.
എവിടെ നിന്നൊക്കെയോ കേള്‍ക്കുന്ന അലറിക്കരച്ചിലുകള്‍, പാഞ്ഞുപോകുന്ന കുതിരകള്‍, കാഹളം മുഴക്കുന്ന മനുഷ്യര്‍, ചിതറിത്തെറിച്ചു കിടക്കുന്ന ആടയാഭരണങ്ങളും ആയുധങ്ങളും ആവനാഴിയിലെ അവസാനത്തെ അമ്പും എയ്തു നിരായുധനായി ഞാന്‍ നിന്നു. എന്നെക്കൊല്ലാനായി പാഞ്ഞടുക്കുന്ന പടയാളികള്‍... തകര്‍ന്ന രഥത്തിന്റെ ചക്രം കയ്യിലെടുത്തു ചുഴറ്റിക്കൊണ്ട് ഞാന്‍ നിന്നു. എന്റെ ചുമലില്‍ കൈവച്ചുകൊണ്ട് ആരോ എന്നെ വിളിക്കുന്നു... എണീക്ക് മോനെ...
തലേന്ന് വായിച്ച അമര്‍ചിത്രകഥയിലെ അഭിമന്യു ആയിരുന്നു എന്റെ സ്വപ്നം. അഭിമന്യു എന്ന് പറഞ്ഞാല്‍ രഥചക്രം ചുഴറ്റി നില്‍ക്കുന്ന ആ ചിത്രമാണ് മനസ്സില്‍ ഇന്നും. കര്‍ണ്ണനാണെങ്കിൽ മണ്ണിലമര്‍ന്ന രഥചക്രത്തിന്റെ ആണിയായി തന്റെ വിരലമര്‍ത്തി മണ്ണില്‍ ഒരു കാല്‍മുട്ട് മടക്കിയിരിക്കുന്ന ചിത്രം. അക്കാലത്ത് എന്റെ സങ്കല്പലോകത്തെ വീരന്മാരും ശൂരന്മാരും എതിരാളികളും വില്ലന്മാരും പര്‍ണശാലകളും പക്ഷിമൃഗാദികളും വേഷഭൂഷാദികളും എല്ലാം ഈ സചിത്ര പുസ്തകങ്ങളെ ആധാരമാക്കിയുള്ളതായിരുന്നു. ചിത്രങ്ങളിലൂടെയും ചെറുവാചകങ്ങളിലൂടെയും ഇന്നും സ്വാധീനിക്കാന്‍ കഴിയുന്നത്ര ഗംഭീരമാണ് ആ ചിത്രകഥകള്‍. ഇനിയൊരിക്കലും മാറ്റാനാവാത്ത വിധം മനസ്സില്‍ വേരുറച്ചുപോയ വരയും വാക്കും സമ്മാനിച്ച ഈ പുസ്തകങ്ങളാണ് എനിക്ക് യഥാര്‍ത്ഥ ക്ലാസിക്കുകള്‍.
വീട്ടില്‍ മാതൃഭൂമി പത്രം മാത്രമേ ഉണ്ടാവാറുള്ളൂ. അമ്മയുടെ അമ്മാവന്‍ വരുത്തിവായിച്ച വളരെ പഴകിയ കുറേ സോവിയറ്റ് നാടും കുറച്ച് ഇംഗ്ലീഷ് മാഗസിനുകളും ഉണ്ടായിരുന്നു. അതൊന്നും വായിക്കാനുള്ള അറിവോ പ്രായമോ ആവാത്ത എന്നെയും എന്റെ കൂട്ടുകാരെയും വായനയുടെ സാധ്യതകളിലേക്ക് എത്തിച്ചത് അന്നത്തെ എന്റെ അയല്‍ക്കാരനായ ബാലകൃഷ്ണേട്ടനാണ്. തപാല്‍ വകുപ്പില്‍ ജോലിക്കാരനായിരുന്നു അദ്ദേഹം. ബാലകൃഷ്ണേട്ടനും ഭാര്യ ശാന്തേച്ചിയും മക്കളായ രമേശന്‍, ദിനേശന്‍, ഷീജ എന്നിവരുമായിരുന്നു ആ വീട്ടിലെ അംഗങ്ങള്‍.
.jpg?$p=1990e2a&w=610&q=0.8)
എല്ലാ ദിവസവും ആ വീട്ടില്‍ പോവുക പതിവാണ്. സ്‌കൂള്‍ അവധി ദിനങ്ങളിലാണെങ്കില്‍ പകല്‍ സമയം മുഴുവനും അവിടെ തന്നെ എന്ന് പറയാം. വളരെ ശാന്തസ്വരൂപനാണ് ബാലകൃഷ്ണേട്ടന്‍ ഞങ്ങള്‍ ആ തറവാട് വീടിന്റെ നീണ്ട കോലായയില്‍ എത്തിയാലുടന്‍ ഒരു കെട്ട് പുസ്തകങ്ങള്‍ അവിടെയെത്തും. ആവേശത്തോടെ വാരിപ്പിടിക്കും വൃത്തിയില്‍ വായിക്കാന്‍ അറിയില്ലെങ്കിലും ആദ്യമേ കൈക്കലാക്കുക എന്നത് ഒരു സംതൃപ്തി തരുന്ന കാര്യമായിരുന്നു. കയ്യില്‍ കിട്ടിയ പുസ്തകങ്ങളുമായി ഉമ്മറപ്പടിയില്‍ ഇരുന്നും കിടന്നുമൊക്കെ ആദ്യം ചിത്രങ്ങള്‍ മറിച്ചു നോക്കും.
ചില ചിത്രങ്ങള്‍ ഒരശരീരി പോലെ എന്നോട് സംസാരിക്കും. അലറുന്നവന്റെ അലര്‍ച്ച കാതില്‍ മുഴങ്ങും. ശരമേറ്റവന്റെ വേദന തന്റെ വേദനയാവും. ശാപമേറ്റു വാങ്ങി നിരാശയോടെ ഇരിക്കുന്നവനാവും. ശാപമോക്ഷത്തിനായി യാഗം ചെയ്യുന്നവനും ഭിക്ഷ യാചിക്കുന്നവനും ഗുരുവിനെ പരിപാലിക്കുന്നവനുമാവും. ശാപമോക്ഷം സിദ്ധിച്ച് ദേവപ്രീതിക്ക് പാത്രീഭൂതനായി അജയ്യനാവും. എനിക്ക് ചുറ്റും നീണാള്‍ വാഴട്ടെ വിളികള്‍ മുഴങ്ങും. മായികലോകത്തെ രാജാവായി കല്‍പ്പനകള്‍ പുറപ്പെടുവിക്കും.
ഇല്ലിക്കമ്പുകള്‍ വില്ലുകളും ഈര്‍ക്കില്‍ ശരങ്ങളുമാകും. പൊന്തക്കാടുകളിരുന്ന് പരസ്പരം പോരടിക്കും. ഉറുമ്പുകടിയേറ്റ് രാജാവ് നിലവിളിച്ചോടും. ഇന്ന് അര്‍ജുനനാണെങ്കിൽ നാളെ കര്‍ണ്ണനോ രാമനോ ഹനുമാനോ ഒക്കെ ആയിരിക്കും ഭാവപ്പകര്‍ച്ച. പൂമ്പാറ്റയിലെയും ബാലമംഗളത്തിലെയും പല കഥാപാത്രങ്ങള്‍ക്കുമുള്ള കരുത്ത് വിഖ്യാത സാഹിത്യ രചനകളിലെ നായികാ നായകന്മാരെ പോലെ കുഞ്ഞുമനസ്സുകളില്‍ അമര്‍ന്നിരുന്നു.
ഒരിക്കല്‍ ഞാനും എന്റെ ചങ്ങാതിയും പതിവുപോലെ ബാലകൃഷ്ണേട്ടന്റെ വീട്ടില്‍ നിന്നും പുസ്തകപാരായണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇടവഴിയിലൂടെ പാതിവഴി പിന്നിട്ടപ്പോള്‍ അപ്പുറത്തെ വീട്ടിലെ ടോമി എന്ന പട്ടിയുണ്ട് തുടലും പൊട്ടിച്ച് ഞങ്ങള്‍ക്ക് നേരെ കുരച്ചുകൊണ്ട് ഓടി വരുന്നു. ഞാന്‍ സര്‍വശക്തിയും സംഭരിച്ചു തിരിഞ്ഞോടി. ബാലകൃഷ്ണേട്ടന്റെ വീടിന്റെ പടികടന്ന് ഓട്ടം നിര്‍ത്തി. ഓട്ടത്തിനിടയില്‍ ഉറക്കെ 'ഡിങ്കാ രക്ഷിക്കൂ' എന്നലറുന്നത് ഞാന്‍ കേട്ടിരുന്നു. ഒപ്പം പട്ടിയുടെ മോങ്ങലും. സംഭവിച്ചത് ഇതാണ്, പട്ടി കടിക്കാനായി ഓടിയടുത്തപ്പോള്‍ ഞാന്‍ തിരിഞ്ഞോടി. അവനവിടെത്തന്നെ നിന്നുകൊണ്ട് കണ്ണ് പൂട്ടി മേല്‌പോട്ടു കയ്യും പൊക്കി 'ഡിങ്കാ രക്ഷിക്കൂ...' എന്ന് അലറിവിളിച്ചു. ഓടിവന്ന പട്ടിയുടെ കഴുത്തിലെ തുടല്‍ മരത്തിന്റെ വേരുകള്‍ക്കിടയില്‍പ്പെട്ട് സഡന്‍ ബ്രേക്കിട്ടപോലെ പട്ടി മോങ്ങലോടെ പുറകോട്ട് മറിഞ്ഞു. അവന്‍ കണ്ണ് തുറന്നപ്പോഴുണ്ട് പട്ടി തറയില്‍ കിടന്നു മോങ്ങുന്നു. അവന്‍ ഒരു വിജയിയെപ്പോലെ അവിടെ നിന്ന് കൊണ്ട് ഡിങ്കനെ തിരയുകയായിരുന്നു.
ഇമ്പമാര്‍ന്ന വായനയെ പ്രദാനം ചെയ്യുന്ന ഇത്തരം പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് വായന നിലനില്‍ക്കുന്നതിന്റെയും സര്‍ഗ്ഗസാഹിത്യത്തിന്റെ നിലനില്പിന്റെയും അടിസ്ഥാനശിലകള്‍. കര്‍ണ്ണനെയും കൃഷ്ണനെയും അർജുനനെയും രാവണനെയും മാത്രമല്ല, അക്ബറെയും കബീറിനെയും താന്‍സനെയും ക്രിസ്തുവിനെയും തുടങ്ങി ചരിത്രത്തിലെ പ്രധാനികളെയും സംഭവങ്ങളെയും കുട്ടികളാഗ്രഹിക്കുന്ന രീതിയില്‍ അവതരിപ്പിച്ച രചയിതാക്കള്‍, ചിത്രകാരന്മാര്‍, പ്രസാധകര്‍, വില്‍പനക്കാര്‍. യഥാര്‍ത്ഥത്തില്‍ ഇവരും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ തന്നെയല്ലേ. ഇന്ന് പുസ്തക പ്രസാധന വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എനിക്ക് ഇത്തരമൊരു സാഹചര്യത്തിലേക്ക് വഴി കാണിച്ചുതന്നത് എന്റെ ക്ലാസ്സിക്കുകളായ ഈ പുസ്തകങ്ങളും ഗുരുതുല്യനായ ബാലകൃഷ്ണേട്ടനുമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..