ഫോട്ടോ: എ.എഫ്.പി
ഇറാഖി ഏകാധിപതി സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശത്തിന്റെ (1990 ഓഗസ്റ്റ് 2) ആദ്യത്തെ മൂന്നോ നാലോ ആഴ്ച്ചകള്‍ കഴിഞ്ഞിരിക്കും. കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടിരുന്ന ആ ദിവസങ്ങളിലെ ഭീതിക്കൊപ്പം, ഒരു രാത്രി, ഞങ്ങള്‍ പാര്‍ത്തിരുന്ന റെസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനതയിലൂടെ ഉറക്കെ പാട്ടുപാടിയും ചൂളം കുത്തിയും ഒരാള്‍ നടന്നുപോവുകയായിരുന്നു: ജയിലിലേക്കോ മരണത്തിലേക്കോ; അല്ലെങ്കില്‍ എക്കാലത്തേക്കുമായി വിസ്മരിക്കപ്പെടാന്‍ ആഗ്രഹിച്ചുകൊണ്ടോ. ഞാന്‍ അമ്പരന്നുപോയി. മുറിയിലെ ലൈറ്റ് കെടുത്തി അയാളെ കാണാന്‍ ഞാന്‍ ബാല്‍ക്കണിയിലെ ഇരുട്ടില്‍ വന്നുനിന്നു. കാഴ്ച്ചയില്‍നിന്നു മറയുന്നതുവരെയും അയാളെയും നോക്കി അവിടെത്തന്നെ നിന്നു. കീഴടക്കപ്പെട്ട നിശ്ശബ്ദതയ്ക്കു മീതെ പാട്ടുംപാടി കടന്നുപോയ അയാള്‍ എക്കാലത്തേക്കുമെന്നപോലെ എന്റെ ഓര്‍മ്മയിലേക്കും നടക്കുകയായിരുന്നു.
ഇതിനകം താമസക്കാര്‍ ഏറെയും പലായനം ചെയ്തുകഴിഞ്ഞിരുന്ന കുവൈറ്റിലെ ആ ചെറിയ താമസസ്ഥലത്ത്, ആ രാത്രിയുടെ പാട്ടുകാരന്‍, ഇന്നോര്‍ക്കുമ്പോള്‍ ഒരു അറേബ്യന്‍ കഥയിലെ ദുരന്തനായകനെപ്പോലെയായിരുന്നു. അയാള്‍ നടന്നുകയറുന്ന 'മട' അക്കാലത്ത് ലോകത്തിലെ ഏറ്റവും ക്രൂരരായ പട്ടാളക്കാരുടെതായിരുന്നു. അതുകൊണ്ടുതന്നെ, ആ രാത്രിയില്‍ അയാള്‍ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കുമെന്ന് ഉറപ്പായിരുന്നു. സ്വന്തം ജീവിതത്തെ സ്വന്തമായി തിരഞ്ഞെടുത്ത മരണംകൊണ്ട് അയാള്‍ തോല്‍പ്പിക്കുകയോ വിജയിപ്പിക്കുകയോ ആയിരുന്നിരിക്കണം. പക്ഷേ, ആരായിരുന്നിരിക്കും അയാള്‍, ആ ഒരൊറ്റ രാത്രിയുടെ പാട്ടുകാരന്‍?
അറബിവംശജനായിരുന്നു അയാള്‍. ഒരു പക്ഷെ, ഒരു സ്വദേശി തന്നെ. ആരും അയാളെ അനുഗമിക്കുകയോ ആരും അയാളെ തിരിച്ചുകൂട്ടിക്കൊണ്ടു പോവാനോ ഉണ്ടായിരുന്നില്ല. പകരം, ആ സമയം, അയാളുടെ തുണയായി അയാളുടെ ഭാഷയോ അതിലെ ഒരു പാട്ടോ മാത്രം കൂട്ടുപോയി. അയാളെ അയാളുടെ ജീവിതത്തിന്റെ തന്നെ ഓര്‍മ്മയാക്കി കൂടെകൂട്ടി. രാഷ്ട്രങ്ങളുടെ മഹത്വം പൗരന്റെയും മഹത്വം എന്നുപറയുന്ന പോലെ.
കലയും ജീവിതവും മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടതാകുന്ന ഒരു സന്ദര്‍ഭം യുദ്ധകാലമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധവും മതങ്ങള്‍ തമ്മിലുള്ള യുദ്ധവും ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധവും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധവും അങ്ങനെയൊരു സന്ദര്‍ഭം സംഭാവന ചെയ്യുന്നു. മിത്രങ്ങളുടെ ഒഴിഞ്ഞുപോക്കിനും ബന്ധുക്കളുടെ അപ്രത്യക്ഷമാകലിനുമൊപ്പം മനുഷ്യനെ അയാളുടെ നിസ്സഹായമായ ഏകാന്തതകൊണ്ട് വളയുന്നു. വരയ്ക്കാനാകാതെ ചിത്രകാരനും എഴുതാനാകാതെ കവിയും തന്റെ ചിത്രത്തെയും കവിതയെയും ജീവിതം എന്നപോലെ അതേ നീറ്റലോടെ അനുഭവിക്കുന്നു. അയാള്‍ എല്ലാ രക്ഷപ്പെടലുകളും അപ്പോള്‍ ഭാവന ചെയ്യുന്നു. യുദ്ധം നടക്കുന്ന തെരുവിലൂടെ പാട്ട് പാടിക്കൊണ്ട് നടന്നുപോവുന്ന ആള്‍ ഗായകനെക്കാള്‍ ആ സമയം തന്റെ കലയിലും, ജീവിതത്തില്‍ എന്നപോലെ അഭയാര്‍ഥിയാവുന്നു. താന്‍ കൊല്ലപ്പെടുന്ന രാജ്യം തന്റേതുകൂടിയാവാന്‍ ഒരു വലിയ കാലത്തെ മറവിക്കു ശേഷവും അയാള്‍ കാത്തുകിടക്കുന്നു. പിന്നീടൊരിക്കല്‍ കണ്ടെടുക്കുന്ന സംസ്‌കാര ചരിത്രത്തില്‍, അല്ലെങ്കില്‍ മരിച്ചവരുടെ പട്ടികയില്‍, അയാളെ അയാളുടെ രാജ്യം കണ്ടുമുട്ടുന്നതു വരെ. ഒരുപക്ഷെ, അതുകൊണ്ടുകൂടിയാണ്, കവിയുടെ മാതൃഭൂമി ഇത്രയും കാലം നീണ്ടുനിന്നതുതന്നെ.
കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ യമനിലെ ഏദന്‍ നഗരത്തില്‍, ആഭ്യന്തര യുദ്ധംകൊണ്ട് തകര്‍ന്നുതരിപ്പണമായ നഗരത്തില്‍, കുറേ കാലത്തിനു ശേഷം ഒരു ഷേക്‌സ്പിയര്‍ നാടകം അരങ്ങേറിയ വാര്‍ത്ത കണ്ടപ്പോള്‍ മുപ്പത്തിമൂന്നു വര്‍ഷം മുമ്പ് കുവൈറ്റിലെ ഒരു തെരുവിലൂടെ പാട്ടുപാടിക്കൊണ്ട് നടന്നുപോയ 'ഗായകനെ' ഞാന്‍ വീണ്ടും ഓര്‍ക്കുകയായിരുന്നു. യുദ്ധമാണ്, അധിനിവേശമാണ്, അല്ലെങ്കില്‍ 'ശിക്ഷാര്‍ഹമായ കല'യുടെ (പ്രവൃത്തിയല്ല, കലതന്നെ) പങ്കാളിയാകാന്‍ അയാളെ പ്രേരിപ്പിച്ചിരിക്കുക. To Be or Not To Be. വില്യം ഷേക്‌സ്പിയര്‍ എഴുതിയ 'ഹാംലെറ്റ്' യമനികളുടെ ആ രാത്രിയെ പഠിപ്പിച്ചതും കലയും ജീവിതവുമാകണം. തങ്ങളുടെ സ്വന്തം പാരമ്പര്യവസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് മറ്റൊരു സംസ്‌കാരത്തിലെ ഒരു ജീവിതം ഇപ്പോള്‍ അവര്‍ തങ്ങള്‍ക്കുവേണ്ടി ചേര്‍ച്ച വരുത്തിയിരിക്കുന്നു. ' യുദ്ധങ്ങള്‍കൊണ്ട് ഞങ്ങള്‍ ഞങ്ങളെ തന്നെ ഉപയോഗിച്ചു തീര്‍ന്നിരുന്നു. അതിനാല്‍ ഇപ്പോള്‍ ഈ തിയേറ്റര്‍ ജീവിതത്തോളം തന്നെ പ്രധാനമായിരിക്കുന്നു.'' നാടകം കാണാനെത്തിയ ഒരു യുവതി പറയുന്നു.
ആ നാടകവും കൊലപാതകവും ചോരയും പ്രതികാരവും അധികാരക്കളികള്‍ കൊണ്ടും നിറഞ്ഞതാണ്. ഒപ്പം ദുരന്തപര്യവസായിയുമാണ്. അതുകൊണ്ടുതന്നെ, ആ ഇംഗ്ലീഷ് നാടകകൃത്ത് നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ഒരു നാടകം ഇപ്പോള്‍ യമനികളുടെയും ജീവിതത്തെ ഓര്‍മ്മിക്കുന്നു.
യമന്‍ അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും ദരിദ്രമായ രാജ്യമാണ്. സൗദി അറേബ്യയുടെയും ഇറാനിന്റെയും ഹിംസാകരമായ മത-രാഷ്ട്രീയ ഇംഗിതങ്ങള്‍ക്കിടയില്‍ യുദ്ധംകൊണ്ട് ശ്വാസംമുട്ടുന്ന യമന്‍ എത്രയോ മുമ്പ് അവരുടെ സ്വന്തം യുദ്ധങ്ങള്‍കൊണ്ടും ദുരിതത്തിലായിരുന്നു. 2014-നു ശേഷം അത് ലോകം കണ്ട, ലോകം കണ്ടില്ലെന്നു നടിക്കുന്ന, ഏറ്റവും ദാരുണമായ യുദ്ധക്കളവുമാണ്. പതിനായിരക്കണക്കിനു മനുഷ്യര്‍ ഇതിനകംതന്നെ കൊല്ലപ്പെട്ടിരിക്കുന്നു. അതിലുമെത്രയോ മനുഷ്യര്‍ പട്ടിണിയിലേക്കും രോഗങ്ങളിലേക്കും തങ്ങളുടെ ജീവിതത്തെ മാറ്റി പാര്‍പ്പിച്ചിരുന്നു. അങ്ങനെയൊരു സമയത്താണ്, ആമ്ര് ഗമാല്‍, ഖലീജ് ഏദന്‍ തിയേറ്റര്‍ ട്രൂപ്പിന്റെ സ്ഥാപകന്‍, 'ഹാംലെറ്റിന്റെ അവതരണവുമായി വരുന്നത്.
ആമ്ര് ഗമാലിനെ ഇതിനുമുമ്പ് ചിലരെങ്കിലും കേട്ടിരിക്കും അയാളുടെ Ten Days Before the Wedding എന്ന ചലച്ചിത്രം 2018-ലെ ഓസ്‌കാറിലേക്ക് യമന്റെ ഔദ്യോഗിക ചലച്ചിത്രമായിരുന്നു. ഗമാല്‍ തന്റെ 'ഹാംലെറ്റി'നുവേണ്ടി രണ്ടു കരുതലുകളെടുത്തു: ആദ്യം ആ ഇംഗ്ലീഷ് നാടകത്തെ ക്ലാസിക് അറബിക്കിലേക്ക് പരിഭാഷ ചെയ്തു. അതിനെ വീണ്ടും 'ഏദന്‍ അറബിക്കി'ലേക്ക് മൊഴിമാറ്റി. നാടകത്തെ യമന്റെ സ്വന്തം സാംസ്‌കാരിക അനുഭവമാക്കി. നാടകത്തിലെ ഒലീലിയോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച യമനി അഭിനേത്രി, നൂര്‍ സാക്ക്ര്, ഏറ്റവും യാഥാസ്ഥിതികമായ ഒരു സമൂഹത്തിന്റെ സമൂഹ ഭ്രഷ്ടിനെ എങ്ങനെയാണ് താന്‍ മറികടന്നതെന്നും അരങ്ങില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും ഒരഭിമുഖത്തില്‍ പറയുന്നു. കലയും ജീവിതവും ഒരു സമൂഹത്തിന്റെ അനേകം ചുഴികളില്‍പെട്ട് ചിലപ്പോള്‍ 'വിജയകര'മായി കരപറ്റുന്നതും ഓര്‍മ്മിപ്പിക്കും.
അല്ലെങ്കില്‍ എന്താണ് ഒരു നാടകം, ഒരു കലാ ഉത്പന്നം, യുദ്ധകാലത്തും സമാധാനകാലത്തും സ്വപ്നം കണ്ടിരിക്കുക? കലയോടുള്ള ഇഷ്ടവും ജീവിതത്തോടുള്ള അടുപ്പവുമല്ലാതെ?
യുദ്ധം നമ്മളെ എക്കാലത്തേക്കുമായി ദുഃഖത്തിന്റെ അനുചരരാക്കുന്നു; കലയും. അപ്പോഴും, ജീവിതത്തിന്റെ നിരന്തരമോഹങ്ങളിലും, കല, അതിന്റെ പല സന്ദര്‍ശനങ്ങളും കരുതിവെച്ചിരിക്കുന്നു. സമാധാനകാലത്തും നമ്മള്‍ 'ഹാംലെറ്റ്' കാണുന്നു. ചതിയും വഞ്ചനയും യുദ്ധവും കൊലയും അനുഷ്ഠിക്കുന്നതിന് സാക്ഷികളാവുന്നു. അല്ലെങ്കില്‍, 'കല' എപ്പോഴും നമ്മെപ്പോലെതന്നെ അതിനെ പ്രകടിപ്പിക്കുന്നു. മരണംവരെയും ജീവിതം മോഹിച്ചു മോഹിച്ചു പോയ ഒരാള്‍, തന്റെ തന്നെ ജീവിതത്തിന്റെ പ്രേക്ഷകനായിരിക്കുന്ന പോലെയാണത്.
അധിനിവേശം, യുദ്ധം, വിമോചനം - കുവൈറ്റ് സ്വതന്ത്രമാക്കപ്പെട്ട നാളുകള്‍ക്കു തൊട്ടുപിറകെ അധികം വൈകാതെ ഞാന്‍ എന്റെയാ പഴയ താമസസ്ഥലത്ത് വീണ്ടുമെത്തി. രാജ്യം വിമോചിക്കപ്പെട്ടിരുന്നുവെങ്കിലും മുമ്പുകണ്ട അതേ വിജനതയും നിശൂന്യതയും ബാക്കി നിന്നിരുന്നു, തെരുവുകള്‍ വൃത്തികേടായി കിടന്നിരുന്നു, പൂച്ചകള്‍ അലഞ്ഞുനടക്കുന്നുണ്ടായിരുന്നു, മരുഭൂമിയില്‍നിന്നു പോന്ന കാറ്റ് ഊഴങ്ങള്‍ തെറ്റി മൂളുന്നുണ്ടായിരുന്നു, ആ നാളുകളില്‍ 'ഷെയറിങ്ങില്‍' പാര്‍ത്തിരുന്ന കുടുംബത്തിന്റെ ഫ്‌ളാറ്റിലെ, എന്റെ ചെറിയ മുറിയില്‍ ഞാന്‍ എത്തി. ഫ്‌ളാറ്റിലേക്കുള്ള വാതിലും ജനലും തുറന്നുകിടന്നിരുന്നു. എയര്‍ കണ്ടീഷനുകള്‍ പറിച്ചെടുത്തു കൊണ്ടുപോയതിന്റെ അടയാളമായി നിന്ന ചുമരിലെ വലിയ തുളകളിലൂടെ വെളിച്ചം കത്തി നില്‍ക്കുന്നുണ്ടായിരുന്നു. അവിടെ, നിലത്ത്, ഞാനുപേക്ഷിച്ച് പോയ പുസ്തകങ്ങളും പാട്ടുകളുടെ ഓഡിയോ കാസറ്റുകളും ചിതറിക്കിടക്കുണ്ടായിരുന്നു. പതുക്കെ ഞാന്‍ നിലത്ത് ഇരുന്നു. എല്ലാം പെറുക്കിക്കൂട്ടാന്‍ തുടങ്ങി. എന്റെ തന്നെ ഒരു ദുസ്വപ്നത്തില്‍നിന്നു രക്ഷപ്പെട്ട വസ്തുക്കളും ഓര്‍മ്മകളുമാണ് ഇതൊക്കെ എന്നപോലെ.
Content Highlights: Aksharamprathi, Karunakaran, Kuwait, Saddam Hussain, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..