ആളുമാറി പറയുന്ന വിശേഷങ്ങള്‍; ഒരാള്‍ക്ക് അയ്യായിരത്തോളം മുഖങ്ങൾ ഓർമിക്കാൻ പറ്റും | അക്ഷരംപ്രതി


കരുണാകരന്‍ഞാന്‍ ഫോട്ടോ നോക്കി. എന്റെ ഓര്‍മ്മയുള്ള  മറ്റൊരാള്‍. 'ആള് മാറീ ന്ന് തോന്നുന്നു' എന്ന് ഞാന്‍ അതിനോട്  ചിരിച്ചു. അതിനോട്സോറി പറഞ്ഞു. 

ചിത്രീകരണം: ബാലു

ഴിഞ്ഞ ദിവസം, പകല്‍, തൃശൂര്‍ റൗണ്ടില്‍വെച്ച് ഒരാള്‍, 'മുരളീ' എന്നുവിളിച്ച് എന്റെ കൈ പിടിച്ചു. ഞാന്‍ വേറെയൊരു ആളും വേറെയൊരു പേരുമാണ് എനിക്കെങ്കിലും അയാളുടെ കണ്ണുകളിലെ തിളക്കത്തിലും മുഖത്തെ പുഞ്ചിരിയിലുംഎത്രയോ കാലത്തിനു ശേഷം കാണുന്ന ഒരാളെ കണ്ട സന്തോഷം എന്നെ അതേപോലെ നിര്‍ത്തി. ആ അമ്പരപ്പിലുംഅയാളെ നോക്കി പുഞ്ചിരിച്ചു. ആള് മാറിയതോ പേര് തെറ്റിയതോ എന്നതിനെക്കാള്‍ ഒരേ പ്രായത്തില്‍ കുടുങ്ങിക്കിടക്കുന്ന ഓരോര്‍മ്മയാണ് ഞങ്ങളെ ആ അപരിചിതത്വത്തിലും ഒരു നിമിഷം പരിചയപ്പെടുത്തിയത് എന്ന് ഞാന്‍ വിചാരിച്ചു. മനുഷ്യര്‍ അങ്ങനെയാണ്, ഓര്‍മ്മകളിലാണ് അവരുടെ മുക്കാല്‍ പങ്ക് ജീവിതവും എന്നുതോന്നും, ബാക്കി അവര്‍ നോക്കി ഇരിക്കുന്നതാണ്; എങ്ങനെയാണ്, എവിടെക്കാണ് തിരിയുന്നത് എന്നറിയാന്‍. കുറച്ചു നിമിഷം, പതുക്കെ, ഞാന്‍ അയാളോട് എന്റെ പേര് പറഞ്ഞു, 'ആള് മാറീന്ന് തോന്നുന്നു' എന്ന് പുഞ്ചിരിച്ചു. അയാള്‍ വല്ലാതായി, അല്ലെങ്കില്‍ അയാളും ആരെയോ ഉള്ളില്‍ തപ്പുകയാണ്, സോറി പറഞ്ഞ്, അയാള്‍ എന്റെ കൈ വിട്ടു. തെറ്റിയതാണ്, അയാള്‍ പറഞ്ഞു. ഒന്നു കൂടി തിരിഞ്ഞുനോക്കി ധൃതിയില്‍ തിരക്കിലേക്ക് പോയി. അടുത്ത നിമിഷം പട്ടണം അയാളെ മായ്ക്കുകയും ചെയ്തിരിക്കും എന്ന് വീണ്ടുമൊന്നു തിരിഞ്ഞു നോക്കാതെ ഞാനും ഉറപ്പിച്ചു.

എന്റെ ഛായയുള്ള ഒരാള്‍ അയാളുടെ ഓര്‍മ്മയില്‍എപ്പോഴോ പാര്‍പ്പ് തുടങ്ങിയതാണ്, ഒരു പക്ഷെ, എന്നെക്കാള്‍ മുമ്പ്. ആ ആളെ അയാള്‍ക്കറിയാം. എനിക്കോ അയാള്‍ ആരുമല്ല.

ഒരാള്‍ക്ക് അയ്യായിരത്തോളം മുഖങ്ങള്‍ ഓര്‍മ്മിക്കാന്‍ പറ്റുമെന്ന് പറഞ്ഞുതുടങ്ങുന്ന ഒരു കഥ കുറച്ചുവര്‍ഷം മുമ്പ് ഞാന്‍ എഴുതിത്തുടങ്ങിയതായിരുന്നു, വഴിയില്‍ വെച്ച് മറന്നു, പിറകെ കഥ എഴുതി തുടങ്ങിയ നോട്ട് ബുക്ക്കാണാതായി.മൂന്നോ നാലോ വീടുമാറ്റങ്ങള്‍ക്കിടയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ചുവെച്ച പുസ്തകങ്ങള്‍ക്കിടയില്‍ ആ നോട്ടുബുക്ക് ഉണ്ടാവണം, പക്ഷെ ഇപ്പോഴും പിടി തന്നിട്ടില്ല. ഇപ്പോള്‍ പക്ഷെ ഇയാളുടെ 'മുരളീ' എന്ന വിളിആ തീരാത്ത കഥയോര്‍ക്കാന്‍ കാരണമായിരിക്കുന്നു. എനിക്ക് കഥയുടെ അടുത്ത വരി ഓര്‍മ്മ വന്നു: എഴുപത്തിയഞ്ച് മുഖങ്ങള്‍ ബന്ധുക്കള്‍ക്കിടയില്‍ നിന്നുതന്നെ നമുക്ക് കണ്ടുപിടിക്കാന്‍ പറ്റും, എന്നാല്‍ എഴുപത്തിയാറു മുതല്‍ അതൊരു ശ്രമമാണ്.... അവിടെ നിന്നു. ദിക്ക് തെറ്റിയ പോലെ എനിക്ക് പിന്നെ നീങ്ങാന്‍ പറ്റാതായി.

നമ്മുടെ ബ്രെയിന്‍ പേരും സ്ഥലവും ചേര്‍ത്ത് സൂക്ഷിക്കുന്ന, നമുക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്ന,അയ്യായിരം മുഖങ്ങളില്‍നിന്ന് ഒരേ ഛായയുള്ള ആളുകളെ അല്ലെങ്കില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്നു. കുറച്ചു മുമ്പേ ആ 'റൗണ്ടില്‍ എനിക്കുണ്ടായ പോലെ. പക്ഷെ അത് അയാള്‍ക്കോ എനിക്കോ ഞാനായിരുന്നില്ലെങ്കിലും.

കുവൈറ്റിലെ ഇറാക്കി അധിനിവേശത്തിന്റെ നാളുകള്‍ കഴിഞ്ഞ് എന്റെ ഒരു ചങ്ങാതി വീണ്ടും ജോലി ചെയ്യാനായി കുവൈറ്റില്‍ എത്തിയതായിരുന്നു, ആദ്യത്തെ ഗള്‍ഫ് യുദ്ധത്തിനും തൊട്ടുപിറകെ. അയാള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ ലാന്‍ഡ് ഫോണിലേക്ക് എന്നും രാത്രി കൃത്യസമയത്ത് ഒരു കാള്‍ വന്നു. ഒരു കുട്ടിയാണ്. ഹലോ ബാബാ എന്നുവിളിച്ച് കുട്ടി കരയാന്‍ തുടങ്ങും. കരച്ചിലിനിടയ്ക്ക് അറബിക്കില്‍ ചില വാക്കുകള്‍ പറയും. എന്റെ ചങ്ങാതി തിരിച്ചൊന്നും പറയാതെ, ഉള്ളിലുലഞ്ഞ്, എന്നും ആ ഫോണ്‍ കോള്‍ എടുക്കും. ഒരു പക്ഷേ, യുദ്ധഭൂമിയിലേക്കുള്ള ഒരു ഫോണ്‍ വിളിയാണത്. ആ കുട്ടി അവളുടെ അച്ഛനെ അന്വേഷിക്കുകയാണ്. ബാബാ എന്ന കുട്ടിയുടെ വിളിയില്‍ ദുര്‍മരണങ്ങളുടെ ഒടുങ്ങാത്ത ജീവിതമുണ്ടായിരിക്കണം, ഒരാള്‍ പെട്ടെന്ന് അവസാനിപ്പിച്ച ജീവിതത്തിന്റെ. അഞ്ചോ ആറോ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ കുട്ടിയുടെ വിളി എന്റെ ചങ്ങാതിയുടെ ദിവസത്തിന്റെ ഭാഗമായി. ഇപ്പോള്‍ ഞാന്‍ അവളോട് ചിലത് സംസാരിക്കുന്നുണ്ട്. ഉടനെ കാണാമെന്ന് പറയുന്നുണ്ട്. എന്റെ ചങ്ങാതി എന്നോട് പറഞ്ഞു. അസംബന്ധമായ ഒരു യുദ്ധത്തിനോ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കോ അര്‍ത്ഥം കണ്ടു പിടിക്കുകയായിരുന്നിരിക്കണം ചങ്ങാതി, അല്ലെങ്കില്‍ ഇറാക്കിലുള്ള ആ കുട്ടിയ്ക്ക് അവള്‍ തേടുന്ന അര്‍ത്ഥം നല്‍കുകയായിരിക്കണം ജീവിതത്തെ നാം ഓരോരുത്തരും നമ്മുടെതാക്കിക്കൊണ്ട് നടക്കാറുള്ളതുപോലെ.

പിന്നൊരു ദിവസം ആ ഫോണ്‍കോള്‍ എന്നേയ്ക്കുമെന്നപോലെ നിന്നു.

ജീവിതത്തിന്റെ അസംബന്ധതയാണ്, വാസ്തവത്തില്‍, നമ്മെ ജീവിതത്തിലേക്ക് പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു. യുദ്ധത്തിന് പോകുന്ന യുവാവിനെ നോക്കൂ. കവിത എഴുതുന്ന ആളെ നോക്കൂ. വിവാഹത്തിനൊരുങ്ങുന്ന യുവതിയെ നോക്കൂ. നശ്വരമായൊരു ജീവിതത്തിന്റെ നിലയ്ക്കാത്ത ചില നിശ്ചയങ്ങളിലേക്ക് നമ്മളെല്ലാം വരികയായിരുന്നു. ഇടയ്ക്ക് പ്രിയപ്പെട്ട പലതും ഓര്‍ത്ത്, പ്രിയപ്പെട്ട പലരെയും ഓര്‍മ്മിച്ച്, അല്ലെങ്കില്‍ ജീവിതത്തോളം നീണ്ടുനിന്ന അസംബന്ധതയ്ക്ക് നമ്മള്‍ അര്‍ത്ഥം ചമയ്ക്കുകയായിരുന്നു...

തിരിച്ച് വീട്ടിലേക്കുള്ള വഴിയില്‍ ഞാന്‍ എന്റെ ഒരു പഴയ ഫോട്ടോ ഓര്‍ത്തു. ഏടത്തിയുടെ ആല്‍ബത്തില്‍ ഈയിടെ കണ്ടതാണ്. ഇപ്പോള്‍ ഞാന്‍ തന്നെയാണോഎന്നായി...ഞാന്‍ ഫോട്ടോ നോക്കി. എന്റെ ഓര്‍മ്മയുള്ള മറ്റൊരാള്‍. 'ആള് മാറീ ന്ന് തോന്നുന്നു' എന്ന് ഞാന്‍ അതിനോട് ചിരിച്ചു. അതിനോട്സോറി പറഞ്ഞു.

പകല്‍ ''റൗണ്ടില്‍'' വെച്ച് കണ്ട ആ ആളെ ഓര്‍മ്മ വന്നു. ഒന്നു കൂടി അയാളെ തിരിഞ്ഞുനോക്കി. ഇപ്പോള്‍ അയാളുടെ ഉള്ളിലെ മറ്റൊരു പേരുള്ള എന്നെ കാണാന്‍ എനിക്ക് അതിയായ മോഹം തോന്നി!

Content Highlights: Aksharamprathi, Karunakaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented