'പാട്ടുമൂളി ഞാന്‍ പോകവേ,നിങ്ങള്‍ കേട്ടുനിന്നുവോ തോഴരേ നന്ദി... യാത്രാമൊഴിയോടെ എന്റെ അമ്മ സുഗതകുമാരി'


ലക്ഷ്മിദേവിമാതൃഭൂമി ഡോട്‌കോം 'അമ്മയോര്‍മകളി'ല്‍ സുഗതകുമാരി ടീച്ചറെക്കുറിച്ച് മകള്‍ ലക്ഷ്മിദേവി എഴുതുന്നു

സുഗതകുമാരി രണ്ട് കാലഘട്ടങ്ങളിൽ

*'ഒരുപാട്ട് പിന്നെയും പാടിനോക്കുന്നിതാ ചിറകൊടിഞ്ഞുളെളാരീ കാട്ടുപക്ഷി...'* 'ഭ്രാന്താശുപത്രി ചികിത്സകഴിഞ്ഞവര്‍ ആണ്ടുകളേറെയടഞ്ഞുകിടന്നവര്‍, ചീട്ടുവാങ്ങിപ്പോയിടുന്ന ദിനം എന്തൊരാര്‍ത്തിയാണാശയാണാമുഖത്തൊക്കെയും...'* 'എനിക്ക് പണ്ടേ പ്രിയം നിങ്ങളെ,സ്വപ്‌നങ്ങളെ ചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍/ ഏതിരുട്ടിലും നമ്മളൊന്നിച്ചുവാണു, നിങ്ങളേതഴലിലും വന്നെന്‍ കണ്ണുനീരൊപ്പിത്തന്നു...' - ഹൃദയാക്ഷരങ്ങള്‍ കൊണ്ട് മഹാകവിയായി മാറിയ സുഗതകുമാരി എക്കാലവും മലയാളത്തിന്റെ നനവാര്‍ന്ന ഓര്‍മകളിലെ വലിയൊരു അധ്യായം തന്നെയാണ്. തന്റെ അമ്മ വീട്ടമ്മയായിരുന്നില്ല മറിച്ച് നാട്ടമ്മയായിരുന്നു എന്നു പറയുന്നു കവിയുടെ മകള്‍. മാതൃഭൂമി ഡോട്‌കോം 'അമ്മയോര്‍മകളി'ല്‍ സുഗതകുമാരി ടീച്ചറെക്കുറിച്ച് മകള്‍ ലക്ഷ്മിദേവി എഴുതുന്നു.

മ്മയെക്കുറിച്ച് ആലോചിക്കുമ്പോള്‍ അടുക്കും ചിട്ടയുമില്ലാത്ത ചിതറിയ എത്രയോ ചിന്തകളാണ് മനസ്സിലേക്ക് കടന്നുവരുന്നത്. കഴിയുന്നതും അവയ്ക്ക് ഭദ്രമായ ഒരു രൂപം കൊടുക്കാന്‍ ശ്രമിക്കുകയാണിവിടെ.ഞാന്‍ ജനിക്കുന്ന കാലത്ത് അച്ഛന് ഡല്‍ഹിയിലാണ് ജോലി. കുഞ്ഞായിരിക്കുമ്പോള്‍തന്നെ എന്നെ അമ്മൂമ്മയായ കാത്യായനി അമ്മയെ ഏല്‍പിച്ച് അമ്മ അച്ഛന്റെയടുക്കലേക്ക് പോയി. എന്നെ വളര്‍ത്തിയത് അമ്മൂമ്മയും അപ്പൂപ്പന്‍ ബോധേശ്വരനുമാണ്. അമ്മയുടെ ഇളയ അനിയത്തി സുജാതാ ദേവിയായിരുന്നു എല്ലാത്തിനും കൂട്ടായി എന്റെ കൂടെയുണ്ടായിരുന്നത്. അന്ന് കുഞ്ഞമ്മ പഠിക്കുകയാണ്. അമ്മ ഇടയ്ക്കിടെ ഡല്‍ഹിയില്‍ നിന്നും ഓടി വരും. അമ്മൂമ്മയെ കാണാതെ ഇരിക്കാന്‍ കഴിയില്ലായിരുന്നു അമ്മയ്ക്ക്. സംസ്‌കൃതം പ്രൊഫസറായിരുന്ന അമ്മൂമ്മയുടെ ശിക്ഷണത്തിലാണ് ഞാന്‍ വളര്‍ന്നത്. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ അമ്മൂമ്മ എന്നെ ഉപദേശിക്കുമായിരുന്നു. എന്റെ പത്തു വയസ്സുമുതലാണ് അച്ഛനോടും അമ്മയോടുമൊപ്പം താമസിക്കാന്‍ തുടങ്ങുന്നത്.

സുഗതകുമാരിയും ഡോ.കെ വേലായുധന്‍
നായരും വിവാഹവേളയില്‍

അമ്മ യൂണിവേഴ്‌സിറ്റി കോളേജില്‍ ഫിലോസഫിക്കു പഠിക്കുന്ന കാലത്ത് അച്ഛന്‍ അതേ ഡിപ്പാര്‍ട്‌മെന്റില്‍ ലക്ചററായിരുന്നു. ഡോ. കെ.വേലായുധന്‍ നായര്‍. അച്ഛന്‍ അമ്മയെ പഠിപ്പിച്ചിട്ടില്ല. അച്ഛന്റെ താല്‍പര്യപ്രകാരമായിരുന്നു വിവാഹം. അമ്മയിലെ പ്രതിഭയ്ക്ക് വെള്ളവും വളവും നല്‍കിയത് അച്ഛനാണ്. അമ്മയേക്കാള്‍ കൂര്‍മ്മബുദ്ധിയായിരുന്നു അച്ഛന്‍. അച്ഛനുണ്ടായിരുന്ന കാലത്ത്, എന്തുകാര്യവും അച്ഛനോട് ചര്‍ച്ച ചെയ്തശേഷം മാത്രമേ അമ്മ തീരുമാനിക്കുമായിരുന്നുള്ളു.സാഹിത്യം, ഫിലോസഫി തുടങ്ങി പല വിഷയങ്ങളിലും ഉയര്‍ന്ന പാണ്ഡിത്യമുണ്ടായിരുന്നെങ്കിലും അച്ഛന്‍ ഒരിക്കലും ലൈംലൈറ്റില്‍ വരാന്‍ ആഗ്രഹിച്ചിരുന്നില്ല. അമ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങായി എപ്പോഴും ഒപ്പംനിന്നു. വിവാഹശേഷം വീട്ടുകാര്യം മാത്രം എന്ന രീതിയില്‍ നിന്നും അച്ഛന്‍ അമ്മയെ ഒഴിച്ചുനിര്‍ത്തി. ഗാര്‍ഹികമായ ഉത്തരവാദിത്തങ്ങള്‍ പലതും സ്വയം ഏറ്റെടുത്തു. അച്ഛന്റെ മരണശേഷമാണ് അമ്മ ഒരു ചെക്ക്‌പോലും തനിയെ എഴുതുന്നത്.

അമ്മ യാത്ര പോകുമ്പോള്‍ അതിന്റെ ഒരുക്കങ്ങളെല്ലാം അച്ഛനായിരുന്നു നടത്തിയിരുന്നത്. വിദേശയാത്രകളില്‍ പാസ്‌പോര്‍ട്ട്, വിസ, ആവശ്യമായ പണം തുടങ്ങി എല്ലാം തയ്യാറാക്കി പെട്ടിപൂട്ടി താക്കോല്‍ അമ്മയ്ക്ക് കൊടുക്കുകയാണ് പതിവ്. ലോകത്തെ മിക്ക രാജ്യങ്ങളിലും സാഹിത്യസമ്മേളനങ്ങള്‍ക്ക് അമ്മ പോയിട്ടുണ്ട്. അച്ഛന്‍ അനുവദിച്ചിരുന്നില്ലെങ്കില്‍ അമ്മയ്ക്ക് അത്തരം യാത്രകളും കൂട്ടായ്മകളും അന്യമാകുമായിരുന്നു. എഴുപത്തിനാലാമത്തെ വയസ്സില്‍ കാന്‍സര്‍ ബാധിച്ചാണ് അച്ഛന്‍ മരിക്കുന്നത്. അവസാന മൂന്നുമാസങ്ങളില്‍ ആശുപത്രിയിലായിരുന്ന അച്ഛനെ രാവുംപകലും വിട്ടുമാറാതെ പരിചരിച്ചു, അമ്മ. സുഗതകുമാരിയെ ഇന്ന് ലോകം അറിയുന്നെങ്കില്‍ അതില്‍ ചെറുതല്ലാത്ത ഒരു പങ്ക് അച്ഛനുമുണ്ട്.

അമ്മ ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടതായിരുന്നു. കേരളവും സ്വന്തം അമ്മയെയുംവിട്ടൊരു ജീവിതം അമ്മയ്ക്ക് ചിന്തിക്കാന്‍ വിഷമമായിരുന്നു. ഡല്‍ഹിയിലെ ഒരു കൊടുംവേനല്‍ക്കാലത്ത് മാര്‍ക്കറ്റില്‍ പോയി തിരികെ വരുമ്പോള്‍ ഏതോ കടയിലെ റേഡിയോയില്‍ നിന്നും 'മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്' എന്ന പാട്ട് കേള്‍ക്കാനിടയായി. പി.ഭാസ്‌കരന്‍ മാസ്റ്ററുടെ വരികള്‍. അമ്മ റോഡില്‍ നിന്നനില്‍പില്‍ പൊട്ടിക്കരഞ്ഞു. കേരളം അമ്മയ്ക്ക് അത്രയ്ക്കും ജീവനായിരുന്നു. ഒരുപാട് ഡല്‍ഹിക്കവിതകള്‍ പുറത്തുവന്ന കാലം കൂടിയാണ് അത്.

അമ്മ കാര്‍ത്യായനി ടീച്ചറോടൊപ്പം സുഗതകുമാരി

അമ്മയെ സുഗതകുമാരി ടീച്ചര്‍ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. പക്ഷേ അമ്മ ഒരിടത്തും പഠിപ്പിച്ചിട്ടില്ല. അമ്മയുടെ രണ്ട് സഹോദരിമാരും കോളേജ് അധ്യാപികമാരായിരുന്നു. ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ തളിര് എന്ന ബാലമാസികയുടെ എഡിറ്ററായി ചുമതലയേറ്റു. പിന്നീട് തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായി. അക്കാലത്ത് തളിര് പ്രസിദ്ധീകരിക്കുന്നത് ബാലഭവനാണ്. പിന്നീട് തളിരിനെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തു. 2020-ല്‍ മരിക്കുന്നതുവരെ തളിരിന്റെ പത്രാധിപര്‍ അമ്മയായിരുന്നു. തലേമാസം ഇറങ്ങിയ ലക്കത്തില്‍ വരെ അമ്മ കുട്ടികള്‍ക്കുവേണ്ടി എഴുതി.

സുഗതകുമാരി

പരിസ്ഥിതി സംരക്ഷണ മേഖലയിലേക്ക് അമ്മ പ്രവേശിക്കുന്നത് എഴുപതുകളിലാണ്. മാതൃഭൂമിയില്‍ പ്രൊഫ. എം.കെ പ്രസാദിന്റെ ഒരു ലേഖനം അച്ചടിച്ചുവരുന്നു. എന്താണ് സൈലന്റ്‌വാലി? എന്തുകൊണ്ട് സൈലന്റ്‌വാലിയില്‍ ജലവൈദ്യുത പദ്ധതി വരാന്‍ പാടില്ല എന്നതിനെക്കുറിച്ച് തികച്ചും ശാസ്ത്രീയമായ ഒരു ലേഖനം. അതുവായിച്ചതിനുശേഷമാണ് അമ്മ പ്രകൃതിസംരക്ഷണത്തില്‍ ആകൃഷ്ടയാവുന്നത്. പരിസ്ഥിതി എന്ന വാക്കിനോട് തന്നെ ആളുകള്‍ക്ക് പുച്ഛമായിരുന്നു അന്ന്. മനുഷ്യനോ സിംഹവാലന്‍ കുരങ്ങോ വലുത് എന്ന ചോദ്യമുയര്‍ന്നു.

ഇതിനൊക്കെ മറുപടിയായി കേരളമങ്ങോളമിങ്ങോളം സഞ്ചരിച്ച് മീറ്റിംഗുകളും കവിസമ്മേളനങ്ങളും നടത്തി. പ്രകൃതിസംരക്ഷണ സമിതി എന്ന സംഘടന രൂപീകരിച്ചു. വിദ്യാര്‍ഥികളും സാഹിത്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായിരുന്നു പ്രധാനമായും സമിതിയില്‍ ഉണ്ടായിരുന്നത്. ഒരുപക്ഷേ, പരിസ്ഥിതിക്കുവേണ്ടി എഴുത്തുകാര്‍ ഒരുമിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സംഘടനയാകാം അത്. വൈക്കം മുഹമ്മദ് ബഷീര്‍, ഒ.എന്‍.വി കുറുപ്പ്, എന്‍.വി കൃഷ്ണവാരിയര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ചെമ്മനം ചാക്കോ, കടമ്മനിട്ട, അയ്യപ്പപ്പണിക്കര്‍, എം. ടി. വാസുദേവന്‍നായര്‍ തുടങ്ങി അന്നത്തെ പ്രധാന എഴുത്തുകാര്‍ മുഴുവനും സൈലന്റ്‌വാലിക്കുവേണ്ടി അണിനിരന്നു. 'മരക്കവികള്‍' എന്ന് പലരും പരിഹാസരൂപേണ അവരെ വിളിച്ചു. പക്ഷേ മലയാളത്തില്‍ പ്രകൃതികവിതകളുടെ ഒഴുക്ക് തുടങ്ങുകയായിരുന്നു. കൈമെയ് മറന്നുള്ള പ്രകൃതിസംരക്ഷണമായിരുന്നു അമ്മയുടെ പിന്നീടുള്ള ജീവിതം. കന്യകയായ സൈരന്ധ്രീവനം തൊട്ട് ആറന്മുള വിമാനത്താവളം വരെ അതുനീണ്ടു.

എണ്‍പതുകളില്‍ സൈലന്റ്‌വാലി പദ്ധതി ഇന്ദിരാഗാന്ധി ഇടപെട്ടാണ് നിര്‍ത്തിവെയ്ക്കുന്നത്. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ദേശീയപുരസ്‌കാരമായ പ്രഥമ ഇന്ദിരാഗാന്ധി വൃക്ഷമിത്ര അവാര്‍ഡ് അമ്മ ഏറ്റുവാങ്ങി. പതുക്കെ അമ്മ ഒരു പൊതുസ്വത്തായി മാറി. രാവിലെ അഞ്ചുമണിക്ക് അടിക്കാന്‍ തുടങ്ങും ഫോണ്‍. രാത്രി പന്ത്രണ്ട് മണിവരെ അതിന് പിന്നെ വിശ്രമമില്ല. നൂറുകണക്കിന് ആളുകള്‍ നിത്യവും കാണാന്‍ വരും. അവരോടൊക്കെ താല്പര്യത്തോടെ സംസാരിക്കും. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കും, വേണ്ടത് ചെയ്യും. സഹജീവികളോട്, അവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ അമ്മ എന്നും ശ്രമിച്ചിരുന്നു.

കവി, പരിസ്ഥിതി പ്രവര്‍ത്തക എന്നീ നിലകളില്‍ അസാമാന്യതിരക്കുകളുള്ളപ്പോള്‍ തന്നെയാണ് അഭയ എന്ന എന്‍ജിഓ ആരംഭിക്കുന്നത്. മനോരോഗികള്‍, അശരണരായ സ്ത്രീകള്‍, നിരാലംബരായ പെണ്‍കുട്ടികള്‍, മദ്യ-മയക്കുമരുന്ന് അടിമകള്‍ എന്നിവര്‍ക്കുവേണ്ടിയാണ് അഭയ തുടങ്ങുന്നത്. അഭയയുടെ സ്ഥാപക സെക്രട്ടറിയാണ് അമ്മ. അച്ഛന്‍ കൊടുത്ത നൂറ് രൂപയില്‍ നിന്ന് തുടങ്ങിയതാണ് അഭയ. ആദ്യം വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് തിരുവനന്തപുരം തച്ചോട്ടുകാവില്‍ പത്ത് ഏക്കര്‍ സ്ഥലം അഭയയ്ക്കായി കേന്ദ്രഗവണ്‍മെന്റിന്റെ സഹായത്തോടെ വാങ്ങി. 1992-ല്‍ ദലൈലാമയാണ് ആ കേന്ദ്രത്തിന് തറക്കല്ലിടുന്നത്. അമ്മയ്ക്ക് ലഭിക്കുന്ന പുരസ്‌കാരത്തുകകളെ ആശ്രയിച്ചാണ് അഭയയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. വിദേശരാജ്യങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ക്ക് പോകുമ്പോഴെല്ലാം അമ്മ അഭയയ്ക്കുവേണ്ടി സഹായമഭ്യര്‍ഥിക്കുമായിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള സഹായവും പില്‍ക്കാലത്ത് ലഭിച്ചു. അഭയയെ എങ്ങനെയെങ്കിലും മുമ്പോട്ടു കൊണ്ടുപോകുക എന്ന ലക്ഷ്യവുമായി അമ്മ മുട്ടാത്ത വാതിലുകളില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്താന്‍ പോകുമ്പോള്‍ ദക്ഷിണയായി വലിയ തുകയാണ് ലഭിക്കുക. പക്ഷേ അമ്മയെ സംബന്ധിച്ചിടത്തോളം അതെല്ലാം അഭയയ്ക്കുള്ളതാണ്.

തൊണ്ണൂറുകളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ രൂപീകരിച്ചപ്പോള്‍ ആദ്യത്തെ അധ്യക്ഷയായി അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി അമ്മയെ നിയമിച്ചു. ഒരു സ്ത്രീ 'എന്നെ ആരെങ്കിലും പീഡിപ്പിച്ചു' എന്നുപറഞ്ഞാല്‍ അത് തികച്ചും സത്യമാണ് എന്നായിരുന്നു അമ്മയുടെ അന്നത്തെ വിചാരം. പക്ഷേ വനിതാ കമ്മീഷനില്‍ ഇരുന്നപ്പോഴാണ് ആ വിശ്വാസത്തിലും പതിരുണ്ടെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ഫെമിനിസ്റ്റ് എന്ന് അമ്മയെ ഒരിക്കലും വിളിക്കാന്‍ പറ്റില്ല. സ്ത്രീപക്ഷ ചിന്താഗതിക്കാരി എന്നുവേണമെങ്കില്‍ പറയാം.

സ്ത്രീകള്‍ക്ക് മുപ്പത് ശതമാനം സംവരണം എന്ന ചര്‍ച്ച കൊഴുക്കുന്ന കാലം. വനിതാകമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ എന്തുകൊണ്ട് സ്ത്രീ സംവരണം നടപ്പിലാവണം എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അമ്മ ഒരു ലേഖനം എഴുതി. അതേസമയം മാതൃഭൂമി ദിനപ്പത്രത്തില്‍ എന്തുകൊണ്ട് സ്ത്രീസംവരണം പാടില്ല എന്ന വിഷയത്തെക്കുറിച്ച് അച്ഛനും എഴുതി. രണ്ടും അച്ചടിച്ച് വന്നത് ഒരേസമയത്ത്! സംവരണത്തില്‍കൂടിയല്ല സ്ത്രീകള്‍ മുന്നോട്ടുവരേണ്ടത്, മറിച്ച് പുരുഷന്മാരോട് മത്സരിച്ചിട്ടാവണം എന്നായിരുന്നു അച്ഛന്റെ നിലപാട്. കുടുബാംഗങ്ങള്‍ക്കിടയില്‍ ഒരു വലിയ തമാശയായിരുന്നു ഈ സംഭവം.

സുഗതകുമാരി, ഡോ.കെ വേലായുധന്‍ നായര്‍, ലക്ഷ്മിദേവി

സുഗതകുമാരിയെ ഒരു വീട്ടമ്മയായല്ല, നാട്ടമ്മയായാണ് ഞാന്‍ കാണുന്നത്. ഒരു വലിയ ശതമാനംകേരളീയര്‍ അമ്മയില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. ആ വിശ്വാസത്തെ സംരക്ഷിക്കുക എന്നതായിരുന്നു അമ്മയുടെ ജീവിതലക്ഷ്യം തന്നെ. ആള്‍ക്കൂട്ടത്തിനു നടുവിലുള്ള ജീവിതം അമ്മ ഏറെ ആസ്വദിച്ചിരുന്നു. മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും വിളിക്കാന്‍ അമ്മയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുപക്ഷേ സ്വന്തം ആവശ്യത്തിനല്ല, നാട്ടുകാര്യങ്ങള്‍ക്കാണ്. വനംമന്ത്രിയെ ആയിരിക്കാം അമ്മ ഒരു പക്ഷേ ഏറ്റവും കൂടുതലായി വിളിച്ചിട്ടുണ്ടാവുക; പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കായി.

ആത്യന്തികമായി അമ്മ കവിയാണ്. അമ്മയുടെ കാവ്യജീവിതത്തെ പ്രധാനമായും മൂന്നുഘട്ടങ്ങളായി തിരിക്കാം. ചെറുപ്പത്തില്‍ ആത്മനിഷ്ഠമായ കവിതകള്‍ എഴുതിയിരുന്ന കാലമാണ് ആദ്യഘട്ടം. സൈലന്റ ്‌വാലിക്കാലം മുതല്‍ പ്രകൃതികവിതകള്‍ പിറക്കാന്‍ തുടങ്ങി. അതാണ് രണ്ടാം ഘട്ടം. സാമൂഹ്യപ്രതിബദ്ധതയാര്‍ന്ന കവിതകള്‍ മൂന്നാംഘട്ടത്തിലാണ് വന്നുതുടങ്ങുന്നത്. അമ്മയുടെ കവിതകളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടവയായി അത്രയൊന്നും പ്രസിദ്ധമല്ലാത്ത സൈലന്റ്‌വാലിയില്‍ വീണ്ടും, ഒരു ദര്‍ശനം, പശ്ചിമഘട്ടം, അഭിസാരിക, ഒരു സ്വപ്നം തുടങ്ങി പലതുമുണ്ട്.

വലുതും ചെറുതുമായി മുന്നൂറിലധികം പുരസ്‌ക്കാരങ്ങള്‍ അമ്മയ്ക്കു കിട്ടിയിട്ടുണ്ട്. പത്മശ്രീ, സരസ്വതിസമ്മാന്‍, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌ക്കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി എത്രയെത്ര...

ഒരു കാര്യം വിചാരിച്ചാല്‍ അതുനടത്തിക്കാണുന്നതുവരെ അമ്മ സമാധാനമായി ഇരിക്കുകയില്ല, ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്വസ്ഥത കൊടുക്കുകയുമില്ല. അട്ടപ്പാടിയില്‍ നൂറ് ഹെക്ടര്‍ മൊട്ടക്കുന്ന് സര്‍ക്കാരില്‍ നിന്നും ഏറ്റെടുത്ത് അവിടെപ്പോയി താമസിച്ച് ആദിവാസികള്‍ക്കൊപ്പം നിന്ന് തൈകള്‍ നട്ടുപിടിപ്പിച്ച് ഒരു കാട് ഉണ്ടാക്കിയെടുത്തു. എന്‍.വി കൃഷ്ണവാരിയരോടുള്ള ബഹുമാനാര്‍ഥം കൃഷ്ണവനം എന്ന് അതിനു പേരിട്ടു. അച്ഛനും ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഒപ്പമുണ്ടായിരുന്നു. വിവിധകാലങ്ങളിലെ അട്ടപ്പാടിയിലെ ഫോട്ടോകള്‍ അമ്മയുടെ നിശ്ചയദാര്‍ഢ്യം വെളിവാക്കുന്നു. ആദ്യം വെറും തരിശായ സ്ഥലം, അതില്‍ അധ്വാനിക്കുന്ന ആദിവാസികള്‍, പൊടിച്ചുവരുന്ന വൃക്ഷത്തൈകള്‍, പിന്നീട് വലിയൊരു കൊടുംകാട്, പച്ചയിരുട്ട്, അരുവികള്‍..വര്‍ഷങ്ങളുടെ അധ്വാനം.

സുഗതകുമാരിയും മകള്‍ ലക്ഷ്മിദേവിയും

ആദിവാസികളുമായി വലിയ ബന്ധമായിരുന്നു അമ്മയ്ക്ക്. ആദിവാസിസ്ത്രീകള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങള്‍ അമ്മയ്ക്കറിയാമായിരുന്നു. അവര്‍ തങ്ങളുടെ ഊരുകളില്‍നിന്നും തിരുവനന്തപുരത്ത് വരുമായിരുന്നു, അമ്മയെ കാണാന്‍. അതൊന്നും അമ്മയെ സംബന്ധിച്ചിടത്തോളം സാമൂഹ്യപ്രവര്‍ത്തനമല്ല, തികച്ചും വ്യക്തിപരമായ ബന്ധങ്ങളായിരുന്നു.

യാത്രകളെ അമ്മ വളരെയേറെ സ്‌നേഹിച്ചിരുന്നു. കേരളമൊട്ടാകെ സഞ്ചരിച്ചിട്ടുണ്ട്, മിക്കപ്പോഴും കാറില്‍. ദീര്‍ഘയാത്രകള്‍ അമ്മയെ ഒരിക്കലും മടുപ്പിച്ചിരുന്നില്ല. കാറിന്റെ സ്പീഡ് എന്നും അമ്മ ആസ്വദിച്ചിരുന്നു. ഒരിക്കല്‍ ഞാനും കുഞ്ഞമ്മയും എവിടെയോ പോകുമ്പോള്‍ നട്ടുച്ചക്ക് ലൈറ്റുമിട്ട് ഹോണ്‍മുഴക്കിക്കൊണ്ട് അമ്മയുടെ കാര്‍ ചീറിപ്പാഞ്ഞുവരുന്നു. എയര്‍പോര്‍ട്ടിലേക്കാണ്. ഏതോ പരിപാടിയില്‍ പങ്കെടുത്തുകഴിഞ്ഞ് ഡല്‍ഹി ഫ്‌ളൈറ്റ് പിടിക്കാനായി നേരം വൈകിയുള്ള ഓട്ടമാണ് ഞങ്ങള്‍ കണ്ടത്.

സുഗതകുമാരി, ഡോ.കെ വേലായുധന്‍ നായര്‍
(ടീച്ചറുടെ അറുപതാം പിറന്നാള്‍ദിനത്തില്‍)

കുഞ്ഞമ്മയോട് മകളോടെന്നപോലെയുള്ള വാത്സല്യമായിരുന്നു. അമ്മയേക്കാള്‍ 12 വയസ്സ് ഇളയതായിരുന്നു കുഞ്ഞമ്മ. അമ്മയെ അവസാനകാലത്ത് യാത്രയാക്കിയിട്ടേ കുഞ്ഞമ്മ പോകുകയുള്ളൂ എന്നായിരുന്നു അമ്മയുടെ വിശ്വാസം. 2018-ല്‍ കുഞ്ഞമ്മയുടെ വേര്‍പാട് അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എപ്പോഴും വിഷാദവതിയായി കാണപ്പെട്ടു. നിരാശാബോധം വല്ലാതെയുണ്ടായി. പൊതുകാര്യങ്ങളില്‍ താല്‍പര്യം കുറഞ്ഞു. മരണത്തെക്കുറിച്ചുള്ള കവിതകള്‍ എഴുതാന്‍ തുടങ്ങി. ''ഞാന്‍ മരിച്ചാല്‍ ആരും റീത്തുവയ്ക്കരുത്, ഗവണ്‍മെന്റിന്റെ ഔദ്യോഗിക യാത്രയയപ്പ് പാടില്ല'' എന്നെല്ലാം അമ്മ അക്കാലത്തെഴുതിയത് ആ വിയോഗത്തിന്റെ വിരക്തിയിലാണ്. അമ്മയുടെ അന്നത്തെ മാനസികനില അതായിരുന്നു.

അമ്മ ഒരിടത്ത് വിശ്രമിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല; രോഗിയായി കിടക്കുമ്പോഴല്ലാതെ. കോവിഡ് കാലത്തെ കര്‍ശനനിയന്ത്രണങ്ങള്‍ കാരണം കുറച്ചുദിവസത്തെ വെറുതെയിരിപ്പ് ഉണ്ടായിട്ടുണ്ട്. അപ്പോഴും കാണുംകയ്യില്‍ ഏതെങ്കിലും പുസ്തകം. പലപ്പോഴും ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട.് അമ്മയുടെ ശരിയിലൂടെ മാത്രം നടന്നയാളാണ് അമ്മ. ഞാന്‍ എന്റെ കാര്യങ്ങള്‍ എന്റേതായ ശരിയിലൂടെ ചെയ്യുന്നവളും.

ഡോ. അബ്ദുള്‍കലാമില്‍ നിന്നും പത്മശ്രീ സ്വീകരിക്കുന്ന സുഗതകുമാരി

കോവിഡ് കാലത്ത് ഏതാണ്ട് ഏകാകിനിയായിരുന്നു അമ്മ. സന്ദര്‍ശകരെ കര്‍ശനമായി നിയന്ത്രിച്ചു. ഞാന്‍ പോലും അമ്മയുടെ അടുത്തുപോയാല്‍ അകലം പാലിച്ച് മാസ്‌ക് ധരിച്ചുമാത്രമേ ഇരിക്കുമായിരുന്നുള്ളൂ. പക്ഷേ, എത്ര സൂക്ഷിച്ചാലും വരാനുള്ളത് വന്നേതീരൂ. ഒരു ദിവസം അമ്മ എന്നോട് ശ്വാസമെടുക്കാന്‍ പ്രയാസമുണ്ടെന്നു പറഞ്ഞു. ഡോക്ടറെ അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടില്‍ വന്ന് നോക്കി മരുന്ന് നല്‍കി. മൂന്നാല് ദിവസം കുഴപ്പമില്ലാതെ പോയി. പിന്നീട് ശ്വാസംമുട്ടല്‍ വീണ്ടും കൂടി. ഡോക്ടര്‍ അന്നു രാത്രി എട്ടുമണിയോടെ വന്നുനോക്കി, ഉടന്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. അറുപത്തിയഞ്ച് വയസ്സുതൊട്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അമ്മയ്ക്കുള്ളതാണ്. പേസ്‌മേക്കര്‍ വെച്ചിട്ടുണ്ട്. അമ്മയുടെ കാര്‍ഡിയോളജിസ്റ്റ് ഡോ.സുരേഷ് ജോലി ചെയ്യുന്ന ആശുപത്രിലേക്കാണ് കൊണ്ടുപോയത്. ആശുപത്രിയില്‍ ചെന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡ് പോസിറ്റീവ്‌. കോവിഡിന്റെ വാക്‌സിന്‍ അന്നു കണ്ടുപിടിച്ചിട്ടില്ല.

രാത്രി പത്തരമണിയോടെയാണ് ഇതെല്ലാം സംഭവിക്കുന്നത്. പിറ്റേന്ന് രാവിലെ അന്നത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ എന്നെ വിളിച്ചുപറഞ്ഞു: 'ടീച്ചറെ നമുക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാം. അവിടെയാണ് ഏറ്റവും നല്ല ചികിത്സ കിട്ടുക'. ഞാന്‍ അപ്പോള്‍ തന്നെ അമ്മയെ ഡിസ്ചാര്‍ജ് ചെയ്യിച്ച് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ആംബുലന്‍സിനെ പിന്‍തുടര്‍ന്ന് ഞാന്‍ കയറിയ കാറും നീങ്ങി.

ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവിന്റെ മുന്നില്‍ നില്‍ക്കുകയാണ്. അമ്മയുടെ കൂടെയുള്ള നഴ്‌സിനോട് ഞാന്‍ പറഞ്ഞു: 'എനിക്കൊന്നു കണ്ടാല്‍ കൊള്ളാമായിരുന്നു'. എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് ആംബുലന്‍സിലുള്ളത്. എന്നെ അകത്തുകയറ്റുന്നില്ല. അവര്‍ അമ്മയോട് മകള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നറിയിച്ചു.'എനിക്കവളെ കാണണം' എന്നായി അമ്മ. നഴ്‌സ് മെല്ലെ അമ്മയുടെ തല ഉയര്‍ത്തി. അമ്മ ചിരിച്ചുകൊണ്ട് പുറത്ത് നില്‍ക്കുന്ന എന്നെ നോക്കി കൈവീശിക്കാണിച്ചു. അതായിരുന്നു അവസാനത്തെ കാഴ്ച.

പിന്നെയവര്‍ അമ്മയെ നേരെ ഐസിയുവിലേക്ക് മാറ്റി. ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു മെഡിക്കല്‍ ബോര്‍ഡ് അമ്മയ്ക്കുവേണ്ടി പ്രത്യേകം രൂപീകരിച്ചു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എല്ലാം ഏര്‍പ്പാടാക്കിയത്. മൂന്നുദിവസം ഐസിയുവില്‍ കിടന്നു. അമ്മയുടെ രോഗാവസ്ഥ അപ്പപ്പോള്‍ അവര്‍ അറിയിച്ചുകൊണ്ടിരുന്നു. അവയവങ്ങള്‍ ഒന്നൊന്നായി നിലയ്ക്കാന്‍ തുടങ്ങി. രണ്ടു ശ്വാസകോശങ്ങളേയും ന്യൂമോണിയ ബാധിച്ചു... പിന്നെ കിഡ്‌നി, ലിവര്‍ അങ്ങനെ ഓരോന്നും പ്രവര്‍ത്തനരഹിതമായി. ഓരോ ട്രീറ്റ്‌മെന്റിലേക്ക് കടക്കുമ്പോഴും ഡോക്ടര്‍മാര്‍ വിളിച്ച് അറിയിക്കും. അധികം വൈകാതെ തന്നെ വീണ്ടും ഫോണ്‍ വന്നു. ഡയാലിസിസ് ചെയ്യാന്‍ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല.

ടി.വിയില്‍ എല്ലാ ചാനലുകളിലും വാര്‍ത്ത വന്നുകൊണ്ടിരിക്കുന്നു. സുഗതകുമാരി ഐസിയുവില്‍, മരുന്നുകളോട് പ്രതികരിക്കുന്നില്ല, ക്രിട്ടിക്കല്‍, വെരി ക്രിട്ടിക്കല്‍ എന്നൊക്കെ. ഇതെല്ലാം കണ്ടുനില്‍ക്കാനേ എനിക്ക് പറ്റുന്നുള്ളു. അനിയന്‍ പത്മനാഭന്‍ (കുഞ്ഞമ്മയുടെ മകന്‍) എല്ലാത്തിനും താങ്ങായി ഒപ്പമുണ്ടായിരുന്നു. എന്റെ ഒരു സ്വഭാവം ഏതു ദുഃഖത്തിലും കണ്ണുനീര്‍ പുറത്തുവരാന്‍ പ്രയാസമാണ് എന്നുള്ളതാണ്. പൊട്ടിക്കരഞ്ഞ് പുറത്തേക്ക് സങ്കടം ഒഴുക്കിവിടാന്‍ പണ്ടുതൊട്ടേ കഴിയില്ല.വിഷമമെല്ലാം ഉള്ളിലേക്ക് അടക്കിയാണ് ശീലം.

2020 ഡിസംബര്‍ 23 രാവിലെ പത്തേകാല്‍ ആയപ്പോള്‍ അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായി. തലേന്ന് മുതല്‍ ബോധം ഇല്ലാതായിട്ടുണ്ട്. അമ്മയെ വെന്റിലേറ്ററിലേക്ക് മാറ്റിക്കഴിഞ്ഞിരുന്നു, അപ്പോഴേക്കും. പത്ത് അമ്പത്തിരണ്ട് ആയപ്പോള്‍ വീണ്ടും അറ്റാക്ക് വന്നു. അതിനെ അമ്മ അതിജീവിച്ചില്ല.

ബന്ധുക്കള്‍ ഒന്നൊന്നായി വന്നുതുടങ്ങി. അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും ഞങ്ങളുടെ ബന്ധുകൂടിയായ ഇന്നത്തെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ കുട്ടിയും വീട്ടില്‍ വന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ബോഡി വിട്ടുതരില്ല എന്നുറപ്പാണ്. ഒരുപാട് ആളുകള്‍ക്ക് അമ്മയെ കാണണം എന്ന ആഗ്രഹം ഉണ്ടാകും. ആരെയും കാണിക്കാന്‍ പറ്റില്ല. അഭയയില്‍ അമ്മയുടെ ഒരു ഫോട്ടോ വെച്ച് കാണാനുള്ളവര്‍ക്ക് പൂവിട്ട് തൊഴാന്‍ ഏര്‍പ്പാടുചെയ്താലോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍തന്നെ അവര്‍ പിആര്‍ഡിയില്‍ വിളിച്ച് വി.ജെ.ടി ഹാളില്‍ അതിനുള്ള സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. അമ്മയുടെ വലിയൊരു ഛായാചിത്രം വെച്ച് പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. 'പാട്ടുമൂളി ഞാന്‍ പോകവേ, നിങ്ങള്‍ കേട്ടുനിന്നുവോ തോഴരേ നന്ദി' എന്ന് വലിയ അക്ഷരത്തില്‍ എഴുതിവെച്ചിരുന്നു. അമ്മയുടെ 'നന്ദി' എന്ന കവിതയിലെ അവസാനവരികളാണവ. അമ്മയുടെ കവിതകള്‍ വി.ജെ.ടി ഹാളില്‍ പതുക്കെ മുഴങ്ങിക്കൊണ്ടിരുന്നു. ഉച്ചയോടെ ആളുകള്‍ അവിടേക്ക് ഒഴുകിത്തുടങ്ങി. അമ്മയ്ക്ക് കക്ഷിരാഷ്ട്രീയമില്ലായിരുന്നു. അതുകൊണ്ടുതന്നെ വിവിധ പാര്‍ട്ടിനേതാക്കളും സംഘടനാപ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെയുള്ള ഒരു വലിയ ജനാവലി അന്ത്യാ ഞ്ജലി അര്‍പ്പിക്കാനെത്തി. മാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെ റിപ്പോര്‍ട്ടുകള്‍ കൊടുത്തു. കേരളത്തിലെ ചെറിയ ഗ്രാമങ്ങളില്‍ പോലും അമ്മയുടെഫ്‌ളക്‌സുകള്‍ ഉയര്‍ന്നു. അമ്മയെ കേരളം എത്രമാത്രം സ്‌നേഹിച്ചു എന്ന് തിരിച്ചറിഞ്ഞ സമയമായിരുന്നു അത്.

വിയോഗദിനത്തില്‍ വിജെടിഹാളില്‍
പൂക്കള്‍കൊണ്ട് അലങ്കരിച്ച
സുഗതകുമാരിടീച്ചറുടെ ഫോട്ടോ

വൈകിട്ട് അഞ്ചുമണിയോടെ ശാന്തികവാടത്തില്‍ അമ്മയ്ക്ക് അന്ത്യവിശ്രമമൊരുക്കി. മൃതദേഹം അടക്കം ചെയ്ത വലിയ പേടകം തുറന്ന് അമ്മയുടെ മുഖം മാത്രം ഒരു നിമിഷനേരത്തേക്ക് ഞങ്ങള്‍ക്ക് കാണിച്ചുതന്നു. മരിച്ചുവെന്ന് തോന്നാത്തവിധം കണ്ണടച്ച് വളരെ ശാന്തമായി ഉറങ്ങുന്ന അമ്മയെ ഒരുനോക്കു കണ്ടു. അമ്മ പോവുകയാണ്. പോലീസ് ലാസ്റ്റ് പോസ്റ്റ് ആലപിച്ചു. ഗണ്‍ സല്യൂട്ട് നല്‍കി. മന്ത്രിമാരും കളക്ടറുമുള്‍പ്പെടെ സന്നിഹിതരായിരുന്നു. ഗവണ്‍മെന്റിന്റെ ഔദ്യോഗിക വിടചൊല്ലല്‍.

അഞ്ചാം ദിവസം ചിതാഭസ്മം വളരെയടുത്ത ബന്ധുക്കള്‍ ചേര്‍ന്ന് വര്‍ക്കല പാപനാശത്തില്‍ കൊണ്ടുപോയി ഒഴുക്കി. അനിയന്റെ മകന്‍ വിഷ്ണു(കുഞ്ഞമ്മയുടെ കൊച്ചുമകന്‍)വാണ് ചടങ്ങുകള്‍ ചെയ്തത്. പ്രകൃതിയിലേക്ക് അമ്മ പൂര്‍ണമായും മടങ്ങിപ്പോയിരിക്കുന്നു. എന്റെ തലയ്ക്ക് മുകളില്‍ തണല്‍ വിരിച്ചുനിന്ന അരയാലാണ് പോയത്. സുഗതകുമാരി എന്ന 'തണുത്ത പൂന്തണല്‍ വീശിപ്പടര്‍ന്നു ചൂഴ്ന്നുനിന്ന' വന്‍മരത്തിന്റെ തണലില്‍ വളര്‍ന്ന വെറുമൊരു പുല്‍ക്കൊടി മാത്രമായിരുന്നു ഞാന്‍. തണല്‍മാഞ്ഞു. ആ പുല്‍ക്കൊടി വെയിലത്ത് നില്‍ക്കുകയാണിപ്പോള്‍.

Content Highlights: Ammayormakal, Sugathakumari, Lakshmidevi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented