പൂതനയാകുന്നതു വരെ മോഹിനിയാവാന്‍ എല്ലാവരും കരുതിക്കൂട്ടി ഇരിക്കുന്നു I അക്ഷരംപ്രതി


കരുണാകരന്‍

പ്രതീകാത്മകചിത്രം

വ്‌ലാദിമിര്‍ നബാക്കോവിന്റെ ഒരു കഥ, Terror,മുമ്പ് വായിച്ചത് ഓര്‍മ്മ വന്ന രാത്രി, ഞാന്‍ വിചാരിച്ചു,'ഭയപ്പെടുത്തുന്ന എന്തെങ്കിലുമൊക്കെയായിരിക്കും ഇന്ന് സ്വപ്നം കാണുക എന്ന്.ഒരാളുടെ എല്ലാ കാലത്തും പേടിസ്വപ്നങ്ങള്‍ അയാള്‍ക്ക് ചുറ്റും അദൃശ്യമായ ഒരു വലയം നിര്‍മ്മിക്കുന്നു. അയാളുടെ ഉറക്കത്തെ ഭൂമിയിലെ പാര്‍പ്പിന്റെ സമാധാനമാക്കാന്‍ വിസമ്മതിക്കുന്നു. അല്ലെങ്കിലും ഒരാളെ ഭയപ്പെടുത്താനെത്തുന്ന സ്വപ്നങ്ങള്‍ ആളുടെ പ്രായമൊന്നും നോക്കില്ല. കുട്ടിയല്ലേ ജെട്ടിയില്‍ ഒന്ന് വെറുതെ മൂത്രമൊഴിപ്പിച്ചു വിടാം എന്ന പരിഗണന ചിലപ്പോള്‍ മുതിര്‍ന്നവര്‍ക്ക് കിട്ടി എന്ന് വരില്ല. ഭയപ്പെടുത്തുക- അതുമാത്രമാണ് തങ്ങളുടെ കര്‍മ്മം എന്ന് പേടിസ്വപ്നങ്ങള്‍ക്ക് അറിയാം. സാരമില്ല, 'പേടി സ്വപ്നം' എന്ന ലോകപ്രശസ്ത കമ്പനിയുടെ വിവിധതരം ഉല്‍പ്പന്നങ്ങള്‍ എന്നാണ് ഞാന്‍ ഇങ്ങനെ സ്വപ്നങ്ങളെപ്പറ്റി എന്നെത്തന്നെ പറഞ്ഞ് സമാധാനിപ്പിച്ചിട്ടുള്ളത്: നോക്ക്, നിനക്ക് കൂട്ടിമുട്ടേണ്ടിവരും, പക്ഷെ കാര്യമായി എടുക്കരുത്.

ഭയം നമ്മുക്ക് പല പ്രാവശ്യം പലവിധത്തില്‍ ഭാവന ചെയ്യാന്‍ പറ്റുന്നു. ഒരു കൊല നടത്താന്‍ ഷോപ്പിംഗ് മാളില്‍ കൈയ്യില്‍ ഒരു പൂവുമായി ''പച്ച'' വേഷത്തില്‍ എത്തുന്ന ഒരാള്‍ എന്നൊക്കെ. ഭൂമിയില്‍ നിന്നും വംശമറ്റുപോയ ആ വലിയ ജീവിയുടെ, ദൈനോസറിന്റെ, സിനിമയിലെ പുനഃപ്രവേശം കണ്ടത് ഓര്‍ത്തുനോക്കു: വളരെ ദൂരെ നിലത്തുപതിയുന്ന അതിന്റെ കാലടികള്‍ ഇങ്ങ് ഒരു തീന്‍മേശയില്‍ വെച്ച ഒരു ഗ്ലാസില്‍ തുളുമ്പുന്ന വെള്ളത്തില്‍ കണ്ട് നമ്മള്‍ തരിച്ചിരുന്ന പോലെ.കലയുടെയും സാഹിത്യത്തിന്റെയും ആവശ്യമായി, ചിലപ്പോള്‍, ഭയം മാറുന്നത് നമ്മള്‍ ഭാവനാശീലരായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. ഇല്ലാത്തത് കണ്ടുപേടിക്കാന്‍ ഇപ്പോഴും നമ്മള്‍ എത്തുന്നത് നമ്മുടെ തന്നെ ആദിമമായ ഓര്‍മ്മയില്‍ നിന്നാണ്. ഭയം, കലയും സാഹിത്യവും പോലെ, നമ്മള്‍ കണ്ടുപിടിച്ചത് നമ്മുടെ അനുഭവമായി സൂക്ഷിക്കാനാണ്. ''പേടിപ്പെടുത്തുന്ന കഥ പറയാന്‍'' ചിലപ്പോള്‍ മക്കള്‍ എന്നോട് ആവശ്യപ്പെടുന്നു. പേടിപ്പെടുത്തുന്ന ഒരു കഥ ഉണ്ടാക്കാന്‍ ഞാന്‍ കഥ പറച്ചിലിലേക്ക് വേഗം കൂട് മാറുന്നു. പേടിയുടെ വാഗ്മയം എന്നെയും വലയം ചെയ്യുന്നു.

ഒരു കുട്ടിയെ കൂടെ കൂട്ടാതെ ഒരു മനുഷ്യനും അയാളുടെ മരണത്തെ താണ്ടിയില്ല എന്നോര്‍ക്കുമ്പോള്‍ ആ കുട്ടിക്ക് ഒപ്പം സഞ്ചരിച്ച 'ഭയം എന്ന മോഹ'ത്തെയും ഞാന്‍ ഓര്‍ക്കുന്നു. പക്ഷെ, എന്നിട്ടും, എന്തെല്ലാം വിധത്തില്‍ ഭയങ്ങളാണ് ഒരു ദിവസം തന്നെ നമുക്ക് അനുഭവിക്കാനുള്ളത്!

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ദിവസം മുഴുവന്‍, ഞാന്‍ ഒരു വാര്‍ത്തയുടെ 'ഭയ'ത്തിലായിരുന്നു. എറിക്കാ, ജപ്പാനിലെ 'ഇരുപത്തിമൂന്ന് വയസുള്ള മനുഷ്യ-റോബോട്ട്-യുവതി', അവള്‍ ഒരു ടെലിവിഷന്‍ ചാനലില്‍ ന്യൂസ് ആങ്കര്‍ ആവുന്നു എന്ന വാര്‍ത്തയായിരുന്നു അത്. ലോകത്തെ വാര്‍ത്താലേഖകരെ അതിനുമുമ്പ് ഒരു ദിവസം ഒരു പൊതുചടങ്ങില്‍ അവള്‍ അഭിമുഖീകരിച്ചു സംസാരിച്ചിരുന്നു. അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അവള്‍ മറുപടി നല്‍കിയിരുന്നു. റോബോട്ടുകള്‍ പുതിയ വാര്‍ത്തയല്ല. ജപ്പാനില്‍ പല കമ്പനികളിലും റിസപ്ഷനിസ്റ്റ്‌സ് റോബോട്ടുകള്‍ ആണ് എന്ന് ഞാനും വായിച്ചിട്ടുണ്ട്. ജപ്പാനിലെ ഏകാന്തങ്ങളായ, ശുചിത്വമുള്ള, നഗരങ്ങള്‍ ഭയം സമ്മാനിക്കുന്നത് എങ്ങനെയെന്ന് അവിടെ ഉണ്ടാവുമ്പോള്‍ മകള്‍ പറയാറുണ്ട്. അല്ലെങ്കില്‍, സുന്ദരികളായ റോബോട്ടുകളും പുതിയ വാര്‍ത്തയല്ല. ''ഡിജിറ്റല്‍ മോഡലു''കളെ ലോകത്തെ പല പ്രമുഖ കമ്പനികളും ഇതിനകം അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ടി അവതരിപ്പിച്ചും കഴിഞ്ഞു.

സുന്ദരികളെ അല്ലെങ്കില്‍ എന്തിനു ഭയപ്പെടണം! പൂതനയാകുന്നതു വരെ മോഹിനിയാവാന്‍ എല്ലാവരും കരുതിക്കൂട്ടി ഇരിക്കുന്നു. പക്ഷെ, എറിക്കാ? ആ ന്യൂസിലെ ഒരു വരിയിലാണ് എന്റെ 'ഭയം' കുടുങ്ങി കിടക്കുന്നത്.

കൂടുതല്‍ കൂടുതല്‍ വയസ്സായി (ageing society) വരുന്ന ജപ്പാനീസ് (പോലുള്ള) സമൂഹത്തില്‍ ഇനി മനുഷ്യരോടൊപ്പം റോബോട്ടുകളും ഇടപഴകേണ്ടി വരും എന്ന വരി. ഇതിനോട് ചിലര്‍ രസികത്തത്തോടെ പ്രതികരിച്ചു. ചിലര്‍ പേടിയോടും. ഇപ്പോഴേ വിശ്രുതങ്ങളായ നോവലുകള്‍ തന്നെ ഈ രീതികളില്‍ വന്നിട്ടുണ്ട്. ചലച്ചിത്രങ്ങളും. എന്റെ ഭയം, മനുഷ്യന്റെ ബുദ്ധിയോടോ കഴിവിനോടോ അല്ല. മാത്രമല്ല, ആദരവ് തോന്നാന്‍ ഇതിലും പലതുമുണ്ട്. പക്ഷെ 'കഥ'കളുടെ ആ ലോകമാണ് ഭയപ്പെടുത്തുന്നത്. എന്റെ യമനി സുഹൃത്ത് പറയുന്നു, നോക്ക് നമ്മുക്കിടയില്‍ 'ജിന്നു'കളും കഴിയുന്നുണ്ട്. അവരെ കാണണമെങ്കില്‍ 'സെക്‌സി'നു ശേഷം കുളിക്കാതെ നീ ഒന്ന് പുറത്തിറങ്ങിയാല്‍ മതി, ഒന്നല്ല രണ്ടെണ്ണമെങ്കിലും നീ കാണും. ഞാന്‍ ശ്രമിച്ചിട്ടില്ല. ആ സമയത്ത്, കുളിക്കാനൊ, തെരുവിലേക്ക് ഇറങ്ങാനൊ തോന്നില്ല.

എങ്കില്‍, ഇതിനൊക്കെ പിറകെ വന്ന കോവിഡ് കാലമോ?

കോവിഡ് കാലത്ത്, അതിന് ശേഷവും, നിര്‍മ്മിക്കപ്പെട്ട ചലച്ചിത്രങ്ങള്‍ എന്തേ ഭയം ഇത്രയധികം ഇതിവൃത്തമാക്കിയത്? (അത് ഇതിവൃത്തങ്ങളുടെ ഒരു ചുരുക്കം തന്നെയായിരുന്നു ആ ചലച്ചിത്രങ്ങളില്‍ എന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ പറ്റും.) എന്നാല്‍ ആ മഹാമാരിയോ?

വെറുതെ ഇരിക്കുന്ന ഒരാളെ മുടിപ്പിക്കുന്ന ഭയത്തോടെ ഒരു മഹാമാരി വന്നു പുല്‍കിയത് 'മോഹിനി'യായി ഒന്നുമല്ല. പകരം അദൃശ്യങ്ങളായ ചില ലക്ഷണങ്ങള്‍കൊണ്ടായിരുന്നു. നമ്മുടെ തന്നെ ഓര്‍മ്മയില്‍ പണി എടുത്തുകൊണ്ടായിരുന്നു. മരണത്തെ ജീവിതത്തിന്റെ തോളില്‍ കയറ്റി വെച്ചുകൊണ്ടായിരുന്നു. ഓ! എന്റെ ദൈവമേ! അക്കാലത്ത് ഞാന്‍ തുടര്‍ച്ചയായിക്കണ്ട ഒരു 'ഭയം സ്വപ്നം'', ഭൂമിക്കടിയിലൂടെയുള്ള വഴി തെറ്റുന്ന സഞ്ചാരമായിരുന്നു. മാംസളങ്ങളായ, ചോര ഞെരമ്പുകളെ ഓര്‍മ്മിപ്പിക്കുന്ന പാതകള്‍, കാലുകള്‍ക്കടിയില്‍ ആ പാതകള്‍ ഉണ്ടാക്കുന്ന ഭയപ്പെടുത്തുന്ന വഴുക്കലുകള്‍ -നിലവിളിച്ചല്ലാതെ ഞാന്‍ ആ രാത്രികളില്‍ നിന്ന് ഉണര്‍ന്നിട്ടില്ല..

'ചില രോഗങ്ങള്‍ കുറച്ചുകാലം നീളുന്നു. അതിനുശേഷം നിങ്ങള്‍ മോചിതരാകുന്നു. മറ്റു ചിലതു ജീവപര്യന്തമാണ്. നിങ്ങള്‍ക്കു മരണമല്ലാതെ മോചനമില്ല. രോഗം മനുഷ്യനിലുണ്ടാക്കുന്ന ഭീതിയുടെ തോത് ഉയരുന്തോറും ഭരണാധികാരിയുടെ ബലവും വര്‍ദ്ധിക്കുന്നു. ആ ഭയം ലോകത്തെ വലിയ ഒരു ജയിലാക്കി മാറ്റുന്നു. കോവിഡ് പടര്‍ന്നുതുടങ്ങിയ ദിവസങ്ങളില്‍ ജനങ്ങളാകട്ടെ ഈ ഭയത്തെ സാമൂഹികബഹിഷ്‌കരണം എന്ന തലത്തില്‍ തങ്ങള്‍ക്കാവുന്ന അധികാരരൂപത്തില്‍ പ്രയോഗിച്ചു'. ആ കാലത്തെപ്പറ്റി എന്റെ സുഹൃത്ത് അജയ് മങ്ങാട്ട്, ആ ദിവസങ്ങളില്‍ ഒന്നില്‍, എഴുതിയത് എനിക്ക് ഓര്‍മ്മ വരുന്നു. രോഗവും ഭരണകൂടവും നിര്‍മ്മിക്കുന്ന പൗരനെപ്പറ്റി, രോഗം ഒരു സാമൂഹ്യാപകടമായി മാറുന്ന ദിവസങ്ങളില്‍ മനുഷ്യസമൂഹം അകപ്പെടുന്ന അധികാരക്കെണികളെപ്പറ്റിയും ഓര്‍മ്മ വരുന്നു.

എന്തായാലും, നബക്കോവിന്റെ കഥ എനിക്ക് സ്വപ്‌നങ്ങള്‍ ഒന്നും സമ്മാനിച്ചില്ല. ഒരാളുടെ ഭയമാണ് ആ കഥയുടെ ഘടന. ഒരു dark story. പേടിയോടു പൊരുതുന്ന ഒരാളാണ് അതിലെ കഥാപാത്രം. ശാന്തമാവാന്‍ കഴിയാത്ത ഒരു മനസ്സ് ഭയത്തിന് പിടികൊടുക്കുന്ന കഥയാണ് അത്. മനസ്സിന്റെ ചിത്രീകരണങ്ങള്‍ക്കുവേണ്ടി ചിലപ്പോള്‍ 'അതിര് കടക്കുന്ന' സര്‍റിയലിസ്റ്റുകളുടെ രീതിയാണ് കഥയില്‍, 'നോക്കുമ്പോള്‍ പുരികങ്ങള്‍ പിന്നെ വായയായി പരിണമിയ്ക്കുന്ന'പോലെ ചിലത്. പക്ഷെ നബാക്കൊവിന് ഭാഷയാണ് കഥയുടെ ആത്യന്തിക സാധ്യത. ഭാഷ എഴുത്തിനെയും എഴുത്ത് കഥയെയും കണ്ടുപിടിക്കുന്നു. രൂപം ഉള്ളടക്കമാവുന്നു എന്ന് ചില സൗന്ദര്യചിന്തകര്‍, നിങ്ങള്‍ക്ക് ഇഷ്ടമാവില്ലെങ്കിലും, പറയുന്ന ഒരു രീതി Terror നുണ്ട്.

എന്നിട്ടും, എന്തുകൊണ്ടോ, കുറ്റാന്വേഷണ കഥകളും നോവലുകളും എന്നെ ആകര്‍ഷിക്കുന്നില്ല. ജീവിതത്തിന്റെ ഭാവനാസമ്പന്നമായ ഒരവസരം, എത്ര ഇരുണ്ടതെങ്കിലും, ആ കൃതികള്‍ കരുതി വെയ്ക്കുന്നു എന്ന് തീര്‍ച്ചയാണ്.എന്നിട്ടും...

Content Highlights: Karunakaran,Aksharamprathi, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented