ജോർജ് വിറ്റ്മാനും മകൾ സിൽവിയയും
ആനന്ദ് നീലകണ്ഠന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതുന്ന പംക്തി പാരീസ് പാരീസ് വായിക്കാം.
ഷേക്സ്പിയര് ആന്‍ഡ് കമ്പനി ഇപ്പോള്‍ നോക്കിനടത്തുന്നത് ജോര്‍ജ് വിറ്റ്മാന്റെ മകളായ സില്‍വിയയാണ്. അപൂര്‍വ ബന്ധമാണ് ഈ അച്ഛനും മകളും തമ്മിലുണ്ടായിരുന്നത്. അരക്കിറുക്കുകള്ക്കിടയിലും അച്ഛന്റെ മനസ്സിലെ വാത്സല്യത്തിന്റെ തണുപ്പ് അവള് ഒരുനാള്‍ കണ്ടെത്തി.
ഏകദേശം മുപ്പതിനായിരം എഴുത്തുകാര്‍ ഷേക്സ്പിയര് ആന്‍ഡ് കമ്പനി കടയില്‍ ഇതുവരെ ഉണ്ടുറങ്ങിപ്പോയിട്ടുണ്ട്. പ്രശസ്ത അമേരിക്കന്‍ ഗായകന് ഫ്രാങ്ക് സിനാത്രയുടെ പ്രിയപ്പെട്ട സ്ഥലം ജോര്‍ജ് വിറ്റ്മാന്റെ ഈ ചെറിയ കടയായിരുന്നു. കടയുടെ ചരിത്രം പറയുന്ന ഒരുബുക്കും കൈയില്‍പിടിച്ച് ഞാന്‍ മുകള്‍നിലയിലേക്ക് കയറി. 'പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കരുത്' എന്ന് ചുവരില്‍ കോറിവെച്ചിട്ടുണ്ട്. ആഗിപ്പൂച്ച അങ്ങനെ കണ്ണില്ക്കണ്ടവര് കൊടുക്കുന്ന ഭക്ഷണമൊന്നും കഴിക്കില്ല. ആളുകള്‍ കൊടുക്കുന്ന ഭക്ഷണം എലികളെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കും എന്നാണ് കിംവദന്തി. പുസ്തകക്കടയില്‍ എലികളെ ക്ഷണിച്ചു വരുത്തരുതല്ലോ.
വിറ്റ്മാന്റെ മകള്‍ സില്‍വിയ എന്ന ഹോളിവുഡ് നടികളുടെ അഭൗമസൗന്ദര്യമുള്ള, മകളെ ഒരുനോക്കു കാണാന്‍കഴിയുമോ എന്നു ഞാന്‍ പരതി. എന്റെ കഷ്ടകാലത്തിനു അവരവിടെയില്ല. ജോര്‍ജിന് വയസ്സുകാലത്ത് ജനിച്ച മകളാണ് സില്‍വിയ. ലോകത്തിലെ പല പ്രസിദ്ധീകരണങ്ങളും അവരുടെ അഭിമുഖങ്ങള്‍ കൊടുക്കാറുണ്ട്. അവരുടെ സൗന്ദര്യത്തെ വാഴ്ത്താത്ത ലേഖനങ്ങളും കുറവ്. ഒരു സ്ത്രീ എത്ര മഹത്തായ കാര്യങ്ങള്‍ ചെയ്താലും അവരുടെ സൗന്ദര്യത്തിനാണല്ലോ മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് എന്ന് ഓര്‍ത്തുപോയി. അല്ല, ഞാന്‍ ചിന്തിച്ചതും അതുതന്നെയല്ലേ. മുങ്ങിത്താഴാന്പോയ ഒരു മഹാപ്രസ്ഥാനത്തെ വീണ്ടും ഉയര്ത്തിനിര്ത്തിയവരാണ് അവര്‍. സില്‍വിയ എന്ന മകളുടെ കഠിനപ്രയത്നവും ബുദ്ധിയും കലയിലും സൗന്ദര്യത്തിലുമുള്ള താത്പര്യവും പുസ്തകങ്ങളോടുള്ള അഗാധപ്രണയവും പിന്നെ എന്നോ ഉപേക്ഷിച്ചുപോയ അരക്കിറുക്കനായ അച്ഛനും താങ്ങായി അവസാനകാലം തിരിച്ചുവരാന്‍ തോന്നിയ മനസ്സും ഉണ്ടായിരുന്നില്ലെങ്കില്‍, ചരിത്രമുറങ്ങുന്ന ഈ കൊച്ചുകട ഒരു കഫേയോ ഫാഷന്തുണി വില്‍ക്കുന്ന സ്റ്റുഡിയോയോ ആയി എന്നോ മാറിപ്പോയേനെ. സില്‍വിയയുടെ കഥ പറയുമ്പോള്‍, എല്ലാവരും ഇതൊക്കെ പറയുമെങ്കിലും ആരംഭം എപ്പോഴും അവരുടെ ഭംഗിയെക്കുറിച്ചാണ്. ജോര്‍ജ്, ഏതൊരു ഹോളിവുഡ് താരവും തോറ്റുപോകുന്ന സൗന്ദര്യമുള്ള ആളായിരുന്നു. എന്നാല്‍, ജോര്‍ജിനെക്കുറിച്ചുള്ള ഒരു ലേഖനവും അദ്ദേഹത്തിന്റെ മുഖസൗന്ദര്യം വര്‍ണിച്ചു തുടങ്ങാറില്ല. നമ്മള് വായിക്കുന്ന, എഴുതുന്ന പലതും നമ്മുടെ മുഖത്തേക്കു പിടിച്ച കണ്ണാടിയാണ്, നമ്മുടെ മനസ്സിലെ നിഴലുകള്‍ കാട്ടിത്തരുന്ന സൂക്ഷ്മദര്ശിനിയാണ്.
അമേരിക്കന്‍ കവിയും ജോര്‍ജിന്റെ അടുത്ത കൂട്ടുകാരനുമായ ലോറന്‍സ് ഫെര്ലിഗെട്ടിയുടെ അഭിപ്രായത്തില്‍, ലോകത്തിലെ ഏറ്റവും വലിയ കിറുക്കനായിരുന്നു ജോര്‍ജ്. ഫെര്ലിഗെട്ടിതന്നെ അരക്കിറുക്കിന് പ്രസിദ്ധനായിരുന്നു. ജോര്‍ജിനെ കല്യാണം കഴിപ്പിക്കാന്‍ ശിഷ്യഗണങ്ങളും കൂട്ടുകാരുമൊക്കെ കിണഞ്ഞുശ്രമിക്കുന്ന കാലം അവരൊക്കെക്കൂടി ഒരു മോഡലിനെ കടയിലേക്ക് പറഞ്ഞുവിട്ടു. ജോര്‍ജിനു പ്രേമം തോന്നിയാലോ എന്ന വ്യാമോഹത്തോടെ. അറുപതു കഴിഞ്ഞിരുന്നു ജോര്ജിനപ്പോള്. ആഗ്രഹക്കിണറ്റില് എത്തിനോക്കിയ മോഡലിന് കിണര്‍ നന്നായി കണ്ടോട്ടെ എന്നു കരുതിയാവണം ജോര്‍ജ് ഗ്യാസ് ഓണ്‍ ചെയ്ത്, തീപ്പെട്ടിയുരച്ച് കിണറ്റിലട്ടത്. അവര്‍ ജീവനുംകൊണ്ടു രക്ഷപ്പെട്ടു. അവരുടെ മുടി കുറച്ചു കരിഞ്ഞുപോയി. കട തീപിടിക്കാത്തതു ഭാഗ്യം. ലക്ഷങ്ങള്‍ വിലവരുന്ന ഷാംപെയ്ന്‍, സിന് നദിയുടെ കരയിലിരുന്നു സ്ഫടികക്കോപ്പകളില്‍ മൊത്തിക്കുടിക്കുന്നതും സ്വപ്നംകണ്ടു വന്ന ഗ്രീക്ക് ഓപ്പറയുടെ വിഖ്യാത ഗായികയും സ്വപ്നസുന്ദരിയുമായ മറിയ കല്ലാസിനു ജോര്‍ജ് തന്റെ വിലകുറഞ്ഞ മദ്യം ട്യൂണമത്സ്യം വരുന്ന തകരപ്പാട്ടയില്‍ പകര്‍ന്നു കൊടുത്തു.
ഉറഞ്ഞുതുള്ളി കടന്നുപോയ സുന്ദരിയെ നോക്കി ജോര്‍ജ് പറഞ്ഞു. 'വെറും ബൂര്ഷ്വാസിയാണവള്' കൂട്ടുകാരുടെ ക്ഷമ നശിച്ചുതുടങ്ങി. ജോര്‍ജിനുശേഷം ഈ പ്രസ്ഥാനത്തിന്റെ ഭാവി എന്താവും. കമ്മിറ്റി ഉണ്ടാക്കിനോക്കി. ജോര്‍ജ് അത് പൊളിച്ചടുക്കി. വില പറഞ്ഞുവന്ന വമ്പന്‍ പുസ്തകശൃംഖലകളെ തെറിപറഞ്ഞോടിച്ചു. ഞാന്‍ അനശ്വരനാണ്, അതുകൊണ്ട് ആരും ഈ കട പൂട്ടുമെന്നു പേടിക്കേണ്ട എന്നു ജോര്‍ജ് അട്ടഹസിച്ചു നടന്നു. കല്യാണക്കെണിയൊരുക്കി എഴുത്താളക്കൂട്ടം പ്രാര്‍ഥനയോടെ കാത്തിരുന്നു. പ്രായം ചെല്ലുംതോറും ജോര്‍ജ് എന്തുപറയും എന്തുചെയ്യും എന്ന് ദൈവത്തിനുപോലും പ്രവചിക്കാനാവാതെയായി.
'എന്നെ കെട്ടാന്‍ ഒരുത്തിയും ജനിച്ചിട്ടില്ല' എന്നു വീമ്പുപറഞ്ഞു നടന്ന കാര്ന്നോര് അങ്ങനെയിരിക്കുമ്പോള്‍, തന്റെ അറുപത്തിയേഴാം വയസ്സില്‍ പ്രണയത്തിന്റെ മധുരമാദക വീപ്പയ്ക്കുള്ളില്‍ തലയുംകുത്തി വീണു. ഒരു ഇംഗ്ലീഷ് ചിത്രകാരിയുമായി ഉന്മാദത്തോടടുക്കുന്ന പ്രണയം. കല്യാണമെന്ന 'ബുര്‍ഷ്വാ' വ്യവസ്ഥയെ പുച്ഛിച്ചുതള്ളിയിരുന്ന ജോര്‍ജ് അവരെ കല്യാണം കഴിച്ചു. ഒരു മകള്‍ പിറന്നപ്പോള്‍ തന്റെ കട തനിക്കു വിറ്റ, ആദ്യകാല സ്ഥാപകയായ സില്‍വിയ ബീച്ചിന്റെ ഓര്‍മയ്ക്ക് സില്‍വിയ എന്ന പേരുമിട്ടു. വിവാഹജീവിതം നല്ല സുന്ദരമായി മുന്നോട്ടുപോയി.
കടയുടെ തട്ടിന്‍പുറത്താണ് കുടുംബസമേതം താമസം. നമുക്കൊരു വീടൊക്കെ വേണ്ടേ എന്നു ഭാര്യ ചോദിച്ചുതുടങ്ങി. എഴുത്തുപിള്ളേരെ മുട്ടിയിട്ടു കടയില്‍ നടക്കാന്‍ സ്ഥലമില്ല. ഒരേസമയം അറുപതും എഴുപതും പേരുണ്ടാവും. കിടപ്പുമുറിയില്‍വരെ കിടക്കാന്‍ സ്ഥലമന്വേഷിച്ചുവരുന്നവര്ക്ക് സ്ഥലമൊരുക്കും ജോര്‍ജ്. കട്ടിലനടിയില്വരെ ഊരുതെണ്ടികള്‍ നിറഞ്ഞുനില്ക്കുന്ന വിചിത്ര സ്ഥലം. വരുന്നത് എഴുത്തിന്റെ അസ്കിതയുള്ള അരക്കിറുക്കന്മാരും കവിതയുടെ രോഗമുള്ള മുഴുവട്ടന്‍മാരും മറ്റുമാണ് എന്നോര്‍ക്കണം. ബോബനും മോളിയിലെ അപ്പി ഹിപ്പി കണക്കെ കുളിയും ജപവും അലര്‍ജിയായ പരിഷകള്‍. എന്തെങ്കിലും കാശു മിച്ചംവന്നാല്‍ ജോര്‍ജ് അടുത്ത കടമുറി വാങ്ങും കുറച്ചു പുസ്തകങ്ങളും പിന്നെ അവിടെ കിടക്കാന്‍ കുറച്ച് എഴുത്തുതെണ്ടികളും (ജോര്‍ജിന്റെ ശ്രീമതിയുടെ ഭാഷയില്‍) ആയാല്‍ പിന്നെ അടുത്ത കടമുറിക്കുള്ള തിരച്ചിലായി.
ഇതെല്ലാം അവര്‍ സഹിച്ചു. ഒരുദിവസം ജോര്‍ജ് എന്തോ ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഏഴു വയസ്സുകാരിയായ മകള്‍ എന്തോ പറഞ്ഞു വാശിപിടിച്ചു. ഭാര്യ പുറത്തുപോയ സമയം. കടയിലേക്കുവന്ന, ഒരു മുഖപരിചയവുമില്ലാത്ത, രണ്ടു ഹിപ്പിക്കുട്ടന്മാരോടു ജോര്‍ജ് പറഞ്ഞു, 'ചെവിതല കേള്‍പ്പിക്കുന്നില്ല ഈ സാധനം. ഒരു മണിക്കൂര്‍ ഇതിനെ എവിടെയെങ്കിലും ഒന്നു കൊണ്ടുപോകാമോ...' 'ഏതാ ഈ കുട്ടി' എന്നുചോദിച്ചു ഒരാള്‍. 'ആവോ' എന്ന് അലക്ഷ്യമായ മറുപടി. ഹിപ്പികള്‍ കുട്ടിയെ അടുത്തപാര്ക്കില് കൊണ്ടുപോയി കളിപ്പിച്ചു. കടയില്‍ തിരിച്ചുകൊണ്ടുവന്നപ്പോള്‍ തന്റെ അമ്മയും അച്ഛനുംതമ്മില് പൊരിഞ്ഞ അടി നടക്കുന്നതാണ് സില്‍വിയ കണ്ടത്. ഹിപ്പികളുടെ കൂടെ മകളെ വിട്ടതുതന്നെ ജോര്‍ജ് മറന്നുപോയി. പാവം, ആ അമ്മയ്ക്ക് സഹിക്കാവുന്നതിലുമപ്പുറമാണ് സംഭവിച്ചത്. ഒരു വാക്കുപറയാതെ മകളുമായി അവര്‍ അന്ന് ഇറങ്ങിപ്പോയി. അവരുടെ പേരുപോലും പുസ്തകങ്ങളിലോ, ഇന്റര്‍നെറ്റിലോ പരതിയാല്‍ കിട്ടാന്‍ എളുപ്പമല്ല. ജോര്‍ജ് വിറ്റ്മാനുമായുള്ള എല്ലാ ബന്ധവും അവര്‍ മുറിച്ചെറിഞ്ഞു, സില്‍വിയയെ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോയി. ക്രൂരനായ അച്ഛന്റെ കഥകള്‍ പറഞ്ഞ് അവളെ വളര്‍ത്തി. പിറന്നാളുകള്‍ക്ക് വല്ലപ്പോഴും ജോര്‍ജ് ചിലപ്പോള്‍ വരും. ശുണ്ഠിയെടുത്ത് അപ്പോള്‍ത്തന്നെ പോകും.
(തുടരും)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..