കടത്തനാട് മാധവിയമ്മ രണ്ട് കാലഘട്ടങ്ങളിൽ
അമ്മയോര്‍മകള്‍...മലയാളത്തിലെ മണ്‍മറഞ്ഞ പ്രതിഭാധനരായ അമ്മമാരെക്കുറിച്ച് മക്കളെഴുതുന്ന പംക്തി ആരംഭിക്കുന്നു. സര്‍ഗാത്മക ജീവിതത്തില്‍ കുടുംബം,ജോലി, മക്കള്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരുമ്പോള്‍ ഈ അമ്മപ്രതിഭകള്‍ എങ്ങനെയാണ് സര്‍ഗാത്മകതയും സ്വകാര്യതയും കാത്തുസൂക്ഷിച്ചത്, തങ്ങള്‍ എങ്ങനെയായിരുന്നു അവരുടെ ബന്ധങ്ങളെയും സാമൂഹിക ഇടപെടലുകളെയും നോക്കിക്കണ്ടത് എന്ന് മക്കള്‍ വിശദമാക്കുന്നു. കടത്തനാട്ട് മാധവിയമ്മ മുതല്‍ അഷിത വരെയുള്ള പ്രതിഭകളായ അമ്മമാരുടെ മക്കള്‍ എഴുതുന്നു...
കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന കടത്തനാട്ട് മാധവിയമ്മയെക്കുറിച്ച് ഇളയ മകള്‍ സി. അന്നപൂര്‍ണ
അന്ന് അളവറ്റ സ്നേഹവും കരുതലും ആശ്രയവുമായിരുന്നെങ്കില്‍, ഇന്ന് ഏതു വേനലിലും കുളിരേകുന്ന ഓര്‍മ്മകളാണ് അമ്മ. എല്ലാ മക്കള്‍ക്കും അമ്മമാര്‍ അങ്ങിനെത്തന്നെയായിരിക്കാം എന്നാലും എന്റെ അമ്മയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളുണ്ടെന്നത് സത്യമാണ്. കടത്തനാട്ട് മാധവിയമ്മ എന്ന പേര് പുലര്‍ത്തിയ അസാധാരണമായ വ്യക്തിത്വം എന്നതൊക്കെ ഉപയോഗിച്ചു പഴകിപ്പോയ പ്രയോഗമാണെങ്കിലും അതുതന്നെയാണ് ഓര്‍മ്മയില്‍ വരുന്നത്.
അമ്മയുടെ ബാല്യകാലം, പിന്നീട് അവര്‍ക്ക് ലഭിച്ച ഗൃഹസ്ഥ ജീവിതത്തിന് അവരെ പ്രാപ്തമാക്കാന്‍ ഒട്ടും സഹായകരമായിരുന്നില്ല. വിശാലമായ പറമ്പില്‍, വിശാലമായ വീട്ടില്‍ അതിലും വിശാലമായ കൂട്ടുകുടുംബം. ചെറിയ ചെറിയ പ്രായവ്യത്യാസത്തില്‍ പതിനാല് കുട്ടികള്‍ തന്നെയുണ്ടായിരുന്നുവത്രെ- മക്കളും മരുമക്കളുമായി. കാരണവര്‍ അമ്മയുടെ അച്ഛന്‍ തന്നെ. കൂടാതെ പരിചാരകന്മാരും ആശ്രിതരും പറമ്പിലും അടുക്കളയിലുമായി ജോലി ചെയ്യുന്നവരും.
കുട്ടികള്‍ക്ക് അന്ന് ജീവിതമെന്നാല്‍ ഒരു കളിയരങ്ങ് മാത്രമായിരുന്നു. അവര്‍ നാടകങ്ങള്‍ എഴുതിയുണ്ടാക്കി, വേഷങ്ങള്‍ സംഘടിപ്പിച്ച് വീട്ടുകാരുടെ മുമ്പിലവതരിപ്പിക്കും. സ്‌കൂള്‍ പഠനം ആണ്‍കുട്ടികള്‍ക്കുമാത്രം. അതാണെങ്കില്‍ കുട്ടികളും അധ്യാപകരും തമ്മിലുള്ള ഒരു ഇടപാട് മാത്രമാണ്. വീട്ടുകാര്‍ക്ക് അതില്‍ അഭിപ്രായമൊന്നുമില്ല. പെണ്‍കുട്ടികളാണെങ്കില്‍ അഞ്ചാം ക്ലാസ് വരെ മാത്രമാണ് സ്‌കൂളില്‍ പോയി പഠിച്ചത്. ചുരുക്കി പറഞ്ഞാല്‍ കുട്ടികള്‍ ഉല്ലസിച്ചു നടന്നു. 'പത്തായം പെറും ചക്കി കുത്തും, ജോലിക്കാരി വെക്കും (അമ്മ വെക്കും എന്നതിന് ചെറിയൊരു തിരുത്ത്) ഞാനുണ്ണും- അത്ര തന്നെ.
അന്ന് അമ്മ മാത്രം മറ്റുള്ളവരുമായി ഉല്ലസിച്ചു നടക്കുന്നതിലേറെ മാവിന്‍ചുവട്ടിലും വയല്‍വരമ്പിലും അണ്ണാറക്കണ്ണനോടു സല്ലപിച്ചും നാട്ടിപ്പാട്ട് കേട്ടും പെണ്ണുങ്ങളുടെ പായ്യാരംപറച്ചിലും പഴംപുരാണങ്ങളും ശ്രദ്ധിച്ചും മനസ്സില്‍ വരുന്നതെല്ലാം വൃത്തമൊപ്പിച്ച് വരികളാക്കി മൂളി നടന്നു. തന്റെ മൂത്ത മകളുടെ ഈ സങ്കല്പലോകത്തിലേക്ക് ആദ്യമായി എത്തിനോക്കിയത് സ്വന്തം അച്ഛന്‍ തന്നെയായിരുന്നു. ഒരു കവിയായിരുന്ന അദ്ദേഹം പിന്നെ, തന്റെ മകളുടെ കഴിവുകളെ വികസിപ്പിക്കാന്‍ തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുക എന്നത് ഒരു വ്രതമായി സ്വീകരിച്ചു.
ഉച്ചസമയത്തെ ഏകാന്തതയിലും നിശ്ശബ്ദതയിലും തന്റെ മകള്‍ക്ക് സ്വൈര്യമായിരുന്ന് പ്രകൃതിയോട് സല്ലപിക്കാന്‍ കിഴക്കേ പറമ്പില്‍ പടര്‍ന്നു പന്തലിച്ചു നിന്ന മാവിനു ചുറ്റുമായി അദ്ദേഹം ഒരു തറ കെട്ടികൊടുത്തു. വരികള്‍ എഴുതിവെക്കാനുള്ള കാര്യഗൗരവം വന്നിട്ടില്ലാത്ത മകള്‍ മൂളി നടന്ന വരികള്‍ അദ്ദേഹം തന്നെ എഴുതിവെച്ചു. അഞ്ചാം ക്ലാസില്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയ മകളെ സംസ്‌കൃതം പഠിപ്പിക്കാനും സംസ്‌കൃത കാവ്യങ്ങളുമായി പരിചയപ്പെടുത്താനും വീട്ടില്‍ സൗകര്യമൊരുക്കി. വൈകുന്നേരങ്ങളില്‍ വല്ല്യച്ഛന്റെ നേതൃത്വത്തില്‍ തറവാട്ടിന്റെ പൂമുഖത്ത് കടത്തനാട്ടില്‍ അന്നുണ്ടായിരുന്ന സാഹിത്യകാരന്മാരും കാവില്‍ പി. രാമപ്പണിക്കരെ പോലുള്ള സംസ്‌കൃതപണ്ഡിതന്മാരും മൊയാരത്ത് ശങ്കരനെ പോലുള്ള സാഹിത്യ, രാഷ്ട്രീയ ചിന്തകന്മാരും ഒത്തുചേരും. അവര്‍ ആശയങ്ങള്‍ പങ്കുവെക്കും, ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കും, കവിതാ അവതരണങ്ങളുണ്ടാകും- ഒരേ പുരാണകഥയുടെ പല ഭാഗങ്ങള്‍ പലര്‍ എഴുതി കാവ്യമായി അവതരിപ്പിക്കും. കൗമാരം കടന്നിട്ടില്ലാത്ത അമ്മ ഇതിലൊക്കെ സജീവസാന്നിധ്യമായി. തച്ചോളി ഒതേനനും ആദ്യ കവിതയുമൊക്കെ ഈ കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു.

സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ ഈ സദസ്സുകളെയും സ്വാധീനിച്ചു. ആവേശത്തോടെയാണ് അമ്മ ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധിച്ചത്. മൊയാരത്തിനെ പോലുള്ളവര്‍ ഈ ആവേശത്തിന് ആക്കം കൂട്ടി. ബ്രിട്ടീഷ് ഗവണ്‍മെന്റിന് കീഴില്‍ കോടതിയില്‍ ഉദ്യോഗസ്ഥനായ വല്ല്യച്ഛന് ഈ ആവേശം വലിയ തലവേദനയുണ്ടാക്കി. പലപ്പോഴും ആശയങ്ങള്‍ ഏറ്റുമുട്ടി. ഖദര്‍ ധരിക്കാനുള്ള അവകാശത്തിനു വേണ്ടി ഗാന്ധിജിയുടെ നിരാഹാരസമരം പോലും അമ്മ വീട്ടില്‍ നടപ്പാക്കി. ഒടുവില്‍ മകള്‍ക്ക് മുന്നില്‍ അച്ഛന്‍ തന്നെ തോറ്റു. പില്‍ക്കാലത്ത് എ.വി. കുട്ടിമാളു അമ്മ, കെ. കേളപ്പജി തുടങ്ങിയ നേതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും കേളപ്പജിയോടൊപ്പം 'പന്തിഭോജന'ത്തില്‍ പങ്കെടുത്തിരുന്നുവെന്നും കേട്ടിട്ടുണ്ട്. അന്നത്തെ പ്രവര്‍ത്തകര്‍ എത്രത്തോളം ദേശസ്നേഹികളായിരുന്നുവെന്നും രാഷ്ട്രവും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും അവര്‍ക്കു കുടുംബം തന്നെയായിരുന്നുവെന്നും തെളിയിക്കുന്ന ഒരു ചിത്രം കൊത്തിവെച്ചതുപോലെ ഇന്നും എന്റെ മനസ്സിലുണ്ട്. ഗാന്ധിജിയുടെ മരണവാര്‍ത്ത വീട്ടിലെത്തിയപ്പോള്‍, പുറത്ത് കോലായില്‍ ഒരു ശിലപോലെ സ്തംഭിച്ചിരിക്കുന്ന അച്ഛന്‍; അകത്ത് ഒരു പുല്‍പായയില്‍ കിടന്നു തേങ്ങിക്കരയുന്ന അമ്മ, സര്‍വ്വവും നഷ്ടപ്പെട്ട പ്രതീതിയായിരുന്നു അന്ന് വീട്ടില്‍. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെങ്കിലും വിശപ്പിനെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചോ പറയാന്‍ പറ്റിയ സന്ദര്‍ഭമല്ലെന്ന് അറിഞ്ഞ് ഉറങ്ങാന്‍ കിടന്ന ഞാന്‍, സന്ദര്‍ഭത്തിന്റെ ഗൗരവമറിഞ്ഞ് ദുഃഖത്തോടെ അവിടെയുമിവിടെയും കൂനിക്കൂടിയിരുന്ന എന്റെ സഹോദരിമാര്‍...
പതിനെട്ടുവയസ്സിനു മുമ്പു തന്നെ അമ്മയുടെ ആദ്യവിവാഹം നടന്നു. രണ്ടു കൊല്ലം മാത്രം നീണ്ടുനിന്ന വിവാഹ ജീവിതം. പെട്ടെന്നുണ്ടായ ഒരു രോഗത്താല്‍ അദ്ദേഹം മരിക്കുകയായിരുന്നു. മകളെപോലെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത പത്തൊമ്പതുകാരിയായ മരുമകളെ ആ വീട്ടുകാര്‍ ദുഃഖത്തോടെയാണ് തിരിച്ചയച്ചത്.
ഇനി വിവാഹമേ വേണ്ടെന്നു പറഞ്ഞ് സാഹിത്യരചനയിലും വായനയിലും മുഴുകിയ അമ്മ അച്ഛനെ പരിചയപ്പെടുന്നത് ഒരു വിമര്‍ശനത്തിലൂടെയായിരുന്നു. എ.കെ.ജിയുടെ മച്ചൂനനായ എ.കെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ എന്ന സ്വാതന്ത്ര്യസമര സേനാനി അമ്മ തന്റെ പതിനെട്ടാമത്തെ വയസ്സില്‍ എഴുതിയ 'തച്ചോളി ഒതേനന്‍' എന്ന നോവലിനെ വിമര്‍ശിച്ചു. ആദ്യമായിട്ടായിരുന്നു അത്തരമൊരു വിമര്‍ശനം അമ്മ കേള്‍ക്കുന്നത്. അച്ഛന്‍ തന്റെ സ്വാഭിമാനി പത്രത്തിലൂടെയായിരുന്നു വിമര്‍ശനം പ്രസിദ്ധീകരിച്ചത്. മഹാകവി ഉള്ളൂര്‍ വരെ അമ്മയുടെ പുസ്തകത്തിന് മുഖവരു എഴുതിയിട്ടുണ്ട്. അമ്മ ആദ്യമായി കേട്ട, വായിച്ച വിമര്‍ശനവും തച്ചോളി ഒതേനനെക്കുറിച്ച് എ.കെ കുഞ്ഞികൃഷ്ണന്‍ നായര്‍ എഴുതിയതായിരുന്നു. ചരിത്രബോധമില്ലാതെയെഴുതിയ ചരിത്ര നോവല്‍ എന്നൊക്കെയായിരുന്നു വിമര്‍ശനം. വെറിട്ടൊരു ശബ്ദം കേട്ടപ്പോള്‍ ആരാണിയാള്‍ എന്നറിയാനുള്ള ജിജ്ഞാസയായി. ആ ജിജ്ഞാസ വളര്‍ന്ന് പല വേദികളില്‍ വെച്ചുള്ള കണ്ടുമുട്ടലുകളും പരിചയവുമായി. ക്രമേണ പരിചയം സൗഹൃദമായി. താമസിയാതെ തന്നെ വിവാഹത്തിലെത്തുകയും ചെയ്തു. അച്ഛന്റെ സ്വാതന്ത്ര്യ സമരപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ അമ്മ തന്റെ എഴുത്തുജീവിതവും തുടര്‍ന്നു. ഞങ്ങള്‍ ആറുമക്കളുണ്ടായി. നാല് പെണ്ണും രണ്ടാണും-ഭാരതി. ചന്ദ്രിക, ശ്യാമള, അന്നപൂര്‍ണ, രഘുനാഥ്, ബാബു.
ആദ്യകാലമൊക്കെ വിഷമങ്ങളില്ലാത്ത ഗാര്‍ഹസ്ഥ്യജിവിതമായിരുന്നെങ്കിലും പിന്നീട് നടന്നു പരിചയമില്ലാത്ത വഴികളിലൂടെയാണ് നടക്കേണ്ടിവന്നത്. സാമൂഹ്യ, സാമ്പത്തികരംഗങ്ങളിലുണ്ടായ മാറ്റങ്ങള്‍ കുടുംബജീവിതത്തെയും ബാധിച്ചു. തറവാടുകള്‍ ഭാഗം വെച്ചുപിരിഞ്ഞു, കാരണവന്മാരുടെ കീഴിലുള്ള അലസജീവിതമവസാനിച്ചു, സാമ്പത്തിക ഭദ്രതയില്ലാതായി. യുദ്ധാനന്തര ഭാരതത്തിലെ ക്ഷാമവും കഷ്ടപ്പാടുകളും വേറെ. എന്നാല്‍ പഴയ ജന്മിത്തത്തിന്റെ പ്രതാപങ്ങളും കെട്ടിക്കാഴ്ചകളും അവസാനിപ്പിക്കാന്‍ കഴിഞ്ഞതുമില്ല.

സ്വാതന്ത്ര്യം നേടിയതോടെ അച്ഛന്‍ തന്റെ രാഷ്ട്രീയകാലം അവസാനിപ്പിച്ച് പതുക്കെ മരക്കച്ചവടത്തിലേക്ക് തിരിഞ്ഞു. അച്ഛന്‍ വലിയ ജന്മികുടുംബത്തിലെ അംഗമായിരുന്നു. തന്റെ സ്വത്തുവിഹിതം കൂടി സഹോദരിക്ക് എഴുതിക്കൊടുത്തിട്ടാണ് അച്ഛന്‍ സ്വന്തമായി കുടുംബജീവിതം തുടങ്ങിയതു തന്നെ. അച്ഛന്റെ സാഹിത്യഭിരുചിയായിരുന്ന അമ്മ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. കടത്തനാട്ട് മാധവി അമ്മയുടെ പുസ്തകങ്ങള്‍ക്ക് നല്ല വായനക്കാരുണ്ടായിരുന്നതുകൊണ്ട് റോയല്‍റ്റിയായി കിട്ടുന്ന തുകയും വലിയൊരു ആശ്വാസം തന്നെയായിരുന്നു അക്കാലത്ത്. എന്റെ മൂത്ത രണ്ടു സഹോദരിമാരുടെയും വിവാഹം കഴിഞ്ഞ സമയത്താണ് അമ്മ മാനസികമായി ഏറെ വിഷമിച്ച സന്ദര്‍ഭം ഉണ്ടാവുന്നത്. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം. അച്ഛന്‍ പതിവില്ലാതൊരു നാള്‍ മൂകാംബികയില്‍ പോയി. അച്ഛന്‍ വേദാന്തമൊക്കെ വായിക്കുന്ന ആളാണെങ്കിലും കൂടി ക്ഷേത്രദര്‍ശനമൊന്നും പതിവില്ലാത്തതാണ്. ഒരിക്കല്‍ മൂകാംബികയില്‍ പോയ അച്ഛന്‍ അമ്മയുടെ അടുത്തേക്ക് തിരിച്ചുവന്നില്ല. അമ്മയുടെ കത്തിന് ഏറെ നാള്‍ കഴിഞ്ഞിട്ടും മറുപടി കാണാതിരുന്നപ്പോള്‍ അമ്മ അച്ഛന്റെ ജോലിസ്ഥലത്തേക്ക് ആളെ അയച്ച് അന്വേഷിച്ചു. അവിടെനിന്നും മൂകാംബികയ്ക്ക് പോയിട്ടുണ്ട് എന്ന വിവരം ലഭിച്ചു. പോയ ദിവസം കണക്കുകൂട്ടിയപ്പോല്‍ തിരികെ വരുന്ന സമയം കഴിഞ്ഞിരിക്കുന്നു. പിന്നെയും അന്വേഷണമായി. അപ്പോള്‍ അറിഞ്ഞകാര്യം അമ്മയ്ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ളതായിരുന്നു. മൂകാംബികയില്‍ നിന്നും ഒരു സംന്യാസി ഋഷികേശിലേക്കു പോകുന്ന സംഘത്തിനൊപ്പം പോരുന്നോ എന്നു ചോദിച്ചു, അച്ഛന്‍ കൂടെപ്പോയി. ഋഷികേശിലെത്തി പ്രധാനപ്പെട്ട മഠാധിപനെ വരിയില്‍ നിന്ന് ദര്‍ശിച്ച ശേഷം മടങ്ങാനിരിക്കുമ്പോള്‍ മറ്റൊരു സംന്യാസി മഠാധിപതിയുടെ നിര്‍ദേശപ്രകാരം അവിടെ നില്‍ക്കാന്‍ അച്ഛനോട് പറഞ്ഞു. അച്ഛന്‍ പിന്നെ വളരെ വര്‍ഷക്കാലം അവിടെത്തന്നെ നിന്നു. മഠം പ്രസിദ്ധീകരിക്കുന്നമാസികയുടെ പത്രാധിപരായി ജോലി ചെയ്തു. ഇക്കാര്യമെല്ലാം പിന്നീട് ഞാന്‍ അറിഞ്ഞതാണ്. വളരെക്കാലത്തിനുശേഷം ഞാന്‍ ഋഷികേശില്‍ പോയി. അച്ഛന്‍ അവിടെ വന്ന കാലത്ത് സമാനപ്രായമുള്ള സംന്യാസിമാരെ കണ്ട് അവരോട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞാണ് അച്ഛന്‍ അവിടെ എന്തു ചെയ്യുകയായിരുന്നു എന്ന് ഞാന്‍ അന്വേഷിച്ചറിഞ്ഞത്.
ഒരു കത്തില്‍ കൂടിയെങ്കിലും ഇക്കാര്യങ്ങള്‍ അമ്മയെ അറിയിക്കാമായിരുന്നു എന്ന പരിഭവം അമ്മയ്ക്കുണ്ടായിരുന്നു. പക്ഷേ ആ വിരഹം കവിതയിലൂടെയോ കഥയിലൂടെയോ തന്റെ സ്വഭാവത്തിലൂടെയോ പോലുംപ്രകടിപ്പിക്കാന്‍ അമ്മ തയ്യാറല്ലായിരുന്നു. എഴുതാനിരിക്കുന്ന സമയം എന്നൊന്ന് അമ്മയ്ക്കില്ലായിരുന്നു. അടുക്കളയില്‍ പണിയെടുക്കുമ്പോഴും ഉമ്മറത്ത് വായിച്ചിരിക്കുമ്പോഴും അമ്മ കടലാസും പേനയും കയ്യെത്തും ദൂരത്ത് കരുതും. ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ വരികള്‍ വരുമ്പോള്‍ ജോലി നിര്‍ത്തി എഴുതും. രാത്രിയാണ് അതെല്ലാം നേരെയാക്കി എടുക്കുക.അമ്മ വാശിയോടെ ഞങ്ങളെ പഠിപ്പിക്കുകയും വിവിധ കോഴ്‌സുകള്‍ക്കായി ചേര്‍ക്കുകയും ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുകയും ചെയ്തു. ഈ പരിതസ്ഥിതിയെ അമ്മ നേരിട്ടതിലെ അനായസത അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആറ് മക്കളുള്ള വലിയ കുടുംബം, വരവിന്റെ ഇരട്ടി ചെലവുകള്‍, അനിശ്ചിതമായ സാമ്പത്തികാവസ്ഥ. ബാല്യവും യൗവ്വനവും സമ്പല്‍സമൃദ്ധിയില്‍ കഴിഞ്ഞ പെണ്‍കുട്ടി ഇതെല്ലാം തന്റേടത്തോടെ നേരിട്ടു എന്നതല്ല, ഓരോ പ്രതിസന്ധി ഘട്ടത്തെയും ആസ്വദിച്ചുകൊണ്ട് നേരിട്ട് വിജയിച്ചു എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. സുഖങ്ങളെ മാത്രമല്ല, വിഷമഘട്ടങ്ങളെയും ഇരുകയ്യും കൂട്ടി സ്വീകരിച്ചു. ഒരിക്കലും തളര്‍ന്നില്ല, തകര്‍ന്നില്ല. തകര്‍ന്നു തളര്‍ന്നു പോയത് തന്റെ ഇളയ മകനെ നഷ്ടപ്പെട്ടപ്പോള്‍ മാത്രം. സര്‍വ്വര്‍ക്കും പ്രിയപ്പെട്ട ആ പൊന്നോമനക്കുഞ്ഞ് ആറാമത്തെ വയസ്സില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഈ ലോകത്തോട് വിട പറഞ്ഞത്. പുത്രവിയോഗത്തില്‍ തപിച്ച അമ്മ കവിതയിലൂടെയാണ് അതിജീവിച്ചത്.
''അന്നു നീയെന്‍ മടിത്തട്ടില്‍ ഒരു കുഞ്ഞായി ഒതുങ്ങിയിരുന്നു
ഇന്നു ഞാന്‍ കുളിക്കുമ്പോള്‍ കുളത്തിലെ
അലകളായി നീയെന്നെ പുണരുന്നു
കാറ്റായി നീയെന്നെ തഴുകുന്നു
ഇലകള്‍ തന്‍ മര്‍മരമായി സംസാരിക്കുന്നു
നീയീ പ്രപഞ്ചത്തോളം വളര്‍ന്നു...''എന്നിങ്ങനെ ധ്വനിപ്പിക്കുന്നതായിരുന്നു് വരികള്‍ 'നീ വളര്‍ന്നു' എന്നായിരുന്നു ആ കവിതയുടെ പേര്.

അച്ഛന്റെ അഭാവം അറിയിക്കാതെയാണ് അമ്മ എന്നെ വിവാഹം കഴിപ്പിച്ചത്. എന്റെ ഭര്‍ത്താവ് ഋഷികേശില്‍ പോയി അച്ഛനെ നേരിട്ടു കണ്ടു. തിരികെ വീട്ടിലേക്കു വരണമെന്ന ഞങ്ങളുടെ അഭ്യര്‍ഥന അറിയിച്ചു. അമ്മയോട് സമ്മതം ചോദിച്ചിട്ടായിരുന്നു അച്ഛനോട് അങ്ങനെയൊരു അഭ്യര്‍ഥന നടത്തിയിരുന്നത്. ഭിക്ഷയെടുത്തു കഴിയാനാണ് സംന്യാസിജീവിതം സ്വീകരിച്ചതെങ്കില്‍ മക്കളുടെ സഹായം ഭിക്ഷയായി കണ്ടാല്‍ പോരേ എന്ന് അമ്മ അച്ഛന് കത്തെഴുതി ചോദിച്ചു. അന്ന് പക്ഷേ അച്ഛന്‍ വരാന്‍ തയ്യാറായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന് അസുഖങ്ങള്‍ വന്നുതുടങ്ങി. വായില്‍ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു. അപ്പോള്‍ മഠാധികാരികള്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടര്‍ തിരികെ നാട്ടിലേക്ക് പോകാന്‍ ഉപദേശിച്ചു. ഒന്നുകില്‍ വെല്ലൂരില്‍, അല്ലെങ്കില്‍ ബന്ധുക്കളുടെ ശ്രദ്ധ കിട്ടുന്നിടത്ത് ചികിത്സ തേടാന്‍ അച്ഛന്‍ നിര്‍ബന്ധിതനായി. ആയിടയ്‌ക്കെല്ലാം അമ്മയും അച്ഛനും തമ്മില്‍ കത്തിടപാടുകള്‍ സജീവമായിരുന്നു. അച്ഛന്‍ അസുഖകാര്യങ്ങള്‍ സൂചിപ്പിച്ച് അമ്മയ്ക്ക് കത്തെഴുതി. അമ്മ തിരികെ വരാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് നിരന്തരം കത്തുകള്‍ എഴുതി. അച്ഛന്‍ സമ്മതിച്ചു. തിരുവന്തപുരത്ത് മൂത്ത മകളുടെ അടുത്ത് താമസിച്ചുകൊണ്ടായിരുന്നു ആദ്യം ചികിത്സ. ഞങ്ങള്‍ അമ്മയെയും കൂട്ടി അവിടേക്കുപോയി അച്ഛനെ കണ്ടു. പിന്നെ തിരികെ കടത്തനാട്ടേക്കു കൊണ്ടുവന്നു. അച്ഛന്റെ അവസാന നാളുകളില്‍ അമ്മ എല്ലാം മറന്ന് പരിചരിച്ചു. തന്നോടൊരു വാക്കുപോലും പറയാതെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയ ആള്‍ തിരികെ വന്നപ്പോള്‍ സ്വാഭാവികമായും ഒരു സ്ത്രീ പെരുമാറുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് അമ്മ അച്ഛനെ എതിരേറ്റത്.
അച്ഛനില്ലാതിരുന്ന കാലത്തെല്ലാം അമ്മ പകല്‍ വെളിച്ചത്തില്‍ ഗൗരവത്തോടെ കാര്യങ്ങള്‍ നോക്കി നടത്തുകയും ഞങ്ങള്‍ മക്കളെല്ലാം ഉറങ്ങിക്കഴിയുമ്പോള്‍ വിതുമ്പുകയും ചെയ്തിരുന്നു. രാത്രി തനിച്ചാവുമ്പോള്‍ അമ്മ അസ്വസ്ഥയായിരുന്നു. മുമ്പില്‍ കൂമ്പാരം പോലെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും നില്‍ക്കുകയാണ്. മക്കള്‍ ആരും തന്നെ കരകയറിയിട്ടില്ല. അമ്മയുടെ പൊന്നോമനയായിരുന്ന മകന്‍- ബാബു എന്നായിരുന്നു അവനെ വിളിച്ചിരുന്നത്- പോയതിനുശേഷം അമ്മ അനുഭവിച്ച വലിയ വിഷാദം ഒരു പക്ഷേ അച്ഛന്റെ ഈ ഇറങ്ങിപ്പോക്കുതന്നെയായിരുന്നു. എങ്കിലും ഒരു തുള്ളി കണ്ണീര് ആ കണ്ണുകളില്‍ നിന്നും വീഴുന്നത് കണ്ടിട്ടില്ല. അച്ഛന്റെ അവസാന നാളുകള്‍ വളരെ വേദനാജനകമായിരുന്നു. ഒരു തുള്ളി വെള്ളം പോലും ഇറക്കാന്‍ കഴിയാതെ വിഷമിച്ചു. അച്ഛന്‍ എന്നെന്നേക്കുമായി യാത്രതിരിച്ചത് അമ്മയുടെ കട്ടിലില്‍ കിടന്നുകൊണ്ട്, അമ്മയുടെ പരിചരണത്തിലാണ്. അന്ന് അമ്മ കരഞ്ഞിരുന്നോ, ഓര്‍മയില്ല.
തന്റെ മക്കള്‍ക്ക് സ്ഥിരവരുമാനമുണ്ടാകണമെന്നത് അമ്മയുടെ ഉറച്ച തീരുമാനമായിരുന്നു. മൂത്തമകളൊഴികെ മറ്റെല്ലാവരുടെയും കാര്യത്തിലും അമ്മ ആ തീരുമാനം നടപ്പാക്കുകയും ചെയ്തു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണെങ്കിലും സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിച്ചതേയില്ല. ഉപദേശങ്ങള്‍ നല്‍കിയതുമില്ല. പകരം അമ്മ സ്വയം മാതൃകയായി.
കവികള്‍ പൊതുവെ ഭാവനാലോകത്ത് ജീവിക്കുന്നവരായിരിക്കുമെന്നും പ്രായോഗിക ജീവിതത്തില്‍ പരാജയമായിരിക്കുമെന്നും ഒക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. ഇവിടെയും അമ്മ വ്യത്യസ്തയായിരുന്നു. കവിതയുടെ ലോകത്ത് വിഹരിക്കുമ്പോഴും തന്റെ കടമകളും ഉത്തരവാദിത്തങ്ങളും ഒരിക്കലും മറന്നില്ല. വളരെ പ്രയാസപ്പെട്ടാണെങ്കിലും കാറ്റും കോളും നിറഞ്ഞ സമുദ്രത്തിലൂടെ തന്റെ കൊച്ചുതോണി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക തന്നെ ചെയ്തു. ഇന്ന് ജീവിതത്തിന്റെ ഈ സായംകാലത്ത് ഞങ്ങള്‍- അമ്മയുടെ ജീവിച്ചിരിക്കുന്ന മൂന്നു പെണ്‍മക്കള്‍- മനസ്സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുന്നുവെങ്കില്‍ അതിനു അമ്മയോടു മാത്രം കടപ്പെട്ടിരിക്കുന്നു.

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമ്മയുടെ ചിന്താഗതി ഇന്നത്തെ ഫെമിനിസ്റ്റുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ആര്‍ക്കു മുമ്പിലും സ്വന്തം സ്വാതന്ത്ര്യം അടിയറ വെക്കാന്‍ തയ്യാറല്ലെങ്കിലും അച്ഛനു മുമ്പില്‍ ഒരു വിധേയത്വമുണ്ടായിരുന്നു അമ്മയ്ക്ക്. അത് അച്ഛനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണോ, അമ്മയുടെ സ്വാതന്ത്ര്യത്തില്‍ അച്ഛന്‍ ഒരിക്കലും കൈകടത്താത്തതുകൊണ്ടാണോ എന്നെനിക്കറിയില്ല. അച്ഛന്‍ വീട്ടിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ജോലിക്കാരിയില്‍ നിന്ന് പാചകം സ്വയം ഏറ്റെടുക്കുന്നതും അപ്പോള്‍ മാത്രമാണ്. സ്വന്തം പ്രവര്‍ത്തനങ്ങളെല്ലാം അച്ഛന്റെ സൗകര്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിച്ചിരിക്കും. സ്വന്തം 'ഈഗോ'യേക്കാള്‍ പ്രധാനമാണ് ബന്ധങ്ങളുടെ ഭദ്രത എന്നു പഠിപ്പിച്ചു തരികയായിരുന്നോ!
ശാരീരികമായല്ലെങ്കിലും മാനസികമായി പുരുഷനെക്കാള്‍ കരുത്തയാണ് സ്ത്രീയെന്നും അതുകൊണ്ടു തന്നെ ഒരു രംഗത്തും പുരുഷന് പിറകിലാകരുത് സ്ത്രീയെന്നും ഒരു തരം ശാഠ്യമായിരുന്നു അമ്മയ്ക്ക്. എന്നാല്‍ സ്ത്രീ സമൂഹത്തില്‍ സ്ഥാനമുറപ്പിക്കേണ്ടത് പുരുഷന്റെ ഔദാര്യത്തിലൂടെയല്ല, സ്വന്തം വ്യക്തിപ്രഭാവത്തിലൂടെയായിരിക്കണമെന്നും ഉറച്ചു വിശ്വസിച്ചു. എങ്കിലും അബലയായ സ്ത്രീയുടെ നിസ്സഹായതയില്‍ അമ്മയെന്നും വേദനിച്ചിരുന്നു. വയലില്‍, വെയിലേറ്റ് ജോലിചെയ്ത് വാടിപ്പോകുമ്പോഴും പുരുഷന്റെ അടിമയാകേണ്ടി വരുന്ന പാവം പെണ്ണുങ്ങളെയോര്‍ത്ത് ദുഃഖിച്ചു.

മാളികപ്പുറത്താളിമാര്‍ നടു-
ക്കാളുമൈശ്വര്യ മൂശയില്‍
ഭീതയാണവള്‍ ദീനയാണവള്‍
വേദനയാല്‍ നിരന്തരം- എന്നു വേദനിച്ചു. പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയാത്തൊരു പ്രഹേളികയായി ഇന്നും അമ്മ എന്റെ മനസ്സില്‍ ജീവിക്കുന്നു. വാത്സല്യം, ഭര്‍തൃപ്രേമം, ഉത്തരവാദിത്വബോധം, സ്വാതന്ത്ര്യബോധം, കീഴടക്കപ്പെടാത്ത തലയെടുപ്പ്, സര്‍വ്വം ഭഗവാനിലര്‍പ്പിക്കുന്ന കര്‍മ്മയോഗി- ഇതെല്ലാമായിരുന്നു എന്റെ അമ്മ. അമ്മയും ബാലാമണിയമ്മയും വലിയ നൈര്‍മല്യമായൊരു ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. കത്തിടപാടുകളിലൂടെ അവര്‍ പരസ്പരം വിശേഷങ്ങളും വേദനകളും പങ്കുവെച്ചു. ബാലമണിയമ്മ അമ്മയെ വീട്ടില്‍ വന്ന് കണ്ടതോര്‍മ്മയുണ്ട്. കത്തുകളായിരുന്നു അന്നത്തെ പ്രധാന വിവരവിനിമയ മാര്‍ഗം.
തന്റെ ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ പോലും 'ദൈവത്തിനായി സമര്‍പ്പിതമീരത്നം, കേവലം ഭണ്ഡാരപാലിക ഞാന്‍' എന്നു പാടാന്‍ ഒരു കര്‍മ്മയോഗിക്കല്ലാതെ മറ്റാര്‍ക്കു കഴിയും!അമ്മയുടെ അവസാന നിമിഷങ്ങളില്‍ അടുത്തിരുന്ന് വിഷ്ണുഭുജംഗം ചെവിയില്‍ ചൊല്ലിക്കൊടുക്കാന്‍ എനിക്കു കഴിഞ്ഞതും വളരെ ശാന്തമായി ഒരു വാടിയ പൂവ് കൊഴിയുന്നത്രയും ലാഘവത്തോടെ ശരീരമുപേക്ഷിച്ചുപോകാന്‍ അമ്മയ്ക്കു കഴിഞ്ഞതും ഭഗവല്‍ക്കടാക്ഷം കൊണ്ടു തന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Content Highlights :Ammayormakal C.Annapoorna writes about her mother Kadathanattu Madhaviyamma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..