'ഒരിക്കലും അമ്മയെക്കുറിച്ചോര്‍ക്കരുത്, കൂടുതല്‍ അറിയാന്‍ ശ്രമിക്കരുത്': ഇന്ത്യയില്‍ ആദ്യമായി ഒരു വനിത തൂക്കിലേറാന്‍ ഒരുങ്ങുമ്പോള്‍


സുനില്‍ ഗുപ്ത

തൂക്കിലേറ്റപ്പെടാന്‍ വിധിക്കപ്പെട്ട സ്ത്രീ ഗര്‍ഭിണിയാണെന്ന് വിശദമായ വൈദ്യപരിശോധനയില്‍ തെളിഞ്ഞാല്‍ അവരെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

shabnam ali

2021 ഫെബ്രുവരി ഇരുപത്തിയൊന്നിന്, ഏറ്റവും ഒടുവിലായി മകനെ കണ്ടപ്പോൾ ശബ്നം അലി കെട്ടിപ്പിടിച്ചു ഉമ്മകളാൽ അവനെ പൊതിഞ്ഞു. അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ നിന്നുകൊണ്ട്, സുരക്ഷാവലയത്തിനകത്തുള്ള അമ്മയെ കാണുക എന്നത് പന്ത്രണ്ടുകാരനായ താജിന് ഓർമവെച്ചനാൾ മുതലുള്ള അനുഭവങ്ങളാണ്. ഇത്തവണ അമ്മയെ കണ്ടപ്പോൾ മകൻ പതിവിലും കൂടുതൽ സ്നേഹമറിഞ്ഞു. ജയിലിൽ ജോലി ചെയ്തു നേടിയ, തന്റെ കയ്യിൽ അന്നുവരെയുള്ള സമ്പാദ്യമെല്ലാം താജിന്റെ കൈകളിൽ പിടിപ്പിച്ച ശബ്നം മിഠായികളും അവനായി കരുതിയിരുന്നു. ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ശബ്നം മകനോടു പറഞ്ഞു: ''ഒരിക്കലും അമ്മയെ ഓർക്കരുത്, അമ്മയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കരുത്, അമ്മ ജനിച്ചുവളർന്ന നാട്ടിലേക്ക് പോകരുത്. ഉസ്മാൻ സെയ് ഫിയെ പിതാവായി കാണുക. അദ്ദേഹത്തിന്റെ ഭാര്യയെ മാതാവായിട്ടും.''

ഇന്ത്യയിൽ തൂക്കിലേറ്റപ്പെടാൻ പോകുന്ന ആദ്യവനിത എന്ന വിശേഷണത്താൽ കുപ്രസിദ്ധയാണ് ഉത്തർപ്രദേശുകാരിയായ ശബ്നം അലി. അവർക്കുള്ള തൂക്കുകയറാണ് മധുര ജയിലിൽ ഒരുങ്ങുന്നത്. സ്വന്തം കുടുബത്തിലെ ഏഴുപേരെ ഉറക്കഗുളിക നൽകിയശേഷം കഴുത്തറുത്തുകൊന്ന കേസിലാണ് ശബ്നം ശിക്ഷ നേരിടുന്നത്. കുറ്റം ചെയ്യുമ്പോൾ ഏഴ് ആഴ്ച ഗർഭിണിയായിരുന്നു ശബ്നം. കമിതാവ് സലീമുമൊത്തുള്ള വിവാഹത്തിന് കുടുംബം സമ്മതം നൽകാതിരുന്നതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. കൃത്യത്തിൽ പങ്കുചേർന്ന സലീമും വധശിക്ഷയിക്ക് വിധിക്കപ്പെട്ടിരിക്കുന്നു. ജയിലിൽ വെച്ച് താജ് എന്ന മകന് ജന്മം നൽകിയ ശബ്നം മകന് ആറ് വയസ്സ് തിയുന്നതുവരെ അവനെ ജയിലിൽ ഒപ്പം താമസിപ്പിച്ചു. വളർന്ന് വലിയ ആളാവുന്നതുവരെ സുരക്ഷിതമായിരിക്കാൻ ഏൽപിച്ചിരിക്കുന്നത് ശബ്നം സഹോദരനെപ്പോലെ കരുതുന്ന, കോളേജിലെ തന്റെ ജൂനിയറായിരുന്ന ഉസ്മാൻ സെയ് ഫിയെ ആണ്. സാമ്പത്തികശാസ്ത്രത്തിലും ജോഗ്രഫിയിലും മാസ്റ്റർ ബിരുദമുള്ള അധ്യാപികയായിരുന്നു ശബ്നം അലി.

shabnam ali
ഓരോ വിചാരണവേളകളിലും ഭാവഭേദങ്ങളൊന്നുമില്ലാതെ, വികാരപ്രകടനങ്ങളില്ലാതെ ശബ്നം കോടതിയിൽ ഹാജരായിരുന്നു. വധശിക്ഷ വിധിച്ചപ്പോൾ ശബ്നം കോടതിയോടു പറഞ്ഞു: ''സലീമാണ് എല്ലാറ്റിനും പ്രേരിപ്പിച്ചത്, അവൻ കാരണമാണ് താൻ കൊലപാതകിയായത്.'' സലീമാവട്ടെ ശബ്നത്തെയാണ് പഴിപറഞ്ഞത്. ശബ്നവുമായി ഒളിച്ചോടാൻ തീരുമാനിച്ച് രാത്രി അവളുടെ വീട്ടിലെത്തിയപ്പോഴേക്കും അരുംകൊലകൾ അവൾ നടത്തിക്കഴിഞ്ഞിരുന്നു എന്നാണ് സലീമിന്റെ വാദം.

ഉത്തർപ്രദേശിലെ പ്രമാദമായ അമ്രോഹ കൂട്ടക്കൊല നടന്നത് 2008 ഏപ്രിൽ പതിനാലിന് അർധരാത്രിയിലാണ്. സലീമുമായുള്ള ബന്ധത്തെ ശബ്നത്തിന്റെ വീട്ടുകാർ എതിർത്തത് അയാളുടെ സാമൂഹികവും സാമ്പത്തികവുമായുള്ള മോശം ചുറ്റുപാടുകളുടെ കാരണത്താലായിരുന്നു. രണ്ട് വിഷയങ്ങളിൽ മാസ്റ്റർ ബിരുദമുള്ള, കുടുംബത്തിലെ ഏറ്റവും സ്നേഹമയിയായിരുന്ന ശബ്നം ഈ പാതകം ചെയ്തു എന്ന അവളുടെ അമ്മാവന്മാർ ഇന്നും വിശ്വസിക്കുന്നില്ല. സെയ് ഫി മുസ്ലിം വിഭാഗത്തിൽപ്പെട്ട ഭൂവുടമകളാണ് ശബ്നത്തിന്റെ മാതാപിതാക്കൾ. സലീം ആണെങ്കിൽ ആറാം ക്ലാസിൽ പഠനമുപേക്ഷിച്ച പഠാൻ വിഭാഗത്തിൽപെട്ടയാളും. ദിവസക്കൂലിയ്ക്ക് വിവിധ തൊഴിലുകൾ ചെയ്യുന്ന സലീം ശബ്നത്തിന്റെ പിതാവിന്റെ തോട്ടത്തിലും പണിയ്ക്കുവരാറുണ്ടായിരുന്നു. അങ്ങനെയാണ് ഇവർ പ്രണയത്തിലാവുന്നതും വിലങ്ങുതടിയായവരെ ഉന്മൂലനം ചെയ്യുന്നതും.

മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദരഭാര്യയെയും ബന്ധുവിനെയും പത്തുമാസം പ്രായമായ സഹോദരന്റെ കുഞ്ഞിനെയുമാണ് ശബ്നം പാലിൽ ഉറക്കഗുളിക പൊടിച്ചുചേർത്ത് നൽകിയ ശേഷം മയക്കത്തിലായപ്പോൾ കഴുത്തറുത്ത് കൊന്നുകളഞ്ഞത്. കൃത്യം ചെയ്യുമ്പോൾ ഇരുപത്തിയഞ്ച് വയസ്സുതികഞ്ഞിട്ടില്ല.

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവാൻ ജലാദ് തന്നെയാണ് ശബ്നത്തിന്റെയും ആരാച്ചാർ. ഉത്തർപ്രദേശിലെ ബെയ്ലി ജയിലിൽ കഴിയുന്ന ശബ്നത്തെ എന്തിനാണ് മധുരയിൽ കൊണ്ടുപോയി തൂക്കിലേറ്റുന്നത്? ഇന്ത്യയിൽ സ്ത്രീകളെ തൂക്കിലേറ്റാനുള്ള സംവിധാനങ്ങളുള്ള ഒരേയൊരു ജയിലാണ് മധുര ജയിൽ. തൂക്കുമരവും മുറിയുമെല്ലാം ഫെബ്രുവരിയിൽ തന്നെ പവാൻ പരിശോധിക്കുകയും വേണ്ട സംവിധാനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. സ്ത്രീകളെ തൂക്കിലേറ്റാനുള്ള സംവിധാനങ്ങൾ ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയതാണ് അവിടെ. ഇന്നുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നതിനാൽ ഒരു മ്യൂസിയം പോലെ അവിടെയുണ്ട് എന്നുമാത്രം. നൂറ്റമ്പത് വർഷം മുമ്പേ പണികഴിക്കപ്പെട്ടതാണ് കഴുമരം. ശബ്നത്തെ താങ്ങാനുള്ള ശേഷി ഇല്ല എന്നാണ് പവാൻ റിപ്പോർട്ട് കൊടുത്തിരിക്കുന്നത്. കഴുമരം ഉറപ്പിക്കണം, രണ്ട് ഉറപ്പുള്ള തൂക്കുകയറുകൾ വാങ്ങണം, തൂക്കുമുറി വൃത്തിയാക്കണം പവാന്റെ ആവശ്യങ്ങൾ മധുര സീനിയർ ജയിൽ സുപ്രണ്ടിനുമുമ്പാകെ സമർപ്പിച്ചുകഴിഞ്ഞു.

സ്ത്രീകളെ തൂക്കിലേറ്റുമ്പോൾ എന്തെല്ലാം നിയമങ്ങൾ പാലിക്കേണ്ടതുണ്ട് എന്ന് നമ്മുടെ ജയിൽ മാനുവലിൽ കൃത്യമായി നിർദ്ദേശിക്കുന്നുണ്ട്. തൂക്കിലേറ്റപ്പെടാൻ വിധിക്കപ്പെട്ട സ്ത്രീ ഗർഭിണിയാണെന്ന് വിശദമായ വൈദ്യപരിശോധനയിൽ തെളിഞ്ഞാൽ അവരെ വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. അതേസമയം തൂക്കിലേറുമ്പോൾ രജസ്വലയാണോ അല്ലയോ എന്ന് നോക്കേണ്ടതില്ല. ഗർഭിണിയാണെന്നു തെളിഞ്ഞാൽ ജയിൽ ഐ.ജി സർക്കാരിനോട് അഭ്യർഥിക്കുന്നത് പ്രസവം വരെ വധശിക്ഷയ്ക്ക് ഇളവ് നൽകാനാണ്. പ്രസവം കഴിഞ്ഞാൽ തുടർ നിയമനടപടികളിലേക്ക് കടക്കാനുള്ള അധികാരം സർക്കാരിനുണ്ട്. താൻ ഗർഭിണിയാണെന്ന് തടവുകാരി വാദിക്കുകയും വൈദ്യപരിശോധനയിൽ കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജയിൽ സൂപ്രണ്ടിന് സർക്കാരിനോട് ഗർഭം ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ ആവശ്യമായ സമയം ചോദിക്കാവുന്നതാണ്. മരണവാറണ്ട് കിട്ടിക്കഴിഞ്ഞാൽ തടവുകാരിയെ മറ്റ് അന്തേവാസികളിൽ നിന്നും മാറ്റി പാർപ്പിക്കേണ്ടതും ഇരുപത്തിനാല് മണിക്കൂറും കാവൽ ഏർപ്പെടുത്തേണ്ടതുമാണ്. ജയിൽ ഡോക്ടറുടെ നിത്യേനയുള്ള ചെക്കപ്പുകളും അസുഖങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അതിന് ചികിത്സ നടത്തേണ്ടതുമാണ്. വധശിക്ഷയ്ക്കുവിധിക്കപ്പെട്ടവരുടെ ശരിയായ ഉറക്കം പോലും ജയിൽ രേഖപ്പെടുത്തണം. അതിനിടയിൽ വധശിക്ഷ റദ്ദുചെയ്യണമെന്നപേക്ഷിച്ചുകൊണ്ടുള്ള ദയാഹർജി സമർപ്പിക്കാനുള്ള സൗകര്യവും അതിന് സർക്കാരിൽ നിന്ന് വരുന്ന മറുപടിയും ജയിൽ അധികൃതർ രേഖപ്പെടുത്തേണ്ടതുണ്ട്. ദയാഹർജി തള്ളിപ്പോകുന്നുവെങ്കിൽ എന്ന് തൂക്കിലേറ്റണം എന്ന് തീരുമാനിക്കുന്നത് അതത് സംസ്ഥാന സർക്കാറാണ്.

ഗർഭാവസ്ഥ എന്നൊരു തടസ്സമൊഴികെ പുരുഷനായാലും സ്ത്രീയായാലും വധശിക്ഷാവിധികളെല്ലാം ഒരുപോലെ തന്നെയാണ്. വധശിക്ഷയ്ക്കുള്ള തീയതി തീരുമാനിക്കപ്പെട്ടുവെങ്കിൽ എപ്പോൾ കൃത്യം നിർവഹിക്കപ്പെടണം എന്ന് തീരുമാനിക്കുന്നത് ജയിൽ സൂപ്രണ്ടാണ്. ശിക്ഷ നടപ്പാക്കുന്ന സമയത്തെക്കുറിച്ച് ജയിൽ ഐ.ജിയ്ക്കും സെഷൻസ് ജഡ്ജിയ്ക്കും സർക്കാരിലേക്കും അറിയിപ്പുകൾ നൽകണം. വധശിക്ഷ നടപ്പാക്കുന്ന സമയവും പ്രധാനമാണ്. വളരെ രാവിലെ, സൂര്യനുദിക്കുംമുമ്പ് ശിക്ഷ നടപ്പാക്കിയിരിക്കണം. ശിക്ഷനടപ്പാക്കുന്ന കൃത്യസമയം അതത് ദിവസത്തെ കാലാവസ്ഥയനുസരിച്ച് തീരുമാനിക്കാവുന്നതാണ്. തൂക്കുമരത്തിന്റെ ബലം, കാര്യക്ഷമത തുടങ്ങിയവയെക്കുറിച്ച് എക്സിക്യുട്ടീവ് എഞ്ചിനീയർ നിശ്ചിത ഇടവേളകളിൽ റിപ്പോർട്ടുനൽകേണ്ടതുണ്ട്. തൂക്കിലേറുന്നതിന് നാലു ദിവസം മുമ്പ് തന്നെ മെഡിക്കൽ ഓഫീസർ ഫിറ്റ്നസ് നൽകണം. പ്രതിയുടെ ഭാരം നീളവും കണക്കുകൂട്ടിയതിനുശേഷം മെഡിക്കൽ ഓഫീസറാണ് തീരുമാനിക്കുക എത്രയടി ഉയരത്തിലാണ് തൂക്കിലേറ്റേണ്ടതെന്ന്. കോട്ടൺനൂലുകൊണ്ടുള്ള ഒന്നര ഇഞ്ച് കനമുള്ള കയറാണ് തൂക്കാൻ ഉപയോഗിക്കുക. ജയിലിനകത്ത് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സംവിധാനത്തിൽ വെച്ച് പ്രതിയെ തൂക്കിലേറ്റുമ്പോൾ ജയിൽ സൂപ്രണ്ട്, ഡെ.സൂപ്രണ്ട്, അസി.സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ, ജില്ലാ മജിസ്ട്രേറ്റ് എന്നിവർ ഉണ്ടായിരിക്കണം. പ്രതി ആഗ്രഹിക്കുന്നുവെങ്കിൽ അയാളുടെ മതാചാരപ്രകാരമുള്ള ഒരു പുരോഹിതനും കൃത്യത്തിന് സാക്ഷ്യം വഹിക്കാം. അതേസമയം ബന്ധുക്കൾക്കോ മറ്റു തടവുകാർക്കോ പ്രവേശിക്കാൻ അനുമതിയില്ല.

സൂപ്രണ്ടിന്റെ പ്രത്യേകാനുമതി ഉണ്ടെങ്കിൽ സയന്റിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്ററ് എന്നിവർക്ക് വരാം; വധശിക്ഷ സംബന്ധമായ ഗവേഷണം നടത്തുന്നവരാണെന്ന് ബോധ്യപ്പെട്ടാൽ മാത്രം. പത്തിൽ കുറയാത്ത സിവിൽ പോലീസ് ഓഫീസർമാരും രണ്ട് ഹെഡ്കോൺസ്റ്റബിൾമാരും ജയിലിൽ അന്ന് ഡ്യൂട്ടിയിലുണ്ടാവണം. വധശിക്ഷ നടപ്പാക്കുന്നതിന് ഒരു മണിക്കൂർ മുമ്പേ പോലീസ് സജ്ജമായിരിക്കണം. എല്ലാം ലോക്കപ്പുകളും കൃത്യമായി അടച്ചിരിക്കുകയും മറ്റു തടവുകാർക്ക് കാവൽ ഏർപ്പെടുത്തുകയും ചെയ്യണം. വധശിക്ഷാദിനത്തിൽ തൂക്കുമരത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുതന്നെ പ്രതിയുടെ മുഖം കറുത്തതുണികൊണ്ട് മറച്ചിരിക്കും. തൂക്കുമരം പ്രതി കാണാൻ പാടില്ല എന്നാണ് നിയമം. തൂക്കുമരത്തിനടുത്തെത്തിയാൽ പിന്നെ ആരാച്ചാരാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. കയറിനുനേരെ താഴെയായി പ്രതിയെ നിർത്തുക, കൈകൾ മുറുക്കികെട്ടുക, കഴുത്തിൽ കയർ ശരിയാംവണ്ണം കുരുക്കുക, കൃത്യം നിർവഹിക്കുക, ശരീരം നിശ്ചലമാവുന്നതുവരെ തന്റെ പൊസിഷനിൽ നിന്നും അനങ്ങാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ആരാച്ചാരുടെ ചുമതലയാണ്. അരമണിക്കൂർ ബോഡി തൂങ്ങിത്തന്നെ നിൽക്കണം. മെഡിക്കൽ ഓഫീസർ ജീവനില്ല എന്ന് രേഖപ്പെടുത്തിയതിനുശേഷം മാത്രമേ നിലത്തിറക്കാൻ പാടുള്ളൂ. ബോഡി കാണാൻ ബന്ധുക്കൾ മുൻകൂട്ടി അനുമതി വാങ്ങിയിട്ടുണ്ടെങ്കിൽ അവരെ ബോഡി കാണിക്കണം. ക്രമസമാധാനത്തെ ബാധിക്കാത്ത തരത്തിൽ, മറ്റുപ്രകോപനങ്ങൾ ഉണ്ടാവില്ല എന്ന ഉറപ്പോടെ ബന്ധുക്കൾക്ക് സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാം. ഇനിയഥവാ പ്രകോപനം ഉണ്ടാവുമെന്ന് സൂപ്രണ്ടിനു ബോധിച്ചാൽ ബന്ധുക്കളെ അനുവദിക്കാതിരിക്കാനുമുള്ള അധികാരവും സൂപ്രണ്ടിനുണ്ട്. അതത് മതത്തിൽപെട്ട ആചാരമര്യാദകളോടെയും ബോഡി സംസ്കരിക്കേണ്ട ഉത്തരവാദിത്തവും ജയിൽ സൂപ്രണ്ടിനുണ്ട്.

സ്വതന്ത്ര ഇന്ത്യയിൽ ഇന്നേവരെ ഒരു സ്ത്രീ തൂക്കിലേറ്റപ്പെട്ടില്ല എന്നതിനാൽ ഷബ്നം അലിയുടെ ശിക്ഷാവിധി നമുക്ക് പുതുമയുള്ളതാണ്. ഷബ്നം അലിയുടെ മരണവാറണ്ടിനെക്കുറിച്ചുള്ള വാർത്തകൾ കേട്ടപ്പോൾ അഫ്സൽ ഗുരുവിനെ ഓർത്തു. അവസാനമായി അഫ്സൽ ഗുരു പാടിയത്തന്ന ബാദലിലെ ഗാനം ഓർമവരുന്നു: അപ്നേ ലിയേ ജിയേ, തോ ജീ ആ ദിൽസമാനെ കേ ലിയേ...(നമുക്കുവേണ്ടി മാത്രം ജീവിക്കുന്നതിൽ എന്തർഥമാണുള്ളത്, എന്റെ ഹൃദയം തുടിച്ചത് മറ്റുള്ളവർക്കുവേണ്ടിയാണ്...)

Co-Authored by Shabitha

(തുടരും)

Content Highlights : Jail and Justice Sunil Gupta Writes about Shabnam Ali the first women willbe hanged in India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented