'എല്ലാ നല്ല എഴുത്തുകാര്‍ക്കും സംഭവിക്കുന്നതുപോലെ എം.ടിയെയും ആരാധകര്‍ റാഞ്ചിക്കൊണ്ടുപോയി'


കരുണാകരന്‍. ലോകസാഹിത്യത്തെ പലപ്പോഴും മലയാള വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ ഒരു എഴുത്തുകാരനും പത്രാധിപരും എന്ന നിലയ്ക്ക്, തീര്‍ച്ചയായും കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയവും സാഹിത്യവും എം. ടിക്ക് അപരിചിതവുമായിരുന്നില്ല.

എം.ടി/ ഫോട്ടോ: കെ.കെ. സന്തോഷ്‌

ട്ത്തിയുടെ കല്യാണത്തലേന്ന്, വൈകുന്നേരത്തോടെ, അച്ഛന്റെ അനിയന്‍ ഞങ്ങളുടെ വീട്ടില്‍ വന്നു, പന്തല്‍പ്പണിക്കാര്‍ക്ക് ഒപ്പം കൂടി. സ്‌കൂള്‍ മാഷാണ്. പന്തല്‍ അലങ്കാരത്തിനുള്ള വര്‍ണ്ണക്കടലാസ് വെട്ടി ചെറിയ പൂക്കള്‍ ഉണ്ടാക്കാനും ചെറിയ നക്ഷത്രങ്ങള്‍ ഉണ്ടാക്കാനും എനിക്ക് പറഞ്ഞുതന്നു. ഞാന്‍ അന്ന് ഏഴില്‍ പഠിക്കുകയാണ്, കഥകള്‍ കേള്‍ക്കാനും പദ്യങ്ങള്‍ ചൊല്ലാനും ഇഷ്ടമുള്ള നാളുകളാണ്, സ്‌കൂളിലെ സാഹിത്യസമാജം സെക്രട്ടറിയുമാണ്. വാസുമ്മാമ, അങ്ങനെയാണ് ഞങ്ങള്‍ അച്ഛന്റെ അനിയനെ വിളിച്ചിരുന്നത്, ഇടയ്ക്ക് സ്‌കൂളിനെപറ്റിയും പഠിപ്പിനെപ്പറ്റിയും സാഹിത്യസമാജത്തെപ്പറ്റിയും ചോദിച്ചറിയുന്നതിനിടയ്ക്ക് എന്നോട് 'നീ എം.ടി. വാസുദേവന്‍ നായരെ കേട്ടിട്ടുണ്ടോ?' എന്ന് ചോദിച്ചു.''വലിയ സാഹിത്യകാരനാണ്, എന്റെ ക്ലാസ്‌മേറ്റാണ്''- വാസുമ്മാമ പറഞ്ഞു.

എം.ടി. വാസുദേവന്‍ നായരുടെ പേര് അങ്ങനെയാണ് ഞാന്‍ ആദ്യം കേള്‍ക്കുന്നത്. എന്റെ അച്ഛന്റെ നാട്ടുകാരനാണ്, വാസുമ്മാമയുടെ സതീര്‍ത്ഥ്യനാണ്, പിന്നെ പലതും എം.ടിയെക്കുറിച്ച്, അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കുന്നതിനും മുമ്പ് തന്നെ, ഞാന്‍ മനസ്സിലാക്കി. ഒരിക്കല്‍ എം.ടി. എഴുതാന്‍ വന്നിരിക്കാറുള്ള വീട് കണ്ടു, ഒരിക്കല്‍ നീലത്താമാര വിരിയുന്ന കുളം കണ്ടു, ഭാരതപ്പുഴ പല തവണ കണ്ടു. ഇതിനൊക്കെ മുമ്പ് അവിടത്തെ രണ്ടു മൂന്നു ഭഗവതിമാരുടെ പേരുകളും ഞാന്‍ കേട്ടിരുന്നു. ചമ്മിണിക്കാവിലമ്മ, വടക്കേ മുത്തശ്ശിയാരമ്മ, തെക്കേ മുത്തശ്ശിയാരമ്മ, പിന്നെ ഇവര്‍ രണ്ടുപേരുടെയും അനിയത്തിമാരില്‍ ഒരാളായ ഞങ്ങളുടെ തട്ടകത്തിലെ ചിനവതിക്കാവിലമ്മ അങ്ങനെ എം.ടിയുടെ കഥകളിലേയ്ക്ക് പ്രവേശിക്കാനുള്ള നേര്‍വഴികളും ഇടവഴികളും എനിക്കും വേഗം പരിചയമായി. അവിടത്തെ കാറ്റും വയലുകളും പീടികകളും മനുഷ്യരും ഒക്കെ അതേ പരിചയത്തോടെ കൂടെക്കൂടി. പിന്നെയും കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, ഒരിക്കല്‍ മാത്രം, ഞാന്‍ എം.ടിയെ കാണുന്നത്. അതും ഭംഗിയുള്ള ഓര്‍മ്മയാണ്.തൊണ്ണൂറുകളില്‍ എം.ടി. ഏതോ പരിപാടിയുടെ ഭാഗമായി കുവൈറ്റില്‍ എത്തിയതാണ്. അവിടെ, ഇന്ത്യന്‍ എംബസിയില്‍, ഒരു പൊതുപരിപാടിയില്‍, അദ്ദേഹം പ്രസംഗിക്കുന്നുണ്ടായിരുന്നു, അത് കേള്‍ക്കാന്‍ ഞാനും ഭാര്യയും ഞങ്ങളുടെ മകളും പോയി. പോകുമ്പോള്‍, അവസരം വന്നാല്‍, എം.ടിക്കു കൊടുക്കാന്‍ ഒരു പുസ്തകവും ഞാന്‍ കരുതിയിരുന്നു. എഴുത്തുകാരെ കാണാന്‍ പോകുമ്പോള്‍ ഇപ്പോഴും പ്രിയപ്പെട്ട ഒരു പുസ്തകവുമായാണ് പോവുക, അവരുടെ ഇഷ്ടമല്ല, എന്റെ ഇഷ്ടമാണ് ആ പുസ്തകത്തിന്റെ തിരഞ്ഞെടുപ്പിലെങ്കിലും അങ്ങനെയൊരു സമ്മാനം കെയ്യില്‍ വെക്കും. അവസരം വന്നാല്‍ അവര്‍ക്ക് നല്‍കും.

വലിയ ആള്‍ക്കൂട്ടമായിരുന്നു അവിടെ, എം.ടിയുടെ ഒരു ഉജ്ജ്വലപ്രസംഗം ഉണ്ടായിരുന്നു, എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും അവര്‍ പാര്‍ക്കുന്ന ഭൂഖണ്ഡങ്ങളിലെ രാഷ്ടീയ കാലാവസ്ഥയെപ്പറ്റിയും ഒക്കെ പറയുന്ന പ്രസംഗം, വര്‍ഷങ്ങള്‍ കഴിഞ്ഞും ആ നേരം മനസ്സിലുണ്ട്.

പ്രസംഗത്തിനു ശേഷം വേദിയുടെ അരികിലായി എം.ടിയുടെ വായനക്കാര്‍ക്കും എം.ടിയുടെ സിനിമാ ആരാധകര്‍ക്കും സാഹിത്യതല്‍പ്പരരായ ആളുകള്‍ക്കും നടുവില്‍ എം.ടി. നില്‍ക്കുകയായിരുന്നു, അരികിലേക്ക് എത്താനുള്ള വഴി ഒന്നുമില്ല. എങ്കിലും, ആ ആള്‍ക്കൂട്ടത്തിന്റെ തലകള്‍ക്ക് മീതെ, സ്ഥലം ഉണ്ടാക്കി, എം.ടിക്ക് നേരെ, കൈയ്യില്‍ കരുതിയിരുന്ന പുസ്തകം ഞാന്‍ നീട്ടി, അദ്ദേഹം അത് കണ്ടു, എന്റെ കൈയ്യില്‍നിന്നു പുസ്തകം വാങ്ങി, 'ഓ! ഹാവേല്‍!'' എന്ന് പറഞ്ഞ് എന്നെ നോക്കി. അത്രയുമായിരുന്നു ആ കൂടിക്കാഴ്ച്ച. പിന്നെ എം.ടിയെ ഞാന്‍ കണ്ടിട്ടില്ല. പരിചയപ്പെട്ടില്ല.

അദ്ദേഹത്തിന്റെ രണ്ടാം വരവിലാണ് 'മാതൃഭൂമി'യില്‍ എന്റെ കഥകള്‍ ചിലത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതെങ്കിലും. അല്ലെങ്കില്‍, ചിലരെ നമ്മള്‍ ഒരിക്കല്‍ മാത്രം സന്ദര്‍ശക്കുന്നു അതിദീര്‍ഘമായ ഒരു നിമിഷമായി ആ കൂടിക്കാഴ്ച നമ്മുടെ ആയുസ്സിലേക്കും പടരുന്നു. ഒരു പക്ഷെ, അങ്ങനെയുമാകാം സാഹിത്യം ഓര്‍മ്മയുടെ കലയായത്. എന്തുകൊണ്ടാണ് വാസ്ലേവ് ഹാവേലിന്റെ പുസ്തകം, നാടകങ്ങളുടെ സമാഹാരമായിരുന്നു അത്, ഞാന്‍ എം.ടിക്ക് സമ്മാനിച്ചത് എന്ന് എനിക്ക് നിശ്ചയമുണ്ട്: എനിക്ക് പ്രിയപ്പെട്ട പുസ്തകമായിരുന്നു അത്. ഹാവേല്‍, പ്രിയപ്പെട്ട 'നാടകകാരനും''- 'അസംബന്ധ നാടകവേദി'യുടെ മറ്റൊരാള്‍. ഹാവേലിന്റെ പ്രബന്ധങ്ങള്‍, കലയെയും രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും സംബന്ധിച്ചുള്ളവ, ചിലപ്പോള്‍ ആ 'എഴുത്ത്; മുഴുവന്‍ സ്റ്റാലിനിസത്തിന്റെയും ശീതയുദ്ധ കാലത്തിന്റെയും ഡോക്യുമെന്റെഷന്‍ കൂടി ആവണം. മനുഷ്യരാശിയുടെ തന്നെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു ഘട്ടം, വിശേഷിച്ചും യൂറോപ്പിന്റെ കാര്യത്തില്‍, ഈ കാലം അടയാളപ്പെടുത്തുന്നു. കലയിലും സാഹിത്യത്തിലും അതിന്റെ സവിശേഷങ്ങളായ അനുഭവങ്ങളും ഉണ്ട്.

എം. ടിക്കും ഹാവേലിനും സമമായി പങ്കുവെക്കുന്ന ഒന്നും ഇല്ല, സാഹിത്യപരമായി. അങ്ങനെ ആഗ്രഹിക്കാനും കഴിയില്ല. സാഹിത്യം, എപ്പോഴും, വളരെ പ്രാദേശികമായ ഒരു ഉറവയുടെ സമീപത്ത് സംഭവിക്കുന്നു: സംസ്‌കാരങ്ങളും ജനപഥങ്ങളും ഒരിക്കല്‍ നിര്‍മ്മിക്കപ്പെട്ടതുപോലെ. ലോകസാഹിത്യത്തെ പലപ്പോഴും മലയാള വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ ഒരു എഴുത്തുകാരനും പത്രാധിപരും എന്ന നിലയ്ക്ക്, തീര്‍ച്ചയായും കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയവും സാഹിത്യവും എം.ടിക്ക് അപരിചിതവുമായിരുന്നില്ല. ഹാവേല്‍ അപരിചിതനുമാവില്ല 'ഓ! ഹാവേല്‍!' എന്ന് പറഞ്ഞാണ് ആ പുസ്തകം വാങ്ങി അദ്ദേഹം അത്ഭുതപ്പെട്ടതും തിരിഞ്ഞുനോക്കിയതും. അപ്പോഴും, ഈ രണ്ട് എഴുത്തുകാര്‍ക്കും പൊതുവായി ഒന്നുമില്ല. എന്നാല്‍,
എഴുത്തുകാരെ ബാധിക്കുന്ന ഒരു വിഷയം ഈ രണ്ടു പേരിലും പ്രകടമായും ഉണ്ടായിരുന്നു:

ഭരണകൂടങ്ങളുടെ സമഗ്രാധിപത്യ വാസനയ്ക്ക് എതിരെ സ്വീകരിക്കുന്ന നിലപാട് ആണത്. ഹാവേലിന്റെ എഴുത്തിലും ജീവിതത്തിലും അത് വളരെ പ്രകടമായിരുന്നു. എം.ടിയില്‍ അത്ര പ്രകടമല്ലതാനും. നാടുവാഴിത്ത സംസ്‌കാരത്തിന്റെ അധികാര ശ്രേണിയെയാണ്, സൂക്ഷ്മമായ അര്‍ത്ഥത്തില്‍, എം. ടിയുടെ സാഹിത്യം നേരിട്ടിരിക്കുക. 'ജാതി കേരള'ത്തിന്റെയും 'കര്‍ഷക കേരള'ത്തിന്റെയും സാംസ്‌കാരിക പ്രകൃതിയാണ് എം.ടിയുടെ എഴുത്തില്‍ കണ്ടെത്തുക. എന്നാല്‍, എനിക്ക് വിശേഷമായി തോന്നിയ ഒരു സംഗതി, തന്റെ 'വള്ളുവനാടന്‍ ഭാഷാബോധ'ത്തെ എം. ടി. സ്വന്തം എഴുത്തിന്റെ ഭൂമിക ആക്കുന്നില്ല എന്നാണ്. പകരം, തനിക്കുവേണ്ടി അതേ ഭൂമണ്ഡലത്തില്‍ ഒരു ഭാഷ നിര്‍മ്മിക്കുന്നു, മലയാളത്തിലെ ഏറ്റവും ലളിതവും ഋജുവുമായ ഒരു ആഖ്യാനരീതി അവതരിപ്പിക്കുന്നു. മാധവിക്കുട്ടി ചെയ്തപോലെ :മാധവിക്കുട്ടിയില്‍. പക്ഷെ, ഒരംശം അധികമായി ഉണ്ടായിരുന്നു ഭാഷയെ, നിര്‍മ്മമമായ ഒരു നഗര-ശ്വാസ'ത്തിലേക്കു കൂടി പടര്‍ത്തുക...

ഈയിടെ, ഒരു അഭിമുഖത്തില്‍ എം.ടി. പറഞ്ഞത് എഴുത്തുകാര്‍ അവരുടെതായ ഒരു ഭാഷ നിര്‍മ്മിക്കണം, കണ്ടെത്തണം എന്നാണ്. എങ്കില്‍, പുതിയ എഴുത്തുകാര്‍ അങ്ങനെയുള്ള അവസരങ്ങളില്‍ പരാജയപ്പെടുകയാണെന്നും. എം. ടി. തീര്‍ച്ചയായും അങ്ങനെ ഒരു ഭാഷ, തന്റെ കലയ്ക്കുവേണ്ടി, നിര്‍മ്മിച്ചിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ 'തിരക്കഥകളുടെ' നീണ്ടുനിന്ന സാന്നിധ്യമാവണം, അവയുടെ ദൃശ്യപ്പെരുമയാവണം, എം.ടിയുടെ വായനക്കാരെപ്പോലും ആകര്‍ഷിച്ചത്. ആ തിരക്കഥകള്‍ കൊണ്ടുവന്ന ഒരു 'വള്ളുവനാടന്‍ സ്‌പേസില്‍' എം.ടിയുടെ സാഹിത്യരചനകളും വായിക്കപ്പെട്ടു. ഒരു പക്ഷെ, ഇതിനെയാകാം, ഈ ''വായനാസുഖ''ത്തെയാകാം, എം.ടി. തന്റെ മേല്‍ചൊന്ന പരാമര്‍ശത്തിലൂടെ നേരിട്ടിരിക്കുക. തീര്‍ച്ചയില്ല. അല്ലെങ്കില്‍, എല്ലാ നല്ല എഴുത്തുകാര്‍ക്കും സംഭവിക്കുന്നതുപോലെ എം.ടിയെയും ആരാധകര്‍ റാഞ്ചിക്കൊണ്ടുപോയിരുന്നു

ഇതിനിടയ്ക്ക്, വര്‍ഷങ്ങള്‍ക്കു മുമ്പ്, ആദ്യം എന്റെ അച്ഛനും പിന്നെ ഏതാനും വര്‍ഷത്തിനു ശേഷം അച്ഛന്റെ അനിയനും മരിച്ചു. അച്ഛന്റെ നാടുമായുള്ള പരിചയവും അവസാനിച്ചു. എഴുത്തിലാകട്ടെ, ആ ദേശത്തിന്റെയോ ആ കഥക്കൂട്ടിന്റെയോ രുചികള്‍ കൂടെ കൂടിയില്ല. വളരെ ഇളയപ്രായത്തില്‍ ഞാന്‍ നാടും വിട്ടു. കഴിഞ്ഞ ദിവസം, പക്ഷെ, ആരുമറിയാതെ, ആരോടും പറയാതെ, അച്ഛന്റെ നാട്ടിലൂടെ, ഭാരതപ്പുഴയുടെ ഓരത്തിലൂടെ, ഒരു പകല്‍ വെറുതെ അലഞ്ഞപ്പോള്‍ ഇങ്ങനെയൊരു ഓര്‍മ്മയിലേക്കും എത്തി. ഭൂമിയുടെ ഒരു ചെറിയ പ്രദേശം ഓരോഎഴുത്തുകാരും തങ്ങളുടെ കൂടെകൂട്ടുന്നു. പലപ്പോഴും അത് അവര്‍ക്ക് പാര്‍ക്കാനല്ല, ഉപേക്ഷിക്കാനും ഓര്‍ക്കാനുമാണ്. അപ്പോഴും എഴുത്തുകാര്‍ അവരുടെ ഭാഷയെ ഓരോ ദിവസവും വീണ്ടെടുക്കുന്നു: ഒരിക്കല്‍ നഷ്ടപ്പെട്ടു എന്ന് കരുതിയ ജന്മഭൂമി പോലെ സന്ദര്‍ശിക്കുന്നു.

Content Highlights: Aksharamprathi, Karunakaran, M.T Vasudevan Nair, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented