പ്രളയ ദുരത്തിനിരയായ കുട്ടനാട്ടിലെ കൈനകരിയിലൂടെ വള്ളം തുഴയുന്ന റോച്ച സി മാത്യു.
2018 എന്ന സിനിമ നൂറുകോടി ക്ലബിലേക്ക് നീന്തിക്കയറുമ്പോള്‍ ആ വിജയം തങ്ങളുടെത് കൂടിയാണ് എന്ന് സിനിമാപ്രവര്‍ത്തകരല്ലാത്ത റോച്ചാ സി മാത്യുവും (ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ അന്തര്‍ദേശീയ കയാക്കിങ്ങ് താരം) കൂട്ടുകാരും അഭിമാനിക്കുന്നു. കാരണം അത് അവരുടെകൂടി സഹനത്തിന്റെയും കഥയാണല്ലോ.. രണ്ടു ലൈഫ് ബോട്ടുകളില്‍ മരണക്കയത്തില്‍ നിന്ന് ഈ നാല്‍വര്‍ സംഘം കരകയറ്റിയത് ഒന്നോ രണ്ടോ പേരെ അല്ല, ആയിരത്തിലേറെ മനുഷ്യരെ...ഇവര്‍ രക്ഷപ്പെടുത്തിയവരുടെ ഫേസ്ബുക്ക് കുറിപ്പുകളിലൂടെ ബിബിസി റേഡിയോ റോച്ചയെ തേടിയെത്തി. അങ്ങനെ ഒരു കുട്ടനാട്ടുകാരന്റെ ശബ്ദത്തിലൂടെ ബിബിസി കേരളത്തിന്റെ പ്രളയ ദുരിതങ്ങള്‍ ലോകത്തെ അറിയിച്ചു. മധുരാജിൻെറ Beyond The Frames 2018-ലെ പ്രളയചിത്രങ്ങളിലൂടെ സഞ്ചരിക്കുന്നു.
പ്രളയം തന്ന സമ്മാനം
.jpg?$p=7a9ba0e&f=1x1&w=284&q=0.8)
.jpg?$p=c04ba88&f=1x1&w=284&q=0.8)
.jpg?$p=aa26915&q=0.8&f=16x10&w=284)
.jpg?$p=c5c0efe&q=0.8&f=16x10&w=284)
.jpg?$p=c38da68&q=0.8&f=16x10&w=284)
+8
പ്രായമായ അച്ഛനും അമ്മയും. ഒരിക്കല്‍ എല്ലാം ഇട്ടെറിഞ്ഞ് തന്നോടൊപ്പം ഇറങ്ങി വന്ന ഭാര്യ. പറക്കമുറ്റാത്ത രണ്ടു കുട്ടികള്‍. ഇവരെയെല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയ ആ ദിനങ്ങളെ ഓര്‍ക്കമ്പോള്‍ റോച്ചാ ഇപ്പോഴും നടുങ്ങുന്നു. അന്ന് റോച്ചയുടെ കൂടെ ഉണ്ടായിരുന്നത് കുട്ടനാട്ടുകാരായ കൂട്ടുകാര്‍ സാം മാത്യു, ശ്രീകുമാര്‍, വി.എസ്.സുഭാഷ് എന്നിവര്‍. ഇനിയുള്ള വാക്കുകൾ റോച്ചോയുടേത്...
മറക്കാനാവാത്ത ഓര്‍മ്മകള്‍
പ്രളയത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ഇവരാണ്; ഒരു അമ്മയും കുഞ്ഞും.ശരീരം തളരുമ്പോഴും പ്രളയത്തെ മനസ്സ് കൊണ്ട് അതിജീവിച്ചവര്‍. പ്രളയത്തിന്റെ രണ്ടാം നാളിലാണ് അവരെ കണ്ടത്. മോസ്‌കോ കവലയില്‍ നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് നീങ്ങി തിരച്ചില്‍ തുടരുന്നതിനിടയില്‍ ഒരു വീടിനു മുകളില്‍ ടെറസില്‍ ഒരു കുട അനങ്ങുന്നത് ശ്രദ്ധയില്‍ പെട്ടു. റോസാപ്പൂ നിറത്തിലുള്ള പൂക്കള്‍ ചൂടിയ ഒരു കുട. മതിലുകള്‍ കാരണം ബോട്ട് ഓടിച്ച് ഞങ്ങള്‍ക്ക് അവിടെ എത്താന്‍ പറ്റുന്നില്ല. എങ്കിലും തുഴഞ്ഞ് വീടിനടുത്ത് എത്തിയപ്പോള്‍ അരയോളം വെള്ളത്തില്‍ ഏകദേശം പതിമൂന്ന് മണിക്കൂറിലേറെ വീടിന്റെ ടെറസിനു മുകളില്‍ രക്ഷാപ്രവര്‍ത്തകരെയും കാത്ത് നില്‍ക്കുകയാണ് ഒരു അമ്മയും എട്ടു വയസ്സായ മകനും. തലേന്ന് വൈകീട്ട് ആറ് മണിക്ക് ടെറസനു മുകളില്‍ വെള്ളം കയറി തുടങ്ങിയതുമുതലുള്ള നില്‍പ്പാണ് അവര്‍.
ഞങ്ങള്‍ എത്തുന്നത് രാവിലെ പത്തിന്. ചുറ്റുമുള്ള മരങ്ങള്‍ കാരണം നാട്ടുകാരായ രക്ഷാപ്രവര്‍ത്തകരും എയര്‍ ലിഫ്റ്റ് ചെയ്യുന്ന ഹെലികോപ്റ്ററുകളും ഇവരെ കണ്ടില്ല. ആരെങ്കിലുമുണ്ടോ എന്ന് ഞങ്ങള്‍ വിളിച്ച് ചോദിച്ച് അതുവഴി പോകുമ്പോഴായിരുന്നു ഈ ചലിക്കുന്ന വര്‍ണ്ണക്കുട ശ്രദ്ധയില്‍ പെട്ടത്.ഞങ്ങള്‍ അവിടേക്ക് കുതിച്ചു.രക്ഷിക്കണേ എന്ന് ആര്‍ത്തു വിളിക്കുന്നുണ്ടായിരുന്നു അവര്‍. പക്ഷെ ഞങ്ങള്‍ക്ക് അടുത്തെത്താന്‍ പറ്റുന്നില്ല. ഒടുവില്‍ വെള്ളത്തിലേക്ക് ചാടി നീന്തി അവരുടെ അടുത്തെത്തി. സുരക്ഷിത സ്ഥാനത്ത് എത്തിക്കും എന്ന് ഉറപ്പ് നല്‍കി, കാര്യങ്ങള്‍ തിരക്കി. വെള്ളത്തില്‍ മുങ്ങി ഗേറ്റ് തുറന്ന് വീടിനു മുന്നില്‍ ബോട്ടടുപ്പിച്ചു. അവരെ പിന്നീട് മോസ്‌കോ കവലയില്‍ എത്തിച്ചു. അപ്പോള്‍ ആ സ്ത്രീ പറഞ്ഞ കാര്യം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി തോന്നുന്നു.'ഒരു മണിക്കൂര്‍ കൂടി താമസിച്ചാല്‍ കുട്ടിയുമെടുത്ത് ഞാന്‍ വെള്ളത്തിലേക്ക് ചാടിയേനെ. നിങ്ങള്‍ ദൈവദൂതരാണ് എനിക്ക്.' അവര്‍ പൊട്ടിക്കരഞ്ഞു.
'ഇന്നലെ മുതല്‍ ഞങ്ങള്‍ പലര്‍ക്കും ഫോണില്‍ സന്ദേശങ്ങള്‍ അയച്ചും വെളിച്ചം കാട്ടിയും ഉച്ചത്തില്‍ നിലവിളിച്ചും ആവുന്നതെല്ലാം ശ്രമിച്ചു. മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറന്നുപോകുന്നത് ഞങ്ങള്‍ നിസ്സഹായരായി നോക്കിനിന്നു'. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ആകെ നാലോ അഞ്ചോ വീടുകള്‍ മാത്രമുള്ള ഒറ്റപ്പെട്ട ഒരു സ്ഥലമായിരുന്നു ഇത്. വെള്ളം പൊങ്ങുന്നതിനു മുമ്പ് പലരും അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. 'വിദേശത്തുള്ള ഭര്‍ത്താവ് വിളിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കുഴപ്പമില്ല. സുരക്ഷിതരാണ് എന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. പക്ഷെ ഞങ്ങളുട പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് വെള്ളം ഉയര്‍ന്നു കൊണ്ടേയിരുന്നു. അതിനിടയില്‍ ഫോണും നിശ്ചലമായി'.
വെള്ളം അരയോളം എത്തിയപ്പോള്‍ എട്ടു വയസ്സ്കാരനായ മകനെ ടാങ്കിനു വേണ്ടി കെട്ടി ഉയര്‍ത്തിയതിനു മേലെ കയറ്റി ഇരുത്തുകയായിരുന്നു. മരവിച്ചുപോയ ആ കുഞ്ഞിക്കാലുകള്‍ ചൂട് നല്‍കി പൂര്‍വസ്ഥിതിയിലാക്കാന്‍ ബോട്ടില്‍ ഞങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി. ആ സ്ത്രീയുടെ ശരീരം ആകെ ചെളിമൂടി വിറങ്ങലിച്ചു പോയിരുന്നു.
മറക്കാനാവാത്ത മറ്റൊരു ഓര്‍മ്മകൂടി..
പ്രളയത്തിന്റെ രണ്ടാംദിനം ചെങ്ങന്നൂരിലെ ചെട്ടി മുക്കിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ഞങ്ങള്‍ എത്തുന്നത് തികച്ചും അവിചാരിതമായിട്ടായിരുന്നു. പമ്പാനദി കരകവിഞ്ഞ് ഒഴുകി ദിശതെറ്റി ഞങ്ങള്‍ ചെട്ടിമുക്കില്‍ എത്തുകയായിരുന്നു. പാണ്ടനാട് കഴിഞ്ഞാണ് ചെട്ടിമുക്ക്.ഈ സമയത്താണ് പ്രദേശ വാസികള്‍ ഞങ്ങളുടെ സഹായം തേടുന്നത്. ഞങ്ങള്‍ അവരോടൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. എങ്ങും വെള്ളത്തിലമര്‍ന്നിരിക്കയാണ്, ശക്തമായ ഒഴുക്കും.
ഒരു വീടിന്റെ മുകൾ നിലയിൽ പ്രായമായ ഒരമ്മച്ചി മാത്രം ഇരിക്കുന്നതായി ഗ്രില്ലിനിടയിലൂടെ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. അടുത്തെത്തിയ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടത് കുടിക്കാനുള്ള വെള്ളം മാത്രം.അവര്‍ പറഞ്ഞു: 'അപ്പച്ചന്‍ താഴെയുണ്ട്'. എന്നാല്‍ താഴത്തെ നില പൂര്‍ണ്ണമായി വെള്ളത്തിനടിയിലായതിനാല്‍ അപകട സാദ്ധ്യത മനസ്സിലാക്കി ഞങ്ങള്‍ മുകളിലേക്കുള്ള വഴി ചോദിച്ചു.
'താഴത്തെ വാതില്‍ തുറന്നാല്‍ അതുവഴി മുകളിലെത്താം' അമ്മച്ചി പറഞ്ഞു. ഒട്ടും വൈകാതെ വെള്ളത്തിനടിയിലേക്ക് മുങ്ങാംകുഴിയിട്ട് വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോള്‍ തൊട്ടു മുന്നില്‍ കണ്ട കാഴ്ച്ച ഹൃദയ ഭേദകമായിരുന്നു. വെള്ളത്തില്‍ ഉടല്‍ താണ് വാ തുറന്ന് കണ്ണ് മിഴിച്ച് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി നില്‍ക്കുന്ന അപ്പൂപ്പന്റെ മൃതദേഹം. ഭയന്ന് തിരികെ പോകാന്‍ ഉറച്ച് വെള്ളത്തിനു മുകളിലേക്ക് ഉയര്‍ന്നപ്പോള്‍ എത്തിയതോ മുകളിലേക്കുള്ള ഗോവണിക്ക് അരികെ. മൃതദേഹത്തെ തൊട്ടാരുന്നു ഞാന്‍ മുകളിലേക്ക് പൊങ്ങിയത്.
മുകളിലെത്തിയപ്പോള്‍ എന്റെ ചെവിയിലൂടെ രക്തം വരുന്നുണ്ടായിരുന്നു (ശ്വാസം കടുതല്‍ നേരം പിടിച്ച താനാലാവാം ഇത്).ശക്തമായ ചുമയും. ഒരു വക കരപറ്റി കുടിക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് അമ്മച്ചിയോട് ചോദിച്ചപ്പോള്‍ അവര്‍ അരികിലുണ്ടായിരുന്ന ഫ്‌ളാസ്‌കില്‍ കരുതിയ ചൂട് കടുംകാപ്പി എനിക്ക് പകര്‍ന്നു തന്നു. തലേന്ന് വൈകീട്ട് വെള്ളം പൊങ്ങും മുമ്പ് ആ വൃദ്ധ ദമ്പതിമാര്‍ കരുതിവച്ചതായിരുന്നു അത്. അപ്പച്ചന് ഇടക്ക് കാപ്പി കുടിക്കണം.
'ബിസ്‌കറ്റോ ബ്രഡ്ഡോ വേണേല്‍ അപ്പുറത്ത് ഇരിപ്പുണ്ട്.' അവര്‍ പറഞ്ഞു. 'അപ്പച്ചനെ വിളിക്ക്.ബോട്ട് വന്നിട്ടുണ്ടെന്ന് പറ. നമുക്ക് വേഗം പോകാം'. (അപ്പച്ചന്‍ എപ്പഴോ അവരെ വിട്ടുപിരിഞ്ഞ കാര്യം എന്തോ അതുവരെ അവര്‍ അറിഞ്ഞിരുന്നില്ല).
ഞങ്ങളുടെ പ്രധാന ദൗത്യം ജീവിച്ചിരിക്കുന്നവരെ ആദ്യം രക്ഷപ്പെടുത്തുക എന്നതായിരുന്നു.മനസ്സിന്റെ സാന്നിദ്ധ്യം വിടാതെ ബോട്ട് അടുപ്പിച്ച് മുകളിലെ ഗ്രില്‍സ് തുറന്ന് ദുര്‍ബലമായ ആ ശരീരത്തെ ബോട്ടിലേക്ക് കയറ്റി.അപ്പോഴും അപ്പച്ചനെ കുറിച്ച് അവര്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
അപ്പച്ചനെ അടുത്ത ബോട്ടില്‍ കൊണ്ടു വരാം എന്ന ഉപായം പറഞ്ഞായിരുന്നു അമ്മച്ചിയെ ഒരു വക ആശ്വസിപ്പിച്ചത്. അടുത്ത രക്ഷാക്യാമ്പില്‍ അമ്മച്ചിയെ സുരക്ഷിതയായി എത്തിച്ച് അപ്പൂപ്പന്റെ വിവരം ധരിപ്പിച്ചായിരുന്നു അടുത്ത സ്ഥലത്തേക്ക് ഞങ്ങള്‍ നീങ്ങിയത്. രണ്ടാം ദിവസം (ഓഗസ്റ്റ് പതിനേഴിന് ) വൈകീട്ട് നാലു മണിക്ക് ആയിരുന്നു ഇത്.
ഞങ്ങളുടെ ദൗത്യം
ഓഗസ്റ്റ് പതിനഞ്ച് ഉച്ചക്ക് രണ്ടു മണിയോടെ പത്തനംതിട്ട ജില്ലയിലും ആലപ്പുഴയിലും ചെങ്ങന്നൂരും പമ്പാനദി കര കവിഞ്ഞ് ഒഴുകി വെള്ളപ്പൊക്കം രൂക്ഷമായി. ഇതിനെ നേരിടാനാവാതെ ജനങ്ങള്‍ പകച്ചു നില്‍ക്കുമ്പോള്‍ പത്തനംതിട്ട ജില്ല കലക്ടറുടെ ആവശ്യപ്രകാരം കുട്ടനാട് എം.എല്‍.എയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഞങ്ങള്‍ രക്ഷാദൗത്യം ഏറ്റെടുത്തത്. ലേക്ക് പാലസ് റിസോര്‍ട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഞങ്ങള്‍. റിസോര്‍ട്ടിലെ രണ്ട് സ്പീസ് ബോട്ടില്‍ ഞങ്ങള്‍ ആലപ്പുഴയില്‍നിന്ന് രണ്ടു മണിയോടെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലേക്ക് പുറപ്പെട്ടു.
വെള്ളത്തിന്റെ കുത്തൊഴുക്ക് യാത്രയെ ദുഷ്‌കരമാക്കി. നീരേറ്റിപ്പുറത്തുനിന്ന് (പത്തനംതിട്ടയുടെ അതിര്‍ത്തി) സ്പീഡ് ബോട്ടുകള്‍ ലോറിയില്‍ കയറ്റി റോഡ് മാര്‍ഗ്ഗം സഞ്ചരിക്കേണ്ടി വന്നു. ബോട്ടുകള്‍ കമ്പനാട്ട് ഇറക്കി. കോഴഞ്ചേരിക്കടുത്ത് വച്ച് നാട്ടുകാരും പോലീസും ഞങ്ങളെ തടഞ്ഞു. രക്ഷാപ്രവര്‍ത്തനം അവിടെ വച്ച് തുടങ്ങണം എന്നായിരുന്നു അവരുടെ ആവശ്യം. റാന്നിയില്‍ പോകാതെ കോഴഞ്ചേരി പാലത്തിനടുത്തുള്ള മാരമണ്‍ പ്രദേശങ്ങളില്‍ ഞങ്ങള്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. ഒഴുക്കിന്റെ തീവ്രത കാരണം 60 എച്ച് പി സ്പീസ് ബോട്ട് മണിക്കൂറില്‍ 10 കിലോമീറ്റര്‍ സ്പീഡില്‍ മാത്രമേ സഞ്ചരിച്ചുള്ളു. ഒഴുക്ക് ശക്തമായി. റോഡുകളിലൂടെയും വിജനമായ പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം ദുഷ്‌കരമായി.
രാത്രി സമയത്ത് വഴി തെറ്റി നമ്മള്‍ അപകടാവസ്ഥയിലായി. ഈ സമയത്ത് എയര്‍ ലിഫ്റ്റിനുവേണ്ടി സെര്‍ച്ച് തുടങ്ങിയ ഹെലികോപ്റ്ററുകള്‍ നമ്മുടെ സഹായത്തിനെത്തി. അന്നുരാത്രി വൈകി മോസ്‌കോ കവലയിലുള്ള റിലീഫ് ക്യാമ്പില്‍ ഉറങ്ങി. രാവിലെ 6നു വീണ്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങി. അവിടത്തെ പ്രദേശവാസികളും പൊതുപ്രവര്‍ത്തകനായ അഷറഫ് കമ്പനാടിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ചെട്ടിമക്ക്, മോസ്‌കോ കവല, മംഗലം, ഇടനാട്, ആറന്‍മുള തുടങ്ങിയ ഉള്‍പ്രദേശങ്ങളിലേക്ക് സ്പീഡ് ബോട്ട് ഓടിച്ച് ചെന്ന് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായി. ഈ നേരം വരെ ആ പ്രദേശങ്ങളില്‍ എയര്‍ ലിഫ്റ്റ് മാത്രമേ ആരംഭിച്ചിരുന്നുള്ളു.
പ്രളയജലത്തില്‍ ഒട്ടു മിക്ക വീടുകളും ഒന്നാം നില പൂര്‍ണ്ണമായി മുങ്ങിയ അവസ്ഥയിലാണ്. ഇട റോഡുകളില്‍ പോലും പതിനഞ്ചടി വെള്ളം ഉയര്‍ന്നു. ഒഴുക്കും തീവ്രമായി. ചെറുവള്ളങ്ങള്‍ കുത്തൊഴുക്കില്‍ ഉലഞ്ഞു പോകുന്ന അവസ്ഥ. ജനങ്ങളൊക്കെ ഭയന്ന് പകച്ച് നില്‍ക്കുകയാണ് എങ്ങും. ഞങ്ങള്‍ എത്തിയതോടെ ചെറുപ്പക്കാര്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. വഴികാട്ടി തരികയും കൂടുതല്‍ അപകടത്തിലായ വീടുകള്‍ കാട്ടി തന്ന് വീട്ടില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനും പറ്റി. ഇവരെ റിലീഫ് ക്യാമ്പില്‍ എത്തിച്ച് മടങ്ങും വരെ വഴികാട്ടികളില്‍ ചിലര്‍ അപകട മേഖലയില്‍ കുരുങ്ങിക്കിടപ്പുണ്ടായിരുന്നു. അവരെയും രക്ഷപ്പെടുത്തേണ്ട ചുമതല നമുക്കായി.
വെള്ളം ഉയര്‍ന്നു വരുന്നത് കണ്ട് ഒന്നാം നിലയില്‍ അഭയം തേടിയവര്‍ രക്ഷിക്കാനായി നിലവിളിച്ചു. കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി വിലപിക്കുന്നവര്‍. റിലീഫ് ക്യാമ്പുകളില്‍ ആളുകളെ എത്തിച്ച് തിരിച്ചു പോകും വഴി ഞങ്ങള്‍ വെള്ളവും ബ്രഡ്ഡും ബാസ്‌കറ്റ് പൊതികളും ശേഖരിച്ചു കൊണ്ടാണ് മടങ്ങിയത്. ഇത് സുരക്ഷിത സ്ഥാനത്ത് നല്‍കിയാണ് അപകടാവസ്ഥയിലുള്ളവരെ തേടി പോയ്‌കൊണ്ടിരുന്നത്. ഓരോ പ്രദേശത്തും കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ ആന്റ് റെസ്ക്യൂ അടക്കമുള്ള സര്‍ക്കാര്‍ മെഷീനുകളും സംവിധാനങ്ങളും മറ്റ് രക്ഷാപ്രവര്‍ത്തനവും മറ്റ് സംവിധാനങ്ങളും എത്തി എന്ന് ഉറപ്പ് വന്നാല്‍ മറ്റു തീരങ്ങളിലേക്ക് നീങ്ങുകയായിരുന്നു ഞങ്ങൾ.
രണ്ടു സ്പീഡ് ബോട്ടും നാലു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പതിനാറാം തീയ്യതി രാവിലെ 10 മുതല്‍ 21ന് കൈനകരിയില്‍ തിരിച്ചെത്തും വരെ ഞങ്ങള്‍ക്ക് ആയിരത്തിലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു.
ചെട്ടിമുക്ക്, മോസ്‌കോ കവല, കമ്പനാട് തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ വെറും നാലുപേര്‍ക്ക് മാത്രം സുരക്ഷിതമായി സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടില്‍ പത്തുപേരെ വരെ റിലീഫ് ക്യാമ്പിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒട്ടു മിക്ക സ്ഥലങ്ങളിലും എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാതെ ഇലക്ട്രിക് ലൈനും കേബിളും പിടിച്ച് ഇടയ്ക്ക് നീന്തിയുമാണ് മുന്നോട്ട് നീങ്ങിയത്. പല സ്ഥലങ്ങളിലും പൊതു പ്രവര്‍ത്തകരും നീന്തല്‍ വശമുള്ള ചെറുപ്പക്കാരും നല്‍കിയ പിന്തുണയും സഹായവും മറക്കാന്‍ പറ്റില്ല.
മടക്കം
മടക്കയാത്രയിലും ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. 21 നു വൈകീട്ട് അഞ്ച് മണിയോടെ കുട്ടനാട്ടിലെ എന്റെ നാടായ കൈനകരിയില്‍ എത്തിയപ്പോള്‍ മേല്‍ക്കൂര മുങ്ങാന്‍ പാകത്തിലായ വീടാണ് മുന്നില്‍. കൂട്ടുകാരായ നാലു പേരുടെയും അവസ്ഥ ഇതു തന്നെ. കാരണം ഞങ്ങള്‍ നാലുപേരും കൈനകരിക്കാരായിരുന്നു. മൊബൈല്‍ ഫോണ്‍ രണ്ടു ദിവസം മുമ്പ് നിശ്ചലമായതിനാല്‍ കാര്യങ്ങള്‍ ഒന്നും നമ്മളറിഞ്ഞില്ല. അച്ഛന്‍ അമ്മ ഭാര്യ പറക്കമുറ്റാത്ത രണ്ടു കുട്ടികള്‍...
കടുത്ത വേദനയും കുറ്റബോധവും തോന്നിയ നിമിഷങ്ങള്‍... ഒട്ടും വൈകാതെ ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഞങ്ങള്‍ തിരിച്ചു. മറ്റ് മൂന്നു പേരുടെയും കുടുംബാംഗങ്ങളും സുരക്ഷിതരാണെന്ന് അവിടെ നിന്നറിഞ്ഞു. എന്റെ അമ്മയും ഭാര്യയും കുഞ്ഞുങ്ങളും സുരക്ഷിതരാണെങ്കിലും അപ്പൻ കുഞ്ഞച്ചനെ കാണാതായ കാര്യമറിഞ്ഞു.
ആ രാത്രി മുഴുവന്‍ അച്ഛനെ തേടിയുള്ള യാത്രയായിരുന്നു. എന്റെ കൂട്ടുകാരും ഒപ്പം നിന്നു. കൈനകരിയില്‍ വീണ്ടുമെത്തി വെള്ളത്തിലാഴ്ന്ന വീടും പരിസരവും വീണ്ടും ആകാവുന്ന നിലയില്‍ പരിശോധിച്ചു. വെള്ളം പൊങ്ങിയപ്പോള്‍ അമ്മയെയും എന്റെ ഭാര്യയെയും കുട്ടികളെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ച് വള്ളം സുരക്ഷിതമായ ഒരിടത്ത് കെട്ടിയിടാന്‍ പോയതായിരുന്നു അപ്പന്‍. തിരികെ നീന്തിയെത്തിക്കോളാം എന്ന് പറഞ്ഞപ്പോള്‍ തന്നെ അരുത് എന്ന് പറഞ്ഞ അമ്മച്ചിയുടെ വാക്കുകളെ ചെവികൊടുക്കാതെയായിരുന്നു ഈ സാഹസം .68 കഴിഞ്ഞ അപ്പന്‍ ഹൃദ്രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞ ആളാണ്.
വീടും പരിസരവും വിട്ട് ഞങ്ങളുടെ അന്വേഷണം റിലീഫ് ക്യാമ്പുകളിലും അപ്പന്‍ എത്തിച്ചേരാനുള്ള ഇടങ്ങളിലുമായി. അര്‍ദ്ധരാത്രിയോടെ ഒരു സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജ് വരാന്തയില്‍ തോര്‍ത്തുമുണ്ടുടുത്ത് തറയില്‍ തല കുമ്പിട്ടിരിക്കുന്ന ആ വൃദ്ധരൂപത്തെ ഞാന്‍ തിരിച്ചറിഞ്ഞു. അപ്പന്റെ മോശമായആരോഗ്യനിലയും പ്രളയത്തിന്റെ ഭീകരതയും കാരണം അപ്പനെ തിരിച്ച് കിട്ടുമോ എന്ന ഭീതിയിലായിരുന്നു ഞാന്‍. ഒരു ചെറു ചങ്ങാടം തുഴഞ്ഞ് അതിഥികളെ സല്‍ക്കരിച്ച് അപ്പന്‍ കെട്ടിപ്പടുത്തതായിരുന്നു ഞങ്ങളുടെ ജീവിതം.
രാജ്യാന്തര മേളകളില്‍ ഞാന്‍ കയാക്കിങ്ങ് തുഴയുമ്പോള്‍ ഇങ്ങ് ദൂരെ കൈനകരിയാല്‍ വഞ്ചി തുഴയുന്ന അപ്പനെ ഞാന്‍ ഓര്‍ക്കാറുണ്ട്.അപ്പന്‍ മത്സരിച്ചത് കായികതാരങ്ങളോടായിരുന്നില്ല, സ്വന്തം ജീവിതത്തോടായിരുന്നു എന്ന ഒരു വ്യത്യാസം മാത്രം. അനവധി പേരുടെ ജീവന്‍ രക്ഷിച്ചതിന് ജലം എനിക്ക് തന്ന സമ്മാനമായി അപ്പന്‍ ഇന്നും എന്റെ കൂടെ.
കൈനകരിയില്‍ നിന്നു പ്രളയം ഒട്ടൊക്കെ ഒഴിഞ്ഞു പോയെങ്കിലും ജലം കൊണ്ട് മുറിവേറ്റ മനസ്സുകള്‍ ഇന്നും പ്രളയത്തില്‍ കുരുങ്ങികിടക്കയാണെന്ന് സ്വന്തം അനുഭവത്തിലൂടെ റോച്ച സി മാത്യു സാക്ഷ്യപ്പെടുത്തുന്നു. പ്രളയ നാളുകളില്‍ കൈതാങ്ങായി നിന്ന സര്‍വ്വരെയും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.
Content Highlights: Madhuraj, Beyond The Frames, 2018 Floos, Rocho C Mathew, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..