'അവന്റെ ശവക്കുഴിയില്‍ ഒരു കുഞ്ഞിനെയും അടക്കി': മരിക്കാന്‍ ജന്മഭൂമിയിലേക്ക് നോക്കുന്നവരെപ്പറ്റി...


കരുണാകരന്‍കരുണാകരന്‍ എഴുതുന്ന കോളം അക്ഷരംപ്രതി വായിക്കാം

ചിത്രീകരണം: ബാലു

ങ്ങളുടെ സിറിയന്‍ സുഹൃത്ത്, മുഹമദ് ബദിയയെ, അവന്‍ മരിക്കുന്നതിനും രണ്ടാഴ്ച മുമ്പ്, അവന്‍ കിടക്കുന്ന ആശുപത്രിയില്‍ ഞങ്ങള്‍ കാണാന്‍ ചെന്നു. ഞാനും എന്റെ ഈജിപ്ഷ്യന്‍ സുഹൃത്ത്, സലിം അലിയും. ആശുപത്രിയുടെ രണ്ടാമത്തെ നിലയിലെ വാര്‍ഡില്‍ വലിയൊരു ജനലിനു താഴെയായിരുന്നു അവന്റെ കിടക്ക. മുഹമദ് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ക്ഷീണിച്ച ശബ്ദത്തില്‍ 'സലാം' പറഞ്ഞു. അവന്റെ കിടക്കയ്ക്കരികില്‍ രണ്ട് കസേരകളില്‍ ഞങ്ങള്‍ ഇരുന്നു. നിനക്ക് ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ പതുക്കെ ഒരു കൈ അല്‍പ്പം ഉയര്‍ത്തി. വിരലുകള്‍ വിടര്‍ത്തി ഒരാംഗ്യം കാണിച്ചു. തനിക്ക് അറിയില്ല എന്നോ താന്‍ പോവുകയാണ് എന്നോ അര്‍ത്ഥത്തില്‍. എന്റെ കണ്ണുകള്‍ നിറഞ്ഞു. പിന്നീട്, തീരെ അവശനായ അവനെ ജന്മഭൂമിയായ സിറിയയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച്, മൂന്നോ നാലോ ദിവസത്തിനു ശേഷം അര്‍ബുദ ബാധിതനായിരുന്ന മുഹമദ് മരിക്കുകയും ചെയ്തു. മരിക്കുമ്പോള്‍ അവന്‍ അത്രയും ചെറിയ ജീവിതത്തിലെ മുപ്പതുകള്‍ പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ.

ആശുപത്രിയില്‍ വെച്ച് മുഹമദ് എന്നോട് പറഞ്ഞത്, നിനക്ക് ഇനി എന്റെ കഥയും എഴുതാം എന്നാണ്. അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ''ഞാന്‍ പോവുകയാണല്ലോ''.

ഞാന്‍ പക്ഷെ അവനെക്കുറിച്ച് എഴുതിയതേ ഇല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് പല തവണ അവനെ സ്വപ്നം കണ്ടതിനാല്‍, ഇനിയും കാണും എന്നതിനാല്‍...അസാധ്യമായൊരു കഥാശേഖരം അവന്റെ ചെറുപ്രായത്തിലും കവിഞ്ഞ് എന്റെയുള്ളിലും നിറയുന്നതിനാലാവാം, ഒരു അറേബ്യന്‍ കഥ പോലെ, ഞാന്‍ അവനെ ഇപ്പോഴും കണ്ടുംകേട്ടും ഇരിക്കുന്നു.

സ്വപ്നങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ അവരുടെ ജീവിതത്തിന്റെ വേറെയും അടരുകള്‍ പറയുന്നു.

ഈ കുറിപ്പ്, അതിനാല്‍, മരിക്കുവനായി സ്വന്തം നാട് തിരഞ്ഞെടുക്കുന്നവരെ പറ്റിയാണ്. മുഹമദ് ചെയ്തതു പോലെ. എനിക്ക് കുവൈറ്റില്‍ വെച്ചു മരിക്കണ്ട. അവന്‍ തന്റെ അന്ത്യനാളുകളില്‍ ഭാര്യയോടും ബന്ധുക്കളോടും പറയുമായിരുന്നു: 'എന്നെ വേഗം എന്റെ നാട്ടിലേക്ക് കൊണ്ടുപോകൂ. അവന്‍ അവരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അല്ലെങ്കില്‍ അവനോ, അവന്റെ ജീവിതത്തിന്റെ മുഴുവനും സിറിയയില്‍ ആയിരുന്നില്ലതാനും. കുവൈത്തിലായിരുന്നു! പക്ഷേ തനിക്ക് മരിക്കാന്‍ നാട് തന്നെ വേണം എന്ന് അവനും, മറ്റ് അനവധി ആളുകളെപ്പോലെ ആഗ്രഹിച്ചു.

ഓരോ ''പ്രവാസ''വും ജീവിക്കാന്‍ എന്നപോലെ, മരിക്കാനും, സ്വന്തം ജന്മഭൂമിയിലേക്ക് ഒരു ചുഴിയിലേക്കെന്നപോലെ തിരിയുന്നു.

ഒരു വ്യക്തിക്ക് ഒരിടത്ത് മാത്രമേ ജനിക്കാന്‍ കഴിയൂ, എന്ന് ഫലസ്തീന്‍ കവി മെഹ്‌മൂദ് ദര്‍വീശ് എഴുതിയിട്ടുണ്ട്.' എന്നിരുന്നാലും, അവന്‍ മറ്റെവിടെയെങ്കിലും പലതവണ മരിച്ചേക്കാം: പ്രവാസത്തിലും ജയിലിലും, അധിനിവേശവും അടിച്ചമര്‍ത്തലും ഒരു പേടിസ്വപ്നമായി മാറിയ ജന്മനാട്ടിലും''.
മുഹമദ് മരിക്കാന്‍ തന്റെ ജന്മഭൂമിയിലേക്ക് മടങ്ങുകയും.

മദ്ധ്യ പൗരസ്ത്യനാടുകളില്‍ നിന്ന് നൂറ്റാണ്ടുകളായി ഇങ്ങനെ പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും രക്തസ്‌നാതമായ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത് നിലച്ചിട്ടില്ല. രാഷ്ട്രങ്ങളുടെ അതിര്‍ത്തികളെ അസംബന്ധമാക്കുന്ന ഒരു വലിയ നിലവിളി ഭൂമിക്കുമേല്‍ പ്രദക്ഷിണം വെയ്ക്കുന്നപോലെയാണ് അത്. യുദ്ധത്തില്‍ തകരുന്ന തന്റെ നാടിനെപ്പറ്റിയും യുദ്ധത്തില്‍ മരിച്ച ബന്ധുക്കളെപ്പറ്റിയും മുഹമദ് ബദിയ ഞങ്ങളോട് പറയുമ്പോള്‍ ഞാന്‍ അത് കേള്‍ക്കുക മാത്രം ചെയ്യുമായിരുന്നു. കാരണം, നാടുവിട്ടു പോന്ന ആര്‍ക്കും, എത്ര ആപത്തിലും ഒരു സുരക്ഷിതത്വം നേരുന്ന എന്തോ ഒന്ന് അവിടെ ബാക്കി വെച്ചിട്ടുണ്ട് എന്ന തോന്നലാണ്. ഞാന്‍ അവിടെ ഒരു കഫേ തുടങ്ങും മുഹമദ് പറയും. ഇവിടെ നിന്ന് മടങ്ങും..

പ്രസിദ്ധ ജര്‍മ്മന്‍ കവിയും നോവലിസ്റ്റും ശില്‍പ്പിയും ചിത്രകാരനുമൊക്കെയായിരുന്ന ഗുന്തര്‍ ഗ്രാസിന്റെഒരു ചെറിയ കവിതയാണ്,'മടക്കിവെയ്ക്കാവുന്ന കസേരകള്‍', വീട് വിട്ടുപോകേണ്ടിവരുന്നവരെപ്പറ്റിയാണ് അത്. വെറുതെ വീട് മാറുന്നവരെപ്പറ്റിയല്ല, സ്വന്തം രാജ്യത്ത് നിന്നും നാടും വീടും പലപ്പോഴും ബന്ധുക്കളെയും ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തേയ്ക്ക് പോകേണ്ടി വരുന്നവരെപ്പറ്റിയാണ്. ഒരു പക്ഷെ, ജര്‍മ്മന്‍ സ്വത്വത്തിന്റെ, പടിഞ്ഞാറും കിഴക്കുമെന്ന വിഭജനം, ഉള്ളില്‍ പേറിയതുകൊണ്ടുകൂടിയാകാം, ഗ്രാസ്, ഈ കവിതയില്‍, അല്ലെങ്കില്‍ അത്തരം ഭാവനാനുഭവങ്ങളില്‍, അലഞ്ഞിട്ടുണ്ടാവുക.

എത്ര ദുഖകരമാണ് ഈ മാറ്റങ്ങള്‍.
ആളുകള്‍ വാതില്‍പ്പലകകളില്‍ നിന്നും പേര്‍ത്തകിടുകളഴിക്കുന്നു
കാബേജ് ഉണ്ടാക്കുന്ന പാചകച്ചട്ടി എടുക്കുന്നു
മറ്റൊരിടത്ത്,വീണ്ടും അത് ചൂടാക്കുന്നു.

എന്നിട്ട് എന്ത്! രണ്ട് ലോക യുദ്ധങ്ങള്‍ ഉണ്ടാക്കിയതിനെക്കാള്‍ അഭയാര്‍ത്ഥികള്‍ പിന്നീട് ലോകം കണ്ടു: ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും മദ്ധ്യ പൗരസ്ത്യ നാടുകളില്‍ നിന്നും യൂറോപ്പില്‍ നിന്നും ലത്തീന്‍ അമേരിക്കയില്‍ നിന്നുമെല്ലാം കടപുഴകിയ മനുഷ്യരുടെ വലിയൊരു വംശാവലി തന്നെ അങ്ങനെ ഉണ്ടായിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍, ഉക്രൈനില്‍ നിന്നും മനുഷ്യര്‍ നാട് വിട്ടു, അയല്‍ രാജ്യങ്ങളിലേക്കും അകലങ്ങളിലെ രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥികളായി തിരിച്ചു.

വാതില്‍പ്പലകകളില്‍ നിന്നും പേര്‍ത്തകിടുകള്‍ അഴിച്ചെടുക്കാന്‍ പോലും സമയമില്ലാതെ ചിലര്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടതെന്തും ഉപേക്ഷിച്ച്, അങ്ങനെ ഉണ്ടെങ്കില്‍ മാത്രം, മടക്കി വെയ്ക്കാവുന്ന ഒരു കസേരയുമായി നാടുവിട്ടു : ആ കസേരകള്‍, ഗ്രാസിന്റെ കവിതയില്‍,രാജ്യസ്‌നേഹമില്ലാത്ത അതിന്റെ ഉടമകളെ ഓര്‍ത്ത് കടലിനക്കരെയും ഇക്കരെയും ഇരുന്ന് വിഷമിച്ചു.

ആദ്യത്തെ ഗള്‍ഫ് യുദ്ധത്തില്‍ 'അഭയാര്‍ത്ഥി'യായി ഒരു വൈകുന്നേരം ഞാന്‍ കുവൈത്തില്‍ നിന്നും ഇറാക്കിലെ ബസ്രയില്‍ എത്തിയതായിരുന്നു. നാട്ടിലേക്കുള്ള മടക്കമാണ്. എപ്പോഴെന്നോ എങ്ങനെയെന്നോ തീര്‍ച്ചയില്ലാതെ. ഞാന്‍ സഞ്ചിരിച്ചിരുന്ന ബസ്സ് ഒരു പെട്രോള്‍ പമ്പില്‍ നില്‍ക്കുകയായിരുന്നു, ഇരുട്ടില്‍ ചുറ്റും ഉയരുന്ന നേര്‍ത്ത പൊടിക്കാറ്റില്‍ നിന്ന് ഇപ്പോള്‍ ഏതാനും മനുഷ്യര്‍, ഭൂമിയിലെ ഏറ്റവും ദരിദ്രരായവര്‍ എന്ന് തോന്നിക്കുന്നപോലെ, ഞങ്ങളുടെ ബസ്സിനെ വളഞ്ഞു. ബസ്സിന്റെ അടച്ചിട്ട വാതിലുകളില്‍ അതിന്റെ എല്ലാ ഭാഗങ്ങളിലും, കൈകള്‍കൊണ്ട് ശക്തമായി കൊട്ടാന്‍ തുടങ്ങി. വല്ലതും നല്‍കാന്‍ അവര്‍ ഒച്ചവെച്ചു കൊണ്ടിരുന്നു. ഞാന്‍ അറിയാത്തൊരു ധൃതി, ജീവിതത്തിന്റെ ഒരേയൊരു ആവശ്യം പോലെ എന്നെ ബാധിയ്ക്കുന്നപോലെയായിരുന്നു. ബസ്സ് അവിടെ നിന്ന് നീങ്ങുമ്പോഴും പിറകില്‍ അതേ 'ആര്‍പ്പ് ' കുറച്ചു ദൂരം കൂടി ഞങ്ങളെ പിന്തുടര്‍ന്നു.. പിന്നെ മാഞ്ഞു...

ജീവിക്കാനുള്ള പ്രേരണയെക്കാള്‍ മരണത്തോടുള്ള മടുപ്പാണ് അല്ലെങ്കില്‍ നമ്മളെ അഭയാര്‍ത്ഥികളാക്കുന്നത്. അതാകട്ടെ, പിന്നെ നീണ്ടുനില്‍ക്കുന്നു. ജീവിക്കാനും എഴുതാനും പ്രേരണയായി ഒരു മടുപ്പ് കൂടെ ഉണ്ടാവുക ചിലപ്പോള്‍ ഞാന്‍ അങ്ങനെ ആലോചിക്കാറുമുണ്ട്. എഴുതുമ്പോഴും എഴുതാതിരിക്കുമ്പോഴും അത്, ആ മടുപ്പ്, ഒരു സ്ഥലം കരുതി വെയ്ക്കുന്നു.

അന്ന്, മുഹമദ് ബദിയയുടെ ശവസംസ്‌കാരം കഴിഞ്ഞുവന്ന ബന്ധു പക്ഷേ എന്നോട് മറ്റൊന്നു കൂടി പറഞ്ഞു: ''നിനക്ക് കേള്‍ക്കണോ, ബദിയയുടെ ശവക്കുഴിയില്‍ ഒരു കുഞ്ഞിനെയും അന്ന് അടക്കി''
ഞാന്‍ അറിയാതെ ഞെട്ടി. ''ആരുടെ കുഞ്ഞ്?''

'' അറിയില്ല'', അവന്റെ ബന്ധു പറഞ്ഞു.

ഒരാള്‍ ഒരു കുഞ്ഞിന്റെ ശവവുമായി അവിടെ, സെമിത്തേരിയില്‍, അവരെ കാത്ത് നില്‍ക്കുകയായിരുന്നുവത്രെ. ആ കുട്ടി മുഹമദിനൊപ്പം യാത്ര ചെയ്യാന്‍ എത്തിയ മാലാഖയാണ് എന്ന് ആരോ പറഞ്ഞു എന്നും...

ഞാന്‍ കഥകള്‍ എഴുതുന്നത് മുഹമദ് ബദിയയ്ക്ക് വലിയ ഇഷ്ടമായിരുന്നു. അങ്ങനെ എന്നെ അവന്റെ സുഹൃക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിലും: ''എന്റെ ചങ്ങാതിയാണ്, ഇവന്‍. എഴുത്തുകാരന്‍...''


Content Highlights: Aksharamprathi, Karunakaran, death, Mother country


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented