'ഇന്നത്തെ തെന്നിന്ത്യയുടെ നയന്‍താരയാണ് അന്ന് മലയാളത്തിന് ഷീല'


മധുരാജ്‌Beyond The Frames: മാതൃഭൂമി സീനിയര്‍ ഫോട്ടോജേണലിസ്റ്റ് മധുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ പകര്‍ത്തുന്ന പംക്തി.

ഷീല/ ഫോട്ടോ: മധുരാജ്‌

ജീവിതത്തോട് അത്രമേല്‍ പ്രണയം സൂക്ഷിക്കുന്ന നടിയാണ് ഷീല. ഇരിപ്പിലും നടപ്പിലും തന്റെയിടത്തിലും എക്കാലവും രാജകീയത ആസ്വദിക്കുന്നു ഷീല. മാതൃഭൂമി സീനിയര്‍ ഫോട്ടോജേണലിസ്റ്റ് മധുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ പകര്‍ത്തുന്ന പംക്തിയായ Beyond The Frames- ല്‍ മലയാളത്തിന്റെ സ്വന്തം കറുത്തമ്മയായ നടി ഷീലയെ ആദ്യമായി കാമറയില്‍ പകര്‍ത്തിയ നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് മധുരാജ്.

'ണ്ടൊക്കെ ലവ് എന്നു പറഞ്ഞാല്‍...ഒരാളെല്ലാതെ മറ്റൊരാളെ വിചാരിക്കാന്‍ പോലും വയ്യ എന്ന അവസ്ഥ! ഇന്നിപ്പോ...ഓ...അത് ബ്രേക്കപ്പ് ആയി എന്ന് പറയുന്നത് വളരെ സാധാരണം. പെണ്‍കുട്ടികള്‍ അങ്ങനെ മാറണം എന്നേ ഞാന്‍ പറയൂ. ചിലരുണ്ട്, ആറു വര്‍ഷമൊക്കെ പ്രേമിച്ച്, കല്യാണം കഴിഞ്ഞ് അടുത്ത വര്‍ഷം ഡിവോഴ്‌സ് ആകുന്നവര്‍. അതിനേക്കാള്‍ നല്ലതല്ലെ ലിവിങ്ങ് റ്റുഗെദര്‍? കുറെനാള്‍ ജീവിച്ച് ഒരു കൊച്ച് വരുമ്പോള്‍ കല്യാണം കഴിച്ചാല്‍ മതിയല്ലൊ. സ്വന്തമായി വരുമാനമുണ്ടെങ്കില്‍ എന്തിനാ സ്ത്രീകള്‍ പേടിക്കുന്നത്? പെണ്‍കുട്ടികളേ, നിങ്ങള്‍ ഉപദ്രവിക്കാന്‍ വരുന്നവരെ നേരിടാന്‍ പിങ്ക് പോലീസിന്റെ നമ്പര്‍ മൊബൈലിന്റെ സ്‌ക്രീന്‍ സേവര്‍ ആക്കണം. ബാഗില്‍ ലിപ്സ്റ്റിക്ക് പോലെ കുരുമുളക് സ്‌പ്രേ കരുതണം. ആവശ്യം വന്നാല്‍ അതെടുത്ത് അവന്റെ മുഖത്ത് അടിക്കണം'. പുതിയ കാലത്തെ പെണ്ണിന്റെ ഉറച്ച തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, അവരുടെ പ്രശ്നങ്ങളില്‍ മനസ്സ് പിടയുന്ന ഫെമിനിസ്റ്റ് ആയ ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ മുന്നിലാണോ ഞങ്ങള്‍ ഇരിക്കുന്നത്. ഞാന്‍ ഒരു നിമിഷം സംശയിച്ചു. ഗൃഹലക്ഷ്മിക്ക് വേണ്ടി മലയാളികളുടെ ഒരേയൊരു 'കറുത്തമ്മ'യെ, അതെ മലയാള സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാറിനെ കാണാന്‍ ചെന്നെയില്‍ വന്നതാണ് ഞങ്ങള്‍ (ഒപ്പം റിപ്പോര്‍ട്ടര്‍ രജി ആര്‍ നായര്‍). 2019 മാര്‍ച്ചിലെ ഒരു സായാഹ്നം. സ്വന്തം വീട്ടിലെ (ഷീലാകാസില്‍) സ്വീകരണമുറിയിലിരുന്ന് മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളുടെ മാറ്റം വിലയിരുത്തുകയായിരുന്നു അവര്‍. (ഒരു വലിയ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഷീലാകാസില്‍. താഴത്തെ നിലയിലെ മുറികള്‍ അവര്‍ വാടക്ക് കൊടുത്തിരിക്കുന്നു). അങ്ങിനെ പലതും പറഞ്ഞുവരുമ്പോഴാണ് സ്ത്രീകളുടെ ജീവിതത്തില്‍ വന്ന മാറ്റത്തെയും ഷീല വിലയിരുത്തിയത്.ഷീല എന്ന എഴുപത് കഴിഞ്ഞ കലാകാരിയില്‍ അന്ന് എന്നെ ആകര്‍ഷിച്ചത് പുതിയ കാലത്തിനോടൊപ്പം നടക്കുന്ന ഒരു യുവതിയെ ആയിരുന്നു. വയസ്സ് കാലത്ത് ഭക്തിയില്‍ അഭയം തേടുകയോ പൊതുകാര്യങ്ങളില്‍ വിമുഖരാവുകയോ ചെയ്യുന്നവര്‍ (സെലിബ്രിറ്റികള്‍ക്കും ഇത് ബാധകം) കൂടുതലുള്ളപ്പോള്‍ ഷീല ഒരു അപൂര്‍വ്വതയാണ്. സിനിമയില്‍ സജീവമായ രണ്ടു പതിറ്റാണ്ടുകള്‍ക്ക് (1962-1982) ശേഷം അടുത്ത രണ്ടുപതിറ്റാണ്ട് കാലം അവര്‍ സിനിമയില്‍ നിന്ന് അകന്ന് നിന്നു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചിത്രകാരി എന്നിങ്ങനെ പല വേഷങ്ങളില്‍ അവര്‍ നമ്മുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

ജീവിതത്തോട് ഇവര്‍ കാട്ടുന്ന പ്രണയം അവരുടെ ഉടുപ്പിലും നടപ്പിലും മാത്രമല്ല നമ്മളിരിക്കുന്ന ആ സ്വീകരണ മുറിയാകെ നിറഞ്ഞുനിന്നു. മുറിയില്‍ ഒന്ന് കണ്ണോടിച്ചാല്‍, വെണ്ണക്കല്ലിലും ലോഹത്തിലും മരത്തിലും പിഞ്ഞാണ കൂട്ടിലും തീര്‍ത്ത പലതരം ശില്‍പ്പങ്ങള്‍....അവര്‍ വരച്ച ചിത്രങ്ങള്‍, ഫോട്ടോകള്‍. വൃത്തിയായി സൂക്ഷിക്കുന്ന ഒരു മ്യൂസിയം പോലെയായിരുന്നു ആ മുറി. അജ്ഞാതമായ ഒരു സൗരഭ്യം അവിടമാകെ നിറഞ്ഞുനിന്നു. തനിക്ക് കിട്ടിയ എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങള്‍ ഭംഗിയായി വച്ച ചില്ലരമാലകള്‍. നല്ല വെളിച്ചവും കാറ്റും കടന്നുവരുന്ന ജനാലകളില്‍ ഭംഗിയായി വിന്യസിച്ച കര്‍ട്ടനുകള്‍. കൊത്തുപണികള്‍ ചെയ്ത പ്രൗഢിയുള്ള അലങ്കരിച്ച ഫര്‍ണിച്ചറുകള്‍. ചക്രവര്‍ത്തിനിമാര്‍ക്ക് ചേര്‍ന്ന സിംഹാസന രൂപത്തിലുളള തന്റെ ഇരിപ്പിടത്തില്‍ ഒരു രാജ്ഞിയുടെ പ്രസരിപ്പോടെ ലേഖികയുടെ ചോദ്യക്ക് ഉത്തരം പറയുകയാണ് മലയാളസിനിമയുടെ പോയകാലത്തിന്റെ ഭാഗ്യ താരകം.(1971-ല്‍ മാത്രം ഷീല അഭിനയിച്ച സിനിമയുടെ എണ്ണം കേട്ടാല്‍ ചിലപ്പോള്‍ അവര്‍ തന്നെ ഞെട്ടും- ഇരുപത്തി ഒന്ന്!അതെ, most wanted...). അലിവും കരുതലും ആജ്ഞാശേഷിയും ഉള്ള വാക്കുകള്‍...ചോദ്യങ്ങള്‍ക്കുന്നില്‍ ആലോചിച്ച് ഉറപ്പിച്ച പോലെയുള്ള അനായസ ഉത്തരങ്ങള്‍...ഇപ്പോഴും എല്ലാ മലയാള സിനിമകളും ഷീല വിടാതെ കാണുന്നു. അപ്പോള്‍ കണ്ട സിനിമ-'കുമ്പളങ്ങി നൈറ്റ്‌സ്' അവര്‍ക്ക് നന്നായി ബോധിച്ചു. 'എന്തു ഭംഗിയായി എടുത്തിരിക്കുന്നു അല്ലേ'. ആ സിനിമ നല്‍കിയ ഉന്‍മേഷം വാക്കുകളില്‍...അവര്‍ പറഞ്ഞു. 'അങ്ങിനെ ഒരു ക്യാരക്റ്റര്‍ ചെയ്യാന്‍ വേറെ ആര് ധൈര്യപ്പെടും? '- അവര്‍ ഫഹദിനെ വാഴ്ത്തി. സിനിമയിലേക്ക് വലിയ ഒരിടവേളക്ക് ശേഷം 2003-ല്‍ തന്റെ തിരിച്ചുവരവിനെ അവര്‍ ഓര്‍ത്തു. മനസ്സിനക്കരെ. അന്ന് ആ സിനിമയിലൂടെ വന്ന് പിന്നീട് തെന്നിന്ത്യ പിടിച്ചടക്കിയ നയന്‍താരയെ ഒരമ്മയുടെ വാല്‍സല്ല്യത്തോടെ ചേര്‍ത്തുപിടിച്ചു. 'ഇന്ന് തെന്നിന്ത്യയുടെ നയന്‍ താരയാണ് അന്ന് മലയാളത്തിന് ഷീല' അവര്‍ അഭിമാനത്തോടെ പറഞ്ഞു. സംഭാഷണം കഴിഞ്ഞശേഷമായിരുന്നു ഫോട്ടോ ഷൂട്ട്.

പരിചാരിക കൊണ്ടുവെച്ച ജ്യൂസ് കുടിക്കാന്‍ അതിനിടയില്‍ അവര്‍ ഓര്‍മ്മിപ്പിച്ചു. അവസാനമായി, ഒന്നിച്ചുള്ള ഫോട്ടോകള്‍... ഞങ്ങള്‍ക്ക് പിരിയാന്‍ നേരമായി. യാത്ര പറയാന്‍, പുരസ്‌കാരങ്ങളും പ്ലാസ്റ്റിക് പുഷ്പങ്ങളും കൊണ്ട് അലങ്കരിച്ച കെട്ടിടത്തിന്റെ പടവുകള്‍, അവര്‍ ഇറങ്ങി വന്നു. ചിരി തൂകി, അണയാത്ത വസന്തം പോലെ... യാത്ര പറയാന്‍ അവര്‍ കൈകള്‍ ഉയര്‍ത്തി. നിര്‍വ്യാജ്യമായ ഒരു സ്‌നേഹക്കടല്‍ ആ കണ്ണുകളില്‍ തിളങ്ങി. അതെ, പരീക്കുട്ടിയെ ആഴങ്ങളിലേക്ക് ആവാഹിച്ച കറുത്തമ്മയുടെ കണ്ണുകളിലെ അതേ സ്‌നേഹക്കടല്‍....

Content Highlights: Beyond The Frames, Sheela, Madhuraj


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented