ഏഷ്യക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മലയാളം മീഡിയംകാരൻ


എം.സിദ്ധാർഥൻ

കോളേജ് പഠനകാലത്താണ് ഇംഗ്ലീഷിലുള്ള ക്ലാസുകൾ ആദ്യമായി ഗോവിന്ദൻ കേട്ടത്.

ഗോവിന്ദൻ

ൺമക്കളിൽ നാലാമനായ ഗോവിന്ദനോട് ചെറുകിടകർഷകനായ അച്ഛൻ പറഞ്ഞത് കൂടുതൽ പഠനത്തിനൊന്നും പോകാതെ ഉള്ള കൃഷിയും നോക്കിനടത്തി വീട്ടിൽത്തന്നെ കഴിയാനായിരുന്നു. കൃഷിയെന്നുപറഞ്ഞാൽ നെല്ലും കുരുമുളകും തേങ്ങയും അടയ്ക്കയും എല്ലാംചേർന്ന അധികം വലുതല്ലാത്ത കൃഷിയിടം. തന്റെയുള്ളിലും വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്തതിനാൽ ഒരു സാധാരണ സ്കൂൾവിദ്യാർഥിയുടെ ജീവിതചര്യകളുമായി കുപ്പം പുഴയുടെ വൃദ്ധിപ്രദേശത്തെ വെള്ളാവ് എൽ.പി. സ്കൂളിലും മൂത്തേടത്ത് ഹൈസ്കൂളിലുമായി അസൽ മലയാളത്തിൽ ഗോവിന്ദനും തന്റെ സ്കൂൾകാലം പിന്നിട്ടു. കൂടുതൽ പഠിച്ചിട്ട് കാര്യമൊന്നുമില്ലെന്ന ബോധ്യമുണ്ടായിരുന്നെങ്കിലും മുഴുവൻസമയ കൃഷി എന്നതിൽനിന്നുള്ള മോചനത്തിനായി പഠനത്തോടൊപ്പം കൃഷിയെന്ന രീതിയിലേക്ക് തിരിഞ്ഞു. എസ്.എസ്.എൽ.സി.ക്ക് മാർക്ക് കുറവായിരുന്നതിനാൽ ഒരു പാരലൽ കോളേജിലാണ് ഗോവിന്ദൻ തന്റെ പ്രീഡിഗ്രി പൂർത്തിയാക്കിയത്. ഒന്നാം ക്ലാസോടെ പ്രീഡിഗ്രി പാസായതോടെ മെറിറ്റിൽ തളിപ്പറമ്പിലെ സർ സെയ്ദ് കോളേജിൽ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചു.

കോളേജ് പഠനകാലത്താണ് ഇംഗ്ലീഷിലുള്ള ക്ലാസുകൾ ആദ്യമായി ഗോവിന്ദൻ കേട്ടത്. ഇക്കാലത്തുതന്നെയാണ് സാമൂഹികവും സാംസ്കാരികവുമായ വെളിച്ചം കാണലുകൾക്കും തെല്ലിട കിട്ടിയതും. അന്ന് കോളേജിൽ ജോൺ അബ്രഹാമിന്റെ ‘ഒഡേസ്സ’യുടെ ഒരു ശാഖ എന്നനിലയിൽ സൈനുൽ ഹുകുമാൻ എന്ന കെമിസ്ട്രി അധ്യാപകന്റെ പ്രേരണയാൽ ഋതിക് ഘട്ടക്കിന്റെ പേരിൽ ഒരു ഫിലിം സൊസൈറ്റി രൂപവത്‌കരിക്കുകയും അതിന്റെ ജോയന്റ് സെക്രട്ടറിസ്ഥാനം വഹിക്കുകയുംചെയ്തത് ജീവിതത്തിലെ വിലപ്പെട്ട ഒരനുഭവമായി ഇപ്പോഴും ഓർമയിലുണ്ട്. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെയും സാമൂഹികപരിഷ്കരണ പ്രസ്ഥാനത്തിന്റെയുമെല്ലാം ജനകീയമുഖമായിരുന്ന ഐ.വി. ദാസൻമാഷുടെയും എൻ.സി. മമ്മൂട്ടിമാഷുടെയും പ്രവർത്തനശൈലിയിൽ ആകൃഷ്ടനായി ഗ്രന്ഥശാലാ സംഘത്തിൽ ചേർന്ന് പ്രവർത്തിച്ചതുമുതലാണ് ഗോവിന്ദനിൽ ഭാഷയോടും സാഹിത്യത്തോടും സർവോപരി പുസ്തകങ്ങളോടുമുള്ള താത്‌പര്യം ഉടലെടുത്തത്. ബിരുദത്തിനുശേഷം കൃഷിപ്പണിക്കായി ഒന്നുരണ്ടുവർഷം മുതിർന്നെങ്കിലും അതിൽ തൃപ്തനാവാതെ ഒരു കൺസ്യൂമർ പ്രൊഡക്ട് കമ്പനിയുടെ റെപ്രസെന്ററ്റീവായി ജോലിചെയ്തു. അപ്പോഴും സാഹിത്യലോകത്തോടും അക്ഷരങ്ങളോടുമുള്ള അഭിനിവേശം തെല്ലുംകുറയാഞ്ഞതിനാൽ ആ മേഖലയിലായിരിക്കും തനിക്ക് കുറച്ചുകൂടെ അർഥവത്തായ ഒരു ജീവിതം നയിക്കാൻ കഴിയുക എന്നതോന്നൽ മനസ്സിലുണ്ടായിരുന്നു.

അങ്ങനെയാണ് 1985-’86 കാലഘട്ടത്തിൽ ‘വൈലി ഈസ്റ്റേൺ’ എന്ന പ്രസാധക സ്ഥാപനത്തിന്റെ റെപ്രെസെന്ററ്റീവായി അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് ഗോവിന്ദൻ എത്തിച്ചേർന്നത്. ഏതാണ്ട് പത്തുവർഷത്തോളം വൈലിയിൽ സേവനമനുഷ്ഠിച്ച് റീജണൽ മാനേജർ പദവിയിലിരിക്കെ കേംബ്രിജ്‌ യൂണിവേഴ്‌സിറ്റി പ്രസിന്റെ പുസ്തകങ്ങളുടെ മൊത്തവിതരണക്കാരായ ഫൗണ്ടേഷൻ ബുക്‌സിൽ ഇതേ തസ്തികയിൽത്തന്നെ നിയമനംനേടി. കുറച്ചുവർഷങ്ങൾക്കുശേഷം ഫൗണ്ടേഷൻ ബുക്‌സ്‌ കേംബ്രിജ്‌ യൂണിവേഴ്‌സിറ്റി പ്രസ് ഏറ്റെടുത്തു. ഗോവിന്ദൻ അവരുടെ ഉദ്യോഗസ്ഥനായി.

ബെംഗളൂരുവിൽനിന്ന്‌ ബാങ്കോക്കിലേക്ക്

2008-ൽ ദക്ഷിണേന്ത്യയുടെ മാനേജരായിരിക്കേയാണ് ഗോവിന്ദൻ കേംബ്രിജ്‌ യൂണിവേഴ്‌സിറ്റി പ്രസിന്റെ സൗത്ത് ഏഷ്യയുടെ സെയിൽസ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടറായി നിയമിക്കപ്പെട്ടത്. ബെംഗളൂരുവിലെ ഓഫീസിലിരുന്ന് ഇന്ത്യയുടെ പരിമിതമായ പ്രദേശങ്ങളുടെ മാത്രം കാര്യങ്ങൾ നോക്കിയിരുന്ന ഗോവിന്ദൻ പൊടുന്നനെ ഏഷ്യയെന്ന വിസ്തൃതഭൂമിയിലെ പത്തുരാജ്യങ്ങളുടെ വിൽപ്പനയുടെയും പുതിയ പദ്ധതികളുടെയും അമരക്കാരനായി. സിങ്കപ്പൂരിലെയും ബാങ്കോക്കിലെയും ഓഫീസുകളിലെവിടെയും ജോലിചെയ്യാനുള്ള സൗകര്യം കമ്പനി നൽകുകയും അങ്ങനെ ബെംഗളൂരുവിൽനിന്ന്‌ ബാങ്കോക്കിലെത്തിച്ചേരുകയും ചെയ്തു.

ബാങ്കോക്കിലെ ഗോവിന്ദന്റെ ജോലി തുടക്കത്തിൽ ശ്രമകരമായിരുന്നു. കാരണം, ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യക്കാരൻ കേംബ്രിജിന്റെ ഇത്തരമൊരു പദവിയിൽ അവിടേക്ക് എത്തപ്പെട്ടത്. പോയകാലമത്രയും ബ്രിട്ടനിൽനിന്നുള്ള സായിപ്പന്മാർ മാത്രമേ അവിടെ ആ പദവിയിലിരുന്നിട്ടുള്ളൂ. അതുകൊണ്ടുതന്നെ അവിടെയുള്ള ആളുകൾക്ക് ഈ മനുഷ്യനെ ഉൾക്കൊള്ളാനും ബുദ്ധിമുട്ടായിരുന്നു. ഏതാണ്ട് ഒരുവർഷംകൊണ്ട് ഗോവിന്ദൻ തന്റെ അധികാരപരിധിയിൽപ്പെട്ട എല്ലാപ്രദേശത്തെയും സംസ്കാരവും പതിവുശൈലികളും രീതികളും പഠിച്ചെടുത്ത് വിൽപ്പനയുടെ തന്ത്രങ്ങൾ മെനഞ്ഞു. ഒപ്പം, തന്റെ സഹപ്രവർത്തകരുടെ അംഗീകാരം നേടിയെടുക്കുകയുംചെയ്തു

ഇംഗ്ലീഷ് വിദ്യാഭ്യാസം: ഇവിടെയും അവിടെയും

മലേഷ്യ, ഇൻഡൊനീഷ്യ, തായ്‌ലൻഡ്, വിയറ്റ്‌നാം തുടങ്ങിയ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലും ജപ്പാൻ, കൊറിയ തുടങ്ങിയ നോർത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ നിലവാരം ഇന്ത്യയെ അപേക്ഷിച്ച്‌ വളരെ പിന്നാക്കാവസ്ഥയിൽത്തന്നെ തുടരുന്നു. ഇന്ത്യക്കാർക്ക് ഇംഗ്ലീഷ് മിക്കവാറും സെക്കൻഡ് ലാംഗ്വേജായപ്പോൾ അവർക്കത് തികച്ചും ഒരു ഫോറിൻ ലാംഗ്വേജ് മാത്രമാണെന്നുള്ളതും അവരവരുടെ ദേശത്ത്‌ ജോലി ലഭ്യമാകാൻ ഇംഗ്ലീഷ് ഒരു പ്രധാനഘടകമല്ലാത്തതുകൊണ്ടുമാകാം ഇത്‌. ഇവയിൽ ചില രാജ്യങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങുന്നതുതന്നെ പത്തും പന്ത്രണ്ടും വയസ്സിനുശേഷം
മാത്രമാണ്.

ഇംഗ്ലീഷ് വിദ്യാഭ്യാസമെന്നത് ഇന്ത്യയിൽ ഇത്രമാത്രം പ്രചുരപ്രചാരം നേടിയതിന് രണ്ടുമൂന്നു കാരണങ്ങളാണെന്ന് ഗോവിന്ദൻ പറയുന്നു: ഒന്ന്, ബ്രിട്ടീഷുകാർ നടപ്പാക്കിയ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള ഊന്നൽ നിലനിന്നു; രണ്ട്, ഒട്ടേറെ ഭാഷകളുള്ളതിനാൽ ഒരു പൊതുവായ ഭാഷ എന്നനിലയിൽ; മൂന്ന്, തൊഴിൽ സാധ്യതയുടെയും സാമൂഹിക അന്തസ്സിന്റെയും ഒരവിഭാജ്യഘടകം എന്നനിലയിൽ. പക്ഷേ, ഇതിൽ ബഹുരാഷ്ട്രകമ്പനികളിലെ തൊഴിൽ സാധ്യതയുടെ ചെറിയ ഒരുപങ്ക് ഒഴിച്ചുനിർത്തിയാൽ, മറ്റൊന്നുംതന്നെ മറ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് പ്രത്യേകിച്ച് ജപ്പാൻ, കൊറിയ, ചൈന, ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യമേകുന്നില്ല.


govindan
മലേഷ്യയിലെ ചൈനീസ് സ്കൂളിൽ സംസാരിക്കുന്ന ഗോവിന്ദൻ

വെല്ലുവിളികളെ സ്വീകരിച്ച്, നേട്ടങ്ങൾകൊയ്ത്

ഇംഗ്ലീഷ് ഭാഷാപരിചയമോ പ്രാധാന്യമോ അധികമായില്ലാത്ത രാജ്യങ്ങളിൽ ഇംഗ്ലീഷ് പുസ്തകങ്ങൾ പ്രത്യേകിച്ച് ഭാഷാപുസ്തകങ്ങൾ വിറ്റഴിക്കുക, നിലവിലുള്ള വിൽപ്പന വർധിപ്പിക്കുക, വിൽപ്പനസാധ്യതയുള്ള പുതിയ പ്രദേശങ്ങൾ കണ്ടെത്തുക എന്നീ വെല്ലുവിളികളാണ് തനിമലയാളിയായ ഗോവിന്ദന് ആദ്യമേ ഏറ്റെടുക്കേണ്ടിവന്നത്. ഇന്ത്യയിൽമാത്രം പ്രവൃത്തിപരിചയമുണ്ടായിരുന്ന ഇദ്ദേഹത്തെ സംബന്ധിച്ച് ഇത് തീർത്തും ഒരു വെല്ലുവിളിതന്നെയായിരുന്നു. ഇൻഡൊനീഷ്യയിൽ ആദ്യമായി കേംബ്രിജ്‌ യൂണിവേഴ്‌സിറ്റി പ്രസിന്റെ നേരിട്ടുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ഗോവിന്ദൻ തുടങ്ങി. വെറും രണ്ടുകോടിയിൽതാഴെമാത്രം ഉണ്ടായിരുന്ന ഈ രാജ്യത്തെ വിറ്റുവരവ് ചുരുങ്ങിയ കാലംകൊണ്ട് ദശകോടികളുടെ വിൽപ്പനയിലേക്ക് ഉയർത്തി. ദശകോടികളുടെമാത്രം വിറ്റുവരവുണ്ടായിരുന്ന തന്റെ റീജണിന്റെ മൊത്തവിൽപ്പന ശതകോടികളിലേക്കും എത്തിച്ചപ്പോൾ കേംബ്രിജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ മാനേജ്‌മെന്റിന്റെ പ്രശംസകൾ ഗോവിന്ദനെത്തേടി വന്നു. മൂല്യാധിഷ്ഠിതവും സുസ്ഥിരവുമായ ഒരു കച്ചവടതന്ത്രം ഈ മേഖലയിൽ കൊണ്ടുവരാൻ സാധിച്ചു എന്നതാണ് സുപ്രധാനമായ നേട്ടമായി ഗോവിന്ദൻ കണക്കാക്കുന്നത്. അഴിമതിയിലും കൈക്കൂലിയിലും മുങ്ങിക്കിടന്നിരുന്ന കച്ചവടകൂട്ടുകെട്ടുകൾക്ക് വിരാമമിട്ടുകൊണ്ട് വിശ്വസ്തരും നല്ലവരുമായ ഒരുപറ്റം പുതിയ വിതരണക്കാരെ സൃഷ്ടിക്കുകകൂടിവഴിയാണ് ഗോവിന്ദൻ ഈനേട്ടം കരസ്ഥമാക്കിയത്. ഇത് തിരിച്ചറിഞ്ഞ കമ്പനി ഗോവിന്ദനെ കേംബ്രിജ്‌ യൂണിവേഴ്‌സിറ്റി പ്രസ് ഏഷ്യയുടെ (ചൈന ഉൾപ്പെടെ) എത്തിക്സ് കമ്മിറ്റിയുടെ തലവനാക്കി. ഈ പദവിയിൽ അഞ്ചുവർഷത്തിലേറെയിരുന്ന ഏക ഏഷ്യക്കാരനാണ് ഗോവിന്ദൻ.

മുന്നിൽ സ്റ്റീഫൻ ഹോക്കിങ്; കാണാതെ കണ്ട റേമണ്ട് മർഫി

പതിവുമീറ്റിങ്ങിനായി ഇംഗ്ലണ്ടിലെത്തിയതായിരുന്നു ഗോവിന്ദൻ. താമസിച്ചിരുന്ന ഹോട്ടലിൽനിന്ന്‌ സഹപ്രവർത്തകനൊപ്പം കേംബ്രിജിലെ തെരുവിലൂടെ വെറുതേ നടക്കാനിറങ്ങി. കേംബ്രിജിലെ നനുത്ത സായാഹ്നത്തിലെ സുഖകരമായ നടത്തത്തിനിടെ വൃത്തിയുള്ള റോഡിലൂടെ ഒരു കറുത്ത യന്ത്രക്കസേര അവർക്കുമുന്നിലേക്ക് അടുത്തുകൊണ്ടിരുന്നു. തമോഗർത്തങ്ങളുടെയും (black holes) ഊർജതന്ത്രത്തിന്റെ മറ്റുമേഖലകളുടെയും സൈദ്ധാന്തികനും ‘കാലത്തിന്റെ സംക്ഷിപ്തചരിത്ര’മെന്ന വിശ്വവിഖ്യാതകൃതിയുടെ എഴുത്തുകാരനുമായ സാക്ഷാൽ സ്റ്റീഫൻ ഹോക്കിങ്ങാണെന്ന് ദൂരക്കാഴ്ചയിൽത്തന്നെ തിരിച്ചറിഞ്ഞ ഗോവിന്ദനും സഹപ്രവർത്തകനും അദ്ദേഹത്തിനടുത്തേക്ക് ചെല്ലുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തത് കാലം ഓർമയിൽ നിശ്ചലമാക്കിയ ഒരുചിത്രംപോലെ ഇന്നും ഗോവിന്ദൻ മനസ്സിൽ സൂക്ഷിക്കുന്നു. റേമണ്ട് മർഫി, ലോകത്തിൽ ഇന്നേറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇംഗ്ലീഷ് ഗ്രാമർ പുസ്തകങ്ങളായ ‘എസ്സെൻഷ്യൽ ഇംഗ്ലീഷ് ഗ്രാമറി’ന്റെയും ‘ഇന്റർമീഡിയറ്റ് ഇംഗ്ലീഷ് ഗ്രാമറി’ന്റെയും ഗ്രന്ഥകർത്താവ്. മർഫിയുടെ പതിനഞ്ചുകോടിയിൽപരം പുസ്തകങ്ങളാണ്‌ വിറ്റുപോയതായി കണക്കാക്കുന്നത്. ഇദ്ദേഹത്തിന്റെ ഈപുസ്തകങ്ങളെല്ലാം കേംബ്രിജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ തന്നെയാണ് പ്രസിദ്ധീകരിച്ച്‌ വിൽപ്പന നടത്തിക്കൊണ്ടിരിക്കുന്നത്. റേമണ്ട് മർഫി തായ് ഭാഷ പഠിക്കാനായി കൊല്ലത്തിൽ രണ്ടാഴ്ച തായ്‌ലാൻഡിൽ എത്താറുണ്ടായിരുന്നു. തായ്‌ലാൻഡിലെ പ്രശസ്ത അമേരിക്കൻ യൂണിവേഴ്‌സിറ്റി അസോസിയേഷൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇദ്ദേഹം പഠനത്തിനായി എത്തുക. എന്നാൽ, തന്റെ പ്രശസ്തിയെ വെളിവാക്കാതെ പേരുതന്നെ ചുരുക്കി റേ എന്നുമാത്രമായി രജിസ്റ്റർചെയ്താണ് ഇദ്ദേഹം ക്ലാസിലിരിക്കുക. അതേ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് ഭാഷാപഠനത്തിനായി ഉപയോഗിക്കുന്നത് മർഫിയുടെ പുസ്തകങ്ങൾതന്നെയായിരുന്നു! ക്ലാസിന്റെ അവസാനദിനത്തിൽ ഗോവിന്ദനാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറെ വിളിച്ച് ക്ലാസിലുള്ള സെലിബ്രിറ്റിയെപ്പറ്റി അറിയിച്ചത്. ‘കാണാതെ’പോയ മഹാനെക്കുറിച്ച് വ്യാകുലനായ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കും സഹപാഠികൾക്കും അദ്ദേഹത്തെ കാണാനും ഓട്ടോഗ്രാഫ് നൽകുന്നതിനുമായുള്ള അവസരമൊരുക്കിയതും ഗോവിന്ദൻതന്നെയായിരുന്നു.

നാട്ടിലേക്ക് വീണ്ടും

തന്റെ ചുറ്റിലുമുള്ള വായുവിനുപോലും ഇംഗ്ലീഷിന്റെ ഗന്ധമാർന്നിരുന്നതും വർഷങ്ങളായുള്ള ആംഗലേയചിട്ടയിൽനിന്നുമുള്ള മോചനത്തിനും എല്ലാറ്റിനുമുപരിയായി അച്ഛന്റെ മണ്ണിലെ തെളിനീരിലേക്കും പച്ചപ്പിലേക്കും അമ്മമലയാളത്തിലേക്കും തിരിച്ചെത്താനും ഗോവിന്ദൻ കൊതിച്ചു. നേരത്തേയുള്ള പിരിഞ്ഞുപോരലിന് (early retirement) അദ്ദേഹം തയ്യാറായി. എന്നാൽ, കേംബ്രിജ്‌ യൂണിവേഴ്‌സിറ്റി പ്രസ് എന്ന മഹാപ്രസ്ഥാനത്തിലെ ഇംഗ്ളീഷുകാരായ അമരക്കാർ ഗോവിന്ദനെ അതിനനുവദിക്കാതെ അദ്ദേഹത്തിന്റെ നിസ്തുലമായ സേവനത്തെ മാനിച്ച് മാനേജിങ് ഡയറക്ടർ സൗത്ത് ഏഷ്യ എന്ന ഗംഭീരമായ പദവിനൽകി അദ്ദേഹത്തെ ഇന്ത്യയിലേക്ക്, തന്റെ നാട്ടിലേക്ക്, ആദരവോടെ പറഞ്ഞയക്കുകയാണ് ചെയ്തത്. മാത്രമല്ല, ബ്രിട്ടീഷുകാർപോലും കൊതിക്കുന്ന ഓണററി മാസ്റ്റേഴ്സ് ബിരുദം നൽകി വിശ്വപ്രസിദ്ധ കേംബ്രിജ്‌ യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ ആദരിക്കുകയുംചെയ്തു.

Content Highlights: Govindan Cambridge English Dictionary English Learning Malayalam Medium


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented