ഹൃദയകുമാരി ടീച്ചർ, ജെ. ദേവിക | ഫോട്ടോ: ബിജു വർഗീസ്, പി. ജയേഷ്
ജീവചരിത്രത്തിനും ആത്മകഥയ്ക്കും മുമ്പേയാണ് ഒരാള്‍ തന്റെ ആത്മഭാഷണത്തിന് ചെവിയോര്‍ക്കുന്നത്. ജീവിതത്തെ ആദ്യമായി അത് അഭിസംബോധന ചെയ്യാന്‍ തയ്യാറാവുന്നു. അപ്പോള്‍, ദുഃഖമോ സന്തോഷമോ ആവില്ല അതിന്റെ പ്രതിപാദ്യം. പകരം, ജീവിതം തന്നെയാകുന്നു. പല അടരുകളില്‍ പടരുന്ന തന്നോടുതന്നെയുള്ള സംഭാഷണത്തെ, അതിന്റെ ബഹുരൂപിയായ നില്‍പ്പിനെ ആ സമയം, ഒരു 'സോളോ പെര്‍ഫോമറെ'പ്പോലെ അവള്‍ തന്നെ കണ്ടുമുട്ടുന്നു. അല്ലെങ്കില്‍, അങ്ങനെയാണ് ആത്മഭാഷണങ്ങള്‍, ജീവചരിത്രത്തിനും ആത്മകഥയ്ക്കും 'ബദല്‍' എന്നപോലെ നാം പരിചയപ്പെടുന്നത്. അത്തരമൊരു ഇതിവൃത്തത്തെ അതിന്റെ സാമൂഹികമായ പരിസരത്തിലേക്കുകൂടി വ്യാപിപ്പിക്കുന്ന പുസ്തകമാണ് ജെ. ദേവികയുടെ 'ഉറയൂരല്‍'. 'ലേഖനം' എന്നാണ് പ്രസാധകര്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്.
ഫെമിനിസ്റ്റ് തത്വചിന്തകയും സാഹിത്യ വിമര്‍ശകയും പരിഭാഷകയുമായ ദേവിക, ഇങ്ങനെയൊരു പുസ്തകം താന്‍ ഭാവന ചെയ്യുന്നത്, കൊവിഡ്-19 എന്ന മഹാമാരിയുടെ കാലത്താണ് എന്ന് പറയുന്നു. മനുഷ്യശരീരത്തെ അതിന്റെ സവിശേഷതയായ ദൃഢമൈത്രിയില്‍നിന്നു വേര്‍പെടുത്തിയ ആ കാലത്തിന്റെ പ്രസിദ്ധമായ ആവശ്യമാകട്ടെ, 'സാമൂഹികമായ അകലം പാലിക്കുക' എന്നായിരുന്നു. ജീവിതത്തെ കൂട്ടിത്തൊടുന്ന എന്തും ആ കാലം നിഷിദ്ധമെന്നു കണ്ടെത്തിയിരുന്നു. കപ്പല്‍വിലക്കിനെ അനുസ്മരിപ്പിക്കുന്നവിധം ലോകമെങ്ങും 'Quarantine' എന്ന പദം പ്രചാരത്തിലാവുന്നതും ഈ കാലത്താണ്. ഈ കാലമാണ്, ദേവിക തന്റെ 'ആത്മഭാഷണ'ത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ''ഉറയൂരല്‍'' എന്ന് അതിന് പേരും നല്കിയിരിക്കുന്നു.
'സ്ത്രീ' എന്ന തന്റെ തന്നെ ഉണ്മയെ അവര്‍, നേരത്തെ പറഞ്ഞതുപോലെ, പല അടരുകളില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. ബാല്യവും കൗമാരവും യുവത്വവും ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പൊരുള്‍ തേടിപ്പോയത് അവര്‍ ഓര്‍ക്കുന്നു. ഓര്‍മയെ, കാരണത്തെ, യുക്തിയെ, വിവേകത്തെ, അങ്ങനെ ജീവിതത്തെ തൊടുന്ന എഴുത്തിനെ, അവര്‍ തന്റെ മാധ്യമമാക്കുന്നു. അതിലൂടെ തന്റെതന്നെ സാമൂഹികസ്ഥലം നിര്‍മ്മിക്കുന്നു. പുതിയ കാലത്തിനും സമൂഹ മാധ്യമങ്ങള്‍ക്കും പരിചിതമായ 'ഷോര്‍ട് ടെക്സ്റ്റ്' ആണ് ദേവിക തന്റെ ഈ പുസ്തകത്തിന് സ്വീകരിക്കുന്നതെങ്കിലും, അവയെയെല്ലാം കോര്‍ത്തുവെയ്ക്കുന്ന ഒരു എഴുത്ത് രീതി, നോണ്‍ ഫിക്ഷന്‍, ഫിക്ഷന്‍ പോലെ ഒന്ന്, പുസ്തകത്തിന്റെ അയഞ്ഞ ഘടനയാക്കിയിരിക്കുന്നു. അങ്ങനെയാകാം, വിവിധ ശകലങ്ങളില്‍ വിഭജിക്കപ്പെടുന്ന ഒരു ദീര്‍ഘ ലേഖനമായി 'ഉറയൂരല്‍' മാറുന്നതും.
ഈ പുസ്തകം അവര്‍ സമാഹരിക്കുന്നത്, സ്പര്‍ശം, കേള്‍വി, കാഴ്ച, മണം, രുചി എന്ന തലക്കെട്ടുകള്‍ക്കൊപ്പമാണ്. അഥവാ, അത്തരം അനുഭവങ്ങളില്‍നിന്നു പുറപ്പെടുന്ന വിമോചന ബോധ്യങ്ങളില്‍നിന്നുമാണ്. അപ്പോഴും അത്, ആത്മവിമര്‍ശത്തിന്റേതായ 'ടോണ്‍' സ്വീകരിക്കുന്നില്ല. മറിച്ച്, ശരികളിലേക്ക് സമയമെടുത്തു നീങ്ങുന്ന സത്യാഗ്രഹിയെ അനുസ്മരിപ്പിക്കും വിധമാണത്. 'എഴുത്തുകാരി' ('Author') എന്ന തന്റെതന്നെ ഏറ്റവും ഉയര്‍ന്ന സ്വത്വബോധം കൊണ്ടാണ് ദേവിക, അവരുടെ മറ്റു ജീവിതാവസ്ഥകളെ (ഫെമിനിസ്റ്റ് /ആക്ടിവിസ്റ്റ് /പൊതു ബുദ്ധിജീവി) അഭിമുഖീകരിക്കുന്നത് എന്ന് വിചാരിക്കാം. ഒരു പക്ഷേ, അങ്ങനെയാണ് അവര്‍, തന്റെ ഇടപെടലുകളിലൂടെ, കേരളത്തില്‍, വലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും ശിക്ഷാ സമ്പ്രദായത്തിന്റെ വിഖ്യാതയായ നോട്ടപ്പുള്ളിയാകുന്നതും.
'ശരീരത്തിലാരംഭിച്ച് ഭാവനയിലൂടെയും അനുകമ്പയിലൂടെയും വളരുന്ന തുടര്‍ശേഷിയെയാണ് ഞാന്‍ സ്പര്‍ശം എന്ന് വിളിക്കുന്നത്' എന്ന് ദേവിക എഴുതുന്നു. 'സ്പര്‍ശം മനുഷ്യ-ഇതര ലോകത്തോടും നമ്മെ ബന്ധിപ്പിക്കുന്നു' എന്നും എഴുതുന്നു. പുസ്തകത്തിന്റെ ആദ്യഭാഗംതന്നെ അതിന്റെ ഉന്നം പ്രഖ്യാപിക്കുന്നു. പിന്നീട് പേര് വിളിച്ചു പ്രതിപാദിക്കുന്ന ഇന്ദ്രിയാനുഭവങ്ങളെയും അവര്‍ അങ്ങനെയാണ് അവതരിപ്പിക്കുന്നത്. ഇന്ദ്രീയാനുഭവങ്ങളെ, അവയുടെ പ്രാഥമികമായ നിറവേറലുകളില്‍നിന്നു മുമ്പോട്ടെടുക്കുന്ന ജീവിതസങ്കല്‍പ്പത്തെയാണ്, ദേവിക വിവരിക്കുന്നത്. ആത്യന്തികമായി അവ തന്റെ ഓര്‍മയില്‍നിന്നും ബന്ധങ്ങളില്‍നിന്നും അനുഭവങ്ങളില്‍നിന്നും വിചാരപ്രേരണകളില്‍നിന്നുമാണ് പുറപ്പെടുന്നത് എന്നും കാണുന്നു. ആശയങ്ങളില്‍നിന്നും പുറപ്പെടുകയും ആശയങ്ങളില്‍ അസ്തമിക്കുകയും ചെയ്യുന്ന നമ്മുടെ ബൗദ്ധിക പാരമ്പര്യത്തില്‍നിന്നും സ്വയം മാറി നിന്നുകൊണ്ടാണ് അവര്‍ ഇത് സാധിക്കുന്നത്.
.jpg?$p=dc0d790&&q=0.8)
ദേവികയുടെ ബൗദ്ധികാന്വേഷണത്തിന്റെ സാംസ്‌കാരിക പശ്ചാത്തലമാകുന്നത്, ഈ പുസ്തകത്തില്‍ പലയിടത്തായി സൂചിപ്പിക്കുന്നതുപോലെ, 'പിതൃമേധാവിത്ത-ഇടതുപക്ഷത്തിന്റെ പുരോഗമനാശയങ്ങള്‍' ആണ്. അത്, വൈയക്തികവും സാമൂഹികവുമായ ആവശ്യവുമായി ബന്ധപ്പെടുന്നതാകട്ടെ, കേന്ദ്രീകരിക്കപ്പെടുന്ന അധികാര കല്‍പ്പനയുടെ പരിസരത്തിലുമാണ്. പിതൃമേധാവിത്വത്തിന്റെ, ആണ്‍-അധികാരത്തിന്റെ, വിപുലീകരിക്കപ്പെട്ട ഒരു സാമൂഹ്യാസ്തിത്വമായി 'ഭരണകൂടങ്ങള്‍' സംഘടിപ്പിക്കപ്പെടുന്നതും, ചിലപ്പോഴെങ്കിലും നമുക്കിടയില്‍, ഇതേ ആശയങ്ങളിലൂടെയുമാണ്. എങ്കില്‍, അതിനൊപ്പം സഞ്ചരിക്കുന്നതും, അതിനോട് വിയോജിക്കുന്നതും, അതിന്റെ ആജ്ഞകളെ ലംഘിയ്ക്കുന്നതും(Rebellion), അതില്‍നിന്നും വിമുക്തി നേടുന്നതും, ഈ പുസ്തകത്തിലൂടെ ദേവിക അവതരിപ്പിക്കുന്നു. അതിനായി, ആത്മഭാഷണത്തിന്റേറതുപോലെയുള്ള ഇതിവൃത്തത്തില്‍ തന്റെ ഉണ്മയെ കണ്ടെത്തുന്നു. അത് അവര്‍ക്ക് എല്ലാ തരത്തിലും ഒരു ഉറയൂരലാവുന്നു. 'വഴിവക്കത്തെ ആണിയില്‍ സ്വയം ഉടക്കി നിര്‍ത്തി പഴകിയ തോലിനെ വലിച്ചൂരുന്ന പാമ്പ്, പോകാന്‍ മറ്റൊരു വഴിയെ കുറിച്ച് ആലോചിക്കും മുമ്പ് താന്‍ പിന്നിലാക്കിയ ഉറയെ തിരിഞ്ഞു നോക്കുന്നതു പോലെ കഴിഞ്ഞകാല ജീവിതത്തെ മമതാബോധമില്ലാതെ, എന്നാല്‍ കൗതുകത്തോടെ ഞാന്‍ നോക്കുന്നു' എന്ന് ദേവിക ഇതിനെപ്പറ്റി എഴുതുന്നു.
'കേള്‍വി' എന്ന അദ്ധ്യായത്തിലെ ഹൃദയസ്പൃക്കായ ഒരു സന്ദര്‍ഭം വിദ്യാര്‍ത്ഥിയായിരുന്ന അവരുടെ ഓര്‍മയാണ്. ഹൃദയകുമാരി ടീച്ചറുടെ വിദ്യാര്‍ത്ഥിയായിരുന്നു, ദേവിക. മിക്ക കാര്യങ്ങളിലും അവര്‍ തമ്മില്‍ വിയോജിപ്പു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ദേവിക ഓര്‍ക്കുന്നു. പക്ഷെ, അവര്‍ പരസ്പരം 'കേട്ടിരുന്നു'. തിരുവനന്തപുരം വിമന്‍സ് കോളേജിലെ കാടുപിടിച്ചുവളരുന്ന കുഞ്ഞുചെടികളോടുള്ള വാത്സല്യവും ഇംഗ്ലീഷ് കവിതയോടുള്ള പ്രേമവും കൂടി ചേര്‍ന്ന ഒരു സായാഹ്നത്തെപ്പറ്റി ദേവിക എഴുതിയത് പകര്‍ത്തട്ടെ:
വിമന്‍സ് കോളേജിന്റെ പഴയ കെട്ടിടത്തിന്റെ പൊട്ടിയ മതിലിലെ വിടവില്‍ വേരുപടര്‍ത്തിയ ഒരു ചെടിയെ നോക്കി ഞാനിരുന്നു.
'You are still here?'.
ടീച്ചറുടെ ശബ്ദം ഇന്നും എത്ര തെളിഞ്ഞുകേള്‍ക്കുന്നു!
ഞാന്‍ തിരിഞ്ഞുനോക്കി. നോക്കിക്കൊണ്ടിരിക്കുന്ന ചെടിക്കുനേരെ ചൂണ്ടി.
അപൂര്‍വസുന്ദരമായ ചിരി അവരുടെ മുഖത്ത് എത്രയും മെല്ലെ, മെല്ലെ വിടര്‍ന്നു.
'നാഗമുല്ല.'
വിയോജിക്കാനുള്ള വാസന എന്റെയുള്ളില്‍ പെട്ടെന്ന് ചാടിയെണീറ്റു.
'അല്ല - ഒരുകാല്‍മുടന്തി.'
ആ ചിരി വീണ്ടും വിടരുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നു.
'You read poetry, don't you? Tennyosn?'
ഞാന്‍ പറഞ്ഞു. അതേ, ടെന്നിസണ്‍. ആ കവിത എനിക്കറിയാമായിരുന്നു.
Flower in the crannied wall...
ഞാന്‍ ചൊല്ലിത്തുടങ്ങി. ബാക്കി അവരും.
I pluck you out of the crannies
I hold you here, root and all, in my hand,
Little flower 'but if I could understand'
ഞാനത് മുഴുമിച്ചു:
What you are, root and all, and all in all,
I should know what God and man is.
ഇങ്ങനെയൊരു സന്ദര്‍ഭത്തെ ഓര്‍മിച്ചുകൊണ്ട് ദേവിക 'കേള്‍വി' എന്നത് ഒരാള്‍ക്ക് എത്ര പ്രധാനപ്പെട്ടതാകുന്നു എന്ന് പറയുന്നു. എല്ലാറ്റിനെയും കേള്‍ക്കാന്‍ കഴിയുന്ന ചിലരിലൂടെ തന്നെത്തന്നെ സന്ദര്‍ശിക്കാനുള്ള വഴി പരിചയപ്പെടുത്തുന്നു. അല്ലെങ്കില്‍, വളരെ കുറച്ചു മാത്രം നമ്മള്‍ അവളുടെ കേള്‍വിക്കാരാവുകയാണ്.
ഭാഷയെ, അതിന്റെ സകല അധികാര കല്പനകളില്‍നിന്ന് വിടുവിക്കാന്‍ ദേവിക ശ്രമിച്ചുകൊണ്ടിരിക്കുന്നത് അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു 'പെണ്മ'യെ പിന്തുടര്‍ന്നുകൊണ്ടാണ്. ജീവിതത്തെ മൂടുന്ന നിശ്ശബ്ദതയെ, അതിനാല്‍ ആത്മഭാഷണംകൊണ്ട് അവള്‍ മായ്ക്കാന്‍ തുടങ്ങുന്നു. 'പുരുഷന്മാരുടെ സ്വവര്‍ഗ്ഗ സൗഹൃദവേദികള്‍ കണ്ണിചേര്‍ന്നുണ്ടായ ശംഖല'യെ മറികടക്കുന്നു. ഈ പുസ്തകം അതുകൊണ്ടുകൂടിയാണ് നമ്മുടെ സാഹിത്യരചനകളില്‍ പ്രധാനപ്പെട്ട ഒന്നാവുന്നതും. സ്വാഭാവികമായും, ഇത്തരമൊരു അന്വേഷണം, നമ്മുടെ അധികാര കല്പനകളില്‍, പിതൃമേധാവിത്വ കുടുംബഘടനയും സാമ്പ്രാദായിക ബുദ്ധിജീവിയുടെ ഇടതുപക്ഷ സഹയാത്രയും എങ്ങനെ കലര്‍ന്നിരിക്കുന്നുവെന്നും എന്തുകൊണ്ട് അവ വിമര്‍ശിക്കപ്പെടണമെന്നും കണ്ടെത്തുന്നു. അവയുടെ പല ഊഴങ്ങളും വ്യക്തിയെ, അല്ലെങ്കില്‍ പൗരബോധത്തെ, എങ്ങനെ സമൂഹത്തിന്റെ ജൈവാംശങ്ങളില്‍ നിന്നും വേര്‍പെടുത്തുന്നു എന്നും പറയുന്നു. അഥവാ, 'ഉത്തരവാദിത്വത്തോടെയുള്ള അഹംബോധ'ത്തെ അവതരിപ്പിക്കുന്നു.
ഈ പുസ്തകം, ചിലപ്പോള്‍ ഡയറിക്കുറിപ്പുകളാണ്. ചിലപ്പോള്‍ ചെറിയ ചെറിയ ലേഖനങ്ങളുടെ സമാഹാരമാണ്. ചിലപ്പോള്‍ സ്ത്രീജീവിതത്തിന്റെ മലയാളിപക്ഷത്തെ അതിന്റെ വര്‍ണ്ണങ്ങളോടെ അവതരിപ്പിക്കലാണ്. അപ്പോഴും, അത്തരം പിളര്‍പ്പുകള്‍ക്കൊക്കെ അതേപോലെ തുടരാനാവുന്ന, അങ്ങനെ പ്രകടിപ്പിച്ചുകൊണ്ടുതന്നെ ഒരൊറ്റ ജീവിതത്തെ പ്രതിനിധീകരിക്കാനാവുന്ന, ആത്മഭാഷണമാകുന്നത്. ജീവചരിത്രത്തിനും ആത്മകഥയ്ക്കും മുമ്പേയാണത്.
Content Highlights: Aksharamprathi, Karunakaran, J. Devika, Essays, Hridayakumari teacher, 'Urayooral' book reading
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..