റബ്ബറിന്റെ കാലം; കാര്‍ഷിക അടിമയല്ലെങ്കില്‍ കുഞ്ഞുമക്കളുടെ കൈ അറുത്തെടുക്കല്‍! കോംഗോയെന്ന നരകം!


ദിനകരന്‍ കൊമ്പിലാത്ത്

അതിനാല്‍ അയാളുടെ ചെറിയ മകളുടെയോ മകന്റെയോ കൈ മുട്ടിനടുത്തുവെച്ച് മുറിച്ചുകളയും. ഈ കാഴ്ച എന്നും കാണുന്ന കര്‍ഷകന്‍ പിന്നാലെ മിണ്ടാതെ പണിയെടുത്തുകൊള്ളും. ജോലിചെയ്യാത്തവരെ മുഴുവന്‍ കൊന്നും കൈവെട്ടിയും പട്ടിണിക്കിട്ടും ശിക്ഷിച്ചു.

ഫോട്ടോ പി.ടി.ഐ

ന്ധകാരത്തിന്റെ ഹൃദയം എന്നാണ് ആഫ്രിക്കന്‍ രാജ്യമായ കോംഗോ വിളിക്കപ്പെടുന്നത്. ഒരു രാജ്യം അതിന്റെ ചരിത്രത്തിലുടനീളം ഹൃദയമില്ലാത്ത മനുഷ്യചെയ്തികള്‍ക്കിരയായി. ഭരണാധികാരികള്‍ വംശീയസമൂഹങ്ങളെ അറുത്തുമുറിച്ചും അടിച്ചോടിച്ചും രാജ്യത്തെ കൈപ്പിടിയിലൊതുക്കി.
ദാരിദ്ര്യവും പകര്‍ച്ചവ്യാധിയും സൃഷ്ടിക്കുന്ന കോംഗോയിലെ കൂട്ടമരണങ്ങളുടെ മൂലകാരണങ്ങള്‍ പലപ്പോഴും വെളുത്ത ബോധങ്ങളുടെ രാഷ്ട്രീയസൃഷ്ടിയാണെന്ന് ചരിത്രം പറയും. ബെല്‍ജിയത്തിന്റെ 'വെളുത്ത' രാജാവ് ലിയോപോള്‍ഡ് രണ്ടാമന്റെ കിങ്കരന്‍മാര്‍ വെട്ടിയെടുത്ത കോംഗോയിലെ പാവപ്പെട്ട കര്‍ഷകരുടെ തലയും കൈകാലുകളും (കൈകള്‍ വെട്ടിയെടുക്കുന്നത് വ്യാപകമായ ശിക്ഷാരീതിയായിരുന്നു) കോംഗോയുടെ പഴയകാലചരിത്രത്തിന്റെ മണ്ണില്‍ വീണുകിടക്കുന്നത് കാണാം.

തിമൂറും ചെങ്കിസ്ഖാനും തോറ്റുപോകുന്ന മനുഷ്യവേട്ട നടത്തിയ വ്യക്തിയാണ് കോംഗോ (ഇന്നത്തെ ഡി.ആര്‍. കോംഗോ) വിലയ്‌ക്കെടുത്ത് വെട്ടിപ്പിടിച്ച ബെല്‍ജിയം രാജാവ് ലിയോപോള്‍ഡ് രണ്ടാമന്‍. രാജ്യത്തെ കുത്തകയാക്കിവെച്ച് കൊള്ളയടിച്ച ലിയോപോള്‍ഡ് മുതല്‍ സമ്പൂര്‍ണമായി രാജ്യത്തെ കൊള്ളയടിച്ചും അധികാരം പിടിച്ചെടുത്തും ജനങ്ങളെ നരകിപ്പിച്ച ക്രൂരനായ ജോസഫ് മൊബൂട്ട വരെ കോംഗോയ്ക്ക് സംഭാവനചെയ്തത് മരണപ്പെയ്ത്ത് മാത്രമാണ്.

കോംഗോയിലെ ഏറ്റവും വലിയ ഗോത്രമാണ് ബകോംഗോ. വേട്ടക്കാരന്‍ എന്നാണ് അര്‍ഥം. ബി.സി. 500-ല്‍ ഇവര്‍ കുടിയേറിയതായി പറയപ്പെടുന്നു. 15-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ അധിനിവേശം വന്നതോടെ കോംഗോ രാജ്യത്തിന്റെ തകര്‍ച്ചതുടങ്ങി. ന്യൂനപക്ഷവിഭാഗമായ കിബാംഗാ ഗോത്രക്കാരും ഇവിടെ ശക്തമാണ്. ബകോംഗോയ്ക്കുശേഷം നിരവധി ഗോത്രങ്ങള്‍ കോംഗോയുടെ മണ്ണില്‍ തിടംവെച്ച് വളര്‍ന്നു.

എ.ഡി. അഞ്ചാം നൂറ്റാണ്ടില്‍ ഇവിടെ കുടിയേറിയ ഗോത്രമാണ് ബാണ്ടു ഗോത്രമായ ലൂബ. പടിഞ്ഞാറന്‍ കോംഗോയിലും കോംഗോ റിപ്പബ്ലിക്കിലുമായി ഇവര്‍ താമസിക്കുന്നു. ഇവരും അധിനിവേശത്തിന്റെ ഭാഗമായി തകര്‍ന്നു. എല്ലാവരും ക്രിസ്തുമതത്തിലേക്ക് മാറി. പക്ഷേ, വംശീയപ്പോരിന് ഒരു കുറവുമില്ല.
250-ലധികം ഗോത്രങ്ങളുണ്ട് ഡി.ആര്‍. കോംഗോയില്‍ ഇപ്പോള്‍; ഏഴുകോടിയോളം ജനങ്ങള്‍. നിലവില്‍ രാജ്യത്ത് 80 ശതമാനം പേരും ക്രിസ്ത്യാനികളാണ്. പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും ബെല്‍ജിയംകാരും എല്ലാം തരംപോലെ കോംഗോയെ ഊറ്റിയെടുത്തു.

വംശീയപ്പോരും പട്ടാളഭരണക്കൊതിയും അഭയാര്‍ഥിപ്രശ്‌നവും ഒന്നും രണ്ടും കോംഗോയുദ്ധങ്ങളും അയല്‍രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങളും ദാരിദ്ര്യവും ഒക്കെ ചേര്‍ന്നതാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ദുരന്തപൂര്‍ണമായ ആധുനിക ചരിത്രപശ്ചാത്തലം. 1994-ല്‍ റുവാണ്‍ഡയിലെ കൂട്ടവംശഹത്യയുടെ ബാക്കിപത്രം കോംഗോയിലാണ് പ്രശ്‌നമുണ്ടാക്കിയത്. പാശ്ചാത്യശക്തികള്‍ റുവാണ്‍ഡയിലും കംബോഡിയയിലും ദക്ഷിണാഫ്രിക്കയിലുമെന്നപോലെ അധികാരം പിടിച്ചുപറ്റാനും നിലനിര്‍ത്താനുമായി ഗോത്രപ്പോരിനും യുദ്ധങ്ങള്‍ക്കും ഇന്ധനം പകര്‍ന്നു. പിന്നീട് ഭരണം തന്നാട്ടുകാരായ പട്ടാളമേധാവികള്‍ക്ക് നല്‍കി. അവരെ റിമോട്ട് കണ്‍ട്രോളാക്കി ഈ ശക്തികള്‍ മാറിമാറി നിയന്ത്രിച്ചു. ബെല്‍ജിയത്തിന്റെ പിന്തുണയോടെ ഗോത്രവര്‍ഗത്തിന്റെ വലിയൊരു വിഭാഗത്തെ ക്രിസ്തുമതവത്കരിച്ചുകഴിഞ്ഞിരുന്നു. അങ്ങനെ സമ്പൂര്‍ണമായ ക്രിസ്തുമതമേധാവിത്വമുള്ള രാജ്യമായി കോംഗോ മാറി. മുസ്ലിം മേധാവിത്വമുള്ള യുഗാണ്‍ഡയ്ക്ക് ഇത് സഹിക്കാന്‍ പറ്റാത്തതുമായിരുന്നു. തൊണ്ണൂറുകളില്‍ രണ്ട് കോംഗോ യുദ്ധങ്ങളില്‍ മാത്രം മരിച്ചവര്‍ 40 ലക്ഷം പേരാണ്.

ദാരിദ്ര്യത്തിന്റെ തടാകമായ കോംഗോ പ്രകൃതിസമ്പത്തിനാല്‍ സമ്പന്നമാണ്. മധ്യ ആഫ്രിക്കയിലെ അതിവിശാലമായ ഈ രാജ്യത്താണ് ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്. ചെമ്പ്, സ്വര്‍ണം, എന്നിവയുടെ വലിയ ശേഖരംതന്നെ ഇവിടെയുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷവും ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ വംശീയവിദ്വേഷത്തിലും പട്ടാളനടപടികളിലും കൊല്ലപ്പെട്ട രാജ്യമാണ് ഡി.ആര്‍. കോംഗോ. കോംഗോ എന്നുപേരുള്ള രണ്ട് രാജ്യങ്ങളുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും കോംഗോ റിപ്പബ്ലിക്കും. രണ്ടും അയല്‍രാജ്യങ്ങളാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ കോംഗോ നദിയില്‍നിന്നാണ് കോംഗോയ്ക്ക് ആ പേര്‍ ലഭിച്ചത്. ഡി.ആര്‍. കോംഗോയിലൂടെയാണ് നാലായിരത്തിലധികം കിലോമീറ്റര്‍ ഒഴുകി കോംഗോ നദി അറ്റ്ലാന്റിക്കില്‍ പതിക്കുന്നത്. സര്‍വനദികളെയും വിഴുങ്ങുന്ന നദി എന്ന അര്‍ഥത്തില്‍ കികോംഗാ എന്നും കോംഗോ നദിക്ക് പേരുണ്ട്.

എന്നും സംഘര്‍ഷഭരിതമായ കോംഗോ വിവിധ പേരുകളിലൂടെ മാറിമാറിയാണ് ഡി.ആര്‍. കോംഗോ എന്ന പേരില്‍ എത്തിനില്‍ക്കുന്നത്. മാറിമാറിവരുന്ന ഭരണാധികാരികള്‍ കോംഗോവിന്റെ പേര് മാറ്റിക്കൊണ്ടിരുന്നു. കോംഗോ ഫ്രീസ്റ്റേറ്റ്, ബല്‍ജിയംകോംഗോ, റിപ്പബ്ലിക് ഓഫ് കോംഗോ സയര്‍, കോംഗോ ലിയോപോള്‍ഡ് വില്‍, അങ്ങനെ പല പേരുകള്‍. വിവിധ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളിലാണ് വിശാലമായ ഡി.ആര്‍. കോംഗോ. വടക്ക് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കുകള്‍, സുഡാന്‍, കിഴക്ക് യുഗാന്‍ഡ,റുവാണ്‍ഡ, ബുറുണ്‍ഡി,ടാന്‍സാനിയ. തെക്ക് സാംബിയ,അംഗോള. പടിഞ്ഞാറ്് റിപ്പബ്ലിക് ഓഫ് കോംഗോ, ആകെ ഒമ്പത് അയല്‍രാജ്യങ്ങളാല്‍ സമ്പന്നമാണ് ഈ രാജ്യം.

പത്തുമുതല്‍ 15-ാം നൂറ്റാണ്ടുവരെ കോംഗോ എന്ന വലിയ രാജ്യത്തിന്റെ പ്രഭവകാലമാണെന്ന് പറയാം. തദ്ദേശീയര്‍ തന്നെയാണ് അവിടെ ഭരണംനടത്തിയത്.18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് യൂറോപ്യന്‍ അധിനിവേശം ആഫ്രിക്കയിലെ കന്യാവനങ്ങളിലേക്ക് വരുന്നത്. ആദ്യം പോര്‍ച്ചുഗീസുകാരും പിന്നെ ബല്‍ജിയംകാരും എത്തി. ബല്‍ജിയം രാജാവായ ലിയോപോള്‍ഡ് രണ്ടാമന്‍ ഹെന്‍ട്രി മോര്‍ട്ടന്‍ സ്റ്റാന്‍ലി എന്ന പര്യവേക്ഷകനെ കോംഗോയില്‍ അയയ്ക്കുന്നുണ്ട്. അദ്ദേഹമാണ് ആ രാജ്യത്തെ വിസ്മയിപ്പിക്കുന്ന പ്രകൃതിസമ്പത്ത് മനസ്സിലാക്കിയത്. പിന്നീട് അവിഭക്ത കോംഗോകളെ ഒന്നിച്ച് ഒറ്റ കോളനിയാക്കി ലിയോപോള്‍ഡ് ബല്‍ജിയം ഭരണത്തിന് കീഴിലാക്കി. സ്റ്റാന്‍ലി മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍കൂടിയായിരുന്നു. ആഫ്രിക്കയുടെ ഇരുട്ടിലാണ്ടുപോയ പല രഹസ്യങ്ങളും പുറത്തെത്തിച്ചത് സ്റ്റാന്‍ലി ആയിരുന്നു. കോംഗോവില്‍ കാണാതായ ബ്രിട്ടീഷ് മിഷനറിയായ ഡേവിഡ് ലിവിങ്സ്റ്റണെ 1871-ല്‍ കണ്ടെത്തിയതും സ്റ്റാന്‍ലി ആയിരുന്നു.

കോംഗോവിലെ സമ്പത്തില്‍ ആര്‍ത്തിപിടിച്ച ലിയോപോള്‍ഡ് ആ രാജ്യത്തെ ഒരു വലിയ ചന്തയായി മാത്രമേ കണ്ടുള്ളൂ. അവിടെയുള്ള മനുഷ്യരെ, വംശീയഗോത്രങ്ങളെ അധ്വാനിക്കുന്ന ജൈവയന്ത്രങ്ങളായും അദ്ദേഹം പരിണാമപ്പെടുത്തി. 1885ലെ ബര്‍ലിന്‍ ഉച്ചകോടിയില്‍ തന്റെ അസാമാന്യമായ സ്വാധീനവും സമ്പത്തും കാണിച്ച് ലിയോപോള്‍ഡ് കോംഗോയുടെ അവകാശം തീറെഴുതി വാങ്ങി. അതോടെ ആ രാജ്യം അദ്ദേഹത്തിന്റെ സ്വകാര്യസ്വത്തായി. രാജ്യത്തിന്റെ പേര് കോംഗോ ഫ്രീസ്റ്റേറ്റ് എന്നാക്കി മാറ്റുകയുംചെയ്തു.

ലിയോപോള്‍ഡ് രണ്ടാമന്റെ പ്രതിമ

റബ്ബര്‍ കണ്ടുപിടിച്ച കാലമായിരുന്നു അത്. കോംഗോവിന്റെ കാലാവസ്ഥ റബ്ബറിന് അനുയോജ്യവുമായി ലിയോപോള്‍ഡിന്റെ ആള്‍ക്കാര്‍ ലക്ഷക്കണക്കിന് ഏക്കറില്‍ റബ്ബര്‍ കൃഷിതുടങ്ങി. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരോടും പണിക്കിറങ്ങാന്‍ ലിയോപോള്‍ഡിന്റെ പട്ടാളം ആവശ്യപ്പെട്ടു. ജോലിചെയ്യിക്കാനായി ബല്‍ജിയം പിന്തുണയുള്ള പട്ടാളക്കാര്‍ ഇറങ്ങി. തന്നാട്ടുകാരായ ഗുണ്ടകളും. സ്വന്തംനാട്ടില്‍ സ്വതന്ത്രരായി ജീവിച്ച മനുഷ്യര്‍ ചുരുങ്ങിയ ദിവസംകൊണ്ട് ആ നാട്ടിലെ കാര്‍ഷിക അടിമകളായി. വംശീയമായി തമ്മിലടിപ്പിച്ചുകൊണ്ടായിരുന്നു പ്രശ്‌നങ്ങളെ പലപ്പോഴും ഒതുക്കിയത്.

ചുരുങ്ങിയ കാലംകൊണ്ട് കോംഗോയിലെ കുട്ടികള്‍ ഒരു കൈ ഇല്ലാത്തവരായി മാറി. ജോലിചെയ്യാത്ത തൊഴിലാളികളുടെ കൈവെട്ടാനാണ് ഉത്തരവ്. പക്ഷേ, കൈവെട്ടിയാല്‍ പിന്നീട് അയാള്‍ക്ക് ജോലിചെയ്യാന്‍ പറ്റാത്ത സ്ഥിതി വരും. അതിനാല്‍ അയാളുടെ ചെറിയ മകളുടെയോ മകന്റെയോ കൈ മുട്ടിനടുത്തുവെച്ച് മുറിച്ചുകളയും. ഈ കാഴ്ച എന്നും കാണുന്ന കര്‍ഷകന്‍ പിന്നാലെ മിണ്ടാതെ പണിയെടുത്തുകൊള്ളും. ജോലിചെയ്യാത്തവരെ മുഴുവന്‍ കൊന്നും കൈവെട്ടിയും പട്ടിണിക്കിട്ടും ശിക്ഷിച്ചു. പാവങ്ങളെ ചൂഷണംചെയ്ത് സ്വന്തമായി കൊട്ടാരങ്ങള്‍ പണിത ലിയോപോള്‍ഡ് പണം മുഴുവന്‍ ബല്‍ജിയത്തിലേക്ക് കടത്തി.

പകര്‍ച്ചവ്യാധി പിടിപെട്ട രോഗികള്‍പോലും തോട്ടത്തിലിറങ്ങേണ്ടിവന്നു. ക്വാട്ട തികയ്ക്കാത്ത തൊഴിലാളികളുടെ കൈവെട്ടി. രണ്ട് ലക്ഷത്തോളം പേരുടെ കൈവെട്ടിക്കളഞ്ഞതായാണ് കണക്ക്. 1885നും 1908നും ഇടയില്‍ ലിയോപോള്‍ഡിന്റെ ഭരണത്തില്‍ ഒരുകോടിയോളം പേര്‍ മരിച്ചു. വംശങ്ങള്‍ പലതും കുറ്റിയറ്റു. കോംഗോ പശ്ചാത്തലമാക്കി ജോസഫ് കോണ്‍റാഡ് എഴുതിയ Heart of Darkness എന്ന നോവല്‍ ലോകശ്രദ്ധനേടിയിരുന്നു. അന്ധകാരത്തിന്റെ പശ്ചാത്തലത്തില്‍ കോംഗോപോലുള്ള ഒരു രാജ്യത്തെ പാശ്ചാത്യര്‍ എങ്ങനെ കൈകാര്യംചെയ്തു എന്നാണ് നോവല്‍ പറയുന്നത്. ലിയോപോള്‍ഡിന്റെ ഭരണംതന്നെയാണ് പശ്ചാത്തലം.

1908-ല്‍ ബല്‍ജിയം പാര്‍ലമെന്റ് ചേര്‍ന്ന് ലിയോപോള്‍ഡ് രാജാവിന്റെ സ്വകാര്യസ്വത്ത് എന്ന അധികാരം എടുത്തുമാറ്റി. പേര് ബല്‍ജിയം കോംഗോ എന്നാക്കി. ലിയോപോള്‍ഡിന് കോംഗോവിന്റെ മേലുള്ള അധികാരവും നഷ്ടമായി.
അതിനിടെ കോംഗോയില്‍ യുറേനിയം സമ്പത്ത് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബല്‍ജിയം ആ രാജ്യത്തെ വിട്ടുകൊടുക്കാതെ കൈപ്പിടിയിലാക്കി. രണ്ടാംലോകയുദ്ധത്തിന്റെ അവസാനം ഹിരോഷിമയിലും നാഗസാക്കിയിലും പരീക്ഷിച്ച ബോംബിന് യുറേനിയം ശേഖരിച്ചത് കോംഗോയില്‍ നിന്നാണ്. 1885മുതല്‍ 1960വരെ യൂറോപ്യന്‍ കോളനിവത്കരണമാണ് കോംഗോവില്‍ നടന്നത്. 1960-ലാണ് രാജ്യം പേരിനെങ്കിലും സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നത്. ഇത് ഒരു വലിയ പ്രക്ഷോഭത്തെത്തുടര്‍ന്നായിരുന്നു. 1950 കളില്‍ കമ്യൂണിസ്റ്റ് ചായ്വുള്ള പാട്രിസ് ലുമുംബയുടെ നേതൃത്വത്തില്‍ 'എം.എന്‍.സി മൂവ് മെന്റ് നാഷണല്‍ കോംഗോളീസ്' എന്ന സംഘടന സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ ഏകോപിപ്പിച്ചു. 1960-ല്‍ ലുമുംബ പ്രധാനമന്ത്രിയായി. ലുമുംബയുടെ കടന്നുവരവ് അമേരിക്കയ്ക്ക് ദഹിച്ചില്ല. കമ്യൂണിസ്റ്റ് വിശ്വാസിയായ ലുമുംബയ്‌ക്കെതിരേ സി.ഐ.എ കരുനീക്കംതുടങ്ങി. അതിനായി ലുമുംബയുടെ അനുയായിയും സൈനികത്തലവനുമായ ജോസഫ്മൊബുട്ടുവിനെ അവര്‍ പാട്ടിലാക്കി. 1961 ജനുവരി 17ന് ലുമുംബ കൊല്ലപ്പെട്ടു. ജനറല്‍ സെസെ സെക്കോ മൊബുട്ടു ഭരണം പിടിച്ചെടുത്തു. മൊബുട്ടു രാജ്യത്തിന്റെ പേര് സയര്‍ എന്നാക്കി മാറ്റി.

ലുംമുംബ

ഭീകരമായ പട്ടാള അടിച്ചമര്‍ത്തല്‍ തന്നെയാണ് പിന്നെ നടന്നത്. രാജ്യത്തിന്റെ പലഭാഗത്തും അക്രമങ്ങള്‍ നടന്നു. സമ്പൂര്‍ണ ഏകാധിപത്യം. 1984ല്‍ മാത്രം ഖജനാവില്‍നിന്ന് 400 കോടി ഡോളറാണ് ഭരണാധികാരിതന്നെ കൊള്ളയടിച്ചത്. പണം സ്വിസ്ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടു. മൊബുട്ടുവിന്റെ കമ്യൂണിസ്റ്റ് വിരോധം അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ഏറെ പ്രിയമായിരുന്നു. വംശീയപ്പോര് മൂര്‍ച്ചിപ്പിച്ചാണ് അദ്ദേഹം ഭരണം നിലനിര്‍ത്തിയത്. ലുംമുംബയെ സ്നേഹിച്ച ഇടതുപക്ഷക്കാരെ മുഴുവന്‍ മൊബുട്ടു തുടച്ചുനീക്കി.

1994ല്‍ റുവാണ്‍ഡന്‍ വംശഹത്യയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ കോംഗോയിലെത്തി. കൂട്ടക്കൊലഭയന്ന് അഭയാര്‍ഥികളായി എത്തിയ തുത്സി ഗോത്രക്കാരാണെങ്കില്‍ പിന്നീട് റുവാണ്‍ഡന്‍ പാട്രിയോട്ട് ഫ്രണ്ടിന്റെ നേതാവ് പോള്‍ കഗാമ അധികാരത്തില്‍ വന്നതോടെ ഹുടുവംശജര്‍ ആണ് തിരിച്ചടി ഭയന്ന് കോംഗോയിലേക്ക് അഭയാര്‍ഥികളായി എത്തിയത്. ബദ്ധശത്രുക്കള്‍ രണ്ടുവിഭാഗവും എത്തിയതോടെ കോംഗോ സംഘര്‍ഷഭരിതമായി. 20 ലക്ഷത്തോളം ഹുടു അഭയാര്‍ഥികളാണ് ആദ്യം കോംഗോയില്‍ എത്തിയത്. ഈ ഹുടുക്കളെല്ലാം ചേര്‍ന്ന് 'ഫെഡറേഷന്‍ ഓഫ് ലിബറേഷന്‍ ഓഫ് റുവാണ്‍ഡ' എന്ന സംഘടനയ്ക്ക് രൂപംകൊടുത്തു. കോംഗോയിലും ഈ സംഘടന റുവാണ്‍ഡന്‍ തുത്സികളെ വേട്ടയാടി. റുവാണ്‍ഡയില്‍ ഭീകര വംശഹത്യനടത്തിയ ഹടുക്കളെ സംരക്ഷിച്ചതിന്റെ പേരില്‍ റുവാണ്‍ഡയും ഉഗാണ്‍ഡയും ചേര്‍ന്നാണ് ഡി.ആര്‍. കോംഗോയെ ആക്രമിച്ചത്. രണ്ട് ഗോത്രങ്ങള്‍ക്കുമായി കോംഗോവിന് അകത്തുംപുറത്തും പ്രത്യേക തീവ്രവാദ സംഘങ്ങള്‍ രൂപംകൊണ്ടു. സര്‍ക്കാരിനെ അംഗീകരിക്കുന്നവരും വിമതരും ഇരുപക്ഷത്തിന് വേണ്ടി നിലയുറപ്പിച്ചു. ഈ സംഘര്‍ഷ സാധ്യതയില്‍നിന്നാണ്. ലോറന്റ് കബിലയുടെ നേതൃത്വത്തില്‍ വിമതസൈന്യം കോംഗോ പ്രസിഡന്റ് മൊബുട്ടിനെതിരേ അട്ടിമറി നീക്കം നടത്തിയത്. 1997-ല്‍ മൊബുട്ടു നാടുവിട്ടു. കബില പ്രസിഡന്റായി.

പിന്നീട് റുവാണ്‍ഡയുടെയും യുഗാണ്‍ഡയുടെയും സൈനികപിന്തുണയോടെ ഒരുവിഭാഗം കബിലയ്‌ക്കെതിരേ യുദ്ധത്തിലായി. അതിനിടെ സിംബാബ്വെ, അംഗോള, ചാഡ്, നമീബിയ, സുഡാന്‍ എന്നീ രാജ്യങ്ങള്‍ കബിലയ്ക്ക് സൈന്യത്തെ അയച്ചുകൊടുത്തു. മധ്യ ആഫ്രിക്കയാകെ യുദ്ധക്കളമായി.
2001-ല്‍ സ്വന്തം അംഗരക്ഷകനാല്‍ കബില കൊല്ലപ്പെട്ടു. ഇത് രഹസ്യമായ അട്ടിമറിയായിരുന്നു. മകന്‍ ജോസഫ് കബില പ്രസിഡന്റ് സ്ഥാനത്ത് വന്നു. 2003-ല്‍ വിമതര്‍ ജോസഫ് കബിലയ്‌ക്കെതിരേ തിരിഞ്ഞു. രണ്ടാം കോംഗോയുദ്ധം ഭീകരമായ കൂട്ടക്കൊലയുടെ കാലമായി. 50 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. യു.എന്‍. തിരിഞ്ഞുനോക്കിയില്ല. അതിനിടെ 2014 മുതല്‍ '16 വരെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പൊട്ടിപ്പുറപ്പെടുന്നുണ്ട്. ഇത് 20,000 പേരുടെ മരണത്തിനിടയാക്കി.

1996 മുതല്‍ ഇന്നുവരെയുള്ള അക്രമത്തിലും വംശഹത്യയിലും ഏകദേശം ആറ് ദശലക്ഷത്തോളം പേര്‍ കോംഗോയില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷമേഖലയിലെ മരണം. ഒന്നും രണ്ടും കോംഗോ യുദ്ധങ്ങളിലും അതിനുശേഷവും കൊള്ളയും കൂട്ടക്കൊലകളും ലൈംഗികാതിക്രമങ്ങളും വ്യാപകമായി നടന്നു.

ഏറ്റവും വലിയ പോരാട്ടം ഡി.ആര്‍.സി. കോംഗോയും റുവാണ്‍ഡയും തമ്മിലുള്ള അതിര്‍ത്തിയിലായിരുന്നു. അതോടൊപ്പം രാജ്യത്തിന്റെ മധ്യഭാഗത്ത് അഞ്ചു വലിയ പ്രവിശ്യങ്ങള്‍ ഉള്‍പ്പെടുന്ന കസായി മേഖലയില്‍ വംശീയ മിലീഷ്യകള്‍ രണ്ടുഭാഗങ്ങളായി പോരടിച്ചു. സൈന്യവുമായി ഏറ്റുമുട്ടലുകളും 2017 വരെ നടന്നു. ഇതോടെ ആയിരക്കണക്കിനാളുകള്‍ മേഖലവിട്ടോടി. കോംഗോ കണ്ട ഏറ്റവും വലിയ കുടിയിറക്കലിന് പ്രദേശം വേദിയായി. 2017-18-ലെ കണക്ക് നോക്കിയാല്‍ ഡി.ആര്‍. കോംഗോയില്‍നിന്ന് 21 ലക്ഷം ആളുകളാണ് വേരുകള്‍ അറുത്തുമാറ്റപ്പെട്ട് ഓടിപ്പോകേണ്ടിവന്നത്. അതിനുമുന്‍പും ലക്ഷക്കണക്കിനാള്‍ക്കാര്‍ കുടിയിറക്കപ്പെട്ടിരുന്നു. മൊത്തം 45 ലക്ഷം വരും. 1.03 കോടി ആളുകള്‍ മതിയായ ഭക്ഷണമില്ലാതെ നരകിക്കുന്ന രാജ്യത്താണ് ഇത് നടക്കുന്നത്. ഇതില്‍ 13 ലക്ഷത്തിലധികം പേരും അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളാണ്. ഭക്ഷണം മാത്രമല്ല വിദ്യാഭ്യാസവും ഇവര്‍ക്കില്ല. കുട്ടികള്‍ വളരുന്നതോടെ തോക്കുമായി വിവിധ സംഘത്തില്‍ ചേര്‍ക്കപ്പെടുന്നു.

കാര്‍ഷിക അടിമക്കാലത്തെ കോംഗോയിലെ കുട്ടികളുടെ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട നിലയില്‍

കോംഗോയില്‍ എന്നും പട്ടാളഭരണമോ ഏകാധിപത്യഭരണമോ വൈദേശികാധിനിവേശമോ ആണ് നിലനിന്നത്. 40 വര്‍ഷത്തിനുശേഷം പേരിനെങ്കിലും ഒരു പൊതുതിരഞ്ഞെടുപ്പ് നടത്തിയത് ലോറന്റ് കബിലയുടെ മകന്‍ ജോസഫ് കബിലയാണ്. കബിലയ്ക്കുശേഷമുള്ള അധികാരക്കൈമാറ്റവും വലിയ സംഘര്‍ഷമില്ലാതെ നടന്നുവെന്നതുമാത്രമാണ് ആശ്വാസം. വംശഹത്യയിലും യുദ്ധക്കുറ്റങ്ങളിലും കുറ്റവാളികളായവര്‍ക്കെതിരേ നിയമനടപടികള്‍ക്കായി പുതിയ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്.

മുന്‍കാലങ്ങളിലുള്ള ഭീകരാക്രമണങ്ങള്‍ ഇല്ലെങ്കിലും കോംഗോ ഇപ്പോഴും അശാന്തമാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വംശീയാക്രമണങ്ങള്‍ക്കും വലിയ വ്യതിയാനങ്ങള്‍ വന്നിട്ടുണ്ട്. ന്യൂനപക്ഷ മുസ്ലിങ്ങളിലും ഭൂരിപക്ഷ ക്രിസ്തുമതക്കാരിലും മതധ്രുവീകരണം ശക്തമായി. ഐ.എസ്. ഇവിടത്തെ മുസ്ലിംമിലീഷ്യയുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ആഗോള 'മതവ്യവസായികള്‍' ആഫ്രിക്കയിലെ രാഷ്ട്രീയ ഭൂമികയ്ക്കായി നിഴല്‍യുദ്ധം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. മതത്തെയും വംശീയതയെയും തന്നെയാണ് ഇവര്‍ കൃത്യമായി ഉപയോഗപ്പെടുത്തുന്നത്.

പരക്കെ സംഘര്‍ഷങ്ങള്‍ക്ക് കുറവുണ്ടെങ്കിലും വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ നടക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മേയ് മുതല്‍ നോര്‍ത്ത് കീവു പ്രവിശ്യയില്‍ 800ഓളം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് 2021 മേയില്‍ സര്‍ക്കാര്‍ ഈ മേഖലയില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. ഓഗസ്റ്റില്‍ നടന്ന കൂട്ടക്കൊലയിലും നിരവധിപേര്‍ മരിച്ചു. യുഗാണ്‍ഡ പിന്തുണ നല്‍കുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് ഇറ്റൂരി പ്രവിശ്യയിലെ ഇദോഹു ഗ്രാമത്തില്‍ നിരവധിപേരെ കൊലപ്പെടുത്തി. 'ഹ്യൂമണ്‍റൈറ്റ്സ് വാച്ചി'ലെ കോംഗോ ഗവേഷകനായ തോമസ് ഫെസിയുടെ അഭിപ്രായത്തില്‍ കിഴക്കന്‍ കോംഗോയില്‍ ഇപ്പോഴും ആ ആള്‍ക്കാര്‍ ഒരു കൂട്ടക്കൊല ഭയപ്പെടുന്നു. രക്ഷകരായി ആരുമില്ലാത്ത അവസ്ഥയും.
2018 ഡിസംബര്‍ അവസാനമാണ് ഡി.ആര്‍.സി. കോംഗോയില്‍ തിരഞ്ഞെടുപ്പ് നടന്നത്. ജോസഫ് കബിലയെ അട്ടിമറിച്ച് പ്രതിപക്ഷ നേതാവ് ഫെലിക്സ് ഷിസെകെദി വിജയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ വലിയ അട്ടിമറിയാണ് നടന്ന ഒരുലക്ഷത്തിലധികം പേര്‍ക്ക് വോട്ടുചെയ്യാനായില്ല എന്നുപറയുന്നു.

(തുടരും)


Content Highlights: history of genocide dinakaran kombilath writes on congo genocide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented