ഫോട്ടോ മാതൃഭൂമി
നോവല്‍ എഴുതുന്നവര്‍ നാടകങ്ങള്‍ വായിക്കുന്നത് പ്രയോജനം ചെയ്യുമെന്ന് ഒരിക്കല്‍ ഒരു ലേഖനത്തില്‍ വായിച്ചിരുന്നത് ഓര്‍ക്കുന്നു: ജീവിതമാകട്ടെ 'നാടകീയ'ങ്ങളായ അനവധി മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മയായി ഒടുവിലൊടുവില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ജീവിതത്തിലെ പല മൂഹൂര്‍ത്തങ്ങള്‍, ജീവിതത്തിലെ പല സംഘര്‍ഷങ്ങള്‍, ഇതൊക്കെ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ നാടകവേദി വെറുതെ സങ്കല്‍പ്പിച്ചു നോക്കൂ; ആദ്യത്തെ നാടകം ഗ്രീക്കോ അതോ ഭാരതീയമോ എന്ന് തര്‍ക്കിക്കാതെ. എങ്കില്‍, ഒരാളുടെ തന്നെ അനവധി ഏകാന്തതകളുടെ പല അവതരണങ്ങളാവും നമ്മുടെ ഉള്ളില്‍ ആദ്യം തോന്നുന്നത്.
ഒരുപക്ഷേ, ഏകാന്തതയെ ''സാമൂഹികമായ ഉത്പ്പന്നം'' എന്ന് കണ്ടെത്തുക കൂടിയായിരുന്നു, നാടകവേദി.
കഴിഞ്ഞ ദിവസം പട്ടാമ്പിയില്‍ നിന്നും തൃശ്ശൂരിലേക്കുള്ള ബസ്സിലിരിക്കുമ്പോള്‍ ഒരാള്‍ കയറി, മധ്യവയസ്സ് പിന്നിട്ട ആള്‍, ഒരു കൈയുടെ സ്വാധീനം നഷ്ടപ്പെട്ടിരിക്കുന്നു, മറുകൈയ്യില്‍ അയാളുടെ 'കട'യാണ്: പിന്ന്, ചീര്‍പ്പ്, ചെപ്പിത്തോണ്ടി...ഒരു ബസ്‌യാത്രയില്‍ വേണ്ടാതിരുന്നിട്ടും വീട്ടില്‍ വലിയ വസ്തുക്കള്‍ക്കൊപ്പം പലപ്പോഴും മറന്നുപോവാറുള്ള പലതും ആ കൈകളില്‍ അയാള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നാല്‍, അയാള്‍ തന്റെ കയ്യിലെ ആ ചെറിയ വസ്തുക്കളുടെ വില പറയുകയല്ല ഇപ്പോള്‍ ചെയ്യുന്നത്, സാധാരണ കേള്‍ക്കാറുള്ളതുപോലെ. പകരം അയാള്‍ ഒരു 'മാപ്പിളപ്പാട്ട്'പാടുകയാണ് തന്നെ ഉപേക്ഷിച്ചുപോയ ഒരു പെണ്ണിനെപ്പറ്റി, തന്റെ വ്യഥയെപ്പറ്റി, അല്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന ഒരു വിരഹത്തിന്റെ കാരണങ്ങള്‍ തേടിക്കൊണ്ട്...ആ പാട്ട് പാടിക്കൊണ്ടാണ് അയാള്‍ യാത്രക്കാര്‍ക്ക് നേരെ വില്‍പ്പന വസ്തുക്കള്‍ നീട്ടുന്നത്. ജീവിതത്തെ പാട്ടാക്കിയോ, ജീവിതത്തെ ഓര്‍ക്കാന്‍ പാട്ടോ ആയി കയറിയതാകണം അയാള്‍. ഞാന്‍ 'നാടകങ്ങള്‍' ഓര്‍ത്തു.
അപ്പോഴും നാടകം കാണുന്ന ആളേ അല്ല നാടകം വായിക്കുന്ന ആള്‍. നാടകം വായിക്കുന്ന ആള്‍ തന്റെതന്നെ ഉള്ളിലെ അരങ്ങ്, തന്റെ തന്നെ വേഷപ്പകര്‍ച്ചകള്‍കൊണ്ട് പരിചയപ്പെടുന്നു. അരങ്ങും കാണിയുമാകുന്നു. ചിലപ്പോള്‍ ഒരു ജനപഥം തന്നെ അയാള്‍ നിര്‍മ്മിക്കുന്നു. അയാള്‍ ജീവിതത്തെ വായിക്കാന്‍ പഠിച്ചിരിക്കുന്നു. നാടകം കാണുന്ന ആള്‍ പക്ഷെ പലപ്പോഴും 'മ്യൂട്ട് 'ആവുന്നു (അരങ്ങിന്റെ സാക്ഷി?), തന്റെ ചുറ്റിലുമുള്ള നിശ്ശബ്ദത അയാളെ കൂടുതല്‍ നിശ്ശബ്ദനാക്കുന്നു. അയാള്‍ ജീവിതത്തെ നാടകമാക്കുന്നത് കാണാന്‍ വന്നിരിക്കുന്നു.
ഈയിടെ തൃശ്ശൂരില്‍ നടന്ന അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തിയ ആളുകളെ കാണേണ്ടത് നാടകത്തിന്റെ പ്രേക്ഷകരായിട്ടുതന്നെയാണ്. വളരെ ദൂരെയുള്ള സ്ഥലങ്ങളില്‍നിന്നും ഭാഷകളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും അവര്‍ പുറപ്പെടുന്നു. പുറത്തെ ''ഉത്സവാന്തരീക്ഷത്തില്‍'' നിന്നും അവര്‍ തിയേറ്ററിന്റെ നിശ്ശബ്ദതയിലേക്ക് കയറിപ്പോവുന്നു, അവിടെ നാടകം കാണാന്‍ ക്ഷമയോടെ കാത്തിരിക്കുന്നു. മറ്റൊരാളെ, മറ്റൊരു വിശേഷത്തെ, മറ്റൊരു ആവശ്യത്തെ കാത്തിരിക്കുന്ന ആളുകളെ, അല്ലെങ്കില്‍, ഓരോ നാടകപ്രേക്ഷകയും ദൃശ്യവല്‍ക്കരിക്കുന്നു.
'ടെമ്പസ്റ്റ്' അവതരിപ്പിച്ച വേദിയില്‍ തങ്ങളുടെ 'ആട്ടം' കഴിഞ്ഞും രംഗം വിടാതെ അരങ്ങിന്റെ രണ്ടുവശങ്ങളിലായി ഇട്ടിരുന്ന ബെഞ്ചുകളില്‍ പോയി ഇരിക്കുന്ന 'കഥാപാത്രങ്ങളെ' കാണുമ്പോള്‍ ഞാന്‍ ആ അഭിനേതാക്കളെ കൂടുതല്‍ ഓര്‍ത്തു: ഒരു കൊടുങ്കാറ്റ് ഒരു ദ്വീപില്‍ ഉണ്ടാക്കിയ ജീവിത സന്ദര്‍ഭങ്ങളെ അതുവരെയും ആവിഷ്‌കരിയ്ക്കുകയായിരുന്ന അവര്‍ ഇപ്പോള്‍ നാടകത്തില്‍ നിന്നും വേര്‍പെടാതെതന്നെ നാടകത്തിന് പുറത്ത് നില്‍ക്കുകയായിരുന്നു. ചിലപ്പോള്‍ തങ്ങളുടെ സ്വന്തം ഏകാന്തതകളില്‍. 'അതുവരെയും ശാന്തനായിരുന്ന അയാള്‍ പെട്ടെന്ന് പ്രകോപിതനാവുകയായിരുന്നു' എന്ന വാചകംപോലെ ചിലത് നമ്മെ ഈ രണ്ടു പേരെയും, വായനക്കാരിയെയും പ്രേക്ഷകയെയും, ഓര്‍മ്മിപ്പിക്കുന്നു. അപ്പോഴും നാടകം വായിക്കുന്ന ആളും നാടകം കാണുന്ന ആളും രണ്ടുപേരാണ്.
മലയാള സാഹിത്യലോകത്തില്‍ നിന്നും പെട്ടെന്ന് പിന്‍വാങ്ങിയത് 'നാടക വായനക്കാരാണ്' എന്ന് തോന്നാറുണ്ട്. വളരെ കുറച്ചുപേര്‍ മാത്രമേ നാടകങ്ങള്‍ എഴുതുന്നുള്ളൂ. അതിലും വളരെ കുറച്ചുപേര്‍ മാത്രം നാടകങ്ങള്‍ വായിക്കുന്നു. നമ്മുടെ സാഹിത്യമാസികകള്‍ വളരെ അപൂര്‍വ്വമായി മാത്രം നാടകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. കാരണം, നാടകമെഴുത്തുകാരും നാടക വായനക്കാരും വിശ്വസിക്കുന്നത് ഇതാണ്: ' നാടകം അരങ്ങില്‍ പൂര്‍ത്തിയാവുന്നു''. അല്ലെങ്കില്‍, അങ്ങനെയൊരു വലിയ തെറ്റിദ്ധാരണയ്കകത്താണ് നമ്മുടെ നാടകവേദിയും അതിന്റെ പ്രേക്ഷകരും. നാടക അരങ്ങിനെക്കാള്‍ നാടക പുസ്തകങ്ങളായിരുന്നു മലയാള നാടകത്തിനും വേണ്ടിയിരുന്നത്. എന്തുകൊണ്ടോ, അതുണ്ടായില്ല. ഉണ്ടാവുന്നുമില്ല.
നാടകേതരമായ മാധ്യമങ്ങളില്‍, ഒരുപക്ഷെ മലയാളത്തില്‍, കവിതയിലാണ് 'നാടകത്തിന്റെ ഉപയോഗം' കാണുക: ഇടശ്ശേരിയുടെ പൂതപ്പാട്ട് പെട്ടെന്ന് ഓര്‍മ്മ വരുന്നു: 'കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍' എന്ന് ചൊല്ലാന്‍ തുടങ്ങുന്നതുമുതല്‍ നമ്മുടെ ചെവി വട്ടം പിടിക്കാന്‍ തുടങ്ങുന്നു. 'പൂത'ത്തെ കാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. ശബ്ദം കാഴ്ചയെ പൊലിപ്പിക്കാന്‍ തുടങ്ങുന്നു. ഗാനമാണ്, ഈ കവിതയോട്, അടുക്കുന്ന ഒന്ന്; ഒരു സന്ധ്യാനാമത്തോടൊപ്പം ഈ കവിത സഞ്ചരിക്കുന്നു. ഒരു നാടോടിപ്പാട്ടിന്റെ ധര്‍മ്മഗൗരവമോ ഒരു മിത്തിന്റെ ധ്വനിഭംഗിയോ ഈ കവിതയ്ക്കില്ല. എങ്കിലും ഒരു കഥയില്‍ കുരുക്കിയിടുന്ന സംഭവങ്ങളുടെ പുനരാഖ്യാനഭംഗി 'പൂതപ്പാട്ട്' സൂക്ഷിക്കുന്നുണ്ടായിരുന്നു. അത്രയും അത് ഇന്നും 'വേദി'യ്ക്ക് പറ്റിയ കവിത (കഥ)യാണ് : 'സ്‌കൂളില്‍ പോയ ഉണ്ണിയെ കാണാതാകുന്നു, വീട്ടില്‍ അമ്മയ്ക്ക് പരിഭ്രമമാകുന്നു. അവര്‍ തന്റെ വികാരഭരിതമായ അന്വേഷണം ആരംഭിക്കുന്നു, വേറൊരു സ്ത്രീയുടെ കൈയില്‍ അകപ്പെട്ട മകനെ വീണ്ടുകിട്ടാന്‍ അമ്മ അതേ വൈകാരിക തീര്‍പ്പോടെ പൊരുതുന്നു, ഒടുവില്‍ എല്ലാ തടസ്സങ്ങളും അടവുകളും ഉപേക്ഷിച്ച് മറ്റേ സ്ത്രീ തോറ്റുകൊടുക്കുന്നു. യഥാര്‍ത്ഥ അമ്മ അവരെ വെറുക്കുന്നില്ല.'- ഇങ്ങനെ ഒരു 'സ്റ്റോറിലൈന്‍' ആ കവിതയില്‍ നിന്നും നമ്മുക്ക് ഇപ്പോഴും ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍, 'പൂതപ്പാട്ടി'ന്റെ വൈകാരിക മൂല്യം എന്നത് കേള്‍ക്കുമ്പോള്‍ കവിതയാകുന്നതും വേദിയില്‍ കാണുമ്പോള്‍ കഥയാവുന്നതുമായ ഒന്നാണ്. ആ കവിതയുടെ സ്വത്വം അതാണ്. ആ സ്വത്വം 'പുതപ്പാട്ടി'നെ സംബന്ധിച്ചടത്തോളം ഒരു ഏകാന്തഗീതം ( solo) എന്നാണ്.
ആധുനികതയുടെ കാലത്ത്, കെ. ജി ശങ്കരപ്പിള്ളയുടെ 'ബംഗാള്‍' എന്ന കവിതയിലാണ് 'മലയാള നാടകീയത'യുടെ പരമമായ ഉപയോഗം കാണുന്നത് എന്ന് തോന്നുന്നു. ആ കവിത, ഇക്കാലത്തും വായിക്കപ്പെടുന്നത്, അതിന്റെ രാഷ്ട്രീയ സന്ദര്‍ഭത്തിലോ രാഷ്ട്രീയസ്മരണയിലോ ആവുമ്പോഴും. അക്കാലത്തും ഇപ്പോഴും ആ കവിത ഉറക്കെ വായിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അത് അതിന്റെ നാടകീയതയുടെ അംശത്തില്‍ അങ്ങനെ ഉയര്‍ന്നുയര്‍ന്നുപോകുന്നത് കാണാന്‍. ഇന്നും ആ അര്‍ത്ഥത്തില്‍ 'ബംഗാള്‍' മലയാളത്തിലെ വേറിട്ട രചനയാണ്. അതിന്റെ രാഷ്ട്രീയമല്ല, ബാധ പോലെ ഉരുവിടുന്ന അതിന്റെ മൊഴിയാണ് ശ്രദ്ധേയം: ഭയത്തെ, നിശ്ശബ്ദതയുടെ നാടകീയതയെ, ഉപയോഗിക്കുന്ന ഇതുപോലെ ഒരു കൃതി, മലയാളത്തില്‍, വേറെ ഇല്ല എന്ന് തോന്നുന്നു. എലിയറ്റിന്റെ The Waste Land ന്റെ സ്വാധീനം 'ബംഗാള്‍' എന്ന കവിതയിലും കണ്ടെത്താമെന്ന് അന്നും ഇന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍, അതിനേക്കാള്‍, അതിന്റെ മൂലകാരണം 'മഹാഭാരതം'തന്നെയാണ്, 'മഹാഭാരത'ത്തിന്റെ ഒരു വലിയ പ്രമേയം 'ഭയം'തന്നെയാണ്. കെ. ജി.എസ് 'നക്‌സല്‍ബാരി'യെക്കാള്‍ തന്റെ കവിതയുടെ പ്രമേയമാക്കിയതും മഹാഭാരതത്തിലെ ഈ 'ഭയം'തന്നെയായിരുന്നു.
പ്രേക്ഷകര്‍ തിരഞ്ഞെടുക്കാത്ത ഒരു ടെമ്പോയിലാണ് നാടകങ്ങള്‍ അനുഭവപ്പെടുന്നത്; എന്നാല്‍, ഒരു നോവല്‍ വായനക്കാരന്റെ വേഗതയില്‍ വായിക്കപ്പെടുന്നു. തികച്ചും വ്യത്യസ്തമായ ബന്ധമാണ് ഇവ രണ്ടിനും. അപ്പോഴും നോവല്‍ എഴുത്തുകാര്‍ നാടകങ്ങളുടെ വായനക്കാരാവുന്നത് നല്ലതാണ്.
സംഭാഷണങ്ങള്‍ കൊണ്ട് ചെറുകഥ നിര്‍മ്മിക്കുന്ന ഒരു കഥയില്‍, ഒരാളുടെ കഥനത്തില്‍, ചിലപ്പോള്‍ അങ്ങനെയൊരു അപരിചിതത്വത്തെ നാം സന്ദര്‍ശിയ്ക്കുന്നു. അത് നാടകത്തിനും നിശ്ശബ്ദമായ വായനയ്ക്കും ഇടയിലെ നാടകീയമായ ഒരു മുഹൂര്‍ത്തമാകണം. എങ്കില്‍, കഥ, വാമൊഴിയുടെ കണ്ടുപിടുത്തത്തെക്കാള്‍ അരങ്ങിന്റെ നിശ്ശബ്ദവേഗമാണ് എന്ന് മനസ്സിരുത്തുന്ന കഥകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവ നിങ്ങളെ എക്കാലത്തേയ്ക്കുമായി മാറ്റുന്നു. അല്ലെങ്കില്‍, ഇത്രയെങ്കിലും ചെയ്യുന്നു: ജീവിതത്തെ മുഴുവനും നിശ്ശബ്ദമായി ഓര്‍മിക്കുന്ന ഒരാളെ അത് കണ്ടുപിടിക്കുന്നു.
Content Highlights: Aksharamprathi, Karunakaran, Drama, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..