ആന്റൺ ചെക്കോവ്, ലിയോ ടോൾസ്‌റ്റോയ് | ഫോട്ടോ: വിക്കിപീഡിയ
'വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച അര്‍ത്ഥങ്ങള്‍ തിരയുന്നവരെ ഞാന്‍ ഭയപ്പെടുന്നു. എന്നെ വിമോചകനായും രക്ഷാകര്‍ത്താവായും കാണുന്നവരെയും ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ യാഥാസ്ഥിതികനല്ല, സന്യാസിയോ നിസ്സംഗനായ ഒരാളോ അല്ല. എനിക്ക് കലാകാരനാവണം. അത്രതന്നെ.'
-ആന്റണ്‍ ചെക്കോവിന്റെ 'Stories of Life' എന്ന കഥാസമാഹരം പരിചയപ്പെടുത്തിക്കൊണ്ട് 1914 ജൂണില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന റിവ്യൂ തുടങ്ങിയത് ചെക്കോവിന്റെ ഈ വരികളോടെയായിരുന്നു. ഒരുപക്ഷേ, അതിനകം റഷ്യന്‍ സാഹിത്യത്തിന്റെ മുഖമുദ്രയായിരുന്ന 'സാഹിത്യത്തിന്റെ ഉത്തരവാദിത്വ'ത്തില്‍നിന്നും ചെക്കോവിന്റെ കലയെ മോചിപ്പിച്ചും മാറ്റിനിര്‍ത്തിക്കൊണ്ടും എഴുതിയ ഈ സമാലോചനയ്ക്ക് ഇപ്പോള്‍ നൂറുവര്‍ഷത്തിലധികം കാലമായിരിക്കുന്നു. എന്നാല്‍, ഇപ്പോള്‍ വായിക്കുമ്പോഴും ഇതിലെ പല നിരീക്ഷണങ്ങളും, അത്രയും പ്രസക്തമായി തുടരുകയും ചെയ്യുന്നു. സാഹിത്യരചനയിലേക്ക് സോവിയറ്റ് വാര്‍പ്പുമാതൃകകള്‍ അതേപോലെ, ഒരിക്കല്‍ കടത്തിക്കൊണ്ടുവരികയും സംരക്ഷിക്കപ്പെടുകയും ചെയ്ത നമ്മുടെ ഭാഷയുടെ കാര്യത്തിലും ഇത് ശരിയാവാനേ വഴിയുള്ളൂ.
'ഉത്തരവാദിത്വമുള്ള കല' റഷ്യന്‍ സാഹിത്യത്തിന്റെ പരസ്യവാചകം തന്നെയാവുന്ന കാലം നമുക്ക് സങ്കല്‍പ്പിക്കാനാകും. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ ജീവിതത്തിന് സമാനമായാണ്, ചിലപ്പോള്‍ 'ബദല്‍' പോലെയും, 'റഷ്യന്‍ സാഹിത്യ'ത്തിന്റെ പ്രസിദ്ധി ലോകമെങ്ങും എത്തുന്നത്. വിശേഷിച്ചും റഷ്യന്‍ വിപ്ലവത്തിനുംതൊട്ടുമുമ്പുള്ള കാലത്തെ സാഹിത്യജീവിതം. കലയെ ധാര്‍മ്മികതയുടെ പ്രശ്‌നമായി അവതരിപ്പിക്കുകയും അത്തരം ജീവിതസന്ധികളെ സാഹിത്യത്തിന്റെ, വിശേഷിച്ചും ഫിക്ഷന്റെ വിഷയമാക്കുകയും ചെയ്യുന്ന 'ഉത്തരവാദിത്വ'ത്തിലേക്ക് റഷ്യന്‍ എഴുത്തുകാര്‍ സ്വയം പ്രവേശിക്കുന്നത് ആ കാലത്താണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മലയാള സാഹിത്യലോകത്തെക്കൂടി സ്വാധീനിക്കാന്‍ തക്കവിധം ഈ റഷ്യന്‍ എഴുത്ത് പിന്നീട് ഒരു ഫാഷന്‍ ആവുന്നുമുണ്ട്.
വരികള്‍ക്കിടയില്‍ അര്‍ത്ഥങ്ങള്‍ തിരയുന്ന ആള്‍, തീര്‍ച്ചയായും, സാഹിത്യാനുഭവത്തിന് പുറത്തുനില്‍ക്കുന്ന ആളാണ്. സാഹിത്യത്തെ ജീവിതാനുഭവമായി കാണാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. തനിക്ക് ചുറ്റും യഥാര്‍ത്ഥമായും അനുഭവിക്കുന്ന ഒന്നിനെ അയാള്‍ സാഹിത്യത്തിലും തിരയുന്നു. റഷ്യന്‍ സാഹിത്യത്തിന്റെ കേള്‍വികേട്ട 'ഉത്തരവാദിത്വം' അതായിരുന്നു. അത് എഴുത്തുകാരെ വിമോചകരായും രക്ഷാകര്‍ത്താക്കളായും കാണാന്‍ ആഗ്രഹിക്കുന്നു. എഴുത്തുകാര്‍ ആ ഉത്തരവാദിത്വത്തിലേക്ക് സ്വയം പ്രവേശിക്കുന്നു.
നമ്മുടെ ഭാഷയില്‍ കഥയിലും നോവലിലും, വലിയതോതില്‍ കവിതയിലും, ഈ ഉത്തരവാദിത്വ കലയുടെ മൊഴിമുഴക്കം വന്നതും അങ്ങനെയാണ്. സോവിയറ്റ് കമ്മ്യൂണിസം വന്ന അതേ കാറ്റില്‍, അല്ലെങ്കില്‍, ഈ ഉത്തരവാദിത്വ സാഹിത്യവും ഇവിടേക്ക് യാത്ര ചെയ്യുകയായിരുന്നു. ടോള്‍സ്റ്റോയിയും ദസ്തയേവ്‌സ്‌കിയും അതുപോലുള്ള പലരും ഒരിക്കല്‍ വശീഭവിച്ച (Succumbed) ഈ 'റഷ്യന്‍ സമ്മര്‍ദ്ദം', സാഹിത്യത്തിലെ ഈ അര്‍ത്ഥാന്വേഷകര്‍ നിര്‍മ്മിച്ചതായിരുന്നു. അതിനുപാകമായ വിധത്തില്‍ എഴുത്തുകാര്‍ തങ്ങളുടെ സാഹിത്യരചനകളില്‍ കലയും ധര്‍മ്മനിഷ്ഠയും ഒരേ പാകത്തില്‍ വരുന്ന എഴുത്ത് രീതി, ഫാഷന്‍, പരീക്ഷിക്കുകയും വിജയിപ്പിച്ചെടുക്കുകയുമായിരുന്നു. അല്ലെങ്കില്‍, അങ്ങനെയാണ്, സാഹിത്യകല ഇതേ അര്‍ത്ഥാന്വേഷണത്തിന്റെ ഭാഗമാവുന്നത്. അഥവാ, അങ്ങനെയൊരു ഉത്തരവാദിത്വമായിരുന്നു എഴുത്തുകാര്‍ക്കുവേണ്ടി സോവിയറ്റ് സാഹിത്യം നിര്‍മ്മിച്ചതും ലോകത്തെ പല ഭാഷകളിലേക്കും, മലയാളം അടക്കം, കയറ്റി അയച്ചതും.
ഒരുപക്ഷേ, അക്കാലത്തെ'യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡി'ന് പാകമായ വിധം സോവിയറ്റ് നാടുകളിലെ എഴുത്തുകാര്‍ തങ്ങളെ തന്നെ കണ്ടെത്തുകയും നിര്‍മ്മിക്കുകയുമായിരുന്നു. കലയും ധര്‍മ്മനിഷ്ഠയും ഒരേവിധം കലരുന്ന സാഹിത്യം യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും അതിന്റെ തുടര്‍ച്ചയായി വന്ന ആധുനികതയുടെയും ഭാഗവുമായിരുന്നു. റഷ്യന്‍ സാഹിത്യത്തിനും, ടോള്‍സ്റ്റോയ്-ദസ്തയേവ്സ്‌കി സാഹിത്യത്തിന് വിശേഷിച്ചും, ഇത് മാതൃകയാവുകയുമായിരുന്നു. ചെക്കോവ് ഈ ഫാഷനെയായിരുന്നു ഒരു പരിധിവരെ തന്റെ കഥകളിലൂടെയും നാടകങ്ങളിലൂടെയും പ്രതിരോധിച്ചതും. അതുകൊണ്ടുതന്നെ ചെക്കൊവിനെ ടോള്‍സ്റ്റോയ്ക്കും ദസ്‌തെവ്‌സ്‌കിക്കും സമം നിര്‍ത്തി വായിക്കാന്‍ കഴിയുമായിരുന്നില്ല അങ്ങനെയൊരു തുടര്‍ച്ച അദ്ദേഹം ആഗ്രഹിച്ചതുമില്ല. ചെക്കോവിന്റെ പ്രശസ്തമായ ഒരു കഥയില്‍- The Peasant- തന്റെ ജീവിതം മുഴുവന്‍ നഗരത്തില്‍ ഹോമിക്കേണ്ടി വന്ന ഒരു തൊഴിലാളിയുണ്ട്. തന്റെ ഗ്രാമത്തിലേക്ക് മടങ്ങാനുള്ള അയാളുടെ നിലയ്ക്കാത്ത ആഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് ഈ ചെറുകഥ മുന്നേറുന്നത്.
ഗ്രാമത്തിലാണ് ജീവിതവും സ്വസ്ഥതയും സന്തോഷവും ഉള്ളതെന്ന് അയാള്‍ കരുതുന്നു. നഗരം ഇതൊന്നും ആര്‍ക്കും നല്‍കുന്നില്ല എന്നും അയാള്‍ വിശ്വസിക്കുന്നു. എന്നാല്‍, ഒടുവില്‍ തന്റെ ഗ്രാമത്തില്‍ മടങ്ങിയെത്തുന്ന അയാള്‍ ആ സ്ഥലവും ഒരു നികൃഷ്ട സ്ഥലമായിത്തന്നെ കണ്ടെത്തുന്നു. അത്യധികം മ്ലാനമായ ഈ കഥയെ പ്രതി അക്കാലത്തെ റഷ്യന്‍ വായനാസമൂഹം വലിയ ചര്‍ച്ചകളിലേക്കുതന്നെ പോയി. നാട്ടുമ്പുറത്ത് ജീവിക്കുന്നതാണോ പട്ടണത്തില്‍ ജീവിക്കുന്നതിനേക്കാള്‍ അഴുകിയത്? മറ്റൊരുവിധത്തില്‍, സാഹിത്യത്തെ ധാര്‍മിക വ്യഥയുടെ വാഹകമാക്കാനായിരുന്നില്ല, മറിച്ച് റഷ്യന്‍ ജീവിതത്തിന്റെ സാധാരണ ചിത്രങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു ചെക്കോവ് ആഗ്രഹിച്ചത്.
സാഹിത്യത്തിലെ നേര്‍പ്പിളര്‍പ്പുകളെ, സാഹിത്യത്തില്‍ കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന ആദര്‍ശജീവിതത്തെ, ഒരു പക്ഷെ, യാഥാര്‍ത്ഥ്യത്തിന്റെയും സന്ദേഹത്തിന്റെയും ലോകത്തേയ്ക്ക് ആനയിക്കുകയായിരുന്നിരിക്കണം ചെക്കോവ് ചെയ്തിരിക്കുക. എങ്കില്‍, അത് അക്കാലത്തെ 'റഷ്യന്‍ സാഹിത്യത്തിന്റെ ഉത്തരവാദിത്വ'ത്തില്‍ നിന്നും, അതിന്റെ ഫാഷനില്‍ നിന്നും, സ്വയം ഒഴിഞ്ഞുനില്‍ക്കാന്‍ ആഗ്രഹിക്കുകകൂടിയായിരുന്നു. ടോള്‍സ്റ്റോയിയില്‍ നിന്നും ഗോര്‍ക്കിയിലേക്കുള്ള നടപ്പാത വ്യക്തമായിരുന്നു. ചെക്കോവ് ഇതില്‍നിന്നും വ്യത്യസ്തനാകാന്‍ ശ്രമിച്ചു. വേണ്ടതുപോലെ ആയിരുന്നില്ലെങ്കിലും നൂറു വര്‍ഷത്തിലധികം പഴക്കമുള്ള ഈ റിവ്യു പറയുന്നു.
ചെക്കോവ് വ്യത്യസ്തനാകാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര ശ്രമിച്ചില്ല എന്നായിരുന്നു അക്കാലത്തെ വിമര്‍ശം. അപ്പോള്‍പ്പോലും, റഷ്യന്‍ സാഹിത്യത്തില്‍, കല കലയ്ക്കുവേണ്ടി എന്ന വഴി, (നയം), മാത്രമല്ല, അതിലോലമാകാവുന്ന കലയും (Delicate art) അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. സാഹിത്യത്തിലെ വിവേചന ശക്തിയെ ആദരിക്കുന്നതായിരുന്നു അത്. ചെക്കോവിന്റെ തന്നെ വാക്കുകളില്‍ എഴുതിയാല്‍ അദ്ദേഹം ആദ്യാന്തം ഒരു കലാകാരന്‍ തന്നെയായിരുന്നു. അഥവാ, അതിനുവേണ്ടി മാത്രം അദ്ദേഹം എഴുതി.
മലയാള ചെറുകഥാസാഹിത്യത്തിലും 'ഉത്തരവാദിത്ത കല'യുടെ ഈ റഷ്യന്‍ ഭാരം തേടിപ്പോവാന്‍ രസമായിരിക്കും. തകഴി മുതല്‍ ഏറ്റവും പുതിയ കഥാകൃത്തിനെവരെ ആ വഴിയില്‍ നമുക്ക് കണ്ടെത്താനും പറ്റും. സാഹിത്യത്തെ ലളിതമായ സാമൂഹികയുക്തികളിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന പഴയ സോവിയറ്റ് രാഷ്ട്രീയത്തിന്റെ ഭാവനാപിന്തുണ ഇതിനെ സഹായിക്കുന്നതുമായിരുന്നു. നമ്മുടെ വായനാ സമൂഹത്തിന് ഇത്, ഏത് കാലഗണനയിലും, 'പരിചിതമായ അത്ഭുത'വുമായിരുന്നു. എല്ലാ പുരോഗമനസാഹിത്യശക്തികള്‍ക്കും അരിക് രാഷ്ട്രീയ സാഹിത്യാശയങ്ങള്‍ക്കും ഒപ്പം സഞ്ചരിച്ച മലയാളചെറുകഥയ്ക്ക്, അതുകൊണ്ട് തന്നെ, ഇതേ സാഹിത്യതാല്‍പ്പര്യത്തിന് എതിരേയുയര്‍ന്ന വാദത്തെ ഉള്‍ക്കൊള്ളാനും കഴിഞ്ഞില്ല. 'കല കലയ്ക്കുവേണ്ടി' എന്നുതന്നെയായിരുന്നു ആ വാദം. അന്ന് സോവിയറ്റ് കാലത്ത് ഉയര്‍ന്ന പോലെ തന്നെ കേരളത്തിലെയും. ഇന്നും 'കല കലയ്ക്കു വേണ്ടിയാണ്' എന്ന് പറയാന്‍ തന്നെ നമ്മുടെ വലിയ വിഭാഗം എഴുത്തുകാര്‍ക്കും ഭയമാണ്.
എന്തുകൊണ്ട് കല കലയ്ക്കു വേണ്ടി ആയിക്കൂടാ എന്ന് ചോദ്യമോ ആശയമോ ഇപ്പോഴും തെളിഞ്ഞു കിട്ടാത്ത കഥാകൃത്ത്, അല്ലെങ്കില്‍ കവി, കലയുടെ സ്വാതന്ത്ര്യമോഹത്തില്‍ നിന്നും സ്വയം പിടിച്ചു മാറ്റി നിര്‍ത്തിയ ഒരാളെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ ഇതിനുവലിയൊരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തിന്റെ വഴിയിലാണ് നമ്മുടെ ഏറ്റവും പുതിയ 'അരിക് സാഹിത്യ'വും അകപ്പെട്ടത്- 'പുരോഗമനസാഹിത്യ' രചനകള്‍ക്കും ഒപ്പം. റഷ്യന്‍ സാഹിത്യത്തില്‍ ഒരിക്കല്‍ നമ്മള്‍ പരിചയപ്പെട്ട 'ഉത്തരവാദിത്വ കല'യ്ക്ക് നമ്മുടെ സാഹിത്യത്തിലും ഒരു ചരിത്രമുണ്ട്. അതിന് ഇപ്പോഴും ഓടുന്ന റീല്‍ ഹിസ്റ്ററിയുമുണ്ട്.
Content Highlights: Aksharamprathi, Karunakaran, Anton Chekhov, Story review, New York Times
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..