ആയുധം തോക്കും പുരുഷ ലിംഗവും; വംശഹത്യയില്‍ നീറിയ അര്‍മീനിയയുടെ കൊടും നിലവിളി


ദിനകരന്‍ കൊമ്പിലാത്ത്

8 min read
Read later
Print
Share

അര്‍മീനിയക്കാരെ തരംതാഴ്ത്തി ക്ലാസ്ഫോര്‍ ജോലിമാത്രം നല്‍കുന്ന സമീപനം ഉണ്ടായി. എതിര്‍ത്താല്‍ വെടിവെച്ചുകൊല്ലുമെന്ന സ്ഥിതിയായി. പ്രതിഷേധക്കാരെയും സാധാരണക്കാരെയും പട്ടാളം വെടിവെച്ച് കൊന്നു.അര്‍മീനിയക്കാര്‍ റഷ്യക്കാര്‍ക്കൊപ്പം ചേരുന്നുവെന്ന തോന്നല്‍ തുര്‍ക്കിയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു.

വംശഹത്യക്കിരയായവരുടെ ഫോട്ടോകളിൽ പുഷ്പങ്ങളർപ്പിക്കുന്ന അർമേനിയൻ ജനത| ഫോട്ടോ എ.എഫ്.പി

മനുഷ്യരാശിയോടുള്ള ഭയാനക കുറ്റകൃത്യമാണ് വംശഹത്യ. മതാധികാരവും മതരാഷ്ട്രവാദവും ഫാസിസവും സമഗ്രാധിപത്യവും എക്കാലത്തും മനുഷ്യരെ ഉന്മൂലനം ചെയ്താണ് തഴച്ചത്. ലോകചരിത്രം ഇക്കൂട്ടര്‍ ഒഴുക്കിയ നിരപരാധികളുടെ ചോരയാല്‍ കുഴഞ്ഞതുകൂടിയാണ്. മതത്തേയും വിശ്വാസത്തേയും സ്വത്വവാദത്തേയും അടിത്തറയാക്കി എവിടെയെല്ലാം അധികാരമുദിക്കുന്നോ അവിടെയെല്ലാം മനുഷ്യര്‍ കൂട്ടത്തോടെ കൊല്ലപ്പെടുകയാണ്. സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയാണ്. കുട്ടികളെ തലക്കടിച്ച് കൊല്ലുകയാണ്. ദിനകരന്‍ കൊമ്പിലാത്ത് എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന പരമ്പര വംശഹത്യയുടെ ലോകചരിത്രം ലോകത്തെ നടുക്കിയ വംശഹത്യകളുടെ ചരിത്രം തേടുന്നു. പരമ്പരയുടെ ആദ്യഭാഗം വായിക്കാം.

ര്‍മീനിയയില്‍നിന്ന് ഓഷ്വിറ്റ്സിലേക്കുള്ള ദൂരം വെറും ഇരുപത്തഞ്ചുകൊല്ലമാണ്. ഓഷ്വിറ്റ്സില്‍നിന്ന് കിഴക്കന്‍ ബംഗാളിലേക്കും കംബോഡിയയിലേക്കുമുള്ള ദൂരം മുപ്പതുവര്‍ഷത്തോളമാവും. അവിടെനിന്ന് റുവാണ്‍ഡയിലെ കിഗാലിയില്‍ വെന്ത മാംസം മണക്കുന്ന മനുഷ്യസത്രത്തിലേക്കുള്ള അകലം ഇരുപതുവര്‍ഷമായി കുറയുന്നു. ആ യാത്രകളില്‍ കോടിക്കണക്കിന് മനുഷ്യര്‍ കൊന്നും ചത്തും ഹിംസയുടെ ജൈവാവശിഷ്ടമായിമാറി. വംശഹത്യയുടെ നാള്‍വഴികള്‍ അതാണ്.

കാലങ്ങള്‍ എത്ര കഴിഞ്ഞാലും ഈ ഭൂമിയില്‍നിന്ന് നിഷ്‌കാസനംചെയ്യപ്പെട്ട മനുഷ്യര്‍ക്ക്, അത് ഗര്‍ഭസ്ഥശിശുവായാലും, അവര്‍ക്ക് നീതി ലഭിക്കുകതന്നെ വേണം. ഒന്നാംലോകയുദ്ധകാലത്ത് നടന്ന അര്‍മീനിയന്‍ കൂട്ടക്കശാപ്പിലെ ഇരകളും പ്രതികളും ചരിത്രത്തിന്റെ കുറ്റങ്ങളിലും കുറ്റബോധങ്ങളിലും ഉറങ്ങുകയാണ്. പക്ഷേ, ഓര്‍മകളും സ്മാരകങ്ങളും രേഖകളും ചിത്രങ്ങളും ചരിത്രാവശിഷ്ടങ്ങളും അസ്ഥികൂടങ്ങളും ബാക്കിയുണ്ട്. അത് തലമുറകള്‍ക്ക് പാഠമാവണം.

ചരിത്രത്തില്‍ എന്ത് സംഭവിച്ചു എന്നുള്ള ഓര്‍മപ്പെടുത്തലും പശ്ചാത്താപവും ആണ് മനുഷ്യത്വം. റുവാണ്‍ഡയില്‍ തുത്സി ഗോത്രത്തെ കൊന്നൊടുക്കിയ ഹുടു കൊലയാളികള്‍ ഇപ്പോള്‍ തെറ്റ് ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുന്നുണ്ട്. ഗുജറാത്ത് വംശഹത്യക്കാലത്ത് വാളുയര്‍ത്തി അട്ടഹസിച്ച അശോകമോച്ചിയെപ്പോലെ. അര്‍മീനിയയിലെയും റുവാണ്‍ഡയിലെയും ജനോസൈഡ് മ്യൂസിയങ്ങള്‍ ലോകത്തെ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളായിമാറുന്നത് അങ്ങനെയാണ്.

കംബോഡിയയിലെ കൊലനിലങ്ങളില്‍ ഇന്നും വിറങ്ങലിച്ചുനില്‍ക്കുന്ന ഒരു മുരടിച്ച മരം സഞ്ചാരികളുടെ നിശ്ശബ്ദതകള്‍ക്ക് കനംവെപ്പിക്കും. അതില്‍നിന്ന് കുട്ടികളുടെ നിലവിളി കേള്‍ക്കാം. ഖമറൂഷ് കൊലയാളികള്‍ നൂറുകണക്കിന് കുട്ടികളെ കാലില്‍ പിടിച്ച് തലയടിച്ച് കൊന്നത് ഈ മരത്തിലാണ്.
മതാധിനിവേശവും വംശാധിപത്യവും അധികാരാധിനിവേശവും കൊണ്ട് ഒരു രാജ്യവും സംസ്‌കാരവും സംസ്‌കൃതിയും ഇല്ലാതായതാണ് അര്‍മീനിയയുടെ ചരിത്രം. ഒടുവില്‍ 1991-ല്‍ സോവിയറ്റ് യൂണിയന്റെ പിടിയില്‍നിന്ന് മോചനം നേടിയപ്പോള്‍ അവര്‍ ആദ്യമായി ചെയ്തത് അര്‍മീനിയന്‍ വംശഹത്യയുടെ സ്മാരകം നിര്‍മിക്കുകയായിരുന്നു. ലക്ഷക്കണക്കിന് മനുഷ്യര്‍ ചുട്ടുപൊള്ളുന്ന മരുഭൂമിയിലേക്കും അവിടെനിന്ന് മരണത്തിലേക്കും പറിച്ചെറിയപ്പെട്ടതാണെന്ന് ലോകത്തോട് പറയുകയാണ് അര്‍മീനിയന്‍ ജനോസൈഡ് മ്യൂസിയം. ലോകത്തിന് മുന്നില്‍ നിശ്ശബ്ദമായി വായിക്കപ്പെടുന്ന ഒരു വിലാപകാവ്യം. വെടിയുണ്ടകള്‍ക്ക് വിലയും ക്ഷാമവും ഉള്ള കാലം. ഇരകള്‍ക്കെതിരേ കല്ലും മരവും ഉപയോഗിക്കുകയായിരുന്നു. പക വിജൃംഭിച്ച പ്രതികാരത്തിന്റെ ലിംഗങ്ങള്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കുനേരേ മനുഷ്യവംശത്തോളം പഴക്കമുള്ള ജൈവയുദ്ധമുറ പുറത്തെടുത്തു. എല്ലാ വംശഹത്യകളിലും തരാതരംപോലെ ഈ കുറ്റകൃത്യം നടന്നു.

ഒന്നാം ലോകയുദ്ധകാലത്ത് നടന്ന വംശഹത്യയില്‍ ഏകദേശം പതിനഞ്ചുലക്ഷത്തോളം അര്‍മീനിയക്കാര്‍ കൂട്ടക്കൊലയ്ക്കിരയായി. 1915 -17ല്‍ അര്‍മീനിയയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷം റഷ്യയുമായി സഹകരിച്ചു എന്നതിന്റെ പേരില്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ അര്‍മീനിയന്‍ ജനതയ്‌ക്കെതിരേ നടത്തിയ കൂട്ടക്കൊലയാണ് അര്‍മീനിയന്‍ വംശഹത്യ എന്നറിയപ്പെടുന്നത്. അതേസമയം അത് വംശഹത്യയല്ലെന്നും യുദ്ധം മാത്രമാണെന്നും വംശഹത്യയ്ക്ക് നേതൃത്വംനല്‍കിയ തുര്‍ക്കി പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുര്‍ക്കിയുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ അര്‍മീനിയയില്‍ നടന്നത് വംശഹത്യയാണെന്ന് രേഖപ്പെടുത്തി. സത്യത്തിന്റെയും നീതിയുടെയും വിജയം എന്നായിരുന്നു അര്‍മീനിയയുടെ പ്രതികരണം.

ജര്‍മന്‍ പാര്‍ലമെന്റിലും അമേരിക്കന്‍ സെനറ്റിലും പ്രമേയം പാസായതിനെതിരേ വളരെ രൂക്ഷമായ ഭാഷയിലാണ് തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ദുഗാന്‍ പ്രതികരിച്ചത്. യരവനില്‍ നടത്തിയ പൊതുസമ്മേളനത്തിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ ഇതായിരുന്നു: ''ഒരുനൂറ്റാണ്ടുമുന്‍പ് നടന്ന സമാനതകളില്ലാത്ത ദുരന്തത്തില്‍ ഇപ്പോഴും നിങ്ങളുടെ മനസ്സ് പൊള്ളുന്നുവെന്ന് എനിക്കറിയാം. മറവി ഒരിക്കലും പാടില്ല. ഇത്തരം ദുരന്തങ്ങള്‍ ഓര്‍മിക്കപ്പെടേണ്ടത് ലോകത്തിന്റെ ചുമതലയാണ്. ഭാവിയിലും കൊടിയ രാക്ഷസീയദുരന്തം ഇല്ലാതാക്കാനുള്ള പ്രത്യൗഷധമാണ് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍.'' യരവനിലെ വംശഹത്യാ മ്യൂസിയത്തിലെ രജിസ്റ്ററില്‍ അദ്ദേഹം എഴുതി: ''വേദന തുടിക്കുന്ന മനസ്സോടെ ഞാന്‍ കുറിക്കട്ടെ, മനുഷ്യവംശം ഒരിക്കലും മറക്കില്ല ഇത്. തിന്മയെ വേര്‍തിരിച്ച് നന്മയെ കൊണ്ടുവരാന്‍ ഇത്തരം ഓര്‍മപ്പെടുത്തലിലൂടെ ലോകത്തിന് കഴിയട്ടെ...''

നവഫാസിസം, സങ്കുചിത ദേശീയത എന്നിവ ലോകത്ത് പലയിടത്തും വര്‍ധിച്ചുവരുകയാണെന്നായിരുന്നു യരവനിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്റെ അഭിപ്രായം. അര്‍മീനിയയില്‍ നടന്നത് വംശഹത്യയാണെന്നും ഇത് അംഗീകരിക്കുന്നില്ലെന്നും പുതിന്‍ പറഞ്ഞു.

അര്‍മീനിയയില്‍ നടന്നത്

മുപ്പതുലക്ഷം മാത്രം ജനസംഖ്യയുള്ള ചെറിയ രാഷ്ട്രമാണ് അര്‍മീനിയ. പടിഞ്ഞാറന്‍ ഏഷ്യ, വടക്കുകിഴക്കന്‍ ആഫ്രിക്ക, തെക്കുകിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ ഒരുകാലത്ത് പടര്‍ന്നുകിടന്ന ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു അര്‍മീനിയ. പുരാതന ക്രിസ്തുമതവിശ്വാസികളുടെ പ്രദേശം. വംശഹത്യയില്‍ ഏകദേശം പതിനഞ്ചും പതിനെട്ടും ലക്ഷത്തിനിടയില്‍ അര്‍മീനിയക്കാര്‍ കൂട്ടക്കൊലയ്ക്കിരയായിട്ടുണ്ട്. വംശഹത്യയുടെ ചരിത്രത്തില്‍ ജര്‍മനിയിലെ ജൂതവേട്ട കഴിഞ്ഞാല്‍ ഇത്രയും ഭീകരമായ മറ്റൊരു വംശഹത്യ ഉണ്ടായിട്ടില്ല. രണ്ടാംലോകയുദ്ധകാലഘട്ടത്തില്‍ തുര്‍ക്കിയില്‍നിന്ന് അര്‍മീനിയ റഷ്യ പിടിച്ചെടുത്തു. പിന്നെ സ്റ്റാലിന്റെ അടിച്ചമര്‍ത്തല്‍ കാലം. വീണ്ടും കൂട്ടക്കൊലകള്‍ അരങ്ങേറി.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നശേഷം ഒരു സ്വതന്ത്രരാഷ്ട്രമായി അര്‍മീനിയ മാറിയപ്പോഴാണ് ഓട്ടോമന്‍ തുര്‍ക്കികള്‍ നടത്തിയ വംശഹത്യയുടെ യഥാര്‍ഥ ചിത്രം ലോകം അറിയാന്‍ തുടങ്ങിയത്. 1995-ല്‍ മാത്രമാണ് അര്‍മീനിയയില്‍ 'അര്‍മീനിയന്‍ ജനോസൈഡ് മ്യൂസിയം' നിര്‍മിച്ചത്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോള്‍ വംശഹത്യ ലോകതലത്തില്‍ ചര്‍ച്ചയാക്കണമെന്ന് അര്‍മീനിയ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. റഷ്യയുടെ കീഴില്‍ അര്‍മീനിയന്‍ സ്വത്വത്തിന് വിലയില്ലെന്ന് മാത്രമല്ല, വിലക്കും ഉണ്ടായിരുന്നു. അര്‍മീനിയയുടെ ചെറിയ 'ആള്‍ക്കൂട്ട'ത്തിന്റെ ശബ്ദത്തിന് വിലയുണ്ടായില്ല. അര്‍മീനിയ അനുഭവിച്ച നരകയാതനയുടെ നേര്‍ചിത്രങ്ങള്‍ അക്കാലം പകര്‍ത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലൂടെ ജനോസൈഡ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

തുര്‍ക്കിയുടെ കിഴക്കന്‍ പ്രദേശത്തെ കോക്കസസ് മലനിരകള്‍ അതിരിടുന്ന സ്ഥലമാണ് പഴയ അര്‍മീനിയ. ആദികാലത്ത് തന്നെ ക്രിസ്ത്യന്‍ രാഷ്ട്രമായി അര്‍മീനിയ മാറിയിരുന്നു. ഇപ്പോഴും ലോകത്തിലെ ഏക ക്രിസ്ത്യന്‍ രാഷ്ട്രം എന്ന് അര്‍മീനിയയെക്കുറിച്ച് പറയാം. ഇന്നത്തെ മധ്യയൂറോപ്പിന്റെ പല ഭാഗങ്ങളും പോലെ ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ ഭാഗം തന്നെയായിരുന്നു അര്‍മീനിയയും. കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരം(ഇന്നത്തെ ഈസ്താംബൂള്‍) ഓട്ടോമന്‍ തുര്‍ക്കികള്‍ പിടിച്ചടക്കിയത് ചരിത്രത്തിന്റെ വിധിനിര്‍ണായകമായ മുഹൂര്‍ത്തമായിരുന്നു. ഒരു തിരമാലപോലെ മുന്നേറിയ ഓട്ടോമന്‍ സാമ്രാജ്യം പഴയ അനത്തോലിയ മുതല്‍ തുര്‍ക്കി വരെ സുല്‍ത്താന്മാരുടെ കീഴിലായി.

തുര്‍ക്കി ആധിപത്യം മെല്ലെ മെല്ലെ അധിനിവേശത്തിന്റെ വഴിയിലേക്ക് മാറിക്കൊണ്ടിരുന്നു. വംശീയ വിദ്വേഷം മെല്ലെ പടരാന്‍ തുടങ്ങി. തുര്‍ക്കിക്കാരല്ലാത്തവര്‍ക്ക് പ്രത്യേകിച്ചും അര്‍മീനിയന്‍ വംശജര്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു ആദ്യപടിക്കെട്ടുകള്‍. അര്‍മീനിയന്‍ ക്രിസ്ത്യാനികള്‍ ഈ നീതിനിഷേധത്തെ എതിര്‍ത്തു. എന്നാല്‍ അവിടെയുള്ള കുര്‍ദിഷ് വിഭാഗത്തിന് തുര്‍ക്കികള്‍ അനുകൂല സാഹചര്യം ഉണ്ടാക്കിക്കൊടുത്തു. കുര്‍ദുകളും അര്‍മീനിയക്കാരും തമ്മില്‍ ശത്രുത ഉണ്ടായി. ഈ ശത്രുതയെ തുര്‍ക്കി വളര്‍ത്തുകയും ചെയ്തു. ഇരുവിഭാഗക്കാരുടെയും ലക്ഷ്യം അര്‍മീനിയക്കാരെ ജന്മനാട്ടില്‍നിന്ന് ഓടിക്കുക എന്നതായിരുന്നു.

അര്‍മീനിയന്‍ വംശഹത്യക്കാലത്തെ ഒരു കേബിള്‍ സന്ദേശത്തില്‍ അവിടത്തെ ആശങ്കയുണ്ടാക്കുന്ന സ്ഥിതി വായിച്ചെടുക്കാന്‍ പറ്റും. ഓട്ടോമന്‍ സാമ്രാജ്യത്തില്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന ഹെന്‍ട്രി മോര്‍ഗെന്താവു, 1915 ജൂലായ് 10-ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റോബര്‍ട്ട് ലാന്‍സിംഗിനയച്ച ആ കേബിള്‍ സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു: ''തികച്ചും സമാധാനപ്രിയരായ അര്‍മീനിയന്‍ ജനതയെ കടുത്ത പീഡനത്തിന് ഇരയാക്കുകയാണ്. കൂട്ടത്തോടെ അവര്‍ ആട്ടിയോടിക്കപ്പെടുന്നു. അവരെ ഉന്മൂലനം ചെയ്യാന്‍ കൊള്ളയും കൊലയും കൂട്ട ബലാത്സംഗവും നടത്തുകയാണ്. വംശീയമായ ഈ ഉന്മൂലനം കോണ്‍സ്റ്റാന്റിനോപ്പിളില്‍നിന്നുള്ള സൈനികമായ നിര്‍ദേശത്തിന്റെ ഭാഗമാണ്.''

അര്‍മീനിയന്‍ വംശഹത്യയുടെ കാരണം ചികയുമ്പോള്‍ ഈ സൈനിക ഇടപെടലിന്റെ കാരണവും വ്യക്തമാവും. അക്കാലം മുസ്ലിങ്ങളും അര്‍മീനിയക്കാരും നല്ല ഐക്യത്തോടെയാണ് ജീവിച്ചത്. പക്ഷേ, തുര്‍ക്കിയുടെ ശത്രുവായ റഷ്യയുമായി ചില അര്‍മീനിയന്‍ പ്രദേശങ്ങള്‍ ഒരു സഖ്യം ഉണ്ടാക്കിയതായി പറയപ്പെടുന്നു. കുറെ അര്‍മീനിയക്കാര്‍ കോക്കസസ്സിലെ റഷ്യന്‍ സേനയില്‍ ചേര്‍ന്നു. ഇതിന് കാരണം തുടക്കത്തില്‍ ചില ഭാഗങ്ങളില്‍ ഉണ്ടായ മുസ്ലിം ക്രിസ്ത്യന്‍ സംഘര്‍ഷമായിരുന്നു. ഈ റഷ്യന്‍ ചായ്വാണ് വന്‍ തിരിച്ചടിക്ക് കാരണമായത്. പക്ഷേ, ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യത്തോട് നല്ല ഐക്യം സ്ഥാപിച്ച സാധാരണ അര്‍മീനിയക്കാരാണ് കൊല്ലപ്പെട്ടത്.

photo AP
അർമേനിയൻ വംശഹത്യയുടെ 106-ാം വാർഷികത്തിൽ തുർക്കി പതാക കത്തിക്കുന്ന അർമേനിയൻ യുവാവ്

വംശഹത്യയുടെ രീതി നോക്കാം. ആദ്യം അര്‍മീനിയന്‍ പുരുഷന്മാരെ നോട്ടമിട്ടു. എല്ലാവരും നാടുവിട്ടുപോകാനായിരുന്നു ഉത്തരവ്. സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കി എവിടേക്ക് പോകാന്‍? അതുകൊണ്ട് പലരും പോയില്ല. 13 വയസ്സിന് മുകളിലുള്ള എല്ലാ പുരുഷന്മാരെയും കൊല്ലാന്‍ തീരുമാനിച്ചതോടെ ഭയന്നുപോയ കുടുംബങ്ങളും ആള്‍ക്കൂട്ടവും രക്ഷപ്പെടാനുള്ള തിടുക്കത്തിലായി. ആ യാത്ര ദുരിതപൂര്‍ണമായിരുന്നു. സ്ത്രീകള്‍, കുട്ടികള്‍ എല്ലാവരും കൈയില്‍ കിട്ടിയതുമായി ഓടാന്‍ തുടങ്ങി. കുര്‍ദ് സൈനികരും തുര്‍ക്കി സൈനികരും അവരെ ആക്രമിച്ചു. കൊലയും ബലാത്സംഗങ്ങളും അതിന്റെ ഭീകരനാടകങ്ങള്‍ തുടങ്ങി. മനുഷ്യന്‍ മരുഭൂമികളില്‍ ഇറച്ചിത്തുണ്ടുകള്‍ മാത്രമായി.

അലെപ്പോ എന്ന സ്ഥലത്തെ യു.എസ്. കൗണ്‍സലായ ജസ്സി ജാക്സന്‍ സിറിയന്‍ നഗരത്തിന് സമീപമുള്ള ഒരു കാഴ്ചയെക്കുറിച്ച് എഴുതി: ''ഈ പ്രദേശത്ത് കൊല്ലപ്പെട്ടവര്‍ അറുപതിനായിരത്തോളം വരും. മിക്കവരും പട്ടിണിയാല്‍ പേക്കോലങ്ങള്‍ ആയിരുന്നു. 200 മുതല്‍ 300 വരെയുള്ള ആള്‍ക്കൂട്ടത്തെ ഈ പ്രദേശങ്ങളില്‍ ഇടവിട്ട് ഇടവിട്ട് കുഴിച്ചുമൂടി. പലതും അധികം ആഴത്തിലല്ലായിരുന്നു. മരിക്കാതെ അവശേഷിക്കുന്നവരെ ജീവനുള്ള പ്രേതങ്ങള്‍ എന്നാണ് ജാക്സന്‍ വിശേഷിപ്പിച്ചത്. അത്രമാത്രം പരിതാപകരമായിരുന്നു കാര്യങ്ങള്‍. വാന്‍ നഗരത്തിലും 40000ത്തോളം പേര്‍ കൊല്ലപ്പെട്ടു.''

ബുദ്ധിജീവികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവരെ കൂട്ടത്തോടെ നാടുകടത്തി. പക്ഷേ, പലരും യാത്രയില്‍ മരിച്ചുവീണു. അവരെ കൊണ്ടുപോകുന്ന സൈന്യത്തിന്റെ കൈയില്‍ രണ്ട് ആയുധങ്ങളാണ് ഉണ്ടായിരുന്നത്: ഒന്നു തോക്കും മറ്റൊന്നു പുരുഷലിംഗവും. രണ്ടും അവര്‍ പ്രയോഗിച്ചു. ബലാത്സംഗത്തിനുള്ള അനുമതി പ്രത്യക്ഷമായും പരോക്ഷമായും നല്‍കി. സ്ത്രീകളെ നഗ്‌നരാക്കി പൊതുവഴിയില്‍ പ്രദര്‍ശിപ്പിക്കാനും വിലപേശി വില്‍ക്കാനും അനുവാദം നല്‍കിയിരുന്നു. ഇടയ്ക്കിടയ്ക്ക് താത്കാലിക കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറന്നു. അവിടെ ഭക്ഷണവും വെള്ളവും നല്‍കാതെ ആളുകളെ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നു.

യൂഫ്രട്ടീസ് നദിയില്‍ ശവശരീരങ്ങള്‍ ഒഴുകിനടന്നു. രക്ഷതേടി ആത്മഹത്യചെയ്തവര്‍, സൈനികരും ഗുണ്ടകളും നദിയില്‍ വലിച്ചെറിഞ്ഞ പ്രായമായവരും കുട്ടികളും... പീഡനത്തിനിരയായ സ്ത്രീകളെയും ജീവനോടെതന്നെ നദിയിലേക്ക് വലിച്ചെറിഞ്ഞു. നീതിനിഷേധത്തിനെതിരേ അര്‍മീനിയന്‍ യുവാക്കള്‍ ചെറുത്തുനില്‍പ്പ് തുടങ്ങി. നികുതികൊടുക്കില്ലെന്ന് അവര്‍ പറഞ്ഞത് പ്രകോപനത്തിനിടയാക്കി. സൈന്യം തിരിച്ചടിച്ചു. ചെറുത്തുനില്‍ക്കുന്നവരെയെല്ലാം കൊലചെയ്തു. ഹമീദിയന്‍ കൂട്ടക്കൊലയെന്നാണ് ഇതറിയപ്പെട്ടത്. അനത്തോലിയ പ്രദേശത്തുള്ളതടക്കമുള്ള അര്‍മീനിയക്കാരെ ഒഴിവാക്കുക; തെക്കോട്ട് മരുഭൂമിയിലൂടെ കൊണ്ടുപോയി സിറിയയിലേക്ക് പുനരധിവസിപ്പിക്കുക എന്നായിരുന്നു തീരുമാനം. അര്‍മീനിയന്‍ അധീനതയിലുള്ള വ്യക്തിഗതവും അല്ലാത്തതുമായ എല്ലാ സമ്പത്തും സ്വന്തമാക്കാനും ഇതിന്റെ ഭാഗമായി കഴിയുമെന്ന് ഓട്ടോമന്‍ തുര്‍ക്കികള്‍ കരുതി.

ഒരു മുന്നൊരുക്കവും നല്‍കാതെ ഒറ്റമണിക്കൂര്‍കൊണ്ടാണ് പട്ടാളം ഇരച്ചെത്തി അര്‍മീനിയക്കാരെ നാട്ടില്‍നിന്നും വീട്ടില്‍നിന്നും വലിച്ച് പുറത്തിട്ട് ഓടിക്കുന്നത്. ലോകചരിത്രത്തിലെ ദുരിതപൂര്‍ണമായ ഒരു യാത്രയുടെ തുടക്കമായിരുന്നു അത്. ഗോത്രവര്‍ഗക്കാര്‍ യാത്രയില്‍ വിലപേശി പെണ്‍കുട്ടികളെ വാങ്ങിക്കൊണ്ടുപോയി. സംഘങ്ങള്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി മരുഭൂമിയില്‍ പൊരുതി. 40,000 പേരുള്ള ചില സംഘങ്ങളില്‍ അവസാനലക്ഷ്യസ്ഥാനത്തെത്തിയത് ആയിരത്തോളംപേര്‍ മാത്രം. ബാക്കിയായവര്‍ സിറിയയില്‍ വേലക്കാരും ലൈംഗിക അടിമകളുമായി. കുരിശില്‍ നഗ്‌നരാക്കി കൊന്ന അര്‍മീനിയന്‍ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ അര്‍മീനിയക്കാര്‍ അവരുടെ ജെനോസൈഡ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സിറിയയിലും മെസപ്പൊട്ടാമിയയിലുമുള്ള ക്യാമ്പുകളിലേക്കുകൂടിയായിരുന്നു അര്‍മീനിയക്കാരുടെ യാത്ര.

അര്‍മീനിയന്‍ വംശഹത്യയുടെ ഓര്‍മദിനത്തിലാണ് അമേരിക്ക വംശഹത്യാദിനം (ഏപ്രില്‍ 24) ആചരിക്കുന്നത്. ഓക്‌സ്ഫഡ് ഹാന്‍ഡ് ബുക്ക് ഓഫ് ജെനോസൈഡല്‍ സ്റ്റഡീസും മറ്റു വിവിധ ഏജന്‍സികളും അര്‍മീനിയയില്‍ സംഭവിച്ചത് വംശഹത്യയാണെന്നാണ് പറയുന്നത്. ഓര്‍ഹാന്‍ പാമുക്ക് അര്‍മീനിയയില്‍ നടന്നത് വംശഹത്യതന്നെയാണെന്ന് തുറന്നുപറഞ്ഞു. 1915 ഏപ്രില്‍ 24-നായിരുന്നു അര്‍മീനിയന്‍ വംശഹത്യയുടെ തുടക്കം. തെക്കന്‍ കോക്കേഷ്യയില്‍ ഏറ്റവും ഉയര്‍ന്ന ജീവിതനിലവാരമുള്ള രാഷ്ട്രമായിരുന്നു അര്‍മീനിയ. ലോകത്തില്‍ ഏറ്റവും ആദ്യം ബൈബിള്‍ തര്‍ജ്ജമചെയ്യപ്പെട്ട ഭാഷകളില്‍ ഒന്നാണ് അര്‍മീനിയന്‍ ഭാഷ. ലോകത്തിലെത്തന്നെ ഏറ്റവും പഴക്കമുള്ള ദേശീയ ക്രൈസ്തവസഭയാണ് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ. 2500 വര്‍ഷത്തെ ചരിത്രവും മത ആത്മീയശക്തിയുമുള്ള രാജ്യമായിട്ടും മനസ്സമാധാനം ആ രാജ്യത്തിന് വിധിച്ചിട്ടില്ല.

പ്രോജ്ജ്വലമായ ഒരു ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ആദികാലങ്ങളില്‍നിന്ന് തകര്‍ന്നു വഴിമാറിപ്പോയ അര്‍മീനിയ പിന്നീട് ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും നന്നേ ശോഷിച്ചു. ബൈബിളിലെ നോഹ പെട്ടകവുമായി വന്നെത്തിയ അരാരത് പര്‍വതം അര്‍മീനിയയിലാണെന്നാണ് വിശ്വാസം. പക്ഷേ, ഇപ്പോള്‍ അത് തുര്‍ക്കിയുടെ കൈവശമാണ്. തങ്ങള്‍ നോഹയുടെ പിന്‍തലമുറക്കാര്‍ എന്നാണ് അര്‍മീനിയക്കാര്‍ വിശ്വസിച്ചുവന്നത്. നോഹയുടെ പ്രപൗത്രന്റെ പുത്രനായ ഹയാഖാണ് അര്‍മീനിയന്‍ രാഷ്ട്രസംവിധാനം ഒരുക്കിയതെന്നു വിശ്വസിക്കുന്നു. അതിനാല്‍ ഈ പ്രദേശം ഹയാഖ്‌സ്താന്‍ എന്നും അറിയപ്പെടുന്നുണ്ട്.

ഹയാഖിന്റെ പ്രപൗത്രനായ ആര്‍മെനിക്കില്‍നിന്നാണ് അര്‍മീനിയ എന്ന പേര്‍ ലഭിച്ചത്. ഹയാഖ്സ്താന്‍ എന്ന വിശാലമായ ദേശത്തിന്റെ പത്തിലൊന്നുപോലും ഇന്നത്തെ അര്‍മീനിയയില്‍ വരില്ല. പേര്‍ഷ്യക്കാര്‍, റോമാക്കാര്‍, ഗ്രീക്കുകാര്‍, ബൈസെന്റന്‍മാര്‍ തുടങ്ങിയവര്‍ കൈയേറി 14-ാം നൂറ്റാണ്ടില്‍ത്തന്നെ രാജ്യം നാമാവശേഷമായി. 15-ാം നൂറ്റാണ്ടിലാണ് ഓട്ടോമന്‍ തുര്‍ക്കികള്‍ എത്തുന്നത്. അവര്‍ കൈയേറിയ പ്രദേശത്തിനുവേണ്ടി റഷ്യക്കാര്‍ ഇടപെട്ടു. പിന്നീട് ഹയാഖ്സ്താനുവേണ്ടി തുര്‍ക്കിയും റഷ്യയും തമ്മിലായി യുദ്ധം. കിഴക്കന്‍ അര്‍മീനിയ മുഴുവന്‍ റഷ്യയുടെ കൈയിലായി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തുര്‍ക്കികള്‍ അര്‍മിനീയക്കാരെ നാട്ടില്‍നിന്ന് ഒഴിപ്പിക്കാന്‍ തുടങ്ങി. ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കി തോറ്റതോടെ സ്വതന്ത്രമായ അര്‍മീനിയ റഷ്യയുടെ ഭാഗമായി.
സോവിയറ്റ് ബ്ലോക്കുകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ സ്വതന്ത്രരാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിത്തര്‍ക്കമുണ്ടായി. അങ്ങനെയാണ് നഗോര്‍ണാ കാരബാക്ക് മേഖലയെച്ചൊല്ലി അസര്‍ബൈജാനുമായി അര്‍മീനിയ തര്‍ക്കത്തിലാവുന്നത്. സംഘര്‍ഷവും തുടര്‍ന്നു.

1514-ലാണ് തുര്‍ക്കികള്‍ അര്‍മീനിയ കീഴടക്കുന്നത്. 1894-ല്‍ തുര്‍ക്കികള്‍ പീഡനം കടുപ്പിച്ചു. 1920-ല്‍ തുര്‍ക്കിയും റഷ്യയും ചേര്‍ന്ന് അര്‍മീനിയയെ ആക്രമിച്ചു. പിടിച്ചെടുത്ത അര്‍മീനിയയെ അവര്‍ തരംപോലെ ഭാഗിച്ചെടുത്തു. കിഴക്കന്‍ അര്‍മീനിയ സോവിയറ്റ് യൂണിയനും ബാക്കി തുര്‍ക്കിയും വീതിച്ചു. സോവിയറ്റ് യൂണിയന്റെ കീഴില്‍ അര്‍മീനിയക്ക് മെച്ചപ്പെട്ട പരിഗണന ലഭിച്ചു. പക്ഷേ, ഇത് അധികകാലം നിന്നില്ല. റഷ്യയില്‍ ജോസഫ് സ്റ്റാലിന്‍ അധികാരത്തില്‍വരുന്നതോടെ ചിത്രം മാറി. കമ്യൂണിസം വംശീയതയെ എതിര്‍ത്തു. വംശീയമായ മുന്നേറ്റം കമ്യൂണിസത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്ന ധാരണയില്‍ സ്റ്റാലിന്‍ അര്‍മീനിയന്‍ ദേശീയതയെ തകര്‍ക്കാന്‍ ശ്രമിച്ചു. അതിനായി പതിനായിരക്കണക്കിന് റഷ്യക്കാരെ അര്‍മീനിയയില്‍ കൊണ്ടുവന്നു താമസിപ്പിച്ചു. ഇതുണ്ടാക്കിയ സംഘര്‍ഷത്തില്‍ പതിനായിരക്കണക്കിന് അര്‍മീനിയക്കാര്‍ വീണ്ടും കൂട്ടക്കൊലയ്ക്കിരയായി.

സ്റ്റാലിന്റെ മരണശേഷം നികിത ക്രൂഷ്ചേവ് അധികാരത്തില്‍വന്നപ്പോള്‍ കാര്യങ്ങള്‍ കുറച്ച് മാറി. ക്രൂഷ്ചേവ് സ്റ്റാലിന്‍ വിരുദ്ധനായിരുന്നു. അര്‍മീനിയയിലുണ്ടായിരുന്ന സ്റ്റാലിന്റെ കൂറ്റന്‍ പ്രതിമ ക്രൂഷ്ചേവ് എടുത്തുമാറ്റി. 1908-ലാണ് യുവതുര്‍ക്കികള്‍ അര്‍മീനിയയില്‍ അധികാരം പിടിച്ചെടുക്കുന്നത്. യുവതുര്‍ക്കികള്‍ ജനാധിപത്യസമീപനത്തിലൂടെയായിരുന്നു ഭരണം എന്നു പറഞ്ഞെങ്കിലും ജനാധിപത്യവും പൗരാവകാശവും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കി ജര്‍മന്‍ പക്ഷത്തായിരുന്നു. അതുകൊണ്ടുതന്നെ അര്‍മീനിയന്‍ ക്രൈസ്തവരോടുള്ള പകയും വര്‍ധിച്ചു. ഓട്ടോമന്‍ സാമ്രാജ്യത്തിന് വെളിയിലുള്ള അര്‍മീനിയക്കാര്‍ റഷ്യയെ പിന്തുണച്ചു. ഇതും തുര്‍ക്കിക്ക് അര്‍മീനിയക്കാരോടുള്ള രോഷം ഇരട്ടിപ്പിച്ചു.

അര്‍മീനിയക്കാരെ തരംതാഴ്ത്തി ക്ലാസ്ഫോര്‍ ജോലിമാത്രം നല്‍കുന്ന സമീപനം ഉണ്ടായി. എതിര്‍ത്താല്‍ വെടിവെച്ചുകൊല്ലുമെന്ന സ്ഥിതിയായി. പ്രതിഷേധക്കാരെയും സാധാരണക്കാരെയും പട്ടാളം വെടിവെച്ച് കൊന്നു.അര്‍മീനിയക്കാര്‍ റഷ്യക്കാര്‍ക്കൊപ്പം ചേരുന്നുവെന്ന തോന്നല്‍ തുര്‍ക്കിയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. അര്‍മീനിയന്‍ വംശജരായ പട്ടാളക്കാരോടുപോലും സര്‍ക്കാരിന് ഈ സംശയമുണ്ടായി. സംശയമുള്ള ആയിരക്കണക്കിന് പട്ടാളക്കാരെ വെടിവെച്ചുകൊല്ലുകയും ചെയ്തു. 1915 മേയ് 27-നാണ് ഓട്ടോമന്‍ പാര്‍ലമെന്റ് ടെഹ്സീര്‍ നിയമം കൊണ്ടുവരുന്നത്. ജൂതരെ തിരഞ്ഞുപിടിച്ച് പോളണ്ടിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അയച്ചതിന് സമാനമായിരുന്നു ഇത്. രാജ്യത്തെ അര്‍മീനിയന്‍ പൗരന്‍മാരെ കണ്ടെത്താനും അറസ്റ്റുചെയ്ത് നാടുകടത്താനും തീരുമാനിച്ചു. തീരുമാനം 1915 ജൂണ്‍ ഒന്നിന് നിലവില്‍വന്നു. തുടര്‍ന്ന് 1915 സെപ്റ്റംബര്‍ 13-ന് മറ്റൊരു നിയമം വന്നു. ഉപേക്ഷിക്കപ്പെട്ട അര്‍മീനിയന്‍ സ്ഥാവരജംഗമവസ്തുക്കള്‍ തുര്‍ക്കിക്കും തുര്‍ക്കിക്കാര്‍ക്കും നിയമപരമായി അവകാശപ്പെടാമെന്ന നിയമം.

അര്‍മീനിയന്‍ വംശഹത്യയുടെ തുടക്കം എങ്ങനെയായിരുന്നുവെന്നതില്‍ ഭിന്നാഭിപ്രായമുണ്ട്. അന്നത്തെ കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തില്‍നിന്ന് (ഇന്നത്തെ ഈസ്താംബൂള്‍) 250 അര്‍മീനിയന്‍ ബുദ്ധിജീവികളെ അറസ്റ്റുചെയ്ത് അങ്കാറയ്ക്ക് കൊണ്ടുപോയി. ഇവരെയെല്ലാം അവിടെവെച്ച് വധിച്ചു. 1915 ഏപ്രില്‍ 24-നാണ് സംഭവം. ഇതോടെയാണ് വംശഹത്യയുടെ തുടക്കം.2014-ലാണ് അര്‍മീനിയന്‍ വംശഹത്യയുടെ നൂറാം വാര്‍ഷികം അര്‍മീനിയ ആചരിച്ചത്. തുര്‍ക്കിയെ കുറ്റപ്പെടുത്തിക്കൊണ്ട് അര്‍മീനിയ വലിയ പ്രതിഷേധദിനംതന്നെ നടത്തി.

(തുടരും)

Content Highlights: History of Genocide Dinakaran Kombilath part 1


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreebala, ashitha

3 min

'ഞാന്‍ പോയാലും നിന്നെ വിടില്ല ബാലേ...നിനക്കുള്ള പണി ഞാന്‍ തന്നുകൊണ്ടേയിരിക്കും...'  

Mar 26, 2022


Ashitha

4 min

'ജീവിതവും മരണവും എല്ലാം ഇനി അമ്മയിലേക്കുള്ള ഒരു യാത്ര മാത്രം...'അഷിതയുടെ മകള്‍ ഉമ പ്രസീദ

Mar 24, 2022


Most Commented