ബാലാമണിയമ്മ രണ്ടു കാലഘട്ടങ്ങളിൽ
ഇന്ന് ബാലാമണിയമ്മയുടെ 98-ാം ചരമദിനം. മണ്മറഞ്ഞ പ്രതിഭാധനരായ അമ്മമാരെക്കുറിച്ച് മക്കള്‍ എഴുതുന്ന പംക്തിയില്‍; 'അമ്മയോര്‍മകള്‍' മലയാളത്തിന്റെ മഹാകവയിത്രി നാലാപ്പാട്ട് ബാലാമണിയമ്മയെക്കുറിച്ച് ഇളയ മകള്‍ സുലോചന നാലാപ്പാട്ട് എഴുതുന്നു. ഇന്ന് ബാലാമണിയമ്മയുടെ ചരമദിനം.
നാലാപ്പാട്ട് ബാലാമണിയമ്മ എന്ന എന്റെ അമ്മ മലയാളത്തിന്റെ പൊതുസ്വത്താണ് എന്ന ധാരണയോടെ കൂടി മാത്രമേ അമ്മയോര്‍മകള്‍ എനിക്കു പങ്കുവെക്കാന്‍ കഴിയുകയുള്ളൂ. അമ്മയുടെ കവിതാശകലങ്ങളിലൂടെ അമ്മയെ അറിഞ്ഞ മകളായി ഞാന്‍ മാറിയത് വളരെ വൈകിയാണ്. അമ്മയുടെ അവസാനനാളുകളിലും അതിനുശേഷവുമാണ് അമ്മയുടെ കവിതകളിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നത്. അമ്മ എന്ന ശൂന്യത എനിക്കനുഭവപ്പെട്ടത് ഇല്ലാതാക്കാനായിരുന്നു ആ ഇറങ്ങിച്ചെല്ലല്‍.
ലക്ഷ്മി എന്നാണ് അമ്മയുടെ യഥാര്‍ഥപേര്. ബാലാമണി എന്ന് വീട്ടില്‍ വിളിക്കുന്ന പേരാണ്. അമ്മയ്ക്ക് കുട്ടിക്കാലം തൊട്ടേ അപസ്മാരം ഉണ്ടായിരുന്നു. അതുകാരണം അടുക്കളയിലേക്കോ, വെള്ളത്തിന്റെ സാന്നിധ്യമുള്ളിടത്തേക്കോ ഒന്നും അമ്മയെ തനിച്ച് അയക്കില്ല. നാലാപ്പാട്ട് വളരുന്ന കാലത്ത് അമ്മൂമ്മയും അമ്മയുടെ മുത്തശ്ശിയും അമ്മയുടെ അനിയത്തി അമ്മിണിയമ്മ (പത്മാവതി അമ്മ)യും അമ്മാവന് നാലാപ്പാട്ട് നാരായണ മേനോനും ആണ്, നാലപ്പാട്ട്ഉണ്ടായിരുന്നത്.
എന്റെ അച്ഛന് വി.എം. നായര്‍ എന്ന വടേക്കരമാധവന് നായര്‍ ഗുരുവായൂര്‍ക്കാരനാണ്. വീട്ടിലെ മൂത്ത മകനായിരുന്നു. പുന്നയൂര്‍ക്കുളത്തുനിന്നും ആറ് മൈല്‍ നടന്നാല്‍ നാലാപ്പാട്ടെത്തത്തും. അവിടെ കവിതയൊക്കെ എഴുതുന്ന ഒരു പെണ്‍കുട്ടിയുണ്ട് എന്നറിഞ്ഞു അവളെ വിവാഹം ചെയ്യണം എന്ന് ആഗ്രഹിച്ചു.അദ്ദേഹത്തിന്കല്ക്കത്തയിലായിരുന്നു ജോലി. അടുത്ത ലീവിന്അച്ഛന് വന്ന് പെണ്ണുകണ്ടു. അമ്മ അത്രസുന്ദരിയൊന്നുമല്ല. പക്ഷേ അച്ഛന് അമ്മയെ ഇഷ്ടമായി. എഴുത്തും വായനയുമൊക്കെ ഉള്ള പെണ്‍കുട്ടിയെയാണ് ജീവിതസഖിയായി അച്ഛന് ആഗ്രഹിച്ചിരുന്നത്. അച്ഛന്റെ സുഹൃത്ത് കൃഷ്ണന്‍കുട്ടി പണിക്കരും കൂടെയുണ്ടായിരുന്നു. സ്നേഹിതന്മാര് നടന്നാണ് വന്നത് എന്ന് പറയേണ്ടതില്ലല്ലോ.നാലാപ്പാട്ട് ഒരു അതിഥി വന്നാല്തിരിച്ചുപോകുമ്പോള് അനുയാത്രയായി കൂടെ ഒരാള്‍ പോകാറുണ്ട്. അങ്ങനെ നാലാപ്പാട്ടെ കാര്യസ്ഥന് കോന്തു നായര്‍ അച്ഛനെയും സുഹൃത്തിനെയും അനുഗമിച്ചു. പോകുന്ന വഴിയ്ക്ക് ചില കാര്യങ്ങള്‍ കൂടി കാര്യസ്ഥന് വരനില്‍ നിന്നും ചോദിച്ചറിയേണ്ടതുണ്ട്, ചിലതൊക്കെ അദ്ദേഹത്തെ അറിയിക്കുകയും വേണം. പെണ്‍കുട്ടിയ്ക്ക് ഇടയ്ക്കിടെ അപസ്മാരം വരാറുണ്ട് . ഈ കുട്ടിയില്‍ താല്പര്യക്കുറവ് ഉണ്ടങ്കില്‍ രണ്ടു വയസിനു താഴെയുള്ള അനിയത്തിയെ വിവാഹം കഴിക്കുന്നതില്‍ വിരോധമില്ലഎന്ന് അച്ഛനെ കോന്തു നായര്‍ അറിയിച്ചു.
അച്ഛന് മറുപടിപറഞ്ഞു. 'കവിയത്രിയായ ബാലയെ മതി എനിക്ക്. കല്യാണം കഴിച്ചതിനുശേഷമാണ് ഭാര്യക്ക്അസുഖം വന്നിരുന്നതെങ്കില്‍ ഞാന്‍ ചികിത്സിക്കില്ലേ? ഞാന്‍ നോക്കിക്കോളാം.'നാലാപ്പാട്ട് അടുക്കളപണിയ്ക്കും പുറം പണിയ്ക്കും പറമ്പ് പണിയ്ക്കുമെല്ലാം ആളുകളുണ്ട്. പക്ഷേ പണം കുറവാണ്. പറമ്പില്‍ നിന്നും പാട്ടത്തില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് കഴിയുന്നത്. നാരായണമേനോന് തത്വചിന്തയിലുംസാഹിത്യത്തിലും മുഴുകിയിരിക്കുന്നാളാണ് അതിനാല്‍ കുറെ കടബാധ്യതകളും ഉണ്ടായിരുന്നു.

ബാലാമണിയമ്മയ്ക്ക് പതിനെട്ട് തികഞ്ഞിട്ടുണ്ടാവും വി.എം. നായര്‍ക്ക് മുപ്പതും. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ അമ്മയെ കല്‍ക്കത്തയ്ക്കു കൊണ്ടുപോയില്ല. അവിടെ കവിയത്രിയായ ഭാര്യക്കു സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉണ്ടായിരുന്നു. പുതിയ ഒരു വാടകവീട് എടുത്തു ആവശ്യത്തിന് ജോലിക്കാരെ എല്ലാം ഏര്‍പ്പാട്ചെയ്തു. അമ്മ ആദ്യമായി കല്‍ക്കത്തയ്ക്കു പോകുമ്പോള്‍ നാലാപ്പാട്ട് മുഴുവനായും കൂടെപ്പോയിരുന്നു. അമ്മയുടെ അമ്മ, അച്ഛന്, അമ്മാവന്, സഹോദരി, അച്ഛന്റെ അനിയന്, ഇവരെല്ലാം... നാല് ദിവസത്തെ ട്രെയിന്‍ യാത്ര കഴിഞ്ഞ് കല്‍ക്കത്തയിലെത്തി.
അമ്മ കല്‍ക്കത്തയിലെ വീട്ടിലെത്തിയപ്പോള്‍ ആദ്യം അച്ഛന് കാണിച്ചുകൊടുത്തത് ചിന്തിക്കാനും എഴുതാനും വായിക്കാനും എല്ലാ സൗകര്യങ്ങളുമുള്ള അമ്മയുടേതായ ഒരു മുറിയായിരുന്നു. ''കുട്ടി ഇവിടിരുന്നുഎഴുതിക്കോളൂ, മറ്റൊന്നും നോക്കണ്ട.''അച്ഛന് പറഞ്ഞു. അമ്മയെ അച്ഛന് എന്നും വിളിച്ചിരുന്നത്'കുട്ടി' എന്നായിരുന്നു. ജീവിതത്തില്‍ പത്മഭൂഷണും സരസ്വതി സമ്മാനും വരെ ഏറ്റുവാങ്ങിയതിന്റെ പിന്നില്അച്ഛന്റെ ശക്തമായ കൈകളുണ്ടായിരുന്നു. അമ്മയോര്‍മകള്‍ പങ്കുവെക്കുമ്പോള്‍ എനിക്ക് അച്ഛനെ വിസ്മരിക്കാനാവില്ല. അമ്മ എന്ന മഹാവൃക്ഷത്തിന്റെ ജീവവേര് അച്ഛനായിരുന്നു എന്നുവേണം പറയാന്‍. അച്ഛനല്ല, മറ്റാരെങ്കിലുമായിരുന്നു അമ്മയെ വിവാഹം ചെയ്തിരുന്നതെങ്കില്‍ നാം കണ്ടബലമണിയമ്മഉണ്ടാവില്ലായിരുന്നുഎന്നെനിക്കുറപ്പാണ്. കുട്ടീ എന്ന് ഞങ്ങള്‍ മക്കളെ അച്ഛന് വിളിച്ചത് ഓര്‍മയില്ല. പക്ഷേ അമ്മയെ നിരന്തരം അങ്ങനെ വിളിക്കുന്നതുകേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്.

അമ്മ വായിച്ചു, എഴുതി, അംഗീകാരങ്ങള്‍ നേടി, സാഹിത്യത്തില്‍ തന്റേതായ കസേരയില്‍ ഇരുന്നു. ഞങ്ങള്‍ നാലുമക്കളെ അമ്മ പ്രസവിച്ചു. പ്രസവിച്ചെങ്കിലും കുഞ്ഞുങ്ങളെ എടുക്കുന്നതില്‍ നിന്നും സ്നേഹപൂര്‍വം അച്ഛന് അമ്മയെ പിന്തിരിപ്പിക്കുമായിരുന്നു. അപസ്മാരം ഉള്ളതാണ്. അപ്രതീക്ഷിതമായി വല്ലതും സംഭവിച്ചാലോ എന്ന ഭയമായിരുന്നു അച്ഛന്. അതാണ് ആമിയോപ്പു 'എന്റെ അമ്മയ്ക്ക് എന്നോട് സ്നേഹമില്ല എന്നെഴുതിയത്.' ഞങ്ങളെ സ്കൂളിലേക്ക് പോകാന്‍ ഒരുക്കാനോ, തലമുടി കെട്ടിത്തരാനോ, ഷൂ ഇടുവിക്കാനോ, കണ്ണെഴുതിത്തരാനോ, ഭക്ഷണം കഴിപ്പിക്കാനോ ഒന്നും അമ്മയ്ക്കറിയില്ലായിരുന്നു. ആമിയോപ്പുവിന്റെ കണ്ണില്‍ കുഞ്ഞുങ്ങളെ എടുത്തു താലോലിക്കാത്ത അമ്മയാണ് ബാലാമണിയമ്മ. അച്ഛന് കല്‍ക്കത്തയിലെ വലിയൊരു കമ്പനിയിലെ തലവനായി ഇരുന്നപ്പോഴും ഉത്തരവാദിത്തങ്ങള്‍ കൊണ്ട് നിന്നുതിരിയാന്‍ നേരമില്ലാതിരുന്നപ്പോഴും അമ്മയ്ക്ക് ഞങ്ങള്‍ മക്കളെക്കുറിച്ചുള്ള ഭാരങ്ങളോ ഉത്തരവാദിത്തങ്ങളോ അച്ഛന് കൊടുത്തിരുന്നില്ല. കല്‍ക്കത്തയിലെ ഏറ്റവും മികച്ച സ്കൂളുകളില്‍ പഠിക്കാനയച്ചു. തിരികെ വരുമ്പോള്‍ ജോലിക്കാരാണ് എല്ലാം ചെയ്തുതരിക.
വര്‍ഷത്തിലെ അവധിക്കാലങ്ങളില്മക്കള് നിര്‍ബന്ധമായും പുന്നയൂര്‍ക്കുളത്തും നാലാപ്പാട്ടും താമസിച്ചിരിക്കണെമെന്നും മലയാളഭാഷ സ്ഫുടമായി സംസാരിക്കാനും എഴുതാനും പഠിക്കണം എന്ന് അച്ഛന് നിഷ്കര്‍ഷയുണ്ടായിരുന്നു.
ഹോസ്റ്റലില്‍ താമസിച്ചു കൊണ്ടായിരുന്നു ഞാന്‍ പഠിച്ചിരുന്നത്.അവധിക്കാലത്തു വരുമ്പോഴാണ് അമ്മയെ കാണുക. വരുമ്പോള്‍ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിത്തരിക, വിശേഷങ്ങള്‍ പറയുക, കൂടെ ഇരിക്കുക... ഇതൊന്നും അമ്മയ്ക്കറിയില്ലായിരുന്നു. ഞങ്ങള്‍ കാണുമ്പോഴെല്ലാം അമ്മ എഴുതുകയാണ്. പക്ഷേ ഞങ്ങള്‍ നാലു കുട്ടികളും അമ്മയെ വായിച്ചിട്ടില്ല, അമ്മ എഴുതിയതിന്റെ ആഴം അറിഞ്ഞിട്ടുമില്ല. ഈ അവസരം അതിനായിട്ട് ഉപയോഗപ്പെടുത്തുകയാണ് ഞാന്‍.
അമ്മ ഇരുന്ന് എഴുതുന്നതാണ് എന്റെ ഓര്‍മയില്‍ ആദ്യം വരുന്നത്. കട്ടിലില്‍ കാല് പിന്നിലേക്കു മടക്കി വജ്രാസനത്തിലിരുന്നാണ് എഴുതുക. എഴുത്തുകാരുടെ ഫോട്ടോ എടുക്കാന്‍ വരുമ്പോള്‍ മേശയ്ക്കരികില്‍ ഇരുത്തി എഴുതാന്‍ പറയും ഫോട്ടോഗ്രാഫര്‍മാര്‍. അങ്ങനെയുള്ള ഫോട്ടോകള്‍ അമ്മയുടെതും എടുത്തിട്ടുണ്ട്. പക്ഷേ അമ്മ ഒരിക്കലും അങ്ങനെ ഇരുന്ന് എഴുതിയിട്ടില്ല. കയ്യിലും വേഷ്ടിയിലും പരന്നിറങ്ങുന്ന ഫൗണ്ടന് പേനയിലെ മഷിപ്പാടോടെ മാത്രമേ അക്കാലത്തെല്ലാം അമ്മയെ കാണാന്‍ കഴിയുമായിരുന്നുള്ളു
എന്റെ എം.ബി.ബി.എസ്. പഠനം കഴിഞ്ഞപ്പോള്‍ മാതൃഭൂമിയിലെ മാനേജര്‍ എന്‍. കൃഷ്ണന്‍നായരുടെ മകനായ ഉണ്ണിയുടെ വിവാഹാലോചന ഉണ്ടായി. ഉണ്ണിയും ഞാനും തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ചെറുപ്പം മുതലേയുള്ള പരിചയമാണ്. മൂന്നാറില്‍ ടാറ്റ ടീ എസ്റ്റേറ്റില്‍ മാനേജരായിരുന്നു. വിവാഹശേഷം ഞാനും ടാറ്റയില്‍ ഡോക്ടറായി സേവനം തുടങ്ങി. എനിക്കു മൂന്നു മക്കളായി. അമ്മ അക്കാലത്തൊക്കെ മിക്കവാറും ആമിയോപ്പുവിന്റെ കൂടെയായിരുന്നു. സര്‍വീസില്‍നിന്നു റിട്ടയര്‍ ചെയ്തപ്പോള്‍ നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ ഞാനും ഉണ്ണിയും തീരുമാനിച്ചു. അപ്പോഴാണ് അമ്മയെയും ഞങ്ങളുടെ കൂടെ കൂട്ടാന്‍ തീരുമാനിച്ചത്. എറണാകുളത്ത് വീടും സ്ഥലവും വാങ്ങിച്ചു. അമ്മയ്ക്കായി മുറിയൊരുക്കി. അമ്മയെ മറവി അപ്പോഴേക്കും ബുദ്ധിമുട്ടിക്കാന്‍ ആരംഭിച്ചിരിന്നു. അമ്മ എന്ന എഴുത്തുക്കാരിയെക്കുറിച്ച് എനിക്കൊന്നുമറിയില്ലല്ലോ എന്ന തിരിച്ചറിവുണ്ടായത് അമ്മ ഞങ്ങളോടൊപ്പം താമസിക്കാന്‍ തുടങ്ങിയപ്പോഴാണ്. അമ്മയെപ്പറ്റി അറിയണം എന്ന തീരുമാനത്തില്‍ നിന്നാണ് അമ്മയുടെ കവിതകള്‍ വായിക്കാനും പഠിക്കാനും തുടങ്ങിയത്. തത്വചിന്തയുടെ തീരാക്കടല്‍ അമ്മയുടെ കവിതകളില്‍ ഞാന്‍ ദര്‍ശിക്കുകയുണ്ടായി.
അമ്മയുടെ കൂടെ താമസിച്ച്എനിക്ക് പല തിരിച്ചറിവുകളും ഉണ്ടായി. സന്ധ്യക്ക് വിളക്ക് കൊളുത്തിയാല്‍ നാമം ചൊല്ലുന്ന ശീലമുണ്ട് അമ്മയ്ക്ക്. അത് പക്ഷേ പൂജാമുറിയിലാവണം എന്നില്ല. ഉമ്മറത്തിരുന്ന് പ്രകൃതിയിലേക്ക് നോക്കി നാമം ചൊല്ലും. രാവിലേ നാലരയാവുമ്പോള്‍ എഴുന്നേല്ക്കും പച്ചവെള്ളത്തില്‍ കുളിക്കും. വിളക്ക് കൊളുത്തി നാമം ചൊല്ലും. അതും ഉമ്മറത്തിരുന്ന് സൂര്യനെ നോക്കിയാണ് ചൊല്ലുക. മണിക്കൂറുകളോളം നാമം ചൊല്ലും.

അമ്മ വളര്‍ന്ന വീട്ടില്‍ 'ദീപായുധ പൊന്നല ചാര്ത്തിനപ്പുറത്ത് ഗോപാലകൃഷ്ണന് കളിക്കുന്ന കോവിലില്‍ സന്ധ്യയ്ക്ക് കൈത്തിരി വെച്ചതില്‍ കണ്‍നട്ട് സര്‍പ്പങ്ങളാടുന്ന ചിത്രകൂടങ്ങളുംകെട്ടതിരികള്തന് പാടൊട്ടി നില്ക്കുന്ന' തെക്കേ കോലായയും ഉണ്ടായിരുന്നു. നാലാപ്പാട്ടിനെക്കുറിച്ചുള്ള അമ്മയുടെ വര്‍ണനയാണ്. നാലാപ്പാട്ട് സര്‍പ്പക്കാവ് ഉണ്ടായിരുന്നു. അമ്മ അച്ഛനോടൊപ്പം വിവിധ നാടുകളില്‍ താമസിച്ചെങ്കിലും നാലാപ്പാട്ട് അമ്മയുടെ ഉള്ളില്‍ ഉറഞ്ഞുകിടന്നിരുന്നു എക്കാലവും.
നാലു വയസ്സുകാരന് മകന് തൊട്ടിലില്‍ കിടക്കുന്ന അനിയത്തിയെ നോക്കി 'ഈ കുട്ടി എവിടുന്നു വന്നു അമ്മേ?' എന്നാരാഞ്ഞപ്പോള്‍ ഉത്തരം തേടി മനസ്സിന്റെ ഇടനാഴികളിലൂടെ അലഞ്ഞ് അമ്മ ചോദിച്ചത് ഇങ്ങനെ:
നാല്ക്കാലി സ്വന്തം നിഴലിനെ കുനിഞ്ഞുനിന്ന് സൂക്ഷ്മമായി വീക്ഷിക്കുന്നത് എന്തിനെയാണ്?
പക്ഷി ചിന്നിയ തൂവല്പ്പടര്പ്പില് കൊക്കുകൊണ്ട് തിരയുന്നതെന്ത്?
ആല്‍വൃക്ഷം നീണ്ട വേടുകള്‍ മണ്ണിലേക്കിറക്കി തിരയുന്നതെന്തിനെ?അമ്മയുടെ മൗനം കണ്ട് കുട്ടി തീരുമാനിക്കുകയാണ്. 'ഈ അമ്മയ്ക്ക് ഒന്നും അറിയില്ല.
'എന്റെ മൂത്ത ജ്യേഷ്ഠന് ആമിയോപ്പു ഉണ്ടായപ്പോള്‍ ചോദിച്ചതില്‍ നിന്നാണത്രേ ഈ കവിതയുണ്ടായത്.
അവസാന സന്തതിയായ ഞാന്‍ മെഡിസിന് ചേര്‍ന്നപ്പോള്‍ അനാട്ടമി ഡിസക്ഷന്‍ ഹാളില്‍ രണ്ടു തവണ തല ചുറ്റി വീണു. അതറിഞ്ഞപ്പോള്‍ അമ്മ കുറിച്ചുവെച്ചതിങ്ങനെയാണ്.
ഇക്കിളിക്കൂട്ടിന്റെ നാരുകളെണ്ണിയാല്ത്തല്ക്കലാമര്മങ്ങള്
നിങ്ങളറിയുമോ
ഏതണുവെയും പുതുക്കിപ്പണിതതും
ചോരയൊഴുക്ക്യന്ന്യുനമായ് വെച്ചതും
മോധാപ്രദീപം സമുജ്ജ്വലിപ്പിച്ചതും.ആരെ, എന്തിന് എന്നറിയാതെ നിങ്ങള്‍ക്കെങ്ങനെ ആയുരാരോഗ്യരഹസ്യങ്ങള് കൈവരും എന്നാണ് അമ്മ ചോദിക്കുന്നത്.
അമ്മയുടെ 'ദുഃഖം' എന്നൊരു കവിതയുണ്ട്. തന്റെ മാറില്‍ ഒരു കുഞ്ഞിനെപ്പോലെ പറ്റികിടക്കുന്ന കദനത്തെപ്പറ്റി അമ്മ എഴുതി. ''ഏതുനാള്‍ തൊട്ടെന്ന് ഓര്‍മയില്ല/ ഉല്ലാസയാത്രയായി ആരംഭിച്ച ജീവിതം ആള്‍ത്തിരക്കേറി വേഗത പൂണ്ടു/ താനണിഞ്ഞ അലങ്കാരങ്ങള്‍ ഓരോന്നോരോന്നായി അഴിഞ്ഞുവീണു/ ചെരിപ്പ് ആണികള്‍ മാത്രം നിര്‍ത്തി തേഞ്ഞു/ വെണ്ണിലാവൊളിനീളേ പൊഴിച്ച കണ്ണടപോലും ഉടഞ്ഞുനുറുങ്ങി/നീ മാത്രം പണ്ട് ഞാന്‍ പുതപ്പിച്ച പട്ടിനുള്ളില്‍ എന്റെ ജീവനാംശവും നുകര്‍ന്ന് പുലരുന്നു/ കോവിലിന് പടിക്കല്‍ വെച്ച് നീയെന്നെ താങ്ങീടുന്നു/ ഹാ വളര്‍ന്നല്ലോ കുഞ്ഞേ നിര്വൃതിയായെന് ജന്മം.'' ഇവിടെ അമ്മയുടെ കുട്ടിയാണ് ദു:ഖം. കുട്ടിക്കാലത്തെ അസുഖവും നാടുവിട്ടുള്ള കല്‍ക്കത്തയിലെ ജീവിതവും അമ്മയുടെ മറ്റ് സ്വകാര്യതകളിലുമെല്ലാം ദു:ഖമുണ്ടായിരുന്നിരിക്കാം. ക്ഷേത്രപ്പടിയില്‍ വെച്ച് എന്റെ ദു:ഖങ്ങളെല്ലാം ഭഗവാന് ഏറ്റുവാങ്ങി എന്നാണ് പറയുന്നത്.
അമ്മയ്ക്ക് ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. വീട്ടില്‍ വന്ന് അധ്യാപകര്‍ സംസ്കൃതവും, മലയാളവും ഇംഗ്ലീഷുംപഠിപ്പിച്ചിരുന്നവത്രേ. അമ്മ വളരെ നന്നായിഇംഗ്ലീഷ് എഴുതുകയും വായിക്കുകയും ചെയ്യുമായിരുന്നു. അച്ഛന് മരിച്ച് തിരുനാവായയില്‍ ബലിയിടാന്‍ പോയപ്പോള്‍ അമ്മയും കൂടെ വന്നിരുന്നു. അച്ഛന്റെ വിയോഗം അമ്മയെദു:ഖത്തിലാഴ്ത്തിയിരുന്നു.
'മുറുകെപ്പിടിച്ച കയ്യഴയാനെന്തേതോഴ
നിറയും മങ്ങൂഴത്തില്‍ നിന്നു ഞാന്‍ നടുങ്ങുന്നു.
തിരിഞ്ഞുചാരം പാറും പ്രജ്ഞതന്‍ ചിത
ചിക്കിക്കരിഞ്ഞോരഹസ്സിന്റെ അസ്ഥികള്പെറുക്കുന്നു
അറിയാവഴികളില്‍ ചരിച്ചു
ജഗത്തിന്റെ നിറവും മണവും സ്വാദും ഒപ്പമേ നുകര്ന്നൂ നാം
സാന്ധ്യരാഗത്തില്‍ സാന്ദ്രശോഭമായിക്കിടന്നല്ലോ സംസൃതി
നമുക്ക് കാല്ച്ചുവട്ടില് ഇത്തിരി മുമ്പും'...ജീവിതമാകുന്ന സന്ധ്യയില്‍ അച്ഛനോടൊപ്പം എങ്ങനെയായിരുന്നു ചിലവഴിച്ചത് എന്ന് അമ്മ ഓര്‍ക്കുകയാണ്.
'പരുത്തകയ്യില് കൂടുവെച്ച തൂലികയുമായ്പ്പകലിന് മങ്ങും മുഖം പാര്‍ത്തിരിക്കെ /ഭാവി, തുടച്ചിട്ട ഒരു കൂറ്റന്‍ വിശ്രമാലയം പോലെ മുന്നില്‍ നിവര്ന്നുകിടക്കുന്നതറിഞ്ഞു' എന്നും, അച്ഛന്റെ വിയോഗത്തിനു ശേഷം അമ്മഎഴുതി. പഴയ നാളുകളുടെ കര്ത്തവ്യഭണ്ഡാരങ്ങള് മനസ്സില്‍ തെളിഞ്ഞു. 'ഇനിയും വരുംപോകുമോണങ്ങള് വിരുന്നുടുപ്പണിയും തീന്മേശകള്. ചിരിയും പാട്ടും പൊങ്ങും. ഒരു മഞ്ഞലപോലെ, ഒരു നിശ്വാസം പോലെ അലയും ഞാന്വെറുതെ മുറകളെത്തേടിയും തൊട്ടും വിട്ടും...'

അമ്മയ്ക്ക് പ്രായമായി വയ്യാതെയായിരിക്കുന്നു. എനിക്കും തിരക്കുകളൊന്നുമില്ല. അതിനാല്‍ത്തന്നെ അമ്മയെക്കൊണ്ട് ഞാന്‍ ഒന്നും ചെയ്യിക്കാറില്ല. അമ്മയ്ക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്ത് അവരെ സ്വസ്ഥമായി ഇരുത്താനാണ് ശ്രമിക്കുക. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മ ചിലപ്പോള്‍ പതുക്കെ എഴുന്നേറ്റ് ഒരു കൂട്ടാന്‍ തീന്മേശമേല് നീക്കി വെക്കും. ഇത്കാണുമ്പോള്‍ ഞാന്‍ ചെയ്തോളാം അമ്മേ എന്നു പറഞ്ഞ് ആ ജോലി ഞാന്‍ ഏറ്റെടുക്കുമായിരുന്നു. ഇത് തെറ്റായിരുന്നു എന്ന് അമ്മയുടെ ഒരു കവിത വായിച്ചശേഷം ഞാന്‍ തിരിച്ചറിഞ്ഞു. തനിക്ക് ഇനി ജീവിതത്തില്‍ യാതൊരു കടമയും ബാക്കിയില്ല എന്ന തോന്നല്‍ ആരെയും അത്യധികം വ്യസിനിപ്പിക്കും. അമ്മ എഴുതിയിട്ടുണ്ട്. 'ഒരു മഞ്ഞലപോലെ, ഒരു നിശ്വാസം പോലെ, അലയും ഞാന്‍ വെറുതെ... മുറകളെത്തേടിയും തൊട്ടും വിട്ടും... ' ഞാന്‍ അമ്മയുടെ മനസ്സറിഞ്ഞു.
അമ്മയെ ഊര്‍ജസ്വലയായി കാണാന്‍ നമ്മള് എന്തെങ്കിലുമൊക്കെ ജോലികള്‍ ചെയ്യാന്‍ അനുവദിക്കണം. അമ്മയോട് എന്തു ജോലിയാണ് ചെയ്യാന്‍ പറയുക? എനിക്ക് സഹായത്തിന് ആളുകള്‍ ഉണ്ട്. വീട് എന്ന വലിയ ആശയത്തില്‍ അമ്മമാര്‍ക്ക് ധാരാളം ചെയ്തു തീര്‍ക്കാനുണ്ട്. അവര്‍ക്കെത്ര പ്രായമായാലും; വയ്യാതായാലും. തന്നെക്കൊണ്ട് ആര്‍ക്കും ഒരു ഉപകാരവുമില്ല എന്ന ചിന്ത വന്നുപെടാന്‍ പാടില്ല. അതുകൊണ്ട് അലക്കിയ തുണികള്‍ ഉണങ്ങിയാല്‍ ഞാന്‍ അമ്മയോട് പറയും; 'അമ്മേ തുണികള്‍ എല്ലാം ഒന്നു മടക്കി വെച്ചോളൂട്ടോ.' വലിയ ഉത്തരവാദിത്തം ലഭിച്ച ഭാവത്തിലാണ് അമ്മ എഴുന്നേറ്റ് തുണി മടക്കാന്‍ പോവുക.
അച്ഛന് വായിക്കാത്ത ഒരു കവിതയും അമ്മ പ്രസിദ്ധീകരിച്ചിട്ടില്ല. വായനയില്‍ നിര്‍ദ്ദേശങ്ങളും അമ്മയ്ക്കുനേരെ വരും. അച്ഛന് കുറേ നടക്കുന്ന ആളാണ്. ഒരു ദിവസം നടക്കാനിറങ്ങിയ അച്ഛന് പാതിവഴിയില്‍ തിരികെ വന്ന് 'കണ്ടാള് തന് കണവനെ കാമ്യനാം ഭൂപാലനെ കല്യാണപ്പൂപ്പന്തലില്‍ കാതരാക്ഷിയാം മീര...'എന്നു അമ്മയുടെ അടുത്തുചെന്ന് ചൊല്ലി. 'ബാക്കി കുട്ടി എഴുതിക്കോളൂ' എന്ന് പറഞ്ഞ് മടങ്ങിപ്പോയി.
കവിത്വമുള്ള എത്രയോ സ്ത്രീകള്‍ അവരുടെ മനസ്സിനകത്തും അകത്തളങ്ങളിലും ഇരുന്ന് എഴുതിയിട്ടുണ്ടാകും അമ്മയുടെ കാലത്ത്. അമ്മയുടെ എഴുത്തുകളെ കൃത്യമായി ഏകോപിപ്പിച്ചുകൊണ്ട് പ്രസിദ്ധീകരിക്കാനും സമാഹരിക്കാനും അച്ഛന് തുനിഞ്ഞിറങ്ങിയതു കൊണ്ടാണ് ബാലാമണിയമ്മ മഹാകവിയായത്.
പുരസ്കാരങ്ങള്‍ ലഭിക്കുമ്പോള്‍ അമ്മയില്‍ പ്രത്യേകിച്ച് ഭാവപ്രകടനങ്ങളൊന്നും കാണില്ല. പുരസ്കാരങ്ങള്‍ തരുന്ന സ്വീകാര്യതയോടും മഹത്തരത്തോടുമൊക്കെ നിസംഗഭാവമാണ്. അതേക്കുറിച്ച് അമ്മയ്ക്ക് അറിയുകയുമില്ല. പത്മഭൂഷണ്‍ സ്വീകരിക്കാനായി അമ്മയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത് ഞാനായിരുന്നു. പത്മഭൂഷണ്‍ സ്വീകരിക്കേണ്ട വിധം പരിചയപ്പെടുത്താനായി തലേന്ന് റിഹേഴ്സല്‍ ഉണ്ടായിരുന്നു. മുണ്ടും വേഷ്ടിയുമാണ് അമ്മയുടെ വേഷം. വേഷ്ടി അമ്മ വെറുതെ ചുറ്റി ഇടുകയേ ഉള്ളൂ. കുത്തിവെക്കില്ല. പത്മഭൂഷണ്‍ നല്കി ആദരിച്ചുകഴിഞ്ഞാല് പുറം തിരിയാതെ വേണം പോകാന്‍. ഈ ചടങ്ങാണ് റിഹേഴ്സലില്‍ പഠിപ്പിക്കുക.
രണ്ട് മണിക്കൂറോളം ഇരുന്നാണ് ഇതെല്ലാം കാണിച്ചുകൊടുത്തത്. ഹോട്ടലില്‍ പോയിട്ട് പിന്നെയും അമ്മയെക്കൊണ്ട് ഞാന്‍ ചെയ്യിപ്പിച്ചു. വേഷ്ടി കൃത്യമായി ചുറ്റാന്‍ പറഞ്ഞു. വേഷ്ടി ഉലയാതിരിക്കാന്‍ ഒരു ചരടും കെട്ടിക്കൊടുത്തു. പിറ്റേന്ന് പത്മഭൂഷണ്‍ സ്വീകരിക്കാനായി അമ്മയെ വിളിച്ചു. അമ്മ സാധാരണ പോലെ കയറിപ്പോയി പത്മഭൂഷണ്‍ സ്വീകരിച്ച് തിരിഞ്ഞിറങ്ങിപ്പോരുകയും ചെയ്തു! ബാലാമണിയമ്മ ബാലാമണിയമ്മയാണ്. ആര് എന്തൊക്കെ പുതിയ സമ്പ്രദായം പഠിപ്പിച്ചു കൊടുത്താലും അമ്മയെ സ്പര്‍ശിക്കില്ല.തന്നെ അത്ര വലിയ ആളായി മറ്റുള്ളവര്‍ കാണണം എന്ന്അമ്മയ്ക്ക് നിര്‍ബന്ധവും ഇല്ല .
അതുപോലെ തന്നെ സരസ്വതി സമ്മാന്‍ ലഭിച്ചു. നാല് ലക്ഷം രൂപ ആണ് പുരസ്കാരത്തുക എന്നു പറഞ്ഞപ്പോള്‍ 'നാല് ലക്ഷമോ, എന്താ കഥ!' എന്നു ചോദിച്ചുള്ള അമ്മയുടെ നില്പ് ഇപ്പോഴും എനിക്കോര്മയിലുണ്ട്. പിന്നെപ്പറഞ്ഞു, 'അത് നിങ്ങള്‍ നാലാളും കൂടി എടുത്തോളൂ.' പണത്തെക്കുറിച്ച് അമ്മയ്ക്ക് അത്ര ഗ്രാഹ്യമേ ഉള്ളൂ. അതേക്കുറിച്ച് അമ്മ വേവലാതിപ്പെട്ടിട്ടേയില്ല. അച്ഛനായിരുന്നു വീട്ടിലേക്കുള്ള ചെലവുകളും മറ്റും നടത്തിയിരുന്നത്. അച്ഛന് മരിക്കുമ്പോള്‍ എന്റെ കുട്ടികള്‍ അമ്മയുടെ അടുത്തുനിന്നായിരുന്നു പഠിച്ചിരുന്നത്. ചെലവുകള്‍ക്കെല്ലാം കൂടി മാസത്തില്‍ ഏതാണ്ട് എത്ര രൂപ വേണ്ടി വരും എന്നന്വേഷിച്ചു ഞാന്‍. അമ്മ കാര്യമായിട്ട് ആലോചിച്ച ശേഷം പറഞ്ഞു: 'ഒരു അഞ്ഞൂറു രൂപ! ചിലപ്പോള്‍ മാസാവസാനം തികഞ്ഞില്ലങ്കില്‍ അച്ഛനോട് നൂറുര്‍പ്യ കൂടി വാങ്ങും. അമ്മയുടെ വിചാരം ഈ അഞ്ഞൂറു രൂപ കൊണ്ടാണ് വീട് ഒരു മാസം കഴിയുന്നതെന്നാണ്! അമ്മ, എന്റെ മൂന്നു കുട്ടികള്‍, ഏട്ടന്റെ രണ്ടു കുട്ടികള്‍, രണ്ട് ജോലിക്കാരികള്‍, ഒരു വെുപ്പുകാരന്...ഇവരെയെല്ലാം പരിപാലിക്കാന്‍ മാസം അഞ്ഞൂറു രൂപ മതി എന്നാണ് അമ്മയുടെ വിചാരം. 1977-ലാണ് അച്ഛന് മരിക്കുന്നത്.
നാലാപ്പാട്ട് ജനിച്ചു, അക്ഷരാഭ്യാസം പഠിച്ചു, കവിതയെഴുതുന്ന കുട്ടിയില്‍ തല്‍പ്പരനായ വടക്കേക്കര മാധവന് നായര്‍ വിവാഹം കഴിച്ചു. ഒരു ജോലിയും ഉത്തരവാദിത്തവും ഏല്‍പ്പിക്കാതെ കവിതയെഴുതാനായി മുറിയൊരുക്കിക്കൊടുത്തു. ബാലാമണിയമ്മ നന്നായി വായിച്ചു, എഴുതി, പ്രശസ്തമായി, മലയാളത്തിന്റെ തന്നെ അമ്മയായി... അപസ്മാരമുണ്ടായിരുന്ന കുട്ടിയോടുള്ള പരിഗണനയും ചികിത്സയും അച്ഛന് അമ്മയ്ക്ക് നല്‍കിയിരുന്നു. എനിക്ക് പത്തു മാസം പ്രായമുള്ളപ്പോഴാണ് അവസാനമായി അമ്മയ്ക്ക് അപസ്മാരം വന്നത്. അവസാനത്തെ പത്തു വര്‍ഷം അമ്മയെ പരിചരിക്കാനുള്ള ഭാഗ്യം എനിക്കായിരുന്നു. ആ ഭാഗ്യത്തിലൂടെയാണ് അമ്മയെന്ന കവയിത്രിയെ ഞാന്‍ അടുത്തറിയുന്നത്.

അമ്മ എന്ന നിലയില്‍ ഞങ്ങള്‍ നാലു മക്കളിലും വികാരവായ്പോടെയുള്ള പെരുമാറ്റമോ സ്വാധീനം ചെലുത്തലോ ഒന്നും അമ്മയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അത് നാലാപ്പാട്ടിന്റെ ഗുണമാണ്. നാലാപ്പാട്ടുകാര്‍ അങ്ങനെയാണ്. അമ്മാവന് നാലാപ്പാട്ട് നാരായണ മേനോനെ കാണാനും സംസാരിക്കുവാനുമായി അക്കാലത്തെ പ്രതിഭകളും പ്രശസ്തരുമായവര്‍ വരുമായിരുന്നു. അനവധി വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യും. കാലികമായതും അല്ലാത്തതും. വള്ളത്തോള്‍, ജോസഫ് മുണ്ടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട്, കുട്ടികൃഷ്ണ മാരാര്‍, ചങ്ങമ്പുഴ തുടങ്ങിയവരെല്ലാം അടിക്കടി വരുമായിരുന്നു
നാലാപ്പാട്ടുകാര്‍ കുട്ടികളെ ബഹുമാനിച്ചിരുന്നു എന്നാണ് എന്റെ അഭിപ്രായം. എല്ലാ കുട്ടികളെയും വ്യക്തികളായിത്തന്നെ പരിഗണിച്ചിരുന്നു. പൂമുഖത്ത് സന്ദര്‍ശകരോടൊപ്പം അമ്മാവന് ഇരിക്കും. അമ്മാവന് പ്രത്യേക കസേര തന്നെയാണ്. തൊട്ടിപ്പുറത്ത് വലിയൊരു ഗാന്ധിച്ചിത്രം ഉണ്ട്. അതിനടുത്താണ് അമ്മാവന് ഇരിക്കുക. സംസാരം തുടങ്ങിയാല്‍, അമ്മമ്മ, അമ്മ, ചെറിയമ്മ തുടങ്ങി സ്ത്രീകളെല്ലാവരും തെക്കിനിയില്‍ ഇരുന്ന് അവരുടെ സംസാരം കേള്‍ക്കും. അമ്മാവന് അത് വലിയ ഇഷ്ടമായിരുന്നു. തങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ വീട്ടിലെ സ്ത്രീകള്‍ കൂടി അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ് എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.
തെക്കെ മുറ്റത്ത് ഞങ്ങള്‍ കളിക്കുമ്പോള്‍ അമ്മാവന് ഓരോരുത്തരെയായി വിളിച്ച് അതിഥികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കും. ഇത് ബാലയുടെ മോളാണ് സുലു, പഠിക്കുന്നത് ഇത്രാം ക്ലാസിലാണ്. വിരുന്നുകാര് ഞങ്ങളോട് കുശലങ്ങള്‍ ചോദിക്കും. അവരും സ്നേഹത്തോടെയാണ് സംസാരിക്കുക. കുട്ടികള്‍ക്ക് നല്‍കിയിരുന്ന ആ പരിഗണനയായിരുന്നു യഥാര്‍ഥത്തില്‍ ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും അടിത്തറ. കുറ്റം പറയില്ല കുട്ടികളെ ഒരിക്കലും. ആമിയോപ്പുവിന്റെ എഴുത്തില്‍ ചില കലാപങ്ങള്‍ ഉണ്ടായപ്പോള്‍ അമ്മ അതെല്ലാം വായിച്ചു, തലയാട്ടി. എഴുത്തല്ലേ, ഭാവനയല്ലേ എന്ന മട്ടായിരുന്നു അമ്മയ്ക്ക്. അച്ഛന് പക്ഷേ ഒരു സന്ദര്‍ഭത്തില്‍ പിണങ്ങാനിടയായി. എന്നാലും ആമിയോപ്പുവിന്റെ വ്യക്തിത്വത്തെ അച്ഛനമ്മമാര്‍ ബഹുമാനിച്ചിരുന്നു.
ആളുകള്‍ പ്രശ്നം വലുതാക്കി അച്ഛനു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അച്ഛന്റെ മുഖം കറുക്കും. അമ്മയ്ക്ക് മാത്രമേ അത് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ. അമ്മ അതിനു വലിയ വില കൊടുത്തില്ല. അച്ഛനോട് പറയും. 'ആമി അങ്ങനെയല്ലേ, അവളെന്താച്ചാ എഴുതിക്കോട്ടെ, എഴുത്തല്ലേ. അവളെ നമുക്കറീല്ലേ, അതൊന്നും നോക്കണ്ട...' എന്നൊക്കെ പറഞ്ഞ് അമ്മ അത് നിസ്സാരമാക്കും. അച്ഛന് ഏറ്റവും അധികം സ്നേഹിച്ച 'കുട്ടി 'അമ്മ കഴിഞ്ഞാല്‍ ആമിയോപ്പുവായിരുന്നു. ഞങ്ങള്‍ മറ്റു മൂന്നു കുട്ടികളും വേഗം തന്നെ ഹോസ്റ്റലുകളിലേക്ക് മാറിയിരുന്നു. കൂടുതല്‍ കാലം അച്ഛനോടൊപ്പം കഴിയാന്‍ ഭാഗ്യമുണ്ടായത് ആമിയോപ്പുവിനായിരുന്നു. പത്താം ക്ലാസ് വരെ ആമിയോപ്പു അച്ഛന്റെ കൂടെ കല്‍ക്കട്ടയില്‍നിന്നു. മാതൃഭൂമിയിലേക്ക് ആമിയോപ്പു എഴുതിയ ഒരു കഥ അച്ഛന് എഡിറ്റ് ചെയ്തു. ആമിയോപ്പുവിന് അത് ഇഷ്ടമായില്ല, പിണങ്ങി. വിയോജിക്കാനുള്ള സ്വാതന്ത്ര്യവും അച്ഛന് മക്കള്‍ക്ക് തന്നിരുന്നു. ഞങ്ങളുടെയെല്ലാം പരമപ്രധാനമായ ലക്ഷ്യം മികച്ച അക്കാദമിക നേട്ടങ്ങളിലൂടെയും മറ്റും അച്ഛനില്‍ മതിപ്പുളവാക്കുക എന്നതായിരുന്നു. അമ്മ അവിടെയൊരു വിഷയമായിരുന്നില്ല. അച്ഛന്റെ പുകഴ്ത്തലുകളായിരുന്നു ഞങ്ങളുടെ ഊര്‍ജം. ഇന്ത്യ വിഭജിച്ചപ്പോള്‍, കല്‍ക്കത്ത കലുഷിതമായപ്പോള്‍, റിട്ടയര്‍മെന്റിനു ശേഷം അവിടെ തുടരണ്ട എന്ന് അച്ഛന് തീരുമാനിക്കുകയായിരുന്നു.

അമ്മയുടെ പുരസ്കാരങ്ങളില് അച്ഛനായിരുന്നു അഭിമാനിച്ചതും അഹങ്കരിച്ചതും. അച്ഛന് സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നയാളും അനവധി ഉന്നതതല ബന്ധങ്ങള്‍ ഉള്ളയാളുമായിരുന്നു. അമ്മയ്ക്ക് കിട്ടിയ പുരസ്കാരങ്ങളില്ലെലാം അച്ഛന്റെ അദൃശ്യമായ ഇടപെടലുകള്‍ ഉണ്ടായിരിക്കില്ലേ എന്ന സംശയം എന്നില്‍ വന്നുചേര്‍ന്നത് സ്വാഭാവികം. കാരണം അമ്മ എഴുതുന്നു, അച്ഛനെ കേള്‍പ്പിക്കുന്നു, പ്രസിദ്ധീകരിക്കാനായി കവറിലിട്ട് കൊടുക്കുന്നു. അച്ഛനാണെങ്കില്‍ അമ്മയുടെ കവിത്വത്തില്‍ അങ്ങേയറ്റം അഭിമാനിച്ചിരുന്നയാളും. അംഗീകാരങ്ങളുടെ പിറകില്‍ അച്ഛനുണ്ടാവാതിരിക്കില്ല എന്ന എന്റെ നിഗമനത്തെ പാടേ റദ്ദുചെയ്തത് അമ്മയുടെ ഡയറിക്കുറിപ്പുകളായിരുന്നു. അച്ഛന് ജീവിച്ചിരുന്ന കാലത്ത് ആകെ ഒന്നോ രണ്ടോ പുരസ്കാരമേ അമ്മയ്ക്ക് ലഭിച്ചിട്ടുള്ളൂ. അച്ഛന് മരിച്ചതിനുശേഷമാണ് സംസ്ഥാനതലത്തിലും ദേശീയതലത്തിലുമെല്ലാമുള്ള പുരസ്കാരങ്ങള്‍ അമ്മയെ തേടിയെത്തിയത്.
അവാര്‍ഡു കമ്മിറ്റികളുടെ പിന്നാമ്പുറത്തു ചെന്ന് ഭാര്യയ്ക്ക് പുരസ്കാരം വാങ്ങിക്കൊടുക്കുന്ന ആളായിരുന്നില്ല അച്ഛന് എന്ന് അമ്മയുടെ ഡയറിയിലെ വടിവൊത്ത കയ്യക്ഷരങ്ങള്‍ എന്നോട് വിളിച്ചുപറഞ്ഞു. ഓരോ ദിനവും നടന്ന കാര്യങ്ങളെല്ലാം തന്ന അമ്മ ഡയറിയില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി കുറിച്ചുവെച്ചിരുന്നു. പുരസ്കാരങ്ങളുടെ നീണ്ട നിരകളെല്ലാം തന്നെ വിശദമാക്കിയത് 1977-ന് ശേഷമുള്ള, അച്ഛന്റെ വിയോഗശേഷമുള്ള, അമ്മയുടെ ഡയറികളായിരുന്നു. അച്ഛന്റെ ശൂന്യത അമ്മയെ വല്ലാതെ അലട്ടിയിരുന്നു. അമ്മ റൊമാന്റിക് ആയിരുന്നോ, അമ്മ അച്ഛനോട് എങ്ങനെയായിരുന്നു പ്രണയം പ്രകടിപ്പിച്ചിരുന്നത് എന്നെല്ലാം ഞാന്‍ ചിന്തിക്കാറുണ്ട്. അവര്‍ തമ്മില്‍ അതിഗംഭീരമായ പ്രണയം ഉണ്ടായിരുന്നുവെന്ന് എനിക്കു പറഞ്ഞുതന്നതും അമ്മയുടെ കവിത തന്നെയാണ്.
അച്ഛന് മരിക്കുന്നതിനുമുമ്പത്തെ വര്‍ഷം ഡിസ്ക് പ്രൊലാപ്സായി. മെത്തയില്ലാതെ പലകക്കട്ടിലില്‍ നിവര്‍ന്നു കിടത്തമായിരുന്നു പിന്നെ. ആ കിടത്തം അച്ഛനെ മാനസികമായി വല്ലാതെ അലട്ടിയിരുന്നു. അച്ഛന്റെ കട്ടിലിനു താഴെ നിലത്ത് കിടക്കയിട്ടാണ് അമ്മ കിടന്നിരുന്നത്. ഉറങ്ങാനൊരുങ്ങുമ്പോള് അച്ഛന് അമ്മയോട് പറഞ്ഞു: ''കുട്ടി, കുറച്ചുനേരം എന്റെടുത്തിരിക്കൂ''. അമ്മ അടുത്തിരുന്നപ്പോള്‍ അച്ഛന് അമ്മയുടെ കൈപിടിച്ചുകൊണ്ട് അമ്മയെത്തന്നെ നോക്കി. അച്ഛന് ഉറങ്ങുന്നതുവരെ തൊട്ടും തലോടിയും അമ്മ അരികിലിരുന്നു. അച്ഛനുറങ്ങിയതിനു ശേഷം എഴുതിയ കവിതയാണ് 'കൈത്തിരി'.
ഇരുളില്പ്പരസ്പരം കാണാതെ,യെന്നാലുള്ളാ-
ലിറുകെത്തഴുകിയുമങ്ങനെ കിടന്നൂ നാം.
നിദ്രയെത്തപ്പിക്കൊണ്ടു കട്ടിലില്ബ്ഭവാനൊരു
മെത്തമേല്ത്താഴെ ഞാനു,മുണര്ന്നുമുറങ്ങിയും.
കാണണമുണരുമ്പോഴൊക്കെ,യല്ലെന്നാലേറും
ക്ഷീണമെന്തിനോ ചൊല്ലീ കിടക്കും മുമ്പേ ഭവാന്.
കൊച്ചുവാക്കിതൊന്നണയൂരിവിട്ടതാം സ്നേഹ-
നിര്ഝരത്തിലെന് ചിന്ത മേല്ക്കുമേല് മുങ്ങിപ്പൊങ്ങീ
കൈകളിലെന്‍ കൈ ചേര്ത്തങ്ങിരുന്നേന് കുറച്ചിട.
കാല് കുഴയുന്നോ വീണ്ടുമിത്തിരി നടക്കാനും?
സാഹസിക്യമേ വഴിക്കതിരായെന്നോര്ക്കായ്ക.
ദീനമാമുടലേവം ശയിക്കെത്തിളിയുന്നോ
പ്രാണനില്ത്തിരുകിയേ സൂക്ഷിക്കുമാലേഖ്യങ്ങള്?
നമ്മളുദ്രസം വരച്ചിട്ടവ, വൈകല്യവും
രമ്യമെന്നാക്കും മമത്വത്തിനാല് നിറന്നവ.
കൊച്ചുവീടുപോയ് മണിമേടയായതും, മക്കള്‍
നിശ്ചിത ലക്ഷ്യം നോക്കി മുന്നേറാന്‍ വളര്‍ന്നതും
ഭാവിയില്ത്തറച്ച കണ്ണെടുക്കാനൊക്കും മുമ്പേ-
യാവസന്തത്തിന് നാള്കള് തീര്‍ന്നുപോയതുമെല്ലാം!
സാഹസിക്യമേ വഴിക്കതിരായെന്നോര്ക്കൊല്ലേ.
മഞ്ഞുകാലത്തും സൂര്യനുദിപ്പു, പടരുന്നു
മണ്ണിലുമാകാശത്തും ജീവിതോഷ്മളോച്ഛ്വാസം
ശ്യാമസൗന്ദര്യത്തിന്റെ വക്ഷസ്സേ പാലൂട്ടുന്നൂ
പോയ്മറഞ്ഞവയേയും മേല്വരുന്നവയേയും...
കാതിലിറ്റിക്കായ്കൊളിത്തുള്ളികള്, കടലാസ്സില്‍
പ്പെയ്തൊഴിക്കാനേ പറ്റൂ, ചുണ്ടുകള്‍ തടഞ്ഞു മേ.
കഷ്ടമേ കരള്ക്കോണില്ക്കൈത്തിരിയെരിഞ്ഞിട്ടെ-
ന്തിഷ്ടതോഴനു നീട്ടിക്കാട്ടുവാനാവില്ലെങ്കില്
ഇരുളില്‍ പരസ്പരം കാണാതെയെന്നാ,ലുള്ളാ-
ലിറുകെത്തഴുകിയുമിങ്ങനെ കിടന്നു നാം.
ആമിയോപ്പുവിന്റെ കാര്യത്തില്‍ അമ്മയ്ക്ക് യാതൊരുവിധ വിഷമവും ഇല്ലായിരുന്നു, അത് എഴുത്തായാലും ജീവിതമായാലും. ആമിയോപ്പു മതം മാറി കമല സുരയ്യയായി വേഷം ധരിച്ച് എറണാകുളത്ത് അമ്മയെ കാണാന്‍ വന്നു. അമ്മയ്ക്കോ എനിക്കോ അതില്‍ ഒരു അത്ഭുതവും തോന്നിയില്ല. അമ്മ മകളുടെ വേഷമല്ലല്ലോ കാണുക, ആത്മാവല്ലേ. അമ്മയുടെ മനസ്സില്‍ ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി വേര്‍തിരിവുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്തൊക്കെ സംഭവിച്ചാലും വിഭാഗീയത സംഭവിക്കാന്‍ പാടില്ല എന്നായിരുന്നു അമ്മ ആഗ്രഹിച്ചിരുന്നത്. അത് തന്റെ കുടുംബത്തിലല്ല, രാജ്യത്തും സംഭവിക്കരുത് എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. കൊല്‍ക്കത്തയിലെ കലാപനാളുകളില്‍ മതത്തിന്റെ പേരില്‍ വെട്ടിയും കുത്തിയും കൊല്ലപ്പെട്ടവരെക്കുറിച്ചായിരുന്നു അമ്മയുടെ വേദന.
ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്ക കാലത്ത് അമ്മയൊരു കവിത എഴുതി. രണ്ടുരാജ്യങ്ങളിലെയും പട്ടാളക്കാര്‍ യുദ്ധം ചെയ്യുമ്പോള്‍ എതിര് ചേരിയിലെ ചെറുപ്പക്കാരനായ പട്ടാളക്കാരന് വെടിയേറ്റ് വീണുകിടക്കുന്നത് കാണുന്ന മധ്യവയസ്കനായ പട്ടാളക്കാരന് ആ ചെറുപ്പക്കാരന്റെ വീടിനെക്കുറിച്ചോര്‍ക്കുന്നതാണ് കവിത. 'പാടാത്ത പാട്ടുകള്‍' എന്നാണ് കവിതയുടെ പേര്. ചെറുപ്പക്കാരന്റെ അമ്മ തന്റെ മകനുവേണ്ടി ഭക്ഷണം ഒരുക്കുന്നതുമൊക്കെയാണ് എഴുതിയിരിക്കുന്നത്. കവിത എഴുതി അമ്മ അച്ഛന് കൊടുത്തു. ഇത് പ്രസിദ്ധീകരിക്കാന്‍ പറ്റുമോ എന്നു ചോദിച്ചു. അച്ഛന് വായിച്ച ശേഷം പറഞ്ഞു, ഞാനിത് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചാല്‍ എന്നെപ്പിടിച്ച് ജയിലിലടയക്കും. ദേശീയതയെ വിഷയമാക്കുമ്പോള്‍ സൂക്ഷിക്കണം എന്നാണ് അച്ഛന് ഉദ്ദേശിച്ചത്.
അപ്പോള്‍ അമ്മ ചോദിച്ചു ഈ അതിര്‍ത്തിയില്‍ എന്താ ഉള്ളത്? അച്ഛന് പറഞ്ഞു അത് ഒരു മഞ്ഞുമലയാണ്. എന്നാല്‍ അത് അവര്‍ക്കങ്ങ് കൊടുത്തൂടെ എന്നായി അമ്മയുടെ ചോദ്യം. അമ്മയ്ക്ക് അത്രേയുള്ളൂ. മഞ്ഞുറഞ്ഞുകിടക്കുന്ന പ്രദേശത്തെച്ചൊല്ലി എന്തിനിങ്ങനെ വെടിവെപ്പും കൊലയും നടത്തണം? ആരെങ്കിലും ഒരു കൂട്ടര് ഒന്നു താഴ്ന്നുകൊടുത്താല്‍ പോരേ, നമ്മളെന്തിനാ പിടിമുറുക്കുന്നത് എന്നാണ് അമ്മയുടെ ചിന്ത. അച്ഛന് ഒന്നും മിണ്ടാതെ കവിത ആഴ്ചപ്പതിപ്പിലേക്ക് അയച്ചുകൊടുത്തു. അതു പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.

ബാലാമണിയമ്മയും ആമിയോപ്പുവും കാണുമ്പോള്‍ സാഹിത്യത്തെക്കുറിച്ചൊന്നും പറയില്ല. അമ്മയുടെ കവിതകള്‍ ആമിയോപ്പുവും ആമിയോപ്പുവിന്റെ സൃഷ്ടികള്‍ അമ്മയും വായിക്കുന്നുണ്ട്. എന്നാല്‍ അതേപ്പറ്റി രണ്ടു പേരും പരസ്പരം ഒന്നും പറയാറില്ല. അമ്മയ്ക്ക് അങ്ങനെ വിശാലമായ സൗഹൃദവലയമൊന്നും ഉണ്ടായിരുന്നില്ല. കടത്തനാട്ട് മാധവി അമ്മയ്ക്ക് കത്തുകള്‍ അയക്കും. അവര്‍ തിരിച്ച് ഇങ്ങോട്ടും വിശേഷങ്ങള്‍ പങ്കുവെക്കും. ബാക്കിയെല്ലാം അച്ഛനിലാണ് അമ്മ നിക്ഷേപിച്ചിരിക്കുന്നത്. അമ്മയുടെയും ആമിയോപ്പുവിന്റെയും സ്വത്വത്തില്‍ വളരെ വ്യത്യാസമുണ്ടായിരുന്നു. വളരെ ഔട്ഗോയിങ് ആയിട്ടുള്ള വ്യക്തിത്വമായിരുന്നു ആമിയോപ്പുവിന്റേത്. ആരെങ്കിലും തന്നെപ്പറ്റി രണ്ട് നല്ല വാക്കുകള്‍ പറഞ്ഞാല്‍ ആമിയോപ്പുവിനു സന്തോഷമാവും. ബന്ധങ്ങള്‍ക്ക് വലിയ വിലയാണ് ആമിയോപ്പു കല്പ്പിച്ചിരുന്നത്. എല്ലാവരും തന്നെപ്പറ്റി നല്ലതു പറയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അമ്മ പക്ഷേ നേരെ തിരിച്ചായിരുന്നു. താന്‍ ഇത്രകാലവും ആരായിരുന്നുവോ ഇനിയും അങ്ങനെ തന്നെ മതിയെന്ന നിലപാടായിരുന്നു അമ്മയ്ക്ക്.
2004 സെപ്തംബര്‍ 29-ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയായപ്പോള്‍ ജീവിതത്തോടും മരണത്തോടും ഒരു ഭാവഭേദമോ അസ്വാസ്ഥ്യമോ കാട്ടാതെ ജീവിതത്തെയും മരണത്തെയും വേര്‍തിരിക്കുന്ന തിളങ്ങുന്ന മുള്‍വേലി അമ്മ താണ്ടി. രവിപുരം ഇലക്ട്രിക് ക്രിമറ്റോറിയത്തിന്റെ ഇരുണ്ട വാതില്‍ ഏതോ ശ്രീകോവിലിലേതെന്ന പോലെ കരകര ശബ്ദത്തോടെ തുറന്നു. ഞാന്‍ പുറത്ത് തൊഴുത് നിന്ന് അമ്മ പഠിപ്പിച്ച ശങ്കരാചാര്യവിരചിതമായ വിഷ്ണുഭുജംഗംചൊല്ലി. അപ്പോള്‍ ഞങ്ങളുടെ ഇടത് വശത്ത് ചുവന്ന പട്ടുപുതച്ചുകിടക്കുകയായിരുന്നു അമ്മ. തിരക്കിട്ട് ആ വായിലേക്ക് അവര്‍ പ്രവേശിച്ചു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കുരുക്ഷേത്രത്തിലെ അര്ജുനന് കണ്ട വിശ്വരൂപത്തിന്റെ അനേകം വായകളില്‍ ഒന്നായിരുന്നു അത്. അവിടെ അമ്മയെ എതിരേല്ക്കാന് ചൂടും പ്രകാശവും തുപ്പുന്ന ആയിരം തീജ്വാലകള്‍ ഉണ്ടായിരുന്നു. 'എഴുപതിനായിരം ചൂടാണ്' എന്ന കെ.ടി മുഹമ്മദിന്റെ പഴയൊരു നാടകഗാനം വിഷ്ണുഭുജംഗത്തിന്റെ ചുമലില്‍ പിടിച്ച് എത്തിനോക്കി. അപ്പോള്‍ അമ്മ എന്റെ കാതില്‍ മന്ത്രിച്ചു;
'അതിരേതാണെ,ങ്ങെന്നറിയാ-
ത്തഹര്ന്നിശ ഭ്രമണപഥത്തില്‍
അവിടുന്നെന്‍ തേരുതെളിക്കു-
ന്നളവെന്തിനഭാവഭയം മേ?'
Content Highlights :Ammayormakal Sulochana Nalappat shares the memory of mother and poet Balamani Amma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..