വിഷാദം കലർന്ന പുഞ്ചിരിയോടെ വായനയുടെ സ്വച്ഛന്ദമായ ശൂന്യതയിലേക്ക് ലയിക്കാനായി അവരവിടെ നിന്നും ഇറങ്ങി


ഞാനെന്തോ ചോദിയ്ക്കാൻ ഒരുങ്ങും മുൻപേ അവരെന്നോട് പറഞ്ഞു. "ഞാനൊരു ട്രീറ്റ്മെന്റിലായിരുന്നു. അതാ കുറച്ചുകാലമായി എന്നെ കാണാത്തത്. എനിക്ക് കാൻസർ പിടിപെട്ടു". അത്രയും നേരത്തെ അബദ്ധജടിലമായ എന്റെ വാക്കുകളെക്കുറിച്ചോർത്ത് ഞാൻ വല്ലാതെ വിഷമിച്ചു. എന്തുപറയും എന്നുപോലും അറിയാതെ കുറച്ചുനേരത്തേക്ക് ഞാൻ നിശബ്ദനായി

സിന്റു

ജാതിയോ മതമോ രാഷ്ട്രീയമോ വർഗ്ഗ വർണ്ണ വ്യത്യാസങ്ങളോ പ്രകടമാകാത്ത വലിയ സൗഹൃദങ്ങളുടെ സംഗമവേദികളാണ് നല്ല പുസ്തകശാലകൾ. ജീവിതത്തിലും തൊഴിലിലും വ്യത്യസ്തരാണെങ്കിലും വായനയെന്ന ഏകത്വം ഇവരെല്ലാവരെയും ഒന്നാക്കുന്നു. പഠിക്കുന്നവരും പഠിപ്പിക്കുന്നവരും, ഡോക്ടർമാരും ഡ്രൈവർമാരും, പോർട്ടർമാരും പോലീസുകാരും, കമിതാക്കളും കല്പണിക്കാരും, സിനിമാക്കാരും സ്വയം തൊഴിലുകാരും...എന്ന് തുടങ്ങി സമസ്തമേഖലയിലെയും ആളുകൾ കണ്ടുമുട്ടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന അനുഭവങ്ങളുടെ അനുഗ്രഹീത ഭവനം.

സിന്റു മാഡം നല്ല വായനാക്കാരിയാണ്. സദാ പുഞ്ചിരി തൂകുന്ന മുഖം, വിടർന്ന കണ്ണുകൾ, ബോബ് ചെയ്ത മുടി, സൗമ്യഭാഷണം. ജനപ്രിയ പുസ്തകങ്ങളല്ലാതെ വ്യത്യസ്‌തവും ഗഹനവുമായ പ്രത്യേകതരം പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും താല്പര്യം. ഒരുനല്ല കസ്റ്റമർ എന്നതിലുപരിയായ സൗഹൃദമോ അടുപ്പമോ എനിക്കിവരുമായി ഉണ്ടായിരുന്നില്ല. പുസ്തകശാലയിൽ കൃത്യമായി വരുന്ന അപൂർവം സ്ത്രീകളിൽ ഒരാളായിരുന്ന ഇവരാരായിരിക്കും എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്തുകൊണ്ടോ കുറേക്കാലത്തേക്ക് ഞാൻ അത് ചോദിച്ചിരുന്നുമില്ല. പുസ്തകങ്ങളെടുക്കുന്നതിന്റെ മാതൃക മനസ്സിലാക്കി അവർ വരുമ്പോൾ പുസ്തകങ്ങൾ പലതും നിർദ്ദേശിക്കാറുണ്ടായിരുന്നു എങ്കിലും ആ ഒരു ചോദ്യം ഞാൻ അവശേഷിപ്പിച്ചു.

അറ്റ്ലസ് ഓഫ് ട്വന്റി ഫസ്റ്റ് സെഞ്ചുറി വേൾഡ് ആർക്കിടെക്ചർ എന്ന് പേരായ ഒരു പുസ്തകം വിൽപനക്കായി കടയിലെത്തി. അയച്ചുതന്ന വിതരണക്കാരൻ പോലും പറഞ്ഞത് വിൽക്കാൻ പറ്റുമോ എന്ന് നോക്കാൻ മാത്രമാണ് കാരണം അക്കാലത്തെ വിലകൂടിയ പുസ്തകങ്ങളിൽ ഒന്നായിരുന്നു അത്. ഏതാണ്ട് പതിനായിരത്തോളം രൂപ വരുന്ന ഒറ്റ പുസ്തകം. മനോഹരമായ ഒരു സ്യൂട്ട്കെയ്സ് മാതൃകയിൽ നിർമിച്ച പാക്കിങ് ഉണ്ടായിരുന്ന ആ പുസ്തകത്തിന്റേത് വളരെ കൗതുകയുമുണർത്തുന്ന ഒരു നിർമിതി തന്നെയായിരുന്നു. നിലവിൽ എന്റെ സൗഹൃദവലയത്തിലോ സ്ഥിരമായി വരുന്ന കസ്റ്റമേഴ്‌സിനെ കൂട്ടത്തിലോ ഒരു ആർക്കിടെക്ടോ ഇന്റീരിയർ ഡിസൈനറോ ഉണ്ടായിരുന്നില്ല.

ഈ പുസ്തകം കൗണ്ടറിന്റെ മുകളിൽ വെച്ച് ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിന്റു മാഡം കടയിലേക്ക് കയറിവന്നത്. അവരും ആ പുസ്തകം ശ്രദ്ധിക്കുകയും അതെടുത്തുനോക്കി വിലവിവരമന്വേഷിക്കുകയും ചെയ്തു. അപ്പോഴും അവർ ഒരു ആർക്കിടെക്റ്റോ ഇന്റീരിയർ ഡിസൈനറോ ആണെന്ന് കരുതിയിരുന്നില്ല. അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും ഞാൻ അതിന്റെ വിലയെ "ഭയങ്കര വിലയാ"എന്ന് പറയില്ലായിരുന്നു പകരം ഡിസ്‌കൗണ്ട് കഴിഞ്ഞ് ഒമ്പതിനായിരം മാത്രമേ ഉള്ളൂ എന്നാവുമായിരുന്നു.

ശ്രദ്ധാപൂർവം ആ പുസ്തകത്തിന്റെ താളുകൾ മറിച്ചുനോക്കി ഇതെനിക്ക് ഒരു കോപ്പി വേണമെന്ന് പറഞ്ഞു. അന്നാണ് ആദ്യമായി ഞാനവരുടെ തൊഴിലിനെക്കുറിച്ച് അന്വേഷിച്ചത്. "ഭയങ്കര വിലയാണെങ്കിലും ഗംഭീര പുസ്തകമാണല്ലേ, കെട്ടും മട്ടും കണ്ടാത്തന്നെ അറിയാം ഇതൊരു അസ്സൽ പുസ്തകമായിരിക്കുമെന്ന്..." എന്നുതുടങ്ങി അടവുനയം പ്രയോഗിച്ചു. അവർ ചിരിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. സാമാന്യം തരക്കേടില്ലാത്തൊരു കിഴിവോടെ തന്നെയാണ് അവർക്കത് വിറ്റത്. പിന്നീടങ്ങോട്ടും പുസ്തകങ്ങൾ തേടി പലതവണ അവർ പുസ്തകശാലയിലേക്ക് എത്തി.

കുറച്ചു കാലത്തിനു ശേഷം ഇവരെ കടയിലേക്ക് തീരെ കാണാതായി. ഇന്നത്തെ പോലെ ആളുകളെ ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ കുറവായിരുന്നതുകൊണ്ട് അന്വേഷിക്കാനും പറ്റിയില്ല. മാസങ്ങൾക്കൊടുവിൽ ഒരു ദിവസം സന്ധ്യാനേരത്ത് അവർ വീണ്ടും പുസ്തകശാലയിലേക്കെത്തി. അവർ കുറേക്കൂടി തടിച്ചിരുന്നു കൂടാതെ തലയിൽ തട്ടവും ചൂടിയിരുന്നു എന്നാലും അവരുടെ പുഞ്ചിരിക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. കണ്ടപാടെ ഒരു കോഴിക്കോട്ടുകാരന്റെ സ്ഥിരം ശൈലിയിൽ ഞാൻ പറഞ്ഞു "ഇങ്ങള് നമ്മളെ മോയ്ചൊല്ലി ലെ (നിങ്ങൾ ഞങ്ങളെ ഒക്കെ ഒഴിവാക്കിയല്ലേ). ന്നാലും ഇങ്ങള് തിരിച്ചുവന്നല്ലോ സന്തോഷം...!" പക്ഷെ അവരുടെ മുഖത്ത് എന്തോ ഒരു വല്ലായ്മ എനിക്ക് അനുഭവപ്പെട്ടു. മാത്രവുമല്ല ഞാനപ്പോൾ മാത്രമാണ് ശരിക്കും ശ്രദ്ധിച്ചത് അവരുടെ ഇടത് കൈത്തണ്ടയിൽ നിന്നും മുകളിലേക്ക് നേർത്ത ഒരാവരണം, തലയിൽ തട്ടം, കണ്ണുകളിൽ ദൈന്യത.

ഞാനെന്തോ ചോദിയ്ക്കാൻ ഒരുങ്ങും മുൻപേ അവരെന്നോട് പറഞ്ഞു. "ഞാനൊരു ട്രീറ്റ്മെന്റിലായിരുന്നു. അതാ കുറച്ചുകാലമായി എന്നെ കാണാത്തത്. എനിക്ക് കാൻസർ പിടിപെട്ടു". അത്രയും നേരത്തെ അബദ്ധജടിലമായ എന്റെ വാക്കുകളെക്കുറിച്ചോർത്ത് ഞാൻ വല്ലാതെ വിഷമിച്ചു. എന്തുപറയും എന്നുപോലും അറിയാതെ കുറച്ചുനേരത്തേക്ക് ഞാൻ നിശബ്ദനായി."ക്ഷമിക്കണം അറിയാതെ എന്തൊക്കെയോ പറഞ്ഞുപോയതാണ്". "ഒരു കുഴപ്പവുമില്ല നിങ്ങളതിന് തെറ്റൊന്നും പറഞ്ഞില്ലല്ലോ. കാണാത്തതിലുള്ള പരിഭവം മാത്രമല്ലേ പറഞ്ഞുള്ളൂ. അത് നല്ലതല്ലേ..!" പക്ഷെ നിങ്ങൾ ഇന്നെനിക്കൊരു ഉപകാരം ചെയ്യണം. എനിക്കൊരു പുസ്തകം നിർദ്ദേശിച്ചുതരണം. ഞാൻ സ്ഥിരം കൊണ്ടുപോകുന്ന തരത്തിലുള്ള പുസ്തകമല്ല. എന്റെ മനസ്സ് വളരെ കലുഷിതമാണ് എനിക്കൊരു സ്പിരിച്വൽ പുസ്തകം തന്നാ മതി.

വായിച്ചവർ പലരും നല്ല അഭിപ്രായം പറഞ്ഞ ഒരു പുസ്തകമായിരുന്നു ലിവിങ് വിത്ത് ഹിമാലയൻ മാസ്റ്റേഴ്സ് എന്ന സ്വാമി രാമയുടെ പുസ്തകം. ഞാൻ വായിച്ചിട്ടില്ലായിരുന്നു. എങ്കിലുമെന്തുകൊണ്ടോ ആ പുസ്തകമാണ് എനിക്കവർക്ക് നിർദ്ദേശിക്കാൻ തോന്നിയത് ആ പുസ്തകം മാത്രം ഞാനവർക്ക് നൽകി. "മാഡം ഇതുമാത്രം കൊണ്ടുപോകുക വായിച്ചിട്ട് അഥവാ ഇതല്ല ഉദ്ദേശിച്ചത് എന്നുണ്ടെങ്കിൽ തിരിച്ചു തന്നേക്കൂ" എന്നുകൂടി ഞാൻ പറഞ്ഞു. വിഷാദം കലർന്ന പുഞ്ചിരിയോടെ വായനയുടെ സ്വച്ഛന്ദമായ ശൂന്യതയിലേക്ക് ലയിക്കാനായി അവരവിടെ നിന്നും ഇറങ്ങി. മൂന്നാം നാൾ തിരിച്ചു വന്നു. അന്നുകണ്ടതിനേക്കാൾ ഉന്മേഷവതിയായി, വിഷാദഛായ ഏതുമില്ലാത്ത പുഞ്ചിരിയുമായി. "എനിക്ക് ലിവിങ് വിത്ത് ഹിമാലയൻ മാസ്റ്റേഴ്സിന്റെ പത്തു കോപ്പി വേണം, എപ്പോ കിട്ടും..എനിക്കത് കുറെ പേർക്ക് കൊടുക്കണം", പ്രസന്നവദനയായാണ് അവരത് പറഞ്ഞത്. നിലവിൽ ലഭ്യമായ കോപ്പികൾ അവർക്ക് കൊടുത്തു.

പിന്നീടങ്ങോട്ട് സ്പിരിച്വൽ പുസ്തകങ്ങൾ പലതും അവർ വാങ്ങിച്ചു. രോഗവും അതിന്റെ ക്ലേശങ്ങളും പൂർണ്ണമായും വിട്ടകന്നെങ്കിലും വായനയെന്ന ഒറ്റമൂലിയെ അവർ നിരാകരിച്ചില്ല. സ്പിരിച്വൽ പുസ്തകങ്ങൾ വാങ്ങിക്കുവാനായി വരുന്നവർക്കൊക്കെ ഒരു ദിവ്യഔഷധമെന്ന പോലെ ഞാനീ പുസ്തകം പിന്നീടങ്ങോട്ട് നിർദ്ദേശിക്കുമായിരുന്നു. തൊഴിലിടം പുസ്തകശാലയിൽ നിന്ന് ഓഫീസിലേക്ക് മാറിയിട്ടും അവർ പുസ്ത കശാലയിലെ സന്ദർശക തന്നെയാണെന്ന് എനിക്കറിയാമായിരുന്നു. പ്രിയവായനക്കാർക്കും പുസ്തകപ്രേമികൾക്കുമായി ഒരു ഒത്തുചേരൽ സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ സിന്റു മാഡത്തെയും വിളിച്ചു. ജോലിയാവശ്യാർത്ഥം ഇപ്പോൾ തിരുവനന്തപുരത്താണെന്നും ഈ പരിപാടിയിൽ പങ്കുകൊള്ളാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും എത്താൻ പറ്റില്ലെന്നും പറഞ്ഞു. ഞാൻ അവരോട് പണ്ടത്തെ ഈ സംഭവത്തെക്കുറിച്ച് ഓർമയുണ്ടോയെന്ന് വെറുതെയൊന്ന് ചോദിച്ചു. അവർ പറഞ്ഞു "നിങ്ങളന്ന് എനിക്ക് തന്നത് ഒരു പുസ്തകം മാത്രമായിരുന്നില്ല... ഒരു ജീവനും ഒരു ജീവിതവും കൂടിയായിരുന്നു... ഒരിക്കലും മറക്കില്ല".

രോഗശാന്തിക്കായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന ജീവൻരക്ഷാമരുന്നുകൾ പോലെ ചില അക്ഷരക്കൂട്ടുകളും പ്രവർത്തിക്കും പാർശ്വഫലങ്ങളില്ലാതെ. അവ നിർദ്ദേശിക്കുന്ന പുസ്തകവില്പനക്കാരായ ഞങ്ങളും ഏറെ അഭിമാനിക്കുന്നു...

Content Highlights: Column by M. Sidharthan Bookman Show


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented