എങ്കിലും എന്റെ മോഹം ആ പൂച്ചയ്ക്കും എനിക്കും നല്ല നിശ്ചയമായിരുന്നു. അന്നും ഇന്നും...!  | അക്ഷരംപ്രതി


കരുണാകരന്‍ഞാന്‍ മരിച്ചാല്‍ എന്റെ എഴുത്തിന്, എന്റെ പുസ്തകങ്ങള്‍ക്ക് എന്തുപറ്റും എന്ന് ഒരിക്കല്‍ ഒരെഴുത്തുകാരന്‍ എന്നോട് കുറച്ചു ദുഃഖത്തോടും കുറേ തോല്‍വിയോടും പറഞ്ഞു. ''എന്റെ മക്കള്‍ പുസ്തകങ്ങള്‍ വായിക്കുന്നവരല്ല. അവര്‍ക്ക് സാഹിത്യം തന്നെ ഇഷ്ടമായിരിക്കില്ല''.

ഡിസൈൻ ബാലു

'ഉള്ളംകൈയിലെ വെളിച്ചം നക്കിയും തുടച്ചും
മിനുസം വെപ്പിക്കുന്ന പൂച്ചേ
കോണിച്ചോട്ടിലെ നിഴലില്‍ നിന്നും
എന്റെയാ കുട്ടിക്കാലം കൂടി, നീ
ഇങ്ങോട്ട് ഉരുട്ടി താ!'

വരുടെ ബാല്യമത്രേ ഭാവനയുടെ ഉറവയായി മിക്ക എഴുത്തുകാരെയും അവരുടെ ജീവിതത്തില്‍ ഉടനീളം സന്ദര്‍ശിക്കുന്നത്. അഥവാ, ഓര്‍മയുടെ അതിദീര്‍ഘമായ ജീവിതം ഓരോരുത്തരുടെയും 'കുട്ടിക്കാലം' കൈയടക്കിയിരിക്കുന്നു. ഒരു 'കുട്ടിക്കല'ത്തില്‍ അത്രയും വലിയൊരു 'ഭൂത'ത്തെ, (past) നമ്മള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. കുട്ടിയെപ്പോലെ പെരുമാറുന്നു എന്നത് ദീനവും പരാജയവുമായി വരുന്ന വാര്‍ദ്ധക്യത്തിന്റെ കാലംവരെ, അത്രയും ബാല്യം സുരക്ഷിതമാണ്. പിന്നെ അത് എളുപ്പമല്ല. ഓര്‍മ്മ നമ്മെ പരാജയപ്പെടുത്താന്‍ തുടങ്ങുന്നു.

ജീവിതമാണ് എഴുത്തുകാര്‍ എഴുതുന്നത് എന്ന് അവരും നമ്മളും വിശ്വസിക്കുന്നു. ചിലപ്പോള്‍ 'കല ജീവിതം തന്നെ' എന്ന് തര്‍ക്കത്തില്‍ അവരും നമ്മളും പങ്കെടുക്കുന്നു. ചിലപ്പോള്‍ ആരൊറ്റ വാദത്തിനൊപ്പം ഇടിയുന്ന മണ്ണില്‍ കലയിലേക്ക് തിരിച്ചുനോക്കുന്ന ഒരാളെ സങ്കല്‍പ്പിക്കുക പോലും ചെയ്യുന്നു. ഒന്ന് ആലോചിച്ചാല്‍ എഴുത്തുകാര്‍ വൃദ്ധരാവുക തന്നെയാണ്. തങ്ങളുടെ തന്നെ ഭാവനയുടെ അന്ത്യമാണ് അവര്‍ എഴുതുമ്പോഴൊക്കെയും നേരിട്ടുകൊണ്ടേയിരിക്കുന്നത്. തങ്ങളുടെ അന്ത്യാഭിലാഷം എന്തെന്ന് എഴുത്തുകാര്‍ ഓര്‍ത്തുനോക്കുന്നു.

ഞാന്‍ മരിച്ചാല്‍ എന്റെ എഴുത്തിന്, എന്റെ പുസ്തകങ്ങള്‍ക്ക് എന്തു പറ്റും എന്ന് ഒരിക്കല്‍ ഒരെഴുത്തുകാരന്‍ എന്നോട് കുറച്ചു ദുഃഖത്തോടും കുറേ തോല്‍വിയോടും പറഞ്ഞു. ''എന്റെ മക്കള്‍ പുസ്തകങ്ങള്‍ വായിക്കുന്നവരല്ല. അവര്‍ക്ക് സാഹിത്യം തന്നെ ഇഷ്ടമായിരിക്കില്ല''. അയാള്‍ ഖേദത്തോടെ പറഞ്ഞു. മറ്റൊരു രാജ്യത്ത്, അയാള്‍ക്കും എനിക്കും അപരിചിതമായ അതിശൈത്യകാലത്ത്, മധുരമോ പാലോ ചേര്‍ക്കാത്ത ചായയുമായി ഒരു ഹോട്ടല്‍ മുറിയില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. തന്റെ കഴുത്തിനു ചുറ്റും കെട്ടിയ മഫ്‌ളറില്‍, കൈയ്യിലെ കപ്പില്‍നിന്നും ഉയരുന്ന വെളുത്ത പുകയില്‍, വരകള്‍ വീണ നെറ്റിയില്‍, അയാളുടെ തന്നെ താഴ്ന്ന സ്വരമുള്ള ശ്വാസം കലരുന്നുണ്ടാവും എന്ന് എനിക്കുതോന്നി.

ഞാന്‍ അയാളെ കേള്‍ക്കുക മാത്രം ചെയ്തു. അയാളുടെ പുസ്തകങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരാളെപ്പോലെ. തീര്‍ച്ചയായും, അയാള്‍ നമ്മുടെ ഭാഷയിലെ ജനപ്രിയനായ എഴുത്തുകാരനായിരുന്നു, ഇടവേളകള്‍ ഇല്ലാതെ അയാള്‍ എഴുതുന്നുമുണ്ട്, അനവധി പുസ്തകങ്ങളുമുണ്ട്, എങ്കിലും, അടിയന്തിരമായ ഒരു ശൂന്യതയുടെ വലയത്തിലായിരുന്നു അയാള്‍, അപ്പോള്‍.

അങ്ങനെയാണ് അത്. നശ്വരതയ്ക്ക് എതിരെയുള്ള 'ഭാവന'യുടെ നീക്കം ചില സമയം അത്ര നിസ്സഹായമാണ്. എഴുത്തുകാരുടെ സ്മാരകങ്ങള്‍ കാട് പിടിച്ചും ആരും തിരിഞ്ഞുനോക്കാതെയും നിലകൊള്ളുന്നത് ഭാവനയുടെ നശ്വരത വിളംബരം ചെയ്യാനാണ്. ആ അവസരങ്ങള്‍ അവരെ ജീവിച്ചിരിക്കുമ്പോഴും സന്ദര്‍ശിയ്ക്കുന്നു.

Also Read

ആ വലിയ മനുഷ്യരുടെ കാലുകൾ എന്നെ ചവുട്ടിക്കൂട്ടി, ...

ജീന്‍ പോള്‍ സാര്‍ത്രെയെ, അയാളുടെ അന്ത്യകാലത്ത് ഒരിക്കല്‍, ഒരു ചടങ്ങില്‍വെച്ച് ആദ്യമായി കണ്ടതിനെപ്പറ്റി എഡ്വേര്‍ഡ് സൈദ് എഴുതിയത് ഓര്‍ക്കുന്നു. തന്റെ യുവത്വത്തെ 'തത്വചിന്ത' കൊണ്ടും രാഷ്ട്രീയ സമരങ്ങള്‍കൊണ്ടും പ്രചോദിപ്പിച്ച ആ വലിയ എഴുത്തുകാരന്‍, ആള്‍ക്കൂട്ടത്തിനിടയില്‍, സൗഹൃദങ്ങളാല്‍ ചുറ്റപ്പെട്ടു നില്‍ക്കുകയായിരുന്നു, പക്ഷെ, അപ്പോഴും വല്ലാത്തൊരു പിന്‍വാങ്ങല്‍ സാര്‍ത്രെയുടെ കാഴ്ച്ചയിലുണ്ടായിരുന്നു എന്ന് സൈദ് എഴുതുന്നു. സൈദിന്റെ ലേഖനം വായിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തത് സാര്‍ത്രെയുടെ വിശ്വപ്രസിദ്ധമായ ആത്മകഥയായ Words ആയിരുന്നു. ബാല്യത്തിനൊപ്പം ഏകാന്തതയും പരിചയപ്പെട്ട ആ നാളുകളെപ്പറ്റി ഞാന്‍ ഓര്‍മിക്കുകയായിരുന്നു.

അതെ, ഒരു പക്ഷെ ഇതായിരിക്കും നേര്- അവരെ ഒറ്റയ്ക്ക് വിടാതെ, അവരുടെ ബാല്യം, ഏറ്റവും അടുപ്പത്തോടെ എഴുത്തുകാരെ സന്ദര്‍ശിക്കുന്നു. നീണ്ടുനിന്ന ഒരു സൗഹൃദം പറയാതെ വെളിപ്പെടുത്തുന്നു. കുട്ടിക്കാലത്തെ മോഹം എഴുത്തുകാരാവുക എന്നൊന്നുമായിരിക്കില്ല, പക്ഷെ, കുട്ടിക്കാലത്തിനു മാത്രം അനുഭവപ്പെട്ട ഏകാന്തത അയാളില്‍, എല്ലാ മോഹവും വകഞ്ഞ്, എക്കാലത്തെയ്ക്കുമായി നീണ്ടുനില്‍ക്കുന്നു. ഓര്‍മയുടെ ഖനി ഒരു മിന്നല്‍ വെളിച്ചത്തില്‍ കാണാന്‍ വീണ്ടും വീണ്ടും അവര്‍ക്ക് അവസരമൊരുക്കുന്നു.

പട്ടാമ്പിയിലെ, ശരിക്കും പറഞ്ഞാല്‍ തിരുവേഗപ്പുറയില്‍ കൈപ്പുറത്ത്, ഞങ്ങള്‍ കുട്ടികള്‍ വളര്‍ന്ന പഴയ വീട്ടില്‍ എത്തുമ്പോള്‍ ഞാന്‍ നോക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ഥലം അവിടെ ഇടനാഴിയോടും അടുക്കളയോടും ചേര്‍ന്ന കോണിച്ചോടാണ്. ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ച്ച, അവിടെ കോണിയുടെ ഏറ്റവും മുകളിലത്തെ പടിയോട് ചേര്‍ന്ന് കണ്ണാടി കൊണ്ടുള്ള ഒരോടുണ്ട്, അവിടെ നിന്ന് നേരെ കോണിച്ചോട്ടിലേക്ക് പകല്‍ വെളിച്ചത്തിന്റെ ഒരു ചതുരം വന്നുവീഴുന്നു. ആ വെളിച്ചത്തില്‍ ഒരു പൂച്ച കിടക്കുന്നുണ്ടാകും. ആലോചിച്ചും കൈകള്‍ നക്കിയും ഉറക്കം തൂങ്ങിയും. ആ പൂച്ചയോടാണ് ഞാന്‍ എന്റെ ബാല്യത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത്. സംസാരിക്കാതിരുന്നപ്പോഴും. കാണാതിരുന്നപ്പോഴും.

ഞങ്ങളുടെ വീട്ടില്‍ എഴുത്തുകാര്‍ ഉണ്ടായിരുന്നില്ല, വായനക്കാര്‍ ഉണ്ടായിരുന്നില്ല, പുസ്തകങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും എന്റെ മോഹം ആ പൂച്ചയ്ക്കും എനിക്കും നല്ല നിശ്ചയമായിരുന്നു. അന്നും ഇന്നും.

അല്ലാതെ, എഴുത്തിന്റെ നശ്വരതയെ എങ്ങനെ വരവേല്‍ക്കും എന്നാണ് കരുതുന്നത്!

Content Highlights: Aksharamprathi, Karunakaran, Cat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented