മാധവിക്കുട്ടിയും കമലാദാസും അമ്മയുടെ സര്‍ഗാത്മകസ്വത്വം,അതായിരുന്നു അച്ഛൻെ നിലപാട്-എം.ഡി നാലാപ്പാട്ട്


വിവരണം: എം.ഡി നാലാപ്പാട്ട്/ എഴുത്ത്: ഷബിത

14 min read
Read later
Print
Share

മൈ സ്റ്റോറി ഇറങ്ങിയകാലത്ത് ഞാനും എന്റെ സഹോദരങ്ങളും അച്ഛന്റെ മക്കളല്ല എന്ന പ്രചാരണം ഉണ്ടായി. ആളുകള്‍ ഞങ്ങളുടെ പിതൃത്വത്തെക്കുറിച്ച് എഴുതുകപോലും ചെയ്തു. അച്ഛന്‍ പ്രതികരിച്ചില്ല. എഴുപത് കടന്ന ഈ പ്രായത്തിലും ഞാന്‍ എന്റെ അച്ഛന്റെ അതേ രൂപമായി തുടരുന്നു.

മാധവിക്കുട്ടി രണ്ട് കാലഘട്ടങ്ങളിൽ

*കനേഡിയന്‍ എഴുത്തുകാരി എഴുതിപ്പിടിപ്പിച്ചതിനെതിരെ കേസ് കൊടുക്കണമെന്നും പുസ്തകം നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പലരും വ്യക്തിപരമായി എന്നോടാവശ്യപ്പെട്ടു. * മതം മാറുന്നു എന്ന് അമ്മ പ്രഖ്യാപിക്കുന്നതിന്റെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അമ്മ ആ മതത്തില്‍ ആകൃഷ്ടയായിരുന്നു. * അമ്മയ്ക്ക് ഒരിക്കലും രാഷ്ട്രീയക്കാരിയാവാന്‍ കഴിയില്ല. *അത് ഞാന്‍ നിഷേധിച്ചല്ലോ എന്ന സങ്കടം, കുറ്റബോധം ഒരുതരത്തിലും സഹിക്കാന്‍ കഴിയാതെ എന്നെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു* അമ്മയോര്‍മകള്‍- മലയാളത്തിലെ പ്രതിഭകളായ അമ്മമാരെ മക്കള്‍ ഓര്‍ക്കുന്ന പംക്തിയില്‍ മാധവിക്കുട്ടിയെക്കുറിച്ച് മകന്‍ മാധവ്ദാസ്(മോനു) നാലാപ്പാട്ട് എഴുതുന്നു.

എന്റെ അമ്മ- കമലാദാസ്, മാധവിക്കുട്ടി, കമലാസുരയ്യ-തന്റെ ജീവിതത്തിലെ പലഘട്ടങ്ങളിലൂടെ കടന്നുപോയ ഒരാളാണ്. അമ്മ തരണം ചെയ്ത ജീവിതം എന്റേതുകൂടിയായിരുന്നു; സംഭവങ്ങളും സാഹചര്യങ്ങളും വ്യത്യാസപ്പെട്ടിരിക്കാം. ലോകത്തില്‍ താനൊരു വിശിഷ്ട വ്യക്തിത്വമാണ് എന്ന വസ്തുത അമ്മയെ ഒരിക്കലും ഒരുതരത്തിലും ബാധിച്ചിരുന്നില്ല. അമ്മ എന്തൊക്കെ എഴുതിയിട്ടുണ്ടോ, എന്തെല്ലാം പറഞ്ഞിട്ടുണ്ടോ അതിനെല്ലാം തന്നെ അനന്തരഫലങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അമ്മയുടെ കാഴ്ചപ്പാടിലുള്ള ലോകം, ജീവിതം തുടങ്ങിയവയോട് അനവധി വിയോജിപ്പുകള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടേയിരുന്നു. 1973-ല്‍ 'എന്റെ കഥ' മലയാളനാടില്‍ ഖണ്ഢശ്ശ:യായി പ്രസിദ്ധീകരിച്ചുവരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അശ്ലീലമായ ഫോണ്‍വിളികളോ, കത്തുകളോ, സന്ദേശങ്ങളോ സംഭാഷണങ്ങളോ ഇല്ലാത്ത ദിവസങ്ങള്‍ അമ്മയുടെ ജീവിതത്തിലില്ലായിരുന്നു. അമ്മയെ അറിയാവുന്നവരില്‍ നിന്നുപോലും തിക്തമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ചിലരുടെ വാക്കുകളും എഴുത്തുകളും അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അതേസമയം അമ്മയുടെ എഴുത്തിനും നിലപാടുകള്‍ക്കുമൊപ്പം ശക്തമായി നിലകൊണ്ട ചുരുക്കം ചില സൗഹൃദങ്ങളും അമ്മയ്ക്ക് ബലമായിട്ടുണ്ടായിരുന്നു.

പരമ്പരാഗതമായ വീക്ഷണങ്ങള്‍ പുലര്‍ത്തിപ്പോരുന്നവരുമായുള്ള അമ്മയുടെ മത്സരം അവസാനശ്വാസം വരെ നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അമ്മയുടെ ജീവിതത്തിലെ സംഘര്‍ഷഭരിതമായ അത്തരം സംഭവങ്ങളില്‍ ചിലത് ഇപ്പോഴും എന്റെ ഓര്‍മയില്‍ മായാതെ കിടക്കുന്നുണ്ട്. അതത്ര എളുപ്പത്തില്‍ മാഞ്ഞുപോകാന്‍ പ്രയാസമാണ്. മറ്റുള്ളവരാല്‍ എളുപ്പം സ്വാധീനിക്കപ്പെടുന്ന ദുര്‍ബലയായ ഒരു സ്ത്രീയായി അമ്മയെ ചിത്രീകരിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളാണ് ഞങ്ങളെ ഏറ്റവും പ്രയാസത്തിലാക്കിയത്. ഒരു കനേഡിയന്‍ എഴുത്തുകാരി അമ്മയുടെ യഥാര്‍ഥ ജീവിതവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത തരത്തില്‍ ഒരു പുസ്തകം എഴുതി. അമ്മയുടെ അവസാനകാലത്തായിരുന്നു അവര്‍ സംസാരിച്ചത്. സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ജീവിതകാലം മുഴുവന്‍ പോരാടിയ ഒരു സ്ത്രീയെ, ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കിക്കൊണ്ട് സ്ത്രീത്വത്തെ ശാക്തീകരിക്കാന്‍ കരുത്തേകിയ ഒരു വ്യക്തിയെ, എല്ലാത്തരം സ്വാധീനങ്ങള്‍ക്കും വിധേയപ്പെടുന്നവളായിട്ടാണ് ആ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. കനേഡിയന്‍ എഴുത്തുകാരി എഴുതിപ്പിടിപ്പിച്ചതിനെതിരെ കേസ് കൊടുക്കണമെന്നും പുസ്തകം നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പലരും വ്യക്തിപരമായി എന്നോടാവശ്യപ്പെട്ടു. സണ്‍ഡേ ഗാര്‍ഡിയനില്‍ ഒരു കോളം എഴുതിക്കൊണ്ടായിരുന്നു ഞാന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. കോളത്തില്‍ ഞാന്‍ ഊന്നല്‍ കൊടുത്തത് അമ്മ എന്തിനെയാണ് അനുസരിക്കാതിരുന്നത് എന്നതാണ്-മനുസ്മൃതി സ്ത്രീകളോട് അനുശാസിക്കുന്ന മൂന്ന് കാര്യങ്ങളെയാണ് അമ്മ തന്റെ ജീവിതാവസാനം വരെ നിരാകരിച്ചത്. ഒന്നാമതായി സ്ത്രീകള്‍ തങ്ങളുടെ പിതാക്കന്മാരെ പൂര്‍ണമായും അനുസരിക്കുക, രണ്ടാമതായി ഭര്‍ത്താക്കന്മാരെ, പിന്നെ ആണ്‍മക്കളെ- ഇത് മൂന്നും എതിര്‍ത്തുതന്നെ ജീവിക്കാന്‍ അമ്മ തുടക്കം മുതലേ തീരുമാനിച്ചു.

മാധവിക്കുട്ടിയും മക്കളായ മോനുവും ജയ്‌സൂര്യയും

ഒരു മകന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നത് എന്റെ അമ്മയുടെ ധൈര്യത്തിലും പരാശ്രയമില്ലാത്ത ജീവിതത്തിലുമായിരുന്നു. അമ്മയുടെ അച്ഛന്‍, അമ്മ കാരണമുണ്ടാകുന്ന വിവാദങ്ങളില്‍ അസ്വസ്ഥനായപ്പോള്‍, വിയോജിപ്പുകള്‍ പ്രകടിപ്പിച്ചപ്പോള്‍, എന്റെ അച്ഛന്‍ മാധവദാസ് അമ്മയെ എക്കാലവും പിന്തുണയ്ക്കുകയാണ് ചെയ്തത്. അങ്ങനെയായിരുന്നു അമ്മയോടുള്ള സ്നേഹവും കരുതലും അച്ഛന്‍ കാണിച്ചിരുന്നത്. മറ്റുള്ളവരുടെ ഇച്ഛകള്‍ അടിച്ചേല്‍പ്പിക്കാന്‍ പറ്റിയ ഒരാളോ, ഏതെങ്കിലും തരത്തിലുള്ള പ്രേരണകള്‍ക്കോ പ്രലോഭനങ്ങളിലോ വീണുപോകുന്ന സ്ത്രീയോ ആയിരുന്നില്ല അമ്മ. എന്നാല്‍ അമ്മ മരിച്ച് പിറ്റെ വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ട ആ കനേഡിയന്‍ പുസ്തകവും അക്കാലത്തെ നിരവധി കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും വന്നത് അമ്മയെ അത്തരത്തിലുള്ള ഒരുവളായി ചിത്രീകരിച്ചുകൊണ്ടായിരുന്നു. കനേഡിയന്‍ എഴുത്തുകാരിയുടെ പുസ്തകം പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ 'എന്റെ കഥ'യ്ക്കുസമാനമായ അന്തരീക്ഷം എനിക്കനുഭവപ്പെട്ടു.

അമ്മയുടെ മതംമാറ്റത്തെത്തുടര്‍ന്ന് ഫോണ്‍വിളികളും ആക്ഷേപങ്ങളും കൂടിവരികയും സഹികെടുകയും ചെയ്തപ്പോള്‍ അമ്മ എന്നെ വിളിച്ചു; 'എന്താ മോനു ഞാന്‍ ചെയ്യേണ്ടത്. എനിക്കിത് താങ്ങാനാവുന്നില്ല'. എനിക്ക് അമ്മയുടെ മാനസികാവസ്ഥ മനസ്സിലാകുമായിരുന്നു; മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അമ്മ പിടികിട്ടാത്ത സ്വഭാവക്കാരിയായിരുന്നു. അമ്മയുടെ വ്യക്തിപരമായ തീരുമാനങ്ങളില്‍ മറ്റുള്ളവര്‍ ഇടപെട്ട് സമാധാനം നശിപ്പിക്കുന്നതിനെതിരായിരുന്നു ഞാന്‍. അമ്മയോട് ഞാന്‍ പറഞ്ഞു; ഒരു ആക്ഷേപത്തോടും അഭിപ്രായത്തോടും പരസ്യമായി എതിര്‍ക്കാന്‍ പോകണ്ട. ആര് നിര്‍ബന്ധിച്ചാലും അധിക്ഷേപിച്ചാലും പറഞ്ഞാലും യെസ്, യെസ് എന്ന് ഉപദേശം തരാന്‍ വരുന്നവരോട് തലയാട്ടിക്കോളൂ. അച്ഛന്‍ മരിച്ചതിനുശേഷം അമ്മയുടെ വ്യക്തിപരമായ ചില കാര്യങ്ങളില്‍ എന്നോട് അഭിപ്രായം ചോദിക്കാറുണ്ടായിരുന്നു.

അധിക്ഷേപങ്ങള്‍ക്ക് അറുതി വരുത്താനായി അമ്മ പറഞ്ഞ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു പിന്നെ ആളുകള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത്. അമ്മ തിരഞ്ഞെടുത്ത മതത്തില്‍ നിന്നും തിരികെ വരുന്നതിനെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. അമ്മ അക്കാലത്ത് താമസിച്ചിരുന്നത് കൊച്ചിയിലായിരുന്നു. അച്ഛന്റെ മരണശേഷം സ്വന്തം താമസിക്കുന്നു എന്നത് അമ്മയുടെ തീരുമാനമായിരുന്നു. അമ്മ സ്വതന്ത്രമായിട്ടാണ് അതുവരെ ജീവിച്ചത്. മക്കളുടെ തണലില്‍ കഴിയാന്‍ തയ്യാറുമല്ല. ജയ്സൂര്യ പൂനെയിലും ചിന്നന്‍ ബാംഗ്ലൂരിലും ഞാന്‍ ഡല്‍ഹിയിലുമായിരുന്നു കഴിഞ്ഞിരുന്നത്. എല്ലാ മാസവും ഞങ്ങള്‍ അമ്മയെ വന്നുകാണും. തന്നോട് സംസാരിക്കാന്‍ വന്നവര്‍ സന്തോഷത്തോടെ മടങ്ങിപ്പോകണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. വളരെയധികം സെന്‍സിറ്റീവായി മാറിക്കഴിഞ്ഞിരുന്നു അമ്മ. കനേഡിയന്‍ എഴുത്തുകാരി കൊച്ചിയിലെ ഫ്‌ലാറ്റില്‍ വന്നാണ് അമ്മയോട് സംസാരിച്ചിരുന്നത്. അമ്മയുടെ വാക്കുകളേക്കാള്‍ കൂടുതല്‍ അവരുടെ അഭിപ്രായങ്ങളും കണ്ടെത്തലുകളും അമ്മയില്‍ അടിച്ചേല്‍പ്പിക്കാനാണ് അവര്‍ ശ്രമിച്ചത്.

മതം മാറുന്നു എന്ന് അമ്മ പ്രഖ്യാപിക്കുന്നതിന്റെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അമ്മ ആ മതത്തില്‍ ആകൃഷ്ടയായിരുന്നു. ക്ഷേത്രങ്ങളില്‍ പോകാതെയും താന്‍ ജനിച്ച മതത്തിലെ ആചാരങ്ങളില്‍ പങ്കുചേരാതെയും പതുക്കെയായിരുന്നു ആ മാറ്റം. പുറത്തുപോകുമ്പോള്‍ ഇടയ്ക്കിടെ ബുര്‍ഖ ധരിക്കുമായിരുന്നു. കുടുംബത്തിലെ ചില അംഗങ്ങളെ ബാധിക്കുമല്ലോ എന്ന കാരണത്താല്‍ അമ്മ തന്നെ അത് പുറത്തുപറയാതിരുന്നതാണ്. ഒരു ദിവസം അമ്മ എന്നെയും ഭാര്യ ലക്ഷ്മിയെയും വിളിപ്പിച്ചു. അമ്മ മതപരിവര്‍ത്തനം ആഗ്രഹിക്കുന്നു, പരസ്യമായി അതു പ്രഖ്യാപിച്ചാല്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമോ എന്നാണ് അമ്മയ്ക്ക് അറിയേണ്ടത്. മൂത്ത മകന്‍ എന്ന നിലയില്‍, അമ്മയ്ക്ക് എന്റെ അഭിപ്രായം അറിയേണ്ടതുണ്ടായിരുന്നു. ഒരു പ്രശ്നവുമില്ല എന്ന് ഞാനും ഭാര്യയും ഉറപ്പുനല്‍കി. അമ്മ വളരെയധികം സന്തോഷവതിയായി.

ഇര്‍ഷാദ്, ഇംത്യാസ് എന്നീ അന്ധസഹോദരന്മാരെ എന്റെ അച്ഛനും അമ്മയും ദത്തെടുത്ത് സംരക്ഷിച്ചുവളര്‍ത്തിയിരുന്നു. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി. അച്ഛനും അമ്മയും സ്വന്തം മക്കളായിട്ടും ഞങ്ങള്‍ മൂന്നുപേരും സഹോദരങ്ങളായിട്ടും തന്നെയാണ് അവരെ കരുതിയത്. ഇന്നവര്‍ രണ്ടുപേരും നല്ല നിലയില്‍ ജീവിതം നയിക്കുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ഇംത്യാസ് തിരക്കേറിയ ബാരിസ്റ്ററാണ്. ഇര്‍ഷാദ് കോളേജ് പ്രൊഫസറുമാണ്. അമ്മയുടെ മതംമാറ്റം വിവാദമായപ്പോള്‍ ഇര്‍ഷാദും ഇംത്യാസും കുറേ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്; എന്താണ് കമലാദാസിന് സംഭവിച്ചത് എന്നതിനെക്കുറിച്ച്.

ഇര്‍ഷാദിനെയും ഇംത്യാസിനെയും അവരുടെ മതനിഷ്ടകളോടെയായിരുന്നു അമ്മയും അച്ഛനും വളര്‍ത്തിയത്. ഇര്‍ഷാദിന് സാഹിത്യം വളരെ ഇഷ്ടമായിരുന്നു. അവന് സാഹിത്യകൃതികള്‍ പരിചയപ്പെടുത്തിക്കൊടുക്കുക, വിശദീകരിച്ചുകൊടുക്കുക, തന്റെ കൃതികള്‍ ചൊല്ലിക്കേള്‍പ്പിക്കുക തുടങ്ങിയവയെല്ലാം അമ്മയേറ്റെടുത്തു. അമ്മ ഏത് മതത്തിലായാലും ഏത് വസ്ത്രം ധരിച്ചാലും ഞങ്ങളുടെ അമ്മയാവാതിരിക്കില്ല. ഇര്‍ഷാദിനെയും ഇംത്യാസിനെയും ഏറ്റെടുക്കാനും വിദ്യാഭ്യാസം നല്‍കാനും ഞങ്ങളുടെ മാതാപിതാക്കള്‍ കാണിച്ച മനസ്സാണ് ഞങ്ങളുടെ സന്തോഷം. അതാണ് അവര്‍ ഞങ്ങള്‍ക്കു നല്‍കുന്ന ജീവിതപാഠം.

അമ്മ പോയതിനുശേഷം എന്നെക്കുറിച്ച് പലരും മോശമായി എഴുതി. തിരിച്ച് ഹിന്ദുവായി എന്നുപറയാതിരിക്കാന്‍ ഞാന്‍ അമ്മയെ നിര്‍ബന്ധിച്ചു എന്നായിരുന്നു എനിക്കെതിരെയുള്ള ആരോപണം. എനിക്ക് വളരെ ദു:ഖം തോന്നി. കുട്ടിക്കാലം മുതല്‍ അമ്മയെന്റെ ജീവനായിരുന്നു. അമ്മയും അച്ഛനും നല്‍കിയ ഊര്‍ജവും സ്നേഹവും ധിഷണയുമാണ് എന്നെ ഞാനാക്കിയത്. അമ്മ ഒരു സ്വതന്ത്രവ്യക്തിത്വത്തിനുടമയാണ്. അമ്മയെ ഒരാള്‍ക്കും ഒന്നിനും നിര്‍ബന്ധിക്കാന്‍ കഴിയില്ല, അതിലാണെന്റെ അഭിമാനം. അമ്മ തിരഞ്ഞെടുത്ത വിശ്വാസത്തില്‍ നിന്നും പിന്തിരിപ്പിക്കേണ്ടതിന്റെ ആവശ്യം എനിക്കില്ല.

എന്റെ ആദ്യത്തെ ഇംഗ്ലീഷ് പുസ്തകമായ 'ഇന്തുത്വ-Indutva' സൈദ്ധാന്തവല്‍ക്കരിക്കുന്നത് ഒരു ഇന്ത്യക്കാരന്റെ ഡി.എന്‍.എയിലെ വേദിക്-മുഗള്‍-വെസ്റ്റേണ്‍ സ്വാധീനങ്ങളെക്കുറിച്ചാണ്. ഈ മൂന്നും എല്ലാ ഇന്ത്യക്കാരന്റെയും ഡി.എന്‍.എ കള്‍ച്ചറില്‍ ഉണ്ട്. ഒരേ സമയം നമ്മള്‍ വേദിക് ആണ്, മുഗള്‍ ആണ് വെസ്റ്റേണ്‍ ആണ്. അങ്ങനെയുള്ള ഇന്ത്യാക്കാരന്റെ മതം സംഘര്‍ഷഭരിതമാവേണ്ടതില്ല.

പരമ്പരാഗതരീതികളെയും ചിന്തകളെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള ഒരു രചന പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ചില പ്രസാധകര്‍ മിടുക്കും തിടുക്കവും കാണിക്കുക പരമ്പരാഗത സമ്പ്രദായങ്ങളെ അനുഗമിക്കുന്നവയിലാണ്. ഇനിയഥവാ പരമ്പരാഗതരീതികളെ വെല്ലുവിളിക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പ്രസാധകര്‍ തുനിഞ്ഞിറങ്ങിയാല്‍ വളരെ ചെറിയ പ്രാതിനിധ്യം മാത്രമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ. അമ്മ വിശ്വസിച്ചിരുന്നത് ഒരു വ്യക്തിയ്ക്ക് വേണ്ടത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിലായിരുന്നു, പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍. സ്വന്തം മനസ്സുകൊണ്ടും ശരീരം കൊണ്ടും ഹൃദയം കൊണ്ടും എന്താണ് ചെയ്യേണ്ടത് എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീയ്ക്കുണ്ട് എന്ന് അമ്മ ഉറച്ചു വിശ്വസിച്ചിരുന്നു. സമാന ചിന്താഗതിക്കാരായ പല സ്ത്രീകളും തങ്ങളുടെ നിലപാടുകള്‍ കാരണം യാതനകള്‍ അനുഭവിക്കേണ്ടി വന്നപ്പോള്‍ അമ്മയ്ക്ക് ദുരനുഭവങ്ങളുണ്ടാവാതിരിക്കാനുള്ള കാരണം അമ്മയെ സ്നേഹിക്കുന്ന രണ്ടു പുരുഷന്മാരുടെ സ്നേഹവും കരുതലും തന്നെയായിരുന്നു- അമ്മയുടെ അച്ഛന്‍, എന്റെ മുത്തശ്ശന്‍ വി.എം നായരും അമ്മയുടെ ഭര്‍ത്താവും എന്റെ അച്ഛനുമായിരുന്ന മാധവ്ദാസുമായിരുന്നു ആ രണ്ട് പുരുഷന്മാര്‍.

മാധവ് ദാസും മാധവിക്കുട്ടിയും

വളരെ ചെറുപ്പത്തിലേ വിവാഹിതയായതാണ് അമ്മ. തന്റേടിയായ, ബുദ്ധിമതിയായ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത മകള്‍ക്ക് ഉചിതനായ വരനെ കണ്ടെത്തിയില്‍ അമ്മയുടെ മാതാപിതാക്കള്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. അച്ഛന്‍ അമ്മയെ സ്വീകരിച്ചത് വിശിഷ്ടമായ ഒരു സമ്മാനം ഏറ്റുവാങ്ങുന്നതുപോലെയായിരുന്നു. അമ്മയുടെ ശാരീരികവും മാനസികവുമായ വേദനകളില്‍ എക്കാലവും അച്ഛന്‍ ഒപ്പം നിന്നു, സമാശ്വസിപ്പിച്ചു. ഒന്നിനുപിറകേ ഒന്നായി അമ്മയുടെ എഴുത്തുകള്‍ വിവാദങ്ങളുടെ കോലാഹലങ്ങളില്‍പ്പെട്ട് കത്തിപ്പടരുമ്പോള്‍ അച്ഛന്‍ പരസ്യമായിട്ടും അവരുടെ സ്വകാര്യതകളെ മാനിച്ചുകൊണ്ടും പിന്തുണച്ചു.

എന്റെ മുത്തശ്ശന്‍ വി.എം നായര്‍ക്കും മുത്തശ്ശി ബാലമണിയമ്മയ്ക്കും കൂടി നാലുമക്കളാണുണ്ടായിരുന്നത്. മറ്റുമക്കളായ ഡോ. എന്‍. മോഹന്‍ദാസ്, ഡോ. ശ്യാം നായര്‍, ഡോ. സുലോചനാ നാലാപ്പാട്ട് എന്നിവരെപ്പോലെ പ്രൊഫഷണല്‍ വിദ്യാഭ്യാസം ആമിയ്ക്കു ലഭിക്കാതെ പോയതില്‍ മുത്തശ്ശന് മനസ്താപമുണ്ടായിരിക്കാം. മുത്തശ്ശി എല്ലാ മനുഷ്യരിലും വിശുദ്ധി മാത്രമേ കാണാന്‍ പാടുള്ളൂ എന്നായിരുന്നു പറയുക. ആമി നിഷ്‌കളങ്കയായ കുട്ടിയാണ് എന്നെപ്പോഴും മുത്തശ്ശി പറയുമായിരുന്നു. മുത്തശ്ശനോടും അച്ഛനോടും എന്നോടും അതെത്രയോ തവണ മുത്തശ്ശി ആവര്‍ത്തിച്ചിരിക്കുന്നു. മുത്തശ്ശി ദയയും സഹാനുഭൂതിയും എല്ലാവരോടും ഒരുപോലെ പ്രകടിപ്പിച്ചു. എക്കാലത്തും വി.എം നായര്‍ അദ്ദേഹത്തിന്റെതായ നിലപാടുകളില്‍ നിലയുറപ്പിച്ചയാളാണ്.

അമ്മയുടെ ആദ്യത്തെ കവിതകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കാന്‍ തുടക്കത്തില്‍ ഒരു പ്രസാധകരും തയ്യാറായിരുന്നില്ല. ഡല്‍ഹിയിലെ ഒരു പ്രിന്റിങ് പ്രസ് ഉടമ 'സമ്മര്‍ ഇന്‍ കല്‍ക്കത്ത' എന്ന പുസ്തകം പ്രസിദ്ധീകരിക്കാന്‍ സമ്മതം മൂളി; സാമ്പത്തികമായ ഉപാധികളോടെ! അച്ഛനായിരുന്നു അമ്മയുടെ ആദ്യപുസ്തകം വെളിച്ചം കാണാനുള്ള സാമ്പത്തികച്ചെലവുകളെല്ലാം വഹിച്ചത്. അമ്മയുടെ കഴിവില്‍ അച്ഛന് നല്ല വിശ്വാസമുണ്ടായിരുന്നു. ഇന്ത്യയിലെ പ്രമുഖ ആഴ്ചപ്പതിപ്പുകളില്‍ എഴുതണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അച്ഛന്റെ കസിന്‍ ആയിരുന്ന വിഖ്യാത എഴുത്തുകാരന്‍ ഓബ്രി മെനെനെക്കുറിച്ച് പംക്തി ഇല്‌സ്‌ട്രേറ്റഡ് വികലി ഓഫ് ഇന്ത്യയില്‍ എഴുതിക്കൊണ്ടാണ് അമ്മ കോളമെഴുത്ത് തുടങ്ങിയത്. 'ഓബ്രി മെനെന്‍സ് റിലെറ്റീവ്സ്' എന്ന പേരില്‍ എഴുതിത്തുടങ്ങിയ കോളം വലിയ തോതില്‍ വായിക്കപ്പെട്ടു. ഓബ്രി മെനെന്‍ രണ്ടുവര്‍ഷക്കാലം നാലാപ്പാട്ട് താമസിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബവുമായി നല്ല സൗഹൃദമായിരുന്നു. വായിച്ചവര്‍ അതേക്കുറിച്ച് എഴുതി, പ്രചരിപ്പിച്ചു. ഇന്റര്‍നെറ്റിനെ സ്വപ്നം കാണാന്‍ തുടങ്ങുന്ന കാലത്താണ് ഇത്രയും പ്രചരണം അമ്മയുടെ ഇംഗ്ലീഷ് എഴുത്തില്‍ ലഭിക്കുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അച്ഛന് മുംബെയില്‍ ഒരു വിശാലമായ ക്വാട്ടേഴ്‌സ് അനുവദിച്ചു കൊടുത്തിരുന്നു. 'ബഹുതന്ത്രിക' എന്ന സാംസ്‌കാരിക കൂട്ടായ്മ പിറന്നത് അവിടെവെച്ചാണ്. അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍ഗാത്മകമായ ഒത്തുചേരല്‍. നവാഗതരായ ഗായകരും കവികളും എഴുത്തുകാരും ഒത്തുചേര്‍ന്ന് തങ്ങളുടെ ഏറ്റവും പുതിയ സൃഷ്ടികള്‍ അവതരിപ്പിക്കും. കാണികളായി മുംബെയിലെ പ്രമുഖരായ പ്രസാധകരും എഡിറ്റര്‍മാരും ഉണ്ടാവും. ചായയും പലഹാരങ്ങളും നല്‍കിയാണ് അമ്മ നന്ദി പറയുക. മറ്റുള്ളവരുടെ കഴിവുകള്‍ കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അമ്മ വളരെയധികം ആനന്ദിച്ചിരുന്നു. അച്ഛന്‍ അമ്മയ്ക്കൊപ്പം തന്നെയിരുന്ന് നാളെ പ്രശസ്തരാവാന്‍ പോകുന്നവരുടെ കഥയും കവിതയും സംഗീതവും ആസ്വദിക്കും. അച്ഛന്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന സായാഹ്നങ്ങളില്‍ ഒന്നായിരുന്നു ബഹുതന്ത്രികയിലേത്.

അതിവൈകാരിക വ്യക്തിത്വമായിരുന്നു അമ്മയുടേത്. തന്റെ അച്ഛനും ഭര്‍ത്താവും തന്നിലുള്ള കഴിവുകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട് എന്നതില്‍ അമ്മ സംതൃപ്തി കൊണ്ടു. ഞാനും ചിന്നനുമായിരുന്നു അക്കാലത്തൊക്കെ അമ്മയുടെ ഏറ്റവും അടുത്ത അനുയായികള്‍. ജയ്സൂര്യ ജനിക്കുന്നത് 1965-ലാണ്. ഇന്ത്യാ-പാക് യുദ്ധം നടക്കുന്ന കാലത്താണ്. അന്ന് ഡല്‍ഹിയിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ചിന്നനെയും എന്നെയും സംബന്ധിച്ചിടത്തോളം അമ്മ എന്നതിനപ്പുറം ഞങ്ങളുടെ വളരെയടുത്ത സുഹൃത്തായിരുന്നു. സ്‌കൂളിലെ അന്നത്തെ ദിവസം മോശമായിരുന്നെങ്കില്‍ അമ്മയുടെ അടുത്തെത്താന്‍ വീര്‍പ്പുമുട്ടും. വീട്ടിലെത്തിയ ഉടന്‍ തന്നെ ഞങ്ങളുടെ പരാതിക്കെട്ടുകള്‍ അമ്മയ്ക്കു മുന്നിലേക്കഴിച്ചുവിടും. പുതിയ ഒരു കളി ഞങ്ങള്‍ക്കു പരിചയപ്പെടുത്തിത്തരികയാണ് അമ്മയപ്പോള്‍ ചെയ്യുക. ഒഴിവുദിനങ്ങള്‍ വരുമ്പോഴും അമ്മയില്‍ നിന്നും വളരെ പുതിയ ഒരു ഗെയിം ഞങ്ങള്‍ക്കും പ്രതീക്ഷിക്കാം. പാഞ്ച്ഗനിയിലെ ഹില്‍റിസോര്‍ട്ടില്‍ ആഴ്ചയിലൊരു ദിനത്തിന്റെ മുക്കാല്‍പങ്കും ഞങ്ങളുടെ പൊട്ടിച്ചിരികള്‍ക്കായി അമ്മ മാറ്റിവെച്ചിട്ടുണ്ട്. ഞങ്ങള്‍ മതിമറന്ന് സന്തോഷിക്കുന്നതും നോക്കി അമ്മ പുഞ്ചിരിയോടെ ഇരിക്കും. അമ്മ പുഞ്ചിരിക്കുന്നത് കണ്ടാണ് അച്ഛനും ഞങ്ങളോട് പുഞ്ചിരിക്കുക...അമ്മ എന്താണോ ചെയ്യുന്നത് അതിനെ പിന്താങ്ങുക എന്നത് അച്ഛന്റെ ശീലമായിരുന്നു.

മൈ സ്റ്റോറി പ്രസിദ്ധീകരിച്ചു വന്നിരുന്ന കാലം വളരെ ദുര്‍ഘടമായിരുന്നു ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം. ധാരാളം ഫോണ്‍ കോളുകള്‍ വരും, സന്ദേശങ്ങള്‍ നിരവധിയുണ്ടാകും പോരാത്തതിന് അതിദീര്‍ഘമായ കത്തുകളും. പലതിലും അമ്മയോടുള്ള അശ്ലീലമായ അഭ്യര്‍ഥനകളായിരിക്കും ഒളിഞ്ഞും തെളിഞ്ഞും എഴുതിയിട്ടുണ്ടാവുക. എന്റെ കൗമാരകാലമാണ്. വീട്ടിലേക്ക് തുടരേ കോളുകള്‍ വരികയും അതിലെല്ലാം തന്നെ അസഹനീയമായ അശ്ലീലാഭ്യര്‍ഥനകളാണെന്നറിയുകയും ചെയ്തതോടെ അച്ഛനും ഞാനും തീരുമാനിച്ചു ഇനിമുതല്‍ അമ്മയെക്കൊണ്ട് ഫോണ്‍ അറ്റന്‍ഡ് ചെയ്യിക്കേണ്ട എന്ന്. അമ്മ വളരെ ക്രിയേറ്റീവായിട്ട് എഴുതിയതാണ്. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞങ്ങളുടെ വളരെയടുത്ത സുഹൃത്തായിരുന്ന എം.പി നാരായണപ്പിള്ള, നാണപ്പന്‍ എന്നാണ് വിളിക്കുക, വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഒരു ദിവസം ഒരു ഫോണ്‍കോള്‍ വന്നു. വിളിയച്ചയാള്‍ക്ക് സംസാരിക്കേണ്ടത് മൈ സ്റ്റോറി എഴുതുന്ന കമലാദാസിനോടാണ്. അദ്ദേഹം വിളിച്ചത് കമലാദാസിന്റെ ഒരു ദിവസം ബുക് ചെയ്യാനാണ്. പൂനെയില്‍ നിന്നും ഒരു റിട്ടയേര്‍ഡ് കേണലാണ് വിളിക്കുന്നത് എന്നും പറഞ്ഞു. പൂനെയിലേക്ക് വരാനുള്ള ടിക്കറ്റും റിട്ടേണ്‍ ടിക്കറ്റും അയാള്‍ തന്നെ ബുക് ചെയ്യാന്‍ സന്നദ്ധനാണ്. നാരായണപ്പിള്ളയാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്. എല്ലാം കേട്ടതിനുശേഷം നാരായണപ്പിള്ള പറഞ്ഞു ഐ ആം ആക്ച്വലി കമലാദാസ്. അപ്പോള്‍ റിട്ട.കേണല്‍ പറഞ്ഞു ''വാട്ട് യു മീന്‍ യു ആര്‍ എ മാന്‍.'' നാരായണപ്പിള്ള വിട്ടുകൊടുത്തില്ല. അദ്ദേഹം പറഞ്ഞു, ''നോ നോ കമലാദാസ് ഈസ് എ മാന്‍ നെയ്മിലി മൈസെല്‍ഫ്. ബട് ഐ റൈറ്റ് അണ്ടര്‍ ദ നെയിം കമല ദാസ്. അയാം ഹാപ്പി റ്റു കം ആന്‍ഡ് മീറ്റ് യു. ഐ ഗിവ് യു മൈ അഡ്രസ് യു സെന്റ് മീ ദ ടിക്കറ്റ് ഐ വില്‍ ബിഹാപ്പി റ്റു കം ഓണ്‍ എനി ഡേറ്റ്‌ വിത് യൂ...''കേണല്‍ ആകെ അപ്സെറ്റായി ഫോണ്‍ കട്ട് ചെയ്തു.

ഇതുപോലെ തന്നെ ലൈംഗികാഭ്യര്‍ഥനച്ചുവയോടെ ഒരു മനുഷ്യന്റെ കത്തുവന്നു. ടിക്കറ്റ് അയക്കാം കമലാദാസ് വരുമോ എന്നാണ് അറിയേണ്ടത്. ആ സമയത്ത് അപരിചിതരായ സന്ദര്‍ശകരെ അമ്മ അനുവദിച്ചിരുന്നില്ല. പക്ഷേ ഈ കത്ത് എഴുതിയ ആള്‍ക്ക് വിശദമായ മറുപടി കിട്ടി. ''ദിസ് ഈസ് കമലാദാസ്, അയാം ട്രാവലിങ് ബൈ ദ നെയിം എം.പി നാരായണപ്പിള്ള. മോനു ദാസ് ഈസ് ഓള്‍സൊ വിത് മി. പ്ലീസ് സെന്റ് റ്റു ടിക്കറ്റ്സ്.'' മറുപടി എഴുതിയത് നാണപ്പനായിരുന്നു. താമസിയാതെ രണ്ട് എയര്‍ ടിക്കറ്റ് എത്തി. ഞാനും നാണപ്പനുമാണ് പോകുന്നത്. നാണപ്പന്‍ പ്രത്യേകം എഴുതിയിരുന്നു റോസാപ്പൂബൊക്കയോടെ വേണം കമലയെ സ്വീകരിക്കാന്‍, ഒപ്പം വെളുത്ത സൂട്ടും ചുവന്ന ടൈയും ധരിക്കണം.

ഞാനും നാണപ്പനും ടിക്കറ്റുപ്രകാരമുള്ള ഡേറ്റില്‍ സിറ്റിയില്‍ വന്നിറങ്ങി. പ്രവേശനകവാടത്തില്‍ തന്നെ സൂട്ടും ടൈയുമൊക്കെ കെട്ടി റോസാപ്പൂ ബൊക്കെയും പിടിച്ച് ഒരു മനുഷ്യന്‍ നില്‍ക്കുന്നു. തനിക്കെതിരേ വരുന്ന എല്ലാ സ്ത്രീകളെയും അയാള്‍ വെല്‍കം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. കമലാദാസ് ആണോ എന്ന ശങ്കയില്‍ വഴിയേ പോകുന്ന സ്ത്രീകളോടെല്ലാം പുഞ്ചിരിക്കും. നാണപ്പന്‍ അടയാളങ്ങള്‍ വെച്ച് അയാളെ തിരിച്ചറിഞ്ഞതും നേരെ പോയി കെട്ടിപ്പിടിച്ചു. ആ മനുഷ്യന്‍ ആകെ സ്തംഭിച്ചുപോയി. ഹൂ ആര്‍ യൂ എന്നും ചോദിച്ച് അയാള്‍ നാണപ്പനുനേരെ ഷൗട്ട് ചെയ്തപ്പോള്‍ നാണപ്പന്‍ പറഞ്ഞു: ''ഞാനാണ് കമലാദാസ്. എന്റെ തൂലികാനാമമാണ് കമലാദാസ്. എനിക്കു വളരെ സന്തോഷമായി നിങ്ങളുടെ കത്ത് വന്നപ്പോള്‍. വരൂ നമുക്ക് ഏത് ഹോട്ടലിലേക്കാണ് പോകേണ്ടത്. എനിക്ക് സന്തോഷമായിട്ടു വയ്യ...'' അയാള്‍ ഒരുവിധം തടിയൂരി സ്ഥലം വിട്ടു. അയാള്‍ അയച്ചുതന്ന റിട്ടേണ്‍ ടിക്കറ്റില്‍ ഞങ്ങള്‍ തിരികെ ബോംബെയ്ക്കുപോയി.

നൂറ് കണക്കിന് അശ്ലീലക്കത്തുകളും കോളുകളും ഫോട്ടോകളും മറ്റും വന്നുകൊണ്ടേയിരുന്നപ്പോള്‍ അമ്മയ്ക്ക് പ്രയാസമായി. അച്ഛനും വിഷമിച്ചു. ഇത്രയും മോശമായ ഒരു കാലാവസ്ഥ കുടുംബത്തെ ബാധിച്ചപ്പോള്‍ ഞങ്ങള്‍ മക്കള്‍ക്കും വിഷമമുണ്ടായിരുന്നു. അമ്മയുടെ ബന്ധുക്കളുടെ വിഷമങ്ങള്‍ പലപ്പോഴായി പങ്കുവെയ്ക്കപ്പെട്ടു. മലയാളത്തില്‍ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അമ്മ അഭിമുഖീകരിച്ചിരുന്നില്ല, വിമര്‍ശനങ്ങളൊഴികെ. അമ്മയ്ക്കയച്ച കത്തുകളിലും അശ്ലീലാഭ്യര്‍ഥനകളിലും അധികവും മലയാളികളായിരുന്നില്ല എന്നതായിരുന്നു അമ്മയ്ക്കുണ്ടായിരുന്ന സന്തോഷം.

എഴുത്തുകാരിയായ മാധവിക്കുട്ടിയ്ക്ക് ധാരാളം ആണ്‍ ബന്ധങ്ങള്‍ ഉണ്ടെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ വളരെയധികമുണ്ടായിരുന്നു. അച്ഛന്‍ പക്ഷേ അമ്മയുടെ ഫിക്ഷണല്‍ മൈന്‍ഡ് നന്നായി അറിഞ്ഞയാളായിരുന്നു. അമ്മയ്ക്ക് ആണ്‍ സൗഹൃദങ്ങളേക്കാള്‍ കൂടുതല്‍ ലിംഗവ്യത്യാസമില്ലാത്ത, പ്രായഭേദമില്ലാത്ത സൗഹൃദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇഷ്ടമില്ലാത്ത രീതിയില്‍ ആരെങ്കിലും തങ്ങളുടെ ഇംഗിതം പ്രകടിപ്പിച്ചാല്‍ സ്ട്രെയ്റ്റ് ഗെറ്റ് ഔട്ട് പറഞ്ഞിരുന്നു. അമ്മ അത്തരത്തില്‍ പെരുമാറിയ അഞ്ചാറ് ആളുകളെ എനിക്കുതന്നെ അറിയാം, അച്ഛന് എല്ലാവരേയുമറിയാം. എഴുത്തുകാരിയായ കമലാദാസ് എന്തെഴുതുന്നതും അവരുടെ സ്വാതന്ത്ര്യമാണ് എന്നായിരുന്നു അച്ഛന്‍ ഞങ്ങളോട് പറഞ്ഞിരുന്നത്. അച്ഛനെ സംബന്ധിച്ചിടത്തോളം ആമി മാത്രമാണ് അമ്മ. മാധവിക്കുട്ടിയും കമലാദാസും അമ്മയുടെ സര്‍ഗാത്മക സ്വത്വമാണ്. അതില്‍ ഇടപെടാന്‍ അച്ഛന്‍ തയ്യാറല്ലായിരുന്നു, ഞങ്ങള്‍ മക്കളും അച്ഛനെ പിന്തുണച്ചു. അച്ഛന്റെ ആമിയാണ് ഞങ്ങളുടെ അമ്മ. കമലാദാസ് (മാധവിക്കുട്ടി) നോവലിസ്റ്റും കവിയുമാണ്.

മൈ സ്റ്റോറി ഇറങ്ങിയകാലത്ത് ഞാനും എന്റെ സഹോദരങ്ങളും അച്ഛന്റെ മക്കളല്ല എന്ന പ്രചാരണം ഉണ്ടായി. ആളുകള്‍ ഞങ്ങളുടെ പിതൃത്വത്തെക്കുറിച്ച് എഴുതുകപോലും ചെയ്തു. അച്ഛന്‍ പ്രതികരിച്ചില്ല. എഴുപത് കടന്ന ഈ പ്രായത്തിലും ഞാന്‍ എന്റെ അച്ഛന്റെ അതേ രൂപമായി തുടരുന്നു. ആര്‍ യു റിയലി മാധവ് ദാസ് സണ്‍ എന്ന് ഞാനെത്ര തവണ കേട്ടിരിക്കുന്നു! ഇതൊക്കെ മനുഷ്യരുടെ ദുഷിച്ചബുദ്ധിയില്‍ നിന്നും ചോദിക്കുന്നതാണ്. എനിക്കറിയാം എന്റെ അമ്മയെന്താണെന്ന്, അച്ഛനറിയാം അച്ഛന്റെ ആമിയെന്താണെന്ന്.

കമലാദാസ്, മാധവിക്കുട്ടി എന്നീ പേരുകള്‍ ധാരാളമായി ദുരുപയോഗം ചെയ്യപ്പെട്ട കാലമായിരുന്നു അത്. തന്നെപ്പറ്റിയുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അമ്മ വേദനിച്ചിരുന്നു. അതേസമയം തന്നെ മക്കളും ഭര്‍ത്താവും മാതാപിതാക്കളും സഹോദരങ്ങളും വളരെ വേണ്ടപ്പെട്ട സുഹൃത്തുക്കളുമടങ്ങുന്ന ഒരു വലിയ പിന്തുണ തനിക്കുചുറ്റുമള്ളതായി തിരിച്ചറിയുകയും ചെയ്യുന്നതോടെ കൂടുതല്‍ വീര്യത്തോടെ അടുത്ത രചനയിലേക്ക് കടക്കും. വിവാദം കത്തിപ്പടര്‍ന്നാലും കുലുക്കമുണ്ടാകില്ല. കാരണം തന്റെ ജീവിതം തനിക്കിഷ്ടപ്പെട്ടതുപോലെ ജീവിക്കാനുള്ളതാണെന്നും അതിന് തടസ്സം നില്‍ക്കാനോ, വഴി തിരിച്ചുവിടാനോ അച്ഛനോ ഭര്‍ത്താവോ മക്കളോ ശ്രമിക്കില്ല, ശ്രമിച്ചിട്ടുകാര്യമില്ല എന്ന വിശ്വാസം അമ്മയ്ക്കുണ്ടായിരുന്നു.

പതിനാറ് വയസ്സു മാത്രമാണ് ഞങ്ങള്‍ അമ്മയും മകനും തമ്മിലുണ്ടായിരുന്ന അന്തരം. അതുകൊണ്ടുതന്നെ അമ്മയ്ക്ക് നല്ലൊരു സുഹൃത്താവാനായിരുന്നു എളുപ്പം. എന്റെ കൗമാരകാലത്ത് അമ്മയോട് ഞാന്‍ പറഞ്ഞു: ''ഞാന്‍ സിഗരറ്റ് വലിക്കാന്‍ പോവുകയാണ്.'' അമ്മ വളരെ കൂളായിട്ടു പറഞ്ഞു: ഗോ എഹെഡ്! അന്നു വലിച്ചതിനുശേഷം ഞാന്‍ പിന്നെ സിഗരറ്റ് തൊട്ടിട്ടില്ല. അമ്മ അന്ന് വിലക്കിയിരുന്നെങ്കില്‍, വാശിപിടിച്ച് എന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്റെ ശീലങ്ങളിലൊന്നായി മാറിയേനെ പുകവലി. പ്രണയങ്ങളും സൗഹൃദങ്ങളും എല്ലാം അമ്മയോട് പങ്കുവെക്കാന്‍ നല്ല രസമായിരുന്നു. പ്രണയം ബ്രേക് അപ് ആവുമ്പോള്‍ ഓടിച്ചെന്ന് അമ്മയോടാണ് പറയുക. അമ്മ എന്നെയൊന്നു നോക്കും, പിന്നെ പറയും; ''ആ പെണ്‍കുട്ടിയ്ക്ക് നിന്നോടൊപ്പം നല്ല സമയം ചിലവഴിക്കാനുള്ള ഭാഗ്യമില്ല, വിട്ടേക്ക്''. ചില ബന്ധങ്ങളെക്കുറിച്ചു പറയുമ്പോള്‍ അമ്മ എനിക്ക് മുന്നറിയിപ്പ് തരും; ''മോനു, നീ തെറ്റിദ്ധരിക്കപ്പെട്ടു. നീയുദ്ദേശിച്ചപോലെയല്ല ഇതിന്റെ പോക്ക്''. അങ്ങനെ പല തെറ്റിധാരണകളില്‍ നിന്നും, ബന്ധങ്ങളില്‍ നിന്നും അമ്മ എന്നെ കരകയറ്റിയിട്ടുണ്ട്.

അമ്മയെ സ്നേഹത്തിന്റെ കവിയായി വാഴ്ത്തുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. 'സ്നേഹം എന്റെ മതം' എന്നായിരുന്നു 1984-ല്‍ ലോക് സഭാ ഇലക്ഷനിലേക്ക് മത്സരിക്കുമ്പോള്‍ അമ്മ തന്റെ പാര്‍ട്ടിയായ ലോക് സേവാ പാര്‍ട്ടിയുടെ മുദ്രാവാക്യമായി ഉയര്‍ത്തിയത്. അമ്മ മത്സരിക്കുന്നതിനോട് എനിക്ക് വലിയ എതിര്‍പ്പുണ്ടായിരുന്നു. ഞാനത് അമ്മയ്ക്കു മുന്നില്‍ പ്രകടിപ്പിച്ചു, നിസ്സഹകരിച്ചു. അമ്മയെ തടയാന്‍ സാധ്യമല്ല എന്ന തികഞ്ഞ ബോധ്യത്തോടുകൂടിയായിരുന്നു എന്റെ വിയോജിപ്പ്. അമ്മയ്ക്ക് ഒരിക്കലും രാഷ്ട്രീയക്കാരിയാവാന്‍ കഴിയില്ല. അമ്മയെപ്പോലെ അതിവൈകാരിക വ്യക്തിത്വത്തിനുടമയായ ഒരെഴുത്തുകാരിയ്ക്ക് പറഞ്ഞതല്ല രാഷ്ട്രീയം എന്നാണ് അമ്മയോട് ഞാന്‍ പറഞ്ഞ മറുപടി.

അമ്മ എഴുതിയത് ഏത് തരത്തിലുള്ള സ്നേഹമാണെന്നും ആ സ്നേഹത്തിന് പല വ്യാഖ്യാനങ്ങളുണ്ടെന്നും നിരൂപകര്‍ കാണാതെ പോയി. അത് അമ്മ എഴുതിയത് മനസ്സിലാക്കാത്തതിന്റെയോ അമ്മയെ മനസ്സിലാക്കാത്തതിന്റെയോ മാത്രം കുഴപ്പമായിരിക്കാം. ഫ്രാങ്ക് സിനാത്രയുടെ വരികളാണ് ഓര്‍മ വരുന്നത് I did things my way...ഇത് ഏറ്റവും ഉചിതമാവുക അമ്മയുടെ ജീവിതവും ചിന്തയുമായിട്ടാണ്. അമ്മയുടേതായ വഴികളിലൂടെ മാത്രമേ അമ്മ സഞ്ചരിച്ചിട്ടുള്ളൂ, മറ്റുള്ളവര്‍ ഏതുവിധത്തില്‍ തെറ്റിദ്ധരിക്കുമെന്നോ, തന്റെ എഴുത്തിനെയും വ്യക്തിത്വത്തെയും ദുരുപയോഗം ചെയ്യുമെന്നോ എന്നതിനെക്കുറിച്ച് വേവലാതിപ്പെട്ടില്ല. അമ്മ അങ്ങനെയാണ് പൊതുമധ്യത്തില്‍ തന്നെത്തന്നെ അവതരിപ്പിച്ചത്. അങ്ങനെയായതില്‍ അഭിമാനിച്ചിരുന്നു അമ്മ. 1985-ലാണ് ഞാന്‍ ലക്ഷ്മിയെ വിവാഹം ചെയ്യുന്നത്. അമ്മയ്ക്കുശേഷം മറ്റൊരു ബുദ്ധിമതിയായ സ്ത്രീയെ ഞാന്‍ കണ്ടെത്തിയത് അവരിലാണ്. ഈയിടെ ഓപണ്‍ മാഗസിന് അവര്‍ കൊടുത്ത അഭിമുഖത്തില്‍ നിന്നും നാലാപ്പാട്ട് കുടുംബത്തിന്റെ സാഹിത്യപാരമ്പര്യത്തെക്കുറിച്ചും വിചിന്തനമുണ്ടായി. ലക്ഷ്മിയുമായുള്ള ചര്‍ച്ചകളില്‍ നാലാപ്പാട്ട് നാരായണ മേനോനും ബാലാമണിയമ്മയും മാധവിക്കുട്ടിയും ഉള്‍പ്പെട്ടു. അമ്മയുടെ കുടുംബപരമായ സാഹിത്യസപര്യയെക്കുറിച്ച് അതിശയപ്പെടുകയായിരുന്നു ഞങ്ങള്‍.

അമ്മയെ സംബന്ധിച്ചിടത്തോളം അപ്രധാനമായതിനെക്കുറിച്ച് അമ്മ ചിന്തിക്കാറേയില്ല, സ്‌കൂള്‍ റാങ്കും പ്രോഗസ് കാര്‍ഡും അതില്‍ ഉള്‍പ്പെട്ടിരുന്നു എന്നതായിരുന്നു എന്റെ ഭാഗ്യവും. ഒരിക്കല്‍ എന്റെ പരീക്ഷാ റിപ്പോര്‍ട്ടില്‍ അഞ്ച് വിഷയങ്ങളുടെ ഫലം പൂജ്യങ്ങളായിരുന്നു. കൂട്ടുകാരുടെ കൂടെ വിനോദയാത്രയ്ക്കുപോയതിനാല്‍ ആ പരീക്ഷകള്‍ ഞാന്‍ എഴുതിയിരുന്നില്ല. അമ്മ ആ പൂജ്യങ്ങളെല്ലാം സൂക്ഷിച്ചുനോക്കി, പിന്നെ എന്നെയും. ആ നോട്ടത്തില്‍ അമ്മയുടെ ആത്മവിശ്വാസം കൂടിയുണ്ടായിരുന്നു- 'ഇതൊന്നും നിന്നെ സംബന്ധിച്ചിടത്തോളം പൂജ്യങ്ങളേയല്ല, പ്രോഗ്രസ് കാര്‍ഡില്‍ എഴുതിയത് കാര്യമാക്കണ്ട'. പരീക്ഷകള്‍ അറ്റന്‍ഡ് ചെയ്യാതെ ട്രിപ്പ് പോയതിന് എന്നോട് ക്ഷോഭിക്കുകയോ ഒരക്ഷരം അതേക്കുറിച്ച് സംസാരിക്കുകയോ ചെയ്യാതെ അമ്മ ഒപ്പിട്ടു തന്നു.

എഴുപതുകളില്‍ മാതൃഭൂമിയില്‍ 'സാമ്പത്തികരംഗം' എന്ന കോളം എഴുതാന്‍ തുടങ്ങിയപ്പോള്‍ സ്വകാര്യ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ച് ഞാനെഴുതി. സ്വകാര്യ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എഴുതി. എക്കാലവും എന്റെ കാഴ്ചപ്പാട് അതുതന്നെയാണ്. അന്ന് പക്ഷേ എന്റെ അഭിപ്രായവുമായി ആര്‍ക്കും യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല; ഇന്നത് പക്ഷേ സാര്‍വത്രികമാണ്! ആളുകള്‍ അമ്മയെ സമീപിക്കാന്‍ തുടങ്ങി. മകനെ ഉപദേശിക്കണം, പൊതുമേഖലയെ സംരക്ഷിച്ചുനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനു പകരം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല, മകനെ തിരുത്തണം എന്നാണ് അമ്മയോട് അവര്‍ക്ക് പറയാനുള്ളത്. നെഹ്റുവിന്റെ കാലം തൊട്ടേ പൊതുമേഖലയാണ് സാമ്പത്തികമേഖലയിലെ സര്‍വ്വസ്വവും എന്നാണ് അവരുടെ നിലപാട്. അത്തരം വിമര്‍ശകരോട് അമ്മയ്ക്ക് പ്രതിരോധിക്കേണ്ടിവന്നു. എന്റെ കാഴ്ചപ്പാടുകള്‍ ഇഷ്ടപ്പെടാത്ത പലരോടും അമ്മ പ്രതിരോധിച്ചു.

അവസാനകാലത്ത് അമ്മ ചെലവഴിച്ചത് പൂനെയിലെ ഫ്ലാറ്റിലാണ്. കൊച്ചി അമ്മയ്ക്ക് മടുത്തതിന് പലകാരണങ്ങളുണ്ട്. അമ്മയുടെ തീരുമാനപ്രകാരമാണ് പൂനെയിലേക്ക് തന്നെ തിരിച്ചുപോയത്. ഒരേ ഫ്ലാറ്റില്‍ മുകളില്‍ ജയസൂര്യയും താഴെ അമ്മയും താമസിച്ചു. പരസഹായം ആവശ്യമുണ്ടായിരുന്ന സാഹചര്യത്തിലും സ്വകാര്യത അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. 24x7 എന്ന രീതിയില്‍ ജയ്സൂര്യ തന്നെയായിരുന്നു അമ്മയെ ശുശ്രൂഷിച്ചത്. ജയ്സൂര്യയെ പ്രസവിക്കുമ്പോള്‍ അമ്മ അറിയപ്പെടുന്ന എഴുത്തുകാരിയാണ്. എനിക്കും ചിന്നനും അമ്മ എന്നതിനേക്കാള്‍ കൂടുതല്‍ കൂട്ടുകാരിയായിരുന്നു. ജയ്സൂര്യയാണ് മാതൃവാല്‍സല്യം മുഴുവനായും അനുഭവിച്ചത്. ജയ്സൂര്യ അമ്മയുടെ അടുത്തുനിന്നും ഒരു മിനിറ്റ് പോലും മാറാന്‍ തയ്യാറല്ലായിരുന്നു. ഒട്ടും വയ്യാതെയായി ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നപ്പോള്‍ ഞങ്ങള്‍ മാറിമാറി വന്നും പോയിമിരിക്കും. അമ്മയുടെ അവസാനമായി എന്നു തിരിച്ചറിവില്‍ ആ മുഖത്തേക്കു നോക്കുമ്പോള്‍ എന്റെ കണ്ണുനിറയും. അമ്മ അതും നോക്കി കിടക്കും, പിന്നെ കയ്യില്‍ പിടിക്കാന്‍ ശ്രമിക്കും. എന്നെ ആശ്വസിപ്പിക്കാനുള്ള ശ്രമമാണ്. ജഹാംഗീര്‍ ഹോസ്പിറ്റലില്‍ ലക്ഷ്മിയും ജയ്‌സൂര്യയുടെ ഭാര്യ ദേവിയും അമ്മയ്ക്ക് മാറിമാറി കൂട്ടിരുന്നു. മുമ്പൊന്നുമില്ലാത്തതിനേക്കാള്‍ കൂടുതല്‍ ലക്ഷ്മിയും അമ്മയും അടുത്തത് ആ നാളുകളിലാണ്. ആത്മവിശ്വാസമുള്ള, സര്‍വസ്വതന്ത്രയായ മറ്റൊരു സ്ത്രീയെ അമ്മ ലക്ഷ്മിയില്‍ ദര്‍ശിച്ചു. ലക്ഷ്മി അമ്മയുടെ കവിതകള്‍ ചൊല്ലിക്കേള്‍പ്പിച്ചുകൊടുക്കും. അമ്മയ്ക്ക് എപ്പോഴും പെണ്‍മക്കള്‍ അടുത്തുവേണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. ലക്ഷ്മിയിലും ജയ്സൂര്യയുടെ ഭാര്യ ദേവിയിലും അമ്മ തന്റെ പെണ്‍മക്കളെ കണ്ടു. തനിക്കിനി തിരിച്ചുവരവില്ല എന്ന് അമ്മ മനസ്സിലാക്കിയിരുന്നു. ഇര്‍ഷാദിനെയും ഇംത്യാസിനെയും ഞങ്ങള്‍ അമ്മയുടെ സ്ഥിതി അറിയിച്ചു. ഇര്‍ഷാദും ഭാര്യയും അമ്മയെ കാണാന്‍ വന്നു. ഇര്‍ഷാദ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉന്നത ബിരുദങ്ങളെടുത്ത് അമ്മയുടെ ആഗ്രഹം പോലെ പ്രൊഫസറായിട്ടുണ്ട്. അമ്മ ഇര്‍ഷാദിനോട് വളരെ അവ്യക്തമായി സംസാരിച്ചു. ഇര്‍ഷാദ് അവന്റെ ഭാര്യയോട് അത് എഴുതിയെടുക്കാന്‍ പറഞ്ഞു. അമ്മയുടെ കവിതയാണ് അതെന്നായിരുന്നു ഇര്‍ഷാദ് പറഞ്ഞത്.

അമ്മയുടെ ഷുഗര്‍ നിയന്ത്രണാതീതമായിക്കൊണ്ടിരുന്നു. ഡോക്ടര്‍മാരുടെ മൗനത്തില്‍ നിന്നും ഇനിയൊന്നും അവര്‍ക്ക് ചെയ്യാനില്ല എന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആശുപത്രി അമ്മയ്ക്കിഷ്ടമില്ലായിരുന്നു. രോഗാതുരയായി കിടക്കുക എന്നത് അമ്മയ്ക്ക് ആലോചിക്കാനേ പറ്റില്ല. എപ്പോഴും നല്ല സുന്ദരിയായി, ചെറുപ്പമായി, അണിഞ്ഞൊരുങ്ങി ഇരിക്കണം, തന്നെക്കാണാന്‍ ആളുകള്‍ വന്നുകൊണ്ടേയിരിക്കണം, സാഹിത്യത്തെക്കുറിച്ച് അമ്മയ്ക്കിഷ്ടമുള്ളത് പറയണം...അതായിരുന്നു അമ്മയുടെ ഇഷ്ടങ്ങള്‍. ആര്യോഗ്യനില വഷളായിക്കൊണ്ടിരിക്കേ അമ്മ ലക്ഷ്മിയോടും ദേവിയോടും പറഞ്ഞു; ''എന്നെ ചുടാന്‍ പാടില്ല.'' അത്രകാലവുമില്ലാത്ത ഗൗരവം അമ്മയുടെ മുഖത്തുണ്ടായിരുന്നു അതുപറയുമ്പോള്‍. ലക്ഷ്മി പുറത്ത് വന്ന് അമ്മ സംസാരിച്ചതിനെക്കുറിച്ച് പറഞ്ഞു. അമ്മയുടെ ആജ്ഞയായി ഞാനത് സ്വീകരിച്ചു. രണ്ടു ദിവസം കൂടി അമ്മ അസുഖങ്ങളോട് മത്സരിച്ചു. 2009 മെയ് മുപ്പത്തിയൊന്നിന് അമ്മ വിടപറഞ്ഞു.

അമ്മയുടെ ഭൗതികശരീരം ഏത് ആചാരപ്രകാരം സംസ്‌കരിക്കണം എന്നതിനെക്കുറിച്ച് സംസാരമുണ്ടായി. മൂത്ത മകനെന്ന നിലയില്‍ എന്റെ തീരുമാനമായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. അമ്മയുടെ ആജ്ഞ അനുസരിക്കുക എന്നതാണ് മകനെന്ന നിലയിലുള്ള എന്റെ കടമ. അതു ഞാന്‍ നിറവേറ്റി. ഞാനും സഹോദരങ്ങളും സനാതനധര്‍മപ്രകാരം ജീവിക്കുന്നവരാണ്. എല്ലാ മതങ്ങളുമായും സൗഹാര്‍ദ്ദവും സാഹോദര്യവുമാണ് ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ അമ്മ എന്തായിരുന്നുവോ അതിനാണ് ഞങ്ങള്‍ പ്രാമുഖ്യം കൊടുത്തത്, അമ്മയുടെ മതമോ, എഴുത്തോ, പ്രശസ്തിയോ ഒന്നുമല്ലായിരുന്നു. എല്ലാ സ്ത്രീകളും സ്വതന്ത്രരായിരിക്കണമെന്നായിരുന്നു അമ്മ ആഗ്രഹിച്ചത്. എഴുത്തുകൊണ്ടും ജീവിതം കൊണ്ടും സ്ത്രീ സ്വന്തം സ്വത്വം തിരിച്ചറിയണം, ലോകത്തെ അറിയിക്കണം. അതിനായി അമ്മ നിലകൊണ്ടു; അജയ്യ നക്ഷത്രമായിത്തന്നെ!

അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ എക്കാലവും ഒരു വേദനയുണ്ട്. അമ്മയുടെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ അമ്മയുടെ അടുത്തിരുന്നപ്പോള്‍ അമ്മ പറഞ്ഞു; 'എനിക്ക് ഐസ്‌ക്രീം വേണം.' ആരോഗ്യനില മൊത്തത്തില്‍ മോശമായിരിക്കുന്ന സാഹചര്യത്തില്‍ ഐസ്‌ക്രീം കൊടുക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലുമായില്ല. അമ്മയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ നായ്ക് 'ഐസ്‌ക്രീം കൊടുത്തോളൂ' എന്ന് പറഞ്ഞിട്ടും എനിക്ക് മനസ്സ് വന്നില്ല. ഐസ്‌ക്രീമിനായി പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഞാന്‍ കുനിഞ്ഞിരുന്ന് നെറ്റിയില്‍ തലോടിക്കൊണ്ട് പറഞ്ഞു; 'പിന്നെ കഴിക്കാം അമ്മേ, തണുപ്പല്ലേ.' ഷുഗര്‍ ലെവല്‍ പരിധിയും കഴിഞ്ഞ് കൂടിക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍ക്ക് പ്രതീക്ഷയില്ലാത്തതിനാലാണ് കൊടുത്തോളൂ എന്നു പറഞ്ഞത്. പക്ഷേ എനിക്ക് പ്രതീക്ഷ കൈവെടിയാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടായിരുന്നു പിന്നെ കഴിക്കാം എന്നു പറയാന്‍ തോന്നിയത്. ആ നിമിഷത്തെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പഴിക്കുന്നത്. അമ്മ എന്റെ മുഖത്ത് നോക്കി 'ലേറ്റര്‍...ലേറ്റര്‍' എന്നു പറഞ്ഞുകൊണ്ടേയിരുന്നു. അതായിരുന്നു അമ്മ അവസാനമായി എന്നോട് പറഞ്ഞ വാക്ക്. പിന്നെ കഴിക്കാന്‍ നില്‍ക്കാതെ അമ്മ പോയി. വെറുമൊരു ഒരു ഐസ്‌ക്രീമായിരുന്നല്ലോ അമ്മ അവസാനമായി ആഗ്രഹിച്ചിരുന്നത്, അത് ഞാന്‍ നിഷേധിച്ചല്ലോ എന്ന സങ്കടം, കുറ്റബോധം ഒരുതരത്തിലും സഹിക്കാന്‍ കഴിയാതെ എന്നെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.

(കമലാസുരയ്യയുടെ പതിനാലാം ഓർമദിനത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നത്)


Content Highlights: ammayormakal m d nalapat writes about her mother author kamaladas alias kamala surayya madhavikutty

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
madhavikutty

3 min

പ്രണയമെന്ന ഉന്മാദത്തിന്റെ മതം; എല്ലാറ്റിനെയും സാധുവും സംഗതവുമാക്കുന്ന ആ ഇടം!

May 30, 2023


balamani amma

13 min

ആമി കമല സുരയ്യ ആയതില്‍ എന്തിത്ര അത്ഭുതപ്പെടാനിരിക്കുന്നു എന്ന നിസംഗത; അമ്മയോര്‍മകളിലെ ബാലാമണിയമ്മ

Sep 29, 2022


Sithara and Aswathi

4 min

'സിതാരയുടെ വിവാഹസത്ക്കാരമാണ്, ആഗ്രഹമുണ്ടെങ്കില്‍ കൂടെവരാം'- എം.ടി അശ്വതിയോട് പറഞ്ഞു

Nov 11, 2021


mt

2 min

'അച്ഛ... അച്ഛന്‍' ഏതു വന്‍കരയ്ക്കപ്പുറത്തുനിന്നും തിരിച്ചറിയാവുന്ന ശബ്ദം; എം.ടിയുടെ പാപ്പ

Jul 31, 2021


Most Commented