പട്ടാള ഡ്രൈവറായിരുന്ന കിസാന്‍ ബാബുറാവുവില്‍നിന്ന്‌ അണ്ണാഹസാരെയിലേക്കുള്ള ദൂരം...!


മധുരാജ്‌



മൂന്നു പതിറ്റാണ്ട് പിന്നിട്ട തന്റെ ഫോട്ടോ ജേണലിസത്തില്‍നിന്നു തിരഞ്ഞെടുത്ത ഫോട്ടോകള്‍ അവതരിപ്പിക്കുകയാണ് 'Beyond The Frames' എന്ന കോളത്തിലൂടെ മാതൃഭൂമി സീനിയര്‍ ചീഫ് ഫോട്ടേഗ്രാഫര്‍ മധുരാജ്.  

ലോകായുക്തബില്ലുമായി ബന്ധപ്പെട്ട് കേരളത്തില്‍ സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള അങ്കം മുറുകി നില്‍ക്കുകയാണല്ലൊ. ബില്ലിന്റെ ഭാവി എന്താകും എന്നറിയാന്‍ നാമെല്ലാം കാത്തിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഒരു പതിറ്റാണ്ട് മുമ്പ്  ഇന്ത്യയെ പിടിച്ചുകുലുക്കിയ ഒരു അഴിമതി വിരുദ്ധസമരത്തെക്കുറിച്ച്  ഓര്‍ക്കുകയാണ് ഇവിടെ. അണ്ണാ ഹസാരയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് എഗേന്‍സ്റ്റ് കറപ്ഷന്‍ എന്ന കൂട്ടായ്മയില്‍ ജന്‍ലോക്ബാല്‍ ബില്ലിനുവേണ്ടി ദല്‍ഹിയും ഇന്ത്യയിലൊട്ടാകെയും നടന്ന പൗരപ്രക്ഷോഭം.

ഒരു നേരത്തെ ഊണിന് ഗതിയില്ലാത്തവനെ അടക്ക മോഷ്ടിച്ചതിന് പിടിച്ച് സര്‍ക്കാര്‍ ജയിലിലിടുന്നു. അതേനേരം രാഷ്ട്രീയത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലുമുള്ള മേലാളര്‍ കോടികളുടെ അഴിമതി നടത്തി വിലസുന്നു. പോലീസും കോടതിയും ഒന്നും അറിയാത്തപോലെ നില്‍ക്കുന്നു. ഈ പറഞ്ഞതെല്ലാം എക്കാലത്തും നമ്മുടെ ജനാധിപത്യത്തിന്റെയും ശാപമാണ്.

ഇന്ദ്രപ്രസ്ഥത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരിക്കുന്ന കാലം (2011). 2 ജി സ്പെക്ട്രം ലേലം വഴി രാഷ്ട്രത്തിന് കോടികളുടെ നഷ്ടം വന്നു എന്ന് സി.എ.ജി കണ്ടെത്തിയതുവഴി സര്‍ക്കാരിനു നേരെ ഉയര്‍ന്നത് കോടികളുടെ അഴിമതി ആരോപണം. പട്ടാളക്കാരുടെ വിധവകള്‍ക്ക് ഗവണ്‍മെന്റ്   അനുവദിച്ച വീടുകള്‍ ഉന്നതര്‍ കയ്യടക്കിയ വാര്‍ത്തകള്‍. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്. രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും ബ്യൂറോക്രസിയും ചേര്‍ന്നുള്ള അവിശുദ്ധ ബന്ധത്തിന്റെ അഴിമതി പുരണ്ട വാര്‍ത്തകള്‍. ജനരോഷം തിളച്ചുമറിഞ്ഞ ആ ദിനങ്ങളില്‍ ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ 2011 ഏപ്രില്‍ 5 ന് ആരംഭിച്ച ഒരു നിരാഹാര സമരം കൊടുങ്കാറ്റ് പോലെ ശക്തി പ്രാപിച്ച്  ഇന്ത്യയുടെ ഭാവി മാറ്റി എഴുതുന്നതായി മാറി. പാര്‍ലിമെറ്റില്‍ ഗവണ്‍മെന്റെ് പാസ്സാക്കാന്‍ ഉദ്ദേശിക്കുന്ന ലോക്പാല്‍ ബില്ലിന്റെ ഡ്രാഫ്റ്റില്‍ അമ്പത് ശതമാനം  സിവില്‍ സമൂഹത്തിലെ പൊതുപ്രര്‍ത്തകരെയും ബുദ്ധിജീവികളെയും ഉള്‍പ്പെടുത്തി നവീകരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു സമരത്തിന്റെ തുടക്കം. ഈ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും ഹസാരെ സ്വപ്നം കണ്ട ഒരു ജനലോക്പാല്‍ ബില്‍ ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. 

2014-ല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാറിനെ അധികാരത്തിലേറ്റുന്നതില്‍ ഈ പ്രക്ഷോഭം നിമിത്തമായി എന്ന് പില്‍ക്കാലത്ത് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട കാലത്ത് (2011-ല്‍) അതിന്റെ നെടുംതൂണായി നിന്ന അണ്ണാ ഹസാരെയുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രസിദ്ധമായ ആ മറാത്താ ഗ്രാമത്തിലേക്ക് ഞങ്ങള്‍ മാതൃഭൂമി 'യാത്ര' മാസികക്ക് വേണ്ടി ഒരു യാത്ര നടത്തി. കൂടെ ഉണ്ടായിരുന്നത് റിപ്പോര്‍ട്ടര്‍ RL ഹരിലാല്‍. ഗ്രാമത്തിന്റെ പേര് റാലെഗാന്‍ സിദ്ധി. വെറും ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള കിസാന്‍ ബാബുറാവ് ഹസാരെ എന്ന ഒരു യുവാവ് നിശ്ചയദാര്‍ഢ്യത്തിലൂടെ കെട്ടിപ്പടുത്ത ഒരു ഗ്രാമം. അക്കാലത്ത്, ഒന്നുമില്ലാത്ത വെറുമൊരു തരിശുഭൂമിയായിരുന്നു. ജന്മിത്വത്തിന്റെ നുകത്തിനു താഴെ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധുക്കള്‍. അവരുടെ കയ്യിലുള്ള ചില്ലിക്കാശ് തട്ടിയെടുക്കാന്‍ മല്‍സരിക്കുന്ന വാറ്റു ചാരായക്കാര്‍. ഇന്ത്യ- പാക്ക് യുദ്ധകാലത്ത് ഇന്ത്യന്‍ പട്ടാളത്തിലെ ട്രക്ക് ഡ്രൈവറായിരുന്ന കിസാന്‍ ബാബുറാവ് ഹസാരെയ്ക്ക് പട്ടാളജീവിതം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവ് ജീവിതത്തിലേക്കുള്ള രണ്ടാം യാത്രയായിരുന്നു. യുദ്ധകാലത്ത് ട്രക്കിന് നേരെ ഉണ്ടായ പാക് ആക്രമത്തില്‍ ആകെ രക്ഷപ്പെട്ടത് ആ യുവസൈനികന്‍ മാത്രമായിരുന്നു. ജീവിതത്തിലേക്കുള്ള തന്റെ തിരിച്ചുവരവിന് മഹത്തായ എന്തോ ഉദ്ദേശ്യം ദൈവം കരുതിവെച്ചതായി അയാള്‍ കരുതി. 

ഹസാരെയ്ക്ക് മാതൃക ഗാന്ധിജിയായിരുന്നു. പട്ടാളക്കാരന്റെ ചിട്ടയും ഗാന്ധിയന്‍ നിശ്ചയദാര്‍ഡ്യവും ഹസാരെയ്ക്ക് കൂട്ടായി. പ്രതിബന്ധങ്ങള്‍ ഓരോന്നും ഘട്ടം ഘട്ടമായി തരണം ചെയ്ത് ഹസാരെ തന്റെ ഗ്രാമത്തെ  സ്വയംപര്യാപ്തതയിലേക്ക് പരിവര്‍ത്തിപ്പിച്ചു. ഇതിനിടയില്‍ ബാബുറാവ് ഹസാരെ ഗ്രാമീണരുടെ പ്രിയപ്പെട്ട അണ്ണാ ഹസാരെ ആയി. ആ മുഖങ്ങളില്‍ വിരിഞ്ഞ ചിരിയില്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സ്വപ്നം- ഗ്രാമ സ്വരാജ്, സഫലമാകുന്നത് ഹസാരെ കണ്ടു. 

ഹസാരെയുടെ ആ സ്വപ്നഗ്രാമത്തിലാണ് നാം ഇപ്പോള്‍. 2011 ഒക്ടോബര്‍ മൂന്നിന്‌. ഗാന്ധി ജയന്തിയുടെ അടുത്ത ദിവസം. പൂനെയില്‍ നിന്ന് പുലര്‍ച്ചെ ബസ്സിന് പറപ്പെട്ട ഞങ്ങള്‍ രാവിലെ തന്നെ ഗ്രാമത്തില്‍ ബസ് ഇറങ്ങി. സ്വയം പര്യാപ്തിയിലേക്ക് ഉയര്‍ന്ന ഗ്രാമദൃശ്യങ്ങളിലൂടെ വിസ്മയപൂര്‍വ്വം സഞ്ചരിക്കെ  സൂര്യന്‍ അറിയാതെ ഉച്ചിയിലെത്തി. പെട്ടെന്നാരോ വിളിച്ചു പറഞ്ഞു. 'അണ്ണാജി എത്തി'. ഞങ്ങളും അങ്ങോട്ട് കുതിച്ചു. പദ്മാവതി ക്ഷേത്രാങ്കണത്തിലെ പേരാലിന്‍ ചുവട്ടില്‍ ഇരുന്ന് അണ്ണാ ഹസാരെ ചുറ്റുമുള്ളവരോട് സംസാരിക്കുന്നത് ഞങ്ങള്‍ ദൂരെ നിന്ന് കണ്ടു. അണ്ണയുടെ ടീമിലെ പ്രധാനിയായ അരവിന്ദ് (ഇപ്പോഴത്തെ ദില്ലി മുഖ്യമന്ത്രി). ദില്ലിയിലെ ജന്തര്‍മന്ദിറില്‍ രാജ്യം ഏറ്റെടുത്ത തന്റെ സത്യാഗ്രഹ സമരത്തിന്റെ ആവശ്യങ്ങള്‍ ഗവണ്‍മെന്റെ് അംഗീകരിച്ച് ഹസാരെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്ന സന്ദര്‍ഭം. സമരത്തിന്റെ  അമരക്കാരനായ അരവിന്ദ് കെജ്‌രിവാള്‍ കൂടെയുണ്ട്. ആം ആദ്മി പ്രസ്ഥാനം അന്ന് പിറന്നിട്ടില്ല. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്ന കാര്യത്തില്‍ ഹസാരെ കെജ്‌രിവാളിനോട് യോജിച്ചില്ല. ഹസാരെ കെജ്‌രിവാളില്‍ നിന്ന് അകലുന്നതാണ് പില്‍ക്കാലത്ത് കണ്ടത്. ജനലോക്പാല്‍ ബില്ലിന് വേണ്ടി അഴിമതി എന്ന ഒരു വിഷയത്ത മുന്‍നിര്‍ത്തി പീപ്പിള്‍സ് എഗെയിന്‍സ്റ്റ് കറപ്ഷന്‍ എന്ന ഒരു പൊതുപ്ലാറ്റ്ഫോമില്‍ പൊതുപ്രവര്‍ത്തകരെ ഒരുമിപ്പിച്ചു എങ്കിലും പില്‍ക്കാലത്ത് ഇവരെല്ലാം പല വഴിയായി പിരിയുന്നതും നാം കണ്ടു. എങ്കിലും ജനജീവിതത്തെ ബാധിക്കുന്ന കാതലായ ചില പ്രശനങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്നാല്‍ വ്യക്തികള്‍ക്കോ ചെറുഗ്രൂപ്പുകള്‍ക്കോ ഭരണകൂടങ്ങളെ വിറപ്പിക്കാന്‍ കഴിയും എന്നതാണ് ജന്‍ലോക്പാല്‍ ബില്ലിനു വേണ്ടി നടന്ന സമരം നല്‍കുന്ന ഒരു പാഠം.

ഇനിയുള്ള ചിത്രങ്ങള്‍ പറയുന്നത് അണ്ണാ ഹസാരെയുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രസിദ്ധമായ റാലെഗാന്‍ സിദ്ധിയിലെ കാഴ്ചകളാണ്.
 

1/17

റാലെഗാൻ സിദ്ധിയിലേക്കുള്ള ബസ്സ്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലാണ് റാലെഗാൻ സിദ്ധി. പൂനെയിൽ നിന്ന് രണ്ടു മണിക്കൂർ ബസ് ദൂരം.

2/17

റാലെഗാൻ സിദ്ധിയിലെ പ്രഭാതം.നാൽകവല.

3/17

റാലെഗാൻ സിദ്ധിയിലെ ഒരു ദൃശ്യം.

4/17

റാലെഗാൻ സിദ്ധിയിലെ വയലിൽ വിറക് ശേഖരിക്കുന്ന ഒരു സ്ത്രീ.

5/17

ചിരി മായത്ത മുഖങ്ങൾ. റാലെഗാൻ സിദ്ധിയിലെ പൗരൻമാർ.

6/17

സന്ത് നീലാംബരി വിദ്യാലയം. പരീക്ഷയിൽ തോറ്റ പ്വിദ്യാർത്ഥികൾക്കായി അണ്ണ ഹസാരെ തുടങ്ങിയ സ്കൂൾ. ഗ്രാമീണരുടെ ശ്രമദാനവും അവരുടെ സംഭാവനയും മാത്രമാണ് ഈ സ്ക്കൂളിനു പിന്നിൽ.

7/17

സന്ത് നീലാംബരി വിദ്യാലയം

8/17

ജലസേചനത്തിന്റെ ഭാഗമായി നിർമ്മിച്ച തടയണകൾ. പ്രശസ്തമായ റാലേഗാൻ വാട്ടർ ഷെഡ് പ്രോഗ്രാം പഠിക്കാൻ വിദേശത്തു നിന്നും വിദ്യാർത്ഥികൾ എത്തുന്നു.

9/17

" മേ അണ്ണാ ഹൂ " എന്ന് രാജ്യം മുഴുവൻ മുദ്രാവാക്യം ഉയർന്ന കാലത്തായിരുന്നു ഞങ്ങൾ റാലെഗാൻ സിദ്ധിയിൽ എത്തിയത് . അഴിമതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതീകമായി അന്ന് അണ്ണയുടെ ഗാന്ധി തൊപ്പി മാറി. സന്ദർശകർക്ക് വിൽക്കാൻ വച്ച തൊപ്പികളുമായി ഗ്രാമത്തിൽ ഒരു യുവതി.

10/17

അണ്ണാ ഹസാരെയുടെ വരവ് പ്രതീക്ഷിച്ച് റാലെഗാൻ സിദ്ധി ഗ്രാമം. ഗാന്ധി ജയന്തിയുടെ പിറ്റേന്ന്

11/17

പട്ടാളക്കാരനായ കിഷൻ ബാബുറാവ് ഹസാരെ. 1973 ൽ പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം അണ്ണാ ഹസാരെയായി മാറിയത് ചരിത്രം.( മീഡിയ സെന്ററിൽ നിന്ന്)

12/17

അണ്ണാ ഹസാരെക്കും പീപ്പിൾസ് എഗേൻസ്റ്റ് കറപ്ഷൻ കൂട്ടായ്മയിലെ പ്രവർത്തകർക്കും റാലെഗാൻ സിദ്ധിയിലെ പത്മാവതി ക്ഷേത്രാന്തണത്തിൽ നൽകിയ സ്വീകരണം.

13/17

ഹസാരെ പ്രസംഗിക്കുന്നു. സമീപം അരവിന്ദ് കെജ്‌രിവാളു മറ്റ് വിവരാവകാശ പ്രവർത്തകരും. ആം ആദ്മി പാർട്ടി രൂപീകരിക്കുന്നതിന് മുമ്പാണ് ഇത്

14/17

ഹസാരെ പ്രസംഗിക്കുന്നു

15/17

ഹസാരെ പ്രസംഗിക്കുന്നു.

16/17

പീപ്പിൾസ് എഗേൻസ്റ്റ് കറപ്ഷൻ കൂട്ടായ്മയിലെ പ്രമുഖനായ അരവിന്ദ് കെജ്രിവാൾ. കെജ്‌രിവാളുമായി അകന്ന അണ്ണാ ഹസാരെ പിൽക്കാലത്ത് അദ്ദേഹത്തിന്റെ വിമർശകനായി.

17/17

റാലെഗാൻ സിദ്ധിയിലെ വിദ്യാർ ത്ഥികൾ. സകൂളിലെ ഒരു പ്രഭാത ദൃശ്യം. കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിയുടെ ചിഹനം ചൂല് ആയത് കേവലം ഒരു യാദൃശ്ചികതയല്ലാതിരിക്കാം...

Content Highlights: Madhuraj, Beyond The Frames, Mathrubhumidotcom


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented