കഥപറച്ചിലുകാര്‍ വംശം  മുച്ചൂടും നശിച്ചുപോവാതിരിക്കാന്‍ ഒരിക്കല്‍ പറഞ്ഞത് വീണ്ടും വീണ്ടും പറയുന്നു!


കരുണാകരന്‍



അവരില്‍ മരിച്ചവരെ ജീവിക്കുന്നവരെകൊണ്ട് പൂരിപ്പിക്കുന്നു. പുതിയതായി ഒന്നും പറയാനില്ല എന്ന് സാക്ഷ്യം പറയുന്നവളെ നോക്കുക, അവള്‍ പഴയതെന്തോ ഓര്‍മ്മിപ്പിക്കുകയല്ല ചെയ്യുന്നത്, പകരം പുതിയതായി അകപ്പെട്ട പഴയ സംഭവത്തെ വിസ്തരിക്കാന്‍ പുതിയതായി  ശ്രമിക്കുകയാണ്.

Metamorphosis പുസ്തകത്തിന്റെ കവർ, കാഫ്ക Photo: Twitter/ @IGBstore, Wikipedia

ഭ്രാന്തിനെ ഉടലില്‍ മെരുക്കുന്ന മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു ചിലപ്പോള്‍ സാഹിത്യ കൃതികളും. ലോകത്തെ സഹജമായ അതിന്റെ പ്രകൃതത്തിനു വിട്ടുകൊടുക്കുകയല്ല സാഹിത്യ കൃതികള്‍ അപ്പോള്‍ ചെയ്യുന്നത്; അതിന്റെ അവ്യവസ്ഥയെ ഉള്‍ക്കൊള്ളുകയാണ്. ലോകത്തെ അതിന്റെ എല്ലാ പ്രത്യക്ഷങ്ങളോടും ശാന്തമായി അഭിമുഖീകരിക്കാന്‍ സാഹിത്യ കൃതികള്‍ ശ്രമിക്കുകയാണ്. ഭ്രാന്തിനെ ശാന്തമായ ഒരു അനുഭവമായി പറയുകയല്ല. ഭ്രാന്ത് ഉടലില്‍ മെരുങ്ങുന്ന, ഒരു പെരുമാറ്റമാകുന്ന, അവസ്ഥയെ സൂചിപ്പിക്കുന്നു എന്ന് മാത്രം. അങ്ങനെയൊരു കൃതിയാണ് കാഫ്കയുടെ 'Metamorphosis', എന്ന വിഖ്യാതമായ കഥ. ഉടലില്‍ ലോകത്തെ, അതിന്റെ അവ്യവസ്ഥയെ, ഒരൊറ്റ രാത്രികൊണ്ട് സ്വീകരിക്കുന്ന കഥയാണത്.

കാഫ്കയുടെ കഥയില്‍ ഗ്രിഗര്‍ സാംസ ഒരു സുപ്രഭാതത്തില്‍ അസ്വസ്ഥമായ സ്വപ്നങ്ങളില്‍ നിന്നും ഉണരുന്നു. തന്റെ കിടക്കയില്‍ താന്‍ ഒരു ഭീമാകാരമായ കീടമായി രൂപാന്തരപ്പെട്ടതായി കാണുന്നു. അമ്പരപ്പിക്കുന്നതും വിചിത്രവും അതിശയകരമാംവിധം അവതരിപ്പിച്ചുകൊണ്ടുമാണ് കാഫ്ക തന്റെ കഥയായ 'The Metamorphosis' ആരംഭിക്കുന്നത്. ഒറ്റരാത്രികൊണ്ട് ഭീമാകാരമായ പ്രാണിയായി പരിണമിച്ച ഒരു യുവാവിന്റെ കഥയാണ് കാഫ്ക പറയുന്നത്.

ജീവിതത്തെ നിരാശ്രയമാക്കുന്ന കുറ്റബോധം, ഒറ്റപ്പെടല്‍, തുടങ്ങി വേദനാജനകവും അസംബന്ധവും ഹാസ്യാത്മകവുമായ ഒരു ധ്യാനമാണ് കാഫ്കയുടെ ഈ കഥയെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഫിക്ഷനിലെ ഏറ്റവും വ്യാപകമായി വായിക്കപ്പെട്ടതും സ്വാധീനിച്ചതുമായ കൃതികളില്‍ ഒന്നായി അങ്ങനെ 'The Metamorphosis' ലോക സാഹിത്യത്തില്‍ അതിന്റെ സ്ഥാനം പിടിയ്ക്കുകയും ചെയ്തു. എന്നാല്‍, കാഫ്കയുടെ കൃതികളെ പരിചയപ്പെടുത്താന്‍ ഉപയോഗിക്കാറുള്ള 'Kafkaesque' അതിന്റെ പരിചിതമായ അര്‍ത്ഥത്തില്‍ 'The Metamorphosis'- ല്‍ നാം നേരിടുന്നില്ല എന്ന് വിചാരിക്കാം. മനുഷ്യാന്തസ്സിന്റെ അകത്തകര്‍ച്ച മറ്റൊരു വിധത്തില്‍ ഈ കൃതിയില്‍ നേരിടുമ്പോഴും. കാഫ്കയുടെ ഇതിവൃത്തം വ്യക്തിയും അയാള്‍ക്ക് എത്താനാകാത്ത വ്യക്തിത്വത്തിന്റെയും മിശ്രമാണ്, അതാകട്ടെ ലോകവുമായി സദാ ഇടഞ്ഞുനില്‍ക്കുകയുമാണ്.

എന്നാല്‍, അതേ കഥയുടെ പുനരാഖ്യാനം പോലെ എഴുതിയ കഥയാണ് ഹാരുകി മുറകാമിയുടെ 'Samsa In Love'; ഈ കഥയും അതേ 'വംശ'ത്തിലുള്ള ഭ്രാന്തിനെ വേറെ ഒരു കാലത്തും വേറെ ഒരു ലോകത്തും മുറകാമി കണ്ടുമുട്ടുന്നു. 'He woke to discover that he had undergone a metamorphosis and become George Samsa' എന്ന ആദ്യ വാചകത്തോടെയാണ് മുറകാമിയുടെ കഥ തുടങ്ങുന്നതുതന്നെ. കാഫ്കയുടെ കഥയെ മുറകാമിയുടെ കഥ നേരിട്ട് ഓര്‍മ്മിപ്പിക്കുന്നു. നേരെയാണ് കഥയുടെ വരവും.

മുറകാമിയുടെ കഥയിലും ഗ്രിഗറിന്റെ ശരീരത്തിനു പകരം ഒരു കീടമാണ് കിടക്കയില്‍ നിന്നും ഉണരുന്നത്. ഗ്രിഗറിന്റെ ശരീരത്തിലും ഗ്രിഗറിന്റെ മുറിയിലും അയാളുടെ തന്നെ തടവിലാക്കപ്പെട്ട വ്യക്തിത്വമാണ്. ഈ നായകനും തന്റെതന്നെ മനുഷ്യരൂപം അപരിചിതമാണ്. സംസാരിക്കാനുള്ള പദാവലി പരിമിതമാണ്. അയാള്‍ നഗ്‌നനായി വീടുമുഴുവന്‍ നടക്കുന്നുണ്ട്. സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാനോ നടക്കാനോ അയാള്‍ക്ക് കഴിയില്ല. തന്റെ നഗ്‌നത മറയ്ക്കാന്‍ വസ്ത്രം ധരിക്കുന്ന മനുഷ്യരെ നിരീക്ഷിച്ച ശേഷം, ഗ്രിഗര്‍ അത് അനുകരിക്കുന്നതും നാം കാണുന്നു. ഒരു ഡ്രസ്സിംഗ് ഗൗണ്‍ ആണത്. ആ രാവിലെ വീടിന്റെ പൂട്ട് നന്നാക്കാന്‍ ഒരു കൂനയായ പെണ്‍കുട്ടി വരുമ്പോള്‍ മാത്രമാണ് മനുഷ്യാവസ്ഥയെക്കുറിച്ചുള്ള തന്റെ അറിവ് വളരെ പരിമിതമാണെന്ന് അയാള്‍ മനസ്സിലാക്കാന്‍ തുടങ്ങുന്നത്. അയാള്‍ക്ക് സംഭാഷണത്തിലെ ചില സ്വരങ്ങള്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും, പക്ഷേ ബ്രേസിയര്‍, ഹഞ്ച്ബാക്ക്, ഫക്ക്, ടാങ്കുകള്‍, ദൈവം, വികൃതമായത്, പ്രാര്‍ത്ഥിക്കുക തുടങ്ങിയ വാക്കുകളില്‍ അയാള്‍ അര്‍ത്ഥമോ തെളിവോ തേടി ഉലയുന്നു. അയാള്‍ പെണ്‍കുട്ടിയില്‍ നിന്ന് ചിലത് പഠിക്കുന്നു. അത് അയാളെ ഉത്തേജിപ്പിക്കുകയും ആകര്‍ഷകമായ തന്റെ തന്നെ 'വ്യക്തിത്വ'ത്തിലേക്ക് അയാളെ കടത്തി വിടുകയും ചെയ്യുന്നു. ആ അസ്വാഭാവികതയിലും അയാള്‍ തന്നെ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

എന്റെ ഈ കുറിപ്പ് ഈ രണ്ടു കഥകളെപ്പറ്റി പറയുന്നില്ല. ഞാന്‍ ആഗ്രഹിക്കുന്നത്, എഴുത്തുകാര്‍ ഒരു കൃതിയില്‍ നിന്നും മറ്റൊരു കൃതി സങ്കല്‍പ്പിക്കുന്നതിന്റെ ഭംഗി എഴുത്തില്‍ ഉണ്ടാക്കുന്ന മറ്റൊരു ഭംഗിയെപ്പറ്റി പറയാനാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു വീട്ടില്‍ത്തന്നെ താമസിക്കുന്ന പരസ്പരം അദൃശ്യരായ രണ്ട് എഴുത്തുകാരികളെ ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്. ഒരേ വീട്ടില്‍, ഒരേ സ്ഥലത്ത്, ഓരോ സമയത്ത് പെരുമാറുന്ന അദൃശ്യരായ രണ്ടു പേര്‍. ഒരു പുരക്കീഴില്‍ കഴിയുന്ന രണ്ടു ജീവിതങ്ങളാണത്. മനുഷ്യജീവിതത്തിന്റെ ഏതുതരം സാമൂഹ്യഘടനയെയും ഉലയ്ക്കുന്ന 'ഏകാകി', ജീവിതത്തിന്റെ എന്ന പോലെ സാഹിത്യത്തിന്റെയും അതിഥിയാണ്. അല്ലെങ്കില്‍ ആ ഏകാകിയാണ് ഈ കഥയും പറയുന്നത്.

കാഫ്കയുടെ ലോകത്തിന്റെ സ്വാധീനത്തില്‍ കഴിയുന്ന തന്റെതന്നെ ഭാവനയുടെ വേര്‍പെടലാണ് മുറകാമി തന്റെ കഥയിലൂടെ ആഘോഷിക്കുന്നത്. ഒരേ വിഷയമല്ല, ഒരേ കഥാപാത്രമല്ല ഇവയുടെ സാദൃശ്യലോകം. ഒരൊറ്റ പരിസരത്തില്‍ ശ്വസിക്കുന്ന രണ്ട് തരം ശ്വാസമാണ്. ജീവന്റെ രണ്ടു തരം നിര്‍മ്മിതികള്‍ വാഴുന്ന രണ്ടു തരം ഏകാന്തതയെ അത് പരിചയപ്പെടുത്തുന്നു. തീര്‍ച്ചയായും, നമ്മള്‍ ജീവിതത്തെ നമ്മുടെതാക്കാന്‍ വീണ്ടും വീണ്ടും പുനരാഖ്യാനം ചെയ്യുകയാണ്.

മുമ്പ് എപ്പോഴോ പറഞ്ഞതുതന്നെയാണ് അല്ലെങ്കില്‍ നമ്മള്‍ ഓരോ കഥയിലും പറയുന്നത്. കഥപറച്ചിലുകാര്‍ തങ്ങളുടെ വംശം മുച്ചൂടും നശിച്ചു പോവാതിരിക്കാന്‍ ഒരിക്കല്‍ പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയുന്നു. അവരില്‍ മരിച്ചവരെ ജീവിക്കുന്നവരെകൊണ്ട് പൂരിപ്പിക്കുന്നു. പുതിയതായി ഒന്നും പറയാനില്ല എന്ന് സാക്ഷ്യം പറയുന്നവളെ നോക്കുക, അവള്‍ പഴയതെന്തോ ഓര്‍മ്മിപ്പിക്കുകയല്ല ചെയ്യുന്നത്, പകരം പുതിയതായി അകപ്പെട്ട പഴയ സംഭവത്തെ വിസ്തരിക്കാന്‍ പുതിയതായി ശ്രമിക്കുകയാണ്.

മുറകാമിയുടെ കഥകളില്‍ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു കഥയാണ്, 'Samsa In Love', പ്രണയത്തിലായ സംസയെക്കുറിച്ചുള്ള ഈ കഥ. കാഫ്കയുടെ കഥയില്‍ നിന്നും ഉടല്‍ എടുത്തണിഞ്ഞ് മറ്റൊരു ജീവന്റെ ശ്വാസം മുറകാമിയുടെ കഥ ശ്വസിക്കാന്‍ തുടങ്ങുന്നു. മറ്റൊരോര്‍മ്മയില്‍ ജീവിതത്തിന്റെ തീവ്രങ്ങളായ വ്യഥകളെ സന്ദര്‍ശിക്കാനെത്തുന്ന പ്രണയത്തെയാണ് മുറകാമിയുടെ കഥ കാണിക്കുന്നത്. പഴയ സോവിയറ്റ് കാലത്തെ 'ചെക്ക് വിപ്ലവ'ത്തിന്റെ രാഷ്ട്രീയസ്മരണ കൂടി ഈ കഥയില്‍ കലരുന്നുമുണ്ട്.

എന്തുകൊണ്ടാണ് ഒരാള്‍ ഒരേ കഥ പല ആവര്‍ത്തി പറയുന്നത്? 'സത്യമാകട്ടെ ഇത്' എന്ന് ഓരോനിമിഷവും ജീവിതത്തെ അനുഭവിക്കുന്ന, അങ്ങനെ ആഗ്രഹിക്കുന്ന, ഒരാള്‍ ഓരോ കഥ പറച്ചിലുകാരിലും വസിക്കുന്നു എന്നാകുമോ? എങ്കില്‍, അത് ദിവ്യമായ പ്രേതപ്രവേശമാകുന്നു. എങ്കില്‍, പുനരാഖ്യാനങ്ങള്‍ ഉച്ചാടനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ പൗരജീവിതത്തിലേക്ക് ചുട്ടുപൊള്ളുന്ന ലോഹപ്രകൃതിയോടെ ലോകം അറ്റു വീഴുന്ന സന്ദര്‍ഭമാണത്.

ഒരേ കഥ 'ആടുന്ന' ഒരേതരം വേഷക്കാരില്‍ നിന്നും വേര്‍പെടാന്‍ അഭിനേതാക്കളുടെ പാടവംകൊണ്ട് കഴിയുന്നു. പുനരാഖ്യാനത്തിന്റെ സാധ്യതയാണത്. കലയില്‍ അത് നിതാന്തമായ ഒരു നീളന്‍ നിമിഷമാണ്. മറ്റൊരു ഉടലിലേക്ക് കൂപ്പ് കുത്താന്‍ നില്‍ക്കുന്ന മറ്റൊരു ഉടലാണത്. മുറകാമിയുടെ കഥയുടെ ഭംഗി ആ കൂപ്പുകൂത്തലായിരുന്നു. കാഫ്കയുടെ 'നായകന്‍' ജീവിതത്തിന്റെ ഭീതിതമായ ഒരു മുഹൂര്‍ത്തത്തിലേക്ക് പ്രവേശിക്കുന്നുവെങ്കില്‍, ഭ്രാന്തിനെ ഉടലില്‍ മെരുക്കുകയാണ് എങ്കില്‍, മുറകാമിയുടെ 'നായകന്‍' ജീവിതത്തിന്റെ ഭ്രാന്തമായ അവ്യവസ്ഥയെ 'പ്രണയം'കൊണ്ട് ശമിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Content Highlights: aksharamprathi, column, karunakaran, metamorphosis, franz kafka, samsa in love, haruki murakami

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented