പ്രേതകഥകള്‍ മാത്രം കേൾക്കാൻ ഒരു റേഡിയോസ്‌റ്റേഷന്‍; ഒഴിയാബാധയെന്ന മെച്ചപ്പെട്ട ടൂൾ!


അക്ഷരംപ്രതി

By കരുണാകരന്‍

4 min read
Read later
Print
Share

ചിത്രീകരണം: മദനൻ

ദൈവത്തെ ഉപേക്ഷിച്ചപ്പോഴും ഞാന്‍ പ്രേതങ്ങളെ ഉപേക്ഷിച്ചില്ല, അവര്‍, അതേ പെരുമയോടെ, കൂടെപോന്നു. ആയുസ്സിനൊപ്പം നടന്നു. രാജ്യം വിടുമ്പോള്‍ ഒപ്പം വണ്ടി കയറി. കടലും ആകാശവും ഒപ്പം താണ്ടി. നഗരങ്ങളിലും മരുഭൂമികളിലും പാര്‍ത്തു. ചിലപ്പോള്‍ ഇല്ലാത്ത നേരങ്ങളെ അവര്‍ എനിക്ക് കാണാന്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നു. ഇത് പക്ഷെ, എന്റെ മാത്രം അനുഭവമാവുന്നില്ല. ആദിമമായ സാംസ്‌കാരികാനുഭവമായി തുടങ്ങിയ പ്രേതജീവിതം, അല്ലെങ്കില്‍, ഏറ്റവും നൂതനമായ സാങ്കേതികതയുടെ കാലത്തും മനുഷ്യന്‍ അവസാനിപ്പിച്ചില്ല. ദൈവം ഇല്ലായിരിക്കാം, പക്ഷെ പ്രേതങ്ങളുണ്ട്: മതത്തെയും പ്രാര്‍ത്ഥനകളെയും മറന്ന പള്ളിയങ്കണത്തില്‍ ആരുടെയോ ഓര്‍മ്മയില്‍ കുരുങ്ങി ഉറക്കംതൂങ്ങുന്ന പ്രേതത്തെ സങ്കല്‍പ്പിച്ചാല്‍, അതൊരു മുഷിഞ്ഞ കാഴ്ച്ചയാണ്. പക്ഷെ നീണ്ടുനില്‍ക്കുന്ന കഥയുമാണ്.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് എന്റെ 'കഥകളിലെ പ്രേതസാന്നിധ്യ'ത്തെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ട് ഒരു വായനക്കാരന്‍ ഒരു സന്ദേശമയച്ചു. 'നിങ്ങള്‍ എഴുതിയ ഏറ്റവും പുതിയ കഥയിലും പ്രേതമുണ്ട്'. അതൊരു 'ഒഴിയാബാധയോ' 'അമിതമായ ഇഷ്ടമോ' എന്ന് ഞാനും ആലോചിച്ചിട്ടുണ്ട്; ആ ആലോചന തന്നെ അധികം നീട്ടേണ്ട എന്നും തോന്നിയിട്ടുണ്ട്. ഭാവനയിലെ ഈ പ്രേതസാന്നിധ്യം' കഥപറച്ചിലിനുള്ള മെച്ചപ്പെട്ട ഒരു 'ടൂള്‍' ആയി ഞാന്‍, മറ്റു പല എഴുത്തുകാരെയും പോലെ, ഞാനും സ്വീകരിക്കുകയായിരുന്നു. ഒരു പക്ഷേ, നമ്മുടെ കഥയിലെ മരവിപ്പോളം പോന്ന 'റിയലിസ'ത്തെ പ്രതിരോധിക്കാന്‍ ഈ 'നിഗൂഢലോകം' ഇപ്പോഴും പ്രാപ്തമാണ്.

ഇത്രയും എഴുതിയപ്പോള്‍, 'ഇല്ല എനിക്കും ഇതുവരെ മുഷിഞ്ഞിട്ടില്ല' എന്ന് തന്നോടുതന്നെ പറയുന്ന ഒരു പ്രേതത്തെ, എനിക്ക് കേള്‍ക്കാനും പറ്റുന്നു.

തായ്‌ലാന്റിലാണ് എന്ന് തോന്നുന്നു, 'പ്രേതകഥകള്‍' കേള്‍ക്കാന്‍ ഒരു റേഡിയോസ്റ്റേഷനുണ്ട്. എല്ലാ രാത്രികളിലും ഒരു കൃത്യസമയത്ത് തുടങ്ങി വളരെ വൈകി ഒരു കൃത്യസമയത്ത് അതിന്റെ പ്രക്ഷേപണം അവസാനിക്കുന്നു. ആ സമയത്തിനിടയ്ക്ക് നൂറുകണക്കിനാളുകള്‍ സ്റ്റേഷനിലേക്ക് വിളിക്കും, അവരുടെ ഓരോരുത്തരുടെയും 'പ്രേതാനുഭവങ്ങള്‍' പറയാന്‍ തുടങ്ങും എല്ലാം 'ഉണ്ടായ കഥകളാണ്'. അവയില്‍ തങ്ങള്‍ക്ക് അപരിചിതങ്ങളായ മരണങ്ങളുടെ കഥനമുണ്ട്, അപമൃത്യുവിന് ഇരയായ ആള്‍ തന്റെ കൊലയ്ക്ക് കാരണക്കാരനായ ആളെ പോലീസിന് കാണിച്ചുകൊടുക്കുന്നുണ്ട്. കഥകളില്‍ സ്‌നേഹവും ഭയവുമുണ്ട്. ബന്ധങ്ങളുടെ ഉറവകളുണ്ട്. മോഹനഷ്ടങ്ങളുണ്ട്. എന്നാല്‍, അവ എല്ലാം, ആ റേഡിയോസ്റ്റേഷന്റെ അവതാരകന്‍ ഉറപ്പിക്കുന്ന പോലെ, നമ്മുടെ മനുഷ്യരുടെ കഥപറച്ചിലിലുളള ഒടുങ്ങാത്ത കഴിവുമുണ്ട് അഥവാ, ആളുകള്‍ക്ക് പ്രേതകഥകള്‍ ഇഷ്ടമാണ് അവര്‍ ഇല്ലാതിരിന്നാലും.

പ്രൊഫസര്‍ റോബിന്‍ ഡന്‍ബാര്‍ എഴുതിയൊരു പുസ്തകത്തില്‍, How Religion Evolved and Why it Endures, മതങ്ങളുടെ അടിസ്ഥാന ഭാവത്തിലേക്ക് 'ആത്മാക്കള്‍' ചെന്നുചേര്‍ന്നതിനെപ്പറ്റിയും, അത്തരം 'വിശ്വാസങ്ങള്‍' മതത്തിന്റെ മാനുഷികങ്ങളായ പരിഗണകളിലേക്ക് പ്രവേശിച്ചതിനെപ്പറ്റിയും പരിശോധിക്കുമ്പോള്‍ പറയുന്ന ഒരു സംഗതി, എല്ലാ പ്രധാനപ്പെട്ട മതങ്ങളും ഉറപ്പാക്കുന്ന 'മരണാനന്തര ജീവിത'ത്തെപ്പറ്റിയാണ്. മരിച്ചതിനുശേഷം താന്‍ എങ്ങനെ/എവിടെ ജീവിക്കണം എന്ന് നിരൂപിക്കുന്ന ഒരാള്‍ മരിച്ചുപോയവരുടെ ബന്ധുവാണ്. നമ്മുടെ എല്ലാ നരകങ്ങളും ജീവിച്ചതിനെപ്പറ്റി ഓര്‍ക്കാന്‍, അല്ലെങ്കില്‍, ഈ മരണാനന്തര ജീവിതം ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ഐഹികജീവിതം ഒരിക്കല്‍ ജീവിച്ചതുപോലുള്ള ഒരു കെട്ടുകഥയാണ്. നിങ്ങളെ അത് ഏറ്റവും പ്രാചീനമായ ഒരു കലയുടെ, കഥ പറച്ചിലിന്റെ ഉസ്താദ് എന്നേ ഓര്‍മ്മിക്കുന്നുള്ളൂ.

റോബിന്‍ ഡന്‍ബാര്‍ തന്റെ പുസ്തകത്തില്‍ മതത്തിന്റെ പരിണാമത്തെക്കുറിച്ച് പറയുമ്പോള്‍ കുറെയേറെ 'കഥ'കള്‍ പറയുന്നുണ്ട്. കഥകളല്ല, ഈ വിശ്വാസങ്ങളെ ഉദാഹരിക്കുന്ന അനുഷ്ഠാനങ്ങളെപ്പറ്റി പറയുന്നുണ്ട്. അതിലൊന്ന് ഒരു ഐറിഷ് അനുഭവമാണ്. അവിടെ ആരെങ്കിലും മരിക്കുമ്പോള്‍ അവരുടെ 'പാപങ്ങള്‍' അവസാനിപ്പിക്കാനും പരലോകത്തെ അവരുടെ ക്ഷേമജീവിതം ഉറപ്പാക്കാനും ചെയ്യുന്ന ഒരു 'ചടങ്ങ്', മരിച്ചതിനുശേഷം പൊതുദര്‍ശനത്തിനായി മൃതദേഹത്തിന്റെ മടിയില്‍, വയറിനും നാഭിയ്ക്കും ഇടയിലാകണം, ഒരു പ്ലേറ്റ് വയ്ക്കുന്നു. അതില്‍ കുറച്ച് ഉപ്പും കുറച്ചു ബ്രഡും വെയ്ക്കുന്നു. ആ സമയം, അവിടെ എത്തുന്ന 'പാപം തീനികള്‍' (Sin eaters), (ഈ 'പാപം തീനികള്‍' നമ്മുടെ നാട്ടിലേതുപോലെ തന്നെ ഒരു പ്രത്യേക കുലത്തില്‍ നിന്നാവും) ആ ബ്രഡ് ഉപ്പും കൂട്ടി കഴിക്കുന്നു. അങ്ങനെ മരിച്ച ആളുടെ 'പാപങ്ങള്‍' എല്ലാം ഭൂമിയില്‍ത്തന്നെ തിന്നുതീര്‍ക്കുന്നു. അയാളുടെ പാപങ്ങള്‍ മായ്ച്ചുകളയുന്നു. അയാളെ, അയാളുടെ മരണാനന്തര ജീവിതത്തിലേക്ക് പ്രാപ്തനാക്കുന്നു. ഈ കഥയിലും ഉള്ളപോലെ മതത്തെ വിശ്വാസങ്ങളുടെ ഒരു സെറ്റ് എന്ന് കാണുന്നതില്‍ എന്തോ പോരായ്മയായുണ്ട്. അല്ലെങ്കില്‍, ഇതുപോലുള്ള അനുഷ്ഠാനങ്ങളിലൂടെ മാസ്മരികമായ ഉണ്മയായിരുന്നു മതം അതിന്റ 'നിലനില്പ്പിനായ്' കൂടെകൂട്ടിയത്. അതുകൊണ്ടുതന്നെ 'ആത്മാക്കള്‍, മതത്തിനൊപ്പം മാത്രമല്ല കഴിഞ്ഞത്. മനുഷ്യവംശത്തിന്റെ പരിണാമത്തിനും ഒപ്പം കൂടിയായിരുന്നു.

ഡേവിഡ് ഡിയാപ്പ് (David Diop) എഴുതിയ At night All blood is black എന്ന നോവലില്‍ ഒന്നാം ലോക യുദ്ധത്തില്‍ പങ്കെടുത്ത രണ്ട് സെനഗല്‍ യുവാക്കളുണ്ട്, ദേശത്തിന്റെയും കോളനിയുടെയും ഓര്‍മ്മയുള്ള, അതിന്റെ പരിധിയ്ക്കും അപ്പുറത്തേക്ക് വ്യാപിക്കുന്ന ധര്‍മ്മസങ്കടം പേറുന്നവരാണ് അവര്‍ രണ്ടുപേരും. നോവലിലെ പ്രധാന കഥാപാത്രം തന്റെ മാതൃഭാഷയില്‍ മാത്രം ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന ആളാണ്. അയാളാണ് കഥ പറയുന്നത്. തനിക്ക് ഫ്രഞ്ച് അറിയില്ല എന്നും അയാള്‍ ഇടക്കിടെ പറയുകയും ഓര്‍മ്മിക്കയും ചെയ്യുന്നു. തന്റെ ഭാഷയെ, അല്ലെങ്കില്‍ തന്റെ ആത്മഭാഷണത്തെ പരിഭാഷ ചെയ്യാന്‍ പറ്റില്ല എന്നും. ഒരു പക്ഷെ, ഇത്, ജീവിതത്തിന്റെ എന്നതിനേക്കാള്‍ ഭാഷയുടെ തന്നെ കൊളോണിയല്‍ ജീവിതവും പറയുന്നു. എന്നാല്‍, അതിനായുള്ള വാഹനം 'ആത്മാവ്' ആണ്, ജീവിതത്തിന്റെയും യുദ്ധത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെ തന്നെയും 'പൂരിപ്പിക്കാത്ത' ജീവിതം ഈ 'ആത്മാവിന്റെ ഓര്‍മ്മയില്‍ അന്വേഷിക്കുന്നു.

നോവലിന് ഒരാത്മഭാഷണത്തിന്റെ രീതിയാണ്. ഒരു നേര്‍രേഖയില്‍ കഥ പറയുന്നു. എന്നാല്‍, നോവലിന്റെ അവസാനമെത്തുമ്പോള്‍ അതുവരെയും നമ്മുക്ക് പരിചയപ്പെടുത്തിതന്ന തന്റെ 'More than My Brother' കഥപറച്ചില്‍ ഏറ്റെടുക്കുന്നു. മരിച്ചവരെ ഉടലിലേക്ക് ആവാഹിക്കുന്ന പോലെ.

മതം അതിന്റെ വിശ്വാസങ്ങളിലൂടെയും നിയമാവലിയിലൂടെയും മാത്രമല്ല, ഇത്തരം രംഗസജ്ജീകരണങ്ങള്‍കൊണ്ടുംകൂടി നമ്മുടെ കൂടെ അനവധി വര്‍ഷങ്ങള്‍ക്കും പിറകില്‍ നിന്നും പുറപ്പെട്ടിരിക്കുന്നു. അത് കഥയുടെയും ജീവിതസഹനത്തിന്റെയും ഓര്‍മയും പറച്ചിലുമാണ്. വരണ്ടുപോകാവുന്ന ഒരു കാലത്തെ, ജീവിതത്തെ, ഒരാള്‍ ഓര്‍ക്കുന്ന വിധത്തെ ഈ പ്രേതകഥകള്‍ മാറ്റിപ്പറയാവുന്ന കഥകളാക്കുന്നു. എങ്കില്‍, മതത്തിന്റെ ഈ 'പരിണാമകഥ'യില്‍ പ്രേതങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. പ്രിയങ്ങളുടെയും അപ്രിയങ്ങളുടെയും നിറങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെട്ട അവരുടെ പ്രേതങ്ങളുടെ ജീവിതം, ഒരു പക്ഷെ, നമ്മുടെ കൂടെയുള്ള അന്യഗൃഹജീവികളുടെ സഹവാസത്തെക്കാള്‍ 'വാസ്തവ'വുമായിരിക്കാം. ഇങ്ങനെ എഴുതുമ്പോള്‍ത്തന്നെ സന്തോഷം പ്രകടിപ്പിക്കുന്ന ഒരു ആത്മാവിനെയെങ്കിലും എനിക്ക് സങ്കല്‍പ്പിക്കാനുമാവുന്നു. ഞാന്‍ ആ വായനക്കാരനെ ഓര്‍ക്കുന്നു. അയാള്‍ കണ്ടുപിടിച്ച കഥകളിലെ പ്രേതങ്ങളെയും എനിക്ക് ഓര്‍മ്മ വരുന്നു. ഇതുവരെയും അവര്‍ എനിക്ക് കഥപറച്ചിലിനുള്ള ഒരു 'ടൂള്‍'ആയിരുന്നു, ഇപ്പോള്‍ പക്ഷെ അത് എന്റെ തന്നെ ഭാവനയുടെ അടിസ്ഥാനഭാവമാകുന്നു. മനുഷ്യസഹജമായ ഒരു പ്രവൃത്തിയെ, കഥപറച്ചിലിനെ, അത് ഉദാരമായ സ്‌നേഹത്തോടെ സന്ദര്‍ശിക്കുന്നു.

നമ്മുടെയും ജീവിതവും കടന്നുപോവുന്ന ഈ ഭൂമുഖത്ത് ഇനിയും നിലനില്‍ക്കാന്‍ ശേഷിയുള്ള മോഹവും അനുഭവവുമാകുന്ന 'മത'ത്തെ നമ്മുടെ ' രാഷ്ട്രീയ റിയലിസം'' കൊണ്ട് നേരിട്ടുകൂടാ. എന്തെന്നാല്‍, മതം അതിന്റെ പ്രാചീനമായ ക്രോധത്തിനൊപ്പം അനുകമ്പയുടെ കൂടി ഓര്‍മയും മനുഷ്യകുലത്തിന് സമ്മാനിച്ചിരിക്കുന്നു. അതിന്റെ പരിണാമം നിങ്ങളെയും നിങ്ങളുടെ കാലത്തെയും നിങ്ങളുടെ രാഷ്ട്രത്തെയും സ്പര്‍ശിക്കുന്നതും, ഒരു പക്ഷെ, 'അനുഭവകഥ'പോലെത്തന്നെയാണ്. നമ്മുടെ പാപങ്ങള്‍, നമ്മുടെ ദുഷ്‌കൃത്യങ്ങള്‍, മതങ്ങള്‍ നമ്മുക്കുവേണ്ടി സൂക്ഷിച്ചുവെച്ചിരിക്കുന്നു. പരശതം ദേവതകളും പരശതം ദേവാലയങ്ങളും അത്രതന്നെ, അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍, ആത്മാക്കളുമുള്ള 'പ്രേതങ്ങളുള്ള' മനുഷ്യഭാവനയെ മതത്തിന്റെ വേനല്‍കൊണ്ട് എന്തായാലും കരിയിച്ചുകളഞ്ഞൂടാ; കഥകള്‍ക്ക് വേണ്ടിയെങ്കിലും.

Content Highlights: Aksharamprathi, Karunakaran, Mathrubhumi, ghosts

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sara Aboobacker
Premium

10 min

എന്തിനിത്ര മാർക്ക് വാരിക്കൂട്ടി? സാറയുടെ പഠനകാലം തീർന്നു എന്നറിയാവുന്ന സഹോദരൻ ചോദിച്ചു| അമ്മയോർമ്മകൾ

May 10, 2023


Satchidanandan

2 min

നാവുമരവും നാവായ തിരുനാവായയും നേരുമുഴങ്ങുന്ന പെരുംചെണ്ടയും!

May 20, 2023


sara thomas
Premium

16 min

ജീവിച്ചിരിക്കേ സാറാ തോമസ് വിസ്മൃതിയിലായതില്‍ ആരോടും പരിഭവമില്ല | 'അമ്മയോര്‍മകളി'ല്‍ ശോഭ ജോര്‍ജ് 

May 2, 2023

Most Commented