ആദ്യം പെട്ടികള്‍,പിന്നെ വലിയൊരു കിടക്ക ഫോറിന്‍ പുല്ലുപായയില്‍, പിന്നാലെ ആ ദുബായ്ക്കാരന്‍!


കരുണാകരന്‍ചിത്രീകരണം: ബാലു

കുറച്ചു മുമ്പാണ്, ഒരിക്കല്‍, ആനന്ദിനെ അദ്ദേഹത്തിന്റെ ഇരിങ്ങാലക്കുടയിലുള്ള വീട്ടില്‍ കെ. വേണുവിനൊടൊപ്പം കാണാന്‍ ചെന്നതായിരുന്നു, ഒരു രാവിലെ. മരങ്ങളില്‍ കാറ്റും പക്ഷികളും ഉണ്ടായിരുന്ന നേരം. സംഭാഷണത്തിനിടയില്‍ ആനന്ദ് തനിക്ക് ഇന്നും ഇഷ്ടം തോന്നുന്ന മൂന്നു 'മാസ്റ്റര്‍'മാരെപ്പറ്റി ഞങ്ങളോട് പറഞ്ഞു. പോസ്റ്റ് മാസ്റ്റര്‍, സ്‌കൂള്‍ മാസ്റ്റര്‍, സ്റ്റേഷന്‍ മാസ്റ്റര്‍- അവരായിരുന്നു ആ മൂന്ന് പേര്‍. ആയിടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വന്ന എന്റെ കഥ, 'ചന്ദ്രലേഖ' ആനന്ദിന് വളരെയധികം ഇഷ്ടമായി എന്നറിയിച്ചതിനു പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി വന്ന ഈ കൂടിക്കാഴ്ച്ച. ഞാന്‍ കുറച്ചു ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. വേണുവാണ് ആനന്ദ് നാട്ടിലുള്ള കാര്യം പറഞ്ഞത്. വേണുവിനോടാണ് ആനന്ദ് ആദ്യം കഥയെപ്പറ്റി പറയുന്നത്, അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ അവര്‍ തമ്മില്‍ ഇങ്ങനെയൊരു കൂടിക്കാഴ്ച്ച ഉണ്ടാവാറുണ്ട് എന്ന് എനിക്കറിയാമായിരുന്നു. ആനന്ദുമായി ഇതെന്റെ രണ്ടാമത്തെ കൂടിക്കാഴ്ചയുമായിരുന്നു. ചരിത്രത്തിലും രാഷ്ട്രീയത്തിലും നരവംശശാസ്ത്രത്തിലുമുള്ള അവരുടെ രണ്ടുപേരുടെയും പൊതുതാല്പര്യം ഞാന്‍ കേട്ടിട്ടുമുണ്ടായിരുന്നു, എന്നല്ല, അവര്‍ക്കിടയില്‍ 'ഇന്ത്യ' എന്ന 'വന്‍കര'യുമുണ്ടല്ലോ. എന്നാല്‍, ഒരു സമയം, ഞങ്ങള്‍ ചന്ദ്രലേഖ എന്ന കഥയിലെത്തി. അപ്പോഴാണ് ആനന്ദ് ഓര്‍ക്കുമ്പോള്‍ ഇഷ്ടം തോന്നാറുള്ള മൂന്ന് 'മാസ്റ്റര്‍'മാരെക്കുറിച്ച് പറഞ്ഞത്.

ഞാനും ആ മൂന്ന്മാസ്റ്റര്‍മാരെ ഓര്‍ത്തു. എന്റെ കഥയിലെ ''കത്തെഴുത്തുകാരനെയും''.

'ബോംബെ'യിലെ ജനറല്‍ പോസ്റ്റ്ഓഫീസിനു മുമ്പില്‍ നിരക്ഷരരായ ആളുകള്‍ക്ക് വേണ്ടി കത്തുകള്‍ എഴുതാനിരിക്കുന്ന ആളുകളെ ഓര്‍ത്തുകൊണ്ടായിരുന്നു 'ചന്ദ്രലേഖ' എന്ന കഥ ഞാന്‍ സങ്കല്‍പ്പിച്ചത്. ആയിടെ ബിബിസിയുടെ വെബ് പോര്ട്ടലില്‍ വായിച്ച ഒരു വാര്‍ത്തയും ഇതിനു കാരണമായി. 'ബോംബെ'യിലെ അവസാനത്തെ 'കത്തെഴുത്തുകാരെ'ക്കുറിച്ചായിരുന്നു, അത്. അത്തരം ആളുകളെ, 'ബോംബെ'യില്‍ ജോലി ചെയ്യുന്ന കാലത്ത്, ആ പട്ടണത്തിലെ പല പോസ്റ്റ് ഓഫീസുകളുടെ മുമ്പിലും കണ്ടിരുന്നത് എനിക്ക് ഓര്‍മ്മ വന്നു. ബോംബെ ''മുംബൈ' ആയി പേര് മാറ്റുന്നതിനും മുമ്പുള്ള പല ഓര്‍മ്മകളില്‍ ഒന്നായിരുന്നു, അത്. നഗരത്തിലെ തന്നെ മറ്റൊരു ജീവിതകഥകൂടി വെച്ച്, പ്രസിദ്ധമായ 'കാമാത്തിപുര'യിലെ നിരക്ഷരയായ ഒരു 'വേശ്യ'യെക്കൂടി ഞാന്‍ ആ കഥയില്‍ ചേര്‍ത്തിരുന്നു; മറ്റൊരു അന്തരീക്ഷത്തിന്റെ ഓര്‍മ്മയില്‍. അവളുടെ പേരായിരുന്നു കഥയ്ക്ക്: ചന്ദ്രലേഖ.

ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് 1854-ലാണ് പോസ്റ്റ് ഓഫീസുകളുടെ പരിസരത്ത് ഇങ്ങനെ കത്തെഴുത്തുകാരെ നിയമിക്കുന്നത്. വ്യാപകമായ നിരക്ഷരതയെ നേരിടാനുള്ള ഒരു പരിഹാരമായിരുന്നു അത്. വാസ്തവത്തില്‍, ഈ പ്രശ്‌നത്തെ കാര്യമായി സമീപിച്ചത് ഇതിനും മുമ്പ് മുഗളന്മാരായിരുന്നു എന്നുകേട്ടിട്ടുണ്ട്. അവരുടെ രാജസദസ്സില്‍ ഇങ്ങനെ എഴുത്തുകാരായി 'മുന്‍ഷി'മാരും സാധാരണ പ്രജകള്‍ക്കായി 'ഖത്തീബ്'മാരും ഉണ്ടായിരുന്നു. ഈ കത്തെഴുത്തുകാരെ 'Professional Letter Writers' എന്നാണ് ബ്രിട്ടീഷുകാര്‍ കണ്ടിരുന്നത്. നല്ല കൈയ്യക്ഷരവും ഭാഷയിലുള്ള പ്രാവീണ്യവുമായിരുന്നു കത്തെഴുത്തുകാര്‍ക്ക് വേണ്ട മിനിമം യോഗ്യത. ബോംബെയില്‍ അതിന് കുറവുമുണ്ടായിരുന്നില്ല. നഗരത്തിലെ ജനറല്‍ പോസ്റ്റ് ഓഫീസിനു മുമ്പില്‍ തന്നെ ഇരുപത് പേരെങ്കിലും അങ്ങനെ കത്തുകള്‍ എഴുതാനായി ഇരിക്കുന്നതും എന്റെ ഓര്‍മ്മയിലുണ്ട്. കഥയിലെ എന്റെ കത്തെഴുത്തുകാരന്റെ പേര് 'മിനാര്‍' എന്നുമായിരുന്നു.

ഒരുപക്ഷെ കഥയിലെ 'നീതി' ഇതിവൃത്തമായതാകാം ആനന്ദിന് ഈ കഥ ഇഷ്ടപ്പെടാന്‍ കാരണമായത് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചു. പിന്നെയാണ്, തനിക്ക് പ്രിയപ്പെട്ട ആ മൂന്ന് മാസ്റ്റര്‍മാരെപ്പറ്റി അദ്ദേഹം പറഞ്ഞത്.

'എനിക്ക് എന്നും ഇഷ്ടമുള്ള മൂന്ന് മാസ്റ്റര്‍മാരുണ്ട്', ആനന്ദ് പറഞ്ഞു. 'സ്‌കൂള്‍ മാസ്റ്റര്‍', 'പോസ്റ്റ് മാസ്റ്റര്‍', 'സ്റ്റേഷന്‍ മാസ്റ്റര്‍'. തന്റെ ജീവിതത്തില്‍, ലോകവുമായുള്ള ബന്ധങ്ങളില്‍, ഈ മൂന്ന് മനുഷ്യരെക്കുറിച്ചുള്ള ഓര്‍മ്മയെപ്പറ്റിയും ആ 'പദവി'കള്‍ നമ്മുടെ സാമൂഹ്യചരിത്രത്തില്‍ ഇടപെട്ട രീതികളെപ്പറ്റിയും ആനന്ദ് ഞങ്ങളോട് പറഞ്ഞു. വേണുവിനും എനിക്കും, അത് സവിശേഷമായ ഓര്‍മ്മയായിരുന്നു. ഒരു വേള, ഞാനാ മൂന്നു പേരെയും ഓര്‍ത്തു. പട്ടാമ്പിക്കടുത്തുള്ള ഞങ്ങളുടെ ഗ്രാമത്തില്‍ ഇതില്‍ ആദ്യത്തെ രണ്ട് മാസ്റ്റര്‍മാരായിരുന്നു ഉണ്ടായിരുന്നത്: സ്‌കൂള്‍ മാസ്റ്ററും പോസ്റ്റ് മാസ്റ്ററും. ഇതില്‍ രണ്ട് ജീവിതങ്ങളിലേക്കും ഒരു മിന്നല്‍ പോലെ ഒരിക്കല്‍ ഞാന്‍ പാര്‍ത്തിരുന്നതും എനിക്ക് ഓര്‍മ്മ വന്നു. കൈപ്പുറം പോസ്റ്റ് ഓഫീസില്‍ താത്ക്കാലിക പോസ്റ്റ് മാസ്റ്റര്‍ ആയി മുപ്പത് ദിവസം ഞാന്‍ ജോലി ചെയ്തിരുന്നു, ശരിക്കുള്ള പോസ്റ്റ് മാസ്റ്റര്‍ ലീവില്‍ പോയപ്പോള്‍. അദ്ദേഹം തന്നെയായിരുന്നു എന്നെ പകരം റിക്രൂട് ചെയ്തത്. എന്റെ യോഗ്യത, ''താന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്'' സ്ഥിരമായി വായിക്കുന്നുണ്ടല്ലോ, സംഗതി മനസ്സിലാകും'' എന്ന അദ്ദേഹത്തിന്റെ വിലയിരുത്തലായിരുന്നു. ഈ പോസ്റ്റ് മാസ്റ്റര്‍ ആയിരുന്നു നാട്ടിലെ മാതൃഭൂമിയുടെ ഏജന്റും. ആഴ്ചപ്പതിപ്പ് കടമായി വായിക്കാന്‍ ഞാന്‍ എല്ലാ ആഴ്ചയും പോസ്റ്റ്മാസ്റ്ററുടെ ജനാലയില്‍ എത്തും. ഒന്ന് തരാന്‍ അപേക്ഷിക്കും. ''ഇത് പോസ്റ്റലില്‍ അയക്കാനുള്ളതാണ്, കേട് വരുത്തരുത്, ഇതാ അവിടെ നിന്ന് നോക്കിക്കോളൂ''. അദ്ദേഹം പറയും. ഞാന്‍ അതേ പടി അനുസരിക്കും. ഞാന്‍ ആ കണ്‍വട്ടത്തില്‍ത്തന്നെ നില്‍ക്കും. ആഴ്ചപ്പതിപ്പില്‍ ''യയാതി''യ്ക്ക് ഏഎസ് വരച്ച ചിത്രങ്ങളാണ് ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍.

സംസാരിക്കുമ്പോഴും, എഴുത്തിലെന്നപോലെ ഒരു പാന്‍ ഇന്ത്യന്‍ അനുഭവമാണ് ആനന്ദ് നല്കുക: അത് ഇന്ത്യയുടെ എല്ലാ അതിര്‍ത്തികളിലും ചെന്നു നിന്ന്, ഒരു കളത്തിലേക്ക് എന്നപോലെ നോക്കുന്ന ഒരാളെ അവതരിപ്പിക്കുന്നു. ബംഗാള്‍ അതിര്‍ത്തിയില്‍ താന്‍ ജോലി ചെയ്തിരുന്ന കാലത്തെ ഒരു റെയില്‍വേസ്റ്റേഷനെക്കുറിച്ച് ആനന്ദ് പറഞ്ഞു. ബോംബെയില്‍ പാര്‍ത്തിരുന്ന കാലത്ത് കണ്ടിരുന്ന 'കത്തെഴുത്തുകാരെ'ക്കുറിച്ചും പറഞ്ഞു.

ചിത്രീകരണം: ബാലു

എന്റെ പതിമൂന്നാം വയസ്സിലാകണം, അല്ലെങ്കില്‍ മലയാളം അക്ഷരങ്ങള്‍ എഴുതുന്നതിലെ ഭംഗി കണ്ടുപിടിക്കാന്‍ തുടങ്ങിയ പ്രായത്തിലാകണം, ഞാനുമൊരു ''കത്തെഴുത്തുകാര''നായിരുന്നു. ഞങ്ങളുടെ വീടിനടുത്തുള്ള ഒരു മുസ്ലീം യുവതിക്ക് വേണ്ടി, പാത്തുമ്മ എന്ന് ഞാന്‍ അവളെ വിളിക്കട്ടെ, അവളുടെ ഗള്‍ഫിലുള്ള ഭര്‍ത്താവിനുവേണ്ടി ഞാന്‍ കത്തുകള്‍ എഴുതികൊടുക്കുമായിരുന്നു. സ്‌കൂള്‍ ഇല്ലാത്ത ഒരു ദിവസം രാവിലെ അവള്‍ നീലനിറമുള്ള ''എയര്‍മെയില്‍ ഇന്‍ലെന്റു'മായി അവള്‍ വരും. ഉമ്മറത്തെ ജനാലയുടെ അപ്പുറത്ത് അവളും ഇപ്പുറത്ത് ഞാനും ഇരിക്കും. ഇന്‍ലെന്റിന്റെ ഏറ്റവും മുകളില്‍, പതിവുപോലെ, വിശുദ്ധമായ ഒരോര്‍മ്മയെ സാക്ഷ്യമാക്കി, ഒരിക്കല്‍ അവള്‍ പറഞ്ഞുതന്നിരുന്നതുപോലെ ഞാന്‍ 'ബി' എന്നെഴുതി പാത്തുമ്മയെ നോക്കും. അവള്‍ കത്തിലെ ആദ്യത്തെ വരി പറയും. അവിടെ സുഖമല്ലെ എന്ന് തുടങ്ങി നാട്ടിലെയും വീട്ടിലെയും വിശേഷങ്ങള്‍ പറഞ്ഞ് ബന്ധുക്കളോ സുഹൃത്തുക്കളോ പറഞ്ഞ 'സലാം' എഴുതി കത്ത് അവസാനിക്കും. അപ്പോഴേക്കും ആ നീലക്കടലാസില്‍ തിങ്ങിനിറഞ്ഞ അക്ഷരങ്ങള്‍ക്കിടയില്‍ ഇത്തിരി ''പൂഴി'' വീഴാന്‍ പോലുമുള്ള സ്ഥലമുണ്ടാവില്ല, ജനസമുദ്രംപോലെ കൂട്ടംകൂടി നില്‍ക്കുന്ന അക്ഷരങ്ങള്‍- ഇതിനകം ഞാന്‍ അവയുടെ വഴി സങ്കല്‍പ്പിക്കാന്‍ തുടങ്ങിരിയിരിക്കും. തമ്മില്‍ കൂട്ടിപ്പിടിച്ച്, മാഞ്ഞുപോവരുതേ എന്ന പ്രാര്‍ത്ഥനയോടെ, ആ അക്ഷരങ്ങള്‍ കത്തിന്റെ സുരക്ഷയില്‍, ആകാശത്തേയ്ക്ക് ഉയരുന്നതും പറക്കുന്നതും ഞാന്‍ സങ്കല്‍പ്പിക്കും: എന്തായാലും, ഒരു വലിയ കടലാണ് ആ കത്തിന് മുറിച്ചുപറക്കേണ്ടത്!

'എത്ര ദിവസം കഴിഞ്ഞാണ് ഇത് അവിടെ എത്തുക?'പാത്തുമ്മ ചോദിക്കും. ഞാന്‍ ഞങ്ങളുടെ പോസ്റ്റ്മാസ്റ്റര്‍ പറഞ്ഞത് ഓര്‍ത്ത്, 'എഴുദിവസം' എന്ന് അവളോട് പറയും. അവള്‍ കത്ത് അവിടെ എത്തുന്ന ദിവസം വിരലില്‍ കണ്ടുപിടിക്കും.

ഇന്ന് ഓര്‍ക്കുമ്പോള്‍ ഈ കത്തും ഈ കത്തെഴുത്തും ഈ ദൂരവും ഈ ദിവസങ്ങളും ലോകത്ത് എവിടെയുമുള്ള മനുഷ്യരുടെ ഗൃഹാതുരത്വത്തോളം പോന്ന ഓര്‍മയാണ്. ഓ, എനിക്ക് തെറ്റി. ഒരു ''തലമുറ''യുടെ എന്ന് തിരുത്തിപ്പറയണം. കത്തും കമ്പിയും ടെലിഫോണും എല്ലാം വിരാട് രൂപിയായ ഇന്റെര്‍നെറ്റിലേക്കും അതിന്റെ പരശതം അവതാരത്തിലേക്കും വിലയിക്കുന്നതിനും മുമ്പാണ് ഇതെല്ലാം. കത്തെഴുതി കാമുകിയായ പെണ്‍കുട്ടിക്ക് ആരുമറിയാതെ കൈമാറിയതിന്റെ ഓര്‍മ്മ എനിക്കുതന്നെ ഇന്ന് മറ്റൊരു ജന്മത്തിന്റേതാണ്: നമ്മുക്ക് വയസ്സായത് അറിഞ്ഞതേ ഇല്ല. 'കത്തുകള്‍' കാഴ്ചയില്‍ നിന്നും പിന്മാറിയതും ആ അവസരത്തിലാണ്.

ആ വര്‍ഷം അവധിക്ക് വന്ന പാത്തുമ്മയുടെ ഭര്‍ത്താവ് അയാളുടെ വീട്ടിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ അവിടെ നിന്നു.

അക്കാലത്ത് 'ദുബായില്‍ നിന്നുള്ള ആ 'വരവ്'തന്നെ ഒരു ഒന്നൊന്നര കാഴ്ച്ചയായിരുന്നു. റോഡില്‍ ദുബായ്ക്കാരന്‍ വന്നിറങ്ങിയ വാര്‍ത്ത ആദ്യം നാടാകെ പടരും. പിന്നെ ഇടവഴിയിലൂടെ പെട്ടികള്‍ തലയില്‍ വെച്ച് ആളുകള്‍ നീങ്ങുന്നത് കാണും, പിറകില്‍ വലിയൊരു കിടക്ക ഫോറിന്‍ പുല്ലുപായയില്‍ പൊതിഞ്ഞത്, തലയില്‍ വെച്ച് ഒരാള്‍ നീങ്ങുന്നത് കാണും. അതിനും പിറകെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ ആ 'ദുബായ്ക്കാരനെ' കാണും. അതൊടെ ഒരു പരിമളം എല്ലായിടത്തും എത്തും! അയാളുടെ ആ വരവ് കാണാന്‍ വീടുകളില്‍ നിന്ന് ആളുകള്‍ പടിക്കല്‍ വന്നുനില്‍ക്കും എത്ര വേഗമാണ് ഈ ഗൃഹാതുരത്വം 'പ്രവാസ'ത്തിന്റെ ഈറന്‍മണമുള്ള കാഴ്ച്ചയായത്! ഇപ്പോള്‍, അങ്ങനെ വന്നുനിന്ന ആ 'ഭര്‍ത്താവ്' എന്നെ കാണണമെന്നു പറഞ്ഞു. 'ഞങ്ങളുടെ കത്തെഴുത്തുകാരനെ'.

അമ്മയ്ക്ക് ഒപ്പം നിന്നിരുന്ന എന്നെ അയാള്‍ അയാളുടെ അരികിലേക്ക് ചേര്‍ത്തുപിടിച്ചു, എന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു. 'ഞങ്ങളുടെ കത്തെഴുത്തുകാരന്‍' എന്ന് തന്റെ ചുറ്റും നില്‍ക്കുന്നവര്‍ക്ക് എന്നെ അയാള്‍ പരിചയപ്പെടുത്തി. പിന്നെ എന്റെ ഷര്‍ട്ടിന്റെ കീശയില്‍ സ്വര്‍ണ്ണനിറമുള്ള ഒരു 'ഫോറിന്‍ പെന്‍' വെച്ചു. 'ഇത് മോന് എന്റെയും പാത്തുമ്മയുടെയും സമ്മാനം' എന്ന് പറഞ്ഞു.

കത്തെഴുത്തുകാര്‍ പിന്നെപ്പിന്നെ കുറഞ്ഞു. നിരക്ഷരതയെ ഭാഷകൊണ്ട് (അതോ ശബ്ദം കൊണ്ടോ?) മറികടക്കാന്‍ ഫോണ്‍ വന്നു.

പോസ്റ്റ്മാസ്റ്റര്‍. അയാളുണ്ട് ഇപ്പോഴും. ഒരുപക്ഷെ അപ്രത്യക്ഷമാകാന്‍ കാത്ത്. പക്ഷെ പഴയ വേഷങ്ങളില്‍ അല്ല, പുതിയ വേഷങ്ങളില്‍. പുതിയ ദൗത്യങ്ങളില്‍.
സ്റ്റേഷന്‍മാസ്റ്റര്‍. അയാളും ഉണ്ട്. പലയിടത്തും പഴയ പ്രൗഡിയില്‍ത്തന്നെ.
സ്‌കൂള്‍മാസ്റ്റര്‍. അല്ലെങ്കില്‍ ആരുടെ ജീവിതത്തിലാണ് അയാള്‍ ഇല്ലാത്തത്?

Content Highlights: Aksharamprathi, Karunakaran, Anand, NRIs, Age of Letters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented