ആഷിഖ് അബു, നീലവെളിച്ചം സിനിമയുടെ പോസ്റ്റർ
ഞങ്ങള്‍ സുഹൃത്തുക്കള്‍, കലയിലെ 'റിയലിസ'ത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. വിശേഷിച്ചും നമ്മുടെ ഇക്കാലത്തെ ചെറുകഥകളുടെയും ചലച്ചിത്രങ്ങളുടെയും ഓര്‍മ്മയില്‍. എന്റെ സുഹൃത്ത് പറഞ്ഞു: 'എനിക്ക് ഈ പറയുന്ന നമ്മുടെ പക്കാ റിയലിസം പിടിക്കുകയേ ഇല്ല'. ''ഇപ്പോഴത്തെ ചില കഥയിലൊക്കെ ഉള്ളപോലെ''. ഞങ്ങള്‍ ചില കഥകളെപ്പറ്റി പറഞ്ഞു. ചില ചലച്ചിത്രങ്ങളെപ്പറ്റിയും. തുടര്‍ന്ന് എന്റെ സുഹൃത്ത് നമ്മുടെ ചലച്ചിത്രത്തിലെ ഒരു 'റിയലിസ്റ്റിക്' ഉദാഹരണം പറഞ്ഞു:''ചിലത് നമ്മളെ ശരിക്ക് ചെടിപ്പിക്കും, 'കുംബ്ലങ്ങി'യിലെ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ചുംബനരംഗം പകര്‍ത്തിയ റിയലിസം പോലെ''. അവള്‍ പറഞ്ഞു. ''എന്നാല്‍, ആ സിനിമയിലെ പക്കാ റിയലിസത്തിന്റെ എതിരാളി ആ സിനിമയില്‍ത്തന്നെയുണ്ട്, ഫഹദിന്റെ ഷമ്മി, അതുകൊണ്ട് രക്ഷപ്പെട്ടു!''
ഞങ്ങളുടെ സംഭാഷണത്തിനു ശേഷവും എന്റെ സുഹൃത്ത് പറഞ്ഞ 'പക്കാ റിയലിസ'ത്തെപ്പറ്റി ഞാന്‍ ഓര്‍ത്തു. 'പക്കാ' എന്ന ഹിന്ദി പദം ഇംഗ്ലീഷിലും മലയാളത്തിലും നമ്മള്‍ പറയുന്ന 'റിയലിസ'ത്തിനൊപ്പം ചേര്‍ത്ത് അവള്‍ പറഞ്ഞപ്പോള്‍ 'വറ്റിയ'ഒരു വസ്തു കണ്ടതുപോലെയാണ് എനിക്ക് തോന്നിയതും: ജീവാംശങ്ങള്‍ പിന്‍വാങ്ങിയ ഒരു സ്ഥലം. കുറുകെ ഒരു കാക്ക പോലും പറക്കാത്ത നേരവും.
കലയില്‍ 'മിറര്‍ ഇമേജുകള്‍' പോലും കണ്ണാടികള്‍ക്ക് മാറ്റി പറയാന്‍ പറ്റും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കഥയും കഥപറച്ചിലും അതിന്റെ അസാധ്യങ്ങളായ സാധ്യതകളും നല്‍കുന്നു. എന്നാല്‍, 'റിയലിസ'ത്തില്‍ ചെയ്ത കഥയിലും ചലച്ചിതത്തിലും കല അതിന്റെ ജീവിതോദ്ദേശ്യം തേടുന്നത് ഞാന്‍ കണ്ടിട്ടുമുണ്ട്.
തങ്ങള്‍ക്ക് രസിക്കാന്‍ വേണ്ടി 'കല കണ്ടുപിടിച്ച' മനുഷ്യരെ ഓര്‍ത്താല്‍ അത്ഭുതം തോന്നും. ആ കണ്ടുപിടുത്തത്തിലെ മനോഹരമായ ഒരു കണ്ടുപിടുത്തമാണ് ''ഫാന്റസി''. അത് ഇല്ലാത്ത ഒന്നിനെ കണ്ടുപിടിക്കുകയായിരുന്നില്ല. ഉള്ള ഒന്നിനെ ഭാവന ചെയ്യുകയായിരുന്നു. അത് കലയെ പ്രകൃതിദത്തമെന്നു കരുതിയ 'വിധി'യില്‍ നിന്നും വേര്‍പെടുത്തുന്നു. ഒരുപക്ഷെ അത് ഇങ്ങനെയാണ്: ജീവിതത്തില്‍ കലയുടെ സാധ്യതയെ അനന്തമായ ഒരു വിചാരമായി കൂടെ കൂട്ടുന്ന 'ശീലക്കേട്' 'ഫാന്റസി'യ്ക്കുണ്ട്. ആഘോഷിക്കപ്പെടേണ്ട ഒന്ന് നമ്മുടെ 'ഇതിഹാസ'ങ്ങളിലെ കഥകളുടെ ഓര്‍മ്മയൊക്കെ പോലെ തന്നെ.
.jpg?$p=d83648f&&q=0.8)
കഴിഞ്ഞ ദിവസം ആഷിക്ക് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം' എന്ന ചലച്ചിത്രം കാണുമ്പോള്‍ കൂടുതലും ഓര്‍ത്തത് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന 'കഥ പറച്ചിലുകാര'നെയായിരുന്നു. എനിക്കത് ഏറെയും അത് ഒരു അറേബ്യന്‍ സ്മരണയാണ്. 'ഹക്കവതി'എന്ന് അറബിക്കില്‍ പറയുന്നത് കഥ പറച്ചില്‍ പാരമ്പര്യ തൊഴിലാക്കിയവരെയാണ്. അങ്ങനെ ഒരാളെപ്പറ്റി, അല്ലെങ്കില്‍ അങ്ങനെയൊരു പാരമ്പര്യത്തിലെ അവസാനത്തെ ആളെപ്പറ്റി, ഒരിക്കല്‍ ഒരു ഇംഗ്ലീഷ് പത്രത്തില്‍ വായിച്ചതും ഓര്‍ക്കുന്നു. കൈറോവിലെ ഏറ്റവും തിരക്കുപിടിച്ച ഒരു തെരുവിലെ റസ്റ്റോറന്റിലേയ്ക്ക് എന്നും വൈകുന്നേരം അയാള്‍ വരുന്നു. അവിടെ തനിക്ക് ചുറ്റും ഇരിക്കുന്നവരോട് അയാള്‍ കഥകള്‍ പറയുന്നു. രാത്രി വളരെ വൈകുവോളം അയാള്‍ അവിടെ ഇരിക്കുന്നു. പിന്നെ മടങ്ങുന്നു.
അന്ന് ആ വാര്‍ത്ത വായിച്ചപ്പോഴും ബഷീറിനെ ഓര്‍ത്തു.
ബഷീറിന്റെ കല, അതിനുണ്ടെന്നു അദ്ദേഹം ആണയിടുന്ന 'വാസ്തവ'ത്തെ, 'റിയലിസ'ത്തെ, ചുറ്റിപ്പറ്റിയാണ് പലപ്പോഴും വികസിക്കുന്നത്. പിന്നെ അത്, പതുക്കെ, അതേ വാസ്തവത്തെ തകരാറിലാക്കാന്‍ തുടങ്ങുന്നു. വാമൊഴിയുടെ പിന്തുണയോടെ. വാസ്തവത്തെ അവിശ്വസനീയമായ വിധം, അത്, 'ഭൂമി'യില്‍ നിന്നും വേര്‍പെടുത്താന്‍ നോക്കുന്നു. ഭൂമിയില്‍ നിന്നും വേര്‍പെടുത്തുക എന്നാല്‍ കലയിലെ അഭൌമികമായ കാന്തിയെ പരിചയപ്പെടല്‍ എന്നു മാത്രമല്ല, മറ്റൊരു വാസ്തവത്തിന്റെ നിര്‍മ്മിതി കൂടിയാണ്. അഥവാ, 'മാന്ത്രികം' എന്ന് നാം വിശേഷിപ്പിക്കുന്ന എന്തും വാസ്തവത്തിന്റെ ഏതെങ്കിലുമൊരു ജീവിതാവശ്യമാണ്.
ബഷീറില്‍ അത് അത്രയും സ്വാഭാവികവുമായിരുന്നു.
ബഷീറിന്റെ 'നീലവെളിച്ചം' എന്ന കഥ, ഒന്നാലോചിച്ചാല്‍, ഒരു പ്രേതകഥയേ അല്ല. അങ്ങനെയാണ് പലപ്പോഴും ആ കഥയുടെ സൗന്ദര്യം അലഞ്ഞുതിരിഞ്ഞതെങ്കിലും. ആ കഥ സങ്കടകരമായ ഒരു വേര്‍പാടിനെപ്പറ്റിയാണ്. എല്ലാ വേര്‍പാടുകളും അവയുടെ ഒരു മരണാനന്തര ജീവിതം കാംക്ഷിയ്ക്കുന്നു. അവസരങ്ങള്‍ക്ക് കാത്തുനില്‍ക്കുന്നു. എങ്കില്‍, ബഷീറിന് അത്തരമൊരു വേര്‍പാട് കഥപറച്ചിലിന്റെ നിലയ്ക്കാത്ത അവസരമായിരുന്നു. 'കഥയിലെ മാന്ത്രികത മുഴുവന്‍ നേരവും വേവലാതികൊണ്ടത് ആ വേര്‍പാടിനെ എങ്ങനെ പറഞ്ഞുഫലിപ്പിക്കും എന്നായിരുന്നു.
.jpg?$p=6a12f4a&&q=0.8)
ആഷിക് അബുവിന്റെ ചലച്ചിത്രത്തില്‍ ബഷീറിന്റെ 'മതിലുകള്‍' എന്ന കഥയെ ഓര്‍മ്മിപ്പിക്കുന്ന ഒരു ദൃശ്യത്തില്‍ 'നീലവെളിച്ച'ത്തിന്റെ ഈ മാന്ത്രികത കൈമോശം വരുന്ന ഒരു സന്ദര്‍ഭമെങ്കിലുമുണ്ട് എന്ന് ഞാന്‍ കരുതുന്നു: മതിലിനപ്പുറത്തും ഇപ്പുറത്തും നിന്ന് 'പ്രണയസംസാര'ത്തില്‍ മുഴുകുന്ന ശശികുമാറിനെയും ഭാര്‍ഗ്ഗവിയെയും ഒരൊറ്റ ഷോട്ടില്‍ മുകളില്‍ നിന്നുള്ള ക്യാമറക്കാഴ്ച്ചയില്‍ സംവിധായകന്‍ പകര്‍ത്തിയതിനെപ്പറ്റിയാണ് (ഒരു പക്ഷെ, ഒരേസമയം രണ്ടുതവണ അങ്ങനെ കാണിക്കുന്നുണ്ട് എന്നാണ് എന്റെ ഓര്‍മ്മ). എന്നാല്‍, ഒരു പകലിന്റെയോ ഒരു രാത്രിയുടെയോ നീളം മാത്രമുള്ള അവരുടെ ചെറിയ 'വേര്‍പാട്'പോലും എത്ര നിര്‍ഭാഗ്യകരമായിരുന്നു എന്നാകണംബഷീര്‍ സങ്കല്‍പ്പിച്ചിരിക്കുക. എങ്കില്‍,ആ മതില്‍ ഒരു വന്‍മതില്‍ തന്നെയാണ്. രണ്ടുപേര്‍തമ്മില്‍ പരസ്പരം കാണാതെപോവാന്‍ അതേമതിലിനെ ബഷീര്‍ പറഞ്ഞും പറയാതെയുംവലുതാക്കിയിരിക്കുന്നു. മാനംമുട്ടുവോളം ഉയര്‍ത്തിയിരിക്കുന്നു. എങ്കില്‍, കഥയിലെ പറയാത്ത ഈ കഥ ആഷിക് അബു 'മിസ്'ചെയ്യുന്നു.
എങ്കില്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ 'മതിലുകള്‍' എന്ന ചലച്ചിത്രത്തില്‍ ആ ബഷീര്‍ സ്പര്‍ശം അതിന്റെ എല്ലാ വിരഹത്തോടും സാമീപ്യത്തോടും നാം അനുഭവിക്കുന്നു.
എഡ്വേര്‍ഡോ ഗാലിയാനോയുടെ 'ഫാന്റസിയുടെ ആഘോഷം' എന്നൊരു കുറിപ്പുവായിച്ചത് എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. ഇത്രയും പറഞ്ഞതില്‍ നിന്ന് കൂട്ടി ചേര്‍ത്തും വേര്‍പെട്ടും അത് വായിക്കാം എന്ന് തോന്നുന്നു. ആ സംഭവം ഏതാണ്ട് ഇങ്ങനെയാണ്:
ഒരിക്കല്‍ ഒരു ടൗണില്‍ കുറെ ടൂറിസ്റ്റുകള്‍ക്ക് ഒപ്പം ഗാലിയാനോ എത്തിയതാണ്. തിരക്കില്‍ നിന്നും മാറി കുറച്ചുദൂരെ കൂട്ടിയിട്ട കല്ലും പൂഴിയും കണ്ട് അദ്ദേഹം നില്‍ക്കുകയായിരുന്നു, അപ്പോള്‍ അവിടെ എവിടെയോ നിന്ന് മുഷിഞ്ഞ ഒരു ആണ്‍കുട്ടി ഓടി വന്നു. അവന് ഒരു പേന കൊടുക്കുമോ എന്ന് ഗാലിയാനോയോട് ചോദിച്ചു. തന്റെ കൈയില്‍ ആകെ ഒരു പേനയേയുള്ളൂ, അത് ആ സമയം 'നോട്ടുകള്‍' എഴുതാനും വേണം, ഗാലിയാനോ കുട്ടിയോട് പേന തരാന്‍ പറ്റില്ല, പകരം അവന്റെ കൈയ്യില്‍ ഒരു കുഞ്ഞുപന്നിയെ വരച്ചു കൊടുക്കാം എന്ന് പറഞ്ഞു. അവന്‍ സമ്മതിച്ചു.
പെട്ടെന്ന് തന്നെ ആ സംഭവം ചുറ്റും പാട്ടായി. എവിടെ നിന്നൊക്കെയോ വേറെയും കുട്ടികള്‍, മറ്റേ കുട്ടിയെപ്പോലെത്തന്നെ മുഷിഞ്ഞും മെലിഞ്ഞും ഉള്ളവര്‍, ഗാലിയനോയുടെ ചുറ്റും കൂടി. എല്ലാവര്‍ക്കും ചിത്രങ്ങള്‍ വേണമെന്നു പറഞ്ഞു. ഗാലിയാനോയാകട്ടെ, എല്ലാവരുടെ കൈയ്യിലും അവര്‍ ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ വരയ്ക്കാനും തുടങ്ങി. പാമ്പ്, തത്ത, കൂമന്‍, പ്രേതം, വ്യാളി അങ്ങനെ ഓരോന്ന്...
എന്നാല്‍, ഈ ബഹളത്തിനിടയില്‍ നിന്നെല്ലാം മാറി അനാഥനെപ്പോലെ ഒരു ചെറിയ കുട്ടി നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍ ഗാലിയാനോയ്ക്ക് തന്റെ കൈയ്യില്‍ കറുത്ത മഷികൊണ്ട് വരച്ച ഒരു വാച്ച് കാണിച്ചു കൊടുത്തു.
''ലിമായില്‍ താമസിക്കുന്ന എന്റെ ഒരു അങ്കിള്‍ എനിക്ക് അയച്ചുതന്നതാണ്'', അവന്‍ ഗാലിയാനോയോട് പറഞ്ഞു.
''ഓ, അത് ശരി. അത് കൃത്യസമയം തന്നെ കാണിക്കുന്നുണ്ടോ?'', ഗാലിയാനോ അവനോട് ചോദിച്ചു.
''കുറച്ചു സ്ലോ ആണ്'', അവന്‍ സമ്മതിച്ചു.
ഗാലിയനോയുടെ കുറിപ്പ് അങ്ങനെ അവസാനിക്കുന്നു.
എന്റെയും.
പക്ഷെ, പ്രേതത്തെ കുറിച്ചു പറയാന്‍ എനിക്ക് അതീവ താല്‍പര്യമുണ്ട്.
Content Highlights: Aksharamprathi, Karunakaran, Mathrubhumi, Ashiq Abu, Vaikkom Muhammed Basheer, Neelavelicham


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..