''ഞാന്‍ ഒരു തെണ്ടിയാണ് ആര്‍ക്കുവേണം കാശ്... പുസ്തകങ്ങള്‍ വാങ്ങാനല്ലാതെ.''


ആനന്ദ് നീലകണ്ഠന്‍

കടയിലെ ഭീകര നിമിഷങ്ങളെക്കുറിച്ച് അമ്മ പറഞ്ഞുകൊടുത്ത കഥകള്‍ കേട്ട് അച്ഛനെപ്പോലൊരു ക്രൂരന്‍ ലോകത്തിലില്ല എന്ന ധാരണയോടെ സില്‍വിയ വളര്‍ന്നു. എന്നാല്‍, അഞ്ചും ആറും വയസ്സുള്ളപ്പോള്‍, നീ ഈ കടയിലെ റാണിയാവും എന്നും മറ്റുമുള്ള ജോര്‍ജിന്റെ തമാശകള്‍ അവളുടെ മനസ്സില്‍ ആഴത്തിലെന്തോ കോറിയിട്ടിരുന്നു.

സിൽവിയ - ഷേക്‌സ്പിയർ ആൻഡ്‌ കമ്പനിക്ക്‌ മുമ്പിൽ | ഫോട്ടോ: ഗെറ്റി ഇമേജസ്‌

ഒടുവില്‍ ജോര്‍ജ് വിറ്റ്മാന്‍ എന്ന അച്ഛനെത്തേടി മകള്‍ സില്‍വിയ എത്തി എമിലി എന്ന പേരില്‍ സില്‍വിയ പതുക്കെപ്പതുക്കെ അച്ഛന്റെ ലോകത്തായി. ആ ലോകം പിന്നീട് പൂര്‍ണമായും അവളുടേതായി

കുറെക്കാലം കഴിഞ്ഞപ്പോള്‍ സില്‍വിയ അച്ഛനെ മറന്നു. ജോര്‍ജ് വീണ്ടും നിധികാക്കും ഭൂതംപോലെ തന്റെ ഭൂതബംഗ്ലാവില്‍ കുടിയേറി. മുഷിഞ്ഞ കോട്ടും പിഞ്ചിയ ഷൂസും വാതം തളര്‍ത്തിത്തുടങ്ങിയ കാലുകളുമായി എഴുപതു പിന്നിട്ട ജോര്‍ജ് എഴുത്താളന്‍ പിള്ളേര്‍ക്ക് കഴിക്കാനുള്ള സൂപ്പിനു വകതേടി പാരീസിലെ ഹോട്ടലടുക്കളപ്പുറങ്ങളില്‍ അലഞ്ഞുനടന്നു.

കടയിലെ ഭീകര നിമിഷങ്ങളെക്കുറിച്ച് അമ്മ പറഞ്ഞുകൊടുത്ത കഥകള്‍ കേട്ട് അച്ഛനെപ്പോലൊരു ക്രൂരന്‍ ലോകത്തിലില്ല എന്ന ധാരണയോടെ സില്‍വിയ വളര്‍ന്നു. എന്നാല്‍, അഞ്ചും ആറും വയസ്സുള്ളപ്പോള്‍, നീ ഈ കടയിലെ റാണിയാവും എന്നും മറ്റുമുള്ള ജോര്‍ജിന്റെ തമാശകള്‍ അവളുടെ മനസ്സില്‍ ആഴത്തിലെന്തോ കോറിയിട്ടിരുന്നു. ലോകം മഹാന്‍ എന്നു വാഴ്ത്തുന്ന അച്ഛന്‍ എങ്ങനെ തനിക്കും തന്റെ അമ്മയ്ക്കും മാത്രം ഇത്ര ഭയങ്കരനായി എന്ന ചോദ്യം അവളെ അലട്ടി. പക്ഷേ, അച്ഛന്‍ ഒരു കത്തുപോലും അയച്ചിട്ടില്ല. ഇതുവരെ. 1991ല്‍ ഒരു നോട്ടീസ് അവള്‍ക്കുകിട്ടി.

പത്തു വയസ്സായ ഒരു കുട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു അത്. ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ പട്ടികയില്‍ തന്റെ നാമം. അച്ഛന്‍ ഇപ്പോഴും അവളെ ഓര്‍ക്കുന്നുണ്ട് എന്നത് അവളുടെ ഉള്ളുലച്ചു. അമ്മയറിയാതെ നോട്ടീസ് അവള്‍ സൂക്ഷിച്ചുവെച്ചു. അച്ഛനെക്കുറിച്ചുവരുന്ന വാര്‍ത്തകള്‍ കൗമാരത്തിലേക്ക് കാലൂന്നിത്തുടങ്ങിയ കാലംമുതല്‍ അവള്‍ അന്വേഷിച്ചു കണ്ടെത്തി ഒളിച്ചുവെച്ചു. ഒരിക്കല്‍ തന്റെ കടയിലെ ജാംബവാന്‍ കാലത്തെ ഇലക്ട്രിക് വയറിങ് നന്നാക്കാന്‍ ഏണിവെച്ചു കയറിയ ജോര്‍ജ് ഷോക്ക് അടിച്ചുവീണ വാര്‍ത്ത കണ്ട് അവള്‍ ഞെട്ടി. അടുത്ത വരി വായിച്ചു പൊട്ടിച്ചിരിച്ചു. എന്റെ വട്ടിന് കുറച്ചു ഷോക്ക് നല്ലതാണ് എന്ന് ജോര്‍ജ് പറഞ്ഞത്രേ. കോളേജില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ ആരോഗ്യം ക്ഷയിക്കുന്ന വാര്‍ത്തകളാണ് കൂടുതലും വന്നുകൊണ്ടിരുന്നത്. അമ്മയെ അറിയിക്കാതെ അവള്‍ പാരീസിലേക്ക് വണ്ടികയറി. എന്നാല്‍, അവളെ കടയിലേക്ക് കയറ്റാന്‍പോലും ജോര്‍ജ് കൂട്ടാക്കിയില്ല. തന്നെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞ അമ്മയെയും മകളെയും ജോര്‍ജിന് വേണ്ട. എഴുത്തുപിള്ളേരുണ്ടല്ലോ! രണ്ടായിരാമാണ്ടിന്റെ പുതുവത്സരദിനത്തില്‍, പത്തൊമ്പതുകാരിയായ സില്‍വിയ ഒരു കൂട്ടുകാരനുമൊത്ത് വീണ്ടും വന്നു. എമിലി എന്ന നടി എന്നവള്‍ പരിചയപ്പെടുത്തി ജോര്‍ജിന് ഈ തമാശ നന്നായി പിടിച്ചു.

കിടക്കാന്‍ സ്ഥലം നോക്കിവന്ന ഒരു പണിയില്ലാത്ത നടിക്ക് കിടക്കാന്‍ സ്ഥലം കൊടുക്കാനല്ലേ അമ്പതുകൊല്ലമായി ജോര്‍ജ് കട നടത്തുന്നത്. മറ്റു എഴുത്തുകാരുടെ കൂടെ മകളും കീറച്ചാക്കിലും മൂട്ടകടിയുള്ള കിടക്കയിലും കിടന്നുറങ്ങി. ജോര്‍ജ് എന്ന സോഷ്യലിസ്റ്റിന് ഇതു ക്ഷ പിടിച്ചു. കാണുന്നവരൊടൊക്കെ ജോര്‍ജ് പരിചയപ്പെടുത്തി. ലണ്ടനില്‍നിന്നും വന്ന ഒരു നടിയാണ്. പേര് എമിലി. കടയില്‍ മുഴുവന്‍ സില്‍വിയയുടെ ഏഴുവയസ്സുവരെയുള്ള പല ഫോട്ടോകള്‍ ഒട്ടിച്ചുെവച്ചിട്ടുണ്ട് എന്ന് അവള്‍ കണ്ടുപിടിച്ചു. അവള്‍ കോറിയിട്ട താറാവും കോഴിയും എല്ലാം ചുവരില്‍ അപ്പോഴുമുണ്ട്. അവള്‍ കുറിച്ച കുട്ടിക്കവിതകള്‍ അച്ഛന്റെ ഡയറിയില്‍ ഇപ്പോഴുമുണ്ട് എന്നവള്‍ അറിഞ്ഞു. കടയിലുള്ള ഫോട്ടോകളില്‍ കാണുന്ന കൊച്ചു സുന്ദരിയും എമിലി എന്ന നടിക്കും ഒരേ ഛായയാണ് എന്ന് പലരും ജോര്‍ജിനോട് അടക്കംപറഞ്ഞു. അത് സില്‍വിയയാണ് എന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. എന്നാല്‍, ഇത്തരം കുഞ്ഞു തമാശകള്‍ ജോര്‍ജ് എന്ന പടുവൃദ്ധനായ പിതാവിനെ സന്തോഷിപ്പിക്കും എന്നവര്‍ക്കറിയാമായിരുന്നു.

പണ്ടു സില്‍വിയയെ പാര്‍ക്കില്‍ കളിക്കാന്‍കൊണ്ടുപോയ ഹിപ്പികള്‍ ഒരിക്കല്‍ തിരിച്ചുവന്നു. സില്‍വിയയോട് അവരാ കഥപറഞ്ഞു. കഥകളും ഹിപ്പിലോകവും എല്ലാം അവരില്‍നിന്നും എന്നോ അകന്നുപോയിരുന്നു. വലിയ ഉദ്യോഗസ്ഥരായിരുന്നു അവര്‍ അപ്പോള്‍. സില്‍വിയ തിരിച്ചുവന്നത് കേട്ടറിഞ്ഞുവന്നതാണ്. അച്ഛനോടുള്ള ആളുകളുടെ ബഹുമാനവും സ്‌നേഹവും സില്‍വിയയുടെ കണ്‍നിറച്ചു. ബുക്കുകളുടെയും ഷെല്‍ഫുകളുടെയും ഇടയില്‍നിന്ന് പല മഹാരഥന്മാരുടെയും കൈയക്ഷരക്കുറിപ്പുകളും ചിലപ്പോള്‍ കറന്‍സി നോട്ടുകളും സില്‍വിയ കണ്ടെടുക്കുമായിരുന്നു. അങ്ങനെയുള്ളൊരു ഉച്ചനേരത്ത് കുഞ്ഞു കത്തുകള്‍ കെട്ടിെവച്ചിരിക്കുന്നത് അവളുടെ ശ്രദ്ധയില്‍പ്പെട്ടു. അച്ഛന്റെ കൈയക്ഷരം ഒരു കഥയോ കവിതയോ കുറിച്ചിട്ടില്ലാത്ത, ആയിരക്കണക്കിന് കഥാകാരന്മാരെയും കവികളെയും ഊട്ടിയുറക്കിയിട്ടുള്ള, വളര്‍ത്തി വലുതാക്കിയിട്ടുള്ള, കിറുക്കനാം അച്ഛന്റെ ഹൃദയരക്തം കൊണ്ടെഴുതിയ കുറച്ചു കുറിപ്പുകള്‍. ഒരച്ഛന്‍ മകള്‍ക്കെഴുതി അയക്കാന്‍ മറന്നുപോയ, കത്തുകള്‍. വളരുന്ന പ്രായത്തില്‍ കേള്‍ക്കാന്‍ കൊതിച്ചതെല്ലാം, പിന്നെ അതിലേറെയും വെറുതേ അലസമായി കോറിയിട്ട വരികള്‍. അച്ഛനെ വെറുക്കണമോ സ്‌നേഹിക്കണമോ എന്നറിയാതെ ഉഴറിയിരുന്ന സില്‍വിയക്ക് ആ കത്ത് വായിച്ചു തരിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ. തന്റെ അമ്മയെക്കുറിച്ച് ഒരുവരിപോലുമില്ല എന്നത് അവളെ വേദനിപ്പിച്ചു.

Also Read

25 വർഷം മുമ്പ് ചേരികളിൽ ചപ്പാത്തിക്കല്ല് ...

ഏത് ജോണിഡെപ്പായാലും ജോർജ് വിറ്റ്മാൻ കിടന്നോളാൻ ...

ശല്യം സഹിക്കാനാവാതെ മകളെ ഹിപ്പികളെ ഏൽപിച്ച ...

പ്രായം എണ്‍പത്തിയെട്ടായി, പടു വൃദ്ധനായിക്കഴിഞ്ഞിരുന്നു അച്ഛനപ്പോള്‍. അപ്പോഴേക്കും കടയോടും അവിടെവന്നുപോകുന്ന വേഷംമാറിവരുന്ന മാലാഖമാരോടുമുള്ള അച്ഛന്റെ കിറുക്കിന്റെ ഒരംശം സില്‍വിയക്കും പകര്‍ന്നിരുന്നു. കടവും പ്രാരാബ്ധവുമായി പൂട്ടാന്‍ പോകുന്ന അവസ്ഥയിലായിരുന്നു കടയുടെ അന്നത്തെസ്ഥിതി. മെല്ലെ, മെല്ലെ കടയുടെ ഭരണം സില്‍വിയ ഏറ്റെടുത്തു. അച്ഛനുമായി തമ്മില്‍ത്തല്ലും വക്കാണവും പതിവായി. കണ്ണുപൊട്ടെ ചീത്തവിളിച്ചാല്‍, തിരിച്ചു പലിശസഹിതം കൊടുത്തിരുന്ന മകള്‍ ജോര്‍ജിന് പുതിയ ഒരുണര്‍വുകൊടുത്തു. കിടപ്പാടമില്ലാത്തവരുടെ കൈയില്‍നിന്നും കാല്‍ക്കാശുമേടിച്ചാല്‍ നിന്നെക്കൊല്ലും എന്ന് ജോര്‍ജ് ആര്‍ത്തുവിളിച്ചു. സില്‍വിയ കടയില്‍ അത്തരം മാറ്റമൊന്നും കൊണ്ടുവന്നില്ല. പകരം കണക്കുശരിയാക്കി. ഒരുകോഫി ഷോപ്പും വെജിറ്റേറിയന്‍ കഫേയും തുടങ്ങി. കംപ്യൂട്ടര്‍ കൊണ്ടുവന്നപ്പോള്‍ ജോര്‍ജ് വീണ്ടും ഉറഞ്ഞുതുള്ളി. കാല്‍ക്കുലേറ്റര്‍ ചെകുത്താന്റെ സന്തതിയാണ് എന്നു വിശ്വസിച്ചിരുന്ന ജോര്‍ജിന് കംപ്യൂട്ടര്‍ എന്ന യന്തിരന്‍ ലോകാവസാനത്തിന്റെ ലക്ഷണമായിരുന്നു. പലര്‍ക്കും കത്തെഴുതി, സംഭാവനകള്‍വാങ്ങി, സില്‍വിയ കട വലുതാക്കി. ലിറ്റററി മാസിക പുനരാരംഭിച്ചു. പതിയെ എഴുത്തുകാര്‍ക്ക് വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. അച്ഛന് പാരീസ് സര്‍ക്കാര്‍, അതുവരെ ഒരംഗീകാരവും കൊടുത്തിട്ടില്ല എന്നെഴുതി. അവസാനം 93ാം വയസ്സില്‍ ജോര്‍ജിന് ഓര്‍ഡര്‍ ഓഫ് ഫ്രാന്‍സ് എന്ന സമ്മാനം ലഭിക്കാന്‍ ഹേതുവായി. രണ്ടായിരത്തി പതിനൊന്നില്‍ തന്റെ തൊണൂറ്റിയൊമ്പതാം വയസ്സില്‍ തന്റെ ജീവിതദൗത്യം മകള്‍ തന്നെക്കാള്‍ നന്നായി കൊണ്ടുനടക്കും എന്ന വിശ്വാസത്തിലായിരുന്നു ആ അച്ഛന്‍ കണ്ണടച്ചത്.

ചത്താലും ഇവിടൊക്കെത്തന്നെ കാണും എന്ന് ജോര്‍ജ് പറയാറുണ്ടായിരുന്നുവത്രേ. എഴുത്താളന്മാരുടെ സെയ്ന്റ് ജോര്‍ജ് എന്നും പുസ്തകഷെല്‍ഫിലെ കിടക്കവിരികളിലൊന്നില്‍ കിടക്കുന്നുണ്ടാവണം. ലോകം കീഴടക്കാന്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയ നെപ്പോളിയന്റെ ശവക്കല്ലറ കാണാന്‍ ഞാന്‍ പോയപ്പോള്‍, അവിടെയുണ്ടായിരുന്നത് രണ്ടേരണ്ടു പേരുമാത്രം. ജോര്‍ജ് ഒരു യുദ്ധവും ജയിച്ചിട്ടില്ല. ഒരു രാജ്യവും കീഴടക്കിയിട്ടില്ല. ഒരു കവിതയും കഥയും രചിച്ചിട്ടില്ല. തന്റെ ജീവിതം കൊണ്ടല്ലാതെ. എന്നിട്ടും വിശ്വവിഖ്യാതമായ നോത്രദാം പള്ളിക്കു മുന്നില്‍ വരിനില്‍ക്കുന്നവരെക്കാള്‍ കൂടുതല്‍ ആളുകള്‍ ഈ പുസ്തകക്കടയുടെ മുന്നിലുണ്ട്. ചക്രവര്‍ത്തിമാര്‍ തേരോട്ടം നടത്തിയ വീഥികളില്‍, ആളുകള്‍ പുസ്തകം വായിച്ചിരിക്കുന്നു.

ജോര്‍ജ് മരിക്കുന്നതിനു കുറച്ചുദിവസംമുമ്പ് സില്‍വിയ കണക്കുമായി സമീപിച്ചു. കടയുടെ ആസ്തി കോടികള്‍വരും എന്നവര്‍ പറഞ്ഞപ്പോള്‍, ജോര്‍ജ് തന്റെ പിന്നിയ കോട്ടുകാണിച്ച് പറഞ്ഞത്രേ: ''ഞാന്‍ ഒരു തെണ്ടിയാണ് ആര്‍ക്കുവേണം കാശ്. പുസ്തകങ്ങള്‍ വാങ്ങാനല്ലാതെ.'' പുറത്തേക്കിറങ്ങുമ്പോള്‍ മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഞാനോര്‍ത്തു: ''സൗമ്യമായും നിങ്ങള്‍ക്ക് ലോകത്തെ പിടിച്ചു കുലുക്കാന്‍ പറ്റും.''

Content Highlights: anand neelakantan column paris paris part 8 george witman and his bookshop shakespeare and company

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented