മതം കൊണ്ടും വംശം കൊണ്ടും മതിവരാതെ കളിക്കുന്നവര്‍, രക്തം ചിന്താതുള്ള ഹത്യ; നവനാസികള്‍ വരുമ്പോള്‍!


ദിനകരന്‍ കൊമ്പിലാത്ത്‌

ഓഷ്വിറ്റ്സ് ഉള്‍പ്പെടെയുള്ള ക്യാമ്പുകളും പുറത്ത് പറഞ്ഞുകേള്‍ക്കുന്ന കഥകളും ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണെന്നാണ് ഈ നാസി മുത്തശ്ശിയുടെ വാദം. ലഘുലേഖകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ടി.വി. പരിപാടികളിലൂടെയും ഇവര്‍ ഇക്കാര്യം പ്രചരിപ്പിച്ചു. ജര്‍മന്‍ നിയമപ്രകാരം ഹോളകോസ്റ്റ് നിരാകരിക്കുന്നത് അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്

പ്രതീകാത്മക ചിത്രം

കൊടുംവംശഹത്യകള്‍ക്ക് നേതൃത്വം നല്‍കിയ പ്രസ്ഥാനമാണ് ഹിറ്റ്ലറുടെ നാസി പാര്‍ട്ടി. വംശഹത്യയാണ് നാസിസത്തിന്റെ ആശയാടിത്തറ. അപര വിദ്വേഷമാണ് അതിന്റെ ലക്ഷണം. ആധുനികലോകം കുഴിച്ചുമൂടി എന്ന് കരുതിയ നാസിസം പലരൂപങ്ങളില്‍ തിരിച്ചു വരികയാണ്.

അക്രമങ്ങളിലൂന്നിയ വംശീയതയുടെ മടങ്ങിവരവാണ് നവനാസിസം. ലോകത്തിലെ പല രാജ്യങ്ങളിലെ ഭരണകൂടങ്ങളും വലതുപക്ഷ വംശീയതയിലേക്കും ഇടുങ്ങിയ മതഗോത്ര ദേശീയതയിലേക്കും വളഞ്ഞുപോകുന്ന വര്‍ത്തമാനത്തിലാണ് നവനാസിസം ചര്‍ച്ചയാവുന്നത്. കുഞ്ഞുകുഞ്ഞു ഹിറ്റ്ലറുടെ പതിപ്പുകള്‍ ആഫ്രിക്കയിലും ബാള്‍ട്ടിക്ക് റിപ്പബ്ലിക്കിലും മറ്റും ഉയര്‍ന്നുവന്നു. നാസിസത്തിന്റെ മണമുള്ള സംഘടനകള്‍, പ്രത്യേകിച്ചും രഹസ്യസംഘടനകള്‍ അസംതൃപ്ത യുവാക്കള്‍ക്ക് ഫാഷനായി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുന്നു.

സമൂഹം എന്ന വലിയ ക്യാന്‍വാസില്‍നിന്ന് എല്ലാം വ്യക്തിയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയുടെ മോശം പ്രവണതയാണിത്. ഊര്‍ജതന്ത്രത്തില്‍ പറയുന്നത് പോലെ ന്യൂക്ലിയര്‍ തലത്തിലുള്ള അതിശക്തമായ ഈ 'ചുരുക്കം' ഒരുപാട് ഊര്‍ജം ഉത്പാദിപ്പിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് സംഘര്‍ഷങ്ങള്‍. മാസ് ഹിസ്റ്റീരിയയും ആള്‍ക്കൂട്ടാക്രമണങ്ങളും ഇതിന്റെ ഭാഗമാണ്. സ്വത്വത്തെ ഉണര്‍ത്തുന്നതിനും അതിനെ ഹിസാത്മകതയിലേക്ക് മാറ്റിപ്പണിയുന്നതിനുമായി ഒരുതരം 'സോഷ്യല്‍ എനര്‍ജി' ആവശ്യമുണ്ട്. ലോകയുദ്ധങ്ങളും അതിന് മുന്നിലുള്ള വംശീയസംഘര്‍ഷങ്ങളും സൃഷ്ടിക്കപ്പെട്ട വിദ്വേഷത്തിന്റെയും ഭീകരകൂട്ടക്കൊലകളുടെയും പ്രതികാരോര്‍ജം മറ്റൊരു രൂപത്തില്‍ പരിണാമപ്പെട്ട് ലോകത്തിന്റെ പലഭാഗങ്ങളില്‍ ബോധത്തിലും അബോധത്തിലുമായി കിടപ്പുണ്ട്. അവ നശിക്കുന്നില്ല. അത്തരം വിദ്വേഷത്തെയും വെറുപ്പിനേയും ആധുനിക ലോകത്തില്‍ പരിണാമപ്പെടുത്തിക്കൊണ്ടാണ് നവനാസിസം ശക്തി പ്രാപിക്കുന്നത്. അതിന്റെ ആരാധകര്‍ പലപ്പോഴും മാസ്റ്റര്‍ ആയി കാണുന്നത് ഹിറ്റ്ലറെയും മുസ്സോളിനിയെയും പോലുള്ളവരെത്തന്നെ. എതിരാളികളെ ഭയപ്പെടുത്താനുള്ള ബിംബങ്ങള്‍ മാത്രമാണ് അത്തരം നേതാക്കള്‍. ഫാസിസം കൊണ്ടും മതം കൊണ്ടും മതിവരാതെ കളിക്കുന്നവരാണവര്‍. സ്വയം ചാവേറാവാന്‍ ശ്രമിക്കുന്ന അവരില്‍നിന്ന് സഹാനുഭൂതിയോ നീതിയോ പ്രതീക്ഷിക്കേണ്ടതില്ല. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെയാണ് നവനാസിസം വളഞ്ഞുപിടിക്കുന്നത്.

നവനാസിസം എന്നാല്‍ ഹിറ്റ്ലറുടെ നാസി പാര്‍ട്ടി തിരിച്ചുവരുന്നു എന്നല്ല. നാസിസം പുതിയ തീവ്രവാദത്തിന്റെ വേരുകള്‍ തേടുന്നു എന്നുമാത്രമാണ്. യൂറോപ്പില്‍ അത് കുടിയേറ്റത്തിനെതിരേയാവുമ്പോള്‍, ആഫ്രിക്കയില്‍ വംശീയതയായും അമേരിക്കയില്‍ വര്‍ണവിവേചനമായും സങ്കുചിതദേശീയവാദമായും ഭൂരിപക്ഷ മതാധിപത്യമായും മാറിവരുന്നത് കാണാം. ഇത്തരം അന്തരീക്ഷങ്ങളില്‍ നവനാസിസത്തിന് വളര്‍ന്ന് തിടംവെച്ച് പടരാന്‍ കഴിയുന്നു.

2011-ല്‍ ഓസ്ലോയില്‍ നടന്ന ഒരു കാര്‍ബോംബ് സ്ഫോടനത്തില്‍ പിടിയിലായ ആന്ദ്രെ ബഹ്റിങ്ക് ബ്രെവിക് എന്ന യുവാവിന്റെ കുടിയേറ്റ നിലപാടില്‍ ഹിംസാത്മകതയുടെ ആശങ്കകള്‍ പ്രകടമായിക്കാണാം. അദ്ദേഹം ഒരു ക്രിസ്ത്യന്‍ തീവ്രവാദിയാണ്. സ്ഫോടനത്തില്‍ 75 പേര്‍ മരിക്കുകയും 160 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. സ്ഫോടനത്തിന് മുന്‍പ് ഇയാള്‍ നിരവധി പേജുള്ള ഒരു തടിയന്‍ പത്രിക പുറത്തിറക്കിയിരുന്നു. അതില്‍ കുടിയേറ്റത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഈയാംപാറ്റകളെപ്പോലെ പറന്നുവരുന്ന കുടിയേറ്റക്കാര്‍ നോര്‍വേയുടെ പരമ്പരാഗത മൂല്യങ്ങള്‍ നശിപ്പിക്കുന്നു എന്നും താന്‍ ശരിക്കും ക്രിസ്ത്യന്‍ കുരിശുയുദ്ധക്കാരനാണെന്നും ബ്രെവിക്ക് മടികൂടാതെ പറയുന്നു. ഈ ഹിംസാത്മകമായ ആശങ്കയാണ് ലോകത്ത് പല സ്ഥലത്തും നവനാസിസത്തിന്റെ വഴികാട്ടി.

ഈ നൂറ്റാണ്ടിന്റെ ഏറ്റവും ദാരുണമായ പ്രശ്‌നം കുടിയേറ്റവും അഭയാര്‍ഥികളും തന്നെയാണ്. 1930-കളില്‍ ജൂതര്‍ അനുഭവിച്ച അതേ പ്രതിസന്ധി റോഹിംഗ്യകളും കോംഗോളികളും റുവാണ്‍ഡക്കാരും സിറിയക്കാരും കുര്‍ദ്ദുകളും ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. സ്വന്തം രാജ്യങ്ങളില്‍നിന്ന് പല കാരണങ്ങളാല്‍ തിരസ്‌കൃതരായവര്‍ അഭയസ്ഥാനമില്ലാതെ അലയുന്ന കാഴ്ചയാണ് നൂറ്റാണ്ട് പറഞ്ഞുതരുന്നത്. ഭൂമിയില്‍ ഇടമില്ലാതെ കടലിലൂടെ അലയുന്ന,അതില്‍ വീണു മുങ്ങിമരിക്കുന്ന, മരുഭൂമിയില്‍ വീണു പൊള്ളിമരിക്കുന്ന മനുഷ്യര്‍ ഈ നൂറ്റാണ്ടിന്റെ കാഴ്ചയാണ്. ഹിറ്റ്ലറുടെ മനസ്സുള്ള ഭരണാധികാരികള്‍ ആണ് പലപ്പോഴും ഇവരെ വലിച്ചെറിഞ്ഞിട്ടുണ്ടാവുക.

യൂറോപ്പില്‍ കുടിയേറ്റവിരുദ്ധ വികാരം പലപ്പോഴും ഭയാനകമാണ്. ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നവര്‍തന്നെ കുടിയേറ്റത്തിന്റെ ദൈന്യതയെക്കുറിച്ച് മനസ്സിലാക്കാതെ അവരെ വലിച്ചെറിയുന്നുണ്ട്. നേരത്തെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായിത്തന്നെ കുടിയേറ്റവിരുദ്ധ കാര്‍ഡ് കളിച്ചു. ഇന്ത്യയില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും നമുക്കിതു കാണാം. അമേരിക്കയില്‍ ഇത്തരം കുടിയേറ്റത്തിനെതിരെ ജൂത-ക്രിസ്ത്യന്‍ ഐക്യമുണ്ടാക്കാന്‍ വോട്ടില്‍ കണ്ണുവെച്ച ട്രംപ് ശ്രമിച്ചു എന്നാണ് വസ്തുത. കുടിയേറ്റത്തിനുപുറമേ ഇസ്ലാമോഫോബിയയും നല്ലൊരു ആഗോള ആയുധമാണ്. ഇസ്ലാം തീവ്രവാദികള്‍ അതിന് വളംവെച്ചുകൊടുക്കുന്നുമുണ്ട്. നവനാസിസം ശക്തിപ്പെടുമ്പോള്‍ കുടിയേറ്റക്കാര്‍ക്കുപുറമേ ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുന്നു. ജിപ്‌സികള്‍ ഇന്നും വേട്ടയാടപ്പെടുന്നുണ്ട്. കുടിയേറ്റത്തിനെതിരെ ശക്തമായി സംസാരിച്ച ആളാണ് ഫ്രഞ്ച് ഭരണാധികാരിയായിരുന്ന നിക്കോളാസ് സര്‍ക്കോസി. ജിപ്‌സികളുടെ ക്യാമ്പുകള്‍ നിയമവിരുദ്ധം എന്നു പറഞ്ഞ അദ്ദേഹം ഫ്രാന്‍സിന്റെ ഏറ്റവും വലിയ ശത്രു ജിപ്‌സികളാണെന്നും പറഞ്ഞു. പല സ്ഥലത്തും കുടിയേറ്റക്കാരായ ജിപ്‌സികള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ നടന്നു. ഹംഗറിയിലും ഇറ്റലിയിലും സമാനമായ ആക്രമണങ്ങള്‍ നടന്നു. നേരിട്ടുള്ള ആക്രമണങ്ങള്‍ എന്നതിലുപരി സമൂഹത്തില്‍ ഭയപ്പാടുണ്ടാക്കുന്ന ഒരുതരം പരമ്പരക്കൊലപാതകങ്ങളാണ് പല സ്ഥലത്തും ആസൂത്രിതമായി നടന്നത്. ജിപ്‌സികള്‍ക്കിടയില്‍ ഭീതി വിതയ്ക്കുകയാണ് ലക്ഷ്യം.

സ്ലോവാക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ 2008, 2009 വര്‍ഷങ്ങളില്‍ ഇത്തരം പരമ്പരക്കൊലപാതകങ്ങള്‍ നടന്നു. ബാള്‍ട്ടിക്ക് റിപ്പബ്ലിക്കുകളില്‍ സെര്‍ബിയയിലും ക്രൊയേഷ്യയിലുമെല്ലാം ഇസ്ലാം വിരോധംവെച്ച് നവനാസികള്‍ ശക്തിപ്പെടുന്നുണ്ട്. അതിശക്തമായ വംശീയവികാരമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതുപോലെ ജൂതര്‍ ഇസ്രയേലിനുള്ളില്‍ പ്രതികാരത്തോടെ ജീവിക്കുന്നു എന്നും കാണാം. ജര്‍മന്‍ നഗരമായ ഹനാവുവില്‍ നവനാസിക്കാര്‍ അടുത്തിടെ ആസൂത്രിതമായ ഒരു ഭീകരാക്രമണം സൃഷ്ടിച്ചിരുന്നു. വംശീയവാദിയായ ജര്‍മന്‍ യുവാവ് ബാറില്‍ക്കയറി തുര്‍ക്കി വംശജനെയും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ട പത്തു പേരെയും വെടിവെച്ചു കൊന്നു. തോബിയാസ് റാത്ജന എന്ന ഈ യുവാവിനെ പിന്നീട് അമ്മയോടൊപ്പം മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയായിരുന്നു. നവനാസി ചിന്താഗതിക്കാരനാണ് തോബിയാസ്. അത്ഭുതപ്പെടുത്തുന്ന സംഗതി മറ്റൊന്നാണ്. ഈ കൊല്ലപ്പെട്ട നവനാസി തീവ്രവാദിക്കായി ജര്‍മനിയുടെ പല ഭാഗത്തും ആദരാഞ്ജലി നടന്നു. വലിയ ആള്‍ക്കൂട്ടം സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. സോഷ്യല്‍മീഡിയയില്‍ 'പ്രണാമം' പതിഞ്ഞ കമന്റുകളാല്‍ നിറഞ്ഞുനിന്നു. എന്നാല്‍ അന്നത്തെ ജര്‍മന്‍ ചാന്‍സലര്‍ ആംഗലെ മെര്‍ക്കല്‍ ഈ ആക്രമണത്തെ വിളിച്ചത് വര്‍ഗീയതയുടെ വിഷം എന്നാണ്.

ജര്‍മനിയില്‍ ഇത്തരം അക്രമസംഭവങ്ങള്‍ വ്യാപകമാവുന്നുണ്ട്. 2019 ജൂണില്‍ കാസല്‍ വാള്‍ട്ടര്‍ ലുബ്കെ എന്ന വ്യക്തിയെ ഒരു നവനാസി വീട്ടില്‍ക്കയറി വെടിവെച്ചു കൊന്നു. ഹാലെ നഗരത്തിലും രണ്ടു ജൂതരെ വെടിവെച്ചു കൊന്നിരുന്നു. നാസിസം വളര്‍ന്നത് നിരാശയില്‍നിന്നും നഷ്ടബോധത്തില്‍നിന്നുമാണ്. ജര്‍മനിയിലെ ബവേറിയ പ്രവിശ്യയിലായിരുന്നു നാസികള്‍ ആദ്യം ശക്തി പ്രാപിച്ചത്. ജര്‍മനിയിലെ ഏറ്റവും പിന്നാക്ക പ്രവിശ്യയായിരുന്നു ബവേറിയ. ഒന്നാം ലോകമഹായുദ്ധത്തിന്റെ കനത്ത പരാജയവും വേഴ്‌സായി സന്ധിയിലെ നാണക്കേടും ബവേറിയന്‍ ജനതയെ അസ്വസ്ഥരാക്കി. ജര്‍മനിയെ പിന്നില്‍നിന്ന് കുത്തിയ മാര്‍ക്‌സിസ്റ്റുകാരെ പാഠം പഠിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അന്നത്തെ വെയ്മര്‍ ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നത് കമ്യൂണിസ്റ്റുകാരാണെന്ന് അവര്‍ പറഞ്ഞുപരത്തി. 1920-ല്‍ മ്യൂണിക് ആസ്ഥാനമാക്കി ജര്‍മന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി രൂപം കൊള്ളുകയും അഡോള്‍ഫ് ഹിറ്റ്ലര്‍ അതില്‍ അംഗമാവുകയും ചെയ്തതോടെ കാര്യങ്ങള്‍ക്ക് തുടക്കമായി.

ലോകമാകെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ ഓരോ രാജ്യവും ചിലപ്പോള്‍ തകര്‍ച്ചയെ അഭിമുഖീകരിക്കാം. രാജ്യങ്ങളുടെ തകര്‍ച്ചകളും അഭിമാനക്ഷതവും സാധാരണമാണ്. തളര്‍ന്നുപോയ ജര്‍മനിയെ വീണുപോയ പടക്കുതിരയെ എഴുന്നേറ്റോടിപ്പിക്കുന്നതുപോലെ ഹിറ്റ്ലര്‍ നയിച്ചു എന്ന് നവനാസികള്‍ പറയുമ്പോള്‍ അതിക്രൂരമായ ജൂതവേട്ടകള്‍ നവനാസികള്‍ മറന്നുപോകുന്നു എന്നതാണ് യാഥാര്‍ഥ്യം. ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക, ഇംഗ്‌ളണ്ട്, റഷ്യ, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നവനാസികള്‍ പല രൂപങ്ങളില്‍ സജീവമാണ്. 1980-90 വരെ ഇത്തരം 50 സംഘടനകള്‍ യൂറോപ്പിലും അമേരിക്കയിലുമായി തിരഞ്ഞെടുപ്പുകളില്‍പ്പോലും മത്സരിച്ചിട്ടുണ്ട്. 'വെളുത്ത ദേശീയവാദം,' 'വെള്ളക്കാരുടെ അവകാശങ്ങള്‍' തുടങ്ങിയ ജനപ്രിയ മുദ്രാവാക്യങ്ങള്‍ ഇവര്‍ മുന്നോട്ടുവെയ്ക്കുന്നു.

രാഷ്ട്രീയത്തോടും ജനാധിപത്യ മൂല്യങ്ങളോടും വിമുഖത പ്രകടിപ്പിക്കുന്ന ഒരു വിഭാഗം പൗരസമൂഹം പൊതുവേ വളര്‍ന്നുവരുന്നുണ്ട്. ഇവരെ കൃത്യമായി സംഘടിപ്പിക്കുന്നതില്‍ പല നവനാസികളും വിജയിക്കുന്നുണ്ട്. അധികാരം, ജനാധിപത്യം, ഭരണം എന്നിവയെ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഇവര്‍ പറയും. ദേശസ്‌നേഹം, പരിസ്ഥിതി, മുതലാളിത്ത-കമ്യൂണിസ്റ്റ് വിരുദ്ധത, വികസനവിരുദ്ധത എന്നിവയെല്ലാം ഒരുതരം വെളുത്ത പുതപ്പാക്കി തങ്ങളുടെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നതാണ് നവനാസികളുടെ പ്രത്യേകത. ജര്‍മനിയിലും അമേരിക്കയിലും തെക്കന്‍ അമേരിക്കയിലും യൂറോപ്പിലും ചില സംഘങ്ങള്‍ വെറുപ്പും വിദ്വേഷവും കുടിയേറ്റ വിരുദ്ധതയും പുതിയ രാഷ്ട്രീയശൈലിയാക്കി മാറ്റിയിരുന്നു. ഹിറ്റ്ലറുടെയും നാസി പാര്‍ട്ടിയുടെയും ആരാധകരായിരുന്നു അതിനു പിന്നില്‍. സ്വസ്തിക് ചിഹ്നങ്ങള്‍ ഒരു തലമുറയ്ക്ക് പ്രിയമായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പല സ്ഥലത്തും നടന്ന വംശഹത്യകളിലും വര്‍ഗീയകലാപങ്ങളിലും ഭരണകൂട അട്ടിമറികളിലും ഗോത്രകലാപങ്ങളിലും നാസിസവും ഫാസിസവും പുതിയ രൂപത്തില്‍ പങ്കുവഹിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. അസംതൃപ്ത യുവത്വത്തിന് ഭൂതകാലത്തോടുള്ള ഒരുതരം ഉന്മാദാവസ്ഥയായാണ് നവനാസിസത്തെ ഇങ്ങനെ നിലനിര്‍ത്തുന്നത്. ഇസ്ലാമിക് തീവ്രവാദത്തിന്റെ ഒരു തലം പഴയ ഗോത്രകാലത്തെ മതജീവിതം സാധ്യമാക്കുക എന്നതാണ്.

ജര്‍മനിയിലെ നാസി മുത്തശ്ശിയായ ഉറുസുല ഹാവെര്‍ ബര്‍ക്ക് അറസ്റ്റിലാവുമ്പോള്‍ 89 വയസ്സുണ്ടായിരുന്നു. നവനാസി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഇവര്‍ പലര്‍ക്കും പ്രചോദനമായി. ആര്യമേധാവിത്വവും ഹിറ്റ്ലറുടെ ഭരണവും നല്ലതാണെന്ന് പറയുകയും എഴുതുകയും ചെയ്ത ഇവര്‍ ഹോളോകോസ്റ്റ് കെട്ടുകഥയാണെന്ന് പറഞ്ഞു. പലരും പ്രചരിപ്പിക്കുന്നതുപോലെ വംശഹത്യ നടന്നിട്ടില്ലെന്നും അവര്‍ പ്രചരിപ്പിച്ചു.

മനുഷ്യരാശിക്കെതിരേ മഹാപാതകങ്ങള്‍ അഴിച്ചുവിട്ട നാസികളുടെ ചെയ്തികള്‍ ജര്‍മന്‍ വിരുദ്ധരുടെയും ജൂതരുടെയും കെട്ടുകഥകളാണെന്ന് അവര്‍ എഴുതി. ഓഷ്വിറ്റ്സ് ഉള്‍പ്പെടെയുള്ള ക്യാമ്പുകളും പുറത്ത് പറഞ്ഞു കേള്‍ക്കുന്ന കഥകളും ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണെന്നാണ് ഈ നാസി മുത്തശ്ശിയുടെ വാദം. ലഘുലേഖകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ടി.വി. പരിപാടികളിലൂടെയും ഇവര്‍ ഇക്കാര്യം പ്രചരിപ്പിച്ചു. ജര്‍മന്‍ നിയമപ്രകാരം ഹോളകോസ്റ്റ് നിരാകരിക്കുന്നത് അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഉര്‍സലയ്ക്ക് മ്യൂണിക്കിലെ കോടതി ഒടുവില്‍ രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ചു.

നവനാസികള്‍ വിവിധ രാജ്യങ്ങളില്‍ വിവിധ രൂപങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്താകമാനം ആയിരക്കണക്കിന് സമാനമായ സംഘടനകള്‍ ഉണ്ട്. ചിലത് അണ്ടര്‍ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നു. തെക്കേ ആഫ്രിക്കയിലെ വൈറ്റ്ലിബറേഷന്‍ മൂവ്മെന്റ് കുപ്രസിദ്ധമായ നവനാസി പ്രസ്ഥാനമാണ്. ആഫ്രിക്കനേഴ്സ് റസിസ്റ്റേഴ്സ് മൂവ്മെന്റ് മറ്റൊന്നാണ്. നാഷണല്‍ സോഷ്യലിസ്റ്റ് ജാപ്പനീസ് വര്‍ക്കേഴ്സ് പാര്‍ട്ടി, നാസി പേരില്‍തന്നെയാണ് ജപ്പാനില്‍ പ്രവര്‍ത്തിക്കുന്നത്. ഇറാനില്‍ ഇറാന്‍ നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിയാണ്. പേരില്‍തന്നെ നാഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് പാര്‍ട്ടി(നാസി പാര്‍ട്ടി) കാണാന്‍ പറ്റും. അമേരിക്കന്‍ ഫ്രണ്ട്, അമേരിക്കന്‍ നാസി പാര്‍ട്ടി, ആര്യന്‍ ബ്രദര്‍ഹുഡ് ഓഫ് ടെക്സാസ്... അങ്ങനെ നിരവധി സംഘടനകള്‍. ഇവയ്‌ക്കൊക്കെ സാമ്പത്തികസഹായം നല്‍കാന്‍ ലോബികളും ഉണ്ട്. ബ്ലഡ് ആന്‍ഡ് ഹോണര്‍, കോമ്പാറ്റ് 18, ഡെയ്ലി സ്റ്റോമര്‍, ന്യൂ യൂറോപ്യന്‍ ഓര്‍ഡര്‍, സ്റ്റോം ഫ്രണ്ട്, വേള്‍ഡ് യൂണിയന്‍ ഓഫ് നാഷണല്‍ സോഷ്യലിസ്റ്റ്സ്, വൈറ്റ് നാഷണലിസം ഓര്‍ഗനൈസേഷന്‍സ് തുടങ്ങിയ നൂറുകണക്കിന് സംഘടനകള്‍ യൂറോപ്പിലും ഉണ്ട്. ഈ സംഘടനകള്‍ പലപ്പോഴും ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയുടെ തത്ത്വശാസ്ത്രങ്ങളില്‍ ആര്യാഭിമുഖ്യം ഒളിഞ്ഞിരിപ്പുണ്ട്. ഇന്ത്യയിലും ഇത്തരം സംഘടനകളുണ്ട്.

നവനാസി പ്രസ്ഥാനങ്ങള്‍ക്ക് പല രാജ്യങ്ങളിലും തിരിച്ചടി ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടം അതിശക്തമായാണ് നവനാസി പ്രസ്ഥാനത്തെ സമീപിച്ചത്. അതേസമയം കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്ന രാജ്യങ്ങളില്‍ ലഭിച്ച ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ വേളയിലാണ് ഇത്തരം വംശീയതത്ത്വശാസ്ത്രങ്ങള്‍ക്ക് വേരു പിടിച്ചത്. യുഗോസ്ലാവിയയുടെ തകര്‍ച്ചയില്‍നിന്ന് രൂപംകൊണ്ട് സെര്‍ബിയ, ബോസ്നിയ, ഹെര്‍സഗോവിന, മോണ്ടിനെഗ്ര, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഹംഗറിയിലും പോളണ്ടിലും ഒക്കെ ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് വേരു പിടിച്ചിട്ടുണ്ട്. പല രാജ്യത്തും ഇത്തരം സംഘടനകള്‍ക്കെതിരേ നിയമപരമായ എതിര്‍പ്പ് വന്നു. അമേരിക്കയിലെ നാഷണല്‍ സോഷ്യലിസ്റ്റ് മൂവ്മെന്റ് അത്തരം പ്രതിസന്ധിയിലാണ്. മറ്റു പല സ്ഥലത്തും ഇത്തരം സംഘടനകള്‍ ഓണ്‍ലൈന്‍ പ്രസ്ഥാനങ്ങളായിട്ടും പ്രവര്‍ത്തിക്കുന്നു. 2020-ന്റെ തുടക്കത്തില്‍ നവനാസി പ്രസ്ഥാനമായ അമേരിക്കയിലെ ആറ്റംവാഫൈന്‍ ഡിവിഷനിലെ പ്രധാന ഭാരവാഹികള്‍ അറസ്റ്റിലായി. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിന്റെ പേരിലും ഗൂഢാലോചനയുടെ പേരിലുമാണിത്. പിന്നീട് സംഘം പിരിച്ചുവിട്ടു. വൈറ്റ് നാഷണലിസം ഗ്രൂപ്പിനെയും ഇത് ബാധിച്ചു.

വംശഹത്യകളെക്കുറിച്ചുള്ള ആലോചനകളില്‍ നവനാസി മുന്നേറ്റത്തെ സവിശേഷമായി കാണണം. രക്തം ചിന്താതുള്ള വംശഹത്യയാണ് യഥാര്‍ഥത്തില്‍ നവനാസികള്‍ നടത്തുന്നത്. ഇവര്‍ പടര്‍ത്തുന്ന വെറുപ്പിന്റെ ബോംബുകള്‍ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും മേലാണ് പതിക്കുക.

(തുടരും)


Content Highlights: history of genocide dinakaran kombilath writes about neo nazism in terms of race and religion

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


mb.com

മഹറായി ചോദിച്ചത് വീല്‍ചെയര്‍; ഇത് ഫാത്തിമ നല്‍കുന്ന സന്ദേശം

Oct 13, 2021

Most Commented