മിസിസ് കെ.എം മാത്യുവിന്റെ പാചകക്കുറിപ്പ് വായിക്കും; അടുക്കളയില്‍ കയറില്ല! സുമംഗലയെ ഓര്‍ക്കുമ്പോള്‍..


അഷ്ടമൂര്‍ത്തി ദേശമംഗലംമലയാളത്തിന്റെ ബാലസാഹിത്യമുത്തശ്ശിയായ സുമംഗല വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ലീലാ നമ്പൂതിരിപ്പാട് എന്ന പേരില്‍ നിന്നും സുമംഗല എന്ന വലിയ പേരിലേക്കുള്ള എഴുത്തുകാരിയുടെ യാത്രകളെക്കുറിച്ച് ഓര്‍മിക്കുകയാണ് മകന്‍ അഷ്ടമൂര്‍ത്തി.

സുമംഗല രണ്ട് കാലഘട്ടങ്ങളിൽ

പാലക്കാട്ടെ ഒളപ്പമണ്ണമന ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ പത്തുമക്കളില്‍ മൂത്തമകളായിട്ടാണ് അമ്മ ജനിച്ചത്. ഋഗ്വേദം മലയാളത്തിലേക്ക് ഗദ്യഭാഷാന്തരം ചെയ്ത് വിഖ്യാതനായ ആളാണ് ഒ.എം.സി നമ്പൂതിരിപ്പാട്. അമ്മയും മുത്തശ്ശനും തമ്മില്‍ വളരെ കുറച്ചു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഒറ്റപ്പാലം വെള്ളിനേഴി സ്‌കൂളില്‍ പത്താം ക്ലാസുവരെ പഠിച്ചു അമ്മ. സ്‌കൂളവധിക്കാലത്താണ് മനയിലെത്തുക. സ്‌കൂളില്‍ പോകാനുള്ള സൗകര്യത്തിനായി ചെറിയമ്മയുടെ വീട്ടിലായിരുന്നു താമസം. വളരെ ചെറുപ്പം മുതലേ വായനാലോകത്തേക്ക് ആകര്‍ഷിക്കപ്പെട്ടതാണ് അമ്മ. അവധിയ്ക്ക് മനയിലെത്തുമ്പോള്‍ മുത്തശ്ശന്റെ സമ്മാനവും പുസ്തകങ്ങള്‍ തന്നെയാണ്. നാലാപ്പാട്ട് നാരായണമേനോന്‍ 'പാവങ്ങള്‍' വിവര്‍ത്തനം ചെയ്തപ്പോള്‍ വീട് വീടാന്തരം കയറി വില്‍ക്കുമായിരുന്നു. വള്ളത്തോളും നാരായണമേനോനും നടന്നിട്ടാണ് പുസ്തകങ്ങള്‍ വിറ്റിരുന്നത്. അമ്മയുടെ അച്ഛനും 'പാവങ്ങള്‍' വാങ്ങി. ഏഴുവാല്യങ്ങളായിട്ടായിരുന്നു പുസ്തകം. അമ്മ അതെല്ലാം ഇരുന്നഇരിപ്പില്‍ വായിച്ചു. കഥ മനസ്സിലായിട്ടോ, വായിക്കുന്നതിന്റെ വ്യാപ്തി അറിഞ്ഞിട്ടോ ഉള്ള വായനയായിരുന്നില്ല വായന...പക്ഷേ നോവലിലെ കൊസത്ത് എന്ന കുട്ടി മാത്രം അമ്മയുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുകിടന്നു.

പതിമൂന്നാം വയസ്സിലാണ് അമ്മ പത്താം ക്ലാസ് പാസ്സാവുന്നത്. തുടര്‍ പഠനത്തിന് കോളേജില്‍ രണ്ടുവര്‍ഷം പഠിക്കണം. മനയില്‍ നിന്നും കാര്യമായ നിര്‍ബന്ധമുണ്ടായില്ല. അമ്മ മുത്തശ്ശനില്‍ നിന്നും സംസ്‌കൃതം പഠിക്കാമെന്ന് തീരുമാനത്തിലെത്തി.

പതിനാലര വയസ്സുള്ളപ്പോഴാണ്. അമ്മയുടെ ജീവിതം നിര്‍ണയിക്കപ്പെടുന്നത്. കൂടുതല്‍ പഠിക്കണം വായിക്കണം എന്ന മോഹവും ഒളപ്പമണ്ണ മനയിലെ പുരോഗമനപരമായി അനുകൂല സാഹചര്യവും ഉണ്ടായിരുന്നിട്ടുകൂടി അമ്മയുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. ദേശമംഗലം മനയിലേക്കാണ് വിവാഹം കഴിപ്പിച്ചത്. ദേശമംഗലം അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട് എന്ന വരനാവട്ടെ ഇരുപത്തിനാല് വയസ്സ് കഷ്ടിയും. തന്റെ അച്ഛന്‍ ചെയ്ത ഏറ്റവും വലിയ അപരാധം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ വിവാഹം കഴിപ്പിച്ചയച്ചതാണ് എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. ദേശമംഗലം വളരെ കേളികേട്ട മനയാണ്. സാമ്പത്തികമായി യാതൊരു മുട്ടുമില്ല. കൂട്ടുകുടുംബസമ്പ്രദായമായതിനാല്‍ ഒറ്റപ്പെടല്‍ ഇല്ല. അത്യാവശ്യം കാര്യങ്ങള്‍ക്കെല്ലാം സഹായിക്കാന്‍ ജോലിക്കാരുണ്ട്. ധാരാളം സമ്പത്തുണ്ട്. പാട്ടത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് മനയിലെ കാര്യങ്ങള്‍ നടക്കുന്നത്.

ഒളപ്പമണ്ണ മനയേക്കാള്‍ പ്രശസ്തിയും സമ്പത്തും ഉണ്ടെങ്കിലും വലിയൊരു ന്യൂനതയുള്ളത് പുരോഗമനചിന്താഗതിയുടെ കാര്യത്തിലായിരുന്നു. വിപ്ലവത്തെ സ്വാഗതം ചെയ്ത ഒളപ്പമണ്ണ മനയില്‍ നിന്നും പരമ്പരാഗത മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ദേശമംഗലം മനയിലേക്ക് പറിച്ചുനട്ടപ്പോള്‍ അമ്മയുടെ മുമ്പില്‍ ദാര്‍ശനിക പ്രതിസന്ധികളുടെ കൂമ്പാരം തന്നെയുണ്ടായിരുന്നു.

ദേശമംഗലം മനയില്‍ അക്കാലത്ത് സ്ത്രീകളാരും ബ്ലൗസ് ഇട്ടിരുന്നില്ല. വിവാഹിതരായി വരുന്ന കുട്ടികള്‍ ഇടാനും പാടില്ല. അകത്തളങ്ങളിലെ മൂത്തുപാകം വന്ന അന്തര്‍ജനങ്ങളുടെ അലിഖിത നിയമമാണ്. തന്റെ മാറ് മറയ്ക്കാന്‍ വേണ്ടിയായിരുന്നു അമ്മയുടെ ആദ്യത്തെ പ്രതിഷേധം. ഒളപ്പമണ്ണ മനയില്‍ സ്ത്രീകള്‍ ബ്ലൗസ് ഇടാറുണ്ട്. കുപ്പായമിടാതെ താന്‍ വിവാഹമണ്ഡപത്തിലേക്കില്ല എന്ന് അമ്മ പ്രസ്താവിച്ചു. ബാലസാഹിത്യകാരിയായ, സൗമ്യശീലയായ, സുമംഗലയല്ല യഥാര്‍ഥത്തില്‍ ലീലാ നമ്പൂതിരിപ്പാട് എന്ന എന്റെ അമ്മ. അസ്സലൊരു വിപ്ലവകാരി തന്നെയാണ്. താനൊരു വാക്ക് പറഞ്ഞാല്‍ അത് നടപ്പാക്കിയിരിക്കും. അതിന് മുന്‍പിന്‍ നോട്ടമൊന്നുമില്ല. വിവാഹം മുടങ്ങിപ്പോകുമോ എന്ന ഭയത്താല്‍ മുത്തശ്ശന്റെ ശുപാര്‍ശയില്‍ അമ്മയ്ക്ക് ബ്ലൗസ് അനുവദിക്കപ്പെട്ടു.

ദേശമംഗലം മനയിലേക്ക് ആദ്യമായി കുപ്പായമിട്ടുകൊണ്ട് പടികയറി വന്ന അമ്മയെ മറ്റ് സ്ത്രീകള്‍ക്ക് എത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടാകുമെന്ന് ഊഹിച്ചാല്‍ മതി. പിന്നീട് അമ്മയുടെ ചുവട് പറ്റി മനയിലെ പെണ്‍കുട്ടികള്‍ ബ്ലൗസ് ഇടാന്‍ തുടങ്ങിയെന്നത് മറ്റൊരു ഇംപാക്ട്. അച്ഛന്‍ അമ്മയുടെ ഉറ്റ ചങ്ങാതിയായി മാറുകയാണ് ആദ്യം ചെയ്തത്. അമ്മ എന്താവശ്യപ്പെട്ടാലും വേഗം നിവര്‍ത്തിച്ചുകൊടുത്തുകൊണ്ടായിരുന്നു അമ്മയുടെ ജീവിതത്തില്‍ തന്റേതായ ഇടം അച്ഛന്‍ നേടിയെടുത്തത്. അച്ഛനും ധാരാളം വായിക്കുമായിരുന്നു. അമ്മയുടെ പുസ്തകങ്ങള്‍ വായിച്ചുതീരുന്ന മുറയ്ക്കനുസരിച്ച് അച്ഛന്‍ എവിടുന്നെങ്കിലും പുതിയവ തേടിപ്പിടിച്ചു എത്തിച്ചുകൊടുക്കും. ദേശമംഗലത്തെ സ്ത്രീകള്‍ക്ക് അന്ന് എഴുത്തും വായനയുമൊന്നും വശമില്ല. സംസ്‌കൃതം ശ്ലോകങ്ങള്‍ വാമൊഴിയായി ശീലിച്ചിട്ടുണ്ട്. അമ്മ ആദ്യം ചെയ്തത് തന്റെ കുടുംബത്തിലെ സ്ത്രീകളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതായിരുന്നു. ദേശമംഗലത്തെ ഗ്രാമീണ ഗ്രന്ഥാലയത്തില്‍ നിന്നും പുസ്തകങ്ങള്‍ വരുത്തിച്ചു. രാവിലെ കുളിയും തേവാരവും കഴിഞ്ഞാല്‍ അമ്മ എല്ലാവരെയും വിളിച്ചുകൂട്ടി ഒരിടത്തിരുത്തും. പുസ്തകങ്ങള്‍ എടുത്ത് കഥകള്‍ വായിച്ചു കേള്‍പ്പിച്ചുകൊടുക്കും. അടുക്കളയില്‍ സഹായിക്കാന്‍ വരുന്ന സ്ത്രീകള്‍ ഉള്‍പ്പടെ വലിയൊരു സദസ്സ് തന്നെ അമ്മയുടെ മുമ്പില്‍ ഇരിക്കുന്നുണ്ടാവും. അമ്മ കഥകള്‍ ഉച്ചത്തിലാണ് വായിക്കുക. സ്ത്രീകള്‍ അതു കേട്ടിരിക്കുന്നത് പതിവായിത്തീര്‍ന്നു. അമ്മയുടെ വായന അപ്പോഴേക്കും ദേശാന്തരങ്ങള്‍ കടന്നിരുന്നു. അമ്മയേക്കാള്‍ ഒരു പടി അധികം വായന അച്ഛനും ഉണ്ടായിരുന്നു. അമ്മയെ പതുക്കെ ലോകസാഹിത്യവായനയിലേക്ക് നയിച്ചത് അച്ഛനാണ്. മദ്രാസില്‍ നിന്നും പുസ്തകങ്ങള്‍ അച്ഛന്‍ നേരിട്ട് വരുത്തിച്ചു. നാഷണല്‍ ബുക്‌സ് സ്റ്റാള്‍ പ്രവര്‍ത്തനം തുടങ്ങിയ കാലമാണ്. നൂറ് രൂപ മെമ്പര്‍ഷിപ്പില്‍ എല്ലാ പുസ്തകങ്ങളും ലഭിക്കുന്ന പദ്ധതി ഉണ്ടായിരുന്നു. അമ്മയ്ക്കു വേണ്ടി അച്ഛന്‍ ആ മെമ്പര്‍ഷിപ്പ് എടുത്തു. അമ്മയുള്ള ഇടങ്ങളെല്ലാം തന്നെ പുസ്തകങ്ങള്‍ കൊണ്ടുള്ള കോലാഹലങ്ങളായിരുന്നു. വായനയില്‍ വേര്‍തിരിവുകള്‍ അമ്മയ്ക്കുണ്ടായിരുന്നില്ല. പൈങ്കിളി വാരികകളും ക്ലാസിക് പുസ്തകങ്ങളും ആ വായനയില്‍ ഇടം പിടിച്ചിരുന്നു. മംഗളോദയം വാരിക ദേശമംഗലത്തെ ബന്ധുവായിരുന്ന എ.കെ.ടി.കെ എം നമ്പൂതിരിപ്പാടിന്റെതായിരുന്നു. ആ വകയിലും പ്രസിദ്ധീകരണങ്ങള്‍ക്ക് മുട്ടില്ലാതായി.

ആയിടയ്ക്കാണ് അമ്മയ്ക്ക് എഴുതാനുള്ള ആഗ്രഹമുദിക്കുന്നത്. പതിനെട്ടാം വയസ്സില്‍ 'ആരുടെ കൈ' എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അമ്മയുടെ കഥ അച്ചടിച്ചുവന്നു. ബാലസാഹിത്യവുമായി അക്കാലത്ത് അടുപ്പം പുലര്‍ത്തിയിരുന്നില്ല അമ്മ. 'ആരുടെ കൈ' എന്ന കഥയിലൂടെ ലീലാ നമ്പൂതിരിപ്പാടില്‍ നിന്നും ഒരു സുമംഗല പിറവികൊള്ളുകയായിരുന്നു. ദേശമംഗലം മനയിലെ ലീലാ നമ്പൂതിരിപ്പാട് ആണ് എഴുതുന്നത് എന്ന് ആളുകള്‍ തല്‍ക്കാലം തിരിച്ചറിയണ്ട എന്ന് അമ്മ കരുതിയതിന്റെ കാരണം അറിയില്ല. മനയിലെ മറ്റു സ്ത്രീകളുടെ സമീപനത്തില്‍ മാറ്റമുണ്ടാകുമോ എന്ന ഭയമായിരിക്കാം. അവരാരും എഴുതുന്നവരല്ല. മന കടന്നുള്ള പ്രശസ്തിയെ സൂക്ഷിച്ചു കൈകാര്യം ചെയ്യാനുള്ള അമ്മയുടെ ബുദ്ധിയില്‍ നിന്നാണ് സുമംഗലയുണ്ടാവുന്നത്.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന രാധാ പത്മനാഭന്‍ അമ്മയുടെ സുഹൃത്തായിരുന്നു. അച്ഛന്‍ മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. കുടുംബത്തോടൊപ്പമാണ് കോഴിക്കോടേക്ക് താമസിച്ചിരുന്നത്. അവിടെ ഞങ്ങളുടെ അയല്‍ക്കാരിയായിരുന്നു രാധാ പത്മനാഭന്‍. അമ്മയുമായി വലിയ ചങ്ങാത്തമായി അവര്‍ക്ക്. തൂലികാനാമം സ്വീകരിക്കുന്നതിനെക്കുറിച്ച് അവരോടാണ് അമ്മ ചര്‍ച്ച നടത്തിയത്. രാധാ പത്മനാഭനാണ് അമ്മയ്ക്ക് 'സുമംഗല' എന്ന പേര് നിര്‍ദേശിച്ചത്. ദേശമംഗലം തന്റെ കൂടെ നിര്‍ത്തുകയും വേണം എന്നാല്‍ പ്രത്യക്ഷത്തിലൊട്ട് തിരിച്ചറിയാനും പാടില്ല. അധികം വൈകാതെ തന്നെ സുമംഗലയുടെ ഐഡന്റിറ്റി ദേശമംഗലക്കാര്‍ മനസ്സിലാക്കി എന്നത് വേറെ കാര്യം.

സുമംഗല എന്ന പേര് വളരെ പെട്ടെന്നാണ് പ്രസാധകര്‍ക്ക് പരിചിതമായത്. അമ്മയ്ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ വളരെ ഇഷ്ടമായിരുന്നു. അമ്മ വായിച്ച കഥകളത്രയും ഞങ്ങളെ കേള്‍പ്പിച്ചു കഴിഞ്ഞപ്പോഴാണ് ഉണ്ടാക്കിപ്പറയാന്‍ തുടങ്ങിയത്. കുറിഞ്ഞിയും കൂട്ടുകാരും പോലുള്ള കഥകള്‍ ഇമ വെട്ടാതെ ഞങ്ങള്‍ കേട്ടിരിക്കുന്നതിലെ പ്രചോദനത്താല്‍ അതെല്ലാം എഴുതി വെക്കാനും തുടങ്ങി.

പച്ചമലയാളം നിഘണ്ടു അമ്മയുടെ ഏറെക്കാലത്തെ പ്രയത്‌നഫലമാണ്. മാതൃഭൂമിയില്‍ വെച്ചാണ് പച്ചമലയാളം നിഘണ്ടുവിനെക്കുറിച്ചുള്ള ചര്‍ച്ച അമ്മയിലേക്കെത്തുന്നത്. ഉറൂബാണ് പച്ചമലയാളം നിഘണ്ടുവിനെക്കുറിച്ച് പറയുന്നത്. എന്‍.വി കൃഷ്ണവാരിയറും അച്ഛനും അമ്മയും ഇരിക്കുമ്പോള്‍ ഉറൂബ് വിഷയം എടുത്തിട്ടു. സംസ്‌കൃതസ്വാധീനമില്ലാത്ത മലയാളം വാക്കുകള്‍ മാത്രം ശേഖരിച്ചുകൊണ്ട് അതിന്റെ അര്‍ഥം വിശദമാക്കുക. ഇതായിരുന്നു സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ അമ്മയുടെ ആദ്യത്തെ പ്രൊജക്ട്. ഞാന്‍ സഹായിക്കാം എന്നു പറഞ്ഞുകൊണ്ട് ഉറൂബ് കുറേ ആളുകളുടെ പേരും വിലാസവും കൊടുത്തു. അവര്‍ക്കെല്ലാം ഉദ്ദേശ്യമറിയിച്ചുകൊണ്ട് അമ്മ എഴുതി. പ്രോത്സാഹനജനകമായ മറുപടികള്‍ വന്നുകൊണ്ടിരുന്നു. പത്താംക്ലാസുകാരിയുടെ ഗവേഷണകാലമായിരുന്നു അത്. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടു, വില്യം മോര്‍ഗന്റെ നിഘണ്ടു തുടങ്ങി മലയാളത്തിലെ നിഘണ്ടുക്കള്‍ കൃത്യമായി പഠിച്ചു. അതില്‍നിന്നും സംസ്‌കൃതത്തില്‍ നിന്നും കടമെടുത്ത പദങ്ങള്‍ ഒഴിവാക്കി. ഒമ്പതോളം നിഘണ്ടുക്കള്‍ തുറന്നുവെച്ച് അതില്‍ നിന്നും തനിമലയാളമായ പദങ്ങള്‍ തിരഞ്ഞെടുത്ത് എഴുതിയെഴുതിപ്പോന്നു. പദങ്ങള്‍ ആല്‍ഫബെറ്റിക് ഓര്‍ഡറില്‍ കാര്‍ഡുകളില്‍ എഴുതി നിരനിരയായി വെക്കുകയാണ് ചെയ്യുക. കാര്‍ഡിലെ പദം എഴുതിക്കഴിഞ്ഞാല്‍ അത് കീറിക്കളയും. കാര്‍ഡ് വെട്ടിയുണ്ടാക്കലും മറ്റും അച്ഛന്റെ ഉത്തരവാദിത്തമാണ്.

സുമംഗലയുടെ കഥ കൈയെഴുത്തില്‍

അഞ്ചാറുവര്‍ഷം വിശ്രമമില്ലാതെ പച്ചമലയാളവുമായി അമ്മ കെട്ടിമറിഞ്ഞു. കേരളത്തിലങ്ങോളമുള്ള നിരവധിയാളുകളുമായി നിരന്തരം കത്തുകളിലൂടെ സംവദിച്ചു. കോഴിക്കോടുനിന്നും നഫീസാ മുഹമ്മദ് എന്ന ഉമ്മ സ്ഥിരമായി കത്തുകള്‍ എഴുതും. മലബാര്‍ മുസ്ലിംഭാഷയിലെ പദങ്ങള്‍ അവര്‍ക്ക് ഓര്‍മ വരുന്നത് അപ്പപ്പോള്‍ അമ്മയ്ക്ക് എഴുതി അയക്കുന്നതാണ്. അമ്മ മരിച്ചുവെന്നറിഞ്ഞപ്പോള്‍ ധാരാളം ഫോണ്‍വിളികള്‍ വന്നു. അതില്‍ ഭൂരിഭാഗവും പച്ചമലയാളം നിഘണ്ടുവുമായി അമ്മയോട് സഹകരിച്ചവരുടെ മക്കളുടേതും പേരക്കുട്ടികളുടേതുമായിരുന്നു. പച്ചമലയാളം ശേഖരിക്കുന്ന തിരക്കില്‍ അമ്മയ്ക്ക് ഞങ്ങളൊന്നും അത്ര പ്രധാനപ്പെട്ടതായിരുന്നില്ല. മുറിയില്‍ നിരനിരയായി നിര്‍ത്തിയിരിക്കുന്ന കാര്‍ഡുകളിലായിരുന്നു അമ്മയുടെ രാവും പകലും. ഒരിക്കല്‍ ഞാന്‍ പന്ത് കളിച്ചപ്പോള്‍ കാര്‍ഡുകളില്‍ തട്ടി എല്ലാം ചിതറി വീണു. അമ്മ എന്നെത്തന്നെ നോക്കി. പിന്നെ കുനിഞ്ഞിരുന്ന് പൊട്ടിക്കരഞ്ഞു. എത്രയോ നാളുകള്‍ കൊണ്ട് ഓര്‍ഡറിലാക്കിയെടുത്തതാണ് ഒരു പന്തുകൊണ്ട് ഞാന്‍ തട്ടിത്തെറിപ്പിച്ചുകളഞ്ഞത്. അമ്മയുടെ പരിശ്രമത്തിന്റെ ആഴവും മൂല്യവും എനിക്കറിയില്ല. പക്ഷേ അമ്മ എന്നെ അടിക്കുകയോ ശകാരിക്കുകയോ ചെയ്തില്ല എന്നതെനിക്കോര്‍മയുണ്ട്.

പച്ചമലയാളം നിഘണ്ടുവില്‍ അമ്മ തന്നെത്തന്നെ സമര്‍പ്പിച്ചു. എസ്.ഗുപ്തന്‍ നായരായിരുന്നു തെക്കന്‍ ദേശങ്ങളിലെ വിവര ശേഖരണത്തിലെ വഴികാട്ടി. അദ്ദേഹത്തെ ഇടയ്ക്കിടെ പോയി കാണും. അതുവരെ ശേഖരിച്ച പദങ്ങളെല്ലാം അദ്ദേഹം പരിശോധിക്കും. വേണ്ടതും വേണ്ടാത്തതുമായതിനെ അമ്മയ്ക്ക് വകതിരിച്ച് കൊടുക്കും. എന്‍.വി കൃഷ്ണ വാരിയറായിരുന്നു അമ്മയുടെ മറ്റൊരു ബലം. അമ്മ ശേഖരിച്ച പച്ചമലയാളം പദങ്ങളെല്ലാം അച്ചടിക്കുന്നതിനു മുമ്പ് വിശദമായി പരിശോധിച്ച് അതില്‍ സംസ്‌കൃത പദങ്ങളെയും അന്യഭാഷാപദങ്ങളെയും കണ്ടെത്തി അവയൊന്നും മലയാളമല്ല എന്നു ചൂണ്ടിക്കാട്ടി നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത് എന്‍.വിയായിരുന്നു. കേരളമൊട്ടാകെ അമ്മയും അച്ഛനും കൂടി ബസ്സിലും ട്രെയിനിലുമായി പച്ചമലയാളത്തിനുവേണ്ടി സഞ്ചരിച്ചിട്ടുണ്ട്. ചില പ്രത്യേക ജാതി-മതങ്ങള്‍ സംസാരിക്കുന്ന മലയാളം കേട്ടെഴുതിയെടുക്കാനായി അമ്മ വീടുകളില്‍ പോകുമായിരുന്നു. ഒരിക്കല്‍ തൃശൂരിലുള്ള ഒരു വാരിയറുടെ വീട്ടില്‍ പോയപ്പോള്‍ അവിടെത്തെ സ്ത്രീ ഒരു പ്രത്യേക വാക്ക് പറഞ്ഞു. അമ്മ ഉടനെ എന്നോടത് എഴുതിയെടുക്കാന്‍ പറഞ്ഞു. ഇത്തരത്തില്‍ പലപ്പോഴും ഞങ്ങള്‍ കുടുംബത്തോടൊപ്പം പോകുന്ന സ്ഥലങ്ങളില്‍ നിന്നും അപരിചിതമായ തനിമലയാളം പദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങളോട് എഴുതിയെടുക്കാന്‍ പറയും. പച്ചമലയാളം നിഘണ്ടു അമ്മയ്ക്ക് ഒരു തപസ്യയായിരുന്നു. ശബ്ദമുയര്‍ത്തി പറയാന്‍ പറ്റാത്ത തരത്തിലുള്ള തെറിവാക്കുകളും മറ്റും ശേഖരിക്കുന്നതില്‍ അമ്മ അസാമാന്യ മിടുക്ക് കാണിച്ചിരുന്നു. അതെല്ലാം നിഘണ്ടുവില്‍ ഉള്‍പ്പെടുത്തി. അറുപതുകളുടെ അവസാനമാണ് പച്ചമലയാളം നിഘണ്ടു അച്ചടിരൂപത്തിലാവുന്നത്. ആദ്യകാലമൊന്നും മതിയായ പരിഗണന പച്ചമലയാളം നിഘണ്ടുവിന് ലഭിച്ചിരുന്നില്ല. അമ്മയ്ക്കതില്‍ വിഷമമൊട്ടും ഉണ്ടായിരുന്നില്ല. അമ്മയുടെ പ്രയത്‌നം വാക്കുകള്‍ ശേഖരിക്കുക എന്നതായിരുന്നു, അംഗീകരിക്കപ്പെടുന്നുണ്ടോ, ഇല്ലയോ എന്നുള്ളതായിരുന്നില്ല.

പച്ചമലയാളം നിഘണ്ടു അമ്മയുടെ ഭാഷാജ്ഞാനത്തെയും പരിപോഷിപ്പിച്ചു. വാക്കുകള്‍ തെറ്റി ഉച്ചരിക്കുമ്പോള്‍ അമ്മ സ്ഥലകാലം ശ്രദ്ധിക്കാതെ ക്ഷോഭിക്കുമായിരുന്നു. അത് ആരായാലും വഴക്ക് കേട്ടിരിക്കും. പണ്ടൊരു സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ ചിന്താക്കുഴപ്പം എന്ന വാക്ക് ഒരു സാഹിത്യകാരന്‍ ഉപയോഗിച്ചു അതുകേട്ട അമ്മ സദസ്സില്‍ നിന്നും എഴുന്നേറ്റു. ''ചിന്താക്കുഴപ്പം എന്ന വാക്ക് തെറ്റാണ് ചിന്ത സംസ്‌കൃതമാണ് അതിനൊപ്പം എങ്ങനെയാണ് നിങ്ങള്‍ കുഴപ്പമെന്ന മലയാള പദം ഉപയോഗിക്കുക? മാര്‍ജിനവല്‍ക്കരണം എന്ന് ഇംഗ്ലീഷും മലയാളവും കൂട്ടിച്ചേര്‍ത്ത് പറയുമോ?'' അമ്മ ഉറക്കെ ചോദിച്ചു. അതുപോലെ അമ്മയ്ക്ക് അരിശം വരുന്ന മറ്റൊന്നാണ് 'ക്ഷണിതാവ്' എന്നത്. അങ്ങനെയൊരു വാക്കേ ഇല്ല, എന്ത് അര്‍ഥത്തിലാണ് ക്ഷണിതാവ് എന്നുപയോഗിക്കുന്നത് എന്ന അമ്മ ചോദിക്കും.

സംസ്‌കൃതവും മലയാളവും കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നതിനെതിരായിരുന്നു അമ്മ. തികഞ്ഞ മലയാളത്തില്‍ എഴുതപ്പെട്ട ഒരേയൊരു നോവല്‍ 'കയര്‍' ആണ് എന്നായിരുന്നു അമ്മയുടെ പക്ഷം. 'കയര്‍' പലയാവര്‍ത്തി വായിക്കുന്നത് അമ്മയുടെ ശീലങ്ങളിലൊന്നായിരുന്നു. അതുപോലെ ദേവീഭാഗവതം ദിവസവും വായിക്കും എന്തിനാണ് വായിക്കുന്നതെന്നറിയില്ല. കാരണം അമ്മ ഈശ്വരവിശ്വാസിയേ അല്ലായിരുന്നു. മറ്റു നമ്പൂതിരി ഭവനങ്ങളിലെന്നപോലെ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി നാമം ജപിക്കുന്ന പതിവൊന്നും ഞങ്ങളുടെ വീട്ടിലില്ല. ക്ഷേത്രങ്ങളില്‍ പോവുന്ന ശീലവുമില്ല. വിവാഹമോ ചോറൂണോ പോലുള്ള വിശേഷങ്ങള്‍ അമ്പലങ്ങളില്‍ വെച്ചാണ് നടക്കുന്നതെങ്കില്‍ അതിനായിട്ട് പോകും. അല്ലാതെ ഭക്തിപുരസ്സരം തൊഴാന്‍ പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ തന്റെ സായാഹ്നത്തിലെഴുതിയ 'ശ്രീകൃഷ്ണകഥകള്‍' ഗുരുവായൂരില്‍ പോയി അമ്മ സമര്‍പ്പിച്ചു,എന്തായിരുന്നു കാരണമെന്നറിയില്ല. ദേവീഭാഗവതം ഓരോ ദിവസവും ഓരോ രീതിയിലാണ് വായിക്കുക. ഇന്നലെ ഇതല്ലായിരുന്നല്ലോ ട്യൂണ്‍ എന്നു ചോദിച്ചാല്‍ ''ഒന്നു മാറ്റിപ്പിടിച്ചതാ, ഭയങ്കര ബോറ് തന്നെയാണ് ഇത് വായിക്കുമ്പോള്‍, മാറ്റിപ്പിടിച്ചില്ലെങ്കില്‍ ശരിയാവില്ല'' എന്നാണ് മറുപടി. വായനാശീലം വളര്‍ത്തിയതില്‍ ദേവീഭാഗവതത്തിനും പങ്കുണ്ടായിരുന്നിരിക്കണം.

സുമംഗലയുടെ പുസ്തകങ്ങള്‍ വാങ്ങാം

ബാലസാഹിത്യമെഴുതുന്ന സുമംഗല മൃദുഭാഷിയും സ്‌നേഹത്തിന്റെ നിറകുടവും അമ്മയെന്ന പ്രതിബിംബമാണെന്നൊക്കെ കരുതുന്നവര്‍ക്ക് തെറ്റി. അമ്മ കര്‍ക്കശ സ്വഭാവക്കാരിയും തുറന്നടിച്ച് തന്റെ അഭിപ്രായങ്ങള്‍ പറയുന്ന വ്യക്തിയുമായിരുന്നു. എഴുതിയതില്‍ നിന്നും ഒരു തരി മാറ്റം വരുത്താന്‍ അമ്മ സമ്മതിക്കില്ലായിരുന്നു. അമ്മയെഴുതുന്നത് വെട്ടിയാല്‍ ദേഷ്യമാവും. അത് കാരണം പലര്‍ക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാവാം. ആധിപത്യ സ്വഭാവം അമ്മയിലുണ്ടായിരുന്നു. കലാമണ്ഡലത്തില്‍ സഹപ്രവര്‍ത്തകരില്‍ ഒന്നു രണ്ട് പേര്‍ക്ക് അതുമൂലം വിഷമവും ഉണ്ടായിട്ടുണ്ട്. ആരു പറഞ്ഞാലും എളുപ്പത്തില്‍ അംഗീകരിച്ചുകൊടുക്കുന്ന സ്വഭാവമൊന്നും അമ്മയ്ക്കില്ല. അമ്മയ്ക്ക് തോന്നിയാല്‍ മാത്രമേ കാര്യമുള്ളൂ. സ്‌നേഹം അങ്ങനെ പ്രകടിപ്പിക്കുകയൊന്നുമില്ല. മക്കള്‍ പഠിക്കുന്ന ബി.എസ്.സിയോണോ, ബി.കോമാണോ എന്ന കാര്യമൊന്നും അമ്മ അന്വേഷിച്ചിരുന്നില്ല. ജയിച്ചോ തോറ്റോ എന്ന് അന്വേഷിക്കും. അക്കാദമിക് കാര്യങ്ങളില്‍ അമ്മയുടെ ഇടപെടല്‍ ഒട്ടും തന്നെ ഇല്ലായിരുന്നു. മക്കളെ കുത്തിയിരുന്ന് പഠിപ്പിക്കലല്ല അമ്മമാരുടെ ജോലി എന്ന നിലപാടുകാരിയായിരുന്നു.

ദേശമംഗലം മനയില്‍ നിന്നും ആദ്യമായി ജോലിയ്ക്ക് പോയതും അമ്മയാണ്. കലാമണ്ഡലത്തില്‍ പബ്ലിസിറ്റി ഓഫീസര്‍ തസ്തികയിലേക്ക് ആളെ നിയമിക്കുന്നുവെന്ന് അമ്മ അറിഞ്ഞു. യോഗ്യതയെക്കുറിച്ചൊന്നും ആലോചിക്കാതെ അമ്മ നേരിട്ട് കലാമണ്ഡലത്തില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ച് അപേക്ഷ നല്‍കി. വള്ളത്തോളിന്റെ സഹോദരീ പുത്രന്‍ വി.ടി ഇന്ദുചൂഢനും വള്ളത്തോളിന്റെ മകന്‍ സി. ബാലകൃഷ്ണക്കുറുപ്പുമൊക്കെയായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നത്. അഭിമുഖം നടത്തി അമ്മയെ പബ്ലിസിറ്റി ഓഫീസറായി നിയമിച്ചു. അമ്മയുടെ ഉത്സാഹം കൊണ്ട് നേടിയെടുത്ത ജോലിയായിരുന്നു അത്. നിയമനം ലഭിച്ചപ്പോള്‍ പോകാന്‍ പറ്റില്ല എന്ന നിലപാടായി ദേശമംഗലക്കാര്‍ക്ക്. പുറത്തുപോയി ജോലി ചെയ്ത് കുടുംബം പോറ്റേണ്ട അവസ്ഥയെക്കുറിച്ച് അമ്മയുടെ സഹഅന്തര്‍ജ്ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. അമ്മ പക്ഷേ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ജോലിയ്ക്ക് പോയേ തീരൂ. ഭൂപരിഷ്‌കരണ നിയമം വന്നതും കുടികിടപ്പ് കൊടുത്തതും മനയിലെ വരവ് കുറഞ്ഞുവരുന്നതുമൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. അമ്മ പക്ഷേ ബുദ്ധിമതിയായിരുന്നു. നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും തന്റെതായ നിരീക്ഷണം അമ്മ പുലര്‍ത്തിപ്പോന്നു. ആ നിരീക്ഷണത്തിന്റെ ഫലമായുണ്ടായ രാഷ്ട്രീയബോധമായിരിക്കാം ജോലിയ്ക്കു പോകുമെന്നുള്ള നിലപാടില്‍ അമ്മ ഉറച്ചുനിന്നത്.

അമ്മയുടെ എഴുത്തുകാലഘട്ടത്തെ കലാമണ്ഡലത്തിന് മുമ്പ്-ശേഷം എന്നിങ്ങനെ രണ്ടായി തിരിക്കാം. വിഷയത്തിലും അവതരണത്തിലും പ്രകടമായ മാറ്റം അമ്മയിലുളവാക്കാന്‍ കലാമണ്ഡല ജീവിതം കാരണമായിട്ടുണ്ട്. കേരള കലാമണ്ഡല ചരിത്രം എഴുതാന്‍ നിയോഗിക്കപ്പെട്ടതായിരുന്നു അമ്മയുടെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല്. മൂന്നുവര്‍ഷത്തോളം ഗവേഷണം നടത്തി, ലഭ്യമായ വിവരസ്രോതസ്സുകളെല്ലാം ഉപയോഗിച്ചും നിരവധി ആളുകളെ കണ്ടും അഭിമുഖം നടത്തിയും അമ്മ കേരള കലാമണ്ഡലത്തിന്റെ ചരിത്രം രേഖപ്പെടുത്തി. ഒരു കാര്യം ഏറ്റെടുത്താല്‍ അത് പൂര്‍ത്തീകരിക്കുന്നതുവരെ അമ്മ മറ്റൊന്നിലും ശ്രദ്ധ കൊടുക്കില്ല, ഞങ്ങള്‍ കുട്ടികളുടെ കാര്യങ്ങള്‍ ഉള്‍പ്പെടെ. അച്ഛനായിരുന്നു ആ വിടവുകളെല്ലാം നികത്തിയിരുന്നത്.

അച്ഛന്റെ മരണമായിരുന്നു അമ്മയെ മാനസികമായി വല്ലാതെ ഉലച്ചുകളഞ്ഞത്. 2013-ലാണ് അച്ഛന്‍ മരിക്കുന്നത്. അള്‍ഷിമേഴ്‌സ് പിടിപെട്ട അച്ഛനെ പരിചരിച്ചിരുന്നത് അമ്മയായിരുന്നു. അച്ഛന്റെ ഓര്‍മകളില്‍ നിന്നും അമ്മ മാഞ്ഞുപോയിരിക്കുന്നു എന്നത് അമ്മയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. അമ്മയുടെ എഴുത്തു നിന്നു. അക്ഷരാര്‍ഥത്തില്‍ അമ്മ തകര്‍ന്നുപോയി. അമ്മയെ ഒരു സ്ത്രീ എന്നായിരുന്നു അച്ഛന്‍ അപ്പോള്‍ പറഞ്ഞിരുന്നത്. ലീല മരിച്ചു, എന്റെ കൂടെ നില്‍ക്കുന്ന ആ സ്ത്രീയില്ലേ എന്നു പറഞ്ഞായിരുന്നു അച്ഛന്‍ സംസാരിക്കുക. അച്ഛന്റെ മരണശേഷം വായനയില്‍ മാത്രമായി അമ്മയുടെ ശ്രദ്ധ.

ദിവസത്തില്‍ ഒമ്പത് പത്ത് മണിക്കൂറുകള്‍ അമ്മ ചെലവഴിച്ചത് വായനയ്ക്കുവേണ്ടിയായിരുന്നു. വീട് പരിചരണമൊന്നും അമ്മയ്ക്ക് ഇഷ്ടമുള്ള കാര്യമേയല്ല. മിസിസ് കെ.എം മാത്യുവിന്റെ പാചകക്കുറിപ്പ് അമ്മ വായിക്കും പക്ഷേ പാചകത്തിനായി അടുക്കളയില്‍ കയറില്ല. പാചകക്കുറിപ്പുകള്‍ എന്റെ ഭാര്യ ഗൗരിയെ വായിച്ചു കേള്‍പ്പിച്ചുകൊടുക്കും, വേണമെങ്കിലോ എന്ന ഭാവത്തോടെ. അടുക്കള അമ്മയുടെ ശത്രുവായിരുന്നു. അമ്മ ഉണ്ടാക്കിത്തന്ന പലഹാരങ്ങള്‍ കഴിച്ച ഓര്‍മ എനിക്കില്ല. അങ്ങനെയുള്ള ഊട്ടലുകളോട് അമ്മ മുഖം തിരിച്ചു. രാവിലെ ഒരു കാപ്പിയുണ്ടാക്കും. അതിന് ഞങ്ങള്‍ അച്ഛനും മക്കളും എല്ലാവരും സഹായിക്കുകയും വേണം. ഞങ്ങള്‍ ആണ്‍മക്കള്‍ വിവാഹം കഴിച്ചതോടെ പൂര്‍ണമായും അടുക്കളയെ അമ്മ ഉപേക്ഷിച്ചു.

തൂവെള്ള മുണ്ടും വേഷ്ടിയുമായിരുന്നു അമ്മയുടെ വേഷം. ബ്ലൗസുകള്‍ പല നിറത്തിലുള്ളതും ധരിക്കും. നിറങ്ങളോട് വളരെ താല്‍പര്യമാണ്. ബ്ലൗസിന്റെ നിറത്തോട് ചേരുന്ന പൊട്ട് തന്നെ നെറ്റിയില്‍ വേണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. പച്ച, മഞ്ഞ, നീല, ചുവപ്പ് തുടങ്ങി ബ്ലൗസിന്റെ നിറമേതായാലും അമ്മയ്ക്ക് അതേ നിറത്തിലുള്ള പൊട്ട് കിട്ടിയിരിക്കണം. ഉത്തരേന്ത്യയില്‍ നിന്നുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ വരുന്നുണ്ടെങ്കില്‍ അവരെ ഞങ്ങള്‍ പറഞ്ഞേല്‍പ്പിക്കുക വിവിധ നിറത്തിലുള്ള പൊട്ടുകള്‍ കൊണ്ടുവരണമെന്നാണ്. അവിടെയാകുമ്പോള്‍ എല്ലാ നിറത്തിലുള്ളതും കിട്ടും. സാറാ ജോസഫ് പട്ടാമ്പി കോളേജില്‍ ജോലിയ്ക്കു പോകുമ്പോള്‍ ബസ്സില്‍വെച്ച് ആദ്യമായി അമ്മയെ കണ്ടുമുട്ടിയ അനുഭവം പറഞ്ഞിട്ടുണ്ട്. വെള്ള വസ്ത്രം ധരിച്ച ഒരു സൂര്യതേജസ് വന്നുകയറി എന്നാണ് അവര്‍ എഴുതിയത്. സുന്ദരിയായിരുന്നു അമ്മ. പിന്നെ സാറാ ജോസഫുമായി വലിയ അടുപ്പമായി. ഒരിക്കല്‍ രണ്ട് പേരും ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ആക്‌സിഡന്റായി. വീണുകിടക്കുന്നിടത്തുനിന്നും സാറ ടീച്ചര്‍ ആര്‍ത്തു വിളിച്ചു. എന്റെ ചേച്ചി, എന്റെ ചേച്ചിയെ രക്ഷിക്കൂ എന്ന് കരഞ്ഞപ്പോള്‍ അമ്മ സീറ്റില്‍ നിന്നും എഴുന്നേറ്റ് ഒരു പ്രശ്‌നവുമില്ലാതെ ടീച്ചറുടെ അടുത്തെത്തി.

അമ്മ തന്റെ എഴുത്തുജീവിതം തുടങ്ങിയത് മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള കഥകള്‍ എഴുതിക്കൊണ്ടാണ്. 'കടമകള്‍' എന്നായിരുന്നു അമ്മയുടെ ആദ്യത്തെ നോവലിന്റെ പേര്. ആ എഴുത്തിലൂടെ അമ്മ വലിയൊരു യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. മുതിര്‍ന്നവര്‍ക്ക് വേണ്ടി എഴുതുമ്പോള്‍ അമ്മയുടെ കൃതികള്‍ പൈങ്കിളിയാവുന്നു!തന്റെ വായനയെല്ലാം ഉന്നത നിലവാരത്തിലുള്ളതാവുകയും എഴുതുന്നത് പൈങ്കിൡയാവുകയും ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ അമ്മ ചുവട് പതുക്കെ ബാലസാഹിത്യത്തിലേക്ക് മാറ്റിച്ചവുട്ടി. ബാലസാഹിത്യത്തെ അങ്ങ് പരിപോഷിപ്പിച്ചുകളയാം എന്ന ലക്ഷ്യത്തോടെയൊന്നുമല്ല കുട്ടിക്കഥകളിലേക്ക് ശ്രദ്ധതിരിച്ചത്. തനിക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന മേഖല തിരിച്ചറിഞ്ഞ് അതിന്റെ സാധ്യത അമ്മ പ്രയോജനപ്പെടുത്തി. മുതിര്‍ന്നവര്‍ക്കുവേണ്ടി അമ്മയെഴുതിയ കൃതികള്‍ വീണ്ടും വായിക്കുമ്പോള്‍ അസ്വസ്ഥയായിരുന്നു, അതേക്കുറിച്ച് സംസാരിക്കാന്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല.

മരിക്കുന്നതിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ മക്കളെയെല്ലാം ഭീതിപ്പെടുത്തുന്ന വിധമായിരുന്നു അമ്മയുടെ വായന. ഒരു കെട്ട് പുസ്തകങ്ങള്‍ കൊണ്ടുകൊടുത്ത് തിരികെയെത്തുന്നതിനുമുമ്പേ അമ്മയുടെ വിളി വരും. കൊണ്ടുത്തന്ന പുസ്തകങ്ങളെല്ലാം വായിച്ചുതീര്‍ന്നു. ഇനി വായിക്കാന്‍ പുസ്തകമില്ല. എപ്പഴാ വരിക? പുസ്തകശാലകള്‍ തോറും നടന്ന് അമ്മയ്ക്കായി പുസ്തകങ്ങള്‍ ശേഖരിച്ചു. വിശപ്പടങ്ങാത്തപോലെ രണ്ടുദിവസം കൊണ്ട് അതെല്ലാം അകത്താക്കി ഉടന്‍ തന്നെ അമ്മയുടെ വിളി വരും. അതെല്ലാം തീര്‍ത്തു, പുതിയത് വേണം! ഇതെന്ത് വായനയാണമ്മേ എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചു; അപ്പോള്‍ അമ്മ പറഞ്ഞ മറുപടിയാണ് എന്റെ ഉള്ളിലിപ്പോഴും തറഞ്ഞുകിടക്കുന്നത്: ''ഞാന്‍ വായിച്ചില്ലേല്‍ മരിച്ചൂന്ന് കരുതിയാല്‍ മതി''.

അവസാനമായി സംഭവിച്ച ഒരു വീഴ്ചയാണ് അമ്മ മരിക്കാനുള്ള കാരണം. മുപ്പത്തിയൊമ്പത് കിലോയേ ഭാരമുണ്ടായിരുന്നുള്ളൂ. ഭക്ഷണം തീരെ കഴിക്കുമായിരുന്നില്ല. വീഴ്ചയില്‍ എല്ല് പൊട്ടിയപ്പോള്‍ സര്‍ജറി ചെയ്യാന്‍ പറ്റാതായി. പിന്നെ കട്ടിലില്‍ പൂര്‍ണവിശ്രമം തന്നെയായി. പയ്യെപ്പയ്യെ സുമംഗലയെ അമ്മ മറക്കാന്‍ തുടങ്ങി. അമ്മയുടെ 'മിഠായിപ്പൊതി' കൊണ്ടുവന്ന് അതിലുള്ള പ്രൊഫൈല്‍ ചിത്രം കാണിച്ച് ഞാന്‍ ചോദിച്ചു : ഇതാരാ? അറിയില്ല എന്നായിരുന്നു മറുപടി. പക്ഷേ പുസ്തകം മുഴുവനായും അമ്മ വായിച്ചു; ആദ്യമായിട്ട് വായിക്കുന്നതുപോലെ! വായനയില്‍ അമ്മയ്ക്ക് വകഭേദങ്ങളൊന്നുമില്ല. എല്ലാ പ്രസിദ്ധീകരണങ്ങളും വായിക്കും. അതില്‍ വലിപ്പച്ചെറുപ്പമൊന്നും നോക്കുകയില്ല. എല്ലാ ചൊവ്വാഴ്ചയും അമ്മ പ്രതീക്ഷിക്കുന്ന സമയം കഴിഞ്ഞാല്‍ മാതൃഭൂമി ഏജന്റിനെ അങ്ങോട്ട് വിളിച്ച് വഴക്ക് പറയും. ആഴ്ചപ്പതിപ്പ് ആ നേരം വരെ കിട്ടാത്തതിലുള്ള അരിശം അയാളോട് പ്രകടിപ്പിക്കും. അമ്മയെ പേടിയായിരുന്നു ഏജന്റിന്. അതുകൊണ്ടുതന്നെ ചൊവ്വ എന്നൊരു ദിവസമുണ്ടെങ്കില്‍ അയാള്‍ നേരത്തെ എത്തിയിരിക്കും. എണ്‍പത്തിയെട്ട് വയസ്സിനിടയില്‍ രണ്ടാഴ്ച മാത്രമാണ് അമ്മയുടെ ആഴ്ചപ്പതിപ്പ് വായന മുടങ്ങിയത്. ജീവിതത്തിലെ അവസാനത്തെ രണ്ടു ചൊവ്വാഴ്ച. ഒരു ചൊവ്വാഴ്ചയാണ് അമ്മ വീട്ടില്‍ തെന്നിവീഴുന്നത്. അന്നത്തെ ആഴ്ചപ്പതിപ്പ് അരിച്ചുപെറുക്കി വായിച്ചു കഴിഞ്ഞിരുന്നു. പിറ്റെ ചൊവ്വാഴ്ചത്തെ ആഴ്ചപ്പതിപ്പ് അമ്മ കിടക്കുന്നതിനരികില്‍ വെച്ചെങ്കിലും അമ്മയ്ക്ക് തുറന്നുനോക്കാന്‍ കഴിഞ്ഞില്ല. അതിനടുത്ത ചൊവ്വാഴ്ച ആഴ്ചപ്പതിപ്പിന് കാത്തുനില്‍ക്കാതെ അമ്മ മരിച്ചു. അമ്മ തുറന്നുനോക്കാത്ത ആഴ്ചപ്പതിപ്പ് ഇപ്പോഴും അങ്ങനെ തന്നെ എടുത്തുവെച്ചിട്ടുണ്ട്.

തയ്യാറാക്കിയത്: ഷബിത


Content Highlights: ammayormakal ashtamoorthi desamangalam writes about sumangala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented