വര: വിജേഷ് വിശ്വം
കുഞ്ഞാലി മരയ്ക്കാരുടെ വീരചരിതമാണ് തിക്കോടിയന്റെ' ചുവന്ന കടല്‍' എന്ന നോവലിനാധാരം. താന്‍ ജീവിച്ച പ്രദേശത്തിന്റെ മണ്ണിലലിഞ്ഞു ചേര്‍ന്ന ചരിത്രത്തിന്റെ തിളങ്ങുന്ന പൊന്‍തരികളരിച്ചെടുത്ത് തിക്കോടിയന്‍ തന്റെ നോവലെഴുതി. മലയാളകവിതയില്‍, എം.ഗോവിന്ദനൊഴികെ, മറ്റാരും കുഞ്ഞാലിയെ കണ്ട ഭാവം നടിച്ചില്ല. പഴശ്ശിരാജാവായിരുന്നു പി.യുടെ കാവ്യസിരകളെ ചലിപ്പിച്ച ചരിത്രപുരുഷന്‍.' പുള്ളിമാന്‍','പുരളിമലയിലെ പൂമരങ്ങള്‍' എന്നീ കവിതകള്‍ ഓര്‍ക്കാം.

ഗോവിന്ദന്റെ 'കുഞ്ഞാലി മരയ്ക്കാര്' ഒരു ദീര്‍ഘകാവ്യമാണ്. അഞ്ച് അങ്കങ്ങളുള്ള, മലയാളത്തിന്റെ സഹജവൃത്തമായ 'കേക'യില്‍, നല്ല താളപ്പുളപ്പോടും മലയാണ്‍മയുടെ പച്ച മണക്കുന്ന ഗ്രാമ്യഭാഷാ ചൈതന്യത്തോടും കൂടി, എഴുതപ്പെട്ട പാട്ടുകാവ്യമാണത്. 'കുഞ്ഞായി, കുഞ്ഞാലിയായ്, കുഞ്ഞാലി മരയ്ക്കാരായ്....'എന്ന ഈരടി, ഒരു പല്ലവി പോലെ, സന്ദര്‍ഭാനുഗുണമായ വ്യത്യാസങ്ങളോടെ, കവിതയിലുടനീളം ആവര്‍ത്തിക്കുന്നു. 'കുന്നലനാട്', അഥവാ 'കേരളം' എന്ന വികാരമാണ് കവിതയുടെ ഹൃദയത്തില്‍ നെരിപ്പു പോലെ എരിയുന്നത്; കുഞ്ഞാലി മരയ്ക്കാര്‍ അതിന്റെ തീനാളം പോലുള്ള ഉജ്ജ്വലപ്രതീകവും. കുഞ്ഞായും കുഞ്ഞാലിയായും കുഞ്ഞാലി മരയ്ക്കാരായും അയാള്‍ വളര്‍ന്നു പടര്‍ന്നതിന്റെയും പറങ്കിച്ചതിയാല്‍ ഗോവയില്‍ പോയൊടുങ്ങിയതിന്റെയും കഥയാണ്, മറ്റൊരു വടക്കന്‍ പാട്ടെന്നോണം ഗോവിന്ദന്‍ പാടിപ്പറയുന്നത്. വേണമെങ്കില്‍, 'കുഞ്ഞാലി മരയ്ക്കാരുടെ പാട്ടുകഥ' എന്നു പറയാവുന്ന ഒന്ന്.
ദേശാഭിമാനമായിരുന്നു കുഞ്ഞാലിയുടെ മതം-
'എന്റെ നാട്ടിലെക്കാറ്റി, ലെന്റെ ചങ്കിലെക്കൂറ്റില്‍
അമ്പതുമൊന്നും ഗന്ധം, മാനുഷബന്ധങ്ങളില്‍.
ചോരയും നീരും മെയ്യുമുയിരും പോയാല്‍ പോട്ടേ,
ചോദിപ്പതാരോ, ഞാനീ മണ്ണിനു നേര്‍ച്ചപ്പണ്ടം'. ( മലയാളഭാഷയുടെ മണ്‍ചൂരു കൂട്ടിയാണത്!).
കേരളക്കരയുടെ നാനാത്വസമ്പന്നമായ സാംസ്‌കാരികോര്‍വ്വരതയിലും അതിനതിരിടുന്ന കടലിന്റെ പുകഴിലും അയാള്‍ എന്നും അഭിമാനിച്ചിരുന്നതായി കവി, കൂടെക്കൂടെ, ഓര്‍മ്മിപ്പിക്കുന്നുണ്ട് ('ഹിന്ദുവും മുസല്‍മാനും മനുഷ്യന്‍ മലബാറില്‍/ സിന്ധുവില്‍ത്തിര പോലെ, യൊറ്റയ്ക്കുമൊന്നിച്ചുമായ്').ആ കേരളപുത്രന്റെ ദുരന്തപര്യവസാനത്തോളം നീളുന്ന ചടുലവാഴ് വിന്റെ ആഖ്യാനമാണ്, അത്ര തന്നെ ചടുലമായ , 'കുഞ്ഞാലി മരയ്ക്കാര്' എന്ന ദീര്‍ഘകാവ്യം. നമ്മുടെ പോസ്റ്റ് - കൊളോണിയല്‍ വായനകളിലും നവ കോളനീകരണവിരുദ്ധതയുടെ പ്രതിരോധശ്രമങ്ങളിലും കേന്ദ്രപ്രസക്തി കൈവരിക്കേണ്ട കൃതി. ഭാഷയിലും ബിംബാവലിയിലും വൃത്തസ്വീകരണത്തിലുമെല്ലാം തനിക്കേരളീയമെന്നു പറയാവുന്ന ഒരു മുഴുമലയാളകാവ്യം (തെങ്ങാണ് കുഞ്ഞാലിയുടെ രൂപകം കവിതയില്‍; പൂക്കുല, മച്ചിങ്ങയും മച്ചിങ്ങ, മന്നിങ്ങയുമാവുന്നതു പോലെ അയാള്‍ വളരുന്നു!) ഈ കവിത വീണ്ടും ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മള്‍ വീണ്ടെടുക്കുന്നത് കുഞ്ഞാലിയെ മാത്രമല്ല, കുഞ്ഞാലിയോടെപ്പം പരദേശി നാടുകടത്തി കുഴിച്ചുമൂടിയ നമ്മുടെ തെളിമലയാളത്തെക്കൂടിയാണ്.
കുഞ്ഞാലിയുടെ അന്ത്യയാത്രാമൊഴിയെ കവി ഇങ്ങനെയാണ് വാക്കില്‍ പകരുന്നത് -
'വിട ചോദിക്കുന്നു ഞാന്‍
പെറ്റു പോറ്റിയ നാടേ,
വിളറും മുഖം താഴ്ത്തി നില്‍ക്കുമെന്നുടയോരേ,
കരളില്‍ക്കിനിവൂറി
വിരിയും പുഷ്പങ്ങളേ,
കവിളില്‍ കളി പൂശിയൊഴുകും പുഴകളേ,
കടലിന്‍ തിരകളേ,
അടരില്‍പ്പടവെട്ടി വീണ വീരാത്മാക്കളേ, ചന്ദനക്കാറ്റേ വിട!'
തുടര്‍ന്ന് ഇങ്ങനെയും -
'മാറിലെയെടങ്ങറുമൊടുങ്ങും മരയ്ക്കാര്‍ക്കു
മാമലയാളനാടേ, നീയെന്നെ കൈക്കൊള്ളുകില്‍.
എങ്ങനെ മറക്കും നീ,
നിന്മുലക്കണ്ണില്‍ച്ചപ്പി
കണ്‍തുറന്നോനെ,
കൊച്ചുകുഞ്ഞാലിക്കുറുമ്പനെ?
നിന്‍ മുലപ്പാലു പോലന്നെഞ്ഞിലെക്കു ഞ്ഞിച്ചൂടും;
എന്‍ ഖബര്‍ മലബാറിന്‍ മാറിലേയുറങ്ങാവൂ!'
അങ്ങനെയല്ല സംഭവിച്ചതെന്നത് ചരിത്രം. മലയാളത്തിന്റെ പൊന്നാനിത്തെളിമണലില്‍ എം. ഗോവിന്ദന്‍ എന്ന കവി ഖബറടക്കുകയായിരുന്നു തന്റെ, നമ്മുടെ, പ്രിയപ്പെട്ട കുഞ്ഞാലിയെ -
'കുഞ്ഞായി, കുഞ്ഞാലിയായ്,
കുഞ്ഞാലി മരയ്ക്കാരായ്,
കുന്നലക്കുലമാനം
കുലച്ച പടവില്ലായ്'
Content Highlights : kunjalimarakkar poem written by m govindan mashipacha sajay kv
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..