ചിത്രീകരണം | മനോജ് കുമാർ തലയമ്പലത്ത്
ഐ.ഐ.എം (Indian Institute of Management) ന്റെ ലൈബ്രറിയിലും ക്യാന്റീനിലും നടപ്പാതകളിലും കനമുള്ള പുസ്തകങ്ങള്‍ താങ്ങി പരികല്‍പിതമായ പാഠ്യവിഷയങ്ങളില്‍ മുഴുകുന്നവര്‍. വൃത്തിയുള്ള വലിയ പേപ്പര്‍കപ്പില്‍ കാപ്പിയും വിലപിടിപ്പുള്ള ലാപ്‌ടോപ്പും മൊബൈല്‍ ഫോണും വീതിയുള്ള ഹെയര്‍ബാന്‍ഡ് പോലെ തോന്നുന്ന ഹെഡ് ഫോണുകളുമായി പ്രൗഢിയുടെ ഇടനാഴികളില്‍ ഭാവി വിപണി കീഴടക്കാനുള്ള തന്ത്രങ്ങള്‍ ഹൃദിസ്ഥമാക്കികൊണ്ട് അവരിരിക്കുന്നു… ചുറ്റും സംഭവിക്കുന്നതൊന്നുമറിയാതെ. വിദ്യാഭ്യാസത്തിന്റെ ഔന്നത്യത്തിലേക്ക് അടിവെച്ചുകയറാന്‍ വെമ്പുന്നവര്‍.
ഫിലിപ്പ് കോട്‌ലറുടെ മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റും റിച്ചാര്‍ഡ് സ്റ്റില്ലിന്റെ സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ മാനേജ്‌മെന്റും ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ സപ്ലൈ ചെയ്യുന്നതിനും ഓര്‍ഡര്‍ തരമാക്കുന്നതിനുമായിരുന്നു അന്നത്തെ എന്റെ യാത്ര. ആ യാത്രക്കിടയിലാണ് മഹാനായ ഒരു സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രഗത്ഭനെ കണ്ടുമുട്ടിയത്. വില്‍പ്പനക്കായി പലവിധ അടവുകള്‍ പ്രയോഗിക്കാറുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ ശൈലി വ്യത്യസ്തവും വളരെ പ്രായോഗികവുമായി തോന്നി.
ഒരു കെട്ട് പുസ്തകവും താങ്ങി ഞാന്‍ ബസ് സ്റ്റാൻഡിലെ ട്രാക്കിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ കയറി. ബസ്സില്‍ ആളുകള്‍ കയറി തുടങ്ങിയിട്ടേ ഉണ്ടായിരുന്നു ള്ളൂ. സീറ്റുകള്‍ ഏതാണ്ട് നിറഞ്ഞുകഴിഞ്ഞപ്പോള്‍ സാധാരണപോലെ പുസ്തകവില്പനക്കാരും, മിഠായി വില്പനക്കാരും കയറിയിറങ്ങി. പുസ്തക വില്‍പ്പനക്കാരന്‍ ഓരോ പുസ്തകം വീതം ഓരോരുത്തരുടെ മടിയിലും വെച്ച് സാമാന്യം ഉച്ചത്തില്‍ പറഞ്ഞു.. 'മറിച്ചു നോക്കീന്നു കരുതി വാങ്ങണന്നില്യ ട്ടോ... ആര്‍ക്കും മറിച്ചു നോക്കാം. വേണ്ടോര്ക്ക് വാങ്ങിക്കാം. രണ്ടോ മൂന്നോ പേര് പുസ്തകം വാങ്ങിച്ചു.
അയാളിറങ്ങിയതിനു ശേഷം മധ്യവയസ്‌കനായ ഒരാള്‍ ബസ്സിലേക്ക് കയറിവന്ന് ബസ്സിന്റെ മുന്‍ഭാഗത്ത് നിന്നു. വിശറിയാകൃതിയില്‍ ചീട്ടുകള്‍ പിടിക്കുംപോലെ അയാളുടെ കയ്യില്‍ കുറെ ലോട്ടറി ടിക്കറ്റുകള്‍ നിരത്തിപ്പിടിച്ചിരുന്നു. കുറച്ചുനേരത്തെ മൗനത്തിനുശേഷം അയാള്‍ പറഞ്ഞു തുടങ്ങി. ''യാത്രക്കാരായ സുഹൃത്തുക്കളെ.. ഞാനൊരു ലോട്ടറി വില്‍പ്പനക്കാരനാണ്. എന്റെ കയ്യില്‍ നിന്നും നിങ്ങള്‍ വാങ്ങുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനമോ രണ്ടാം സമ്മാനമോ എന്തിന് അവസാന സമ്മാനം പോലും അടിക്കുമെന്നുള്ള ഒരുറപ്പും എനിക്ക് നല്‍കാനാവില്ല..'' ഇത് കേട്ടപാടെ ബസ്സിലെ എല്ലാവരുടെയും ശ്രദ്ധ അയാളിലേക്കായി. അയാള്‍ തുടര്‍ന്നു.. ''പക്ഷേ, ഈ യാത്ര തുടങ്ങി അവസാനിക്കും വരെ കാര്യമായ അസുഖങ്ങളൊന്നും അനുഭവപ്പെടാതെ യാത്രയുടെ യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാതെ സുഖകരമായൊരു യാത്ര ഞാന്‍ വാഗ്ദാനം ചെയ്യാം. എന്റെ കയ്യില്‍ നിന്നും നാല്‍പ്പത് രൂപ മുടക്കി ഒരു ടിക്കറ്റ് എടുത്തു എന്നിരിക്കട്ടെ, ഞാന്‍ പറയുന്ന രീതിയില്‍ ഒന്നാലോചിക്കൂ. നിങ്ങള്‍ക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഏതാണ്ട് ഇത്രയും ലക്ഷം രൂപ നിങ്ങളുടെ കയ്യിലേക്ക് എത്തിച്ചേര്‍ന്നിരിക്കുമല്ലോ. ഈ തുക എങ്ങനെ വിനിയോഗിക്കണം? യാത്രക്കാരെ, നിങ്ങളില്‍ പലരും പലവിധ വിഷമങ്ങള്‍ക്കിടയിലുമായിരിക്കാം ഈ യാത്ര ചെയ്യുന്നത്. മക്കളെ കെട്ടിച്ചയ്ക്കാനുള്ളവര്‍, വീട് പണിയാനുള്ളവര്‍, അറ്റകുറ്റ പണികള്‍ നടത്താനുദ്ദേശിക്കു ന്നവര്‍, വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ എന്തെല്ലാം അങ്ങനെ... ഉദാഹരണത്തിന് വീട് വെക്കാനുദ്ദേശിക്കുന്നവരാണെങ്കില്‍ എങ്ങനത്തെ വീട്, കല്യാണമാണെങ്കില്‍ എങ്ങനെ, എവിടെ പഠിപ്പിക്കണം... ഇത്തരത്തില്‍ എന്താണോ നിങ്ങളുദ്ദേശിക്കുന്നത് അതെങ്ങനെ വേണമെന്ന് മാത്രം നിങ്ങളാലോചിക്കുക. ഈ ടിക്കറ്റിന്റെ ബലത്തില്‍ ചിന്തകളില്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഉണരട്ടെ. ഈ യാത്ര അവസാനിക്കുന്നത് നിങ്ങളറിയില്ല. കൂടാതെ വെറും 20 രൂപ മുടക്കില്‍ സുന്ദരമായൊരു സ്വപ്നയാത്ര നിങ്ങള്‍ക്കാസ്വദിക്കുകയും ചെയ്യാം. നിങ്ങള്‍ തരുന്ന ഇരുപതു രൂപയില്‍ നിന്നും കിട്ടുന്ന ചെറിയ കമ്മീഷന്‍ തുക മാത്രമാണ് എന്റെ വരുമാനം. അത് കിട്ടീട്ട് വേണം എനിക്കും നിങ്ങളെപ്പോലെ സ്വപ്നങ്ങളെങ്കിലും കാണുവാന്‍...'

എന്റെ കയ്യിലിരിക്കുന്ന പെട്ടിയിലെ മാര്‍ക്കറ്റിംഗ് ഗുരുക്കന്മാരുടെ പുസ്തകങ്ങള്‍ കുറെ ലോട്ടറി ടിക്കറ്റുകളായി പരിണമിക്കുന്നതായി എനിക്ക് തോന്നി. പതിവ് പോലെ പെട്ടിയും താങ്ങി ഐ.ഐ.എമ്മിന്റെ ഹാര്‍വാര്‍ഡ് സ്‌റ്റെപ്‌സ് എന്ന് വിളിപ്പേരുള്ള വീതിയേറിയ പടവുകള്‍ താണ്ടി ലൈബ്രറിയില്‍ പുസ്തകങ്ങള്‍ ഏല്‍പ്പിച്ചു. അവിടെ നിന്നും ഓര്‍ഡര്‍ തരപ്പെടുത്തുന്നതിനായി അധ്യാപകരുടെ റൂമുകള്‍ ഉള്ള കെട്ടിടത്തിലേക്ക് പോയി. കെട്ടിടത്തിന് വെളിയില്‍ നില്‍ക്കുന്ന സെക്യൂരിറ്റിയോട് മൂന്നു നാല് പേരുകള്‍ പറഞ്ഞ് അവര്‍ സ്ഥലത്തുണ്ടോ എന്നന്വേഷിച്ചു. തിരക്ക് പിടിച്ച ജീവിതചര്യകളിലൂടെ കടന്നു പോകുന്ന അവരില്‍ പലരെയും കണ്ടുകിട്ടുക എളുപ്പമല്ല. എന്നിരുന്നാലും വര്‍ഷങ്ങളായി കയറിയിറങ്ങിയ പരിചയമുള്ളതിനാല്‍ ചിലരെങ്കിലും സന്ദര്‍ശനാനുമതി തരുമായിരുന്നു.
കുറച്ച് സാമ്പിള്‍ പുസ്തകങ്ങളും കാറ്റലോഗുകളുമായി ഫാക്കല്‍റ്റി സപ്പോര്‍ട് സ്റ്റാഫിന്റെ അനുമതിയും വാങ്ങി മാര്‍ക്കറ്റിങ് പ്രോഫസറുടെ അടുത്തേക്ക് ചെന്നു. ഏക യാത്രക്കാരനുള്ള ബസ്സിന്റെ ഉള്‍വശം പോലെ തോന്നി എനിക്ക് പ്രൊഫസറുടെ മുറി. വലതു വശത്തെ ഷെല്‍ഫില്‍ നറുക്കെടുപ്പ് അടുത്തുവരുന്ന ബമ്പര്‍ ടിക്കറ്റുകള്‍ പോലെ മൂല്യമേറിയ കുറെ പുസ്തകങ്ങള്‍. മുന്നിലെ വൃത്തിയുള്ള പച്ചനിറത്തിലുള്ള ബോര്‍ഡില്‍ ഇംഗ്ലീഷിലുള്ള കുറച്ച് അക്ഷരങ്ങളും കുറെ ആരോമാര്‍ക്കുകളും കുറച്ചു വാക്യങ്ങളും. യാത്രക്കാരനെപ്പോലെ തന്നെ മുന്നോട്ടു നോക്കി പ്രൊഫസര്‍ അമര്‍ന്നിരിക്കുന്നു. കണ്ടപാടെ ഹലോ സാര്‍ എന്ന് അഭിസംബോധനചെയ്ത് ടേബിളിന്റെ മുന്നില്‍ നിന്നു. അദ്ദേഹത്തിന്റെ മുന്നിലേക്ക് സാമ്പിള്‍ പുസ്തകങ്ങളും കാറ്റലോഗുകളും നിരത്തിവച്ച് ഞാന്‍ സംസാരിച്ചുതുടങ്ങി. 'സാര്‍ ഈ പുസ്തകങ്ങളെല്ലാം സാറിന് ഏറ്റവും ഉപകാരപ്രദമായിരിക്കുമോ എന്നെനിക്കറിയില്ല. അതിലൊരുറപ്പും എനിക്ക് നല്‍കുവാന്‍ സാധിക്കില്ല. പക്ഷെ ഒരു ഈ പുസ്തകങ്ങള്‍ ഇവിടുത്തെ ലൈബ്രറിയില്‍ ഉണ്ടായാല്‍ എന്നെങ്കിലുമൊരു വിദ്യാര്‍ത്ഥിക്കോ അധ്യാപകനോ അതു പകാരപ്പെടുമെന്ന് എനിക്കുറപ്പാണ്. മാത്രവുമല്ല, ഈ പുസ്തകങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ നിന്നുമുള്ള പ്രചോദനമാവാം നാളെ നാടിന്റെ ഗുണപരമായ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.'
പ്രൊഫസര്‍ എന്നെ ഒന്ന് നോക്കി… ഞാന്‍ പറച്ചില്‍ നിര്‍ത്തി. ആ ഭാവമെന്തായിരുന്നു എന്നെനിക്കറിയില്ല എന്നിരുന്നാലും പതിവിലേറെ പുസ്തകങ്ങള്‍ കാറ്റലോഗില്‍ മാര്‍ക്ക് ചെയത് recommended for library എന്നെഴുതിത്തരുകയും ചെയ്തു. സന്തോഷത്തോടെ പ്രൊഫസ്സറുടെ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി. വെന്‍ഡിങ് മെഷീനില്‍ നിന്നും പകര്‍ന്നു തന്ന പകുതി പതയും പകുതി കാപ്പിയും കുടിച്ച് കീശയിലുള്ള ലോട്ടറി അടിച്ചാല്‍ എന്തുചെയ്യാമെന്നുള്ള സ്വപ്നങ്ങളുമായി ഞാന്‍ ബസ്സ്റ്റാന്‍ഡില്‍ വന്നിറങ്ങി. ബസ്സ്റ്റാന്റിനോട് ചേര്‍ന്നുള്ള ചായപ്പീടികക്കു മുന്നിലെ മരത്തിന്‍ ചുവട്ടില്‍ കയ്യില്‍ എരിയുന്ന സിഗരറ്റുമായി മാതൃഭൂമി ആഴ്ചപ്പതിപ്പും വായിച്ചുകൊണ്ട് ലോട്ടറിക്കാരനിരിക്കുന്നു. ഒരു ദിവസത്തെ സെഷനുകള്‍ തീര്‍ത്ത ഹാര്‍വാര്‍ഡിലെ പ്രൊഫസറെ പോലെ...!
Content Highlights: M Siddharthan Book Man Show column
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..