
വര: ഗോപീകൃഷ്ണൻ
വിചാരണാവേദിയില് അഴീക്കോട് സര്പ്പവിഷംതീണ്ടി നീലിച്ചതുപോലുള്ള മുഖത്തോടെയിരുന്നു. വിചാരണ കഴിഞ്ഞിട്ടും കര്‍മങ്ങള്‍ വേറെ ഏറെയുണ്ടായിരുന്നു. മഞ്ചേരിയില്‍ വിദ്യാര്‍ഥിസംഘടനയുടെ ജില്ലാസമ്മേളനം. നിഴലായി പോലീസുണ്ട്. രഹസ്യമായതൊന്നും ഞങ്ങള്‍ പറയുകയില്ലെങ്കിലും പരസ്യമാക്കാവുന്നതെല്ലാം രഹസ്യമെന്ന മട്ടില്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ ഹെഡ്കോണ്‍സ്റ്റബിള്‍ കുമാരേട്ടനോട് പറഞ്ഞുകൊടുക്കുമായിരുന്നു...തീപിടിച്ച പര്‍ണശാലകള്‍; കാലം.കലഹം.കാരശ്ശേരി.മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ജോയ് മാത്യു എഴുതുന്ന പംക്തിയില്‍ നിന്നും.
അങ്ങനെ ആ ദിവസവും വന്നുചേര്‍ന്നു. ലൈബ്രറി ഹാളിലാണ് പരിപാടി. ഞാനടക്കമുള്ള സഖാക്കളെല്ലാം നല്ലകുട്ടികളായി ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നമട്ടില്‍ ശ്രോതാക്കളുടെ ഭാഗം അഭിനയിച്ച് സദസ്യരുടെ കൂട്ടത്തിലിരുന്നു. കൃത്യസമയത്ത് പോസ്റ്ററുമായി ശശിയും ഹാളിന്റെ ഏറ്റവും പിന്നിലായെത്തി. ശശിയെക്കണ്ടപ്പോള് പലര്‍ക്കും ഒരു സംശയം. കുട്ടികൃഷ്ണമാരാരുമായി ശശിക്കെന്തു ബന്ധം? ശശി അത്തരക്കാരനല്ലല്ലോ. ചരിത്രവിദ്യാര്‍ഥിയായ ശശി ഇനി ഭാരതപര്യടനമോ മറ്റോ വായിച്ച് സാഹിത്യത്തില്‍ തത്പരനായതാണെങ്കിലോ? കോളേജ് യൂണിയന് അന്ന് ഭരിച്ചിരുന്ന എസ്.എഫ്.ഐ. സംഘവും അവരുടെ അധ്യാപകസംഘടനയും സജീവമായി സ്ഥലത്തുണ്ട്. അത് ഞങ്ങളുടെ ആക്ഷന്‍ ഒരു ഭീഷണിയാണ്. കാരണം, അവരുടെ അംഗബലവും കൈയൂക്കുംതന്നെ. പക്ഷേ, സാഹിത്യസംബന്ധിയായ പരിപാടിയായതുകൊണ്ട് കോളേജ് യൂണിയന്റെ പ്രധാന ഗുണ്ടകളൊന്നും അവിടേക്കെത്തിനോക്കിയില്ല. അവര്‍ക്കെന്തു സാഹിത്യം! അങ്ങനെ യോഗം തുടങ്ങിയപ്പോഴേക്കും എന്റെ കുള്ളവിറയ്ക്കാന്* തുടങ്ങി. പോലീസ് സ്റ്റേഷന് ആക്രമിക്കാന്‍ പോകുന്ന സംഘത്തില്‍ ആദ്യബോംബ് എറിയുന്നവന്റെ മാനസികാവസ്ഥ നാടകകൃത്തും സഖാവുമായിരുന്ന വി.കെ. പ്രഭാകരന് അനുഭവിച്ചകഥ പണ്ട് പറഞ്ഞത് എനിക്കോര്‍മ വന്നു. ഏതായാലും എന്റെ കൈയില്‍ ബോംബ് ഒന്നുമില്ലല്ലോ; ഞാന്‍ സമാധാനിച്ചു. സംഗതി മിനിറ്റുകള്‍ക്കുള്ളില്‍ സംഭവിക്കും.
അതാ സ്വാഗതപ്രസംഗകനായ ഒരര്‍ധ കഷണ്ടിക്കാരന് മുഖ്യപ്രഭാഷണത്തിനായി അഴീക്കോട് മാഷിനെ പ്രസംഗപീഠത്തിലേക്ക് ക്ഷണിക്കുന്നു. അഴീക്കോട് മൈക്കിനടുത്തേക്ക് വരുന്നു. കൃത്യസമയത്തുതന്നെ ഞാന്‍ ഒറ്റക്കുതിപ്പിന് വേദിയിലെത്തി. അഴീക്കോട് മാഷിനോട് ഇരിക്കാന്‍ പറഞ്ഞു. അപ്രതീക്ഷിതമായ എന്റെ ഇടപെടലില്‍ അദ്ദേഹം ഒരു നിമിഷം അമ്പരന്നുനിന്നു. സദസ്സും അമ്പരന്നു. അമ്പരപ്പിന്റെ ആ ഒരു സാധ്യതയില്‍ ഞാന്‍ സദസ്സിനോട് പറഞ്ഞു:
''കുട്ടികൃഷ്ണമാരാരെപ്പറ്റി ഞങ്ങള്‍ക്ക് മതിപ്പേയുള്ളൂ. അദ്ദേഹത്തിന്റെ സ്മരണാര്‍ഥം നടത്തുന്ന ഈ പരിപാടി അലങ്കോലമാക്കാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. പക്ഷേ, ഒരു അധ്യാപകന് തന്റെ വിദ്യാര്‍ഥിയോട് കാണിക്കേണ്ട ധാര്‍മികതയെക്കുറിച്ച് ചിലത് സംസാരിക്കാന്‍ ഇവിടത്തെ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ എന്നെ അനുവദിക്കണം.'' നേരത്തേ ചട്ടംകെട്ടിയതനുസരിച്ച് അരാജകവാദികളും പോഷകസംഘടനക്കാരും ഞങ്ങളുടെ സഖാക്കളും 'സംസാരിക്കണം സംസാരിക്കണം' എന്ന് വിളിച്ചുകൂവി. എനിക്ക് ധൈര്യമായി. ഞാന്‍ റഹ്മാന് പ്രശ്നം സംസാരിച്ചുതുടങ്ങി. പകച്ചുപോയ അധ്യാപകരും യൂണിയന്‍നേതാക്കളും എന്നെ പേരുവിളിച്ച് 'നിര്‍ത്ത് നിര്‍ത്തെടോ' എന്നൊക്കെ ആക്രോശിക്കുന്നുണ്ട്. ഇംഗ്ളീഷിലെ കൃഷ്ണന്‍കുട്ടി മാഷ്, സംസ്കൃതത്തിലെ പ്രസാദ്മാഷ്, ഹിന്ദിയിലെ ആര്‍സു മാഷ്, മലയാളത്തിലെ എന്റെ സ്വന്തം സര്‍ദാര്‍കുട്ടി മാഷ് തുടങ്ങിയവരൊക്കെ അവര്‍ പഠിപ്പിക്കുന്ന ഭാഷയിലും മാതൃഭാഷയിലുമായി എന്നോട് നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്. ആര്‍സു മാഷ് ഒരടികൂടി മുന്നോട്ടുവെച്ചപ്പോള്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന ശശിയുടെ ഭാവംമാറി, 'മാഷേ മുന്നോട്ട് വരണ്ട. ഞാന്‍ മാഷാണെന്നൊന്നും നോക്കൂലാ ട്ടോ പറഞ്ഞേക്കാം' എന്നൊരു ചെറിയൊരു ഭീഷണി ശശിയില്‍നിന്ന് ഉയര്‍ന്നത് എനിക്കോര്‍മയുണ്ട്. ശശിയെക്കണ്ടപ്പോള് ആര്‍സു മാഷിന് തന്റെ രക്ഷകനെ ഓര്മവന്നിരിക്കാം. പോലീസുകാരില്‍നിന്നു തനിക്കുവേണ്ടി വാങ്ങിയ അടി ശശി തിരിച്ചുതന്നേക്കുമോ എന്ന പേടി മാഷിന്റെയുള്ളില്‍ ചിലപ്പോള്‍ വെള്ളിടി പൊട്ടിച്ചിരിക്കാം. ആര്സുമാഷ് പിന്‍വലിഞ്ഞു. എന്റെ സഹപാഠികളും വിശ്വസ്തസുഹൃത്തുക്കളും ഇന്ന് മാധ്യമരംഗത്തെ പ്രഗല്ഭരുമായ എ. സജീവന്, ടി. സോമന്, മധുശങ്കര്‍, ബാബുരാജ് എന്നിവരോടുപോലും ഞാന്‍ ഈ ഓപ്പറേഷനെപ്പറ്റി സൂചന നല്കാതിരുന്നതിനാല് അവരും സദസ്യരുടെയിടയ്ക്ക് കണ്ണുമിഴിച്ച് ഇരിക്കുന്നത് ഞാന്‍കണ്ടു. പിന്നീട് അവര്‍ 'നീ ഇത് ചെയ്യേണ്ടിയിരുന്നില്ല' എന്നും അഴീക്കോട് ഉള്ള കാലത്തോളം നിനക്ക് തുടര്‍പഠനത്തിന് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം കിട്ടില്ലെന്ന് പറഞ്ഞെങ്കിലും ആസന്നമായ വിപ്ലവത്തെ പ്രതീക്ഷിച്ചിരിക്കുന്ന എനിക്കെന്ത് തുടര്‍പഠനം!
മിനിറ്റുകള്‍ക്കുള്ളില്‍ എന്റെ (അധിക)പ്രസംഗവും ശശിയുടെ പോസ്റ്റര്‍ പതിക്കലും കഴിഞ്ഞു. ആരൊക്കെയോ മുദ്രാവാക്യം വിളിച്ചു. ഞാന്‍ ഒന്ന് തിരിഞ്ഞുനോക്കി. സര്പ്പവിഷംതീണ്ടി നീലിച്ചപോലെയുള്ള മുഖത്തോടെ അഴീക്കോട് മാഷ് ഇരിക്കുന്ന ആ ചിത്രം ഇപ്പോഴും എന്റെയുള്ളില്‍ ജീവനോടിരിക്കുന്നു. ഞാനടക്കമുള്ള സംഘം ഹാളില്‍നിന്നിറങ്ങി കോളേജ് വരാന്തയിലൂടെ വിജയഭേരി മുഴക്കിക്കൊണ്ട് പുറത്തുകടന്നു. തൊട്ടടുത്ത കടയിലെ ടെലിഫോണ്‍ ബൂത്തില്‍നിന്നു മാതൃഭൂമിയിലേക്ക് വിളിച്ച് വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന കെ.സി. നാരായണനോട് വിവരംപറഞ്ഞു. സാംസ്കാരിക വേദിയുടെ പ്രവര്‍ത്തനങ്ങളെ മനസ്സുകൊണ്ടും സാമ്പത്തികസഹായങ്ങള്കൊണ്ടും പിന്താങ്ങിയിരുന്ന ആളായിരുന്നു കെ.സി. ഞാനും സുഹൃത്തുക്കളും വൈകുന്നേരങ്ങളില്‍ കെ.സി.യുടെ ഓഫീസ് സന്ദര്‍ശിച്ചാല്‍ മാതൃഭൂമി കാന്റീനില്‍നിന്നു പത്തുപൈസ കൂപ്പണില്‍ കിട്ടുന്ന ചായയും ഉപ്പുമാവും കക്ഷി വരുത്തിത്തരും (അക്കാലത്ത് സിനിമാനിരൂപകന്റെ കുപ്പായമിട്ടിരുന്ന ഒരാള്‍ ഇടയ്ക്കിടെ കെ.സി.യെ സന്ദര്‍ശിക്കുകയും ചായയ്ക്കും ഉപ്പുമാവിനും പുറമേ വിപ്ലവത്തിന്റേതായ വിവിധ ആവശ്യങ്ങള്പറഞ്ഞ് കെ.സി.യെ നന്നായി ഊറ്റിയിരുന്ന കഥ അദ്ദേഹം പറയാതെതന്നെ ഞങ്ങള്‍ പിന്നീടറിഞ്ഞു). ഞങ്ങളുടെ ഓരോ സന്ദര്‍ശനത്തിലും നാട്ടിലെ പുതിയ സംഭവവികാസങ്ങളെപ്പറ്റിയും ഞങ്ങളുടെ പരിപാടികളെക്കുറിച്ചും കെ.സി. സാകൂതം ചോദിച്ചറിയും. അങ്ങനെ അബദ്ധവശാല്‍ അഴീക്കോടിന്റെ വിചാരണക്കാര്യം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞുപോയി. അഴീക്കോടിന്റെ ശിഷ്യന്മാരില് ഒരാളാണെങ്കിലും രഹസ്യം രഹസ്യമായി സൂക്ഷിക്കുന്ന ഒരു സോഫ്റ്റ്വേര്‍ മഹാഭാരതംപോലെ അദ്ദേഹം അന്നേ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നതിനാല്‍ സംഗതി തീരുംവരെ മൂപ്പര് ആരോടും ഇക്കാര്യം പറഞ്ഞില്ല.

എന്നാല്‍, പിറ്റേന്നത്തെ മാതൃഭൂമി പത്രത്തില്‍ വെണ്ടയ്ക്ക രൂപത്തിലല്ലെങ്കിലും വാര്‍ത്ത പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇവിടെയും കാരശ്ശേരിയുടെ കാല്‍പ്പെരുമാറ്റം കേള്‍ക്കാം. കെ.സി.യും കാരശ്ശേരിയും ഒരുമിച്ചാണ് യൂണിവേഴ്സിറ്റിയില്‍നിന്നു മാതൃഭൂമിയില്‍ ചേരുന്നത്. കാരശ്ശേരി പെട്ടെന്നുതന്നെ അധ്യാപകവൃത്തിയിലേക്ക് ചാടിപ്പോയി. കെ.സി.യാകട്ടെ വാരാന്ത്യങ്ങളെ വായനക്കാര്‍ക്ക് വാരാദ്യങ്ങളാക്കിനല്കി. ആഴ്ചപ്പതിപ്പിനെ സമകാലീനതയുടെ വായുവും വെളിച്ചവും നല്കി ജീവസ്സുറ്റതാക്കി; സര്‍ക്കുലേഷനില്‍ റെക്കോഡുമിട്ടു. ഇതേ കെ.സി. തന്നെയാണ് ഞാന്‍ പുണെയിലും ഡല്‍ഹിയിലുമായി അലഞ്ഞിരുന്ന നാളുകളില്‍ എന്നിലെ പത്രക്കാരനെയും കടംവന്നുമുടിഞ്ഞ നാളുകളില്‍ എന്നിലെ നര്മിഷ്ഠനെയും പ്രവാസജീവിതത്തിലേക്ക് ഞാന്‍ സ്വയം നാടുകടത്തപ്പെട്ടപ്പോള്‍ എന്നിലെ കവിയെയും കണ്ടെടുത്തത്.
കഥ വീണ്ടും റിവേഴ്സ് ഗിയറില്‍ ഓടിക്കട്ടെ. അഴീക്കോട് വിചാരണനാടകം കഴിഞ്ഞശേഷം വേദിയില്‍ സംഭവിച്ചതിനെ പിന്നീട് മുതിര്‍ന്ന പത്രക്കാരനായിമാറിയ എ. സജീവനും ടി. സോമനും മറ്റു ചരിത്രകാരന്മാരും പറഞ്ഞത് ഇങ്ങനെ: ഞങ്ങള്‍ ഹാള്വിട്ടിറങ്ങിപ്പോയശേഷം അഴീക്കോട് പ്രഭാഷണം തുടങ്ങിയെങ്കിലും തുടക്കം ഒട്ടുമേ നന്നായില്ലെന്നു മാത്രമല്ല അല്പം മുടന്തിയും ഇഴഞ്ഞുമൊക്കെയാണ് മുന്നേറിയത്. എന്നാല്‍, അല്പം കഴിഞ്ഞപ്പോള്‍ അഴീക്കോടിന്റെ പതിവുശൈലിയായ സാഗരഗര്ജനത്തിലേക്കുതന്നെ അദ്ദേഹം അലയടിച്ചുയര്‍ന്നു. കൂട്ടത്തില്‍ എന്നെ ഉദ്ദേശിച്ച് അദ്ദേഹം ഇതുകൂടി പറഞ്ഞു: ''ആ കുട്ടി ഇവിടെ വന്നു എന്നെപ്പറ്റി പറഞ്ഞതിനെ ഞാന്‍ ഒരു തെറ്റായിക്കാണുന്നില്ല, പക്ഷേ, എന്റെ ഭാഗംകൂടി കേട്ടിട്ട് വേണമായിരുന്നു അത് തെറ്റോ ശരിയോ എന്ന് അവര്‍ തീരുമാനിക്കേണ്ടിയിരുന്നത്.'' സംഗതി ശരിയല്ലേ എന്ന് എനിക്കും തോന്നായ്കയില്ല. പക്ഷേ, ഇരയെ വിശ്വസിച്ചും മുഖവിലയ്ക്കെടുത്തതും വേണം നമ്മള് ഇത്തരം സമരങ്ങള്‍ ആസൂത്രണം ചെയ്യാന്‍ എന്നതായിരുന്നല്ലോ ഞങ്ങളുടെ പ്രമാണം! സംഭവം കേട്ടറിഞ്ഞ കാരശ്ശേരിമാഷ് ഞാന്‍ അറിയാതെ എനിക്കുവേണ്ടി അഴീക്കോട് മാഷിന്റെയടുക്കല്‍ വക്കാലത്തുമായി ചെന്നപ്പോഴും അദ്ദേഹം ഇത് തന്നെയാണ് പറഞ്ഞതത്രേ. ഇവിടെ തുടങ്ങുന്നു, എന്റെ ഗുരുത്വക്കേടുകളുടെ ഒന്നാംപാഠം!
നാടകാന്തം പോലീസ്
അഴീക്കോട് വിചാരണകഴിഞ്ഞ അന്നുതന്നെ ഞങ്ങള്‍ക്ക് മഞ്ചേരിയില്‍ എത്തണമായിരുന്നു. അവിടെ വൈകീട്ട് ബസ്സ്റ്റാന്‍ഡ് പരിസരത്ത് വിദ്യാര്‍ഥിസംഘടനയുടെ ജില്ലാസമ്മേളനം നടക്കുന്നുണ്ട്. സമ്മേളനം എന്നൊക്കെപ്പറഞ്ഞാല് വിരലിലെണ്ണാവുന്നവര്‍ സമ്മേളിക്കുന്നയൊന്ന്. ബസ് സ്റ്റാന്‍ഡ് ആയതിനാല്‍ തെക്കുവടക്ക് പോകുന്നവരും ബസ് കാത്തുനിന്ന് വലഞ്ഞവരും എല്ലാംകൂടി കുറച്ചാളുകള്‍ ഏതു മീറ്റിങ്ങിനും ഉണ്ടാവുമല്ലോ. പക്ഷേ, മഞ്ചേരിവരെ എല്ലാവര്ക്കും പോകാന്‍ ഞങ്ങളുടെ കൈവശം പണം തികയില്ല. പോരാത്തതിന് നല്ലവിശപ്പും. ചിലപ്പോഴൊക്കെ പോലീസുകാര്‍ ദൈവങ്ങളുടെ രൂപത്തിലും പ്രത്യക്ഷപ്പെടുമല്ലോ, അത്തരത്തിലൊരു ദൈവമായിരുന്നു അപ്പോള്‍ അവിടെ അവതരിച്ച സ്പെഷ്യല്‍ ബ്രാഞ്ചിലെ ഹെഡ്കോണ്‍സ്റ്റബിളും ഞങ്ങള്‍ കുമാരേട്ടന് എന്നും വിളിക്കുന്ന കുമാരന് നായര്‍ (കറുപ്പന് എന്ന് ഞങ്ങള്‍ വിളിക്കുന്ന സ്പെഷ്യല്ബ്രാഞ്ചിലെത്തന്നെ ശ്രീധരേട്ടനും ഞങ്ങളുടെ അക്കാലത്തെ മറ്റൊരു സ്നേഹമുള്ള നിഴലായിരുന്നു). കാമ്പസിനകത്ത് ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ രഹസ്യമായി നിരീക്ഷിക്കാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അയക്കുന്ന ആളാണ് കുമാരന്പോലീസെങ്കിലും ഞങ്ങളോട് ലോഹ്യംകൂടി മൂപ്പര് കാര്യങ്ങളെല്ലാം മനസ്സിലാക്കും. രഹസ്യമായതൊന്നും ഞങ്ങള്‍ പറയുകയില്ല എന്നാല്‍, പരസ്യമാക്കാവുന്നതെല്ലാം രഹസ്യമെന്ന മട്ടില്പറഞ്ഞുകൊടുക്കുകയും ചെയ്യുന്നതിനാല്‍ ഞങ്ങളോട് കുമാരേട്ടന് ഒരു പ്രത്യേക വാത്സല്യമാണ്. പലപ്പോഴും കോളജിനു മുന്‍പിലുള്ള നഷ്ടത്തിലോടുന്ന നായരുടെ ചായക്കടയില്‍ ഞങ്ങള്‍ ചായകുടിച്ചുകഴിഞ്ഞാല് പൈസ കൊടുക്കുന്നത് അദ്ദേഹത്തിനൊരു ദൗര്‍ബല്യമാണ്; ഞങ്ങള്‍ക്കാണെങ്കില്‍ ഒരാശ്വാസവും. കുമാരേട്ടനെ ഗേറ്റില്വെച്ചുതന്നെ ഞങ്ങള്‍ കണ്ടു. മൂപ്പര് പതിവുപോലെ ചായകുടിക്കാന്‍ ഞങ്ങളെ ക്ഷണിക്കുന്നു, ഞങ്ങള്‍ ചായകുടിക്കുന്നു അകത്ത് നടന്ന സംഭവങ്ങള്‍ അദ്ദേഹത്തിന്റെ കാതില്‍ പറയുന്നു. അദ്ദേഹം അത് വലിയ രഹസ്യം രേഖപ്പെടുത്തുന്നു എന്ന മട്ടില്‍ എഴുതിയെടുക്കുന്നു. ഞങ്ങള്‍ക്ക് ഇനി മഞ്ചേരിയിലെത്തണം. ''മഞ്ചേരിയില്‍ എന്താ പരിപാടി?'' രഹസ്യമായി അദ്ദേഹം ചോദിക്കുന്നു. രഹസ്യമായിത്തന്നെ ഞങ്ങള്‍ അതദ്ദേഹത്തിന്റെ കാതിലോതുന്നു. അതും അദ്ദേഹം എഴുതിയെടുത്തിരിക്കണം. ഏതായാലും മഞ്ചേരി ബസിനുള്ള ബാക്കി പണം സന്തോഷത്തോടെ കക്ഷി തന്നു. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ മകള്‍ ഷീജ ഏഷ്യാനെറ്റില്‍ നമ്മുടെ ജനകീയ പത്രപ്രവര്ത്തകന് ജയചന്ദ്രന്റെ സഹപ്രവര്‍ത്തകയായി വന്നപ്പോള്‍ അവിടെ ക്യാമറാമാനായി കയറിക്കൂടിയിരുന്ന ഞങ്ങളുടെ സഖാക്കളിലൊരുവനായ രമേശന്, കുമാരന്പോലീസിന്റെ മകളെ കയറി പ്രേമിക്കുവാന്‍ തുടങ്ങി. അത് ഇപ്പോഴും തുടരുന്നു.
ഞങ്ങളുടെ ബസ് മഞ്ചേരിയിലെത്തുന്നു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമ്മേളനത്തിന് വന്നവരെക്കാളേറെ പോലീസുകാരാണുള്ളത്. അവിടെ നടക്കാന്‍പോകുന്ന പരിപാടികളെക്കുറിച്ച് ഇന്സ്പെക്ടര്ചോദിച്ചു. പ്രസംഗം, കവിതചൊല്ലല്‍, നാടകം. ഇതൊക്കെയാണല്ലോ സാധാരണസമ്മേളനങ്ങള്ക്കുള്ള സാമ്പാര്ക്കഷ്ണങ്ങള്. നാടകം എന്നുകേട്ടപ്പോള്ത്തന്നെ ഇന്‍സ്പെക്ടര്‍ക്ക് ഹരമായി. അറസ്റ്റുചെയ്യാന്‍ ഒരിനമായല്ലോ! ''സ്ക്രിപ്റ്റ് എവിടെ എന്നായിരുന്നു'' പുള്ളിയുടെ ആദ്യ ചോദ്യം. അക്കാലത്ത് ഇ.കെ. നായനാര്‍ ആയിരുന്നു കേരളമുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ബ്രിട്ടീഷുകാര്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രയോഗിച്ചിരുന്നതും പിന്നീട് പൊടിപിടിച്ച് മൂലയിലെവിടെയോ കിടന്നിരുന്നതുമായ നാടകനിരോധനനിയമം പൊടിതട്ടിയെടുത്ത് നാടകക്കാരെ അറസ്റ്റുചെയ്യല്‍. കെ.ജെ. ബേബിയുടെ 'നാടുഗദ്ദിക' എന്ന നാടകം കളിച്ച വയനാട്ടിലെ ആദിവാസിനാടകപ്രവര്ത്തകരെ ഈയൊരു കരിനിയമത്തിന്റെ മറവിലായിരുന്നു നായനാരുടെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. നാടകം അവതരിപ്പിക്കണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നേരത്തെ സ്ക്രിപ്റ്റ് കൊടുത്ത് എസ്.ഐ. ഏമാന്റെ അപ്രൂവല്‍ വാങ്ങിക്കണം. ഇതായിരുന്നിരിക്കണം ഏഷ്യാനെറ്റില്‍ കോമഡിഷോ ആരംഭിക്കുന്നതിനു മുന്‍പുള്ള നായനാരുടെ ആദ്യത്തെ രാഷ്ട്രീയ കോമഡി.
എനിക്കായിരുന്നു അവിടെ അരങ്ങേറേണ്ടിയിരുന്ന നാടകത്തിന്റെ ചുമതല. ഞാനും സ്ഥലത്തെ പോലീസ് ഇന്‍സ്പെക്ടറുമായുള്ള നാടകീയസംഭാഷണം നമുക്ക് കേള്‍ക്കാം
ഇന്‍സ്പെക്ടര്‍: നാടകത്തിന്റെ സ്ക്രിപ്റ്റ് എവിടെ?
ഞാന്‍: ഇതിനു സ്ക്രിപ്റ്റ് ഇല്ല
ഇന്‍സ്പെക്ടര്‍: സ്ക്രിപ്റ്റ് ഇല്ലേ? അതെന്ത് നാടകം? അപ്പോള്‍ ഇതില്‍ ഡയലോഗ് ഒന്നുമില്ലേ?
ഞാന്‍: ഇല്ല, ഒരാള്‍ ചിരിക്കുന്നതും പിന്നീട് കരയുന്നതും മാത്രമേ ഈ നാടകത്തിലുള്ളൂ
ഇന്‍സ്പെക്ടര്‍: ഇതെന്താണ് മിമിക്രിയാണോ?
ഞാന്‍: ഒരു തരത്തില്‍ അങ്ങനെ
ഇന്‍സ്പെക്ടര്‍: എന്നാല്‍ ശരി. ഞങ്ങള്‍ റെക്കോഡ് ചെയ്യുന്നുണ്ട്. ഡയലോഗ് ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെ അറസ്റ്റുചെയ്യേണ്ടിവരും
ഞാന്‍: ആയിക്കോട്ടെ
അങ്ങനെ നാടകം തുടങ്ങി. പോലീസുകാര്‍ ടേപ്പ് റെക്കോഡര്‍ റെഡിയാക്കി. ജയപ്രകാശ് കുളൂരിന്റെ 'ചിരിപ്പെട്ടി' എന്ന ഒരു ഒറ്റയാള്നാടകമാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. രംഗത്ത് ഞാന്‍ ഒരാള്‍മാത്രം. അണിയറയില്‍ എന്‍.കെ. ശിവദാസന്‍ എന്ന വിദ്യാര്‍ഥി സഖാവ് മൈക്കിലൂടെ ആവശ്യത്തിനു ചിരിയും കരച്ചിലും വിളമ്പി നാടകത്തിന് മാറ്റുകൂട്ടി. തത്കാലം കാഴ്ചക്കാരെ പിടിച്ചിരുത്താനുള്ള ഒരു മൈം നാടകം മാത്രമായിരുന്നു അത്. നാടകം കഴിഞ്ഞു. സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യാന്‍ നായനാര്‍ ഏര്‍പ്പെടുത്തിയ പോലീസുകാരുടെ ടേപ്പ് റെക്കോഡറില്‍ വെറുംചിരിയും കരച്ചിലും ബാക്കി. സംഭാഷണങ്ങള്‍ ഏതുമില്ലാതെത്തന്നെ നാടകം രസിച്ച ജനം കൈയടിച്ചു. പോലീസുകാരാകട്ടെ, ടേപ്പ് റെക്കോഡറും പൂട്ടിക്കെട്ടി സ്ഥലംവിട്ടു. പിറ്റേദിവസത്തെ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ ഒരു പെട്ടിക്കോളം വാര്‍ത്തയുണ്ടായിരുന്നു. നിയമങ്ങള്‍ മറികടക്കുന്ന നാടകം എന്നോ മറ്റോ ആയിരുന്നു അതിന്റെ തലവാചകം. ഭാവിയില്‍ പ്രശസ്തനാകുമോ എന്നുറപ്പില്ലാത്തതുകൊണ്ട് മറ്റു പല വിപ്ലവകാരികളും ചെയ്യുന്നതുപോലെ പേപ്പര്‍ കട്ടിങ് സൂക്ഷിച്ചുവെക്കാന്‍ എനിക്കു തോന്നിയില്ല. ഈനാടകകഥയ്ക്ക് ഒരു വാല്‍ക്കഷണം കൂടിയുണ്ട്. മാസങ്ങള്‍ക്കുശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പരീക്ഷാനടത്തിപ്പിലെ ക്രമക്കേടിനെച്ചൊല്ലി വിദ്യാര്‍ഥികള്‍ സമരംതുടങ്ങി. അതിന്റെ ഭാഗമായി യൂണിവേഴ്സ്റ്റിറ്റി വൈസ് ചാന്‍സലറെ ഘെരാവോ ചെയ്യാന്‍ ഞങ്ങളുടെ സംഘടന തീരുമാനിച്ചു. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി എത്തിയ ഞങ്ങള്‍ പതിന്നാലുപേര്‍ യൂണിവേഴ്സിറ്റി കാമ്പസിലെത്തി. ഗറില്ലാമുറയില്‍ വൈസ് ചാന്‍സലറുടെ മുറി കൈയടക്കി അദ്ദേഹത്തെ ഘെരാവോ ചെയ്തു. പ്രൊഫ. കെ.എ. ജലീല്‍ ആയിരുന്നു അന്നത്തെ വൈസ്ചാന്‍സലര്‍. താമസിയാതെ പോലീസെത്തി ഞങ്ങളെ തൂക്കിയെടുത്ത് വാനിലിട്ടു. ആദ്യം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലേക്കും തുടര്‍ന്ന് തിരൂര്‍ ജയിലിലേക്കും അവിടന്ന് മഞ്ചേരി ജയിലിലേക്കും സുഖവാസത്തിനയച്ചു.
ജയിലില്‍ കിടക്കുന്ന ഞങ്ങളെ കാണാന്‍ ബന്ധുക്കള്വന്നു. കൂട്ടത്തില്‍ എന്റെ അച്ഛനും വന്നു. എനിക്ക് മാറിയുടുക്കുവാനുള്ളവസ്ത്രങ്ങളുമൊക്കെയായിട്ടാണ് അച്ഛന് വന്നത്. തിരിച്ചുപോകുന്ന ബസില്‍ അച്ഛന്റെ പരിചയക്കാരനായ ഒരു പോലീസുകാരനുണ്ടായിരുന്നു. താന്‍ ജയില്സന്ദര്ശിക്കാനുണ്ടായ കാരണവും മറ്റും ഏതു പിതാവിനെയുംപോലെ പുത്രശോകനായി അദ്ദേഹം പഴയ സുഹൃത്തുമായി പങ്കുവെക്കേണ്ട താമസം പോലീസുകാരന് സുഹൃത്ത് ദുഃഖംപങ്കിട്ടെടുത്തു: ''എന്തുചെയ്യാനാണ് മക്കള്‍ ഇങ്ങനെയായാല്‍!'' കൂട്ടത്തില്‍ തനിക്ക് അടുത്തകാലത്തുണ്ടായ ഒരനുഭവവും അയാള്പങ്കുവെച്ചു: ''ഇവന്മാര് ഇപ്പോള്‍ ഒരു നാടകവുമായി ഇറങ്ങിയിരിക്കയാണ്. നാടകത്തില്‍ ഡയലോഗില്ല. പക്ഷേ, അവര്‍ ഒളിപ്പിച്ചുവെച്ച അര്‍ഥം ഞങ്ങള്‍ പോലീസുകാര്‍ക്ക് മനസ്സിലായി. പണക്കാര് ആദ്യം ചിരിക്കും; പിന്നെ കരയേണ്ടിവരും. സംഭവംമറ്റേതുതന്നെ, തലവെട്ടല്‍'' (നാടകം എഴുതിയ ജയപ്രകാശ് കുളൂര്പോലും തന്റെ നാടകത്തെക്കുറിച്ച് ഇത്ര കടന്ന് ചിന്തിച്ചിട്ടുണ്ടാവില്ല )എന്നിട്ടയാള്‍ ഇതുകൂടി പറഞ്ഞു: ''ഒരു നാടകക്കാരന് എറങ്ങീട്ടുണ്ട് ഓന്റെ പണിയാ ഇത്.. ഓന്റെപേര് ഒരു ജോസ് എന്നോ മറ്റോ ആണ് ....'' അയാള്‍ ഓര്മിച്ചെടുക്കാന് ശ്രമിക്കുന്നതിനിടെ അച്ഛന് ചോദിച്ചു: ''ജോയ് എന്നാണോ?'' പോലീസുകാരന്റെ മുഖത്ത് കൊളംബസിന്റെ ചിരി, ''അതെ. നിങ്ങള്‍ക്ക് അറിയോ?'' അച്ഛന്: ''അത് എന്റെ മോനാണ്'' ഒരു ഞെട്ടലിന്റെ സമയപരിധിക്കുള്ളില്‍ പോലീസുകാരന് ബസില്‍നിന്ന് അപ്രത്യക്ഷനായി. പിന്നീട് അമ്മയില്‍നിന്നാണ് അച്ഛന് പറഞ്ഞതായി ഈ കഥ ഞാന്‍ കേട്ടത്.
* കുള്ളവിറയ്ക്കുക- പേടിയാവുക
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..