അഷിത രണ്ട് കാലഘട്ടങ്ങളിൽ
അമ്മയെ കുറിച്ച്, അമ്മയെന്ന അനുഭവത്തെ കുറിച്ച്, വീണ്ടും എഴുതാന്‍ ഇരിക്കുകയാണ്.
അരികില്‍ അമ്മ ഉണ്ട്...
ഞാന്‍ എഴുതുമ്പോള്‍ അടുത്ത് വന്നിരുന്നു അക്ഷരങ്ങള്‍ കൈകളിലേക്ക് കളിനനവോടെ ഊതിവിടുന്ന പോലെ.
ജീവിതം ഇപ്പോള്‍ അറ്റമില്ലാത്ത ഒരു കടല്‍ തീരം പോലെയാണ്. കടല്‍ പോലെ അനന്തതയും. നടന്നാലും നടന്നാലും തീരാത്ത പോലെ! ഇടക്ക് ഇടറി വീഴുമ്പോള്‍ പിടിക്കാനെന്ന വണ്ണം കാലില്‍ തഴുകുന്ന തിരകള്‍- ഏതൊക്കെയോ അനുഗ്രഹങ്ങള്‍. ഈ യാത്രയില്‍ മുത്തുച്ചിപ്പികള്‍ പോലുള്ള അമ്മയുടെ ഓര്‍മ്മകള്‍ ഞാന്‍ പെറുക്കി എടുക്കുന്നു.
അമ്മയോടൊത്തുള്ള, അമ്മയുടെ ഉള്ളിലുള്ള, ആദ്യത്തെ പത്തു മാസം വളരെ ഭംഗിയുള്ളവയായിരുന്നു എന്നമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ബാഹ്യലോകത്ത് എന്തൊക്കെ നടന്നാലും അമ്മയുടെ ശ്രദ്ധ അന്ന് മുതലേ എന്നിലെ തുടിക്കുന്ന ഹൃദയത്തില്‍ ആയിരുന്നു. ആ തുടിപ്പ് മാത്രം അമ്മയ്ക്ക് ധാരാളമായിരുന്നത്രെ. ഒരു പക്ഷെ ഇരുട്ട് കൂടുമ്പോഴായിരിക്കും നമുക്ക് ഒരു മിന്നാമിന്നി പോലും ഒരു സൂര്യനായി അനുഭവപ്പെടുന്നത്.
നിശബ്ദതയിലൂടെ എന്നിലെ ഓരോ കോശത്തിന്റേയും വളര്‍ച്ച അമ്മ അറിഞ്ഞിരുന്നിരിക്കണം. അതമ്മയെ സംബന്ധിച്ച് വരണ്ടുദാഹിച്ച് കിടക്കുന്ന മരുഭൂമിയിലേക്ക് വീഴുന്ന മഴത്തുള്ളികളായിരുന്നിരിക്കണം. അല്ലെങ്കില്‍ മൊട്ടക്കുന്നില്‍ പെട്ടെന്ന് മൊട്ടിട്ട പൂവുകള്‍ പോലെ ആയിരുന്നിരിക്കണം.
ഒരു പാട് ഇഷ്ടമായിരുന്നു അമ്മയ്ക്ക് കുഞ്ഞുങ്ങളെ.
പിറന്നുവീണ മുതല്‍ ഉള്ള എന്റെ ഓര്‍മ്മകള്‍ അമ്മിഞ്ഞപ്പാലിന്റെ മണത്തിലോ, അമ്മയുടെ വിയര്‍പ്പുമണത്തിലോ, ഉമ്മകളുടേയും കോരിയെടുക്കലിന്റെയും കെട്ടിപ്പിടിക്കലുകളുടെയും ശാരീരികമായ വികാരങ്ങളിലോ ഉടക്കി നില്‍ക്കുന്നില്ല. ഒരു പക്ഷെ ഓര്‍മ്മ ഉറയ്ക്കാത്ത കാലത്ത് അതൊക്കെ നടന്നിട്ടുണ്ടാകാം. ഏതു അമ്മയ്ക്കാണ് ഒരു കുഞ്ഞിന്റെ പുഞ്ചിരിയെ ചെറുത്ത് നില്കാനാവുക?
അമ്മയും തന്നിട്ടുണ്ടാകും ഒരുപാട് ഉമ്മകള്‍. ശ്വാസം മുട്ടുമാറു കെട്ടിപ്പിടിച്ചിട്ടുണ്ടാകും.
എന്നാല്‍ അമ്മയെപ്പറ്റിയുള്ള എന്റെ ഓര്‍മ്മകള്‍ കൊളുത്തി നില്‍ക്കുന്നത് സ്ഥായിയായ ഒരു ഊര്‍ജ്ജത്തിലാണ്- ഒരുറപ്പില്‍. അതിനെ എന്തെങ്കിലും വിധത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കാതിരിക്കുകയായിരിക്കും നല്ലത്. വാക്കുകളില്‍ പകര്‍ന്നാലത് അമ്മയുടെ ഉറച്ച സാന്നിധ്യത്തിന്റെ മാറ്റ് കുറയ്ക്കും.
അമ്മയുടെ സ്‌നേഹവും വാത്സല്യവും എല്ലാം മൗനത്തിലൂടെ ആയിരുന്നു.

എന്റെ ബാല്യകാലം മുഴുവനും അമ്മ ക്ഷമയുടെ മൂര്‍ത്തിമദ്ഭാവമായിരുന്നു. പൊതുവെ, ഭാവനകളില്‍ മുഴുകി, അടുക്കും ചിട്ടയുമോടെ ചിന്തകള്‍ വിശകലനം ചെയ്ത്, വാക്കുകളില്‍ കടഞ്ഞെടുത്ത്, ഒറ്റക്കിരുന്ന് എഴുത്തിനായി ഒരുപാട് സമയം വിനിയോഗിച്ചിരുന്ന ഒരാളേ ആയിരുന്നില്ല അമ്മ. അതിനു വേണ്ട ക്ഷമ ഒക്കെ അമ്മ എന്നെ ശ്രദ്ധിക്കുന്നതിലാണ് ഉപയോഗിച്ചിരുന്നത്. എഴുത്തും ഭാവനയും സര്‍ഗാത്മകതയും തുലാവര്‍ഷം പോലെ കടലാസിലേക്ക് കോരിക്കൊട്ടി പെയ്യുമ്പോള്‍, ആ കടലാസിനപ്പുറത്തേക്ക് ആരും അതറിഞ്ഞിരുന്നില്ല. ഒരിക്കലും അമ്മയെ കണ്‍വെട്ടത്ത് നിന്ന് കാണാതെയായിട്ടോ, അമ്മയെ വേണ്ടുവോളം കിട്ടാതെയോ എന്റെ കണ്ണുകള്‍ അലഞ്ഞിട്ടില്ല. എപ്പോള്‍ വെട്ടിത്തിരിഞ്ഞു നോക്കിയാലും ആ വലിയ കണ്ണുകള്‍ എന്നെ നോക്കിയിരുന്നിരുന്നു; അലിവോടെ, ക്ഷമയോടെ, ഒരിളം തെന്നല്‍ പോലെ, ഒരു നനുത്ത കുളിര്‍ മഴ പോലെ, സ്ഥായിയായി...
ഇന്നൊരമ്മയായിരിക്കുമ്പോള്‍, ഞാന്‍ വേവലാതിപ്പെടാറുണ്ട് - ജോലിത്തിരക്കുകള്‍ക്കിടയില്‍ അമ്മ കാണിച്ചിരുന്നതിന്റെ ഒരു ശതമാനം പോലും ക്ഷമ എന്റെ കുഞ്ഞിനോട് ഞാന്‍ കാണിക്കാറുണ്ടോ എന്ന്, ഞാനന്ന് കുഞ്ഞെന്ന നിലയില്‍ അനുഭവിച്ചിരുന്ന സംതൃപ്തി എന്റെ മകള്‍ അല്പമെങ്കിലും അനുഭവിക്കുന്നുണ്ടോ എന്ന്. എന്റെ തിരക്കുകള്‍ മാറ്റിവെക്കാവുന്നവയാകാം. പക്ഷെ സര്‍ഗാത്മകത മനസ്സിനെ മൂടിയിരുന്നപ്പോള്‍, എനിക്ക് വേണ്ടി മാറ്റി വെക്കാവുന്ന ഒന്നായിരുന്നുവോ അമ്മക്ക് എഴുത്ത്? അങ്ങനെ അമ്മ ചെയ്തിരുന്നോ? അതോ മനസ്സില്‍ സര്‍ഗ്ഗാത്മകതയുടെ ചീളുകള്‍ സൂക്ഷിക്കാന്‍ നിഷ്പ്രയാസം സാധിച്ചിരുന്നുവോ!
കുസൃതിയിലേക്ക് പിച്ച വെച്ച് കയറിയ നാളുകളില്‍ എന്റെ കുഞ്ഞുലോകത്തെ വലിയ സംഭവങ്ങളായിരുന്ന എല്ലാ കുട്ടിക്കളികളിലും അമ്മയുടെ സ്ഥിരമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ക്ഷമയുടെ ഭാവത്തിലൂന്നിയാണെങ്കിലും അമ്മയിലെ ഒരു ഭാഗം എന്നോടൊപ്പം കുത്തിമറിഞ്ഞു ചിരിക്കുകയും ആര്‍ത്തുല്ലസിക്കുകയും ചെയ്തിരുന്ന ഒരു കുഞ്ഞു പൈതലായി പരിണമിച്ചിരുന്നു. ഒരു പക്ഷെ ഞാനറിയാതെ ആ മനസ്സില്‍ സര്‍ഗാത്മകത താണ്ഡവമാടിയിരുന്നിരിക്കണം, ഉള്ളില്‍ ഘനഗാംഭീര്യമായ കഥകള്‍ സൃഷ്ടിച്ചിരുന്നിരിക്കണം .
കഥകളെ ആദ്യമായി പരിചയപ്പെട്ടത്, ഏതൊരു കുഞ്ഞിനേയും പോലെ, 'ഉറങ്ങാന്‍ ഒരു കഥ വേണം' എന്നമ്മയോട് ശഠിച്ചിട്ടു തന്നെയാണ്. അമ്മയില്‍ നിന്ന് ഒരുപാട് കുട്ടിക്കഥകള്‍ അങ്ങനെ കേട്ടിട്ടുണ്ട്. കഥകള്‍ക്കൊരിക്കലും പഞ്ഞമുണ്ടായിട്ടില്ല. കഥാപാത്രങ്ങളില്‍ കയറിക്കൂടി, ചൈതന്യത്തോടെ ആണ് അമ്മ കഥ പറഞ്ഞിരുന്നത്. വട്ടക്കണ്ണുകളില്‍ ഉത്സുകതയോടെ അമ്മയെ നോക്കി, അമ്മയുടെ നെഞ്ചിലെ ചൂട് തട്ടി എപ്പോഴൊക്കെയോ മയങ്ങി വീണ എത്രയോ രാത്രികള്‍!
പിന്നീട് ഞങ്ങളുടെ ഇടയിലേക്ക് കഥകളും കടലാസുകളും കൂടുതല്‍ ഇടം പിടിക്കാന്‍ തുടങ്ങി. എന്റെ ശ്രദ്ധയും സമയവും പഠനത്തിലേക്ക് വിനിയോഗിച്ചു തുടങ്ങിയപ്പോള്‍ അമ്മയ്ക്കും വായനക്കും എഴുത്തിനും കൂടുതല്‍ സമയം കിട്ടാന്‍ തുടങ്ങി.
എന്റെ തൊട്ടപ്പുറത്ത് പിറന്നുവീണിരുന്ന ആ കഥകളെ കുറിച്ച്, പുസ്തകങ്ങളെക്കുറിച്ച്, എന്റെ ഉള്ളില്‍ എപ്പോഴോ ജിജ്ഞാസ അങ്കുരിച്ചു. മെല്ലെ മെല്ലെ എന്റെ ഭാഗത്തു നിന്നും കഥയിലേക്കുള്ള എത്തിനോട്ടങ്ങളും, കഥയെ പറ്റിയുള്ള അന്വേഷണങ്ങളും തുടങ്ങി.
.jpg?$p=8f825ba&&q=0.8)
അതിനു ശേഷം ഉണ്ടായ എല്ലാ കഥകളും ആദ്യം കേള്‍ക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു- മിക്കപ്പോഴും വൈകുന്നേരങ്ങളില്‍, സൂര്യന്‍ അസ്തമിച്ച്, ഭൂമി ഒച്ചപ്പാടുകളില്‍ നിന്ന് നിശ്ശബ്ദതയിലേക്കും സമാധാനത്തിലേക്കും തെന്നി വീഴുന്ന നിമിഷങ്ങളില്‍.
പിന്നീട് ഞാന്‍ പഠനം, ജോലി, കല്യാണം എന്നീ പ്രാരബ്ധങ്ങളില്‍ മുഴുകിയപ്പോള്‍ അമ്മയുടെ ജീവിതത്തിലെ തിരക്കുകള്‍ കുറയുകയും, അമ്മ തീര്‍ത്തും എഴുത്തിന്റെ ലോകത്തില്‍ മുഴുകുകയും ചെയ്തു. പല പല ഘട്ടങ്ങളില്‍ ഞാന്‍ വീണ്ടും അമ്മയുടെ അരികില്‍ എത്തി.- പ്രസവം, അമ്മയുടെ ഓപ്പറേഷനുകള്‍, ചികിത്സ... അമ്മയ്ക്ക് കാന്‍സറിനുള്ള ചികിത്സ തുടങ്ങിയപ്പോളാണ് ഞാനും അമ്മയും തമ്മിലുള്ള ബന്ധം വേറൊരു തലത്തിലേക്ക് മാറിയത്.
ആദ്യത്തെ കീമോ നടക്കുമ്പോള്‍ അമ്മക്കത് ദുസ്സഹമായിരുന്നു. അന്ന് ബൈസ്റ്റാന്‍ഡെര്‍ ആയി കീമോ ഹാളിനു പുറത്ത് വെള്ളക്കുപ്പിയുമായി ഇരിക്കുമ്പോള്‍ എനിക്കമ്മ ഒരു കുഞ്ഞിനെപ്പോലെ ആയിരുന്നു. അമ്മയുടെ ശരീരത്തില്‍ കീമോ മരുന്ന് കയറുമ്പോള്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍, അസ്വസ്ഥതകള്‍, മനസ്സിന്റെയും ദേഹത്തിന്റെയും പ്രയാസങ്ങള്‍ എല്ലാം എന്നിലേക്കിറങ്ങിയിരുന്നു. അമ്മയുടെ ദാഹം ഒരു തരം ഉള്ളുണര്‍വോടെ അറിഞ്ഞ് വെള്ളക്കുപ്പിയുമായി കീമോഹാളിലേക്ക് ചെല്ലുമ്പോള്‍ സ്‌കൂളിലേക്ക് തന്നെ വിളിക്കാന്‍ വരുന്ന അമ്മയെ കണ്ട കുഞ്ഞിനെ പോലെ എന്നെ നോക്കി നിഷ്‌കളങ്കതയോടെ ചിരിക്കുമായിരുന്നു. ആ ദിവസങ്ങളില്‍, ബാല്യത്തില്‍ അമ്മ എന്നോട് കാണിച്ച ക്ഷമ, ഞാന്‍ അറിയാതെ തന്നെ എന്നില്‍ നിന്നമ്മയിലേക്ക് ഒഴുകിയിരുന്നു. ആരാണമ്മ, ആരാണ് കുഞ്ഞ്, എന്ന അതിര്‍ത്തികള്‍ ഞങ്ങളുടെ ഇടയില്‍ നിന്ന് മാഞ്ഞുപോയ നാളുകള്‍.
കാന്‍സറിന്റെ അവസാനഘട്ടങ്ങളില്‍ അമ്മയുടെ പ്രയാസങ്ങളില്‍ എന്റെ ഉള്ളുരുകുന്നതും പൊള്ളുന്നതും, കാന്‍സറിനാല്‍ അമ്മയുടെ കോശങ്ങള്‍ കത്തി നശിക്കുന്നതും നീറുന്നതും ഉള്ളാലെ ഞങ്ങള്‍ അറിഞ്ഞു, കണ്ടില്ല എന്ന മട്ടില്‍ ജീവിച്ചിരുന്നു. എല്ലാം ഒരു ചിരിയാകുന്ന കല്ല് വെച്ച നുണയില്‍ ഒതുക്കി! ക്ഷമ,സഹജാവ ബോധം.. ഇവയൊക്കെ ആയിരുന്നു ആകെ ഉണ്ടായിരുന്ന ആയുധങ്ങള്‍. എഴുത്ത് അന്നും ഞങ്ങളെ ബന്ധിച്ചിരുന്നു. ഇടക്കിടക്കു പൊട്ടിപ്പുറപ്പെട്ട കുഞ്ഞ് സൃഷ്ടികള്‍ വേദനകള്‍ക്കിടയിലൂടെയും എഴുത്ത് നിലനിര്‍ത്തി.
മനസ്സാലെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന ഒരുപാടു ആശയവിനിമയങ്ങള്‍ ആ കാലഘട്ടത്തിലുടനീളം ഉണ്ടായിരുന്നു. എപ്പോഴൊക്കെയോ എന്റെ മകളും അതില്‍ പങ്കാളി ആയി.
വിരലിലെണ്ണാവുന്ന ഏതാനും ഓര്‍മ്മകള്‍ അവളും ഒപ്പിയെടുത്തിട്ടുണ്ടാവാം. ഇന്ന് ഞാന്‍ അവള്‍ക്ക് രാത്രി കഥകള്‍ മെനയുമ്പോള്‍, എന്റെയും കുഞ്ഞിന്റെയും ഇടയിലേക്ക് അവളുടെ അമ്മൂമ്മയുടെ ഓര്‍മ്മകളും കയറിവരും - അവ മെല്ലെ ഞങ്ങളെ ഉറക്കാറാണ് പതിവ്.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ശാന്തത അനുഭവപ്പെട്ടിട്ടുള്ളത് അമ്മയോടൊപ്പമുള്ള മൗനത്തിലധിഷ്ഠിതമായ, ധ്യാനഭരിതമായ, ചിന്തകള്‍ മാത്രം സംസാരിച്ചിരുന്ന കുറെ സന്ദര്‍ഭങ്ങളാണ്.
എന്റെ ജീവിതത്തിന് തുടക്കമിട്ട ആ നിശബ്ദമായ പൊക്കിള്‍കൊടി ബന്ധം, അതെ, അത് തന്നെയാണ് ഇന്ന് ഞാന്‍ അമ്മയുടെ യാത്രാശേഷം അനുഭവിക്കുന്നത്. ഞാനറിയാതെ, എന്നെ നോക്കി ഇരിക്കുന്ന, വല്ലപ്പോഴും വന്ന് എന്റെ അകതാരിലേക്കിറങ്ങി വാത്സല്യത്തിന്റെ ഒരു മേഘവിസ്‌ഫോടനം പോലെ സ്‌നേഹം പരത്തി എങ്ങോ ഓടി മറയുന്ന, ഒരു ഊര്‍ജ്ജം...ഒരു ഗ്രേസ്... അതാണ് എനിക്ക് അമ്മ. ഓര്‍മ്മകള്‍ വെറും സ്വപ്നങ്ങള്‍ പോലെ... ജീവിതവും മരണവും എല്ലാം ഇനി അമ്മയിലേക്കുള്ള ഒരു യാത്ര മാത്രം...
Content Highlights: ammayormakal uma praseetha daughter of writer ashitha shares her memory


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..