ഫോട്ടോ: എ.എഫ്.പി
'ഞാനൊരു 'പലസ്തീനി ജോര്‍ദാനി' ആണ്.' ആ മറുപടിവാക്കുകള്‍ ഇടയ്ക്കിടെ ആരോടും ചോദിക്കാതെയും പറയാതെയും അകത്തേക്കു കടന്നുവരുന്ന അയല്‍ക്കാരനെപ്പോലെ എന്റെ ബോധമണ്ഡലത്തിലേക്ക് കടന്നുവരാറുണ്ട്. സമയവും സാഹചര്യവും സന്ദര്‍ഭവം നോക്കാതെയുള്ള ആ കടന്നുവരവ് ഓര്‍മപ്പെടുത്തുന്നത് ഇക്കഴിഞ്ഞ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം മാത്രമല്ല, ഞാന്‍ കൊടുത്ത വാക്കുകള്‍ കൂടിയാണ്... എം. സിദ്ധാര്‍ഥന്‍ എഴുതുന്ന കോളം 'ബുക്മാന്‍ ഷോ' വായിക്കാം.
2022 ഒക്ടോബര്‍ മാസാവസാനം മഹാമാരിയുടെ ഭീതി ഏതാണ്ടൊഴിഞ്ഞ ആശ്വാസവും പുത്തന്‍ പ്രതീക്ഷകളുമായാണ് ഞാനും എന്റെ മൂന്നു സഹപ്രവര്‍ത്തകരും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് യാത്രതിരിച്ചത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രാവിലെ പുറപ്പെടുന്ന ദുബായിലേക്കുള്ള വിമാനത്തിലായിരുന്നു യാത്ര. എയര്‍ഹോസ്റ്റസുമാരുടെ ആംഗ്യവിക്ഷേപങ്ങളും ഉപചാരം ചൊല്ലലും കഴിഞ്ഞ് പതികാലത്തില്‍ തുടങ്ങി അഞ്ചാം കാലത്തിലെ കലാശക്കൊട്ടിലേക്ക് ദ്രുതഗതിയില്‍ എത്തിയ മേളംപോലെ വിമാനം കുതിച്ചുപൊങ്ങി.
ചെരിഞ്ഞുയരുന്ന വിമാനത്തിന്റെ ചിറകുകള്‍ക്കിടയിലൂടെ എന്റെ ദേശം പച്ചയും നീലയും ചേര്‍ത്തുതുന്നിയ പട്ടുപരവതാനി പോലെ. വീണ്ടുമുയര്‍ന്ന് വെണ്‍മേഘങ്ങള്‍ക്കുമീതെ ശാന്തമായി മൂളിപ്പാട്ടും പാടി മറുകരയെ ലക്ഷ്യം വെച്ച് പേടകം നീങ്ങിക്കൊണ്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഭൂമിയിലേക്ക് ഇറങ്ങിച്ചല്ലാനുള്ള അറിയിപ്പ്. പാറക്കെട്ടുകള്‍ പോലെ തോന്നിക്കുന്ന മണലാരണ്യങ്ങള്‍ക്കുമുകളിലൂടെ കുറച്ചുനേരം അതുകഴിഞ്ഞ് കടുംനീലക്കടലിന്റെയും തങ്കത്തിളക്കമാര്‍ന്ന കരയുടെയും ദൃശ്യഭംഗി.
മഹാസമുദ്രത്തിന്റെ ഓരത്ത് വലുതും ചെറുതുമായ മണ്‍കട്ടകള്‍ പോലെ നിസ്സാരനായ മനുഷ്യന്‍ അക്ഷീണ പ്രയത്‌നം കൊണ്ട് പടുത്തുയര്‍ത്തിയ മാളികകള്‍. അവക്കിടയിലൂടെ ഒരു ചെറുതുണ്ട് ഭൂമിയിലേക്ക് മിനിട്ടുകള്‍ക്കകം വിമാനം പതിഞ്ഞുനിന്നു. അന്യനാട്ടുകാരും തദ്ദേശീയരും പരന്നൊഴുകുന്ന ദുബായ് വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ ഷാര്‍ജയിലെ താമസസ്ഥലത്തേക്ക്. അവിടെ നിന്നും മുന്നൊരുക്കങ്ങള്‍ നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍. കമനീയമായി അണിയിച്ചൊരുക്കുന്ന നൂറുകണക്കിന് സ്റ്റാളുകള്‍. വെറും പന്ത്രണ്ടു ദിവസത്തേക്ക് നിര്‍മിക്കുന്ന ഈ സ്റ്റാളുകള്‍ ഒന്നിന് ചിലവാക്കുന്ന തുക മതിയാകും കേരളത്തില്‍ ഒരു പുസ്തകശാല ഒരു വര്‍ഷം നടത്താന്‍! എക്‌സ്‌പോസെന്ററിന് പുറത്തെ മൈതാനിയില്‍ ചുവപ്പും വെള്ളയും നിറത്തിലുള്ള വലിയ കൂടാരം അവിടെയാണ് എനിക്ക് പങ്കെടുക്കേണ്ടുന്ന പ്രസാധക സംഗമവേദി.
ആയിരത്തില്‍പരം ആളുകള്‍ ഈ സമ്മേളനത്തിലും തുടര്‍ന്ന് നടക്കുന്ന പകര്‍പ്പവകാശ കൈമാറ്റത്തിനും രജിസ്റ്റര്‍ ചെയ്തിരുന്നു. എനിക്ക് മൂന്നു ദിവസങ്ങളിലായി പതിനാറോളം പ്രസാധക/ഏജന്റുമാരുമായി മുന്‍കൂട്ടി നിശ്ചയിച്ച മീറ്റിംഗുകള്‍ ഉണ്ടായിരുന്നു.കാലത്ത് ഒന്‍പത് മണിക്ക് തന്നെ പ്രസാധക സംഗമകൂടാരത്തിലേക്കെത്തി. പുസ്തകങ്ങളുടെ പ്രചാരത്തിനും മൊഴിമാറ്റകരാറിനും വേണ്ടി എത്തിയ നാനാദേശക്കാര്‍. പോയ വര്‍ഷത്തില്‍ കണ്ടുമുട്ടിയ പലരും അവിടെയുണ്ടായിരുന്നു. സൗഹൃദം പങ്കിടുന്നതിനും ഓര്‍മ പുതുക്കുന്നതിലും അതീവ തല്പരരായ കുറെ മനുഷ്യര്‍. തുര്‍ക്കിയില്‍നിന്നും വന്ന, നെര്‍മിനും അകിഫ്പാമുക്കും ആഫ്രിക്കയില്‍ നിന്ന് അസാഫി ഇന്തോനേഷ്യയില്‍ നിന്നുള്ള വേധ, സെര്‍ബിയന്‍ നെനാദ്, ഈജിപ്തില്‍ നിന്നും നാദിയ, അര്‍ജന്റീനയില്‍ നിന്നുള്ള ഹോര്‍ഹെ തുടങ്ങി കുറെ പേരെ വീണ്ടും കാണാനായി. ഓരോരുത്തര്‍ക്കും ഒരു മേശയും രണ്ടു കസേരകളുമാണ് അനുവദിച്ചിട്ടുള്ളത്. നിര്‍ദ്ദിഷ്ട നമ്പര്‍ പ്രകാരം നമുക്ക് അതിലിരുന്നു പുസ്തകങ്ങള്‍ മൊഴിമാറ്റത്തിനും വിതരണത്തിനുമുള്ള അവകാശം വില്‍ക്കുകയും വാങ്ങുകയും ചെയ്യാം. എന്റെ ഈ വര്‍ഷത്തെ നമ്പര്‍ 779 ആയിരുന്നു.
ആദ്യ ദിവസം നാലുപേരുമായുള്ള കൂടിക്കാഴ്ച്ചയ്‌ക്കേ അവസരം ലഭിച്ചുള്ളൂ. പിറ്റേന്ന് ഏഴോ എട്ടോ കൂടിക്കാഴ്ചകള്‍ ബുക്ക് ചെയ്തിരുന്നു. രണ്ടാംദിവസം ഉച്ചയൂണിന് ശേഷം ഒരു അറബി പബ്ലിഷറുമായിട്ടായിരുന്നു എന്റെ അഭിമുഖം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നിശ്ചിത നമ്പര്‍ ടേബിളില്‍ പ്രതിനിധി ഉണ്ടായിരുന്നില്ല. വിലപ്പെട്ട ഒരു മീറ്റിംഗ് നഷ്ടപ്പെട്ടതോര്‍ത്ത് അവിടെനിന്നുമെന്റെ മേശക്കരികിലേക്ക് നടന്നുതുടങ്ങി.
രണ്ടു മേശകള്‍ക്കിപ്പുറം ഒരു പ്രതിനിധി തനിച്ചിരിപ്പുണ്ടായിരുന്നു. അവരുമായുള്ള കൂടിക്കാഴ്ച്ചക്കുള്ള സാധ്യത ആരാഞ്ഞു. നിങ്ങളുടെ ഈ സമയം എനിക്ക് അനുവദിക്കാമോ എന്നന്വേഷിച്ചു. 'തീര്‍ച്ചയായും' എന്ന് പറഞ്ഞെന്നെ സ്വാഗതം ചെയ്തു. തലയില്‍ തട്ടമിട്ട കുലീനയായ ഒരു സ്ത്രീയായിരുന്നു അവര്‍. പതിവ് രീതികള്‍ തെറ്റിക്കാതെ ഞാന്‍ ആരെന്നും കേരളത്തെക്കുറിച്ചും മാതൃഭൂമി എന്താണെന്നും വിശദീകരിച്ചു. സാകൂതം ശ്രദ്ധിച്ചുകൊണ്ട് അവരിരുന്നു. അവരുടെ ചേഷ്ടകളിലെല്ലാം തന്നെ രാജകീയതയുടെ പരിവേഷമുള്ളതുപോലെ തോന്നി. ഭംഗിയുള്ള ഒരു മുഴുക്കൈഷര്‍ട്ടും ജീന്‍സും ആയിരുന്നു വേഷം. ഞൊറിയിട്ട് മനോഹരമായി ഹിജാബും അവര്‍ ധരിച്ചിരുന്നു. എന്റെ സംസാരം നിന്നശേഷം അവര്‍ പ്രതിനിധീകരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചെന്നെ ബോധവാനാക്കി.
പ്രധാനമായും കുട്ടികളുടെ പ്രസിദ്ധീകരണങ്ങളാണ് അവരെനിക്ക് പരിചയപ്പെടുത്തിയത്. കൊച്ചുകുട്ടികളുടെ പ്രസരിപ്പും നിഷ്‌കളങ്കതയും അവരുടെ മുഖത്തപ്പോള്‍ നിഴലിച്ചു. ഹൃദ്യമായ ആംഗ്യവിക്ഷേപങ്ങളോടെയുള്ള ഒരു കഥപറച്ചില്‍പോലെ വശ്യമായിരുന്നു അത്...തികച്ചും അനൗദ്യോഗികമായി ഒരു മീറ്റിംഗ് ആയതിനാല്‍ അവരെപ്പറ്റിയോ അവരുടെ പ്രസ്ഥാനത്തെക്കുറിച്ചോ എനിക്കറിയില്ലായിരുന്നു. എന്നെ ഞാന്‍ വിശാലമായി പരിചയപ്പെടുത്തിയെങ്കിലും അതുവരെ അവരെക്കുറിച്ച് ചോദിച്ചിരുന്നുമില്ല. മീറ്റിങ്ങിന്റെ അവസാനമാണ് ഞാനതു ചോദിച്ചത്. ഏതുരാജ്യക്കാരിയാണെന്ന ചോദ്യത്തിന് അവര്‍ പറഞ്ഞു: ഞാനൊരു 'പലസ്തീനി ജോര്‍ദാനി' ആണ്. ഒരാളുടെ ദേശീയത രണ്ടുരാഷ്ട്രങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നത് എങ്ങനെയായിരിക്കും? ഞാന്‍ കരുതി അവരുടെ മാതാപിതാക്കളില്‍ ഒരാളോ ഭര്‍ത്താവോ ഒരുപക്ഷെ ഇതിലേതെങ്കിലും ഒരു രാജ്യത്തുനിന്നുള്ളതാവാം. എന്നിരുന്നാലുംഎന്റെ സംശയ നിവാരണത്തിനായി ഞാന്‍ ചോദിച്ചു എന്താ പലസ്തീനി ജോര്‍ദാനി എന്നതുകൊണ്ടുദ്ദേശിച്ചത്?
എന്റെ കണ്ണിലേക്ക് നോക്കി അവര്‍ പറഞ്ഞു 'I am a Refugee' ഞാനൊരു അഭയാര്‍ത്ഥിയാണ്. എനിക്കുള്‍ക്കൊള്ളാന്‍ കഴിയാഞ്ഞതുകൊണ്ട് 'എന്ത്?'
എന്നറിയാതെ ചോദിച്ചുപോയി. 'അതെ ഞാനൊരു അഭയാര്‍ത്ഥിയാണ് പലസ്തീനില്‍ നിന്നുള്ള...' യുദ്ധവും പലായനങ്ങളും അഭയാര്‍ത്ഥി ക്യാമ്പുകളും ദൈന്യതയും, അരക്ഷിതാവസ്ഥയും എല്ലാം ഒരു നിമിഷം കൊണ്ട് എന്റെ മനസ്സിലേക്ക് പ്രവഹിച്ചു. സിനിമകളിലും ദൃശ്യ മാധ്യമങ്ങളിലും മാത്രം കണ്ടും കേട്ടും പരിചയിച്ച എന്നെപ്പോലുള്ള ഒരുവന് അതില്‍കവിഞ്ഞൊന്നും ബോധമണ്ഡലത്തില്‍ തെളിയില്ല. സ്വപരിമിതികളെ ആത്മാര്‍ത്ഥ സുഹൃത്തുക്കളോടുപോലും പറയാന്‍ മടിക്കുന്ന പൊങ്ങച്ചത്തില്‍ അഭിരമിക്കുന്ന ആളുകള്‍ക്ക് അപവാദമാവുകയാണ് ഇവര്‍. സ്വരാഷ്ട്രത്തില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് യുദ്ധഭീതിയില്‍ മറ്റൊരു രാജ്യത്ത് അഭയം പ്രാപിച്ചിട്ടും അവിടെ നല്ലനിലയില്‍ തന്നെ ജീവിതം നയിക്കാനായിട്ടും നഷ്ടപ്പെട്ട മണ്ണിനെ മാറോടു ചേര്‍ക്കുന്ന ഇവരുടെതാണ് പകരംവെക്കാനില്ലാത്ത ദേശസ്‌നേഹം.
കഠിനമായ പ്രതിസന്ധികളെ തരണം ചെയ്ത് നഷ്ടങ്ങളെ വീണ്ടും മുന്നേറാനുള്ള ഉര്‍ജ്ജമാക്കിയ ആ സ്ത്രീയുടെ മുന്നില്‍ ചെറിയ പ്രതിസന്ധികളില്‍ പോലും നിരാശനാവുന്ന ഞാന്‍ തീര്‍ത്തും എളിയവനായി. എന്റെ പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിലുള്ള ഒരഭയാര്‍ത്ഥി ഒരിക്കലും ഇങ്ങനെയായിരുന്നില്ല. യാതനാപൂര്‍ണ്ണമായ ജീവിതവും നഷ്ടബോധത്താല്‍ തകര്‍ന്ന മനസ്സുമായി പുനരധിവാസക്യാമ്പുകളില്‍ ദൈന്യത നിഴലിക്കുന്ന മുഖവുമുള്ള മനുഷ്യക്കോലങ്ങളാണ് അതുവരെ എന്റെ മനസ്സിലെ അഭയാര്‍ത്ഥി. അത്തരമൊരു ജീവിതത്തിന്റെ യാതൊരു ലക്ഷണവും അവരില്‍ കാണാനായില്ല എന്നുമാത്രമല്ല പ്രസന്നതയും നിശ്ചയദാര്‍ഢ്യവും മാത്രമേ അവരുടെ മുഖത്തും ചേഷ്ടകളിലും നിഴലിച്ചുള്ളൂ.
യുദ്ധങ്ങളോ കെടുതികളോ അനുഭവിക്കാത്ത ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നതെന്ന് പറഞ്ഞു. 'മാഷാ അല്ലാഹ്' എന്നും അങ്ങനെയായിരിക്കട്ടെ എന്നവര്‍ പ്രതിവചിച്ചു. അപ്പോഴാണ് ഞാന്‍ 2023 ഫെബ്രുവരി 2 മുതല്‍ 5 വരെ തിരുവനന്തപുരത്തെ കനകകുന്നില്‍ വച്ച് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തെക്കുറിച്ചോര്‍ത്തത്. നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും ഞങ്ങളുടെ ദേശം കാണാനുമായി നിങ്ങള്‍ തീര്‍ച്ചയായും വരണം എന്നവരോട് പറഞ്ഞു. 'ഇന്‍ശാ അല്ലാഹ്'; വരാന്‍ സാധിക്കുമെങ്കില്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളുടെ ക്ഷണം സ്വീകരിക്കും. എനിക്കും സന്തോഷമായി. വിസിറ്റിംഗ് കാര്‍ഡുകള്‍ പരസ്പരം കൈമാറി. നാട്ടിലെത്തിയാല്‍ തീര്‍ച്ചയായും ക്ഷണക്കത്ത് അയപ്പിക്കാം വരണേ എന്നൊരിക്കല്‍കൂടി പറഞ്ഞ് വിടചൊല്ലി, അപ്പോള്‍ത്തന്നെ സഹപ്രവര്‍ത്തകരായ അക്ഷരോത്സവ സംഘാടകരെ വിവരവുമറിയിച്ചു.
മൂന്നുനാള്‍ കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തി. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കിടയിലും അല്ലാതെയുമായി ലഭിച്ച നിരവധി വിസിറ്റിങ് കാര്‍ഡുകള്‍ കയ്യിലുണ്ടായിരുന്നു. എല്ലാമെടുത്ത് ഓഫീസിലെത്തി. ആദ്യത്തെ ഇമെയില്‍ സന്ദേശം അവര്‍ക്കുതന്ന അയക്കാമെന്നു കരുതി കാര്‍ഡുകള്‍ പരതി. അതിലെവിടെയും അവരുടെ കാര്‍ഡ് കാണാനായില്ല. വീട്ടില്‍ വന്ന് പെട്ടിയിലും വസ്ത്രങ്ങളിലുമെല്ലാം കുറെ തിരഞ്ഞു. നിരാശ മാത്രമായിരുന്നു ഫലം. അവരുടെ പേരോ പ്രതിനിധീകരിച്ചുവന്ന പബ്ലിഷിങ് ഹൗസിന്റെ പേരോ ഇന്നുമെനിക്കജ്ഞാതമാണ്. ഇത്തവണത്തെ എന്റെ ഷാര്‍ജാ സന്ദര്‍ശനത്തിലെ ഏറ്റവും വിലപ്പെട്ട വസ്തുവായിരുന്നു ആ വിസിറ്റിംഗ് കാര്‍ഡ് അതെങ്ങിനെ നഷ്ടപ്പെട്ടുവെന്ന് ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നില്ല. ബുക്ഫെയ്റിന്റെ വെബ്സൈറ്റിലും ഞാന്‍ ഏറെ തിരഞ്ഞു. ബുക്‌ഫെയര്‍ അതോറിറ്റിയുമായും അന്വേഷണങ്ങള്‍ നടത്തുന്നു. അവരുടെ കൈവശമുള്ള എന്റെ ഇമെയില്‍ വിലാസത്തില്‍ഒരു വരി ഞാനെന്നും പ്രതീക്ഷിക്കുന്നു.
നിങ്ങളിവിടെ വരണമായിരുന്നു വിദൂരദേശങ്ങളിലെ അശാന്തിയും, അരക്ഷിതാവസ്ഥയും അതിനെ മറികടന്ന നിങളുടെ ജീവിതവും, വ്യക്തിത്വവും ഞങ്ങള്‍ക്കറിയണമായിരുന്നു. എന്താണ് നിങ്ങളുടെ ദേശസ്‌നേഹമെന്നത് ഞങ്ങളോട് പറയാമായിരുന്നു...
സ്വരാഷ്ട്രത്തിലെ സ്ഥിരമേല്‍വിലാസം നഷ്ടപ്പെട്ട് അന്യനാട്ടിലേക്ക് പലായനം ചെയ്ത് അവിടെ മേല്‍വിലാസം നേടിയെടുത്തപ്പോഴും നഷ്ടപ്പെട്ട മേല്‍വിലാസത്തെ മുറുകെപ്പിടിക്കുന്ന നിങ്ങള്‍. ആശയവിനിമയത്തിനായി നിങ്ങള്‍ നല്‍കിയ മേല്‍വിലാസത്തെ നഷ്ടപ്പെടുത്തിയ ഞാന്‍. വെറുംവാക്ക് പറഞ്ഞുപറ്റിച്ച് കടന്നുകളഞ്ഞ ഒരുത്തനാവരുതേ ഞാന്‍...നിങ്ങള്‍ പറഞ്ഞപോലെ ഇന്ഷാ അല്ലാഹ്...ദൈവനിശ്ചയമുണ്ടെങ്കില്‍ പ്രിയസോദരീ നമ്മളിനിയും കാണും അതുവരേക്കും പൊറുക്കുക.
Content Highlights: Bookmanshow, Sidharthan, Mathrubhumi, Refugees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..