‍ റിസര്‍വോയറിന്റെ തുടക്കം അവിടെയാണ്. അങ്ങോട്ട് പോകുംതോറും ഉള്ള യാത്ര ക്ലേശകരമാണ്. പക്ഷെ നമുക്ക് ഉത്തരം കിട്ടേണ്ട ഒരു ചോദ്യമുണ്ടായിരുന്നു. ഇന്ന് കപ്പായം കഴിഞ്ഞാല്‍ നാള മലക്കപ്പാറയാണ്. പുലികളുടെ വിഹാരകേന്ദ്രം. ഞങ്ങളുടെ അരുമയായ പ്രിയ അവിടെ എത്തിയാല്‍ അത് അവളുടെ ജീവന് ഭീഷണിയാണ്. രണ്ടു നാളായി അനുഗമിക്കുന്ന അവളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കണം. കൂട്ടമായ് ചേര്‍ന്ന് ഒരു തീരുമാനത്തിലെത്തി. അവളെ വാരിയം കുടിയിലെ മന്നാര്‍മാരുടെ കുടികളില്‍ ഏല്‍പ്പിക്കാം. അവര്‍ അവളെ പൊന്നുപോലെ നോക്കിക്കോളും. ഞങ്ങള്‍ ഇടമലയാര്‍ കാട്ടിലേക്ക് കടന്നു. കാടിന്റെ പല വിതാനങ്ങള്‍ക്ക് മേലെ ഒറ്റയാനെപ്പോലെ ഉയര്‍ന്നു നില്‍ക്കുന്ന ശൂലമുടി. അതിന്റെ നിഴല്‍ വീണ വഴിയിലൂടെ ഞങ്ങള്‍ നിശബ്ദരായി നടന്നു. 'നല്ല പട്ടിയാ അവളിവിടെ നിന്നോട്ടെ.' കഴുത്തില്‍ ഓലപ്പാന്തം കൊണ്ട് തുടലുണ്ടാക്കി ചിന്നതമ്പി വാരിയംകുടിയിലെ തന്റെ സഹോദരിയെ ഏല്‍പ്പിക്കുമ്പോള്‍ പ്രിയ സ്‌നേഹത്തോടെ വാലാട്ടി. അവള്‍ ഞങ്ങളെ തിരിഞ്ഞു നോക്കി. അപ്പോള്‍ ആ കണ്ണുകളില്‍ നിറഞ്ഞ വികാരം എന്തായിരിക്കാം... ഈ കാഴ്ച്ച നോക്കിനില്‍ക്കെ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു.

മരണം മുഖാമുഖം

പ്രിയ ഇല്ലാത്തതിന്റെ സങ്കടത്തിനിടയിലും അവള്‍ സുരക്ഷിതമായതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. കാടുകയറി പുല്‍മേടിലൂടെ ഒരു മൈതാനത്ത് എത്തിയപ്പോള്‍ വിചിത്രമായൊരു ശബദം കേട്ടു. ചിന്നംവിളിയില്ല ഒരു തരം അമറല്‍. ചിന്നതമ്പി വിളിച്ചു പറഞ്ഞു.. 'ആന'... ഞങ്ങള്‍ നടുങ്ങി. മൈതാനത്തിനപ്പുറം ഇരുണ്ട കാടാണ്. ആ കാടിനകത്ത് നിന്നാണ് ആ അമറല്‍. അത് ഇങ്ങോട്ട് വരരുത് എന്ന കാടിന്റെ മുന്നറിയിപ്പായിരുന്നു. കാടിനകത്ത് ചില്ലകള്‍ ഒടിയുന്നതിന്റെ ശബ്ദം. വാരിയംകുടി കഴിഞ്ഞ് കണ്ടത്തില്‍ കുടിയില്‍നിന്ന് പടക്കം പൊട്ടിച്ച് ഓടിച്ച ആനകളാണ്. അവര്‍ക്ക് അതിന്റെ കലിയും കാണും. മൈതാനത്തിന് നാലും വശത്തും ഇടതൂര്‍ന്ന വനങ്ങളാണ്. നമുക്ക് അവരെ കാണാന്‍ പറ്റില്ലെങ്കിലും അവര്‍ക്ക് നമ്മുടെ നീക്കങ്ങള്‍ കാണാന്‍ പറ്റും. 'ചാര്‍ജ്ജ് ചെയ്താല്‍ വശങ്ങളിലേക്ക് ഓടുക. അതിന് മുമ്പേ എല്ലാവരും ബാഗുകള്‍ ഉപേക്ഷിക്കണം.' ടീം ക്യാപ്റ്റന്‍ നൗഷാദിന്റെ ആജ്ഞ മുഴങ്ങി. എല്ലാവരും അവരുടെ ഭാണ്ഡകെട്ടുകള്‍ മണ്ണില്‍ ഉപേക്ഷിച്ചു. ബാക്ക് പാക്കിന് പുറമേ കയ്യില്‍ ഉള്ള ക്യാമറ ബാഗ് ഞാനും... ഒപ്പം വേദനയോടെ ക്യാമറയും. ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് ഹൃദയം പറിച്ചു വെക്കുന്ന നിമിഷം... മരണം മുഖാമുഖം നില്‍ക്കുമ്പോള്‍ ജീവനൊഴിച്ച് മറ്റൊന്നും മനുഷ്യന് ഉപേക്ഷിക്കാനില്ല എന്ന് ബോധ്യമായ സന്ദര്‍ഭം. മൈതാന ചെരിവിലുള്ള മരക്കൂട്ടങ്ങളില്‍ ഞങ്ങള്‍ മറഞ്ഞിരുന്നു.

സംഭ്രമജനകമായ അരമണിക്കൂര്‍. ആനകള്‍ പക്ഷെ പോകാന്‍ കൂട്ടാക്കുന്നില്ല! ഒടുവില്‍ കാടിന്റെ മനസ്സ് അറിയുന്ന ചിന്നതമ്പി മുന്നോട്ട് ചെന്ന് ആനകളോട് സംഭാഷണത്തിലേര്‍പ്പെട്ടു. ഒരു സന്ധി സംഭാഷണം. കാടിന്റെ ഭാഷയില്‍... ഞങ്ങള്‍ വെറും വഴിപോക്കരാണ് എന്നും മറ്റും... എന്തോ അവര്‍ക്ക് ബോധിച്ചു എന്ന് തോന്നിയപ്പോള്‍ രണ്ടും കല്‍പ്പിച്ച് ഞങ്ങളോട് പിന്നാലെ വരാന്‍ ആവശ്യപ്പെട്ടു. മണ്ണിലുപേക്ഷിച്ച ക്യാമറയും എടുത്ത് ബാഗ് ചുമലിലേറ്റി നെഞ്ചിടിപ്പോടെ വരിവരിയായി ശത്രുരാജ്യത്തിനു കീഴടങ്ങിയ ജവാന്‍മാരെ പോലെ ഞങ്ങള്‍ ആനകള്‍ക്ക് മുന്നിലൂടെ തല താഴ്ത്തി നിശബദരായി നടന്നു... 'ആദിവാസി കുടിയില്‍ നിന്ന് മേലേക്ക് കേറുമ്പോള്‍ തന്നെ അവര്‍ പറഞ്ഞിരുന്നു. ശ്രദ്ധിക്കണം മേലെ ആനയുണ്ട് എന്ന്. തലേദിവസം അവര്‍ ഓടിച്ച് വിട്ടതായിരുന്നു. അത് കൊണ്ടാണ് തൊട്ടപ്പുറത്ത് നിന്ന് അവര്‍ പറഞ്ഞത്. ഞങ്ങള്‍ ഇവിടെയുണ്ട്. ഇത് ഞങ്ങളുടെ അതിര്‍ത്തിയാണ്. ഇങ്ങോട്ട് വരണ്ടാ എന്ന്. പക്ഷെ ഞങ്ങള്‍ക്ക് പോകന്‍ വേറെ വഴിയില്ലായിരുന്നു. ചിന്നംവിളിയായിരുന്നില്ല അത്. ഇത് അവന്‍ കാടനക്കി വരും എന്നതിന്റെ മുന്നറിയിപ്പായിരുന്നു. ഹോ വല്ലാത്ത ഒരു യാത്രയായിരുന്നു അത്.' വലിയ യാത്രികനായ അബ്ദുള്‍ ലത്തീഫ് അറക്കല്‍ ആ യാത്രയെ ഓര്‍ക്കുന്നു. എന്തും സംഭവിക്കാവുന്ന ആ നിമിഷങ്ങളെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നെഞ്ചിടിപ്പുയരും..

പിന്നെ അന്തമില്ലാത്ത ഇറക്കമായിരുന്നു. കാപ്പായത്ത് എത്തുമ്പോള്‍ നേരം സന്ധ്യ മയങ്ങി. വിശാലമായ ഇടമലയാര്‍ തടാകം. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നുരതല്ലി വരുന്ന മാവേലിക്കുത്ത്‌(ജലപാതം). അത് തീര്‍ക്കുന്ന വിശാലമായ മണ്‍തിട്ട. ചെറുപ്പത്തില്‍ വായിച്ച ഫാന്റം കഥയിലെ കീലാവാ മണല്‍ പരപ്പ് ഓര്‍മ്മ വന്നു. ചെറുപ്പത്തില്‍ കണ്ട സിനിമ 'ബ്ലൂ ലഗൂൺ'. അതില്‍ കണ്ടുമറന്ന വിശാലമായ മണ്‍തിട്ടകളും സസ്യജാലങ്ങളും ഇതാ കണ്‍മുന്നില്‍... വാക്കുകള്‍ക്ക് വിവരിക്കാനാകാത്ത വന്യമായ ഒരു സൗന്ദര്യം. സാന്ധ്യവെളിച്ചത്തിന്റെ നിറഭേദം അവിടമാകെ നിറഞ്ഞു പരന്നു. പഞ്ചാര മണല്‍ പരപ്പില്‍ പടിഞ്ഞിരുന്ന് തന്റെ നോട്ട് ബുക്കില്‍ എന്തോ കുത്തിക്കുറിക്കുന്ന റിപ്പോര്‍ട്ടര്‍ ഹരിലാല്‍. ഇടക്ക് കവിതയുടെ ചില്ലറ ഉപദ്രവമുള്ള ആളാണ്. അതെ ആ മണ്‍തിട്ടകള്‍ നമ്മളെ അത്രയേറെ പ്രലോഭിപ്പിച്ചിരുന്നു.

'ഈ രാത്രി ഇവിടെ തന്നെ ടെന്റടിച്ച് ഉറങ്ങാം.' കൂട്ടത്തിലെ ഉല്‍സാഹിയായ അഭിലാഷ്. ഞങ്ങളും അത് അംഗീകരിച്ചു. ആര്‍പ്പ് വിളിച്ച് ആ മണല്‍തരികളില്‍ വീണുരുണ്ടു. എന്നാല്‍ ആ തീരുമാനം കുട്ടപ്പന്‍ ചേട്ടന്‍ തിരുത്തി. 'രാത്രി ഇവിടെ പോത്തും നരിയും ഇറങ്ങും. എങ്ങിനെ എങ്കിലും അക്കരെ കടക്കണം.' നിരാശരായെങ്കിലും ആ വാക്കുകള്‍ ഞങ്ങള്‍ അനുസരിച്ചു. മുതുവന്‍മാരുടെ മുളംചങ്ങാടത്തില്‍ മുട്ടില്‍ ഇരുന്ന് അക്കരെ കടന്ന് കാടിനെയും ഇടമലയാറിനെയും മുഖം നോക്കി നില്‍ക്കുന്ന പാറക്കെട്ടില്‍ ടെന്റടിച്ചു. മാവേലിക്കുത്തിലെ തണുത്ത വെളളത്തില്‍ കുളിച്ച് ക്ഷീണം തീര്‍ത്തു. ഉണക്ക ഇലയും മരങ്ങളും കൊണ്ട് കൂട്ടത്തിലെ കൃശഗാത്രനായ ഫ്രാന്‍സിസ് ക്യാമ്പ് ഫയര്‍ ഒരുക്കി. വിസ്മയകരമായ ഒരു രാത്രിയുടെ പ്രശാന്തതയില്‍ ഞങ്ങള്‍ ലയിച്ചു ചേര്‍ന്നു. പിറ്റേന്ന്, ശരീരത്തിന്റെ എല്ലാ ഭാരങ്ങളും പ്രകൃതിക്ക് നല്‍കി ഉന്മേഷത്തോടെ ഉണര്‍ന്നു. പക്ഷെ ആ കാഴ്ച്ച ശരിക്കും ഞെട്ടിച്ചു കളഞ്ഞു. തലേ ദിവസം ടെന്റ് അടിച്ച് രാത്രി ഉറങ്ങണം എന്ന് ഞങ്ങൾ ആഗ്രഹിച്ച മണ്‍തിട്ട ഇപ്പോളില്ല!‌. റിസർവോയറിലെ ജലം നിറഞ്ഞ് അത് കഴിഞ്ഞ രാത്രിയില്‍ ഒരു തടാകമായി മാറിയിരുന്നു!.

Content Highlights: mankulam to malakkappara trekking madhuraj column beyond the frames


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented