മേതിൽ
കഴിഞ്ഞ ഡിസംബറില്‍ പട്ടാമ്പി സംസ്‌കൃത കോളേജിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'കവിതാ കാര്‍ണിവലി'ലേക്ക് ഒരു ദിവസം എന്നെയും ക്ഷണിച്ചു. 'കവിതയും ജൈവ രാഷ്ട്രീയവും' എന്ന വിഷയത്തെ ആധാരമാക്കി മേതില്‍ രാധാകൃഷ്ണന്റെ കവിതകളെക്കുറിച്ച് സംസാരിക്കാനായിരുന്നു അതിന്റെ സംഘാടകനും സുഹൃത്തുമായ ഡോ. സന്തോഷ്. എച്ച്. കെ. എന്നോട് ആവശ്യപ്പെട്ടത്. കോവിഡ് മഹാമാരിക്കുശേഷമുള്ള ഒരു കാലത്ത് 'ജൈവ രാഷ്ട്രീയ'ത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ സാന്നിധ്യത്തെപ്പറ്റി അതിനകം പല പ്രഭാഷകരും അവിടെ സംസാരിച്ചിരുന്നു.
പൗരജീവിതത്തെതന്നെ ഗ്രസിക്കുന്ന 'ആധിപത്യ രാഷ്ട്രീയ'ത്തിന്റെ പല തലങ്ങള്‍ മഹാമാരിക്കു ശേഷമുള്ള ഈ കാലത്തെ ഓര്‍മ്മിച്ചുകൊണ്ട് അവര്‍ സംസാരിച്ചിരുന്നിരിക്കണം. തീര്‍ച്ചയായും, മിഷേല്‍ ഫൂക്കോയും ദെല്യൂസും വിമോചന രാഷ്ട്രീയാശയങ്ങള്‍ക്ക് വന്ന പരിണാമങ്ങളും അവരുടെ പ്രഭാഷണങ്ങളില്‍ വന്നിരിക്കണം. പക്ഷെ, എന്റെ വിഷയം ഒരു കവിയെപ്പറ്റിയാവുന്നു, ആ കവിയുടെ കവിതകള്‍ക്ക് 'ജൈവ രാഷ്ട്രീയ'വുമായുള്ള ബന്ധത്തെപ്പറ്റി പരിശോധിക്കാനായിരുന്നു. ഞാന്‍ ആറ്റൂര്‍ രവി വര്‍മ്മയെ ഓര്‍ത്തു.
'സിദ്ധാന്തം വലിയ ഇഷ്ടമാണ്, അല്ലെ?''എന്ന് ആറ്റൂര്‍ ചോദിക്കുമായിരുന്നു. പാതി കളിയായും പാതിഗൗരവത്തിലും. ഞാന്‍ സിദ്ധാന്തകുതുകിയാണ് എന്ന് എങ്ങനെയോ ആറ്റൂരിന് തോന്നിയതാണ്. ആറ്റൂര്‍ സിദ്ധാന്ത വിരോധിയായിരുന്നില്ല, പക്ഷെ സാഹിത്യത്തിലേക്ക് നേരെതന്നെ ചെല്ലാവുന്ന ഒരു വഴി അദ്ദേഹത്തിനു നല്ല നിശ്ചയമായിരുന്നു. അതിനാല്‍, തന്റെ സമകാലികരില്‍ ആരോപിക്കപ്പെടാവുന്ന 'സിദ്ധാന്ത മൈത്രി' ആറ്റൂരില്‍ പ്രകടമായിരുന്നില്ല.
തന്റെ ആദ്യകാല കവിതകളിലെ 'കമ്മ്യൂണിസ്റ്റ് ആഭിമുഖ്യത്തില്‍' മനംമാറി ആ കവിതകള്‍തന്നെ അദ്ദേഹം തന്റെ സമാഹാരങ്ങളില്‍ നിന്നും ഉപേക്ഷിച്ചിരുന്നുതാനും. കവികള്‍ കവിതകളില്‍ തങ്ങളെ കണ്ടെത്തുന്നത് ഭാഷയുടെ നിറവിലാണെന്ന് ആറ്റൂര്‍, നമ്മുടെ സമകാലിക ബോധ്യത്തിന് സമാന്തരമായി, വിശ്വസിച്ചുപോന്നു. എന്റെ പ്രഭാഷണത്തില്‍ 'സിദ്ധാന്ത മൈത്രി'യുടെ ഉദാഹരണമായി ഞാന്‍ പറഞ്ഞത് സച്ചിദാനന്ദന്റെ കവിതകളായിരുന്നു.
കേരളത്തിന്റെ മധ്യവര്‍ഗ്ഗ വായനാജീവിതത്തിലേക്ക് വീശിയ ആശയ വാതകങ്ങള്‍ ഒന്നും സച്ചിദാനന്ദനെ തഴുകാതെ പോയില്ല എന്ന് ചില ഉദാഹരണങ്ങളിലൂടെ പറഞ്ഞു. അസ്തിത്വവാദത്തിന്റെ, ഇടത് തീവ്രവാദത്തിന്റെ, ലിംഗ നീതിയുടെ, ദേശീയ വിമോചനത്തിന്റെ, അങ്ങനെ കേരളീയ ജീവിതത്തില്‍ പലപ്പോഴായി പരീക്ഷിക്കപ്പെട്ട 'രാഷ്ട്രീയ മുന്‍കൈകള്‍' അതേപോലെ സച്ചിദാനന്ദന്റെ കവിതകളില്‍ പ്രത്യക്ഷപ്പെടുമായിരുന്നുവെന്ന് പറഞ്ഞു. ഒരുപക്ഷെ, മാര്‍ക്സിസ്റ്റ് ലാവണ്യ ശാസ്ത്രത്തിന്റെ പ്രസിദ്ധമായ 'പ്രതിഫലന സിദ്ധാന്ത'ത്തിന്റെ മാതൃകപോലെയുമായിരുന്നു ആ കവിതയുടെ കല എന്നും കൂട്ടിച്ചേര്‍ത്തു.
ഓരോ ഭാഷാ സമൂഹവും അതിന്റെ നൈസര്‍ഗികമായ ഭാവനകളുടെ കലാരൂപങ്ങള്‍ കണ്ടെത്തുമ്പോള്‍, ചിലപ്പോള്‍, ചില കവികള്‍ സിദ്ധാന്തങ്ങളുടെ ഇരകളാവുന്നു. നമ്മുടെ കാവ്യലോകത്ത് അത് എപ്പോഴും കാണുന്ന ഒന്നുമായിരുന്നു. എങ്കില്‍, ഈ പാരമ്പര്യത്തെ എതിര്‍ത്തുകൊണ്ട് സ്വയം 'സമൂഹഭ്രഷ്ടന്‍' (outsider) ആവുകയായിരുന്നു മേതില്‍ -മലയാളത്തിലെ ആധുനികതയുടെ വിഖ്യാതനായ എഴുത്തുകാരനായി തുടരുമ്പോഴും. തന്റെ ഈ 'സമൂഹഭ്രഷ്ട സാരൂപ്യം'' (Outsider identity) മേതില്‍ പിന്നെയും പിന്തുടരുന്നുമുണ്ട്. പലപ്പോഴും തന്റെതന്നെ കലയുടെ ആവശ്യമായി. അപ്പോഴും, മേതിലിന്റെ കവിതകള്‍ക്ക് 'ജൈവ രാഷ്ട്രീയ'വുമായുള്ള ബന്ധം എങ്ങനെയാണ് വിവരിക്കുക -ആ കവിതകളിലെ പാരിസ്ഥിതിക ബോധം അങ്ങനെയൊരു ആവശ്യത്തിലേക്ക് നയിക്കുന്നു എന്ന് അനുമാനിച്ചുകൊണ്ടോ -അങ്ങനെയാണ് സംഭവിച്ചത് എന്ന് തോന്നുന്നു.
ജീവിവര്‍ഗ്ഗങ്ങളുടെയും ഒരു പ്രദേശത്തെ ജനസംഖ്യയുടെയും ഭരണവും നിയന്ത്രണവും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തെ സൂചിപ്പിച്ചുകൊണ്ടാണ് 'ജൈവ രാഷ്ട്രീയം' സാഹിത്യത്തിന്റെ തത്വചിന്തയിലും, സാമൂഹ്യ ചിന്തകളില്‍ എന്നപോലെ, പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയവും നിയമവും സമൂഹത്തെയും പൗരജീവിതത്തെയും ബാധിക്കുന്നവിധം അത് പരിശോധിക്കുന്നു. അഥവാ, പാശ്ചാത്യ സമൂഹങ്ങളില്‍ മനുഷ്യ ജീവിതം ജനസംഖ്യയുടെ തലത്തില്‍ ഒരു പ്രത്യേക രാഷ്ട്രീയ പ്രശ്നമായി ഉയര്‍ന്നു വരുന്ന പ്രക്രിയയെയാണ് 'ജൈവാധികാര'മായും 'ജൈവ രാഷ്ട്രീയ'മായും എഴുപതുകളില്‍ കണ്ടെത്തുന്നത് ഫൂക്കോ പോലുള്ളവര്‍.
എന്നാല്‍, രണ്ടായിരമാണ്ടുകളിലാണ് അത്തരം ആലോചനകള്‍ നമ്മുടെ ഭാഷയില്‍ ഗൗരവത്തോടെ ചര്‍ച്ചചെയ്യപ്പെടുന്നത്. ഒരുപക്ഷെ അരനൂറ്റാണ്ടിനു ശേഷം. ഫ്രഞ്ചില്‍ നിന്നും ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കും ഈ ആശയങ്ങള്‍ സഞ്ചരിച്ച കാലം, അല്ലെങ്കില്‍, സാഹിത്യത്തെ പ്രതി ആലോചിക്കുകയാണെങ്കില്‍ തര്‍ജ്ജമയുടേതുമാണ്. അതെന്തുമായിക്കൊള്ളട്ടെ, ഇങ്ങനെയൊരു ആശയ പശ്ചാത്തലം എന്തായാലും മേതിലിന്റെ കവിതകളില്‍ ആരോപിക്കാനാവില്ല. അതിനൊരു കാരണമുണ്ട്.
മേതില്‍ പ്രത്യക്ഷമായും എതിര്‍ത്തത് രാഷ്ട്രീയാധികാരത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് തീര്‍ച്ചകളെയും മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ 'ഉപയോഗിതാവാദിയായ എഴുത്തുകാരെ'യുമായിരുന്നു. അതിന്റെ ബദല്‍ ആശയങ്ങളില്‍ മേതില്‍ താല്‍പ്പര്യം കാണിച്ചുമില്ല. മറിച്ച്, കവിതയിലും ഭാഷയിലുമായിരുന്നു തന്റെ കലയെ മേതില്‍ അന്വേഷിച്ചത്. അഥവാ, മനുഷ്യ കേന്ദ്രീകൃതമായ കവിതയെ പ്രകൃതിയുടെ ജൈവ മോഹങ്ങളിലേക്ക് വിമോചിപ്പിക്കുകയായിരുന്നു ആ കവിതകള്‍.
'ഗന്ധങ്ങളുടെ ആചാരം'എന്ന കവിതയില്‍ ''വിയോഗങ്ങള്‍ക്കുമേല്‍ ഉയര്‍ന്നു നില്‍ക്കുന്നൊരു മരമാണ് ഞാന്‍'' എന്ന കാവ്യബിംബത്തെ അനുസ്മരിപ്പിക്കുന്നവിധം ഒഴിഞ്ഞു നില്‍ക്കുന്ന ഇടവും ചിഹ്നവുമായി മേതിലിന്റെ കല നമ്മുടെ കവിതയുടെ വേറൊരു ഭാവന തുറക്കുകയായിരുന്നു. അതുകൊണ്ടുതന്നെ, രാഷ്ട്രീയത്തെ പരാവര്‍ത്തനം ചെയ്യുന്ന മലയാള കവിതാധാരയില്‍ നിന്നും മേതിലിന്റെ കാവ്യലോകം വേര്‍പെട്ടു. ഇവനെന്നെ അദ്ഭുതപ്പെടുത്തുന്നു, ഈ ജീവി, മനുഷ്യന്‍! എന്ന് തന്റെ മറ്റൊരു കവിതയായ 'ഒരു പാറയിലെ വിള്ളലില്‍' -മേതില്‍ എഴുതുന്നുമുണ്ട്;
ഇവനെന്നെ അദ്ഭുതപ്പെടുത്തുന്നു,
ഈ ജീവി, മനുഷ്യന്‍!
ഭൂമിയിലെ എല്ലാ പിളര്‍പ്പുകളുമുണ്ടാക്കിയിട്ടും
ചിലപ്പോള്‍ പാറയിലെ വിള്ളലിലൂടെ തിരിച്ചുപോകാന്‍
ആഗ്രഹിക്കുന്ന ഒരോയൊരു ജന്തു!
...............
പാറയെ പുല്‍കുമ്പോള്‍
ഞാനൊരു ജീവിയെ പുല്‍കുന്നു,
ഒച്ചിനെ, മത്സ്യത്തെ,
പരുന്തിനെ, ഗോറില്ലയെ,
പക്ഷെ ഏറ്റവും അധികം മനുഷ്യനെ
ജീവിക്കാനറിയാത്തതുകൊണ്ട്
മരണോപായങ്ങള്‍ കണ്ടെത്തിയ
ഒരേയൊരു മണ്ടന്‍ ജീവിയെ!
എന്നാലിത്, 'ജൈവരാഷ്ട്രീയ'ത്തിന്റെയോ പരിസ്ഥിതി ബോധത്തിന്റെയോ ഭാവനയായിമാത്രം കാണാനുമാവില്ല. ഒരു വേള, 'ജൈവാധികാരം' ഈ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ അത് തന്റെതന്നെ കവിതയിലെ 'അധികാരി'യാവാനുള്ള കവിയുടെ പ്രവണതയാണ് ഒരുപക്ഷേ മേതിലിന്റെ കവിതയിലെ പാരിസ്ഥിതിക ബോധത്തിന്റെ വിമര്‍ശവും അതായിരിക്കും. എങ്കില്‍, മനുഷ്യ കേന്ദ്രീകൃതമായ ഭാവനയ്ക്ക് സമാന്തരമായി നിര്‍മ്മിക്കപ്പെടുന്ന പ്രകൃതിയുടെയും കവിതയുടെയും ഭാവനയുടെയും സംരക്ഷണമാണ് അതാഗ്രഹിക്കുക. എന്നാല്‍, അങ്ങനെയൊരു നോട്ടമല്ല മേതിലിന്റെ കവിതകളില്‍ ഞാന്‍ ആഗ്രഹിക്കുക. അതിങ്ങനെ പറയാനാകും;
ഭ്രമാത്മകമായ ഭാവനയ്ക്ക് വേണ്ടി യാഥാര്‍ത്ഥ്യത്തെ ഉപേക്ഷിക്കലാണത്. അതാകട്ടെ, വളരെ വ്യത്യസ്തമായ ഒരു ഒറ്റയെ (Individual) ഭാവന ചെയ്യുകയും സാഹിത്യത്തില്‍ സംഭാവന ചെയ്യുകയും ചെയ്യുന്നു. അയാളുടെ അസാധാരണത്വം ഭാഷയെയും ഭാവനയെയും മറ്റൊരു വിധത്തില്‍ പ്രചോദിപ്പിക്കുന്നു. മേതിലിന്റെ കഥകളില്‍ ഇത് കൂടുതല്‍ വ്യക്തവും പ്രകടവുമാണ്. എന്തുതന്നെയായാലും, ഇത് നമ്മുടെ കവിതയെ, നമ്മുടെ ഭാവനയെ വ്യത്യസ്തവും ദീപ്തവുമാക്കുന്നു.
അല്ലെങ്കില്‍ ചിലര്‍ പറയുന്നപോലെ, എല്ലാ കവിതകളും യാദൃച്ഛികതകളില്‍ നിന്നും തുടങ്ങുന്നു, അതിനെ പ്രവചനാതീതമാക്കുന്നു, ഉത്പത്തിയെത്തന്നെ ഒരു യാത്രയാക്കുന്നു.
Content Highlights: aksharamprathi, karunakaran, maythil radhakrishnan, poetry, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..