ബാലചന്ദ്രൻ ചുള്ളിക്കാട് | ഫോട്ടോ: മധുരാജ്
ഒരു വ്യാഴവട്ടക്കാലത്തെ പഴക്കമേയുള്ളൂ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായുള്ള എന്റെ വ്യക്തിബന്ധത്തിന്. എന്നാല്‍ ആ കവിയെ കൗമാരാരംഭം മുതല്‍ അറിയാം. പതിമൂന്നു വയസ്സിലാണ് അരോ അഴിച്ചിട്ട ചോറ്റുപൊതിക്കടലാസില്‍ നിന്ന് 'വ്യര്‍ത്ഥമാസത്തിലെ കഷ്ടരാത്രി' വായിച്ചത്. 'ഹരി പകരുന്നു ഗാഢമുരളിയില്‍ / ഒരു ഹൃദയം നിറയെപ്പരിഭവം', 'ലവണഗാനമിരമ്പിയെന്‍ ജീവനില്‍ / കരകവിയുന്നു കാത്തിരിപ്പിന്‍ കടല്‍' എന്നിവ പോലുള്ള വരികളിലെ പദപ്പുതുക്കലിന്റെയും തീവ്രവികാരസംക്രമണത്തിന്റെയും ഗാനാത്മകതയുടെയും അപൂര്‍വ്വയോഗം അന്നേ എന്നെ വ്യാമുഗ്ദ്ധനാക്കിക്കാണും. പ്രീഡിഗ്രിക്കാലത്താണ് 'പതിനെട്ടു കവിതക'ളും 'അമാവാസി'യും വായിക്കുന്നത്. 'ഇടനാഴി'യും 'പോസ്റ്റുമോര്‍ട്ട'വും 'ഒരു പ്രണയഗീത'വും 'യാത്രാമൊഴി'യും ഒരു കൗമാരക്കാരന്റെ നിഷ്‌കളങ്കതയോടെ ഞാന്‍ വായിച്ചു. 'സഹശയന'ത്തിലെ വരികളുദ്ധരിച്ച്, സാഹിത്യപ്രേമിയായ ഒരു മുതിര്‍ന്ന സുഹൃത്ത് എനിക്ക് കത്തെഴുതിയിരുന്നു, അക്കാലം. ബിരുദപഠനകാലത്താണ് 'മാനസാന്തര'വും 'താതവാക്യ'വുമൊക്കെ വരുന്നത്. അവയിലെ ഛന്ദസ്‌കൃതമായ കാവ്യഭാഷയുടെ ബലിഷ്ഠകാന്തിക്കു മുന്നില്‍ ആദരസ്തബ്ധനായി നിന്നു.
' രക്തം നിറയെ കുയിലുകളുള്ള ഏപ്രില്‍' പോലുള്ള വരികളുടെ ആകസ്മികദീപ്തിയോടു തോന്നിയ ആകര്‍ഷണം ഇപ്പോഴുമുണ്ട് , തെല്ലു കുറയാതെ.' അര്‍ത്ഥം' എന്ന , അത്ര പ്രശസ്തമല്ലാത്ത കവിതയായിരുന്നു ഒരു കാലത്ത് എനിക്കേറ്റവും പ്രിയപ്പെട്ട ചുള്ളിക്കാട്കവിത. 'ഗസലി'ന്റെ ശില്പഗഹനതയോടാണ് ഈ മധ്യവയസ്സില്‍ കൂടുതല്‍ പ്രിയം. 'സഹശയന'ത്തിലെ, 'ജ്ഞാതാജ്ഞാതസങ്കുലമിബ്ഭ്രമണത്തിലേതെന്റെ സത്യം?' എന്ന വരി നിവേദിക്കുന്ന തീവ്രമായ ഉദ്വിഗ്‌നതയും മനുഷ്യാവസ്ഥയേക്കുറിച്ചുള്ള ആകുലതയും ഏതെല്ലാം ഇരുണ്ട ഇടനാഴികളില്‍ എന്റെയും ആത്മഗതമായി മാറി എന്നു പറയാന്‍ വയ്യ. 'ആനന്ദധാര'യുടെ പ്രണയദംശമേറ്റ ഒരു താരുണ്യം എനിക്കുമുണ്ടായിരുന്നു.' സദ്ഗതി'യാണ് മറ്റൊരു പ്രിയകവിത. ഇത്രയുമെല്ലാം കവിത വായിക്കുന്ന, ഇരുപതാം നൂറ്റാണ്ടിനൊടുവില്‍ ജനിച്ചു ജീവിക്കുന്ന ഏതൊരു മലയാളിക്കും പറയാന്‍ സാധിക്കും. അവരോടൊപ്പം ഞാനും ആ കവിതയുടെ ആഭിചാരത്തിനു വശംവദനായി എന്നു പറയുന്നതാവും ശരി. എണ്ണമറ്റ ചുള്ളിക്കാട് വായനക്കാരിലും ആരാധകരിലും ഒരാള്‍. ഖണ്ഡനവിമര്‍ശനത്തിലൂടെ ആ കവിതയുടെ ബാധയൊഴിപ്പിക്കാന്‍ നടത്തിയ ശ്രമത്തെ പ്രച്ഛന്നധന്യവാദമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ആ കവിയുടെ 'ഈരടി തീണ്ടി' പാതിരാത്തീവണ്ടിയില്‍ ഉറങ്ങാതിരിക്കുന്നവരുടെ കൂട്ടത്തില്‍ത്തന്നെ ഇപ്പോഴും ഞാന്‍ എന്നതില്‍ അനല്പമായ ധന്യതയുമനുഭവിക്കുന്നു.
2011-ലാണ് കവിയെ പരിചയപ്പെടുന്നത്. എറണാകുളത്ത്, സമസ്തകേരളസാഹിത്യപരിഷത്ത് സംഘടിപ്പിച്ച , ക്ലാസിക്കുകളെ അധികരിച്ചുള്ള പത്തു ദിവസത്തെ പ്രഭാഷണപരമ്പര അതിനു നിമിത്തമായി. ടാഗോറിന്റെ 'ഗീതാഞ്ജലി'യെക്കുറിച്ച് ഞാന്‍ സംസാരിക്കുമ്പോള്‍ അത്യസാധാരണനായ ആ ശ്രോതാവുമുണ്ടായിരുന്നു സദസ്സില്‍. ഏതോ വിധിനിയോഗം പോലെ അന്ന്, അവിടെ വച്ച് അദ്ദേഹം എന്റെ ജ്യേഷ്ഠസഹോദരനും സുഹൃത്തും വഴികാട്ടിയുമായി മാറി. പിന്നീട് ചിലപ്പോഴൊക്കെ പരസ്പരം കണ്ടു. കാണാത്തപ്പോഴും , മണിക്കൂറുകളോളം, ഫോണില്‍ സംസാരിച്ചു. കവിതയായിരുന്നു എന്നത്തേയും സംസാരവിഷയം. ആശാന്‍കവിതയെക്കുറിച്ചു പറഞ്ഞു മതിവരാത്ത രണ്ടു പേര്‍ തമ്മിലുള്ള ഗാഢവിനിമയമായിരുന്നു അത്. അതിപ്പോഴും തുടരുന്നു. ധിഷണാപരമായ ഔന്നത്യവും സഹൃദയത്വവും കവിത്വവും തമ്മിലുള്ള ഇത്തരമൊരപാരസമന്വയം മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല.
കാവ്യമര്‍മ്മജ്ഞനായ ഒരു വലിയ കവിയില്‍ നിന്നു കൈവരുന്ന സൗന്ദര്യശിക്ഷണമാണ് എനിക്ക് ആ സംഭാഷണവേളകളോരോന്നും. വിഷാദരോഗത്തിന്റെ ദീനദിനങ്ങളില്‍ എനിക്കു താങ്ങായിരുന്ന, ആ ബലിഷ്ഠസൗഹൃദത്തിന്റെ വന്മരച്ഛായയും മറക്കാന്‍ വയ്യ. ബാലേട്ടന്‍, വടകരയിലെ വാടകവീട്ടില്‍ ഞങ്ങളുടെ അതിഥിയായിരുന്ന ആ ദിവസങ്ങള്‍, 'ബധിരവര്‍ഷങ്ങള്‍ തന്‍ തമോരാശിയെ / വിധുരമാക്കുന്ന നാദചന്ദ്രോദയം' എന്ന പോലെ എന്നില്‍ സൃഷ്ടിച്ച വേലിയേറ്റം ഇനിയും നിലച്ചിട്ടില്ല. പാതിരാത്രിയോളം കവിത സംസാരിച്ചിരുന്ന രാപ്പകലുകള്‍. അദ്ദേഹം തന്റെ ശാന്തഗംഭീരമായ ഘനനാദത്തില്‍ മില്‍ട്ടന്റെ' പാരഡൈസ് ലോസ്റ്റ്' വായിക്കുന്നത് കേട്ടിരുന്ന മാത്രകള്‍. ഹിലയര്‍ ബെല്ലക്കിന്റെ 'ജൂലിയറ്റ്' എന്ന അതിഗംഭീരമായ പ്രണയകവിത ആദ്യം കേട്ടത് ആ കവിമുഖത്തു നിന്നായിരുന്നു. ആ കവിത ഇങ്ങനെ
'How did the party go in Portman Square?
I cannot tell you:Juliet was not there.
And how did Lady Gaster's party go?
Juliet was next to me and I don't know.'
കവിതയെ മുന്‍നിര്‍ത്തിയുള്ള ആത്മീയസൗഹൃദവും ഇതുപോലെയാണ്. കവിത്വത്തിന്റെ കാന്തപര്‍വ്വതം കൂടെയുള്ളപ്പോള്‍ നമ്മള്‍ മറ്റെല്ലാം വിസ്മരിക്കുന്നു. കവിതയുടെ സിംഹനാദം മാത്രം കാതില്‍ മുഴങ്ങുന്നു. മില്‍ട്ടന്റെ 'ലിസിഡാസി'നെപ്പറ്റി ഡോ. ജോണ്‍സന്റെ ഒരു നിരീക്ഷണമുണ്ട്, സിംഹത്തിന് കുഞ്ഞുങ്ങളെ ലാളിക്കാനറിയില്ല എന്ന്. ഈ കവിസിംഹത്തിന് അതിനും കഴിയും എന്ന് എന്റെ ഹൃദയസാക്ഷ്യം.
Content Highlights: balachandran chullikkadu birthday mashipacha sajay kv
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..