അപ്പൻ ബുദ്ധി കൊണ്ടും അമ്മ ഹൃദയം കൊണ്ടും എഴുതി | 'അമ്മയോർമകളി'ൽ റോസി തോമസിന്റെ മകൾ


ബീന എംസണ്‍എം.പി. പോളിന്റെ ഒമ്പത് മക്കളില്‍ മൂത്തയാളായ റോസി തോമസ്സിനെക്കുറിച്ചുള്ള ഓര്‍മകള്‍ മാതൃഭൂമി ഡോട്‌കോം 'അമ്മയോര്‍മകളില്‍' പങ്കുവെക്കുകയാണ് മകള്‍ ബീന എംസണ്‍.

റോസി തോമസ് രണ്ട് കാലഘട്ടങ്ങളിൽ

പണ്ഡിതനും വിദ്യാഭ്യാസവിജക്ഷണനും നിരൂപകനുമായ എം.പി. പോളിന്റെ മകള്‍, മലയാളനാടകത്തെ തിരുത്തിയെഴുതിയ സി.ജെ. തോമസ് എന്ന വലിയ പ്രതിഭയുടെ ഭാര്യ- റോസി തോമസ് എന്ന സ്ത്രീയ്ക്ക് വലിയ രണ്ട് മേല്‍വിലാസങ്ങളുണ്ടായിരുന്നു. എന്നാല്‍ അവ രണ്ടും മാറ്റിവെച്ച് തന്റേതായ പേര് സാഹിത്യത്തില്‍ പതിപ്പിച്ച വ്യക്തിത്വമാണ് റോസി തോമസ്. 'ഇവന്‍ എന്റെ പ്രിയ സി.ജെ.' എന്ന സര്‍വകാല റെക്കോഡ് നേടിയ പുസ്തകത്തിലൂടെ എഴുത്തിലേക്കുള്ള വരവറിയിച്ച റോസി തോമസ് രണ്ട് നോവലുകളും അനവധി ലേഖനങ്ങളും പിന്നീട് എഴുതി. എം.പി. പോളിന്റെ ഒമ്പത് മക്കളില്‍ മൂത്തയാളായ റോസി തോമസ്സിനെക്കുറിച്ചുള്ള ഓര്‍മകള്‍ മാതൃഭൂമി ഡോട്‌കോം 'അമ്മയോര്‍മകളില്‍' പങ്കുവെക്കുകയാണ് മകള്‍ ബീന എംസണ്‍.

ന്റെ ഏഴാമത്തെ വയസ്സിലാണ് അപ്പന്‍ സി.ജെ. തോമസ് മരിക്കുന്നത്. എന്റെ മൂത്ത സഹോദരന്‍ ബിനോയ് തോമസിന് എട്ട് വയസ്സ്, ഇളയവന്‍ പോള്‍ സി. തോമസ്സിന് ഒന്നര വയസ്സ്. അപ്പന് ബ്രെയിന്‍ ട്യൂമറായിരുന്നു. അന്നൊക്കെ അത്രയേ അറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ. വെല്ലൂരില്‍ ചികിത്സയിലായിരുന്നു. വൈകാതെ തന്നെ മരണപ്പെടുകയും ചെയ്തു.

സി.ജെയുടെ മക്കളായ ഞങ്ങള്‍ക്ക് വലിയ പരിഗണനയായിരുന്നു എവിടെയും ലഭിച്ചിരുന്നത്. പോരാത്തതിന് എം.പി. പോളിന്റെ പേരക്കുട്ടികളും. പക്ഷേ, വീടിനകത്ത് ഒരു പ്രതിഭ തന്നെത്തന്നെ മൂടിവെച്ച് ഇരിപ്പുണ്ടായിരുന്നു; അമ്മ റോസി തോമസ്. അപ്പന്റെയും അമ്മയുടെയും പ്രണയഗാഥകള്‍ കേട്ടറിഞ്ഞ അറിവേയുള്ളൂ. സി.ജെ. തോമസ് എന്ന പേരിന്റെ ആഴവും പരപ്പും അറിഞ്ഞു തുടങ്ങുന്ന കാലമായപ്പോള്‍ സത്യത്തില്‍ വലിയ വേദനയായിരുന്നു, കൂടെയില്ലാതെ പോയല്ലോ എന്നോര്‍ത്ത്. പലപ്പോഴും അപ്പന്റെ പേര് പ്രസരിപ്പിച്ച പ്രകാശത്തില്‍ അമ്മയെ ഞങ്ങള്‍ മറന്നിരുന്നു. അമ്മ ഞങ്ങളെ സംബന്ധിച്ചിടത്തോളം സാധാരണ ഒരമ്മ തന്നെയായിരുന്നു. അപ്പന്റെ പേര് എടുത്തു പറയുന്നതുപോലെ ആരും അമ്മയെക്കുറിച്ച് പറയുന്നത് അക്കാലത്തൊന്നും കേട്ടിട്ടുമില്ല. എം.പി. പോളിന്റെ മകള്‍, സി.ജെയുടെ വിധവ. ഒരു പക്ഷേ, അവിടെനിന്നായിരിക്കണം അമ്മ തന്റെ സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

എം.പി. പോളിന്റെ ഏറ്റവും പ്രിയപ്പെട്ട മകളായിരുന്നു അമ്മ. സീമന്തപുത്രിയാണല്ലോ. അദ്ദേഹത്തെ കൂടുതല്‍ വിഷമിപ്പിച്ചതും അമ്മ തന്നെയായിരുന്നു. എം.പി. പോള്‍ എന്ന പേര് മലയാള നിരൂപണ സാഹിത്യത്തിലും സമാന്തര വിദ്യാഭ്യാസ മേഖലയിലും അടക്കിവാണിരുന്ന കാലത്താണ് പ്രിയപ്പട്ട മകള്‍ പോള്‍സ് ട്യൂട്ടോറിയലിലെ ഇംഗ്ലീഷ് അധ്യാപകനായ സി.ജെ. തോമസ്സിനെ പ്രണയിക്കുന്നത്. അമ്മ ബി.എ. ഇക്കണോമിക്‌സിന് പഠിക്കുകയാണ്. സി.ജെയാവട്ടെ മലയാളനാടകത്തിലെ അതികായനായി വിലസുന്ന കാലവും. ട്യൂട്ടോറിയല്‍ കോളേജ് ഉടമസ്ഥന്റെ മകളെ പ്രണയിച്ചു എന്നത് അപരാധമല്ല എന്ന നിലപാടാണ് സി.ജെയുടേത്.

എം.പി. പോള്‍ ആദര്‍ശങ്ങള്‍ക്ക് ഒട്ടും പിറകിലല്ലെങ്കിലും സ്വന്തം മകളുടെ കാര്യം വരുമ്പോള്‍ സ്വാഭാവികമായും സ്വാര്‍ഥമായി ചിന്തിച്ചു. അദ്ദേഹത്തെ കുറ്റം പറയാനാവില്ല. സ്വന്തം മകളേക്കാള്‍ സി.ജെയെ അദ്ദേഹത്തിനറിയാമായിരുന്നു. പ്രതിഭാത്വത്തില്‍ ജീവിക്കുന്നയാളാണ്. കുടുംബജീവിതത്തില്‍ എത്ര കണ്ട് നീതി പുലര്‍ത്തുമെന്ന് പറയാന്‍ പറ്റില്ല. പക്ഷേ, ഇക്കാര്യങ്ങള്‍ സ്വന്തം മകളെ പറഞ്ഞു മനസ്സിലാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. മകള്‍ വാശി പിടിച്ചതോടെ അദ്ദേഹം വിവാഹത്തിന് സമ്മതിച്ചു. അമ്മ കത്തോലിക്കാ സഭാംഗവും അപ്പന്‍ യാക്കോബൈറ്റുമായിരുന്നു. അക്കാലത്തെ സഭാസ്പര്‍ധകള്‍ അറിയാമല്ലോ. രണ്ടു കൂട്ടരും ഉടക്കുനിന്നു. എം.പി. പോളിന് സഭയൊന്നും ഒരു എതിരാളിയേ അല്ലായിരുന്നു. അദ്ദേഹം തിരുവനന്തപുരത്ത് വെച്ച് വളരെ ആര്‍ഭാടമായി മകളുടെ വിവാഹം നടത്തി. അമ്മ ജനിച്ചുവീണതു മുതല്‍ അവരുടെ അപ്പന്റെ മരണം വരെ ജീവിച്ചത് മകളായ എനിക്കു പോലും സങ്കല്പിക്കാന്‍ പറ്റാത്ത അത്രയും സൗഭാഗ്യത്തിലായിരുന്നു.

സി.ജെയ്ക്ക് എം.പി. പോളിനോട് കടുത്ത ആരാധനയായിരുന്നു. മലയാളത്തിന്റെ ബൗദ്ധികമുഖമായി തിളങ്ങുന്ന എം.പി. പോളിന്റെ മകളോട് ആകര്‍ഷണം തോന്നാനുള്ള ഒരു കാരണവും ഒരു പക്ഷേ, അതായിരിക്കാം. എം.പി. പോളിനും അപ്പനോട് വലിയ സ്നേഹമായിരുന്നു. അമ്മയുടെ സഹോദരങ്ങള്‍ തോമസ് സാറ് എന്നായിരുന്നു അപ്പനെ വിളിച്ചിരുന്നത്. സഹോദരിയുടെ ഭര്‍ത്താവ് എന്നതിലുപരിയുള്ള ബഹുമാനം അപ്പന് ലഭിച്ചിരുന്നു. അപ്പനെ സംബന്ധിച്ചിടത്തോളം അമ്മയുമായുള്ള ബന്ധം ഭാഗ്യമായിരുന്നു. പക്ഷേ, ആ ഭാഗ്യത്തിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. നാല്‍പത്തിയെട്ടാം വയസ്സില്‍ എം.പി. പോള്‍ ഡയബറ്റിക് കോമയിലായി. വൈകാതെ അന്തരിച്ചു.

സഭയെ പല മട്ടിലും വെല്ലുവിളിക്കുകയും സഭയ്ക്ക് അനഭിമതനുമാകയാല്‍ തെമ്മാടിക്കുഴിയിലായിരുന്നു അദ്ദേഹത്തെ അടക്കിയത്. അന്നത്തെ കേരളം ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു അതെന്ന് പിന്നീട് മറ്റുള്ളവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ സഹോദരന്‍ ബിനോയ് തോമസ്സിനെ മാത്രമേ അദ്ദേഹം നേരില്‍ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ മരണത്തോടെ അമ്മയാകെ തകര്‍ന്നുപോയി. ഒമ്പത് മക്കളാണ് അവര്‍. അമ്മയ്ക്കു താഴെ രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരുമുണ്ട് (അതില്‍ ഒരു സഹോദരന്‍ നാല്‍പത്തിയഞ്ചാമത്തെ വയസ്സില്‍ മരിച്ചുപോയി). നാട്ടില്‍നിന്നു തിരുവനന്തപുരത്ത് വന്ന് സ്വന്തമായി ട്യൂട്ടോറിയല്‍ തുടങ്ങി നല്ല നിലയില്‍ ജീവിതം നയിക്കുകയാണ്. കോളേജിന് ഹോസ്റ്റല്‍ വരെയുണ്ട്. സമാന്തര വിദ്യാഭ്യാസ പദ്ധതിയിലധിഷ്ഠിതമായ കേരളത്തിലെ ആദ്യത്തെ സംരംഭമായിരുന്നു പോള്‍സ് ട്യൂട്ടോറിയല്‍. കോളേജിന്റെ ചുമതല അപ്പന്‍ താല്‍ക്കാലികമായി ഏറ്റെടുത്തു. അമ്മയുടെ അമ്മച്ചിയും മറ്റ് മക്കളും കൂടി നാട്ടിലേക്ക് തിരികെ പോയി. എം.പി. പോളിന്റെ മരണം ഒരു തരത്തിലുള്ള അനിശ്ചിതാവസ്ഥയായിരുന്നു സൃഷ്ടിച്ചത്.

സി.ജെയും റോസി തോമസും വിവാഹദിനത്തില്‍

പ്രതിഭയല്ലാതെ പണം അപ്പന്റെ കയ്യില്‍ ഇല്ലായിരുന്നു. അതിന്റെ ആവശ്യകതയെക്കുറിച്ച് അപ്പന്‍ ബോധവാനുമായിരുന്നില്ല. അമ്മ സ്വന്തം അപ്പന്റെ വിലയറിഞ്ഞു തുടങ്ങിയ കാലം കൂടിയായിരുന്നു. ബി.എ. കഴിഞ്ഞപ്പോള്‍ അമ്മ തുടര്‍ന്നു പഠിക്കാനുള്ള ആഗ്രഹം സി.ജെയെ അറിയിച്ചിരുന്നു. അപ്പന് സമ്മതമല്ലായിരുന്നു. എന്നാല്‍, ജോലിക്കുപോകാമെന്നായി അമ്മ. പല ഓഫറുകളും വന്നിരുന്ന കാലം കൂടിയായിരുന്നു. അതും അപ്പന് സമ്മതമല്ലായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വീട് ഏല്‍പ്പിക്കാന്‍ പറ്റിയ ആള്‍ അമ്മയായിരുന്നു. മാത്രമല്ല, മൂന്ന് മക്കളുണ്ട്. അമ്മ അവരുടെ കാര്യങ്ങളെല്ലാം നോക്കി കഴിഞ്ഞാല്‍ മതി. നാടകമൊക്കെ അപ്പന്‍ എഴുതിക്കോളും.

അപ്പന്‍ ഒരു കാര്യത്തിലും ഉറച്ചുനില്‍ക്കില്ലായിരുന്നു. ട്യൂട്ടോറിയല്‍ ഏറ്റെടുക്കുമ്പോള്‍ അപ്പന്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനാണ്. രണ്ടും അപ്പനെ സംബന്ധിച്ചിടത്തോളം ബാധ്യതയാണ്. ട്യൂട്ടോറിയല്‍ മറ്റൊരാള്‍ക്ക് അമ്മച്ചി വില നിശ്ചയിച്ച് കൊടുക്കാന്‍ നിര്‍ബന്ധിതയായി. അപ്പന്‍ പക്ഷേ, ആകാശവാണിയില്‍ അധികകാലം നിന്നില്ല. അവനവന്റെ പാടും നോക്കി ജീവിക്കുന്നതില്‍ അദ്ദേഹം തികഞ്ഞ പരാജയമായിരുന്നു. കൂടെ ജോലിചെയ്യുന്നവരുമായി എന്തെങ്കിലും വിയോജിപ്പുകള്‍ വന്നാല്‍ ഉടനടി ജോലി രാജിവെച്ചു കളയും. അത് അപ്പന്റെ സ്വഭാവമായിരുന്നു. അതു കാരണം അപ്പനും അമ്മയും തമ്മില്‍ വഴക്കുണ്ടായിരുന്നോ എന്നെനിക്കോര്‍മയില്ല. വിരലിലെണ്ണാവുന്ന വര്‍ഷങ്ങളേ അവര്‍ ഒന്നിച്ച് ജീവിച്ചുള്ളൂ.

അപ്പന്റെ രോഗം തിരിച്ചറിഞ്ഞ് ചികിത്സകള്‍ തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. റോസി തോമസ് വീണ്ടും ഒറ്റപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ അമ്മ ജീവിതം ഒറ്റയ്ക്ക് തുഴയാന്‍ തുടങ്ങുകയായിരുന്നു. അമ്മയുടെ കയ്യിലുണ്ടായിരുന്ന മേല്‍വിലാസം എം.പി. പോളിന്റെ മകള്‍, സി.ജെ. തോമസ്സിന്റെ വിധവ എന്നിവ മാത്രമായിരുന്നു. പക്ഷേ, അമ്മ ഒരു സ്വതന്ത്രവ്യക്തിത്വം തന്നെയായിരുന്നു. അപ്പന്‍ മരിച്ച് രണ്ടാമത്തെ ആഴ്ച അമ്മ വിദ്യാഭ്യാസ വകുപ്പിലേക്ക് ഒരു കത്തെഴുതി. എറണാകുളം ടീച്ചേഴ്സ് ട്രെയ്നിങ് സെന്ററില്‍ സ്പെഷ്യല്‍ അഡ്മിഷന്‍ അനുവദിച്ചു തരണമെന്ന അപേക്ഷയായിരുന്നു അത്. അമ്മയ്ക്ക് അഡ്മിഷന്‍ കിട്ടി. ബി.എഡ്. കഴിഞ്ഞതും ടീച്ചറായി ജോലിയില്‍ കയറി. അമ്മയുടെ സ്ഥിരോത്സാഹം കൊണ്ടുമാത്രമായിരുന്നു സി.ജെയുടെ വിധവ എന്ന ലേബലില്‍ ഒതുങ്ങിപ്പോവുമായിരുന്ന പേര് റോസി തോമസ് എന്ന് സര്‍ക്കാര്‍ സര്‍വീസ് ബുക്കിലും മലയാള സാഹിത്യത്തിലും ഒരു പോലെ രേഖപ്പെടുത്തപ്പെട്ടത്.

ബി.എഡ്. കഴിഞ്ഞതോടെ അമ്മ വെറൊരാളായിത്തീര്‍ന്നു എന്നു വേണം പറയാന്‍. അമ്മ എഴുത്തിലും വായനയിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 'ഇവന്‍ എന്റെ പ്രിയ സി.ജെ.' എന്ന പേരില്‍ അപ്പനെക്കുറിച്ചുള്ള ഓര്‍മകള്‍ എഴുതിയതോടെ അമ്മ സാഹിത്യത്തില്‍ സ്വീകാര്യയായി. പിന്നെ പല പത്രങ്ങള്‍ക്കും മാസികകള്‍ക്കുമായി ലേഖനങ്ങളും മറ്റും എഴുതാന്‍ തുടങ്ങി. കൂടെ രണ്ട് നോവലുകളും എഴുതി.

അമ്മയ്ക്ക് എഴുതാനുള്ള സാഹചര്യം ഇല്ലായിരുന്നു. മൂന്നു മക്കളെ നോക്കണം, ജോലി ചെയ്യണം, സി.ജെയുടെ ശേഷിപ്പുകള്‍ അന്വേഷിച്ചു വരുന്നവരെ സ്വീകരിക്കണം...പെണ്‍കുട്ടികളോടുള്ള അമ്മയുടെ കരുതല്‍ വേറെ തന്നെയായിരുന്നു. പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും പഠിക്കണം ജോലി നേടണം എന്ന് അമ്മ കൂടെക്കൂടെ പറയും. അക്കാര്യത്തില്‍ പക്ഷേ, ഞാന്‍ അമ്മയെ അനുസരിച്ചില്ല. അമ്മ ഞങ്ങളെ ജീവിപ്പിക്കാന്‍ ഓടിയ ഓട്ടം ഞാനന്ന് മനസ്സിലാക്കിയിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അമ്മമാര്‍ വീട്ടില്‍ മക്കളെയൊക്കെ സ്നേഹത്തോടെ നോക്കി പരിപാലിച്ച് അങ്ങനെ ഇരിക്കേണ്ടവരായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ വിഷമമുണ്ട്, അനുകൂല സാഹചര്യം കൂടി ഉണ്ടായിരുന്നെങ്കില്‍ അമ്മ എഴുത്തില്‍ എന്നോ തിളങ്ങുമായിരുന്നു. പക്ഷേ, റോസി തോമസ് എന്ന വ്യക്തിത്വം അതേക്കുറിച്ചൊന്നും വ്യാകുലപ്പെട്ടിരുന്നില്ല, മരണം വരെ. അമ്മയുടെ ആര്‍ട് ഓഫ് ലിവിങ് തികച്ചും വ്യത്യസ്തമായിരുന്നു.

തുറന്ന വ്യക്തിത്വമായിരുന്നു അമ്മയുടേത്. ആര് എന്ത് പറഞ്ഞാലും എടുത്തുചാടി പുറപ്പെടും. കേട്ട മാത്രയില്‍ പ്രതികരിക്കും. രണ്ട് തവണ പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ചിട്ടുണ്ട്. ഒന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായും പിന്നെ ഇടത് സ്വതന്ത്രയായും! കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായപ്പോള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായി. കാലം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി രീതികള്‍ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അമ്മ പരസ്യമായി എതിര്‍ത്തു. പൊതുജനം അമ്മയക്ക് ഹരമായിരുന്നു. ഒരു തിരഞ്ഞെടുപ്പ് കാലം വന്നപ്പോള്‍ ഇടതുകാര്‍ വന്നു, ചിഹ്നത്തില്‍ മത്സരിക്കില്ല എന്നായി അമ്മ. എന്നാല്‍, മനസ്സുകൊണ്ട് അമ്മ ഇടതാണ് താനും. സ്വതന്ത്രയാവാം, ഇടത് പിന്തുണ എന്നായി. ആ തിരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടി. അമ്മയ്ക്ക് ഒരു കുലുക്കവുമുണ്ടായില്ല. മത്സരിക്കുന്നത് പരമാവധി പിന്തിരിപ്പിക്കാന്‍ ഞാന്‍ നോക്കിയിരുന്നു. അമ്മ അതൊന്നും കേള്‍ക്കുന്ന ആളായിരുന്നില്ല.

കുടുംബത്തിലെ മൂത്തയാള്‍ എന്ന നിലയില്‍ സഹോദരങ്ങളോട് വളരെ ധാര്‍മികമായി പെരുമാറുന്ന ആളായിരുന്നു അമ്മ. അമ്മ വിശ്വസിച്ചിരുന്നത് വിദ്യാഭ്യാസത്തെ മാത്രമായിരുന്നു. മൂന്നു മക്കളും ഉദ്യോഗസ്ഥരാവണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അക്കാര്യത്തില്‍ ഞാന്‍ നീതി പുലര്‍ത്തിയില്ല. ആവശ്യത്തിനുള്ള പണം കയ്യെത്താ ദൂരത്തുനില്‍ക്കുന്ന അവസ്ഥ ജീവിതത്തിന്റെ ഒരു ഘട്ടം മുഴുവന്‍ കവര്‍ന്നതില്‍ അമ്മ അസ്വസ്ഥയായിരുന്നു. എന്നിരുന്നാലും അമ്മയുടെ നിശ്ചയദാര്‍ഢ്യം മൂന്നു മക്കളെയും അന്തസ്സായി ജീവിപ്പിക്കാന്‍ മതിയാവുന്നതായിരുന്നു.

മാധവിക്കുട്ടി, റോസി തോമസ്, മാനസി, സാറാജോസഫ് എന്നിവര്‍

എഴുതാന്‍ ആഗ്രഹിച്ച കാലത്ത് അമ്മയ്ക്ക് മുഴുവന്‍ സമയവും എഴുത്തിനായി നീക്കിവെക്കാന്‍ പറ്റിയില്ല. പ്രായോഗിക ജീവിതം അതിനുസമ്മതിച്ചില്ല. സി.ജെ. എന്ന വലിയ മനുഷ്യന്റെ പ്രഭാവത്തില്‍ മുങ്ങിപ്പോയിരുന്നിരിക്കാം. പത്തു വയസ്സോളം അന്തരമുണ്ടായിരുന്നു അവര്‍ തമ്മില്‍. അമ്മയുടെ അപ്പന് സി.ജെ. ഒരു മരുമകന്‍ എന്ന നിലയില്‍ അഭിമതനായിരുന്നില്ല. പണം തന്നെയായിരിക്കാം പ്രധാന കാരണം. ആ വിടവ് നികത്താന്‍ അമ്മ വളരെ കഷ്ടപ്പെട്ടിരുന്നു. അമ്മ സി.ജെയെക്കാള്‍ പക്ഷേ, ആരാധിച്ചിരുന്നത് സ്വന്തം അപ്പനെയായിരുന്നു. അപ്പനെക്കുറിച്ച് ഒരു വാക്ക് വെറുതെയാക്കുന്നത് അമ്മയ്ക്കിഷ്ടമില്ലായിരുന്നു. അമ്മയുടെ 25-ാം വയസ്സിലാണ് എം.പി. പോള്‍ മരിക്കുന്നത്. ആ 25 വര്‍ഷത്തെ ഓര്‍മകളായിരുന്നു അമ്മയെ മുന്നോട്ട് നയിച്ചത്. സി.ജെയോടൊപ്പം കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ ജീവിതയാഥാര്‍ഥ്യങ്ങള്‍ ഒന്നൊന്നായി മനസ്സിലാക്കാനുള്ള അവസരങ്ങള്‍ കൂടിയായിരുന്നു അമ്മയ്ക്ക്.

അപ്പനും അമ്മയും ഒന്നിച്ചുള്ള ജീവിതത്തെക്കുറിച്ച് ഞങ്ങള്‍ മക്കള്‍ ഒരു പരിധിവരെ അജ്ഞരാണ്. 'ഇവന്‍ എന്റെ പ്രിയ സി.ജെ.' എന്ന പുസ്തകമാണല്ലോ ആ ജീവിതത്തിന്റെ തന്നെ ഉത്തരം. ഒരു ജോലി അവസാനിപ്പിച്ച് സി.ജെ. പടിയിറങ്ങുമ്പോള്‍ അടുത്ത ജോലി വാഗാദാനങ്ങള്‍ അനവധിയുണ്ടാകും. അതുകൊണ്ടുതന്നെ എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ച് അപ്പന് വേവലാതിയില്ലായിരുന്നു. അമ്മയ്ക്ക് പക്ഷേ, ആ അസ്ഥിരതയെ ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. അമ്മയ്ക്ക് പറ്റിയ ഒരാളായിരുന്നില്ല അപ്പന്‍ എന്ന് ഞാന്‍ ഒരിക്കല്‍ കളിയായി പറഞ്ഞു. സമ്പന്നതയുടെ മടിത്തട്ടില്‍ അമ്മ വളര്‍ന്ന കാലത്തെക്കുറിച്ചും ഞങ്ങളുടെ അപ്പന്റെ നിര്‍ധനതയെക്കുറിച്ചും കേട്ട വികാരത്തില്‍ പറഞ്ഞതാണ്. അമ്മയ്ക്ക് പക്ഷേ, ആ കമന്റ് സഹിക്കാന്‍ പറ്റില്ലായിരുന്നു. അമ്മയെ ഒരുപാട് സ്നേഹിച്ച ഒരാളെക്കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ തന്നെ ഇങ്ങനെ പറയുമെന്ന് അമ്മ കരുതിക്കാണില്ല.

ഓര്‍മവെച്ച നാള്‍തൊട്ട് അപ്പനെ വാനോളം പുകഴ്ത്തുന്ന സമൂഹത്തെ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. അപ്പന്‍ അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് വേറിട്ടൊരു വികാരമായിരുന്നു. പോരാത്തതിന് ജീവിച്ചിരിപ്പുമില്ല. അമ്മയാകട്ടെ കണ്‍മുന്നിലുണ്ട്. ഞങ്ങളെ വളര്‍ത്തുന്നുണ്ട്, ഒരു വിഷമവും ഞങ്ങള്‍ക്കുണ്ടാവാന്‍ പാടില്ല എന്ന ചിന്തയില്‍ ഓടി നടക്കുന്നതെങ്കിലും അമ്മയുടെ ജീവിതത്തോടുള്ള വെല്ലുവിളി ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.

റോസി തോമസ്

അവസാനത്തെ മൂന്നു വര്‍ഷം അമ്മ പാടേ വിഷമിച്ചിരുന്നു. റോസി തോമസ് എന്ന ശൗര്യം മുഴുവനായും പോയി. അത് ഞങ്ങള്‍ക്ക് ഒരു ഷോക്കായിരുന്നു. അമ്മയെ അങ്ങനെ മാത്രം കാണാന്‍ കഴിയില്ലായിരുന്നു. ഞങ്ങള്‍ അമ്മയോട് എഴുതാന്‍ ആത്മാര്‍ഥമായി നിര്‍ബന്ധിച്ച കാലം കൂടിയായിരുന്നു അത്. ഒന്നും വേണ്ട എന്നു പറഞ്ഞ് അമ്മ തന്നിലേക്ക് തന്നെ ഒതുങ്ങിപ്പോയി. അമ്മ സുന്ദരിയായിരുന്നു എന്ന് എല്ലാവരും പറയാറുണ്ട്. മക്കള്‍ക്ക് അമ്മയുടെ സൗന്ദര്യം എത്രകണ്ട് തിരിച്ചറിയാന്‍ കഴിയുമെന്ന് എനിക്കറിയില്ല. സി.ജെയുടെ മനസ്സും ജീവിതവും കീഴടക്കാന്‍ മാത്രം സുന്ദരിയായിരുന്നിരിക്കണം...2009 ഡിസംബര്‍ പതിനാറിന് എണ്‍പത്തിരണ്ടാം വയസ്സിലാണ് അമ്മ പോയത്. അപ്പനും അമ്മയും അക്ഷരങ്ങളെയാണ് തങ്ങളുടെ ജീവിതശേഷിപ്പുകളായി ഇവിടെത്തന്ന് പോയിരിക്കുന്നത്. അപ്പന്‍ ബുദ്ധികൊണ്ടെഴുതിയപ്പോള്‍ അമ്മ ഹൃദയം കൊണ്ടായിരുന്നു എഴുതിയത്. ഹൃദയം കൊണ്ടെഴുതിയത് കൂടുതല്‍ ആളുകള്‍ നെഞ്ചോട് ചേര്‍ത്തു. ബുദ്ധികൊണ്ടെഴുതിയത് എക്കാലവും പഠനവിധേയമായി കൊണ്ടിരിക്കുന്നു. മഹത്തായ ആ രണ്ട് ജീവിതങ്ങളുടെ ബാക്കിഭാഗമാകാന്‍ കഴിഞ്ഞുവെന്നതാണ് ഞങ്ങളുടെ ഭാഗ്യവും.

തയ്യാറാക്കിയത്: ഷബിത

Content Highlights: Ammayormakal, Beena Emson, M.P Paul, C.J Thomas, Rosy Thomas

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented