കാബൂൾ
അധിനിവേശങ്ങള്‍ അടിമുടി തകര്‍ത്ത ദേശമാണ് അഫ്ഗാനിസ്താന്‍. ജനിച്ച വംശത്തിന്റെ മാത്രം പേരില്‍ എന്നിട്ടും അഫ്ഗാനികള്‍ പരസ്പരം കൊല്ലുന്നു. അഫ്ഗാനിലെ ഹസാരകളുടെ കഠിനകാലത്തെക്കുറിച്ച് ദിനകരന്‍ കൊമ്പിലാത്ത് എഴുതുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന വംശഹത്യയുടെ ലോകചരിത്രം എന്ന പംക്തിയില്‍ നിന്ന്.
കാബൂള്‍ ഇപ്പോള്‍ മൗനത്തിലാണ്. അതുകൊണ്ട് അഫ്ഗാനിസ്താന്‍ ശാന്തമാണെന്നര്‍ഥമില്ല. ഒരു ദിവസംകൊണ്ട് ഒരു ജനതയുടെ, അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ ആത്മാവ് ചിറകറ്റു വീഴുകയും അവരുടെ പരിമിതമായ സ്വാതന്ത്ര്യം വീണ്ടും റദ്ദാക്കപ്പെടുകയും ചെയ്ത ഭരണമാറ്റമാണ് കാബൂളില്‍ നടന്നത്. ഭയം ഒരു നിശാവസ്ത്രംപോലെ, സംസ്‌കാരത്തിന്റെ പൂമെത്തയായിരുന്ന ആ നാടിനെ പിടികൂടിക്കഴിഞ്ഞിരിക്കുന്നു. പടയോട്ടങ്ങള്‍ക്ക് അവധി കൊടുക്കാത്ത രാജ്യത്ത് താലിബാന്‍ വീണ്ടും അതിന്റെ രണ്ടാംഘട്ട ചരിത്രം എഴുതിക്കൊണ്ടിരിക്കുന്നു.
ആ തിമര്‍പ്പില്‍, നൂറ്റാണ്ടുകളായി വംശഹത്യക്കിരയാവുന്ന അഫ്ഗാനിസ്താനിലെ വംശീയന്യൂനപക്ഷമായ ഹസാരകളുടെ ദീനരോദനങ്ങളും മുങ്ങിപ്പോകുന്നു. ''ഹസാരകളേ, നിങ്ങള്‍ കാത്തിരിക്കൂ. വാള്‍മുനകള്‍ നിങ്ങള്‍ക്കായി രാകിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കായി ഞങ്ങള്‍ ആഴത്തിലുള്ള കുഴിയിടങ്ങള്‍ തയ്യാറാക്കുന്നു,'' ഇതാണ് ഹസാരകളുടെ മരണമണമുള്ള പഷ്തൂണി വാക്കുകള്‍. മനുഷ്യബോധങ്ങളുടെ ആത്മസഞ്ചാരങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ജലാലുദ്ദീന്‍ റൂമിയുടെ (1207-1273) ജന്മസ്ഥലമാണ് അഫ്ഗാനിസ്താനിലെ ബാല്‍ഖ് പ്രവിശ്യ. റൂമിയുടെ മിസ്റ്റിക് കാവ്യങ്ങളുടെ കേന്ദ്രമായ അഫ്ഗാനിസ്താന്റെ ആത്മാവ് ഇപ്പോള്‍ ആസന്നഭീകരതയുടെ ചിലന്തിവലയില്‍ കുരുങ്ങിപ്പിടയുന്ന ജീവിതം പോലെയാണ്.
അഫ്ഗാനിസ്താനിലെ ഷിയാ വിഭാഗത്തോടടുത്തു നില്‍ക്കുന്ന ഹസാരകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ വംശഹത്യാ ഭീഷണിയിലായിരുന്നു. ഒന്നാം താലിബാന്‍ ഭരണകാലത്ത് ഹസാര വംശഹത്യ പാരമ്യത്തിലെത്തി. ചിതറിക്കിടക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. 14 വംശീയവിഭാഗങ്ങള്‍ ഇവിടെ പരസ്പരം പോരടിക്കുന്നു.
താലിബാനും ഐ.എസ്സും അഫ്ഗാന്റെ മണ്ണില്‍ ഇടം പിടിച്ചപ്പോഴാണ് ഹസാരകളും തജിക്കികളും ആസൂത്രിതമായി വേട്ടയാടപ്പെടുന്നത്. എ.ഡി. 650-നുശേഷമാണ് അഫ്ഗാനിസ്താനില്‍ ഇസ്ലാം കടന്നുവരുന്നത്. അതിനുമുന്‍പുതന്നെ ബുദ്ധമതം അവിടെ ശക്തമായിരുന്നു. ഹിന്ദു, ബുദ്ധ, ഇസ്ലാം മതങ്ങള്‍ക്കുപുറമെ ഇറാന്‍, മധ്യേഷ്യന്‍ സംസ്‌കാരങ്ങളും അഫ്ഗാന്‍ മണ്ണില്‍ സ്വാധീനംചെലുത്തി. എ.ഡി ഒന്നു മുതല്‍ ഏഴു നൂറ്റാണ്ടു വരെ ബുദ്ധമത സ്വാധീനത്തിലൂടെ പടര്‍ന്നു പന്തലിച്ച ഗാന്ധാരകല അഫ്ഗാനിസ്താന്റ സ്വന്തമാണ്. പൗരാണികവും പ്രാചീനവുമായ കച്ചവടലോകത്തിന്റെ വൃത്തപാതയെന്നും നാല്‍ക്കവലയെന്നുമാണ് അഫ്ഗാനിസ്താനെ പ്രമുഖചരിത്രകാരനായ ആര്‍നോള്‍ഡ് ടോയന്‍ബി വിശേഷിപ്പിച്ചത്. സാമ്രാജ്യങ്ങളുടെ ശ്മശാനമെന്നും വിളിപ്പേരുണ്ട്.
അലക്‌സാണ്ടര്‍, ചെങ്കിസ്ഖാന്‍, ടിമൂര്‍, പേര്‍ഷ്യക്കാര്‍, പിന്നീട് ബാബര്‍ തുടങ്ങി നിരവധി അധിനിവേശക്കാര്‍ അഫ്ഗാനിസ്താനിലെത്തി.
പടിഞ്ഞാറ് ഇറാന്‍, തെക്കും കിഴക്കും പാകിസ്താന്‍, വടക്ക് തുര്‍ക്ക്മെനിസ്താന്‍, ഉസ്ബക്കിസ്താന്‍, താജിക്കിസ്താന്‍ എന്നീ രാജ്യങ്ങള്‍ പുതിയ അഫ്ഗാനിസ്താന്റെ അതിര്‍ത്തിപങ്കിടുന്നു. ചെറിയൊരു ഭാഗം ചൈനയുടെയും ഇന്ത്യയുടെയും (പാക് അധിനിവേശ കശ്മീര്‍) അതിര്‍ത്തിപങ്കിടുന്നുണ്ട്.
ദുറാനി ഗോത്രക്കാരനായ അഹമ്മദ് എന്നയാള്‍ 1747-ലാണ് അഫ്ഗാനിസ്താനില്‍ ഉറച്ച രാജവംശം സ്ഥാപിക്കുന്നത്. 1973 വരെ ആ പരമ്പര തുടര്‍ന്നു. പൂര്‍ണമായും അഫ്ഗാന്‍ വംശജരായിരുന്നു ദുറാനികള്‍. തുടര്‍ന്ന് ബ്രിട്ടീഷ്, റഷ്യന്‍ അധിനിവേശം നടന്നു. മധ്യേഷ്യയിലെ റഷ്യന്‍ ആക്രമണവും അധിനിവേശവും ഇല്ലാതാക്കാനായിരുന്നു ബ്രിട്ടന്റെ ശ്രമം. ഇതിന്റെ ഭാഗമായി മൂന്ന് അഫ്ഗാന്‍ യുദ്ധങ്ങള്‍ നടന്നു. ഒന്നാം അഫ്ഗാന്‍ യുദ്ധത്തില്‍ ബ്രിട്ടന്‍ തോറ്റു. രണ്ടാം അഫ്ഗാന്‍ യുദ്ധത്തില്‍ റഷ്യയും ബ്രിട്ടനും അഫ്ഗാനിസ്താന്റെ അതിര്‍ത്തി നിശ്ചയിച്ചു. അന്നത്തെ അഫ്ഗാന്‍ ഭരണാധികാരിയായ അമാനുള്ള ബ്രിട്ടനുമായി മൂന്നാം അഫ്ഗാന്‍ യുദ്ധം നടത്തി. സോവിയറ്റ് യൂണിയന്റെ പിന്തുണയുണ്ടായിരുന്നു അമാനുള്ളയ്ക്ക്. അമാനുള്ളയുടെ ഭരണം ചെറിയ മാറ്റങ്ങളുടെ സൂചനയായിരുന്നു. പുതിയ ഭരണാധികാരികള്‍ പര്‍ദ നിരോധിച്ചു. സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ സ്വാതന്ത്ര്യം നല്‍കി. ഇത് മത-ഗോത്ര നേതാക്കളുടെ വലിയ എതിര്‍പ്പിനിടയാക്കി. രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങി.
.jpg?$p=430c1f1&&q=0.8)
അമാനുള്ള ഭരണമൊഴിഞ്ഞു. അതിനിടെ പഷ്തൂണ്‍ വംശീയഭൂരിപക്ഷമുള്ള അഫ്ഗാനിസ്താനില്‍ തജിക് ഗോത്രത്തലവനായ ബച്ചോയി സഖാവോ അധികാരം പിടിച്ചടക്കി. തുടര്‍ന്ന് പഷ്തൂണ്‍ ഗോത്രത്തിന്റെ സഹായത്തോടെ നാദിര്‍ഷാ ഭരണത്തിലെത്തി. അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍ മകന്‍ സാഹിര്‍ഷാ രാജാവായി. സാഹിര്‍ഷാ അദ്ദേഹത്തിന്റെ ബന്ധുവായ ദാവൂദ്ഖാനെ 1953-ല്‍ പ്രധാനമന്ത്രിയായി നിയമിച്ചു. അഫ്ഗാന്റെ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാക്കിയതായിരുന്നു ഈ 'നിയമനം'. ദാവൂദ്ഖാന്‍ കമ്യൂണിസ്റ്റ് റഷ്യയുമായി ചങ്ങാത്തത്തിലായി. 1964-ല്‍ സാഹിര്‍ഷാ ജനാധിപത്യസമീപനം ഭരണത്തില്‍ കൊണ്ടുവന്നു. രാജ്യത്ത് വിവിധ സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കുമൊക്കെ പ്രവര്‍ത്തനം തുടങ്ങാനുള്ള അവസരം ലഭിച്ചു. അതിന്റെ ഭാഗമായി 'പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്താന്‍' രൂപംകൊണ്ടു. അങ്ങനെയാണ് അഫ്ഗാനിസ്താനില്‍ ആദ്യമായി സോവിയറ്റ് പിന്തുണയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി പിറക്കുന്നത്. 1973 ജൂലായ് 17-ന് പ്രധാനമന്ത്രി ദാവൂദ്ഖാന്‍ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് രാജ്യത്തെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. റഷ്യക്കു പുറത്തുള്ള രാജ്യങ്ങളില്‍ ആഗോളതലത്തില്‍ കമ്യൂണിസത്തെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സോവിയറ്റ് യൂണിയന്‍. കമ്യൂണിസ്റ്റ് ചൈനയുടെ ബ്ലോക്കിന് തടയിടുകയും വേണം. അതിനിടെ സോവിയറ്റ് പിന്തുണയുള്ള ഭരണത്തില്‍ അസ്വാരസ്യവും പ്രശ്‌നങ്ങളും തലപൊക്കി.
1978 ഏപ്രില്‍ 27-ന് കമ്യൂണിസ്റ്റ് പാര്‍ട്ടി സോവിയറ്റ് പിന്തുണയോടെ രക്തരൂഷിതമായ വിപ്ലവത്തിലൂടെ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തു. ദാവൂദിനെയും കുടുംബത്തെയും വെടിവെച്ചുകൊന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മില്‍ അധികാരത്തിനായി വടംവലിയുണ്ടായി. കൊന്നുതന്നെയായിരുന്നു അത് തീര്‍ത്തതും. ഹഫീസ് അമാനുള്ള ഭരണാധികാരിയായി. അദ്ദേഹവും വധിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്‍ പിന്നെ അഫ്ഗാന്റെ ഭരണത്തില്‍ നേരിട്ടിടപെട്ടു. ഏകാധിപത്യഭരണമാണെങ്കിലും കമ്യൂണിസ്റ്റ് ഭരണം അഫ്ഗാനിസ്താനില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. അനാചാരമില്ലാതാക്കി, വിദ്യാഭ്യാസം നല്‍കി, സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു, ഗോത്രങ്ങളെ നിയന്ത്രിച്ചു, പള്ളികളെ നിയന്ത്രിച്ചു, ഭൂപരിഷ്‌കരണം, സാമ്പത്തികപരിഷ്‌കരണം എന്നിവയൊക്കെ നടപ്പാക്കാനുള്ള ശക്തമായ ശ്രമങ്ങളുണ്ടായി.
ഇതോടെ യുദ്ധപ്രഭുക്കളായ ഗോത്രനേതാക്കള്‍ ഇടഞ്ഞ് പ്രക്ഷോഭം തുടങ്ങി. മുജാഹിദീന്‍ രംഗത്തുവന്നു. ഇവരെ സോവിയറ്റ് പിന്തുണയോടെ സര്‍ക്കാര്‍ സൈനികമായി നേരിട്ടു. കലാപം തുടങ്ങി. പാകിസ്താന്‍, സി.ഐ.എ., സൗദി അറേബ്യ എന്നിവര്‍ മുജാഹിദീനെ സഹായിച്ചു. 1979 ഡിസംബര്‍ 25-നായിരുന്നു സോവിയറ്റ് സൈന്യം നേരിട്ട് അഫ്ഗാനിസ്താനില്‍ പ്രവേശിക്കുന്നത്.
1989-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. അതോടെ റഷ്യ അഫ്ഗാനിസ്താനില്‍നിന്ന് പിന്‍വലിഞ്ഞു. 1996-ല്‍ മുജാഹിദീന്‍ അധികാരം പിടിച്ചു. സോവിയറ്റ് പിന്തുണയുള്ള പ്രസിഡന്റ് നജീബുല്ല കൊല്ലപ്പെട്ടു. മുജാഹിദീന്‍ വിഭാഗത്തില്‍ തര്‍ക്കങ്ങളുണ്ടായി. ആഭ്യന്തരയുദ്ധം ആരംഭിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധ യുദ്ധത്തിനായി ഉസാമാ ബിന്‍ ലാദന്‍ എത്തുന്നു, പിന്തുണയ്ക്കാന്‍ അല്‍ ഖായിദയും. താലിബാന്റെ ഭീകരഭരണം. ഇതിനിടെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. അമേരിക്കന്‍ തിരിച്ചടി. അമേരിക്കന്‍ ആക്രമണത്തില്‍ താലിബാന്‍ തകര്‍ന്നു. അമേരിക്കന്‍ പിന്തുണയോടെ ജനാധിപത്യഭരണം അഫ്ഗാനിസ്താനില്‍. 20 വര്‍ഷത്തിനു ശേഷം അമേരിക്ക അഫ്ഗാനിസ്താനില്‍നിന്ന് പിന്മാറുന്നു. ഉടന്‍തന്നെ താലിബാന്‍ അധികാരം തിരിച്ചുപിടിക്കുന്നു. അഫ്ഗാനിസ്താന്റെ മഹാഭൂരിപക്ഷം മേഖലയിലും താലിബാന്‍ ആധിപത്യം. എതിര്‍പ്പുള്ള വടക്കുകിഴക്കന്‍ സഖ്യത്തെയും താലിബാന്‍ കീഴടക്കി. ഇതാണ് അഫ്ഗാനിസ്താന്റെ ചരിത്രപരമായ മാറ്റങ്ങള്‍.
മൂന്നേമുക്കാല്‍ കോടിയോളം വരുന്ന അഫ്ഗാന്‍ ജനസംഖ്യയില്‍ ഹസാര ന്യൂനപക്ഷക്കാര്‍ 9.5 ശതമാനം വരും. ഇവരില്‍ ഭൂരിഭാഗവും ഷിയാ മുസ്ലിങ്ങളാണ്. അതേസമയം, പഷ്തൂണുകള്‍ സുന്നി മുസ്ലിങ്ങളാണ്. അഫ്ഗാനികള്‍ എന്നു പൊതുവെ പറയുന്നത് നാലുവിഭാഗക്കാരുടെ കൂട്ടായ്മയാണ്. പഷ്ത്തൂണ്‍ (പത്താന്‍ ഗോത്രം), താഡ്ഷിക് (തജിക്), ഉസ്ബെക്ക്, ഹസാര എന്നിങ്ങനെ. വിദഗ്ധരായ പോരാളികളാണ് പഷ്തൂണുകള്‍ എന്ന പത്താന്‍കാര്‍. ആംഗ്ലോ അഫ്ഗാന്‍ യുദ്ധങ്ങളില്‍ വലിയ പങ്കാളിത്തമായിരുന്നു ഇവരുടേത്. ഗറില്ലാ യുദ്ധവിദഗ്ധരായിരുന്നു അവര്‍. ഹസാഗരി ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷമാണ് ഹസാരകള്‍. അഫ്ഗാനിസ്താനില്‍ മാത്രം എണ്‍പത് ലക്ഷത്തോളം വരും. 16 ലക്ഷത്തോളം പേര്‍ ഇറാനിലുണ്ട്. കൂടുതലും അഫ്ഗാനിസ്താനില്‍നിന്ന് അഭയാര്‍ഥികളായി പോയവരാണ്.
19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഹസാരകളുടെ പീഡനചരിത്രം തുടങ്ങുന്നത്. തുര്‍ക്കോ മംഗോളിയന്‍ വംശജരാണ് ഹസാരകള്‍. ജനസംഖ്യയുടെ പകുതിയിലധികം പേരും കൊടിയ വംശഹത്യകളില്‍ ഇല്ലാതാവുകയായിരുന്നു. പാകിസ്താനിലും ഹസാരകള്‍ പീഡനത്തിലായി. താലിബാന്‍കാര്‍ തങ്ങളുടെ മതരോഷം തീര്‍ക്കുന്നത് ഹസാരകേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയിട്ടായിരുന്നു.
1880 മുതല്‍ 1891 വരെ അമീര്‍ അബ്ദുല്‍ റഹ്‌മാന്‍ ഖാന്‍ എന്ന ഭരണാധിപന്റെ കാലഘട്ടത്തിലാണ് ലക്ഷക്കണക്കിന് ഹസാരകള്‍ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടത്. വലിയ വിഭാഗം ആളുകള്‍ നാട്ടില്‍നിന്ന് അടിച്ചോടിക്കപ്പെട്ടു. പതിനായിരക്കണക്കിനാളുകള്‍ അടിമകളാക്കപ്പെട്ടു. പഷ്തൂണുകാര്‍ക്കിടയില്‍നിന്നാണ് ഹസാരകള്‍ക്ക് വലിയ പീഡനമുണ്ടായത്. അബ്ദുല്‍ റഹ്‌മാന്‍ ഖാന്‍ നടത്തിയ വംശഹത്യയുടെ 135-ാം വാര്‍ഷികം കഴിഞ്ഞു. കൊടിയ വംശഹത്യയില്‍ 62 ശതമാനം പുരുഷന്‍മാരും സ്ത്രീകളും അഫ്ഗാന്‍ മണ്ണില്‍നിന്ന് അപ്രത്യക്ഷരായി. തുടര്‍ന്ന് താലിബാന്‍ കാലത്ത് അഫ്ഷറിലെ ഹസാര കൂട്ടക്കൊലയും നടന്നു.
2016-ല്‍ ജൂലായ് 23-ന് കാബൂളിലെ ദെഹ്‌മസാങ് സ്‌ക്വയറില്‍ സമാധാനപരമായി റാലി നടത്തിയ ഹസാരക്കാര്‍ക്കെതിരേ താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ വലിയ ആള്‍നാശമാണ് ഉണ്ടായത്. ഹസാരക്കാരുടെ നേതൃത്വത്തിലുള്ള ജ്ഞാനോദയ പ്രസ്ഥാനക്കാരുടെ റാലിയായിരുന്നു അത്.
കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ അഫ്ഗാനിസ്താനില്‍ കലാപങ്ങളില്‍ മാത്രം അരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. അതില്‍ ആനുപാതികമായി ഹസാരകളുടെ എണ്ണമാണ് കൂടുതല്‍. തല വെട്ടിയും ബോംബെറിഞ്ഞും കൊല്ലുന്നതിനുപുറമേ ഹസാരജനത പാര്‍ക്കുന്ന മേഖലയിലെ പ്രസവാസ്പത്രിക്കുനേരേ ബോംബാക്രമണം നടത്തി. നവജാതശിശുക്കള്‍പോലും കൊല്ലപ്പെട്ടു. സ്‌കൂള്‍ ബോംബാക്രമണത്തില്‍ 100 ഹസാര വിദ്യാര്‍ഥിനികളാണ് മരിച്ചത്.
പഷ്തൂണ്‍ ആധിപത്യമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ ഹസാരകളുടെ പ്രതീക്ഷകളും തകരുകയാണ്. വര്‍ഷങ്ങളായി ഹസാരകള്‍ ശരിക്കും അടിമകളായി. അവരെ പൗരന്‍മാരായി കണക്കാക്കിയില്ല. അഭയം തേടിവന്ന യാചകരായിട്ടും കള്ളന്‍മാരായിട്ടും മാത്രം കണ്ടു. ഒരു ഘട്ടത്തില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്ത സ്ഥിതിയില്‍ ഹസാരകള്‍ ഒന്നിക്കാന്‍ തീരുമാനിച്ചു. അതോടെ അവര്‍ക്കെതിരേയുള്ള ആക്രമണങ്ങളും സൈനിക നടപടികളും രൂക്ഷമായി.
1998 ഓഗസ്റ്റ് 8-ന് രാവിലെ നടന്ന കൂട്ടക്കൊലകള്‍ക്ക് കാരണം ഹസാര വിരുദ്ധവികാരം, പഷ്തൂണ്‍ ദേശീയത, ജിഹദിസ്മ കൂട്ടക്കൊലയുടെ പ്രതികാരം എന്നിവയാണ്. കൂട്ടക്കൊലയെ ന്യായീകരിച്ച് പഷ്തൂണ്‍ പള്ളികളില്‍നിന്ന് പ്രഖ്യാപനമുണ്ടായി. ഇത് ഞങ്ങളുടെ പ്രതികാരമാണ്, നിങ്ങളുടെ വംശത്തെ ഇല്ലാതാക്കും. ഹസാരകള്‍ മുസ്ലിങ്ങളല്ല. അവര്‍ ഷിയാക്കളാണ്. അവര്‍ അവിശ്വാസികളാണ്. നിങ്ങള്‍ നിങ്ങളുടെ വിശ്വാസ്യത കാണിച്ചില്ലെങ്കില്‍ വീടുകള്‍ കത്തിക്കും. അതില്‍ നിങ്ങളും വെന്തുപോകും. ഒന്നുകില്‍ മുസ്ലിമാവുക അല്ലെങ്കില്‍ അഫ്ഗാന്‍ വീട്ടുപോവുക. അല്ലെങ്കില്‍ മരിക്കുക. നിങ്ങള്‍ എവിടെപ്പോയാലും ഞങ്ങള്‍ പിടികൂടും. ഹസാരകളെ ആരെങ്കിലും സംരക്ഷിച്ചാല്‍ അവര്‍ക്കും ഹസാരകളുടെ വിധി. ഇതായിരുന്നു ഭൂരിപക്ഷവംശക്കാരുടെ ആക്രോശം.
ഹസാരകള്‍ക്ക് ഭൂരിപക്ഷമുള്ള മസാര്‍-ഇ- ഷെറീഫില്‍ പ്രവേശിച്ച ഉടനെ താലിബാന്‍ കാണുന്നവരെയെല്ലാം വെടിവെച്ചുകൊന്നു. ബാമിയാനിലും ഈ കൂട്ടക്കൊല നടന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേരുടെ ശവങ്ങള്‍ ദിവസങ്ങളോളം സംസ്‌കാരം ലഭിക്കാതെ തെരുവില്‍ കിടന്നു. നായകള്‍ കടിച്ചു തിന്നുകയായിരുന്നു. ഹസാരകളുടെ വീടുകളില്‍ കയറി 18 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികളെയെല്ലാം വെടിവെച്ച് കൊന്നു. ഭാവിയില്‍ അവര്‍ പടയാളികള്‍ ആവാതിരിക്കാനാണ്. കുട്ടികളെ ഉള്‍പ്പെടെ മരുഭൂമിയില്‍ കൊണ്ടുപോയി തള്ളി. ബംഗ്ലാന്‍, സാംഗാന്‍ പ്രവിശ്യയില്‍ നടത്തിയ കൂട്ടക്കൊലയില്‍ നൂറുകണക്കിന് ഹസാരകള്‍ കൊല്ലപ്പെട്ടു. യവവ്ലാംഗ് ജില്ലയില്‍ 2001- ല്‍ നടത്തിയ കൂട്ടക്കൊലയില്‍ 170 പേരാണ് കൊല്ലപ്പെട്ടത്. ചില പ്രാദേശിക മനുഷ്യാവകാശ സംഘടനയിലെ മുന്നൂറോളം പേരെ പിടിച്ചു കൊണ്ടുപോയി താലിബാന്‍ പരസ്യമായി വെടിവെച്ചുകൊന്നു.
താലിബാനു ശേഷം ഐ.എസ്. ശക്തിപ്പെട്ടപ്പോഴും ഹസാരവംശഹത്യക്ക് ശക്തികൂടി. അവിശ്വാസികളെ ആദ്യം ഇല്ലായ്മ ചെയ്യണം എന്നായിരുന്നു ഐ.എസിന്റെ ലക്ഷ്യം. ഹസാരകള്‍ക്കുവേണ്ടി ഇറാന്‍ ഇടപെടുന്നു എന്ന ധാരണ വന്നതോടെ ഹസാരവിരുദ്ധതയ്ക്ക് അഫ്ഗാനിസ്താനിലും പാകിസ്താനിലും ശക്തി കൂടിവന്നിട്ടുണ്ട്. ഹസാരകളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ബാമിയാനിലാണ് ഏറ്റവും ശക്തമായ ഭീഷണി. ഇവിടെ ബാമിയാന്‍ ബുദ്ധ പ്രതിമകള്‍ താലിബാന്‍ തകര്‍ത്തിരുന്നു. 2015 നവംബറില്‍ ഐ.എസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഭീകരവാദികള്‍ എട്ട് ഹസാരവംശജരെ പിടിച്ചുകൊണ്ടുപോയി പരസ്യമായി തല മുറിച്ചുമാറ്റിയിരുന്നു. ഒരുതരം ലോഹക്കമ്പികള്‍കൊണ്ടാണ് അത് ചെയ്തത്. നാല് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും. 2016 ജൂലായില്‍ ഹസാരകേന്ദ്രത്തില്‍ ഒരു ഐ.എസ്. ചാവേര്‍ പൊട്ടിത്തെറിച്ച് 160 പേര്‍ മരിച്ചു. ഐ.എസ്. ഖൊറാസന്‍ എന്ന സംഘടനയാണത്. അതേ മാസംതന്നെ കാബൂളിലെ ഹസാര ദേവാലയത്തില്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ഷിയാ വിശേഷ ദിവസമായ അഷൂറയുടെ തലേദിവസമാണ് സംഭവം. 2018-ല്‍ ഹസാര പരിസരത്തുള്ള ഒരു സര്‍വകലാശാലയ്ക്കുനേരേ ബോംബാക്രമണം നടത്തി 67 പേര്‍ മരിച്ചു. ഐ.എസ്. ഖൊറാസന്‍ ഉത്തരവാദിത്വം അവകാശപ്പെട്ടു.
2020-ല്‍ ഹസാര നേതാവ് അബ്ദുല്‍ അലി മസാരിയുടെ മരണത്തില്‍ നടന്ന വിലാപയാത്രക്കെതിരേ കാബൂളിലെ ദാസ്തെ ബാര്‍ച്ചി പരിസരത്ത് നടത്തിയ വെടിവെപ്പില്‍ 32 പേര്‍ മരിച്ചു. അതേദിവസം ഹസാര ഭൂരിപക്ഷമേഖലയായ ബാര്‍ച്ചിയിലെ ഒരു പ്രസവാസ്പത്രിയില്‍ അതിക്രമിച്ചു കയറി നവജാത ശിശു ഉള്‍പ്പെടെ 24 പേരെ കൊന്നു. സമാനമായ ഒരുപാട് ആക്രമണങ്ങള്‍ ഹസാര വിഭാഗത്തിനു നേരേനടന്നു. ഭയപ്പാടോടെയാണ് ഹസാരകള്‍ ഇപ്പോഴും ജീവിക്കുന്നത്.
(തുടരും)
Content Highlights: history of genocide dinakaran kombilath writes about hazaras and afghanistan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..