ഇക്കണ്ട ദൈവങ്ങളൊക്കെയും മരിച്ചുപോയിട്ടും നമ്മള്‍ ഇവിടൊക്കെത്തന്നെയുണ്ടല്ലോ!


ആനന്ദ് നീലകണ്ഠന്‍ഇന്നുള്ള ദൈവങ്ങള്‍ നാളെ മണ്‍മറഞ്ഞാലും നമ്മള്‍ പുതിയ ദൈവങ്ങളെ ഉണ്ടാക്കില്ലേ? നന്ദികെട്ട വര്‍ഗമാണല്ലേ നമ്മള്‍? അങ്ങനെ ദൈവങ്ങള്‍ മരിക്കുന്നതുകൊണ്ടാവാം മനുഷ്യന്‍ ദൈവങ്ങളെ സംരക്ഷിക്കാന്‍ യുദ്ധങ്ങളുണ്ടാക്കുന്നത്.

നോത്രദാം പള്ളി

മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ആനന്ദ് നീലകണ്ഠന്‍ എഴുതുന്ന 'പാരീസ് പാരീസ്' എന്ന പംക്തി വായിക്കാം.

ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനിയോടും വിറ്റ്മാനോടും വിടപറഞ്ഞ് ഞാന്‍ നോത്രദാം പള്ളിമുറ്റത്തേക്കുനടന്നു. സീന്‍ നദി മുറിച്ചുകടന്നുവേണം ചരിത്രമുറങ്ങുന്ന പള്ളിയിലേക്ക് നടക്കാന്‍. പള്ളിയിലേക്ക് കയറുന്ന ഒരു ചെറിയ കാല്‍നടപ്പാലമുണ്ട്. അത് ഇപ്പോള്‍ പൂട്ടിയിരിക്കുകയാണ്. അതിനു കാരണമുണ്ട്. വഴിയേ പറയാം. പോ നോത്രദാം എന്ന ഏറ്റവും പുരാതനമായ പാലം കടന്നുവേണം ഇപ്പോള്‍ പോകാന്‍. പള്ളി വരുന്നതിനുമുമ്പുതന്നെ ഈ പാലമുണ്ട്. പാരീസിലെ പാലങ്ങള്‍ക്കും സഹസ്രാബ്ദങ്ങളുടെ കഥ പറയാനുണ്ട്. അത് മറ്റൊരിക്കലാവട്ടെ. ഗ്രാണ്ട് പോ എന്നപേരില്‍ ഇവിടെ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പേതന്നെ ഒരു പാലമുണ്ടായിരുന്നു. അനേകംതവണ ഈ പാലം പൊളിച്ചിട്ടുണ്ട്. വീണ്ടും ഇതേസ്ഥലത്ത് പണിതിട്ടുമുണ്ട്. പാരീസിന്റെ പൗരാണികത വര്‍ണിക്കുമ്പോള്‍ നമ്മള്‍ മറന്നുപോകുന്ന ഒരു വശം ഇതാണ്. തഞ്ചാവൂരിലെ രാജരാജചോളന്റെ ബൃഹദേശ്വര ക്ഷേത്രത്തിന് ആയിരം വര്‍ഷം പഴക്കമുണ്ട്. എന്നു നമ്മള്‍ പറയുമ്പോള്‍ അതിന് യഥാര്‍ഥത്തില്‍ അത്രതന്നെ പഴക്കമുണ്ട്. അതേ കല്ലും ശില്പങ്ങളും എല്ലാം അങ്ങനെത്തന്നെ അവിടെയുണ്ട്. ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളുടെയും പള്ളികളുടെയും അവസ്ഥ അതുതന്നെ. ഇനി അവ പുനര്‍നിര്‍മിച്ചിട്ടുണ്ടെങ്കില്‍, പലപ്പോഴും പഴയ നിര്‍മിതികളെ തച്ചുതകര്‍ത്തായിരിക്കും നമ്മുടെ പുനരുദ്ധാരണം. നമ്മുടെ നാട്ടിലെ എത്രയോ ക്ഷേത്രങ്ങളും പള്ളികളും മറ്റും ഒരു ചരിത്രബോധമോ സൗന്ദര്യബോധമോ ഇല്ലാതെ പുനരുദ്ധരിക്കുന്നത് നാം കാണാറുണ്ടല്ലോ. ആയിരത്തിയഞ്ഞൂറു വര്‍ഷം പഴക്കമൊക്കെയുള്ള പ്രസിദ്ധ ക്ഷേത്രങ്ങളില്‍വരെ, വര്‍ക്ഷോപ്പ് കണക്കെ ജി.ഐ. ഷീറ്റും ഇരുമ്പുതൂണും ഒക്കെവെച്ച്, നിലത്ത് ബാത്ത്റൂം ടൈലും പാകി സൗന്ദര്യവത്കരിക്കുന്ന വീരന്മാരാണ് നമ്മള്‍.

ഭക്ഷിണേന്ത്യക്കാര്‍ ശരിക്കും ഭാഗ്യവാന്മാരാണ്. പ്രത്യേകിച്ചും കേരളവും തമിഴനാടും ദക്ഷിണ കര്‍ണാടകവുമൊക്കെ. കാര്യമായ യുദ്ധങ്ങളൊന്നും നമ്മള്‍ കണ്ടിട്ടില്ല. യുറോപ്പിനെക്കാള്‍ പഴക്കമുള്ള സംസ്‌കൃതികളാണ് നമ്മുടേത്. ഭീകര പ്രകൃതിദുരന്തങ്ങളൊന്നും എത്രയോ ആയിരം വര്‍ഷങ്ങളായി നമ്മളെ ബാധിച്ചിട്ടില്ല. മൂന്നു വര്‍ഷംമുമ്പുവന്ന പ്രളയമൊക്കെ യുറോപ്പും മറ്റും കണ്ട പല ദുരന്തങ്ങളും വെച്ചുനോക്കുമ്പോള്‍ ഒന്നുമല്ല. യുദ്ധങ്ങളും വിപ്ലവങ്ങളും പകര്‍ച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും തച്ചുതകര്‍ത്ത സമൂഹമാണ് യൂറോപ്പിന്റേത്.

നോത്രദാം പള്ളി ഒരു ചിഹ്നമാണ്. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, അടങ്ങാത്ത സൗന്ദര്യസ്‌നേഹത്തിന്റെ, വിശ്വാസത്തിന്റെ, ചരിത്രബോധത്തിന്റെ. ഓരോതവണയും ഈ പള്ളി തകര്‍ന്നപ്പോള്‍, ഇത് പുനര്‍നിര്‍മിക്കപ്പെട്ടു. പൂര്‍വാധികം ഭംഗിയോടെ. തിസ്യൂസിന്റെ കപ്പല്‍പോലെയാണ് പാരീസിന്റെ ചരിത്രസ്മാരകങ്ങള്‍. തിസ്യൂസ് പുരാതന ഗ്രീസിലെ രാജാവായിരുന്നു. ഐതിഹ്യപുരുഷനാണ്. ആതന്‍സിന്റെ സ്ഥാപകന്‍. പ്ലേറ്റോ ചോദിച്ച ഒരു ഒന്നൊന്നര ചോദ്യമാണ് തിസ്യൂസിനെ ഇന്നും അമരനായി നിര്‍ത്തുന്നത്. തിസ്യൂസിന് ഒരു കപ്പലുണ്ടായിരുന്നു. കാലംചെന്നപ്പോള്‍ ഒരു കടവില്‍വെച്ച് അതിന്റെ ഒരോ പലകയും ആണിയും അഴിച്ചുമാറ്റി പുതിയ പലകയും ആണിയും മറ്റും പിടിപ്പിച്ചുതുടങ്ങി. പലപല ദിവസങ്ങളില്‍, പലപല ആശാരിമാരും മറ്റും പണിയെടുത്ത്, അങ്ങനെ തിസ്യൂസിന്റെ കപ്പല്‍ പുതുക്കിപ്പണിതുകൊണ്ടേയിരുന്നു. കാലം കുറച്ചു കഴിഞ്ഞപ്പോള്‍, ആദ്യത്തെ കപ്പലിന്റെ ഒരു ഭാഗവും കപ്പലില്‍ ഇല്ലാതെയായി. പ്ലേറ്റോ ചോദിച്ച ചോദ്യമിതാണ്:

''അപ്പോള്‍ ഈ കാണുന്ന കപ്പല്‍ ഉണ്ടാക്കിയത് എന്നാണ്. എത്ര പഴക്കമുണ്ട് ഇതിന്? ആദ്യം പണിത തച്ചന് ഇത് അയാള്‍ പണിത കപ്പലാണ് എന്നുപറയാന്‍ പറ്റുമോ? ഒരു പലക മാറ്റിവെച്ചാല്‍ അത് വെറും അറ്റകുറ്റപ്പണിയാണ്. ഒരു പലകപോലും ആദ്യത്തെ കപ്പലില്‍ ബാക്കിയില്ലെങ്കില്‍, പിന്നെ തിസ്യൂസിന്റെ കപ്പല്‍ തിസ്യൂസിന്റെ തന്നെയോ?'' പുരാതന ഗ്രീസില്‍ ഈ തര്‍ക്കം ഒരു നേരമ്പോക്കായിരുന്നു. തിസ്യൂസ് പാരഡോക്‌സ് എന്ന പേരില്‍ പാശ്ചാത്യതത്ത്വചിന്തയില്‍ ഒരു പ്രധാന ആശയവുമുണ്ട്.

നോത്രദാം അക്ഷരാര്‍ഥത്തില്‍ ഇത്തരം ഒരു തച്ചാണ്. ഏകദേശം എണ്ണൂറുവര്‍ഷം പഴക്കമുണ്ട്. എന്നാല്‍, നമ്മുടെ നാട്ടിലെ പല പള്ളി കപ്പേളകളും എന്തിന് എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡുപോലും ഇപ്പോഴത്തെ നോത്രദാമിലും പഴക്കമുള്ളതാണ്.

രണ്ടായിരത്തിപ്പത്തൊമ്പതില്‍, പുതുക്കിപ്പണിയല്‍ വീണ്ടും തകൃതിയായി നടക്കുമ്പോള്‍, ഈ പ്രസിദ്ധ ദേവാലയം തീപിടിച്ചു നശിച്ചു. ഇപ്പോള്‍ വീണ്ടും പണി നടക്കുകയാണ്. പഴയ അതേ ശൈലിയില്‍ത്തന്നെ. നല്ല പുതുപുത്തനായി ഈ പുരാതനദേവാലയം രണ്ടുവര്‍ഷത്തിനുള്ളില്‍ വീണ്ടും തലയുയര്‍ത്തി നില്‍ക്കും. ബൃഹദേശ്വര ക്ഷേത്രത്തിന്റെ ആയിരം വര്‍ഷത്തെ പഴക്കം പറഞ്ഞത് എന്തിന് എന്നു മനസ്സിലായല്ലോ അല്ലേ? താജ്മഹലിന്റെ ഒരു പ്രധാന കല്ലുപോലും ഇളക്കിയിട്ടില്ല. ചോളനും മുഗളനും മറ്റും പണിത പലതും അങ്ങനെത്തന്നെ നമുക്ക് ഇന്നുമുണ്ട്. ലോകയുദ്ധങ്ങള്‍ തകര്‍ത്ത്, വീണ്ടും പുതുക്കിപ്പണിത ഒന്നും നമുക്കില്ല. അതേസമയം, നമ്മുടെ ചരിത്രസ്മാരകങ്ങള്‍ വികൃതമാക്കാന്‍ നമുക്ക് യുദ്ധത്തിന്റെ ആവശ്യമൊന്നുമില്ല. പുരാതന ചുവര്‍ചിത്രങ്ങളില്‍ എമള്‍ഷന്‍ പെയിന്റ് വാരിപ്പൂശി, ശില്പങ്ങള്‍ക്ക് പുട്ടിയടിച്ച് നമ്മള്‍തന്നെ പുനരുദ്ധരിക്കും.

യൂറോപ്യന്മാരുടെ ചരിത്രബോധം നമുക്ക് പാഠമാവേണ്ടതാണ്. ഓരോ കല്ലും ഓരോ വാതിലും ജനലും അതിന്റെ ചാരുതയും പഴമയും ആധികാരികതയും ചോര്‍ത്താതെ അവര്‍ പലതവണ പുനര്‍നിര്‍മിക്കുന്നു. നോത്രദാം ഓഫ് പാരീസ് അഥവാ പാരീസിലെ നമ്മുടെ വിശുദ്ധ എന്ന ദേവാലയം, എണ്ണൂറിലധികം വര്‍ഷം മുമ്പ് പണിതു എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍, അതിനെക്കാള്‍ എത്രയോ നൂറ്റാണ്ടുകള്‍ മുമ്പേ ഇവിടെ ഒരു ദേവാലയമുണ്ടായിരുന്നു. ഇപ്പോള്‍ വിശുദ്ധ കന്യാമറിയത്തിന്റെ പള്ളിയാണ് ഇത്. റോമന്‍ സംസ്‌കാരത്തിന്റെ കാലത്ത് ഇത് ജൂപ്പിറ്ററിന്റെ ക്ഷേത്രമായിരുന്നു.

ഞാന്‍ പള്ളിമുറ്റത്ത് എത്തുമ്പോള്‍ അവിടം ആഘോഷഭരിതമായിരുന്നു. പള്ളി അടച്ചിരിക്കുകയാണ്. പിറകില്‍ കത്തിക്കരിഞ്ഞ ഗോപുരങ്ങള്‍ കാണാം. അങ്ങോട്ടിപ്പോള്‍ പ്രവേശനമില്ല. മുറ്റത്ത് ഒരു തെരുവ്സര്‍ക്കസ് നടക്കുന്നു. പല വര്‍ണങ്ങളില്‍ വസ്ത്രം ധരിച്ച് നല്ല സുന്ദരന്മാരായ പിച്ചക്കാര്‍ നിരന്നിരിക്കുന്നുമുണ്ട്. കൂടെ കൂളിങ് ക്ലാസ് വെച്ച നല്ല ഗംഭീരന്‍ ശ്വാനന്‍മാരുമുണ്ട്. അത്യാവശ്യം ആരോഗ്യമുള്ള ഒരു മദാമ്മ ആരോടോ വൈരാഗ്യംതീര്‍ക്കാന്‍ എന്നപോലെ ഒരു കീബോര്‍ഡിനെ പീഡിപ്പിക്കുന്നുണ്ട്. മദാമ്മയുടെ മര്‍ദനത്തില്‍ വേദനിച്ചിട്ടാവണം, പാവം കീബോര്‍ഡ് കാറിക്കരയുന്നുമുണ്ട്. തന്റെ കൂട്ടുകാരിയുടെ ഈ ദ്രോഹത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാവണം ഒരു സായിപ്പ് എന്തോ പാടുന്നുണ്ട്. ഒന്നും തമ്മില്‍ ഒരു ബന്ധവും തോന്നിയില്ലെങ്കിലും ആകപ്പാടെ ഒരു രസമുണ്ടായിരുന്നു കണ്ടുനില്‍ക്കാന്‍. പാരീസുകാര്‍ മര്യാദക്കാരാണ്. നമ്മുടെ ഉത്സവപ്പറമ്പില്‍ ഇത്തരം പ്രകടനം നടത്തുന്ന കലാകാരന്മാരെ നമ്മള്‍ ഇത്ര ക്ഷമയോടെ ഒന്നും കേട്ടുനില്‍ക്കാറില്ല. അഭ്യാസം കഴിഞ്ഞപ്പോള്‍, കുറച്ചു തുട്ടുകള്‍ സായിപ്പിന്റെ തൊപ്പിയില്‍ വീണു. ചാര്‍ളിചാപ്ലിന്റെ ഏതോ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ രംഗംപോലെ തോന്നി ഇതു കണ്ടപ്പോള്‍. എന്തായാലും ഭിക്ഷ എടുക്കുന്നവര്‍ക്കും ഒരു ബഹുമാനമൊക്കെ കൊടുക്കുന്നുണ്ട് പാരീസുകാര്‍. അട്ടഹാസം കഴിഞ്ഞപ്പോള്‍ ആളുകള്‍ ഉപചാരപൂര്‍വം കൈയടിച്ചു. ശുഷ്‌കിച്ച കൈയടി ആണെങ്കിലും ആരും കൂവിയില്ല. ദാരിദ്ര്യത്തിലേക്ക് യൂറോപ്പിന്റെ തിരിച്ചുപോക്കാണോ എവിടെയും കാണുന്ന ഭിക്ഷക്കാര്‍. പണ്ട്, നമ്മുടെ നാടിനെ പാമ്പാട്ടികളുടെയും തെരുവുനര്‍ത്തകരുടെയും മന്ത്രവാദികളുടെയും നാടായി ചിത്രീകരിച്ചതിനു കാലം കണക്കുചോദിക്കുകയാണ്.

നമ്മള്‍ വികസിച്ച് യൂറോപ്പുപോലെ ആയില്ലെങ്കിലും അവര്‍ നമ്മളെപ്പോലെ ആകുന്നതിന്റെ ഒരു വൃത്തികെട്ട ആഹ്‌ളാദം എന്റെ മനസ്സില്‍ തികട്ടുന്നത് ഞാനറിഞ്ഞു. ഒരു ദരിദ്രരാജ്യക്കാരന്റെ അപകര്‍ഷബോധമാവാം ഈ പാവങ്ങളുടെ അവസ്ഥകണ്ട് സഹതപിക്കുന്നതിനു പകരം എന്നിലുറയുന്ന ഗൂഢാനന്ദം എന്നെനിക്കുതോന്നി. പേഴ്സിലുള്ള ചില്ലറ സായിപ്പിന്റെ തൊപ്പിയിലിട്ടു. കറപിടിച്ച പല്ലുംകാട്ടി അയാള്‍ ചിരിച്ചു തൊഴുതു നന്ദിപറഞ്ഞു. എന്നിലെ ജന്മി ഉണര്‍ന്നു ''വണ്ടര്‍ഫുള്‍ സോങ്,'' ഞാന്‍ തട്ടിവിട്ടു.

താണുവണങ്ങി, സായിപ്പും മദാമ്മയും അടുത്ത സ്ഥലം നോക്കിപ്പോയി. പള്ളിക്കുചുറ്റും നടക്കാം എന്ന് വിചാരിച്ച് നടക്കുമ്പോഴാണ് ഒരു ഭൂഗര്‍ഭമ്യൂസിയം പള്ളിമുറ്റത്ത് കണ്ടത്. പത്ത് യൂറോ ടിക്കറ്റാണ്. ആരും കൗണ്ടറില്‍ ഇല്ല. ഇത്ര തിരക്കുണ്ടായിട്ടും ഇവിടെ എന്തേ ആരും വരാത്തത്?

വിക്ടര്‍ ഹ്യൂഗോയുടെ ക്യാസിമോഡോ എന്ന കൂനനും എസ്മെറാള്‍ഡ എന്ന നാടോടി സുന്ദരിയും പ്രതിനായകനായ ഫ്രോല്ലോ എന്ന ഭ്രാന്തന്‍ പുരോഹിതനും എല്ലാം മനസ്സിലേക്കുവന്നു. പള്ളി കാണാന്‍ പറ്റാത്തത് കഷ്ടമായി. അന്‍ഖ് (ANAIKH) എന്ന നിഗൂഢമായ ഒരു ചുമരെഴുത്തിനെക്കുറിച്ച് ഈ നോവലില്‍ പരാമര്‍ശമുണ്ട്. അന്‍ഖ് എന്നത് ജീവിതത്തിന്റെ താക്കോല്‍ എന്ന പുരാതന ഈജിപ്ഷ്യന്‍ ചിത്രലിപിയില്‍ സൂചിപ്പിക്കുന്ന ചിഹ്നമാണ്. ഫ്രൊല്ലോ എന്ന ഭ്രാന്തന്‍ പുരോഹിതന് ഈ പുരാതന പള്ളി ദുര്‍മന്ത്രവാദത്തിന്റെ ആല്‍ക്കെമിയുടെ കേന്ദ്രമായിരുന്നു എന്നും ദുര്‍ഗ്രാഹ്യമായ പ്രവാചകരുടെ കല്ല് - ഫിലോസഫേഴ്സ് സ്റ്റോണിന്റെ ഗൂഢസ്ഥാനം കണ്ടുപിടിക്കാനുള്ള സൂചനയാണ് എന്നും പറയുന്നുണ്ട്. പടിഞ്ഞാറെ നടയിലുള്ള ഒരു കാക്കയുടെ ശില്പം ഉറ്റുനോക്കുന്നത് ഫിലോസഫേഴ്സ് സ്റ്റോണ്‍ ഒളിച്ചുവെച്ച സ്ഥലത്തേക്കാണത്രേ. എന്താണ് ഈ കല്ലിന്റെ പ്രത്യേകത? മധ്യകാല ഘട്ടത്തില്‍ അറബികളെയും യൂറോപ്പുകാരെയും ഒരു വല്ലാത്ത ഭ്രാന്ത് പിടികൂടിയിരുന്നു. സാധാരണ ലോഹങ്ങളെ സ്വര്‍ണമാക്കാനുള്ള നിഗൂഢവിദ്യ തേടി അവര്‍ നൂറ്റാണ്ടുകളോളം അലഞ്ഞു. ഈ കല്ലുണ്ടെങ്കില്‍ രസം തങ്കമാക്കി മാറ്റാന്‍ പറ്റുമത്രേ. പിന്നെ നമ്മുടെ മൃതസഞ്ജീവനിപോലെ മരണത്തെ പറഞ്ഞുവിടുകയും ചെയ്യാം. മരണമില്ലാത്ത ജീവിതം, പിന്നെ കണ്ണില്‍ കണ്ടതൊക്കെയും തങ്കമാക്കാന്‍ ഉള്ള മന്ത്രവാദവും. നിഗൂഢരഹസ്യം തേടി. ജീവിതം കളഞ്ഞവര്‍ എത്രയോപേര്‍. ആല്‍ക്കെമിസ്റ്റുകളുടെ ഒരു സംഗമസ്ഥാനമായിരുന്നു നോത്രദാം. ഇതാണ് ഹ്യൂഗോ സൂചിപ്പിക്കുന്നത്. കാക്കയും ചുവരെഴുത്തും എല്ലാം തീപ്പിടിത്തത്തില്‍ നശിച്ചുപോയി. ആല്‍ക്കെമിസ്റ്റുകളുടെ ഈ വൃഥാവ്യായാമത്തിന് നമുക്ക് പരിചയമുള്ള ഒരു ഇംഗ്ലീഷ് പേരുമുണ്ട്. ലാറ്റിനില്‍ ആണത്. മാഗ്നം ഓപ്പസ്. ഫിലോസഫേഴ്സ് സ്റ്റോണിനുവേണ്ടിയുള്ള പ്രയത്‌നത്തെ സൂചിപ്പിക്കുന്ന വാക്കാണ്.

ടിക്കറ്റെടുത്ത് പള്ളിയുടെ അടിയിലുള്ള ഭൂഗര്‍ഭമ്യൂസിയത്തില്‍ കയറുമ്പോള്‍ അവിടെ എഴുതിവെച്ചിരുന്ന ആല്‍ക്കെമിസ്റ്റുകളുടെ ചരിത്രത്തെപ്പറ്റിയുള്ള രണ്ടുവരികളാണ് എന്നെ ഇതൊക്കെ ഓര്‍മിപ്പിച്ചത്. താഴെ കാത്തിരുന്നത് ഒരു അദ്ഭുതലോകമാണ്. രണ്ടായിരത്തിമുന്നൂറു വര്‍ഷത്തെ ചരിത്രം ഏടുകളായി മുന്നില്‍. നീല്‍ ഗെയ്മാന്റെ അമേരിക്കന്‍ ഗോഡ്സ് എന്ന കൃതി പുരാതനദൈവങ്ങള്‍ അമേരിക്കയില്‍ കുടിയേറുന്നതിനെ കുറിച്ചാണല്ലോ. മനുഷ്യരാശിയുടെ ചരിത്രത്തില്‍ എത്രയെത്ര ദൈവങ്ങള്‍ മരിച്ചു, മറവിയുടെ ശവക്കല്ലറയില്‍ അടക്കപ്പെട്ടിരിക്കുന്നു. നോത്രദാമിന്റെ അടിത്തറയ്ക്കുതാഴെ അത്തരം ദൈവങ്ങളുടെ കല്ലറയ്ക്കുമുകളില്‍ റോമന്‍ തേരോട്ടങ്ങളും തേരില്‍ വന്ന ജൂപ്പിറ്റര്‍ എന്ന ദേവനും അതിനുമുകളില്‍ വിശുദ്ധ കന്യാമറിയത്തിന്റെ ഈ പുരാതനപള്ളിയും അങ്ങനെ മനുഷ്യന്റെ ചരിത്രം ദൈവങ്ങളുടെ ജയപരാജയങ്ങളുടെ ചരിത്രം കൂടിയാണ്. ഈ പുരാതനദൈവങ്ങളോട് എത്ര മനുഷ്യന്മാര്‍ ഉള്ളുരുകി പ്രാര്‍ഥിച്ചുകാണും. ബലിക്കല്ലുകളില്‍ എത്ര ചോരയൊഴുകിക്കാണും. ആ ദൈവങ്ങളെവിടെ ഇന്ന്. ഇന്നിന്റെ ദൈവങ്ങളുടെ ആയുസ്സെത്ര. ദൈവങ്ങളല്ലേ മരിച്ചുപോകുന്നത്. അമരന്മാര്‍ നമ്മള്‍ മനുഷ്യരല്ലേ? ഇക്കണ്ട ദൈവങ്ങളൊക്കെയും മരിച്ചുപോയിട്ടും നമ്മള്‍ ഇവിടൊക്കെത്തന്നെയുണ്ടല്ലോ. ഇന്നുള്ള ദൈവങ്ങള്‍ നാളെ മണ്‍മറഞ്ഞാലും നമ്മള്‍ പുതിയ ദൈവങ്ങളെ ഉണ്ടാക്കില്ലേ? നന്ദികെട്ട വര്‍ഗമാണല്ലേ നമ്മള്‍? അങ്ങനെ ദൈവങ്ങള്‍ മരിക്കുന്നതുകൊണ്ടാവാം മനുഷ്യന്‍ ദൈവങ്ങളെ സംരക്ഷിക്കാന്‍ യുദ്ധങ്ങളുണ്ടാക്കുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട കുരിശുയുദ്ധങ്ങളുടെ നിഴലുകള്‍ പാരീസിന്റെ മണ്ണില്‍ വീണുകിടക്കുന്നുണ്ട്. ദൈവങ്ങളുടെ, സംസ്‌കാരങ്ങളുടെ കല്ലറയിലേക്കാണ് ഞാന്‍ കയറുന്നത്. ഇത്തരം തിരിച്ചറിവുകളില്‍ എവിടെയെങ്കിലും ഫിലോസഫേഴ്സ് സ്റ്റോണ്‍ ഒളിഞ്ഞു കിടക്കുന്നുണ്ടാവാം. ഒരു ഉള്‍ക്കിടിലത്തോടെ ഭൂഗര്‍ഭനഗരത്തിലേക്ക് ഞാന്‍ പ്രവേശിച്ചു.

ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനിയില്‍നിന്നു നടന്ന് എത്തിച്ചേര്‍ന്നത് പ്രസിദ്ധമായ നോത്രദാം പള്ളിയില്‍. വിക്ടര്‍ ഹ്യൂഗോ തന്റെ നോവലിലൂടെ അനശ്വരമാക്കിയ ഈ പള്ളിമുറ്റത്തുനില്‍ക്കുമ്പോള്‍ മനസ്സ് ചരിത്രത്തിലേക്കും മിത്തോളജിയിലേക്കും ചരിത്രസ്ഥലികളുടെ പുനര്‍നിര്‍മാണത്തിലേക്കും സഞ്ചരിച്ചു

യൂറോപ്യന്മാരുടെ ചരിത്രബോധം നമുക്ക് പാഠമാവേണ്ടതാണ്. ഓരോ കല്ലും ഓരോ വാതിലും ജനലും അതിന്റെ ചാരുതയും പഴമയും ആധികാരികതയും ചോര്‍ത്താതെ വീണ്ടുംവീണ്ടും അവര്‍ പുനര്‍നിര്‍മിക്കുന്നു

Content Highlights: Anand Neelakantan, Notre Dame Church, Heritage Monuments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented