ലോണെടുത്ത് സ്വന്തമാക്കിയ ബ്രെഹ്ത്, തീപിടിപ്പുള്ള ലോകക്ലാസിക്കുകള്‍;എന്തിനാവാം ഇങ്ങനെ ഒരു മനുഷ്യന്‍!


എം. സിദ്ധാര്‍ഥന്‍എന്തിനാവാം ഇങ്ങനെ കുറെ മനുഷ്യര്‍ പുസ്തകങ്ങളെ താലോലിച്ചു പ്രണയിച്ച് മറ്റു സുഖസൗകര്യങ്ങളില്‍ വ്യാപൃതരാവാതെ ജീവിക്കുന്നത് അത് അവരുടെ സ്വാര്‍ത്ഥമായ ആനന്ദലബ്ധിക്ക് വേണ്ടി മാത്രമാണോ? അല്ലെന്നു മാത്രമല്ല അവരുടെയും ആശ്രിതരുടെയും മാത്രമല്ലാത്ത ഒരു പൊതു ഖജനാവ് നിര്‍മിക്കുകയാണ് ഇത്തരത്തിലുള്ള ഓരോ മനുഷ്യരും.

പി. വേണുനാഥ്‌

*ഓരോ പുസ്തകവും ബട്ടര്‍ പേപ്പറോ അല്ലെങ്കില്‍ ബ്രൗണ്‍ പേപ്പറോ ഉപയോഗിച്ച് വൃത്തിയായി പൊതിഞ്ഞ് ക്രമമനുസരിച്ച് അടുക്കിവച്ചിരുന്നു. *അന്‍പത് പൈസയുടെയും ഒരു രൂപയുടെയും രണ്ടര രൂപയുടെയും നാല് രൂപയുടെയും പുസ്തകങ്ങള്‍ ഇന്നിപ്പോള്‍ ആയിരങ്ങള്‍ കൊടുത്താല്‍ കിട്ടാത്ത പുസ്തകങ്ങളാണ്-ബുക്മാന്‍ഷോയില്‍ കോഴിക്കോട് നാലാം ഗേറ്റിനടുത്തുള്ള 'സൊണാറ്റ'യിലെ വേണുനാഥ് എന്ന വായനക്കാരനെ ഓര്‍ക്കുകയാണ് ലേഖകന്‍.

22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവിടെ പോയി, വേണുവേട്ടന്റെ 'sonata'യില്‍. ഓഫീസില്‍ നിന്നിറങ്ങി കോഴിക്കോട്ടെ നാലാം ഗേറ്റിന് (railway gate) സമീപമെത്തി. ഗേറ്റ് അടഞ്ഞിരിക്കുകയായിരുന്നു. പഴയകാല സിനിമാ റീൽ ചലിക്കുംപോലെ ദ്രുതഗതിയില്‍ ചുവപ്പും തവിട്ടും നിറമാര്‍ന്ന വണ്ടി ജീവിതാഭിനേതാക്കളെയും നിറച്ചുകൊണ്ട് ഓടിപ്പോയി. തൂക്കുമരത്തിന്റെ ലിവര്‍ തിരിച്ച് ഒരേ സമയം രണ്ട് ഗേറ്റുകളെ തൂക്കിലേറ്റി കാവല്‍ക്കാരന്‍ പടിയിറങ്ങി. റെയില്‍പ്പാളങ്ങള്‍ കടന്ന് മുന്നോട്ടുനീങ്ങുമ്പോള്‍ മനസ്സ് വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് ഓടിക്കൊണ്ടിരുന്നു. 19 കൊല്ലം മുന്‍പ് ഇഹലോകവാസം വെടിഞ്ഞ വേണുവേട്ടന്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍. എന്തായിരിക്കും ആ ലൈബ്രറിയുടെ ഇപ്പോഴത്തെ അവസ്ഥ? ആര്‍ക്കെങ്കിലും കൈമാറിക്കാണുമോ?

ഫോട്ടോ: ആകാശ്. എസ്. മനോജ്‌

എതിര്‍വശത്തെ പാതയില്‍നിന്ന് നേര്‍രേഖയിലുള്ള ഇടുങ്ങിയ വഴിചെന്നെത്തുന്നത് സൊണാറ്റയിലേക്കാണ്. രൂപഭാവങ്ങളൊന്നും മാറാതെ ആ വീട്. വേണുവേട്ടന്റെ മകള്‍ നിഷയും ഭര്‍ത്താവും അവരുടെ മകളുമാണ് അവിടെയുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെപോയപ്പോള്‍ ദീര്‍ഘകായനായ വേണുവേട്ടന്‍ മുറിക്കയ്യന്‍ ഷര്‍ട്ടും ധരിച്ച് വീടിന്റെ ഉമ്മറത്തു തന്നെയുണ്ടായിരുന്നു. പുസ്തകങ്ങളന്വേഷിച്ച് പുസ്തകശാലയില്‍ വന്നിരുന്നതു മുതലുള്ള പരിചയമാണ്. കോഴിക്കോട്ടെ എഴുത്തുകാര്‍ക്കും, സാഹിത്യ പ്രേമികള്‍ക്കും, നാടക സിനിമാ പ്രവര്‍ത്തകര്‍ക്കും വേണുവേട്ടന്‍ ആത്മമിത്രമായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, തിക്കോടിയന്‍, രവീന്ദ്രന്‍, അക്ബര്‍ കക്കട്ടില്‍, കെ.ടി മുഹമ്മദ് തുടങ്ങിയവരെല്ലാം വേണുവേട്ടന്റെ ചങ്ങാതിമാരും സൊണാറ്റയിലെ സന്ദര്‍ശകരുമായിരുന്നു.

മലയാളത്തിലുള്ള പുസ്തകങ്ങളുടെ ഒരു ചെറുശേഖരം മാത്രമേ വേണുവേട്ടന്റെ വീട്ടിലുള്ളൂ, ബാക്കി മുഴുവനും ഇംഗ്ലീഷ് പുസ്തകങ്ങളാണ്. മലയാളപുസ്തകങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും മേന്മയില്‍ ഒട്ടും കുറവില്ലാത്തതും വിശേഷാല്‍ എഴുത്തുകാരുടെ മുദ്രപതിഞ്ഞവയുമാണ്. എഴുത്തുകാര്‍ വേണുവേട്ടന് പുസ്തകങ്ങള്‍ മനസ്സറിഞ്ഞ് സമര്‍പ്പിച്ചതാണെന്നു കൃത്യമായും നമുക്ക് മനസ്സിലാകും കാരണം അത്രയും ആത്മബന്ധവും അടുപ്പവും കലര്‍ന്ന വാക്കുകളാണ് ആ പുസ്തകങ്ങളിലുള്ളത്. ബഷീര്‍ തന്റെ ഒരു ഭഗവദ്ഗീതയും കുറെ മുലകളും എന്ന പുസ്തകത്തിന്റെ ഒന്നാം താളില്‍ ഇങ്ങനെ എഴുതിയിട്ടാണ് വേണുവേട്ടന് കൊടുത്തിട്ടുള്ളത്: 'ഭഗവദ്ഗീത വേണുവെടുക്കുക. ബാക്കിയുള്ളത് ശ്രീമതിക്ക്. എന്നാല്‍ ശ്രീമതിക്ക് ഭഗവദ്ഗീത വേണമെന്ന് പറഞ്ഞുകരയുകയാണെങ്കില്‍ അവര്‍ക്ക് ഭഗവദ്ഗീത കൊടുക്കുക. ബാക്കി വേണു കൈകാര്യം ചെയ്യുക. ശുഭം.'

വേണുനാഥിന്റെ പുസ്തകശേഖരം/ ഫോട്ടോ: ആകാശ്. എസ്. മനോജ്‌

വേണുവേട്ടന്‍ പുസ്തകങ്ങള്‍ എടുക്കുന്നതും പേജുകള്‍ മറിക്കുന്നതും എല്ലാം ഒരു പ്രത്യേകതരം അനുഭൂതിയോടെ ആണെന്ന് എനിക്ക് തോന്നിയിരുന്നു. എന്റെ ആ തോന്നല്‍ അസ്ഥാനത്തല്ല എന്ന് ആദ്യതവണ അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ തന്നെ എനിക്ക് ബോധ്യവുമായി. ആ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള ഓരോ പുസ്തകവും ബട്ടര്‍ പേപ്പറോ അല്ലെങ്കില്‍ ബ്രൗണ്‍ പേപ്പറോ ഉപയോഗിച്ച് വൃത്തിയായി പൊതിഞ്ഞ് ക്രമമനുസരിച്ച് അടുക്കിവച്ചിരുന്നു. മുകളിലത്തെ തട്ടുകളില്‍ റാദുക പബ്ലിഷേഴ്‌സ്, പ്രോഗ്രസ്സ് പ്രസ്സ് തുടങ്ങിയ പ്രസാധകര്‍ പ്രസിദ്ധീകരിച്ച റഷ്യന്‍ ക്ലാസിക്കുകള്‍, അതിനു താഴെ തട്ടുകളില്‍ പെന്‍ഗ്വിന്‍ ക്ലാസിക്കുകള്‍, തിയറിപുസ്തകങ്ങള്‍ എന്നിങ്ങനെ വളരെ അടുക്കും ചിട്ടയോടും കൂടി. ഓരോ പുസ്തകത്തിന്റെ ആദ്യതാളിലും 'P Venunath Sonata Near 4th railway gate Calicut-673001, Kerala-India' എന്ന് നീലമഷിയിലുള്ള മുദ്രണവും ഉണ്ട്.

പുസ്തകങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടണം എന്ന് വേണുവേട്ടന്റെ പുസ്തകശേഖരം കണ്ടു പഠിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ ലൈബ്രറിയിലെ അന്‍പത് പൈസയുടെയും ഒരു രൂപയുടെയും രണ്ടര രൂപയുടെയും നാല് രൂപയുടെയും പുസ്തകങ്ങള്‍ ഇന്നിപ്പോള്‍ ആയിരങ്ങള്‍ കൊടുത്താല്‍ കിട്ടാത്ത പുസ്തകങ്ങളാണ്. ആ പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മകള്‍ നിഷ പറഞ്ഞു 'ഞങ്ങളെ ഇതൊന്നും തൊടാന്‍പോലും അനുവദിക്കില്ലായിരുന്നു അത്രയേറെ മൂല്യമുള്ള വസ്തുക്കളാണ് അച്ഛന് പുസ്തകങ്ങള്‍'. ഏട്ടനാണ് ഇതിന്റെയൊക്കെ കഥകള്‍ കൂടുതല്‍ അറിയുക.' ബോംബയിലെ ഒരു മാധ്യമ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന നിഷയുടെ ചേട്ടന്‍ മനോജിനെ വിളിച്ചു. അദ്ദേഹത്തിനും ഇതേ അഭിപ്രായമാണ്: 'അച്ഛന് ആ കാലത്ത് ഞങ്ങളെക്കാള്‍ കൂടുതല്‍ പുസ്തകങ്ങളോടാണ് ഇഷ്ടമെന്ന് തോന്നിപ്പോയിട്ടുണ്ട് അതൊരു പക്ഷേ അന്ന് എനിക്കുള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുമായിരുന്നു. പക്ഷേ, എനിക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കിയതില്‍ പുസ്തകങ്ങള്‍ക്കുള്ള പങ്ക് ഓര്‍ത്തുപോകുമ്പോള്‍ അച്ഛനായിരുന്നു ശരി എന്ന് പൂര്‍ണ്ണബോധ്യമായി'. 'അവിടെ രണ്ടാമത്തെ ഷെല്‍ഫില്‍ ബെര്‍തോള്‍ ബ്രെഹ്ത്തിന്റെ നാല് വോള്യം പുസ്തകം കാണാം അത് അച്ഛന്‍ ബാങ്കില്‍ നിന്ന് കടമെടുത്ത് വാങ്ങിയതാണ്'. ''ഒരേ സമയം ഇരട്ടി ആഘാതമെന്നപോലെയായിരുന്നു അച്ഛന്റെ ആ ലോണെടുപ്പ്. വീടുവെക്കാന്‍ വേണ്ടിയുള്ള ലോണിന്റെ അടവുകഴിച്ച് കുറഞ്ഞ തുക മാത്രമേ വീട്ടിലെ മറ്റു ചെലവുകള്‍ക്കായി ലഭിച്ചിരുന്നുള്ളൂ. ആ സമയത്താണ് ബ്രെഹ്തിന്റെ ഞങ്ങളുടെ വീട്ടിലേക്കുള്ള വരവ് അത് അശരണന്റെ വീട്ടിലേക്ക് അഭയാര്‍ഥി വന്നപോലെയായി''.

വേണുനാഥിന്റെ പുസ്തകശേഖരം/ഫോട്ടോ: ആകാശ്. എസ്. മനോജ്‌

ആ പുസ്തകം കയ്യിലെടുക്കുമ്പോള്‍ അമിതഭാരം ഉള്ളതുപോലെ... എന്തിനാവാം ഇങ്ങനെ കുറെ മനുഷ്യര്‍ പുസ്തകങ്ങളെ താലോലിച്ചു പ്രണയിച്ച് മറ്റു സുഖസൗകര്യങ്ങളില്‍ വ്യാപൃതരാവാതെ ജീവിക്കുന്നത് അത് അവരുടെ സ്വാര്‍ത്ഥമായ ആനന്ദലബ്ധിക്ക് വേണ്ടി മാത്രമാണോ? അല്ലെന്നു മാത്രമല്ല അവരുടെയും ആശ്രിതരുടെയും മാത്രമല്ലാത്ത ഒരു പൊതു ഖജനാവ് നിര്‍മിക്കുകയാണ് ഇത്തരത്തിലുള്ള ഓരോ മനുഷ്യരും. എഴുത്തുകാര്‍, അധ്യാപകര്‍, കുട്ടികള്‍, രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍ തളര്‍ന്നുപോയവര്‍, തകര്‍ന്നുപോയവര്‍ ഇവര്‍ക്കെല്ലാം ഒരുപോലെ ഉപയോഗപ്രദമാവുന്ന അക്ഷരഭണ്ഡാരമാവുകയാണ് ഇവരുടെ ഭവനങ്ങള്‍. മറ്റെന്തു സ്വത്തും അടുത്ത തലമുറക്ക് കലഹിക്കാനുള്ള വകയൊരുക്കിയേക്കാം എന്നാല്‍ പുസ്തകങ്ങളുടെ ഈ സ്വത്തിന് കലഹമുണ്ടാവില്ല കാരണം പുസ്തകങ്ങള്‍ ആഗ്രഹിക്കുന്നവന്റെ മനസ്സ് അതിനും ഒരു പടി മുകളിലായിരിക്കും.

ടോളമിയുടെ കാലത്തെ അലക്സാന്‍ഡ്രിയ ഗ്രന്ഥപ്പുരയും ഗുപ്തകാലത്തെ നളന്ദയിലെ ബ്രഹദ് ഗ്രന്ഥശാലയും ഇല്ലാതായപ്പോള്‍ അതോടൊപ്പം ഇല്ലാതായത് പ്രോജ്വലമായ ലോക സാംസ്‌കാരിക നാഗരിക മുന്നേറ്റങ്ങളാണ്. ആ കാലഘട്ടത്തെ ഇന്നും സുവര്‍ണ്ണ കാലഘട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. വേണുവേട്ടനെ പോലെ പുസ്തകങ്ങളെ കരുതലോടെ കാത്തുവെക്കുന്നവര്‍ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും ഒരു സാംസ്‌കാരിക പൈതൃകത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്നപോലെ അത് നിലനിര്‍ത്തി പോരുന്ന അദ്ദേഹത്തിന്റെ മക്കള്‍...

ഫോട്ടോ: ആകാശ്. എസ്. മനോജ്‌

22 വര്‍ഷത്തിന് ശേഷവും എന്നെപ്പോലുള്ള ഒരു സാധാരണക്കാരനെ അവിടേക്ക് മാടിവിളിച്ചുകൊണ്ടിരിക്കുന്നത് അന്ന് കണ്മുന്നിലൂടെ കടന്നുപോയ കുറെ പുസ്തകങ്ങളും അതിനെ താലോലിച്ച് വളര്‍ത്തിയ വേണുവേട്ടനെക്കുറിച്ചുള്ള ഒളിമങ്ങാത്ത ഓര്‍മ്മകളും തന്നെയാണ്.

Content Highlights: Bookman show, M.Sidharthan, P. Venunath, World Classics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented