ഒരു പഴയ ഉപതിരഞ്ഞെടുപ്പും ബാല്‍ താക്കറെയുടെ വിദ്വേഷപ്രസംഗവും


ഇ.പി. ഉണ്ണിപതിവുപല്ലവിയാണ് താക്കറെ പാടിയത്. കാര്‍ട്ടൂണിലും പൊതുവേദിയിലും ആവര്‍ത്തിക്കാറുണ്ടായിരുന്ന ആ സവിശേഷമിശ്രിതംതന്നെ; നാട്ടില്‍ എവിടെയും വിപണനംചെയ്യാവുന്ന മതതീവ്രവാദം, കൂടെ ഒരു പ്രാദേശികപാര്‍ട്ടിക്കുമാത്രം കൊണ്ടുനടക്കാവുന്ന മണ്ണിന്റെമക്കള്‍വാദം.

ബാൽ താക്കറെ

വാക്‌ദോഷത്തിനു കടുത്തശിക്ഷ ഏറ്റുവാങ്ങിയ ഒരു പ്രമുഖ ഇന്ത്യന്‍ നേതാവ് കാര്‍ട്ടൂണിസ്റ്റും കൂടിയായ ബാല്‍ താക്കറെയാണ്. അധികൃതര്‍ ആറുവര്‍ഷത്തേക്ക് വോട്ടര്‍പട്ടികയില്‍നിന്ന് പേരു വെട്ടി.

പ്രകോപനത്തിന്റെ കലയായ കാര്‍ട്ടൂണിന്റെ പേരിലല്ല, വിദ്വേഷപ്രസംഗത്തിന് ആയിരുന്നു നടപടി. ചോരത്തിളപ്പിന്റെ കാലത്തല്ല, മുതിര്‍ന്നപൗരനായശേഷമാണ് ബാലാസാഹെബിന്റെ പൗരത്വത്തിനു പ്രഹരമേറ്റത്. അറുപത്തിയൊന്നാം വയസ്സില്‍ 1987ല്‍ മുംബൈയിലെ വിലെ പാര്‍ലെയില്‍ നടന്ന അസംബ്ലി ഉപതിരഞ്ഞെടുപ്പില്‍ ശിവസേനാ സ്ഥാനാര്‍ഥി ഡോ. രമേശ് യശ്വന്ത് പ്രഭുവിനുവേണ്ടി പ്രചാരണം നടത്തുകയായിരുന്നു പാര്‍ട്ടിയുടെ സര്‍വശക്തന്‍.

പതിവുപല്ലവിയാണ് താക്കറെ പാടിയത്. കാര്‍ട്ടൂണിലും പൊതുവേദിയിലും ആവര്‍ത്തിക്കാറുണ്ടായിരുന്ന ആ സവിശേഷമിശ്രിതംതന്നെ; നാട്ടില്‍ എവിടെയും വിപണനംചെയ്യാവുന്ന മതതീവ്രവാദം, കൂടെ ഒരു പ്രാദേശികപാര്‍ട്ടിക്കുമാത്രം കൊണ്ടുനടക്കാവുന്ന മണ്ണിന്റെമക്കള്‍വാദം. ചേരിനിവാസികളായ കുടിയേറ്റക്കാര്‍ക്കെതിരേ കത്തിക്കയറിയ പ്രസംഗം എന്നത്തെയുംപോലെ 'മുസല്‍മാനെ' ലാക്കാക്കി നീങ്ങി. ഭാഷണം ശ്രദ്ധേയമായത് പറഞ്ഞുവെച്ച പുതുമകള്‍കൊണ്ടല്ല, ഉപതിരഞ്ഞെടുപ്പായതുകൊണ്ട് വാശിയേറിയിരുന്നു. ഒരു അസംബ്ലി തിരഞ്ഞെടുപ്പിനുവേണ്ട മൊത്തം വിദ്വേഷം ഒറ്റമണ്ഡലത്തില്‍ കേന്ദ്രീകരിച്ചപ്പോള്‍ വിഷംതീണ്ടി. ഒരു സ്വകാര്യതാത്പര്യവും ഉണ്ടായിരുന്നു താക്കറെയ്ക്ക്. സ്ഥാനാര്‍ഥി രമേശ് പ്രഭു പത്തുകൊല്ലമായി തന്റെ തടികാക്കുന്ന ഡോക്ടറാണ്. വിജയിപ്പിച്ചേ പറ്റൂ.

Also Read

ഗൃഹാതുരത്വത്തിന്റെ വെറ്റിലയിൽ നൂറു തേച്ച് ...

ഈ മുറിയിൽവച്ച്, ആ രാത്രി ഗാന്ധി പറഞ്ഞു:'ഞാനിന്ന് ...

മാധവിക്കുട്ടി, ആധുനികത, 'തരിശുനിലം'...

അശാന്തിയുടെ കാലത്ത് തെസൂകയുടെ ബുദ്ധനെ ഓർക്കുമ്പോൾ ...

തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാകര്‍ കാശിനാഥ് കുണ്‍ടെ കൊടുത്ത കേസ് തിരഞ്ഞെടുപ്പു കമ്മിഷനും കോടതികളും രാഷ്ട്രപതിഭവനുംവരെ കയറിയിറങ്ങി. അവസാനം തീര്‍പ്പുണ്ടായത് നീണ്ട പന്ത്രണ്ടുവര്‍ഷം കഴിഞ്ഞ് 1999ല്‍. തിരഞ്ഞെടുപ്പു കമ്മിഷന്‍ കേസ് കൈകാര്യം ചെയ്തുകൊണ്ടിരിക്കെത്തന്നെ കമ്മിഷന്റെ എക്കാലത്തെയും താരമായ ടി.എന്‍. ശേഷനെ 1997ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ശിവസേനാ സ്ഥാനാര്‍ഥിയാക്കി താക്കറെ കര്‍ട്ടൂണിസ്റ്റിനെ വെല്ലുന്ന വികടബുദ്ധി കാണിച്ചു. പെന്‍ഷന്‍പറ്റി രാഷ്ട്രസേവനത്തിനിറങ്ങിയ ശേഷന്‍ കെ.ആര്‍. നാരായണനോട് ദയനീയമായി പരാജയപ്പെട്ടു. പരാജയം അദ്ദേഹത്തിന്റെമാത്രം ആയിരുന്നു. കിട്ടിയ ജനശ്രദ്ധ സേനാപ്രമുഖന്‍ വരവുവെച്ചു.

മുനിസിപ്പല്‍ തലത്തില്‍നിന്ന് ശിവസേന മുന്നേറിയത് ഇക്കാലത്താണ്. മഹാരാഷ്ട്ര ഭരിച്ചു. ബി.ജെ.പി.യുമായി ഇരുപത്തിയഞ്ചുവര്‍ഷത്തോളം നീണ്ടുനിന്ന ദേശീയസഖ്യമുണ്ടാക്കി. കേന്ദ്രത്തില്‍ മന്ത്രിമാര്‍ ഉണ്ടായി. പാര്‍ട്ടിക്കാരന്‍ മനോഹര്‍ ജോഷി ലോക്‌സഭാ സ്പീക്കറായി. ഈ ജനാധിപത്യഘോഷയാത്രയുടെ ഇടയ്ക്കാണ് പാര്‍ട്ടിയുടെ സര്‍വാധിപതി ഒരു വോട്ടര്‍പോലും അല്ലാതായത്. തിരഞ്ഞെടുപ്പില്‍ ഒരിക്കലും മത്സരിക്കാത്ത തന്നെ ഇത് ബാധിക്കുകയേ ഇല്ല എന്ന മട്ടില്‍ കാവിധാരി നിസ്സംഗതചമഞ്ഞു.

ഉള്ളില്‍ ആശങ്കയുണ്ടായിരുന്നു എന്ന് അക്കാലത്തുനല്‍കിയ അഭിമുഖങ്ങള്‍ വ്യക്തമാക്കുന്നു. വോട്ടര്‍പോലും അല്ലാതാക്കിയതിലെ അനീതി ചൂണ്ടിക്കാണിച്ച് വായനക്കാരുടെ സഹതാപം നേടാനുള്ള ശ്രമം ഇവിടെയൊക്കെ കാണാം. മുംബൈ എന്ന മഹാനഗരത്തെ നിരന്തരം ധ്രുവീകരിച്ചു ചൊല്‍പ്പടിക്കുനിര്‍ത്താന്‍ ആവില്ലെന്ന് മറ്റാരെക്കാളും താക്കറെയ്ക്ക് അറിയാം. അവസരോചിതമായി അടങ്ങിയിരിക്കാനുള്ള പരിശീലനം കാര്‍ട്ടൂണ്‍ കാലത്തുതന്നെ ആള്‍ക്ക് ലഭിച്ചിരുന്നു.

ഫ്രീ പ്രസ് ജേണലില്‍ 1946 മുതല്‍ പതിന്നാലുകൊല്ലം ഈ കാര്‍ട്ടൂണിസ്റ്റു വരച്ചത് കോണ്‍ഗ്രസ് ദേശീയതയുടെ പക്ഷത്തുള്ള സദാനന്ദ് എന്ന പത്രാധിപരോട് ഉള്ളാല്‍ യോജിപ്പില്ലാതെയാണ്. ഇതൊരു സര്‍വകാല റെക്കോഡ് ആവണം. വല്ലപ്പോഴും കാര്‍ട്ടൂണിസ്റ്റും എഡിറ്ററും തമ്മില്‍ തര്‍ക്കം ഉണ്ടാവാം. ഒരു വനവാസകാലത്തെ കീഴടങ്ങലിന് ഒരു കാര്‍ട്ടൂണിസ്റ്റും നിന്നുകൊടുക്കാറില്ല. കാര്‍ട്ടൂണിസ്റ്റിനെ കയറൂരിവിടാനുള്ള മഹാമനസ്‌കതയൊന്നും സദാനന്ദിനില്ലായിരുന്നുതാനും. താക്കറെയുടെ സഹപ്രവര്‍ത്തകനായി ചേര്‍ന്ന ആര്‍.കെ. ലക്ഷ്മണ്‍ മാസങ്ങള്‍ക്കകം ഇറങ്ങിപ്പോയി. ലക്ഷ്മണിനെക്കാള്‍ കടുത്തരാഷ്ട്രീയം പറഞ്ഞുനടന്ന താക്കറെ ഒരു എടുത്തുചാട്ടവും കാണിച്ചില്ല.

താക്കറെ അംഗീകരിച്ച രണ്ടേരണ്ടു കാര്‍ട്ടൂണിസ്റ്റുകള്‍ ലക്ഷ്മണും ഡേവിഡ് ലോയും ആയിരുന്നു. ലോ അങ്ങേയറ്റം എതിര്‍ത്ത ഹിറ്റ്‌ലറോട് ആയിരുന്നു കടുത്ത ആരാധന. ഇത്തരം തുടര്‍വൈരുധ്യങ്ങള്‍ പ്രകോപനരാഷ്ട്രീയക്കാര്‍ക്ക് ഉപകരിക്കും. പിടിക്കപ്പെട്ടാല്‍ നിലപാടുമാറ്റിയും മറിച്ചും പറയാം, കേസന്വേഷണം വര്‍ഷങ്ങളോളം നീട്ടിക്കൊണ്ടുപോവാം.

Content Highlights: Bal Thackeray EP Unni column

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented