'ആണ്‍ നോട്ട'ങ്ങളുടെ ഒരു വലിയ ഇരയാണ് എല്ലാ എഴുത്തുകാരും ചിത്രകാരന്മാരും ചലച്ചിത്രകാരന്മാരും!


കരുണാകരന്‍ചുറ്റും ആരും ശ്രദ്ധിക്കാത്ത ഒരു നിമിഷത്തില്‍ അവള്‍, എന്റെ മുമ്പിലേക്ക് കയറി നിന്നു, 'സാരിയില്‍ ഞാന്‍ കാണാന്‍ എങ്ങനെ?' എന്ന് ചോദിച്ചു.

ചിത്രീകരണം: ബാലു

പ്രശസ്ത ചിത്രകാരന്‍ ജോണ്‍ ഫെര്‍ണാണ്ടസിന്റെ (1951-2007) ഒരു പെയിന്റിംഗ്; വെളുത്ത സാരി ചുറ്റിയ ഒരു നഗരയുവതി ഒരു ബാല്‍ക്കണിയില്‍ കുനിഞ്ഞുനിന്ന് താഴേക്കുനോക്കി നില്‍ക്കുന്ന ചിത്രം, ഞാന്‍ എന്റെ ചങ്ങാതിക്ക് അയച്ചു കൊടുത്തതായിരുന്നു. അതിന് മറുപടിയായി അവള്‍ ''സാരി ചുറ്റിയ പെണ്ണുങ്ങള്‍ നിനക്ക് ഒഴിയാബാധയായിരിക്കുന്നു'' എന്നെഴുതി. എന്നെ കളിയാക്കി. ഇതേ പരമ്പരയിലുള്ള ജോണ്‍ ഫെര്‍ണാണ്ടസിന്റെ മറ്റു ചില ചിത്രങ്ങള്‍, എല്ലാം പെണ്ണുങ്ങള്‍, എല്ലാം സാരി ചുറ്റിയവര്‍, മുമ്പും ഞാന്‍ അവള്‍ക്ക് അയച്ചതിന്റെ ഓര്‍മ്മയിലാകണം എന്റെ സുഹൃത്ത് ഇപ്പോള്‍
അങ്ങനെ പറഞ്ഞത്. ഞാന്‍ അവള്‍ക്ക് ഒരു ''സ്‌മൈലി'' മാത്രം മറുപടിയായി അയച്ചു.

കര്‍ണ്ണാടകയിലെ ബെല്‍ഗാമില്‍ ജനിച്ച് മുംബെയില്‍ ഇരുപത്തിയഞ്ച് വര്ഷം ജീവിച്ച ചിത്രകാരന്‍ തന്റെ നഗരത്തില്‍ നിന്നും പകര്‍ത്തിയ ഈ ചിത്രങ്ങളില്‍ എന്റെ പ്രിയപ്പെട്ട നഗരവും പ്രിയപ്പെട്ട ഓര്‍മ്മകളും സന്ദര്‍ശിയ്ക്കുന്നതുകൊണ്ടുകൂടിയായിരിക്കണം ഞാനീ ചിത്രങ്ങളില്‍ വീണ്ടും വീണ്ടും ചെന്നിരിക്കുക. തീര്‍ച്ചയില്ല. മറ്റൊരുതരത്തില്‍, ഓര്‍മ്മകളും നമ്മള്‍ പാര്‍ത്ത സ്ഥലങ്ങളെപ്പോലെയാണ്. എപ്പോഴെങ്കിലും അവ നമ്മുടെ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

മുംബൈ നഗരത്തില്‍ വെച്ചുതന്നെ പരിചയപ്പെട്ട ഒരു യുവതി ഒരു ദിവസം കാണാന്‍ വന്നത് സാരിയിലായിരുന്നു. അവളെ എപ്പോഴും നഗരത്തിലെ നടപ്പു ഫാഷനില്‍ മാത്രമായിരുന്നു ഞാന്‍ കണ്ടിരുന്നത്. അല്ലെങ്കില്‍, അന്നും, നഗരത്തിലെ വലിയ സിനിമാ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ചലച്ചിത്രനടികളാണ് ഒരേസമയം വസ്ത്രങ്ങളിലും ശീലങ്ങളെയും അ-ശീലങ്ങളെയും അവതരിപ്പിച്ചിരുന്നത്. അതിനാല്‍, ആധുനികവും പാരമ്പര്യവുമായി ഒരു സംഘര്‍ഷം, നഗരങ്ങളില്‍ വിശേഷിച്ചും, അവര്‍ എപ്പോഴും കരുതി വെച്ചു. ഓരോ പരിഷ്‌കാരവും, അങ്ങനെ, ഓരോ പെരുമാറ്റങ്ങളെയും കവിഞ്ഞു നില്‍ക്കുന്ന 'പുതിയ' ഒന്നിനെ തേടിപ്പിടിച്ചു. പിന്നെ അതിനെ പുതിയൊരു പെരുമാറ്റമാക്കി.

ചുറ്റും ആരും ശ്രദ്ധിക്കാത്ത ഒരു നിമിഷത്തില്‍ അവള്‍, എന്റെ മുമ്പിലേക്ക് കയറി നിന്നു, 'സാരിയില്‍ ഞാന്‍ കാണാന്‍ എങ്ങനെ?' എന്ന് ചോദിച്ചു.
ചലച്ചിത്രങ്ങളില്‍ കണ്ടിരുന്നതുപോലെതന്നെ. തീവ്രമായൊരു ഇഷ്ടത്തില്‍ പ്രവേശിച്ചപോലെ ഞാന്‍ അവളെത്തന്നെ നോക്കി നിന്നു. ഞങ്ങള്‍ പാര്‍ക്കുന്ന
നഗരത്തിന്റെ അക്ഷീണമായ വേഗത ഒരു നിമിഷം എന്റെ ഉള്ളില്‍ത്തന്നെ ചിതറിയതാകണം, ഞാന്‍ അവളുടെ കൈ പിടിച്ചു. അവളുടെ കണ്ണുകളിലേക്ക് അതിയായ ആഗ്രഹത്തോടെ നോക്കി. മോഹന്‍ ജദാരോ മുതല്‍ എം എഫ് ഹുസൈന്‍ വരെയുള്ള ചിത്രകാരന്മാര്‍ പെണ്‍ രൂപമെന്ന പ്രഹേളികയെ കൃത്യമായി നിര്‍വ്വചിക്കാന്‍ പ്രാപ്തമായ ഒരു വിഷ്വല്‍ കോഡ് തിരയുകയായിരുന്നു എന്ന് തന്റെ ഒരു ലേഖനത്തില്‍ പ്രശസ്ത ചിത്രകാരന്‍ ഏ. രാമചന്ദ്രന്‍ പറയുന്നു. ''ആണ്‍നോട്ട''ത്തെപ്പറ്റി പറയുന്ന ഒരു ലേഖനമാണത്. (The Male Gaze and the Human Image - The Lotus Pond -A. Ramachandran).

മനുഷ്യരൂപങ്ങള്‍ വരയ്ക്കുമ്പോള്‍, മനുഷ്യ ശരീരങ്ങളിലേക്ക് തിരിയുമ്പോള്‍ ചിത്രകാരന്മാര്‍ പലപ്പോഴും പെണ്ണുടലുകളില്‍ എത്തുന്നു. രാമചന്ദ്രന്‍ എഴുതുന്നു. ഒരു പക്ഷെ ''തികഞ്ഞ മനുഷ്യ ശരീര''ത്തിലെത്താന്‍ എന്ന പോലെ. തന്നെയും അതാണ് നയിക്കുന്നത് എന്ന് രാമചന്ദ്രന്‍ പറയുന്നു. ഒരുപക്ഷേ മലയാളിയായതുകൊണ്ടും, രവിവര്‍മ്മയെ പിന്തുടര്‍ന്നതുകൊണ്ടും, രാം കിങ്കര്‍ ഗുരുവായിരുന്നതുകൊണ്ടും എന്ന് അദ്ദേഹം തന്റെ
'ആണ്‍നോട്ട'ത്തെപ്പറ്റി തുടര്‍ന്ന് എഴുതുന്നു.

അല്ലെങ്കില്‍, 'ആണ്‍നോട്ട'ങ്ങളില്‍ പ്രിയപ്പെട്ട പലതും പെണ്ണുടലുകളെപ്പറ്റിയാണ്. സാഹിത്യത്തിലും ചലച്ചിത്രത്തിലും ചിത്രകലയിലും നാം കാണാറുള്ളതുപോലെ. എന്നാല്‍, ഒഴിയാബാധയായി അനുഭവിക്കുന്ന തന്റെ തന്നെ ആണ്‍നോട്ടത്തില്‍നിന്ന് ഒരാള്‍, ഒരു വേള, ഒരു വിടുതിയും
ആഗ്രഹിക്കുന്നു. കലയില്‍ അത് പ്രകടമാണ്. ഏറ്റവും അവസാനം, കല, സ്വതന്ത്രമാവാനുള്ള ഒരു ഉപാധിയായിക്കൂടി സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍. തന്റെ ഓരോ രചനയില്‍ നിന്നും വിടുതി ആഗ്രഹിക്കുന്ന ചിത്രകാരന്‍ സ്വതന്ത്രനാവാനുള്ള മനുഷ്യരുടെ ആഗ്രഹത്തെയും
പ്രതിനിധീകരിക്കുന്നു. കൂട്ടത്തിലും കുടുംബത്തിലും ഇണയിലും അയാള്‍ ഒരാള്‍ മാത്രമായി തന്നെത്തന്നെ എപ്പോഴും കണ്ടുപിടിക്കുന്നു.

സാരി ചുറ്റി നില്‍ക്കുന്ന പെണ്ണ് - അങ്ങനെയൊരു പെണ്‍രൂപം എന്റെ ഓര്‍മയിലെ ''ഒഴിയാബാധ''യായ ഒരു ദൃശ്യമായത് എങ്ങനെ എന്ന് ഞാന്‍ ആലോചിട്ടുണ്ട്. ആ സമയമൊക്കെ, ഞാന്‍, എനിക്ക് പ്രിയപ്പെട്ട ഒരു അധ്യാപികയുടെ രൂപത്തിലേക്ക് എത്തുകയും ചെയുന്നു. അല്ലെങ്കില്‍ എത്ര എത്ര നടികള്‍ എത്ര എത്ര ചലച്ചിത്രങ്ങളില്‍ സാരിയില്‍ വന്നു! എന്നാല്‍, ഏലിയാമ്മ, ഞങ്ങളുടെ സ്‌കൂള്‍ ക്ലാസിലെ ഹിന്ദി ടീച്ചര്‍, സാരിയുടെ ഭംഗി മുഴുവന്‍ എനിക്കുവേണ്ടി, അല്ലെങ്കില്‍ പില്‍ക്കാലത്ത് പൂരിപ്പിക്കപ്പെടുന്ന എന്റെ 'ആണ്‍നോട്ട'ത്തിനുവേണ്ടി ആദ്യമേ അവതരിപ്പിച്ചിരുന്നു. ഒരു പക്ഷെ അതിങ്ങനെയും ആകാം: പല നിറങ്ങളിലുള്ള, വലിയ പുള്ളികളും, വലിയ കള്ളികളുമുള്ള അവരുടെ സാരികള്‍ അവയുടെ നറുമണമുള്ള കാറ്റിനൊപ്പം എന്റെ കൂടെ കൂടുകയായിരുന്നു. ശ്വാസത്തില്‍ കലരുകയായിരുന്നു. യുവതിയാവുന്നതിന്റെ ഭംഗി കൂടി ആ അദ്ധ്യാപിക ഞങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി അവതരിപ്പിക്കുകയായിരുന്നു.

എന്റെ 'ആണ്‍നോട്ട'ത്തിന്റെ ആദ്യ ചിത്രമാവാന്‍, പിന്നീട് ഒരിക്കലും പ്രായമാകാതെ, അതേ പ്രായത്തില്‍, അവര്‍ എക്കാലത്തെയ്ക്കുമായി ഖനീഭവിക്കുകയായിരുന്നു. ഒരു ഫോട്ടോഗ്രാഫിന്റെ ദൗത്യംപോലെ. ഒരു ആണ്‍പന്നിയുടെ ആള്‍രൂപമെന്ന നിലയില്‍ തനിക്ക് 'ആണ്‍
നോട്ടം' എന്ന അസുഖം ഇടയ്ക്കിടെ ഉണ്ടാവാറുണ്ട് എന്ന് രാമചന്ദ്രന്‍ തന്റെ ലേഖനത്തില്‍ പറയുന്നു. അത് കേരളത്തിന്റെ പാരമ്പര്യത്തില്‍ നിന്നും കിട്ടിയതാകാമെന്നും. പിറകെ, ഒരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയുടെ ഓര്‍മ്മയില്‍, അതിലെ ഒരു കണ്ണി എന്ന നിലയില്‍, തന്റെ പ്രിയപ്പെട്ട ചിത്രകാരനെക്കുറിച്ചും ഗുരുനാഥനെക്കുറിച്ചും പറയുന്നു.

ഞാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ''അനന്തരം'' എന്ന ചലച്ചിത്രത്തിലെ ഒരു കാഴ്ച്ച ഓര്‍ക്കുന്നു: ഒരു രാവിലെ മമ്മൂട്ടിയുടെ കഥാപാത്രം കുളിക്കാനായി കുളക്കടവിലെക്ക് ഇറങ്ങി വരികയാണ്, ആ സമയം കുളി കഴിഞ്ഞ് ഒരു യുവതി, കുളി കഴിഞ്ഞുവരുന്ന ഒരു ടിപ്പിക്കല്‍ മലയാളി സ്ത്രീയായിത്തന്നെ, പടികള്‍കയറി വരുന്നു. രണ്ടു പേരുടെയും കണ്ണുകള്‍ കോര്‍ക്കുന്നു. പിന്നെ നമ്മള്‍ കാണുന്നത് പടവുകള്‍ കയറി പോകുന്ന സ്ത്രീയുടെ പിന്‍ദൃശ്യം മറയുന്നതുവരെ താഴെ നിന്ന് നോക്കിനില്‍ക്കുന്ന മമ്മൂട്ടിയെ, ആണിനെയാണ്. മറ്റൊരു ''ആണ്‍ നോട്ട''ത്തെ പ്രിയതരമായി അവതരിപ്പിക്കുന്ന ഫ്രെയിം തന്നെ.

മുംബൈയിലെ എന്റെ ചങ്ങാതിയെ, സാരി ചുറ്റി വന്ന് ഒറ്റ ദിവസംകൊണ്ട് യുവതിയായ അവളെ, ആ ദിവസങ്ങളില്‍ത്തന്നെ എനിക്ക് നഷ്ടമായി... അല്ലെങ്കില്‍, ഞാന്‍ അവളെയും അവള്‍ എന്നെയും ആ ദിവസത്തില്‍ത്തന്നെ മറന്നു. നഗരങ്ങള്‍ക്ക് എല്ലാ പ്രണയവും വേഗമേറിയ ഒരു ജീവിതമാണ് എന്ന പോലെ. നോക്കി നില്‍ക്കെ വസ്തുക്കള്‍ പോലെ അതും അപ്രത്യക്ഷമാവുന്നു. ആ ദിവസങ്ങളില്‍ എനിക്കത് വലിയ സങ്കടമായി. അവള്‍ പാര്‍ത്തിരുന്ന വീട് എനിക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ സ്ഥിരമായി കണ്ടുമുട്ടിയിരുന്ന ഇടങ്ങള്‍ അല്ലാതെ തിരയാന്‍ മറ്റൊരു സ്ഥലവും ഇല്ലായിരുന്നു. എന്നിട്ടും, അവളെക്കുറിച്ചുള്ള ഓര്‍മ്മയില്‍, അതേ ദിവസങ്ങളില്‍, രണ്ടോ മൂന്നോ തവണ ആ നഗരത്തില്‍ ഞങ്ങള്‍ പാര്‍ത്തിരുന്ന അതേ സ്ഥലത്ത്, അവിടത്തെ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ എത്തി. പക്ഷെ, അവളെ പിന്നെ ഒരിക്കലും ഞാന്‍ കണ്ടതേയില്ല. ഇനി കാണുകയുമില്ല. അതിനാല്‍, പതുക്കെ, നഷ്ടപ്പെട്ട ഏതൊന്നിനെയും പോലെ, അതിന്റെ ജീവനോടെ, ഈ ഓര്‍മ്മയും, ഞാനെന്റെ ഓര്‍മ്മയില്‍ നിക്ഷേപിച്ചു. അല്ലെങ്കില്‍, എന്റെ തന്നെ ''ആണ്‍നോട്ട''ത്തില്‍ സംസ്‌കാരമുള്ളവനാവാന്‍ പോന്നവിധം ''ഒരു ദുഃഖം'' ആ ഒരൊറ്റ ദിവസത്തെ അവളുടെ കാഴ്ച്ചയില്‍ ഉണ്ടായിരുന്നു.

ഇപ്പോഴും അവള്‍ എന്റെ മുമ്പിലേക്ക് കടന്നുനില്‍ക്കുന്നു. എനിക്ക് നേരെ തിരിഞ്ഞുനില്‍ക്കുന്നു. തന്നെ കാണാന്‍ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നു.
അല്ലെങ്കില്‍, 'ആണ്‍ നോട്ട'ങ്ങളുടെ ഒരു വലിയ ഇരയാണ് എല്ലാ എഴുത്തുകാരും ചിത്രകാരന്മാരും ചലച്ചിത്രകാരന്മാരും. തങ്ങളുടെ ഉടലില്‍ അവര്‍ കൊണ്ടുനടക്കുന്ന ആണ്‍രൂപം എണ്ണമറ്റ ആണ്‍ നോട്ടങ്ങളുടെ ഒരു നിര്‍മ്മിതിയാണ് എന്നും.

Content Highlights: aksharamprathi, karunakaran, male aesthetic sense and sari


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented