മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും കഴിഞ്ഞ ദിവസം നടന്ന എംഎൽഎമാരുടെ യോഗത്തിനിടെ |ഫോട്ടോ:ANI
മഹാരാഷ്ട്രയ്ക്കുപുറത്തെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എക്നാഥ് ഷിന്ദേയുടെ പുതുമുഖം വരച്ചു പഠിക്കണം. കൂടെ ഒരു പുതിയ പദപ്രയോഗം കേട്ടുപഠിക്കയും വേണം, 'സ്വാഭാവിക സഖ്യം'.
വിമത ശിവസൈനികര്‍ ബി.ജെ.പി.യുമൊത്ത് ഭരിക്കാന്‍ കണ്ടെത്തിയ ന്യായമാണിത്. ഇരുവരും പങ്കിടുന്ന സ്വാഭാവികത ഒരേ മതത്തോടുള്ള താത്പര്യമാണ്. മതംതന്നെ വേണമെന്നില്ല, ജാതിയുടെ, ഭാഷയുടെ, വര്‍ണത്തിന്റെ, വംശത്തിന്റെ ഒക്കെ പേരില്‍ സ്വാഭാവികസഖ്യമാകാം. 'ജൈവം' എന്നപോലെ കേള്‍ക്കാന്‍ സുഖമുള്ള വിശേഷണമാണ് 'സ്വാഭാവികം'. പക്ഷേ, പഴയ കാര്ട്ടൂണുകള് ചികഞ്ഞുനോക്കുമ്പോള്‍ തെളിയുന്ന സഖ്യങ്ങളുടെ ചരിത്രം മറിച്ചു ചിലതു പറയുന്നു.
സ്വാതന്ത്ര്യത്തിനുശേഷം ലോകത്തെ എണ്ണപ്പെട്ട ഒരു വോട്ടര്കൂട്ടമായ ഇന്ത്യ സ്വാഭാവികമായും അടുക്കേണ്ടത് അമേരിക്കന്‍ ജനാധിപത്യത്തോടായിരുന്നു. എന്നാല്‍, ആ ഭാഗങ്ങളില്‍നിന്ന് ആകെ കിട്ടിയത് കുറച്ചു പാല്‍പ്പൊടിയാണ്. നെഹ്രു മറുകണ്ടം ചാടിയില്ല. അമേരിക്കന്‍, റഷ്യന്‍ ധ്രുവങ്ങള്ക്കിടെ സമദൂരം പാലിക്കാന്‍ ശ്രമിച്ചു. ഈ സഖ്യേതര നിലപാടിലെ അസാമാന്യമായ അസ്വാഭാവികത വിശ്വപൗരന്റെ വിദേശനയത്തില്‍ ഉടനീളം നിഴലിച്ചു. ശങ്കറും കുട്ടിയുമൊക്കെ ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടുതന്നെ വരച്ചുപോന്നു.

അബു എബ്രഹാമും ഒ.വി. വിജയനും രജീന്ദര്‍ പുരിയും മുന്നേറിയ 1970കള്‍ ആവുമ്പോഴേക്കും കാര്യങ്ങള്‍ക്ക് വ്യക്തത വന്നു. നെഹ്രുപുത്രി സോവിയറ്റ് പക്ഷത്തായി. അഫ്ഗാനിസ്താനിലേക്ക് കുതിക്കുന്ന വഴിക്ക് യുദ്ധടാങ്കിന്റെ വേഗം കുറച്ച് ഇന്ദിരാജിയോട് കുശലം പറയുന്ന ബ്രഷ്നേവിനെ ഒരു വിജയന്കാര്ട്ടൂണില് കാണാം. ടാഗോര്‍ കഥയിലെ കാബൂളിവാലയും മിനിയും തമ്മിലുള്ള ഇണക്കമുണ്ട് ഇരുവര്‍ക്കുമിടയില്‍.
ഇന്ത്യന്‍ ജനാധിപത്യവും സോവിയറ്റ് കേന്ദ്രാധിപത്യവും തമ്മിലുള്ള അസ്വാഭാവിക സഖ്യവും ഇരുപതുവര്‍ഷ സൗഹൃദക്കരാറുമാണ് പാകിസ്താനെതിരേ 1971ല്‍ യുദ്ധമുണ്ടായപ്പോള്‍ നമ്മെ തുണച്ചത്. അമേരിക്കന്‍ ജനാധിപതി റിച്ചാര്‍ഡ് നിക്സന്റെ അസ്വാഭാവിക കൂറ് യഹ്യാഖാന്‍ നയിച്ച പാകിസ്താന്റെ സൈന്യാധിപത്യത്തോടായിരുന്നു.
വിദേശകാര്യങ്ങളില്‍ മാത്രമല്ല, ആഭ്യന്തര രാഷ്ട്രീയത്തിലും പലപ്പോഴും ആശ്വാസം പകര്‍ന്നത് അസ്വാഭാവികസഖ്യങ്ങളാണ്. ദില്ലി ഭരിക്കുന്ന കക്ഷി പനപോലെ വളരുമ്പോഴൊക്കെ ഹ്രസ്വകാലങ്ങളിലെങ്കിലും ചെറുത്തുനില്പുണ്ടായത് നാനാതരം പ്രതിപക്ഷകക്ഷികള്‍ ഒത്തുചേര്ന്നിട്ടാണ്. വലതരും ഇടതരും മധ്യമാര്ഗികളും സ്വാഭാവികതയുടെ ശുഭമുഹൂര്‍ത്തം കാത്തിരുന്നതാണെങ്കില്‍ ഇന്ത്യ എന്നോ ഏകകക്ഷി രാഷ്ട്രമായേനെ.
ഭരണത്തിനു പുറത്തുള്ള നേതാക്കള്‍
എ.കെ.ജി., രാം മനോഹര്‍ ലോഹ്യ, മധുലിമയെ, പിലു മോഡി, ഭൂപേഷ് ഗുപ്ത തുടങ്ങിയവര്‍ പാര്‍ലമെന്റില്‍ കയറിയ പിറ്റേന്നുമുതല്‍ കാര്‍ട്ടൂണില്‍ പ്രത്യക്ഷപ്പെട്ടവരാണ്. ചിലപ്പോഴെങ്കിലും കൂട്ടായി കാര്‍ട്ടൂണില്‍ നിരന്നുനിന്നിട്ടുമുണ്ട്. അപ്പോള്‍ ഉറപ്പാക്കാം പ്രതിപക്ഷം ഉണര്‍ന്നു എന്ന്. ഇത് സംഭവിക്കുക ഭരണകക്ഷിയുടെ കാര്‍ട്ടൂണ്‍ സാന്നിധ്യം ഒന്നോ രണ്ടോ നേതാക്കളിലേക്ക് ചുരുങ്ങുമ്പോഴാണ്.
ഇന്ദിരാഗാന്ധി സര്‍വശക്തയായ 1970കളുടെ മധ്യത്തില്‍ രണ്ടാമതൊരു കോണ്‍ഗ്രസ് നേതാവിനെ വരയ്ക്കാന്കിട്ടാതെ കാര്‍ട്ടൂണിസ്റ്റുകള്‍ വലഞ്ഞു. അപ്പോള്‍ മുന്നില്‍വന്ന രണ്ടാമന് 'ഇന്ത്യതന്നെ ഇന്ദിര' എന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയധ്യക്ഷന്‍ ദേവ്കാന്ത് ബറുവയാണ്. ഈ ഇരട്ടകളുടെ വിരസകാലം കഴിഞ്ഞപാടേ വരക്കാരുടെ സുവര്‍ണകാലം വന്നു. മൊറാര്‍ജി ദേശായി നയിച്ച ഡല്‍ഹി കണ്ട ആദ്യ കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍.
ആ കേന്ദ്രമന്ത്രിസഭയെ അതിതീവ്ര അസ്വാഭാവികം എന്നോമറ്റോ വിളിക്കണം. ഭിന്നസ്വരതയുടെ നിത്യാഘോഷമായിത്തീര്ന്നു ഭരണം. ചരണ്‍ സിങ്, ജഗ്ജീവന് റാം, മധു ദന്തവതെ, രാജ് നാരായണ്‍ തുടങ്ങിയ വിഭിന്നരൂപികളെ വരച്ചുവരച്ച് തുടക്കക്കാരായ അജിത് നൈനാനും രവിശങ്കറും, അബു എബ്രഹാമിനോടും രജീന്ദര്‍ പുരിയോടും കിടപിടിക്കുന്ന കാരിക്കേച്ചറിസ്റ്റുകളായി. പിന്നീട്, രാജീവ് കാലത്ത് മൃഗീയ ഭൂരിപക്ഷമുള്ള ഭരണകക്ഷിയെ ചെറുത്ത പ്രതിപക്ഷനിരയെ അജിത്തും രവിയും അനായാസേന വരച്ചു ഫലിപ്പിച്ചു.
അസ്വാഭാവികസഖ്യങ്ങളില് പരിഹാസ്യമായി പലതും കാണും. പക്ഷേ, ചിരിയുടെ ആ ഇടവേളകളിലാണ് ദേശീയബദല്‍ എന്നൊന്ന് തെളിഞ്ഞുവരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..